ഒട്ടിയ വയറുമായി ഉറങ്ങാന്‍ പോകുന്നവരെക്കുറിച്ച് നമുക്കെന്തറിയാം? വയറിനുള്ളിലെ ആന്തല്‍ മാത്രമല്ല, നെഞ്ചെരിച്ചുപുകയ്ക്കുന്ന ഓര്‍മ്മകളും, തിരസ്കാരത്തിന്‍റെ കയ്പ്പും കണ്ണീരും കൂടിയാണ് അവരുടെ ഉറക്കത്തിന് കൂട്ട്. ഇത്തിരി കഞ്ഞി ഉപ്പുകൂട്ടി കുടിക്കുന്നത് അവര്‍ സ്വപ്നം കാണുമായിരിക്കും, വിശന്നുമയങ്ങുന്ന രാത്രികളില്‍.
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് ഒരുപാട് പേർ അങ്ങനെ എപ്പോഴും കാണും. ഏറെയും വൃദ്ധര്‍. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, മക്കളുപേക്ഷിച്ചവര്‍, ആരോരുമില്ലാത്തവര്‍… അവര്‍ അവിടെ വന്നുകൂടുന്നതിനും കാരണമുണ്ട്.
ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കിട്ടും. അത് കഴിച്ച് കിടന്നുറങ്ങാം.
എന്നാല്‍ ക്ഷേത്രക്കുളത്തില്‍ പോയി ഒന്നുമുങ്ങിക്കുളിച്ച് അത്താഴക്കഞ്ഞി വിതരണം ചെയ്യുന്ന ഇടത്തേക്ക് ചെന്നെത്താന്‍ പോലും പറ്റാത്തവരും ഉണ്ടായിരുന്നു അവര്‍ക്കിടയില്‍. അവരെന്തുചെയ്യാൻ?
എന്നും കാണാറുള്ളതാണ് അവിടെ അവരെ. ഒരു ദിവസം വൈകീട്ട് സര്‍ജു മുതുകുളം എന്ന ചെറുപ്പക്കാരനും സുഹൃത്ത് ജയപ്രസാദും അവരുടെ അടുത്തു ചെന്ന് കാര്യങ്ങളന്വേഷിച്ചു. അവരിൽ പലരും ഒഴിഞ്ഞ വയറുമായാണ് ഉറങ്ങുന്നതെന്നറിഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ ഒരു വേദന.
കുറച്ചുപേര്‍ക്കെങ്കിലും കയ്യില്‍ നേരിട്ട് ഭക്ഷണം എത്തിച്ചാലോ എന്ന് ഒരു ചിന്തയിലേക്കാണ് അവരെത്തിയത്. അങ്ങനെ തുടങ്ങിയതാണ് അത്താഴപ്പൊതി എന്ന കൂട്ടായ്മ, 2016 മെയ് ഒന്നിന്.
ഇതുകൂടി വായിക്കാം: ട്രോള്‍മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ
പല വീടുകളില്‍ നിന്നായി പൊതച്ചോറ് എത്തിച്ചുനല്‍കി. “അദ്യത്തെ ദിവസം കൂട്ടിന് ജയപ്രസാദ്, രാഹുല്‍ അശ്വതി, അനൂപ് എന്നീ സുഹൃത്തുക്കളും ഉണ്ടായിരുന്നു. പല വീടുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറാണ് വിതരണം ചെയ്തത്,” സര്‍ജു മുതുകുളം ടി ബി ഐ യോട് പറഞ്ഞു.
ഞങ്ങള്‍ സംസാരിക്കു്മ്പോള്‍ അത്താഴപ്പൊതി 955-ാം ദിവസത്തിലേക്ക് കടന്നു. 2016 മെയ് 1 മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ സര്‍ജുവും കൂട്ടുകാരും അത് തുടരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 25 നായിരുന്നു സര്‍ജുവിന്‍റെ വിവാഹം. ആ ദിവസം പോലും അത്താഴപ്പൊതി വിതരണം മുടക്കിയില്ല. വിവാഹശേഷം സര്‍ജുവും ഭാര്യ ഹിമയും പൊതിച്ചോറുകളുമായി അവരെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക് എത്തി. എല്ലാ മുഖങ്ങളിലും സന്തോഷം. നവദമ്പതികള്‍ക്ക് അവരുടെ മനസ്സുനിറഞ്ഞ അനുഗ്രഹങ്ങള്‍. സര്‍ജുവിനും കൂട്ടുകാരിക്കും നിറഞ്ഞ സന്തോഷം.
“തുടങ്ങുന്ന സമയത്ത് ഇത് അമ്പത് ദിവസം പോലും തുടരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ലായിരുന്നു,” സര്‍ജു പറയുന്നു.
പക്ഷേ, ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്.
സുബ്രഹ്മണ്യക്ഷേത്രത്തിന്‍റെ പരിസരത്ത് മാത്രമല്ല, ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയിലേക്കും ബസ് സ്റ്റാന്‍റ് പരിസരത്തേയും പാവപ്പെട്ടവര്‍ക്ക് അത്താഴപ്പൊതിയുമായി അവര്‍ എത്തുന്നുണ്ട്, എല്ലാ ദിവസവും.
“ദിവസവും എഴുപത് പേര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. രണ്ടുവീടുകളിലായാണ് ഇപ്പോള്‍ ഭക്ഷണം തയ്യാറാക്കുന്നത്,” സര്‍ജു വിശദീകരിച്ചു.
ആദ്യമൊക്കെ പല വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണം എത്തിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. പലരും വിവാഹം കുടുംബത്തിലെ വിശേഷങ്ങള്‍ എന്നിവക്കായി തയ്യാറാക്കുന്ന ഭക്ഷണം തന്ന് സഹായിക്കാറുണ്ടായിരുന്നു.
ഇതുകൂടി വായിക്കാം:ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍
“ആ ഭക്ഷണം ഉച്ചയ്ക്ക് നല്‍കിയാല്‍ പ്രശ്‌നമൊന്നുമില്ല, പക്ഷേ ഞങ്ങള്‍ അത്താഴമല്ലേ കൊടുക്കുന്നത്. ചിലര്‍ ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞു. അതോടെ ഞങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം മാത്രം വിതരണം ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.
ചപ്പാത്തിയും മുട്ടക്കറിയും, അതല്ലെങ്കിൽ ചോറും അഞ്ചുതരം കറികളും. അതാണ് സാധാരണയായി അത്താഴപ്പൊതിയില്‍ ഉണ്ടാവുക. ഒരു ദിവസം ഭക്ഷണത്തിനായി 2,500 രൂപ ചെലവാകുമെന്ന് സര്‍ജു പറയുന്നു.
ഒരു ദിവസം 70 അത്താഴപ്പൊതികള്‍ വിതരണം ചെയ്യും.
ഇതിന് പുറമെ ചില ദിവസങ്ങളിൽ ലഘുഭക്ഷണവും വിതരണം ചെയ്യാറുണ്ട്, ബിസ്‌കറ്റ്, റസ്‌ക് മധുരപലഹാരങ്ങള്‍ എന്നിങ്ങനെ.പത്തുദിവസം കൂടുമ്പോള്‍ ആശുപത്രിയിലെ രോഗികള്‍ക്കും മറ്റും തോര്‍ത്ത്, അവശ്യവസ്തുക്കള്‍ എന്നിവയും നല്‍കാറുണ്ട് ഈ കൂട്ടുകാര്‍.
ഞങ്ങള്‍ മുഴുവന്‍ സമയ കാരുണ്യപ്രവര്‍ത്തകരല്ല. ജോലി കഴിഞ്ഞതിന് ശേഷം ഞങ്ങളെക്കൊണ്ട് ചെയ്യാവുന്ന ചെറിയ ചില കാര്യങ്ങള്‍ ചെയ്യുന്നു, അത്രമാത്രം, മണ്ണാറശാല യുപി സ്‌കൂള്‍ അധ്യാപകനായ സര്‍ജു പറയുന്നു.
ഹൃദയത്തില്‍ ഭാരം കയറ്റിവെയ്ക്കുന്ന നിരവധി അനുഭവങ്ങളുണ്ട് സര്‍ജുവിനും കൂട്ടുകാര്‍ക്കും പറയാന്‍.
ഒരു ദിവസം പതിവുപോലെ ഭക്ഷണ വിതരണത്തിനായി ക്ഷേത്രത്തിന്‍റെ ആലിന്‍ചുവട്ടിലെത്തിയതായിരുന്നു സര്‍ജുവും കൂട്ടുകാരും. അവിടെ സ്ഥിരം കാണുന്ന അമ്മച്ചി കയ്യിലുള്ള പണം എണ്ണിക്കൊണ്ടിരിക്കുകയാണ്. അടുത്തുള്ള ഓഡിറ്റോറിയം വൃത്തിയാക്കിയതിന് കൂലിയായിക്കിട്ടിയ തുകയാണ്.
ഞങ്ങള്‍ തമാശക്ക് ചോദിച്ചു, അമ്മച്ചീ ചായകുടിക്കാന്‍ ഇത്തിരി കാശുതരാമോ എന്ന്. അവര്‍ കയ്യിലുണ്ടായിരുന്ന മുന്നൂറുരൂപയില്‍ നിന്ന് 200 രൂപ ഞങ്ങള്‍ക്ക് നേരെ നീട്ടി. ഞങ്ങളത് വാങ്ങിയില്ല. പക്ഷേ, അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, പണം വാങ്ങാന്‍. ആ അമ്മയുടെ അത്രയൊന്നും വലിയ മനസ്സ് ഞങ്ങള്‍ക്കില്ലല്ലോ. അവര്‍ക്കുകിട്ടിയ മൂന്നൂറുരൂപയില്‍ ഇരുന്നൂറും തരാന്‍ അവര്‍ തയ്യാറായി.
ഞങ്ങളോ, കിട്ടുന്നതില്‍ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമല്ലേ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുന്നത്, സര്‍ജു ചോദിക്കുന്നു.
ആദ്യം ആവശ്യക്കാര്‍ക്ക് അത്താഴപ്പൊതിക്കായി ടോക്കണ്‍ നല്‍കും. വൈകീട്ട് നാലരയോടെയാണ് ടോക്കണ്‍ വിതരണം. അതിന് ശേഷം അഞ്ചരയാകുമ്പോഴേക്കും ഭക്ഷണപ്പൊതികളുമായി സര്‍ജുവും കൂട്ടുകാരും എത്തും.
സമൂഹമാധ്യമങ്ങളിലൂടെ അത്താഴപ്പൊതിയെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി പേരാണ് സഹായിക്കാന്‍ സന്നദ്ധരായി എത്തുന്നതെന്ന് സര്‍ജു പറഞ്ഞു.
ആ അമ്മയുടെ അത്രയൊന്നും വലിയ മനസ്സ് ഞങ്ങള്‍ക്കില്ലല്ലോ. അവര്‍ക്കുകിട്ടിയ മൂന്നൂറുരൂപയില്‍ ഇരുന്നൂറും തരാന്‍ അവര്‍ തയ്യാറായി. ഞങ്ങളോ, കിട്ടുന്നതില്‍ വളരെ തുച്ഛമായ ഒരു ഭാഗം മാത്രമല്ലേ മറ്റുള്ളവര്‍ക്കായി ഉപയോഗിക്കുന്നത്.
സര്‍ജുവിന്‍റെ കൂടെ ഭക്ഷണവിതരണത്തിന് മുഹമ്മദ് യാസീന്‍ എന്ന വിദ്യാര്‍ത്ഥിയും ഉണ്ട്. ഹരിപ്പാട് ഗവ. മോഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്. അധ്യാപകനും നാടകനടനുമായ ജയപ്രസാദും സോനുസോമനും സര്‍ജുവിനൊപ്പം കാണും. എല്ലാ ദിവസവും ഭക്ഷണവിതരണത്തിന് ഒരു അതിഥിയും കാണും.
ഭക്ഷണ വിതരണത്തിന് പുറമെ പത്ത് നിര്‍ദ്ധനകുടുംബങ്ങള്‍ക്ക് മാസം തോറും 2,500 രൂപ വിലവരുന്ന പലചരക്ക് എത്തിച്ചുകൊടുക്കുന്നുമുണ്ട് അത്താഴപ്പൊതിയുടെ പ്രവര്‍ത്തകര്‍.
“രോഗികളായവര്‍, പണിക്കുപോകാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് പലചരക്ക് എത്തിക്കുന്നത്. മാവേലിക്കര, കായംകുളം തുടങ്ങി പല ഭാഗങ്ങളിലുള്ള കുടുംബങ്ങളാണ്. പലപ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയവരാണ്,” സര്‍ജു വിശദീകരിച്ചു.
രോഗക്കിടക്കയിലിരുന്ന് അവള്‍ സര്‍ജുവിനോട് പറഞ്ഞു. തന്‍റെ ജന്മദിനം ജൂലൈ 5 നാണ്, സാര്‍ വരുമോ?
പലരേയും തങ്ങളെക്കൊണ്ട് ആവുംവിധം സഹായിക്കാന്‍ കഴിയുന്നതിന്‍റെ സംതൃപ്തിയുണ്ട് സര്‍ജുവിന്‍റെ വാക്കുകളില്‍. അതോടൊപ്പം, ചില വിങ്ങുന്ന ഓര്‍മ്മകളും.
ബി എസ് സി നഴ്‌സായ ലീന രാധാകൃഷ്ണന്‍,29, അത്തരമൊരോര്‍മ്മയാണ്. കാന്‍സര്‍ ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ കഴിയുകയായിരുന്നു ലീന. അസ്ഥിയിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ച് ആകെ വിവശയായിരുന്നു അവള്‍. പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.
രോഗം മൂര്‍ച്ഛിച്ചതോടെ അവളുടെ ആത്മവിശ്വാസമെല്ലാം ചോര്‍ന്നുപോവുന്നതുപോലെ. ഒരു ദിവസം രോഗക്കിടക്കയിലിരുന്ന് അവള്‍ സര്‍ജുവിനോട് പറഞ്ഞു. തന്‍റെ ജന്മദിനം ജൂലൈ 5 നാണ്, സാര്‍ വരുമോ?
തിരക്കുണ്ടായിരുന്നെങ്കിലും സര്‍ജുവും കൂട്ടുകാരനും കൂടി പിറന്നാള്‍ ദിവസം ലീനയെ സന്ദര്‍ശിച്ചു. കേക്കുമുറിച്ചു. ഒരാഴ്ച പിന്നിട്ടപ്പോള്‍ അവള്‍ കാന്‍സറിന് കീഴടങ്ങി. ചെറുതായെങ്കിലും ലീനക്ക് സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നതാണ്, അവളുടെ അവസാനത്തെ പിറന്നാള്‍ ദിനത്തില്‍ ഒപ്പമുണ്ടാകാന്‍ കഴിഞ്ഞല്ലോ എന്നതാണ്, സര്‍ജുവിന്‍റെ ആശ്വാസം.
എല്ലാവരെയും സഹായിക്കാന്‍ നമുക്ക് കഴിയില്ല. കുറച്ചുപേര്‍ക്ക് ഒരുനേരത്തെ ഭക്ഷണം കൊടുക്കാന്‍ കഴിയും. ഒരുദിവസമെങ്കിലും വിശന്നവയറോടെ അവര്‍ക്ക് ഉറങ്ങേണ്ടി വരില്ല എന്ന് ഉറപ്പാക്കാന്‍ പറ്റും, ഈ ചിന്ത മാത്രമാണ് ഹരിപ്പാട്ടെ ഈ സുഹൃത്തുക്കളെ നയിക്കുന്നത്. ഇത് എത്ര നാള്‍ ഇങ്ങനെ തുടരാന്‍ കഴിയുമെന്നൊന്നും ഇവര്‍ക്ക് ഉറപ്പില്ല, തങ്ങളാല്‍ ആവുന്ന കാലത്തോളം…
(അത്താഴപ്പൊതിയെക്കുറിച്ച് കൂടുതല്‍ അറിയാനും പങ്കുചേരാനും– ഫോണ്‍: 9447448608)
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.