പണ്ട് പണ്ട്… ‘സുവര്‍ണ്ണ നഗരം’ ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ വളരെ നല്ലവരും ദയയുള്ളവരുമായിരുന്നു.
പ്രജകള്‍ രാജ്യത്തിനായി ചെയ്ത സേവനങ്ങളില്‍ വളരെ സന്തോഷവാന്മാരായ രാജാക്കന്‍മാര്‍ അവര്‍ക്ക് ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. 1,500 അടി നീളമുള്ള കോട്ട ജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്തു.
പൂര്‍വ്വികര്‍ക്ക് സ്തുതി, അവരുടെ നല്ല പ്രവര്‍ത്തികള്‍ക്കും. അവരുടെ പിന്മുറക്കാരെല്ലാം ഇപ്പോഴും മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ കോട്ടയിലാണിപ്പോഴും താമസം, തികച്ചും സൗജന്യമായി.
ഇതു കഥയല്ല, നിജം.
രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ കോട്ടയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. 1156-ല്‍ റാവല്‍ ജയ്‌സല്‍ രാജാവ് പണികഴിപ്പിച്ച ഗംഭീരമായ കോട്ട. ഇന്‍ഡ്യയിലെ ഒരേയൊരു ‘ജീവിക്കുന്ന കോട്ട’. യുനെസ്‌കോ ഇതിനെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
മറ്റു പല കോട്ടകളും ഒന്നുകില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അല്ലെങ്കില്‍ ആഢംബര ഹോട്ടലുകളായി മാറി. പക്ഷേ, ജയ്‌സാല്‍മീര്‍ ഇപ്പോഴും ജനകീയ കോട്ടയായി തുടരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താമസക്കാരുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി ഇപ്പോള്‍ നാലായിരം പേര്‍ ഇവിടെ താമസിക്കുന്നു. ഒപ്പം ടൂറിസത്തില്‍ നിന്ന് ജീവിക്കാനുള്ള വരുമാനവും ഉണ്ടാക്കുന്നു.
250 അടി ഉയരമുണ്ട് കോട്ടയ്ക്ക്. രാജസ്ഥാനിലെ പൊടിപാറുന്ന മരുപ്രദേശത്ത് സമനിരപ്പില്‍ നിന്നും ഏകദേശം 25 നിലകള്‍ക്കും ഉയരത്തിലാണ് കോട്ട കെട്ടിപ്പൊക്കിയിരിക്കുന്നത്. കോട്ടയുടെ മതില്‍ മഞ്ഞ നിറത്തിലുള്ള കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 99 കൊത്തളങ്ങളുണ്ട് ഈ ഗംഭീര നിര്‍മ്മിതിക്ക്.
കോട്ടയ്ക്കകത്തുള്ള വീടുകളുടെ മേല്‍ക്കൂരകള്‍ മണ്ണുകൊണ്ട് മൂന്നടിയിലേറെ കനത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് രാജസ്ഥാന്‍ മണല്‍ഭൂമി ചുട്ടുപൊള്ളുമ്പോഴും ഈ വീടുകളില്‍ തണുപ്പായിരിക്കും. വീടുകള്‍ക്കുള്ളിലെ അന്തരീക്ഷം സുഖകരമാക്കുന്ന രണ്ട് സംവിധാനങ്ങളുണ്ട്- ഒന്ന് കല്ലില്‍ കൊത്തിയെടുത്ത ജാളികളാണ്. മറ്റൊന്ന് ജരോഖാ എന്ന തൂങ്ങിക്കിടക്കുന്ന ബാല്‍കണികളാണ്. കാറ്റ് ഇതിലൂടെ സുഗമമായി അകത്തുകടക്കുമ്പോള്‍, അകം തണുക്കും.
ഈ വമ്പന്‍ കോട്ടയില്‍ ടൂറിസം ഇന്നുമിന്നലെയൊന്നുമല്ല തുടങ്ങിയത്. 16-ാം നൂറ്റാണ്ടുമുതല്‍ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ടെന്നാണ് ചരിത്രം.
പട്ടുപാതയിലൂടെ (Silk Route) വാണിജ്യസംഘങ്ങള്‍ ഏഷ്യയില്‍ നിന്നും പടിഞ്ഞാറോട്ടും തിരിച്ചുമുള്ള യാത്രയില്‍ ജയ്‌സാല്‍മീര്‍ കോട്ടയില്‍ സ്ഥിരമായി തങ്ങുമായിരുന്നു. പട്ടും രത്‌നങ്ങളും സുഗന്ധദ്രവ്യങ്ങളും ചായയുമെല്ലാമായി കച്ചവടക്കാര്‍ കോട്ടയില്‍ വിശ്രമിക്കുമായിരുന്നു.
കോട്ടയില്‍ താമസിക്കുന്നവര്‍ക്ക് അതൊരു നല്ല വരുമാനമാര്‍ഗ്ഗവുമായിരുന്നു. ഇങ്ങനെ വരുന്ന കച്ചവടക്കാര്‍ക്ക് താമസിക്കാന്‍ പ്രദേശവാസികള്‍ വലിയ ഹവേലി (ബംഗ്ലാവുകള്‍)കളും പണിതീര്‍ത്തു.
തലമുറകള്‍ക്കിപ്പുറവും ഈ കോട്ട വിനോദസഞ്ചാരികളുടെ പറുദീസയാണ്. പലതരം ഭക്ഷണശാലകള്‍, കരകൗശലവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, കൈവേലക്കാര്‍, ദുപ്പട്ടവില്‍പ്പനക്കാര്‍, സാരികള്‍…എല്ലാം കോട്ടയ്ക്കുള്ളിലെ ഇടുങ്ങിയ വഴികളെ സജീവമാക്കുന്നു.
കച്ചവടത്തിന്‍റെ കാര്യം വരുമ്പോള്‍ ഇതിനുള്ളിലെ താമസക്കാര്‍ പരസ്പരം മത്സരിക്കുമെങ്കിലും ആഘോഷങ്ങളും കുടുംബങ്ങളിലെ മറ്റ് ആവശ്യങ്ങളിലും അവരെല്ലാം സ്നേഹത്തോടെ ഒത്തുചേരും.
കോട്ടയ്ക്കുള്ളിലെ വീട്ടില്‍ ഒരു വിവാഹമടുത്താല്‍ ചെറുക്കന്‍റെയും പെണ്ണിന്‍റെയും പേരും വിവരങ്ങളും വിവാഹദിനവും സമയവുമെല്ലാമെഴുതിയ ഒരു പെയിന്‍റിങ്ങ് അവര്‍ വീടിന് മുന്നില്‍ തൂക്കിയിടും. അത് എല്ലാവര്‍ക്കുമുള്ള ക്ഷണക്കത്താണ്.
“കോട്ട മൊത്തത്തില്‍ ഒരൊറ്റ കുടുംബം പോലെയാണ്,” കോട്ടയ്ക്കുള്ളില്‍ താമസിക്കുന്ന വമല്‍ കുമാര്‍ ഗോപ ബി ബി സി-യോട് പറഞ്ഞു. “അതിരുകള്‍ കോട്ടയുടെ പ്രധാന ഗേറ്റില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നു. ഇതാണ് കോട്ടയെയും പുറത്തെ പട്ടണത്തേയും വേര്‍തിരിക്കുന്നത്.
“വിവാഹമായാലും മരണമായാലും ഞങ്ങളെല്ലാവരും ഒരുമിച്ചുകൂടുന്നു…”
കോട്ടയിലെ താമസക്കാരനായ ജിതേന്ദ്ര പുരോഹിതും അതുതന്നെ പറയുന്നു. “രണ്ട് വര്‍ഷം മുമ്പ് എന്‍റെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഞാനോ എന്‍റെ സഹോദരനോ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്‍റെ അയല്‍ക്കാര്‍ അമ്മയെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെയുള്ള ഈ ഒരുമയാണ് എനിക്ക് ഏറ്റവും ഇഷ്ടം. നൂറ്റാണ്ടുകളായി ഞങ്ങള്‍ ഇങ്ങനെത്തന്നെയാണ്.”
ഈ കോട്ട ഒരുപാട് രാജാക്കന്‍മാരെ കണ്ടു–മുഗള്‍ ചക്രവര്‍ത്തിമാരെയും രാജപുത്രരാജാക്കന്‍മാരെയും ബ്രിട്ടീഷ് ഭരണാധികാരികളെയുമൊക്കെ. കടുത്ത കാലാവസ്ഥയും ഭൂകമ്പങ്ങളും കൊടുംമഴയും നേരിട്ടു.
ഥാര്‍ മരുഭൂമിയിലെ ഈ കോട്ട അതൊക്കെയും അതിജീവിച്ചു.
ഇതുകൂടി വായിക്കാം: പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.