മനസ്സിനേറ്റ മുറിവുകളുണക്കാന്‍ ഹവീന തുടങ്ങിയ യാത്രകള്‍ ഇപ്പോള്‍ ഭൂമിയ്ക്കായുള്ള കരുതലും കൂടിയാണ്

“നമ്മള്‍ ആഗ്രഹങ്ങള്‍ കുഴിച്ചുമൂടരുത്. പാറി നടക്കാന്‍ കൊതിക്കുന്നുവെങ്കില്‍ പറക്കുക തന്നെ ചെയ്യണം.”

“രാവിലെ ആറു മണിക്കായിരുന്നു ബസ്. അല്‍പം ധൃതിപ്പെട്ടാണെങ്കിലും കൃത്യസമയത്ത് എത്തിയതുകൊണ്ട് രക്ഷപെട്ടു.” ഹവീന റബേക്ക ആദ്യമായിട്ടാണ് ഒറ്റക്കൊരു യാത്ര പോകുന്നത്. അതും മൂന്നാര്‍ക്ക്.

എറണാകുളത്തുനിന്ന് എടുത്ത ബസ് നഗരക്കാഴ്ചകള്‍ വിട്ട് പച്ചപ്പ് നിറഞ്ഞ പാതകളിലേക്ക്. നേര്യമംഗലം പാലം മുതല്‍ കാഴ്ചകള്‍ക്ക് വല്ലാത്തൊരു നിറപ്പകിട്ടായിരുന്നു. പച്ചപ്പ് ഉടുത്ത് നാണിച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങള്‍… മനസിന് വല്ലാത്തൊരു കുളിര്. കാര്‍മേഘപ്പറ്റങ്ങള്‍ പാറിനടക്കുന്ന നീലാകാശം, താഴെ പച്ച ഭൂമിയും. ആഹാ! ആര്‍ക്കും ഒരു കവിത എഴുതാന്‍ തോന്നും. ഒറ്റയ്ക്കുള്ള ആദ്യയാത്ര ഹവീന ഇപ്പോഴും ഓര്‍ക്കുന്നു.

2018-ലെ പ്രളയത്തില്‍ മൂന്നാര്‍ ആകെ തകര്‍ന്നുപോയ സാഹചര്യത്തില്‍ കേരള ടൂറിസം വകുപ്പ് ഒരു മൂന്നാര്‍ യാത്ര സംഘടിപ്പിച്ചിരുന്നു… നീലക്കുറിഞ്ഞി പൂത്ത കാലമായിരുന്നതിനാല്‍ അതും കാണുക എന്നതായിരുന്നു ഉദ്ദേശം.

ഹവീന മൂന്നാര്‍ ക്ലൗഡ് ഫാമില്‍

“രാജമലയിൽ കുറിഞ്ഞിപ്പൂക്കൾക്കു നടുവിൽ സമയം ചിലവിട്ടതിനു ശേഷം, വൈകിട്ട് ആറിന് തിരികെ കൊച്ചിയിൽ എത്തുന്നതായിരുന്നു പ്ലാൻ. അപ്പോഴാണ് മൂന്നാർ ക്‌ളൗഡ്‌ ഫാമിലെ ട്രെക്കിങ്ങിനെ പറ്റി അറിയുന്നത്. കൂടെ അതും ബുക്ക് ചെയ്തു, രാജമലക്ക് ശേഷം അവിടം കൂടി കാണാൻ പോകാൻ. പരിചയമുള്ള ആരും കൂടെയില്ലാതെ ഒരു സോളോ യാത്ര…,” ഹവീന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ കഥ പറഞ്ഞുതുടങ്ങുന്നു.

”കൂടെ ഉള്ളവരൊക്കെ നല്ല സഹകരണമായിരുന്നു. ഗവണ്മെന്‍റ് തന്നെ പ്രത്യേകം ബസ് ഒരുക്കിയിരുന്നു. കൂടെ ഉള്ളവരില്‍ ഭൂരിഭാഗവും ഒറ്റക്കുള്ള യാത്രയുടെ സുഖം നുകരാന്‍ പുറപ്പെട്ടവരായിരുന്നു. അതില്‍ കുറച്ചു പ്രായം ചെന്ന ശ്യാമള അമ്മ ആയിരുന്നു എന്‍റെ കൂട്ടുകാരി. ഒരു ദിവസത്തേക്കായിരുന്നു ആ യാത്ര.


യാത്രകളില്‍ ഉപയോഗിക്കാവുന്ന, കുപ്പികളില്‍ ഘടിപ്പിക്കാവുന്ന കുഞ്ഞന്‍ വാട്ടര്‍ ഫില്‍റ്റര്‍: Karnival.com

“മൂന്നാറില്‍ അപ്പോള്‍ നീലക്കുറിഞ്ഞി കാണാനായി പല നാടുകളില്‍ നിന്നുമുള്ള ആളുകളുടെ ഒഴുക്കായിരുന്നു. പ്രവേശനം അനുവദിച്ചിരുന്ന രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി എന്ന സമയക്രമം തെറ്റിച്ചുകൊണ്ടുള്ള തിരക്കായിരുന്നു.  എല്ലാം കണ്ടു കഴിഞ്ഞിറങ്ങിയപ്പോൾ സമയം രാത്രി ഏഴു മണി.

“ക്‌ളൗഡ്‌ ഫാമിലേക്ക് പോകാനുള്ള സമയം രണ്ട് മണിയായിരുന്നു. അത് കഴിഞ്ഞതിനാൽ അന്ന് പോകാനായില്ല. പക്ഷേ അന്ന് തന്നെ നഗരത്തിന്‍റെ തിരക്കുകളിലേക്ക് മടക്കമില്ലെന്ന് തീരുമാനിച്ചിരുന്നു. അതിനാൽ മൂന്നാറിൽ തന്നെ ഒരു റും ബുക്ക് ചെയ്ത്, കൂടെ വന്നവരെ യാത്രയാക്കി, ഞാൻ അവിടേക്ക് പോകാനൊരുങ്ങി.

“ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ ഞങ്ങളുടെ ടൂർ കോർഡിനേറ്റർ, നിക്സൺ, എന്നെ ഹോട്ടൽ വരെ അനുഗമിച്ചു. അവിടുത്തെ ജീവനക്കാരനോട് ഞാൻ ഗവൺമെന്‍റിന്‍റെ അതിഥിയാണ്, പ്രത്യേകം നോക്കണം എന്ന് പറഞ്ഞ് അദ്ദേഹം അദ്ദേഹത്തിന്‍റെ ഐഡി കാർഡ് കാണിച്ചു. അതിന് ശേഷം വളരെ മികച്ച പരിഗണനയാണ് എനിക്കവിടെ ലഭിച്ചത്. ഒരുപാട് സന്തോഷത്തോടെ , നിർഭയം ഞാനന്നുറങ്ങി.

ഹവീന റെബേക്ക

ആ യാത്ര ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് ഹവീന പറയുന്നു.

ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് മൂന്നാര്‍ വരെ ഒറ്റയ്ക്കുള്ള ആദ്യയാത്ര നടത്തിയ പെണ്‍കുട്ടിയില്‍ നിന്ന് ഹവീന ഇന്ന് ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.

കൂട്ടിനാളില്ലാത്തതിനാല്‍ യാത്രാമോഹങ്ങള്‍ ഉള്ളിലൊതുക്കേണ്ടി വരുന്ന അനേകം സ്ത്രീകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു നല്‍കുന്ന ആള്‍ കൂടിയാണിപ്പോള്‍ ഈ ചെറുപ്പക്കാരി. ഇതിനായി ‘ഹെര്‍ ഹോളിഡേയ്‌സ്’ എന്ന പേരില്‍ ഹവീന ആരംഭിച്ച കൂട്ടായ്മയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ഈ കൂട്ടായ്മ കേരളത്തിനകത്തും പുറത്തുമായി ഒരുപാട് യാത്രകള്‍ നടത്തിക്കഴിഞ്ഞു ഹവീനയും കൂട്ടരും.

“ആദ്യമായ് മൂന്നാറിലേക്ക് നടത്തിയ ആ സോളോ ട്രിപ്പ് എന്നെ ഞാന്‍ എന്താണെന്ന് ബോധ്യപ്പെടുത്തി. എന്‍റെ കഴിവുകളെയും ദൗര്‍ബല്യങ്ങളെയും ഞാന്‍ തിരിച്ചറിഞ്ഞു. ആ ഒരു തിരിച്ചറിവ് ആണ് എന്നെ ‘ഹെര്‍ ഹോളിഡേയ്സ്’ എന്ന ആശയത്തില്‍ എത്തിച്ചത്,” ഹവീന പറഞ്ഞു.

ഹവീന

“ചെറുപ്പം മുതലേ യാത്രകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു എനിക്ക്. പക്ഷെ, അതിനുള്ള സാഹചര്യമായിരുന്നില്ല കുടുംബത്തിലുണ്ടായിരുന്നത്. ഇരുപത്തിയേഴാം വയസ്സ് വരെ ഞാന്‍ ദൂരയാത്രകള്‍ ചെയ്തിട്ടില്ല.”

വീട്ടില്‍ ചെല്ലാന്‍ പേടിയായിരുന്നു

കോട്ടയം സ്വദേശിയായ ഹവീന ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ്. ഒരു കമ്മിറ്റ്‌മെന്‍റുമില്ലാതെ പാറിപ്പറന്നു നടക്കുന്ന, ഇഷ്ടംപോലെ യാത്ര ചെയ്യുന്ന ന്യൂജെന്‍ ടെക്കിയെന്നാണ് തന്നെക്കുറിച്ച് തോന്നുന്നതെങ്കില്‍ അത് തെറ്റാണെന്ന് ഹവീന പറയുന്നു.

ഒരു പെണ്‍കുട്ടിയും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് ഉറ്റവരില്‍ നിന്നുപോലും തനിക്ക് നേരിടേണ്ടി വന്നതെന്ന് അവര്‍ തുറന്നുപറയുന്നു.

“കോട്ടയംകാരിയാണെങ്കിലും ഞാനിപ്പോള്‍ എറണാകുളത്താണ് താമസം. ജോലിക്ക് പോകാന്‍ സൗകര്യം അതാണ്. കൂടെ അമ്മ മാത്രമേയുള്ളൂ. അമ്മ ഫ്‌ലാറ്റിലെ ആളുകള്‍ക്ക് തുണി തയ്ച്ചു കൊടുക്കുന്നു. പപ്പ മരിച്ചു. കോട്ടയത്തു അപ്പാപ്പനും അമ്മാമയും സഹോദരനും ഭാര്യയുമൊക്കെ ഉണ്ട്.

എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ട അവസ്ഥയായിരുന്നു.

“ചെറുപ്പം മുതലേ പപ്പയുടെയും ഉറ്റ ബന്ധുവിന്‍റെയും ഭാഗത്തു നിന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. അന്ന് ഭയം കൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല. സഹിക്കാനും ക്ഷമിക്കാനും പ്രാർത്ഥിക്കാനുമാണ് അമ്മ എന്നും പറഞ്ഞ് പഠിപ്പിച്ചു വളർത്തിയത്. പ്രാർത്ഥിച്ചാൽ എല്ലാം മാറുമത്രേ.

“പക്ഷേ ഒന്നും മാറിയില്ല. പഠനത്തിലൊന്നും ശ്രദ്ധിക്കാനാകാത്ത അവസ്‌ഥ. സ്കൂൾ വിട്ടു വീട്ടിലേക്ക് തിരിച്ചു വരാൻ ഭയന്ന നാളുകളായിരുന്നു അത്.

”കൊച്ചു കുട്ടി ആയിരിക്കുന്ന എനിക്ക് അതെങ്ങനെ മറികടക്കണമെന്ന് ഉപദേശിച്ചു തരാൻ പോലും ആരുമുണ്ടായിരുന്നില്ല. കൂടെ നിൽക്കേണ്ട മാതാപിതാക്കൾ തന്നെ ശത്രുക്കളാകുന്ന അവസ്ഥ. അന്നൊന്നും എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന ചിന്ത ആയിരുന്നു.

”അമ്മ ഒരു സാധുവാണ്. അമ്മയെയും പപ്പ ഒരുപാട് ഉപദ്രവിക്കും. കുറച്ചു വളർന്നപ്പോൾ ഞാൻ എല്ലാം ചെറുക്കാൻ പഠിച്ചു. ഡിഗ്രി കഴിഞ്ഞപ്പോൾ വീട്ടുകാരോട് ഇതു തുറന്നു പറഞ്ഞെങ്കിലും ഞാൻ വിചാരിച്ച പ്രതികരണം ആയിരുന്നില്ല. അവർ പഴയ ആളുകൾ ആയതുകൊണ്ടാകാം വിശ്വസിച്ചില്ല. മാത്രമല്ല എന്നെ അവിടെ നിന്നും ഇറക്കിവിടുകയായിരുന്നു.

“പിന്തുണ വേണം എന്ന് ആഗ്രഹിച്ച സമയത്തു ആരും കൂടെ ഉണ്ടാകാതിരുന്നത് എന്‍റെ പിരിമുറുക്കം കൂട്ടി. ജോലി സ്ഥലത്തും ആരോടും മനസ് തുറന്ന് പെരുമാറാൻ കഴിയാത്ത അവസ്‌ഥ ആയിരുന്നു. അങ്ങനെ കുറെ നാളുകൾ കടന്നു പോയി,” ജീവിതത്തിലെ കയ്പ്പുള്ള അനുഭവങ്ങളെ കുറിച്ച് പറയുമ്പോൾ അ‌വളുടെ കണ്ണുകളില്‍ വിളര്‍ത്ത ആകാശം മാത്രം.

“അങ്ങനെയിരിക്കെയാണ് എനിക്ക് കാക്കനാട് ഒരു അനാഥാലയത്തിൽ പഠിപ്പിക്കാൻ പോകാൻ അവസരം ലഭിച്ചത്,” ഹവീന തുടരുന്നു. “ജീവിതം കൊണ്ട് അനാഥ ആയ എനിക്ക് അവരും, അവർക്ക് ഞാനും അങ്ങനെ കുടുംബമായി. മനസ്സിന്‍റെ മരവിപ്പ് ആ കുഞ്ഞുങ്ങളുടെ ചിരിയിൽ മാഞ്ഞുപോയതുപോലെ തോന്നി. പിന്നീടങ്ങോട്ട് ആഴ്ചയിൽ ആ ഏഴാമത്തെ ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു,” ജീവിതത്തിലെ ആ കൊച്ചുസന്തോഷങ്ങള്‍ പോലും ഹവീനയിൽ വരുത്തിയ മാറ്റങ്ങൾ വലുതായിരുന്നു.

അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആഴ്ചയിലൊരിക്കല്‍ പോകും…അത് ഹവീനയ്ക്ക് വലിയ ആശ്വാസമായിരുന്നു

ആയിടക്കാണ് 2018-ൽ പ്രളയം വരുന്നതും കുട്ടികളുടെ പഠനം കുറച്ചുനാൾ മരവിപ്പിച്ചതും. അനാഥാലയത്തിൽ പോകാൻ പറ്റാത്ത അവസ്ഥ. വീണ്ടും ഏകാന്ത ജീവിതം.

“അങ്ങനെയിരിക്കെയാണ് മൂന്നാര്‍ യാത്രയെക്കുറിച്ചു അറിയുന്നതും പോകുന്നതും. ആ യാത്ര എന്‍റെ മനസിലെ മുറിവുകള്‍ക്കുള്ള മരുന്നായിരുന്നു. യാത്രയുടെ ‘ഹീലിംഗ് പവര്‍’ ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ യാത്രക്കിടയില്‍ ഒരുപാട് ചിന്തിച്ചു… മൂന്നാറില്‍ ഒറ്റയ്ക്ക് രണ്ടുദിവസം താമസിച്ചു…

“അങ്ങനെയാണ് എന്നെപ്പോലെയുള്ള സ്ത്രീകള്‍ക്ക് അതായത് ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലോകം തുറന്നു കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ പൊതുവെ യാത്രയെ പ്രണയിക്കുന്നവരായിരിക്കും. എന്നാല്‍ ഒറ്റയ്ക്ക് പോകാനുള്ള ഭയവും ഒരു കൂട്ട് ഇല്ലാത്തതുകൊണ്ടും പലരും ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി ജീവിക്കുകയാണ്.

“നമ്മള്‍ ആഗ്രഹങ്ങള്‍ കുഴിച്ചുമൂടരുത്. പാറി നടക്കാന്‍ കൊതിക്കുന്നുവെങ്കില്‍ പറക്കുക തന്നെ ചെയ്യണം.” ഹവീനയുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്‍റെ മുഴക്കം.

”സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനെ ഉള്‍കൊള്ളാന്‍ ഇന്നും നമ്മുടെ സമൂഹത്തിനായിട്ടില്ല. അതുകൊണ്ടാണല്ലോ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. എന്ത് സംഭവിച്ചാലും എനിക്കിത് അതിജീവിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ജീവിതത്തില്‍ അത്രയും നാള്‍ നേരിട്ട അനുഭവങ്ങള്‍ എനിക്ക് എന്തും  നേരിടാനുള്ള കരുത്ത് തരികയായിരുന്നു.

“എന്നാല്‍, ആ യാത്ര എനിക്ക് നല്‍കിയത് അതുവരെ ഞാന്‍ നേരിട്ട അനുഭവങ്ങള്‍ക്ക് സമാനമായിരുന്നില്ല. ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും നല്ലവരായ നാട്ടുകാരെയും ആളുകളെയും ആയിരുന്നു. സഹായ മനസ്ഥിതി ഉള്ളവര്‍.

“എല്ലാവരും ഒരുപോലെയല്ല. നല്ലവരായ മനുഷ്യരും ഉണ്ട് നമുക്കിടയില്‍. നന്മ വറ്റാത്ത ഒട്ടനേകം ആളുകള്‍. ആ യാത്ര കഴിഞ്ഞു വന്നു എനിക്ക് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല ഹേര്‍ ഹോളിഡേയ്സ് ആരംഭിക്കാന്‍.”


ഇതുകൂടി വായിക്കാം: 800 വര്‍ഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങള്‍ ഈ കോട്ടയില്‍ ജീവിക്കുന്നു: 4,000 പേര്‍ ഒരുമയോടെ കഴിയുന്ന മരുഭൂമിയിലെ അല്‍ഭുതം


“പിന്നീട് അങ്ങോട്ട് എല്ലാത്തിലും ഉന്മേഷമായിരുന്നു. യാത്രയാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായുള്ള കൂട്ടായ്മയ്ക്ക് തുടക്കത്തിലേ കുറച്ചെങ്കിലും നല്ല പ്രതികരണങ്ങള്‍ കിട്ടി.  ജോലി ചെയുന്ന സ്ത്രീകളെയും പരിഗണിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാണ് യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നത്. മൂന്നാര്‍ ക്ളൗഡ് ഫാമിലേക്ക് തന്നെ ആയിരുന്നു ആദ്യയാത്ര. എട്ടു പേരായിരുന്നു ആ യാത്രയ്ക്ക് ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞുള്ള എല്ലാവരുടെയും കണ്ണിലെ തിളക്കവും ചുണ്ടിലെ ചിരിയും എന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.”

സുന്ദരപാണ്ഡ്യപുരത്ത് ഹവീനയും സുഹൃത്തുക്കളും

തുടര്‍ന്ന് ഹവീനയും സംഘവും മണാലി, ഗോവ, കസോൾ, 900 കണ്ടി, സുന്ദരപാണ്ടിപുരം, പൈതൽമല, കൊളുക്കുമല, മീശപ്പുലിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ നടത്തി. “സ്ത്രീകള്‍ മാത്രമായതിനാല്‍ താമസ സൗകര്യവും മറ്റും ഒറ്റക്ക് തന്നെ ബുക്ക് ചെയ്തു ഒരുക്കുന്നതില്‍ കുറച്ചു വെല്ലുവിളികള്‍ ഉണ്ട്. ചിലപ്പോഴൊക്കെ കണക്കുകൂട്ടലുകൾ പിഴക്കുന്നു. നഷ്ടങ്ങൾ നേരിടുന്നു. എങ്കിലും എല്ലാം വേറിട്ട അനുഭവങ്ങളായി കണക്കാക്കി മുന്നോട്ട് പോകുന്നു, ഇനിയും തോൽക്കാൻ തയ്യാറല്ലാത്തതു കൊണ്ട് മാത്രം. എന്നെ വിശ്വസിച്ചു കൂടെ വരുന്നവരുടെ സുരക്ഷ എല്ലാം ശ്രദ്ധിച്ചാണ് ഓരോ നീക്കങ്ങളും,” ഹവീന വിശദമാക്കി.

സ്ത്രീകള്‍ക്കായുള്ള യാത്രാ കൂട്ടായ്മയില്‍ മാത്രം ഒതുങ്ങുന്നില്ല ഈ പെണ്‍കുട്ടിയുടെ പ്രവര്‍ത്തന മേഖല. പ്രകൃതിയോടുള്ള സ്‌നേഹമാണ് യാത്രകള്‍ക്ക് പ്രചോദനമായതെങ്കില്‍ അതേ സ്‌നേഹം കൊണ്ടുതന്നെ  പരിസ്ഥിതിയും നന്നായിരിക്കണമെന്ന് കരുതുന്നയാളാണ് ഹവീന. അതിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണവര്‍.

ഹവീനയുടെ യാത്രാ സംഘം

”ഓര്‍മ്മ വച്ച കാലം മുതല്‍ക്കേ ചുറ്റുപാടുകള്‍ നിരീക്ഷിക്കുമായിരുന്നു. പ്രകൃതിയില്‍ കുമിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ കാണുമ്പോള്‍ എനിക്ക് വല്ലാത്ത വിമ്മിഷ്ടമായിരുന്നു. ഉള്ളില്‍ ഒരു നീറ്റലായിരുന്നു. അപ്പോഴൊക്കെ ഞാന്‍ നടക്കുന്നതും പോകുന്നതുമായ വഴികളില്‍ കണ്ണില്‍ കാണുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ എടുത്ത് മാറ്റുമായിരുന്നു.

“അന്നൊക്കെ അത്രയേ അറിവ് ഉണ്ടായിരുന്നുള്ളു. വളരുംതോറും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി.”

ഒരിക്കൽ ഒരു തലശ്ശേരി യാത്ര. ട്രെയിൻ ഒരു സ്ഥലത്ത് പിടിച്ചിട്ടു. “വിൻഡോ സീറ്റിലിരുന്ന ഞാൻ, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ തന്നെ ഉൽപ്പന്നമായ കുടിവെള്ളത്തിന്‍റെ കുപ്പി കുറെയധികം മാലിന്യങ്ങൾക്കിടയിൽ കിടക്കുന്നത് കണ്ടു. എനിക്ക് ആ കാഴ്ച വളരെ സങ്കടകരമായി തോന്നി.

“ആ ലോഗോ ആണ് ഞാൻ ടാഗ് ആയി എന്നും കഴുത്തിലണിയുന്നത്. അതേ ലോഗോ കുപ്പത്തൊട്ടിയിൽ കിടക്കുന്നു. അതും പ്രകൃതിക്ക് ഭാരമാകാൻ വേണ്ടി മാത്രം. ഞാൻ ഉടനെ അതിന്‍റെ ഫോട്ടോ എടുത്ത് കമ്പനി ഉടമക്ക് അയച്ചു കൊടുത്തു. മാഡം അത് കണ്ട ഉടനെ പറഞ്ഞു ‘കമ്പനിക്ക് സ്വന്തമായി റീസൈക്ളിങ് ഫെസിലിറ്റി ഉണ്ട്. ഇപ്പോൾ കമ്പനിക്കുള്ളിലെ വേസ്റ്റ് മാത്രമാണ് സംസ്കരിക്കുന്നത്. നമുക്ക് പുറത്ത് നിന്നും കൂടി പ്ളാസ്റ്റിക് ശേഖരിച്ച് റീസൈക്കിൾ ചെയ്യാം. ഹവീന ഇത് ലീഡ് ചെയ്തോളൂ’ എന്ന്.

ഹവീനയുടെ യാത്രാ സംഘം ഹിമാചലില്‍

“പിന്നീട് ഉള്ള ശ്രമം മുഴുവന്‍ ഓഫീസിലുള്ളവരെയും മറ്റും കാര്യം ബോധിപ്പിച്ചു ഈ ഒരു യജ്ഞത്തിന് തയ്യാറാക്കി എടുക്കുക എന്നതായിരുന്നു. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ എല്ലാം പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാന്‍ ഒരു പ്രത്യേകം പെട്ടി ഉണ്ടാക്കി അതില്‍ ശേഖരിച്ചു. റീസൈക്ളിങ് പ്ലാന്‍റിലേക്ക് കയറ്റി അയക്കാൻ വേണ്ടി മാസത്തിൽ 2 വട്ടം കുപ്പികൾ ശേഖരിച്ചു തുടങ്ങി. അതേത്തുടര്‍ന്ന് പ്ലാസ്റ്റിക് റീസൈക്ലിങിനെ കുറിച്ചും ഞാന്‍ കൂടുതല്‍ അന്വേഷിക്കാന്‍ തുടങ്ങി.”

ഹിമാചലില്‍

അപ്പോഴാണ് ഹവീനയ്ക്ക് ഒരു കാര്യം മനസ്സിലായത്. പ്ലാസ്റ്റിക് കുപ്പികള്‍ എല്ലാം റീസൈക്ലിങ് കഴിഞ്ഞാല്‍ മിക്കവാറും കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളായാണ് വരുന്നതെന്ന്.

“ആ ഒരു തിരിച്ചറിവ് ആണ് ‘അപ്സൈക്ലിങ്‘ എന്ന രീതിയിലേക്ക് എന്നെ ആകര്‍ഷിക്കുന്നത്. അപ്സൈക്ലിങ് എന്നാല്‍ ഒരു പ്ലാസ്റ്റിക് ഉല്പന്നം വച്ച് അലങ്കാര വസ്തുക്കളും മറ്റും നിര്‍മ്മിക്കുക എന്നാണ്. അത് വില്പനക്ക് വച്ചാല്‍ ഒരു വരുമാനമാര്‍ഗം ആകും എന്ന് മാത്രമല്ല പ്ലാസ്റ്റിക് കുപ്പികളും മറ്റും മറ്റൊരു ഉല്പന്നമാകാതെ നമുക്ക് ഭൂമിയിലേക്ക് വലിച്ചെറിയാതെ സൂക്ഷിക്കുകയും ചെയ്യാം. അപ്സൈക്ലിങ് രംഗത്തു പരിചയം  ഉള്ളവരെ തേടി കണ്ടെത്തി അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹനം കൊടുത്തു,” ഈ രംഗത്ത് കുറെ പഠനം തന്നെ നടത്തിയിട്ടുണ്ടെന്ന് ഹവീനയുടെ വാക്കുകളില്‍ നിന്ന് അറിയാം.

സുന്ദരപാണ്ഡ്യപുരത്ത് ഹെര്‍ ഹോളി‍‍ഡേയ്സ് സംഘാംഗങ്ങള്‍.

“തുടർന്ന് ഞാൻ വാട്സാപ്പിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. അതിൽ കേരളത്തിൽ എല്ലാ ജില്ലകളിൽ ഉള്ളവരെയും ഉൾക്കൊള്ളിച്ച്, പ്ലാസ്റ്റിക് മാലിന്യം വേണ്ട രീതിയിൽ ശേഖരിച്ചു സംസ്കരണ പ്ലാന്‍റിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും അപ്‌സൈക്ലിങ് ചെയ്യാൻ ഉള്ള നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. അപ്‌സൈക്ലിങ് ചെയ്യാൻ കലാപരമായി കഴിവുള്ളവരെ ആണ് വേണ്ടത്.

കുപ്പി  എന്ന പേരിൽ കൊല്ലത്തെ അപർണ തുടങ്ങിയ സംരംഭം തന്നെ അതിന് ഒരു മികച്ച ഉദാഹരണമാണ്. (അപര്‍ണയുടെ സംരംഭത്തെക്കിറിച്ച് ടി ബി ഐ നേരത്തെ എഴുതിയിരുന്നു. ആ ഫീച്ചര്‍ വായിക്കാം) അവരെ കൊണ്ട് മറ്റു അംഗങ്ങൾക്ക് അപ്‌സൈക്ലിങ് ക്ലാസ് എടുത്ത് കൊടുത്തു… പ്ലാസ്റ്റിക് മാലിന്യം വലിയ തോതിൽ നിയന്ത്രിക്കലാണ് എന്‍റെ ലക്ഷ്യം,”  ഹവീന പറയുന്നു.

എന്നാല്‍, തുടക്കത്തില്‍ ഉണ്ടായിരുന്ന ആവേശം ഇന്ന് പലവര്‍ക്കും ഇല്ല എന്ന സങ്കടം ഹവീന മറച്ചുവെയ്ക്കുന്നില്ല. “എങ്കിലും ഭൂമിയെ സ്‌നേഹിക്കുന്ന കുറച്ചു  മനസ്സുകള്‍ ഉള്ളതിനാല്‍ ഈ വലിയ ദൗത്യം ഞങ്ങള്‍ മുമ്പോട്ട് കൊണ്ട് പോകുന്നു. ഇടുക്കി ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണപ്ലാന്‍റുകള്‍ ഉണ്ട്. ഒന്നിനും കഴിഞ്ഞില്ലെങ്കില്‍ സ്വന്തം വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു പഞ്ചായത്ത് വഴി ഹരിത കേരളം പോലുള്ള പദ്ധതിയിലൂടെ കൈമാറി സംസ്‌കരിക്കാന്‍ ഉള്ള മനസെങ്കിലും കാണിച്ചാല്‍ മതി.

“പലര്‍ക്കും വേണ്ട രീതിയില്‍ ബോധവല്‍ക്കരണം ലഭിക്കാത്തതിനാലാണ് ഇതിന്‍റെ ഗൗരവം മനസിലാകാത്തത്. നല്ല രീതിയില്‍ ആളുകളെ സമന്വയിപ്പിച്ചു ഒന്നായി ഭൂമിയെ കാക്കണം. നമുക്ക് ചെയ്യാന്‍ കഴിയുന്നത് എത്ര ചെറുതാണെങ്കിലും ചെയ്യുക,” ഹവീനയുടെ വാക്കുകളില്‍ നിറഞ്ഞ പ്രതീക്ഷ.

***
ഫോട്ടോകള്‍ക്ക് കടപ്പാട്: @Haveena Rebecah, @Her Holidays/Facebook 
ഫോണ്‍: 9188715800


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം