പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്‍

കോളെജില്‍ പഠിപ്പിക്കാന്‍ വന്ന മാഷ് തൂമ്പായും തൈകളും കൈകളിലെടുക്കാനൊരു കാരണമുണ്ട്. പഠിപ്പിച്ചാല്‍ മാത്രം പോരല്ലോ കുട്ടികളുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണ്ടേ?

ണ്ട് വര്‍ഷം മുന്‍പാണ് ജോര്‍ജ്ജ് സാര്‍ ജോലിയില്‍ നിന്നു വിരമിക്കുന്നത്. ഏതൊരു അധ്യാപകനെയും പോലെ അദ്ദേഹത്തിനും വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ ചേര്‍ന്നൊരു യാത്രയയപ്പ് നല്‍കി.

സാധാരണ അധ്യാപകര്‍ക്ക് കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു സമ്മാനമാണ് സാറിന് അവര്‍ നല്‍കിയത്. സിവില്‍ പഠിപ്പിക്കാനെത്തിയ മാഷ് കൈയില്‍ തൂമ്പായുമെടുത്ത് ക്യാംപസിനെ പച്ചപ്പണിയിച്ചതിനുള്ള ആ സ്നേഹോപഹാരം ഒരു പുസ്തകമായിരുന്നു.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com

കോളെജ് പരിസരമാകെ തണല്‍ മരങ്ങളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാക്കിയ ജോര്‍ജ്ജിന് അദ്ദേഹത്തിന് ആ മരങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമുള്ള ‘ഹരിതദക്ഷിണ’ എന്ന പുസ്തകമാണ് അവര്‍ സമ്മാനിച്ചത്.

ത്യാഗരാജാര്‍ പോളിടെക്നിക് കോളെജ്

സ്കൂളിലും കോളെജിലുമൊക്കെ വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്നതില്‍ അത്ര പുതുമയുണ്ടോ… എല്ലാ പരിസ്ഥിതി ദിനത്തിലും ഇതൊക്കെ ഒരു പതിവല്ലേ!?

പക്ഷേ അങ്ങനെയുള്ള പതിവ് പരിപാടികളിലൊന്നും ജോര്‍ജ്ജ് സാറിനെ കാണാന്‍ കിട്ടില്ല.

കോളെജില്‍ പഠിപ്പിക്കാന്‍ വന്ന മാഷ് തൂമ്പായും തൈകളും കൈകളിലെടുക്കാനൊരു കാരണമുണ്ട്. പഠിപ്പിച്ചാല്‍ മാത്രം പോരല്ലോ കുട്ടികളുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണ്ടേ?

വെറും ഒരു തോന്നലിന് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയതല്ലെന്നു അദ്ദേഹം പറയുന്നു.

ക്യാംപസില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച ജോര്‍ജ്ജ് ചിറമ്മല്‍

“നാടനും വിദേശിയുമൊക്കെയായി 70 ഇനങ്ങളില്‍ മരങ്ങളാണ് നാലര ഏക്കറുള്ള കോളെജിലെ മുറ്റത്തുള്ളത്,” തൃശൂര്‍ അരണാട്ടുകര സ്വദേശിയായ ജോര്‍ജ്ജ് ചിറമ്മല്‍ മരങ്ങള്‍ നട്ട കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

“1992-ലാണ് തൃശൂരിലെ അളഗപ്പ ത്യാഗരാജാര്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ വിഭാഗം അധ്യാപകനായി എത്തുന്നത്. അധ്യാപന ജീവിതം ആരംഭിക്കുന്നതും ഇവിടെയാണ്.

“അന്ന് കോളെജില്‍ മരങ്ങളൊന്നും ഏറെയില്ല. നാലോ അഞ്ചോ മാത്രം. പ്ലാവ്, മാവ്, ഏഴിലംപാല ഇങ്ങനെ വിരലില്‍ എണ്ണാവുന്ന അത്രയും മാത്രം. പിന്നെ ഒന്നു രണ്ട് തല പോയ തെങ്ങുകളും മാത്രം. കുറേ സ്ഥലവും വെറുതേ കിടപ്പുണ്ട്.

പക്ഷേ അതിലൊന്നും ആരും ഒന്നും നട്ടിട്ടുമില്ല.

“അങ്ങനെ ഞാന്‍ ജോലിക്ക് കയറിയ അതേ വര്‍ഷം മുതല്‍ ഇവിടെ വൃക്ഷ തൈകള്‍ നട്ടു തുടങ്ങി. ഇവിടെ അധികം മരങ്ങളൊന്നും ഇല്ലല്ലോ… എന്നാപ്പിന്നെ കുറച്ച് തൈകളൊക്കെ നട്ടേക്കാം. എന്നു തോന്നി വെറുതേ ഇറങ്ങി പുറപ്പെട്ടതല്ല.

“കോളെജിന് സമീപത്ത് ഒരു തുണി മില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ആ മില്ലില്‍ നിന്നുള്ള പഞ്ഞി ഇവിടേക്ക് പറന്നുവരും. ക്ലാസ് മുറികളിലും ലാബിലുമൊക്കെ പഞ്ഞി നിറയെ വീണുകിടപ്പുണ്ടാകും.

“ഇതൊരു വലിയ പ്രശ്നമായിരുന്നു. ചില സാറുമാരൊക്കെ ആസ്തമ രോഗത്തില്‍ കഷ്ടപ്പെടുന്നതു കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി,” ആ പഞ്ഞിയാണ് പ്രശ്നക്കാരനെന്ന് തിരിച്ചറിഞ്ഞുവെന്നു ജോര്‍ജ്ജ് പറയുന്നു.

“എങ്ങനെയെങ്കിലും ഇതിനൊരു പരിഹാരം കാണണമെന്നു തോന്നി. അങ്ങനെ ചിന്തിച്ചപ്പോഴാണ് ഈ ഐഡിയ തോന്നുന്നത്,”ജോര്‍ജ്ജ് ചിറമ്മല്‍ പറയുന്നു.

“കോളെജിന് കുറേ സ്ഥലമുണ്ടെങ്കിലും മരങ്ങള്‍ വളരെ കുറവായിരുന്നുവെന്നു പറഞ്ഞല്ലോ. മരങ്ങളൊക്കെയുണ്ടെങ്കില്‍ പഞ്ഞി പറന്നു ക്ലാസിനുള്ളിലേക്ക് വീഴുന്നത് തടയാമെന്നു തോന്നി. അങ്ങനെ മരങ്ങള്‍ നട്ടു തുടങ്ങി.


ഇതുകൂടി വായിക്കാം: ‘ഇങ്ങക്ക് പിരാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തലകുലുക്കി സമ്മതിച്ചേക്കണം’


“വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ മരങ്ങള്‍ മാത്രമേ നടൂ. കുറേ എണ്ണം മരങ്ങള്‍ നടാനല്ല, നടുന്ന തൈകള്‍ സംരക്ഷിക്കണമെന്നാണ് തീരുമാനിച്ചത്. തൈകള്‍ നട്ട ശേഷം രണ്ട് മൂന്നു വര്‍ഷം തുടര്‍ച്ചയായി അവയ്ക്ക് പരിചരണം നല്‍കും,”  അദ്ദേഹം പറഞ്ഞു.

രണ്ടുമാസത്തെ വേനല്‍ അവധിക്കാലത്ത് പോലും ഈ തൈകളെ പരിചരിക്കാനായി അദ്ദേഹം കോളെജിലേക്ക് പോകുമായിരുന്നു. വെള്ളവും വളവുമൊക്കെയിട്ട് നന്നായി പരിചരിച്ചാണ് ഓരോ തൈയും വളര്‍ത്തിയെടുത്തത്.

ജോര്‍ജ്ജ് ചിറമ്മല്‍

” നാടനും വിദേശിയും അടക്കം വ്യത്യസ്ത ഇനം മരങ്ങളാണിപ്പോള്‍ കോളെജിലുള്ളത്. 70 വ്യത്യസ്ത ഇനങ്ങളിലായി 300-ല്‍ അധികം മരങ്ങളാണ് ഇത്രയും വര്‍ഷം കൊണ്ടു നട്ടത്.

“തണല്‍ മരങ്ങള്‍ മാത്രമല്ല ഫലവ‍ൃക്ഷങ്ങളും നട്ടിട്ടുണ്ട്. പേര, മാവ്, പ്ലാവ്, നെല്ലി, ഞാവല്‍, ചാമ്പ, സപ്പോട്ട തുടങ്ങിയ നാടന്‍ ഫലവൃക്ഷങ്ങളുണ്ട്. ഇതിനൊപ്പം ചില വിദേശ ഫലവൃക്ഷങ്ങളുമുണ്ട്.

“ജമൈക്കയിലെ അക്കി ഇവിടുണ്ട്. ജമൈക്കയുടെ ദേശീയ പഴമെന്നാണിത് അറിയപ്പെടുന്നത്. മീനിലൊക്കെ ഇട്ടാണ് ഈ ഫലം കഴിക്കേണ്ടതെന്നാണ് കേട്ടിട്ടുള്ളത്,” അദ്ദേഹം പറയുന്നു.

അക്കി മരത്തിന്‍റെ പഴം. ജമൈക്കയുടെ ദേശീയ പഴമാണിത്. ഇതും ഉപ്പിട്ടുണക്കിയ മീനും ചേര്‍ന്ന വിഭവമാണ് ജമൈക്കയുടെ ദേശീയ വിഭവം.  ( Image for representation only. Photo source: Pixabay.com)

പത്തോളം വ്യത്യസ്ത ഇനം മുളകളാണ് കോളെജിന്‍റെ വിവിധ ഭാഗങ്ങളിലായി നട്ടത്. തണല്‍ മരങ്ങള്‍, ഔഷധവൃക്ഷങ്ങള്‍, ഇലഞ്ഞി, മന്ദാരം ശിംശിപാ, അശോകം, കൂവളം തുടങ്ങി പലതരം മരങ്ങളുണ്ടിപ്പോള്‍ ആ കോളെജില്‍.

“യാത്രകളൊക്കെ ഇഷ്ടമാണെനിക്ക്. വിദേശനാട്ടിലൊക്കെ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള യാത്രകളില്‍ വെറൈറ്റി വിത്തുകള്‍ വാങ്ങി കൊണ്ടുവരാറുണ്ട്. അതിനൊപ്പം കൂട്ടുകാരൊക്കെ വിദേശത്ത് നിന്നു വരുമ്പോള്‍ വിത്തുകളൊക്കെ കൊണ്ടുവന്നു തന്നിട്ടുണ്ട്.

“ഇങ്ങനെയൊക്കെ സ്വന്തമാക്കുന്ന വിത്തുകള്‍ മുളപ്പിച്ച് തൈയാക്കും. ചിലതൊക്കെ പിടിക്കും. നമ്മുടെ കാലാവസ്ഥയുമായി ചേരാതെ ചിലതൊക്കെ നശിച്ചു പോകും.” അങ്ങനെയും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ചില സുഹൃത്തുക്കള്‍ ജമൈക്കയില്‍ പോയിരുന്നു, അവര്‍ കൊണ്ടു തന്നതാണ് ആഖിയുടെ വിത്ത്. ആ വിത്ത് നാട്ടില്‍ തന്നെ മുളപ്പിച്ചെടുത്തു നടുകയായിരുന്നു. ഓസ്ട്രേലിയന്‍ ചെസ്‍നട്ട് ഇവിടുണ്ട്.


ഓസ്ട്രേലിയന്‍ ചെസ്‍നട്ടിന്‍റെ വിത്ത് വിദേശത്ത് നിന്നു കൊണ്ടുവന്നാണ് മുളപ്പിച്ചത്. നടുകയും ചെയ്തു.


“പക്ഷേ, ആ തൈ പിടിച്ചില്ല. ഇപ്പോഴുള്ളത് ഒരു നഴ്സറിയില്‍ നിന്നു വാങ്ങിയ തൈ വളര്‍ന്നതാണ്. വിത്തുകള്‍ കൊണ്ടുവന്നാല്‍ മുളപ്പിക്കുന്നതും  തൈയാക്കുന്നതുമൊക്കെ കോളെജ് മുറ്റത്തു തന്നെയാണ്.

“വീട്ടില്‍ അധികം സ്ഥലമൊന്നും ഇല്ല. എങ്കിലും കുറച്ചൊക്കെ വിത്തുപാകി മുളപ്പിച്ചിട്ടുണ്ട്. നഴ്സറികളില്‍ നിന്നും വാങ്ങുമ്പോഴും പലതരം തൈകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.

സോണി എന്നൊരു അധ്യാപകനും ജോര്‍ജ്ജിനൊപ്പം കാമ്പസ് പച്ചപിടിപ്പിക്കാന്‍ കൂടിയിരുന്നു.

“ഞങ്ങള്‍ രണ്ടാളും കൂടിയാണ് എല്ലാം ചെയ്തിരുന്നത്. ഞങ്ങള്‍ തന്നെ തൈകള്‍ വാങ്ങും, ഞങ്ങള്‍ തന്നെ കുഴി കുത്തും, നടും, നനയ്ക്കും. അങ്ങനെ എല്ലാം ചെയ്യും. പഠിപ്പിക്കാന്‍ വരുന്ന മാഷ്മാര് തൂമ്പായും കൊണ്ട് മരം നടാന്‍ നടക്കുന്നുവെന്നു പറഞ്ഞു കളിയാക്കിയിട്ടൊക്കെയുണ്ട് പലരും.

“ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ പലര്‍ക്കും പുച്ഛമായിരിക്കും. കൂലിപ്പണിക്കാര്, കുഴിവെട്ടുകാര്… എന്നൊക്കെ പറഞ്ഞു കളിയാക്കുമായിരുന്നു. പക്ഷേ നമ്മളൊതന്നും മൈന്‍ഡ് ചെയ്യില്ല,” ജോര്‍ജ്ജ്   അക്കാലമോര്‍ത്ത് ചിരിക്കുന്നു.

ജോര്‍ജ്ജ്ചിറമ്മല്‍ നട്ട മരങ്ങള്‍

എല്ലാ തൈകളും വളര്‍ന്നു വലിയ മരങ്ങളായി. നല്ല തണലും കാറ്റുമൊക്കെയായി. കാമ്പസ് മൊത്തത്തില്‍ നല്ല പച്ചപ്പും ഭംഗിയുമായി. അങ്ങനെയായപ്പോള്‍ ബാക്കിയുള്ളവര്‍ക്കും താല്‍പര്യമായിത്തുടങ്ങി. തൂമ്പായും പിടിച്ച് മരവും നട്ടുനടക്കാന്‍ നാണമില്ലേ മാഷേ എന്ന് ചോദിച്ചവരും കൂടെക്കൂടാന്‍ തുടങ്ങി.

“കൂട്ടത്തില്‍ ചിലര്‍ കുഴിയെടുക്കാനും തൈകള്‍ നടാനും നനയ്ക്കാനുമെല്ലാം ഒപ്പം നിന്നു. വിദ്യാര്‍ഥികള്‍ എപ്പോഴും പിന്തുണച്ചിട്ടേയുള്ളൂ,”  ജോര്‍ജ്ജ് പറഞ്ഞു.

“ഇപ്പോ കോളെജ് നിറയെ പച്ചപ്പ് തന്നെയാണ്. 200 വെറൈറ്റി ബോഗണ്‍ വില്ലകള്‍ കോളെജ് മതിലിനോട് ചേര്‍ന്ന് നട്ടിട്ടുണ്ട്. മറ്റു കോളെജുകളിലെ അധ്യാപകരൊക്കെ സ്പെഷ്യല്‍ ഡ്യൂട്ടികള്‍ക്കും മറ്റുമായി ഇവിടേക്ക് വരുമല്ലോ. അവര്‍ക്കൊക്കെ അതിശയമായിരുന്നു,” കോളെജില്‍ നിന്ന് വിരമിച്ചെങ്കിലും ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിനിപ്പോഴും വലിയ സന്തോഷം.

“ഒരു ചെടി നട്ട് മൂന്നു നാലു വര്‍ഷമെങ്കിലും വെള്ളമൊഴിച്ചൊക്കെ പരിചരിക്കണം. അതിനു ശേഷം ആ തൈകളൊക്കെ തനിയെ വളര്‍ന്നു കൊള്ളും. ഞാന്‍ ജോലിയില്‍ നിന്നു വിരമിച്ചുവെങ്കിലും കോളെജിലെ രണ്ടു മൂന്നു പേര്‍ അതൊക്കെ ഇപ്പോഴും നോക്കുന്നുണ്ട്.


പിന്നെ എന്താണെന്നു വച്ചാല്‍ കോളെജില്‍ ഇനി മരം നടാളുള്ള സ്ഥലമില്ല.


ഉള്ള സ്ഥലത്തൊക്കെ മരങ്ങള്‍ നട്ടു കഴിഞ്ഞുവെന്നു അഭിമാനത്തോടെയാണ് ഈ അധ്യാപകന്‍ പറയുന്നത്.

‘ഹരിതദക്ഷിണ’ എന്ന പേരിലാണ് കുട്ടികളും അധ്യാപകരുമൊക്കെ ചേര്‍ന്ന് ജോര്‍ജ്ജ്ചിറമ്മല്‍ എന്ന അധ്യപകന്‍റെ മരം നടലിനെ പുസ്തകത്തിലാക്കിയത്. അദ്ദേഹം കോളെജില്‍ നട്ട ഓരോ മരത്തിന്‍റെയും ചിത്രം ഈ പുസ്തകത്തിലുണ്ട്.

മരങ്ങളുടെ കളര്‍ ഫോട്ടോകള്‍ക്കൊപ്പം അവയുടെ പേര്, ശാസ്ത്രീയനാമം, ജന്മദേശം, അതിന്‍റെ ഗുണങ്ങള്‍ തുടങ്ങി വിശദവിവരങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനൊപ്പം കോളെജിന്‍റെ ഏത് ഭാഗത്താണ് ഈ മരങ്ങള്‍ വളരുന്നതെന്നും പറയുന്നുണ്ട്.

തൃശൂര്‍ അരണാട്ടുകരയിലാണ് ജോര്‍ജ്ജ് മാഷിന്‍റെ വീട്. മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം പഠിച്ചത്. അധ്യാപകനാകും മുന്‍പേ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിലായിരുന്നു.

“സിവില്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചത്. പഠനമൊക്കെ കഴിഞ്ഞിറങ്ങിയ ഉടന്‍ ജോലിക്ക് കയറി. തൃശൂര്‍ രൂപതയുടെ ഒരു കണ്‍സ്ട്രക്ഷന്‍ വിങ്ങുണ്ടായിരുന്നു. അതിനൊപ്പമായിരുന്നു. പിന്നീടാണ് അധ്യാപനത്തിലേക്കെത്തുന്നത്.

ത്യാഗരാജാര്‍ പോളിടെക്നിക് ഇന്ത്യയിലെ തന്നെ ആദ്യ എയ്ഡഡ് പോളിടെക്നിക്ക് കോളെജാണ്. വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അളഗപ്പ ചെട്ടിയാരാണ് സ്ഥാപകന്‍. അദ്ദേഹവും പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവും സഹപാഠികളായിരുന്നു, ജോര്‍ജ്ജ് മാഷ് പറഞ്ഞുതന്നു.

“ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലാണ് ഇരുവരും ഒന്നിച്ചു പഠിച്ചത്. ആ സൗഹൃദമാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ അളഗപ്പ ചെട്ടിയാരെ സഹായിച്ചത്.

“ഈ നാടും അളഗപ്പ ചെട്ടിയാരുടെ പേരിലാണ് അറിയപ്പെടുന്നത്. തുണിമില്‍ ആരംഭിച്ചു കൊണ്ടാണ് തുടക്കം. ആ മില്ലിലെ തൊഴിലാളികള്‍ക്ക് പഠിക്കുന്നതിനാണ് പോളിടെക്നിക്ക് ആരംഭിക്കുന്നത്.” പിന്നീട് തൊഴിലാളികളുടെ മക്കള്‍ക്ക് വേണ്ടി സ്കൂളും തുടങ്ങുകയായിരുന്നു അദ്ദേഹമെന്ന് ജോര്‍ജ്ജ്.

കുരിയച്ചിറ സെന്‍റ് ജോസഫ്സ് സ്കൂളിലെ കെമിസ്ട്രി അധ്യാപികയാണ് ജോര്‍ജ്ജ് ഭാര്യ ജോബി. രണ്ട് മക്കളുണ്ട്–വിമല കോളെജില്‍ അവസാന വര്‍ഷ കെമിസ്ട്രി ബിരുദത്തിന് പഠിക്കുന്ന പാംസിയും സെന്‍റ് പോള്‍സ് സ്കൂളിലെ പത്താംക്ലാസുകാരി നേഹയും.

ഇവരുടെ പിന്തുണയുണ്ട്. കോളെജില്‍ മരങ്ങള്‍ നടുന്നതിന് മാത്രമല്ല വീട്ടിലെ കൃഷിയ്ക്കും ഇവരൊപ്പമുണ്ട്. “പച്ചക്കറി മാത്രമല്ല ചെടികളും ഫലവൃക്ഷങ്ങളുമൊക്കെ വീട്ടുവളപ്പില്‍ നട്ടിട്ടുണ്ട്. പ്ലാവ്, മാവ്, കുടംപുളി, പേര, ചാമ്പ, ആത്ത തുടങ്ങിയ ഫലവ‍ൃക്ഷങ്ങളാണുള്ളത്. വീടിന്‍റെ ടെറസില്‍ ഗ്രോ ബാഗിലാണ് ചെടികളും കുറച്ചു പച്ചക്കറികളുമൊക്കെ നട്ടിരിക്കുന്നത്.

“ശീതകാല പച്ചക്കറി കൃഷി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കാബേജും ക്വാളിഫ്ലവറുമൊക്കെ ഗ്രോബാഗില്‍ ക‍ൃഷി ചെയ്യാറുണ്ട്. സ്ഥലം കുറവാണ്. പത്ത് സെന്‍റില്‍ സാധിക്കുന്ന അത്രയും നട്ടിട്ടുണ്ട്,” ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും മരങ്ങളോടും കൃഷിയോടുമുള്ള താല്‍പര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല ജോര്‍ജ്ജ് മാഷിന്.

ചെടികളും പച്ചക്കറി വിത്തുകളും വിതരണം ചെയ്ത് കൂടുതല്‍ ആളുകളെ കൃഷിയിലേക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. 

“ശീതകാല പച്ചക്കറികളുടെ തൈകളും ചെടികളും കൊടുക്കാറുണ്ട്. മണ്ണുത്തി കാര്‍ഷിക യൂനിവേഴ്സിറ്റിയില്‍ നിന്നു വാങ്ങുന്ന തൈകളും വിത്തുമാണ് നാട്ടുകാര്‍ക്ക് നല്‍കുന്നത്. ചെറിയൊരു തുകയും ഈടാക്കാറുണ്ട്.


ഇതുകൂടി വായിക്കാം: കൂട്ടിന് പുലിയും കാട്ടുപോത്തും, കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രം


“മണ്ണുത്തിയില്‍ നിന്നു ഇവിടേക്ക് കൊണ്ടുവരുന്നത് അല്‍പം കാശു ചെലവുള്ള കാര്യമാണ്. സാധാരണ വാഹനത്തില്‍ അല്ല യൂനിവേഴ്സിറ്റിയുടെ തന്നെ ഒരു പ്രത്യേക വണ്ടിയിലാണ് കൊണ്ടുവരുന്നത്. ട്രേ വയ്ക്കാവുന്ന സൗകര്യമുള്ള വണ്ടിയാണിത്. അതിന് വരുന്ന ചെലവാണ് വാങ്ങുന്നത്.

“മക്കളും കൃഷിയ്ക്കൊക്കെ ഒപ്പം കൂടാറുണ്ട്. പത്താം ക്ലാസിലാണ് ജോബി പഠിപ്പിക്കുന്നത്. അതിന്‍റെ തിരക്കുകളിലാണ്. ഞാനിപ്പോ ചെറുത്തുരുത്തിയിലെ ജ്യോതി എന്‍ജിനീയറിങ്ങ് കോളെജില്‍ പഠിപ്പിക്കുന്നുണ്ട്,” അദ്ദേഹം വിശേഷങ്ങള്‍ തുടരുന്നു.

ഈ തിരിക്കുകള്‍ക്കിടയിലും അദ്ദേഹം കൃഷിയ്ക്ക് സമയം കണ്ടെത്താറുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഭാര്യ ജോബിയും കൃഷിയ്ക്ക് സഹായിക്കും.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം