ലോകം ചുറ്റിയ സൈനികന്‍റെ കൃഷി ഖത്തറിലെ ടെറസില്‍ നിന്നും കാരപ്പറമ്പിലേക്ക് വളര്‍ന്നതിങ്ങനെ: 460 കര്‍ഷകരുള്ള കമ്പനി,തേന്‍ സംഭരണം, വളം നിര്‍മ്മാണം

ഇപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ട് സുരേഷിന്‍റെ കൂടെ, കൃഷി തലയ്ക്ക് പിടിച്ചവര്‍! അവരെയെല്ലാം ഒരുമിപ്പിച്ച് ഒരു പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയിരിക്കുകയാണിപ്പോള്‍… അവിടെയും തീരുന്നില്ല.

16 വര്‍ഷങ്ങള്‍ പല നാടുകളിലായിരുന്നു ഈ ബാലുശ്ശേരിക്കാന്‍റെ ജീവിതം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ദുബായ്, സൗദി അറേബ്യ, ആഫ്രിക്ക അങ്ങനെ ലോകം ചുറ്റി.

പക്ഷേ ലോകം കാണാനിറങ്ങിയ സഞ്ചാരിയായിരുന്നില്ല. പട്ടാളക്കാരനായിരുന്നു. റിട്ട. ക്യാപ്റ്റന്‍ സുരേഷ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ പഠനം പൂര്‍ത്തിയാക്കിയാണ് പട്ടാളത്തിലേക്കെത്തുന്നത്.

ഒടുവില്‍ 2013-ല്‍ വിആര്‍എസ് എടുത്തു. പിന്നീട് ഖത്തറിലെ ഒരു കമ്പനിയില്‍ സീനിയര്‍ എച്ച് ആര്‍ ഉദ്യോഗസ്ഥന്‍. ഈ സമയത്താണ് കൃഷിയിലേക്കെത്തുന്നത്. വിദേശത്ത് കൃഷി ചെയ്തു വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം നാട്ടിലേക്ക് വിമാനം കയറുന്നത്.

കോഴിക്കോട്ടെത്തി ഉള്ള സ്ഥലത്ത് കൃഷി തുടങ്ങി. കൂട്ടുകാരെയും കൃഷിയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ട് സുരേഷിന്‍റെ കൂടെ, കൃഷി തലയ്ക്ക് പിടിച്ചവര്‍! അവരെയെല്ലാം ഒരുമിപ്പിച്ച് ഒരു പ്രൊഡ്യൂസര്‍ കമ്പനി തുടങ്ങിയിരിക്കുകയാണിപ്പോള്‍… അവിടെയും തീരുന്നില്ല.

റിട്ട.ക്യാപ്റ്റന്‍ സുരേഷ് കൃഷിത്തോട്ടത്തില്‍

“എന്‍റേതൊരു കാര്‍ഷിക കുടുംബമായിരുന്നു.അച്ഛന്‍ കര്‍ഷകനായിരുന്നു. പക്ഷേ ഞാന്‍ പട്ടാളത്തിലാണ് ചേര്‍ന്നത്. ചെറുപ്പത്തില്‍ കൃഷിയോട് പ്രത്യേക ഒരു ഇഷ്ടവും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് കൃഷിയിലൊന്നും ശ്രദ്ധിക്കാതെ പട്ടാളത്തില്‍ ചേരാന്‍ പോയത്,” സുരേഷ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“ദുബായ്, ഖത്തര്‍, സൗദി അറേബ്യ, ബഹ്റിന്‍ തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളും ആഫ്രിക്കന്‍ നാടുകളും ശ്രീലങ്കയും പാക്കിസ്ഥാനുമൊക്കെയായി കുറേ രാജ്യങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. യു എന്‍ മിഷന്‍റെ ഭാഗമായാണ് പലയിടത്തും പ്രവര്‍ത്തിച്ചത്.”

സുരേഷിന്‍റെ വീട്ടുമുറ്റത്തെ ഗ്രോ ബാഗ് കൃഷി

വി ആര്‍ എസ് എടുത്ത് ഖത്തറില്‍ ജോലി ചെയ്യുന്ന കാലത്ത് ഒഴിവുസമയം ധാരാളം. ആ സമയം പ്രയോജനപ്പെടുത്താനാണ് അദ്ദേഹം ചെറുതായി കൃഷി തുടങ്ങുന്നത്.

“…ആ വെറുതേ കിട്ടുന്ന സമയങ്ങളിലാണ് പച്ചക്കറികള്‍ നട്ടു തുടങ്ങുന്നത്. വയനാട്ടുകാരന്‍ അഡ്വ. സുധാകരനാണ് കൃഷിയ്ക്ക് സഹായങ്ങളുമായി കൂടെയുണ്ടായിരുന്നത്. കൂടെയുള്ള മലയാളികളും ഒപ്പം നിന്നു. ടെറസ് കൃഷിയായിരുന്നു തുടക്കത്തില്‍.

“ടെറസില്‍ ടയറു കൊണ്ട് കൃഷിയിടം ഒരുക്കിയാണ് പച്ചക്കറികളൊക്കെ നട്ടത്. പാവലും വെണ്ടയും പടവലവുമൊക്കെ ഉണ്ടായി.


ഗള്‍ഫ് നാടുകളിലൊക്കെയുള്ള കൂസ തന്നെയാണ് കൂടുതല്‍  കൃഷി ചെയ്തത്.


“ടെറസ് കൃഷി നന്നായതോടെ ഒരു ഫാം എടുത്തു. മണ്ണായിരുന്നു അവിടുത്തെ പ്രശ്നം. ദൂരസ്ഥലത്ത് നിന്നൊക്കെ മണ്ണ് കൊണ്ടുവരേണ്ടി വന്നു.”

ഈ കൃഷി വിജയമായപ്പോള്‍ അംഗീകാരങ്ങളുമെത്തി. ഖത്തര്‍ അഗ്രിക്കള്‍ച്ചര്‍ ഫെസ്റ്റില്‍ നല്ല കര്‍ഷകനുള്ള സമ്മാനം സുരേഷിന്.

കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണ് കൃഷിയെന്ന തോന്നലിലാണ് കര്‍ഷകനാകുന്നതെന്ന് സുരേഷ്. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കൃഷി തുടരണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു.

“വീട്ടില്‍ (കോഴിക്കോട് കാരപ്പറമ്പിലാണ് വീട്) കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ടെറസ് കൃഷി മാത്രമല്ല വീടിനോടു ചേര്‍ന്ന 28 സെന്‍റില്‍ പച്ചക്കറിയും തെങ്ങും കവുങ്ങുമൊക്കെയായി പല തരം കൃഷി ചെയ്യുന്നുണ്ട്.

“വെണ്ടയ്ക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി എല്ലാത്തരം പച്ചക്കറികളും വീട്ടില്‍ നട്ടിട്ടുണ്ട്. ആയിരത്തിലേറെ ഗ്രോ ബാഗുകളുണ്ട്. വെണ്ട മാത്രം 25 ഗ്രോ ബാഗുണ്ട്. ഡിസംബറില്‍ ശീതകാല പച്ചക്കറിയും നടാറുണ്ട്. കിഴങ്ങ് വര്‍ഗങ്ങളുമുണ്ടിവിടെ.

വിളവെടുപ്പിനിടെ

“250 കുരുമുളക്, 600 കവുങ്ങ്, 300-ലേറെ തെങ്ങ് ഇതൊക്കെ പറമ്പിലുണ്ട്. കുരുമുളകും അടയ്ക്കയും തേങ്ങയുമൊക്കെ നല്ല ആദായം നല്‍കുന്നുണ്ട്. വര്‍ഷം നൂറു കിലോ വരെ കുരുമുളക് കിട്ടാറുണ്ട്.

“തെങ്ങും നല്ല വിളവ് തരുന്നത് തന്നെയാണ്. … തെങ്ങ് കൃഷി അച്ഛന്‍റെ കാലം തൊട്ടേയുണ്ട്. ഞങ്ങളുടെ കുടുംബത്തിന്‍റെ വരുമാനം മാര്‍ഗം തന്നെ തെങ്ങ് ആയിരുന്നു.


ഇതുകൂടി വായിക്കാം: ഉപ്പുവെള്ളത്തിലും നല്ല വിളവ് തരുന്ന 4 നെല്ലിനങ്ങളും ജൈവകൃഷിക്കായി ‘ജൈവ’ യും വികസിപ്പിച്ച കൃഷിശാസ്ത്രജ്ഞ


“ഞാന്‍ പട്ടാളത്തില്‍ പോയതോടെ കൃഷി ചെയ്യാതെ, ആരും നോക്കാനില്ലാതെ പറമ്പ് വെറുതേ കിടന്നു. ഇപ്പോ വീണ്ടും കൃഷിയില്‍ സജീവമാകുകയാണ്. തെങ്ങ് കയറാന്‍ ആളില്ലാത്തതു കൊണ്ട് ഒരു വര്‍ഷമായി എന്‍റെ പറമ്പില്‍ തെങ്ങ് കയറിയിട്ട്.

“ഇങ്ങനെ ചില പ്രശ്നങ്ങളൊക്കെയുണ്ട്. ഇതിനൊപ്പം പ്രളയവും  കൃഷിയെ ബാധിച്ചു. ഞാനും ഡോ.മനയത്തും കൂടി ഒന്നര ഏക്കറില്‍ വാഴ കൃഷി ചെയ്യുന്നുണ്ട്. ഇതു കാരപ്പറമ്പിലാണ്.

“ആയിരത്തോളം വാഴയുണ്ട്. അവിടെയും കഴിഞ്ഞ പ്രളയം ബാധിച്ചിരുന്നു. വാഴക്കുല വെട്ടിയെങ്കിലും നല്ല വിലയൊന്നും കിട്ടുന്നില്ല. വീട്ടിലെ പച്ചക്കറി കൃഷിയില്‍ നിന്നു നല്ല വിളവ് കിട്ടുന്നുണ്ടെങ്കിലും അതൊന്നും വില്‍ക്കാറില്ല.

“വീട്ടാവശ്യത്തിനുള്ളത് എടുത്ത് കഴിഞ്ഞാലും പച്ചക്കറി ബാക്കിയുണ്ടാകും. അതൊക്കെ അയല്‍ക്കാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെയാണ് കൊടുക്കുന്നത്.

വിത്തിനുള്ള ചേന

“ഇനിയിപ്പോള്‍ വിപണനം തുടങ്ങണമെന്ന തീരുമാനത്തിലാണ്. കുറേ വിളവ് കിട്ടുന്നുണ്ടല്ലോ… വെറുതേ വലിയ അളവില്‍ സൗജന്യമായി കൊടുക്കുന്നതെന്തിനാണ്.

“ഗ്രോ ബാഗുകള്‍ കുറേയുണ്ട്. അല്ലാതെയും നട്ടിട്ടുണ്ട് പച്ചക്കറികള്‍. അതൊക്കെ ഇനി കായ്ക്കുമ്പോള്‍ മാര്‍ക്കറ്റില്‍ എത്തിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്,” സുരേഷ് കൂട്ടിച്ചേര്‍ത്തു.

വിളവെടുപ്പിന് ശേഷം

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ സുരേഷ് കോഴിക്കോട് കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. സോഷ്യല്‍ മീഡിയയിലും കര്‍ഷക കൂട്ടായ്മകളുണ്ടാക്കി.

കര്‍ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊക്കെ ഈ ഗ്രൂപ്പിലൂടെ മറുപടി നല്‍കും. ഇങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെ വിത്ത് വിതരണവുമുണ്ട്. “സൗജന്യമായിട്ടാണ് വിത്ത് കൊടുക്കുന്നത്.” കൃഷി കൂട്ടായ്മകളെക്കുറിച്ച് സുരേഷ് പറയുന്നു.


ആവശ്യമുള്ള വിത്തിനങ്ങള്‍ ഏതാണെന്നു എഴുതിയ കുറിപ്പ് സഹിതം കവര്‍ അയച്ചു തന്നാല്‍ മതി വിത്ത് അയച്ചു കൊടുത്തിരിക്കും.


“വിത്തിനങ്ങള്‍ ശേഖരിക്കാറുണ്ട്. അതിനൊപ്പം വിദേശ ഇനങ്ങളുടെ വിത്തുകളും നടാറുണ്ട്. വിദേശത്തുള്ള സുഹൃത്തുക്കളിലൂടെയാണ് വിത്തുകള്‍ സ്വന്തമാക്കുന്നത്. അതൊക്കെ കൂട്ടിവച്ചു ആവശ്യക്കാര്‍ക്ക് നല്‍കാറുമുണ്ട്.

“മട്ടുപാവ് കര്‍ഷകരുടെയും കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഡോ. രാജേഷ്, ഡോ. മനയത്ത്, ഹാരിസ് അലി, ജേക്കബ് ജോയി, ചന്ദ്രന്‍ വെള്ളന്നൂര്‍, മഹേഷ് കാരപറമ്പ് , കൃഷി ഓഫിസര്‍ സാലിഹ് തുടങ്ങി ടെറസ് കൃഷിയില്‍ താത്പര്യമുള്ളവര്‍ ചേര്‍ന്നായിരുന്നു കൂട്ടായ്മ ഉണ്ടാക്കുന്നത്.

“സമൂഹമാധ്യമങ്ങളുടെ സഹകരണത്തോടെ 250-ല്‍ പരം പേരടങ്ങിയ ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രോ ബാഗുകള്‍ ചുരുങ്ങിയ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കാനും കൂട്ടായ്മയിലൂടെ സാധിച്ചിട്ടുണ്ട്.” സുരേഷ് പറഞ്ഞു.

കാലിക്കറ്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാനാണ് സുരേഷ്. കാനറ ബാങ്ക് എംഡിയായ രമേഷ് മറുനാടാണ് കമ്പനി എംഡി. നബാര്‍ഡിലെ വേണുഗോപാലന്‍, കൃഷ്ണകുമാര്‍, കോഴിക്കോട് കൃഷി ഓഫീസര്‍ ഇസ്മയില്‍, വെള്ളന്നൂര്‍ ചന്ദ്രന്‍, ടി.കെ. ബാബു, കോഴിക്കോട് കോര്‍പറേഷനിലെ കിഷന്‍ ചന്ദ്, ഡോ.മനയത്ത് ഇങ്ങനെ പലരും ചേര്‍ന്നാണ് ഈ കമ്പനി 2018-ല്‍ ആരംഭിക്കുന്നത്. 

വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന കൃഷിയോട് താത്പ്പര്യമുള്ള 11 പേരുടെ നേതൃത്വത്തിലാണ് ഈ കമ്പനി. സ്വന്തം പ്രൊഫഷനൊപ്പം കൃഷി കൂടെ കൊണ്ടുപോകുന്നവര്‍.

കര്‍ഷകരെ സഹായിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുക, തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക ക്ലാസുകള്‍ സംഘടിപ്പിക്കുക ഇങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

മട്ടുപ്പാവിലെ കര്‍ഷകരുടെ കൂട്ടായ്മ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പതിനായിരം ലിറ്റര്‍ തേന്‍ ശേഖരിക്കാനുള്ള പ്ലാന്‍റ് കമ്പനിയ്ക്കുണ്ട്. ഒരു വര്‍ഷത്തിനകം ഒരു ലക്ഷം തേന്‍ ശേഖരിക്കാനുള്ള പ്ലാന്‍റാക്കി മാറ്റാനുള്ള ശ്രമത്തിലാണിപ്പോള്‍.

“നബാര്‍ഡും ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പറേഷനുമൊക്കെയായി ചേര്‍ന്ന് നടത്താനാണ് ശ്രമിക്കുന്നത്. ചെറുതേന്‍ മധുരം എന്ന പേരില്‍ ചെറുതേനീച്ചകളെ വളര്‍ത്തുന്ന പദ്ധതിയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു.

“ഒരു വീട്ടില്‍ ഒരു തേനീച്ച കൂട് ഇതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചെറുതേനിന്‍റെ കൂടും കോളനിയുമാണ് കമ്പനി നല്‍കുന്നത്. 500 രൂപയാണ് ഒരു കൂടിന്‍റെ വില.


ഒരു വര്‍ഷം കഴിയുമ്പോള്‍ ഇവര്‍ക്ക് ഇരട്ടി ലാഭം കിട്ടും. കാരണം ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ കൂട് രണ്ടാക്കി നമ്മള്‍‍ തന്നെ കൊടുക്കും.


ഇതിപ്പോ 40 വീടുകളില്‍ കൊടുത്തു കഴിഞ്ഞു.

“കോഴിക്കോട് നരിക്കുനി പന്നൂരാണ് തേനീച്ച വളര്‍ത്തല്‍ കേന്ദ്രം. ആയിരത്തോളം തേനീച്ച കൂടുകള്‍ ഇവിടുണ്ട്.  തേന്‍ നെല്ലിക്ക, തേന്‍ ഇഞ്ചി, തേന്‍ കാന്താരി മുളക് ഇങ്ങനെ തേന്‍ കൊണ്ടുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുമുണ്ടാക്കുന്നുണ്ട്.

“ചേന, ചേമ്പ്, പാവല്‍, പിന്നെ കുറേ ചെടികളും ഇവിടെ നട്ടിട്ടുണ്ട്. ഒന്നര ഏക്കറാണിത്. ഇതിനൊപ്പം വെള്ളന്നൂരില്‍ നാലര ഏക്കറിലൊരു ഫാമുണ്ട്, നാലഞ്ച് പോളിഹൗസും വളം നിര്‍മാണവുമൊക്കെയുണ്ട് ഇവിടെ. വെള്ളന്നൂര്‍ ചന്ദ്രനാണ് ഇവിടുത്തെ കൃഷിക്കാര്യങ്ങള്‍ നോക്കുന്നത്.”

സ്പൈസസ് ബോര്‍ഡിന്‍റെ സഹകരണത്തോടെയാണ് വളനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജൈവ മിക്സ് എന്ന പേരിലാണ് ഈ വളം വില്‍ക്കുന്നത്. ചകിരിച്ചോറിന്‍റെ കമ്പോസ്റ്റുമുണ്ട്. കോഴിവളവും ആട്ടിന്‍ കാഷ്ഠവും വില്‍ക്കുന്നുണ്ട്.

കര്‍ഷകരുടെ സ്വന്തം ഭൂമിയില്‍ അവര്‍ക്കാവശ്യമായി സൗകര്യങ്ങളാണ് കമ്പനി ഒരുക്കി കൊടുക്കുന്നത്. ലോണ്‍ സൗകര്യം, വിപണനം, വിത്ത് അങ്ങനെ പല കാര്യങ്ങളിലും സഹായമെത്തിക്കും.

460-ഓളം കര്‍ഷകര്‍ ഈ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പല ഭാഗങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍, റിട്ട. ക്യാപ്റ്റന്‍ വിശദമാക്കി.

അഞ്ച് കിലോഗ്രാം ചാണകം, രണ്ട് കിലോഗ്രാം എല്ലുപൊടി, രണ്ട് കിലോ വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്ത് 15 ദിവസം പുളിപ്പിച്ച ശേഷം ഉണ്ടാക്കുന്ന സ്ലറിയാണ് കൃഷിയ്ക്ക് ഉപയോഗിക്കുന്നത്.

സുരേഷിന്‍റെ തോട്ടത്തില്‍ മാത്രമല്ല കമ്പനിയുടെ നേതൃത്വത്തിലുള്ള കൃഷിയിടങ്ങളിലുമിതാണ് ഉപയോഗിക്കുന്നത്. കൃഷിയില്‍ തിരിനനയും (വിക്ക് ഇറിഗേഷന്‍) പ്രയോജനപ്പെടുത്തുന്നുണ്ട്.

വേങ്ങേരി സഹകരണ ബാങ്കുമായി സഹകരിച്ച് നാലേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാനുള്ള ശ്രമത്തിലാണെന്നു സുരേഷ് പറയുന്നു. സിന്‍റ പപ്പായ കൃഷി ചെയ്യാനാണ് ഇവിടെ. ആലോചിക്കുന്നത്.

പച്ചക്കറികള്‍ നാട്ടുകാര്‍ക്ക് നല്‍കുന്നു

“പപ്പായ കറയെടുക്കുകയാണ് ഈ കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്നാണ് ഈ കൃഷി ആരംഭിക്കാനിരിക്കുന്നത്,” സുരേഷ് കൂട്ടിച്ചേര്‍ത്തു.

കൃഷിയ്ക്കൊപ്പം സെക്യൂരിറ്റി കമ്പനി നടത്തുന്നുണ്ട് ഇദ്ദേഹം. അക്കാഡമി സെക്യൂരിറ്റി കമ്പനിയുടെ കേരള സിഇഒയാണ് സുരേഷ്.


ഇതുകൂടി വായിക്കാം: ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ


കോഴിക്കോട് ഫോക്കസ് മാളിലെ റിലേഷന്‍ ഓഫീസര്‍ വിന്നി സുരേഷാണ് ഭാര്യ. ഒരു മകളുണ്ട്–അഭിലാഷ സുരേഷ്. കേന്ദ്രീയ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ദേശീയ തലത്തില്‍ സ്വര്‍ണം നേടിയിട്ടുള്ള നാഷണല്‍ ഷൂട്ടറാണ് അഭിലാഷ.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം