വീട്ടില്‍ തനിച്ചുകഴിയുന്ന പ്രായമായവര്‍ക്ക് നാടന്‍ ഭക്ഷണമെത്തിക്കാനായി തുടങ്ങിയ ‘കാപ്പിക്കൂട്ട’ത്തിന്‍റെ  വിജയകഥ

ഓരോ ദിവസവും വൈകുന്നേരം അഞ്ചു മണിക്കു മുന്‍പ് പിറ്റേദിവസത്തെ ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യും. ആവശ്യമുള്ളവര്‍ മറുപടി പറയും. അതനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കല്‍.  

കോഴിക്കോട് ഒരു കാപ്പിക്കൂട്ടം ഗ്രൂപ്പ്ണ്ട്, കേട്ടിട്ടുണ്ടോ?

പേര് കേട്ടാല്‍ തോന്നും സൊറയൊക്കെ പറഞ്ഞിരുന്ന് കാപ്പികുടിക്കാനുള്ള എന്തോ ഒരു പരിപാടി ആണെന്ന്. പക്ഷെ, സംഭവം പൊളിയാണ് കേട്ടോ.

വീടുകളില്‍ തനിയെ താമസിക്കുന്ന പ്രായമായ ആള്‍ക്കാരില്ലേ. അവര്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്നതിനുവേണ്ടി ദേവിക ബാലചന്ദ്രന്‍ എന്ന സാധാരണക്കാരി തുടങ്ങിയൊരു സംരംഭമാണ്.

ഇപ്പോള്‍ കോഴിക്കോട് കാപ്പിക്കൂട്ടം ഒരു ടോക്കാണ്. കേട്ടവരൊക്കെ ഇത് വേറിട്ടൊരു ശ്രമം തന്നെയെന്ന് പറയുന്നു.


വിഷമില്ലാത്ത ജൈവ ഭക്ഷ്യവിഭവങ്ങള്‍ ശീലമാക്കാം. സന്ദര്‍ശിക്കൂ karnival.com ന്‍റെ ഓണ്‍ലൈന്‍ ഓര്‍ഗാനിക് ഫുഡ് കൗണ്ടര്‍

”മോളെ, വീട്ടുജോലിക്കാര് വരാന്‍ രാവിലെ പത്തുമണിയെങ്കിലും കഴിയും. അതുകൊണ്ട് ഹാഫ് ബോയില്ഡ് ചപ്പാത്തി വാങ്ങി ചൂടാക്കിക്കഴിക്കും അല്ലെങ്കില്‍ ബ്രെഡ്… ഇതൊക്കെയായിരിക്കും മിക്കവാറും എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റിന്. കഴിയുമെങ്കില്‍ രാവിലെ നമ്മുടെ നാടന്‍ ഭക്ഷണം എത്തിച്ചു തരികയാണെങ്കില്‍ നന്നായിരുന്നു,” കോഴിക്കോട് ഒരു വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന പ്രായമായ ദമ്പതികളുടെ ഈ വാക്കുകളാണ് ‘കാപ്പിക്കൂട്ടം’ തുടങ്ങാന്‍ ദേവികയ്ക്ക് പ്രചോദനമായത്.

ദേവിക പാചകത്തിനിടയില്‍

”എല്ലാത്തിനും ഹോം ഡെലിവറിയുള്ള കാലമാണല്ലോ… ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസു വഴി പ്രഭാതഭക്ഷണം മുതല്‍ രാത്രിയിലെ ഭക്ഷണം വരെ വീട്ടിലിരുന്നു ഓര്‍ഡര്‍ ചെയ്യാം. പക്ഷെ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി തനതു നാടന്‍ രുചിയില്‍ വീടുകളില്‍ ബ്രേക്ക്ഫാസ്റ്റ് എത്തിക്കുന്ന ഒരു സംവിധാനമാണ് ആലോചിച്ചത്. മാത്രമല്ല കോഴിക്കോട് തനത് രുചിയില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കിട്ടുന്ന റെസ്റ്റോറന്‍റുകളുമില്ല,”ദേവിക വിശദമാക്കുന്നു.


കേറ്ററിംഗ് സ്ഥാപനമായോ അല്ലെങ്കില്‍ റെസ്റ്റോറന്‍റായോ ഒന്നുമല്ല കാപ്പിക്കൂട്ടത്തിന്‍റെ തുടക്കം. സ്നേഹത്തോടെ ഭക്ഷണം വിളമ്പുന്ന ഒരു സ്ഥാപനമായിരുന്നു ദേവികയുടെ മനസില്‍.


ചുറ്റുവട്ടത്തുള്ള പ്രായമായവര്‍ക്ക് രുചിയും വൃത്തിയുമുള്ള ബ്രേക് ഫാസ്റ്റ് വീട്ടിലെത്തിച്ചുകൊടുക്കാനുള്ള ഒരു ശ്രമമായിരുന്നു പിന്നീട്; പ്രത്യേകിച്ച് മക്കളടുത്തില്ലാതെ തനിയെ താമസിക്കുന്ന പ്രായമായവര്‍ക്ക്… അവരില്‍ മിക്കവരും എന്തെങ്കിലും അസുഖത്തിന് മരുന്നു കഴിക്കുന്നവര്‍ കൂടിയാകും. അവര്‍ക്ക് സമയത്തിന് ഭക്ഷണമെത്തിച്ചാല്‍ അതൊരു നല്ല തുടക്കമാകുമെന്ന് ദേവിക കരുതി.

കോഴിക്കോട് നഗരത്തിനടുത്ത് ചേവായൂര്‍ ആണ് ദേവിക ബാലചന്ദ്രന്‍റെ കാപ്പിക്കട.

കാപ്പിക്കൂട്ടം

”കേരളത്തില്‍ ഇത്തരമൊരു സംരംഭം ഇതുവരെ തുടങ്ങിയിട്ടുണ്ടോയെന്ന് കൃത്യമായറിയില്ല. തൃശൂര് എവിടെയോ ആരോ ബ്രേക്ക് ഫാസ്റ്റ് റ്റേക്ക് എവേ കൗണ്ടര്‍ നടത്തുന്നുണ്ടെന്ന് ഒരു സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞു. പക്ഷെ കോഴിക്കോട്ടുകാര്‍ക്കിതൊരു പുതിയ അനുഭവമാണ്. ഇഡ്ഢലി, ദോശ, പുട്ട്, അപ്പം തുടങ്ങിയ വിഭവങ്ങള്‍ നമ്മുടെ നാടന്‍ രീതിയില്‍ തയ്യാറാക്കി വിളമ്പുന്ന ഒരു ബിസിനസായിരുന്നു ആദ്യം എന്‍റെ മനസിലുണ്ടായിരുന്നത്. മാത്രമല്ല വെറുമൊരു വീട്ടമ്മയായ ഞാന്‍ ഭക്ഷണ ബിസിനസിലേക്ക് എത്തുന്നതും വളരെ യാദൃശ്ചികമായാണ്,” അവര്‍ തുടരുന്നു.

(എന്നും രാത്രി രണ്ടുമണിക്കെഴുന്നേറ്റ് അയല്‍പക്കത്തെ പ്രായമായവര്‍ക്ക് വേണ്ട ആരോഗ്യഭക്ഷണം പ്രത്യേകം പ്രത്യേകം ഉണ്ടാക്കി വിതരണം ചെയ്യുന്ന വിനയ എന്ന 59-കാരിയെക്കുറിച്ചുള്ള വാര്‍ത്ത നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ… ഇല്ലെങ്കില്‍ അതിവിടെ വായിക്കാം.)

കാപ്പിക്കൂട്ടത്തിന്‍റെ തുടക്കം

ബിരുദപഠനത്തോടെ ദേവികയുടെ വിദ്യാഭ്യാസ കാലം അവസാനിച്ചിരുന്നു. വൈകാതെ വിവാഹം കഴി‍ഞ്ഞു. ഭര്‍ത്താവ് ബാലചന്ദ്രന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് ജോലി. അദ്ദേഹത്തിന് സ്ഥലംമാറ്റത്തിനൊപ്പം ദേവികയും പലയിടങ്ങളിലായി താമസിച്ചു. അതുകൊണ്ട് ജോലിക്കുവേണ്ടി ശ്രമങ്ങളൊന്നും നടത്തിയിരുന്നില്ല.

നാടന്‍ പലഹാരങ്ങളാണ് കാപ്പിക്കൂട്ടത്തിന്‍റെ ഹൈലൈറ്റ്

“1995-ല്‍ അദ്ദേഹം കോഴിക്കോട്ട് എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ സെറ്റില്‍ഡ് ആയി. കുട്ടികളുടെ കാര്യവും വീട്ടുകാര്യവുമൊക്കെയായി ജീവിച്ചു. പിന്നീട് മക്കളൊക്കെ വലുതായി അവരുടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയായപ്പോഴാണ് എനിക്കൊരു ആഗ്രഹം തോന്നിയത്: എന്തെങ്കിലും ബിസിനസ് തുടങ്ങണം,” ദേവിക പറയുന്നു.

പക്ഷെ, എന്ത് ബിസിനസ് എന്ന ചോദ്യം വന്നു. നീണ്ട ഗവേഷണം നടത്തിയാണ് ഭക്ഷണ ബിസിനസ് എന്ന ആശയത്തിലെത്തുന്നതെന്ന് ദേവിക. അതിന് പിന്നില്‍ മറ്റൊരു കാര്യവും കൂടിയുണ്ടായിരുന്നു.

”…കോഴിക്കോട് ഭക്ഷണപ്രിയരുടെ നാടാണ്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത വിധം ഭക്ഷണത്തില്‍ വിപലുമായ വ്യത്യസ്തകളുള്ള സ്ഥലവും. പക്ഷെ പലയിടങ്ങളില്‍ കയറി ഭക്ഷണം കഴിച്ചിട്ടും എവിടെ നിന്നും നമ്മുടെ നാടന്‍ രുചികളിലുള്ള ഭക്ഷണം കിട്ടിയില്ല. ഈയൊരു തിരിച്ചറിവും ഒരു നാടന്‍ ഭക്ഷണശാലയെന്ന ആശയത്തിലേക്കെന്നെ എത്തിച്ചു,” ദേവിക വ്യക്തമാക്കുന്നു.

അടുക്കളയില്‍

”ആയിടക്കാണ് ഭവാനി എന്ന എന്‍റെയൊരു സുഹൃത്തിനെ കണ്ടെത്തുന്നത്. ഭവാനിയും എന്‍റെ ആശയത്തില്‍ ആകൃഷ്ടയായി. ഇഡ്ഢലി, ദോശ, പുട്ട് ഇവ ഉള്‍പ്പെടുത്തി ഒരു ഭക്ഷണശാല തുടങ്ങിയാലോ എന്ന് ഭവാനിയാണ് ആദ്യം പറയുന്നത്. ആ സമയത്താണ് കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ തയ്യാറാക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

“2018-ലെ പ്രളയത്തിന്‍റെ കാലമായിരുന്നു അത്. ഞങ്ങളുടെ സംരംഭത്തിന്‍റെ ആവശ്യത്തിനായി പല തവണ കളക്ട്രേറ്റില്‍ കയറിയിറങ്ങി. എന്നാല്‍ പ്രളയത്തെത്തുടര്‍ന്നുള്ള കണക്കെടുപ്പിനും മറ്റുമായി ഉദ്യോഗസ്ഥര്‍ പോകുന്നതുകൊണ്ട് അവിടെ നിന്ന് കാര്യമായ സഹായമൊന്നും കിട്ടിയില്ല,” ദേവിക തുടരുന്നു.

”അങ്ങനെയിരിക്കെയാണ് കോഴിക്കോട് എന്‍ ഐ റ്റി  പുതുസംരംഭകര്‍ക്കായി ഒരു കോഴ്സ് നടത്തുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞത്. ഒരു മാസത്തെ സൗജന്യ കോഴ്സ്. … ഞാനും ഭവാനിയും കോഴ്സിനായി ചേര്‍ന്നു. അങ്ങനെ കോഴ്സിന്‍റെ ഭാഗമായി നിരവധി ആശയങ്ങള്‍ ഉയര്‍ന്നു വന്നു. എങ്കിലും ഭക്ഷണ ബിസിനസ് എന്ന ആശയത്തിലുറച്ചു നിന്നുകൊണ്ട് കോഴ്സിന്‍റെ ഭാഗമായി അതിലൊരു മാര്‍ക്കറ്റ് സ്റ്റഡിയ്ക്കു തീരുമാനിച്ചു.”

ഇവിടെയാണ് പാചകം

ആ മാര്‍ക്കറ്റ് സ്റ്റഡിയ്ക്കിടെയാണ് ബ്രേക്ക്ഫാസ്റ്റ് വീടുകളില്‍ കൊണ്ടു ചെന്നുകൊടുക്കുന്ന ആശയം ദേവിക ഉറപ്പിക്കുന്നത്. വീടുകളില്‍ സഹായത്തിനാരുമില്ലാതെ താമസിക്കുന്ന പ്രായമായവര്‍ പലരും നാടന്‍ പ്രഭാതഭക്ഷണം എത്തിച്ചുകിട്ടിയാല്‍ കൊള്ളാമെന്ന് പറഞ്ഞു. അന്ന് സന്ദര്‍ശിച്ചതില്‍ 25 വീടുകളില്‍ നിന്നെങ്കിലും ഇങ്ങനെയൊരു അഭിപ്രായം വന്നുവെന്ന് ദേവിക.

അങ്ങനെയാണ് കാപ്പിക്കൂട്ടം തുടങ്ങാന്‍ ദേവികയും ഭവാനിയും തീരുമാനിക്കുന്നത്.

“ഭവാനിയുടെ കുടുംബം 15 ലക്ഷം രൂപ മുതല്‍ മുടക്കി. മാര്‍ക്കറ്റ് റിസേര്‍ച്ചിന്‍റെ ഭാഗമായി ഒരിടത്ത് ചെന്നപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീട് കണ്ടു. ഞങ്ങളുടെ സംരംഭത്തിനായി ആ വീട് തരുമോയെന്ന് വീട്ടുകാരോട് ചോദിച്ചിരുന്നു. അവര്‍ക്ക് നൂറുവട്ടം സമ്മതമായിരുന്നു. അവരും ഞങ്ങളോടൊപ്പം പങ്കാളിയാകാമെന്ന് അറിയിച്ചു,” അങ്ങനെ കോഴ്സ് പൂര്‍ത്തിയാക്കി അവര്‍ രണ്ടുപേരും കാപ്പിക്കൂട്ടത്തിലേക്കിറങ്ങി.

കാപ്പിക്കൂട്ടം വാട്സ്ആപ്പിലൂടെ

”ഞാനും ഭവാനിയും കൂടിയായിരുന്നു ആദ്യമൊക്കെ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. ആദ്യം ജോലിക്കാരും അധികമില്ലായിരുന്നു. രാവിലെ നാലു മണിക്കു തന്നെ ജോലികള്‍ ആരംഭിക്കും. എന്‍റെ വീടിനടുത്തു നിന്നു കുറച്ചു ദുരം നടന്നാലേ ഭക്ഷണം തയ്യാറാക്കുന്ന വീട്ടിലെത്തൂ. ഞാനാദ്യമെത്തും. പിന്നാലെ ഭവാനിയും,”കാപ്പിക്കൂട്ടത്തിന്‍റെ തുടക്കം ദേവിക വിവരിക്കുന്നു.

കാപ്പിക്കൂട്ടത്തിന്‍റെ ടേയ്ക്ക് എവേ കൗണ്ടര്‍

”പക്ഷെ ഒരു പ്രശ്നമുണ്ടായിരുന്നു. ഞങ്ങള്‍ തയ്യാറാക്കുന്ന ഭക്ഷണം മുഴുവന്‍ തീരണം. മാത്രമല്ല ഓരോരുത്തര്‍ക്കും വേണ്ട ഭക്ഷണം വേണം തയ്യാറാക്കാന്‍. അങ്ങനെയാണ് വാട്സ് അപ്പ് ഗ്രൂപ്പെന്ന ആശയത്തിലേക്കെത്തുന്നത്. കാപ്പിക്കൂട്ടത്തിന്‍റെ ഭക്ഷണം ഇഷ്ടപ്പെട്ടവരെ ഗ്രൂപ്പില്‍ ചേര്‍ത്തു. ഓരോ ദിവസവും വൈകുന്നേരം അഞ്ചു മണിക്കു മുന്‍പ് പിറ്റേദിവസത്തെ ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യും. ആവശ്യമുള്ളവര്‍ മറുപടി പറയും. അതനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കല്‍.

“ഇന്നിപ്പോള്‍ പുട്ടാണ് നല്‍കുന്നതെങ്കില്‍ നാളെ ദോശയായിരിക്കും. കറികളില്‍ വെറൈറ്റി വേണ്ടവര്‍ക്ക് അതനുസരിച്ച് തയ്യാറാക്കും.ചിലപ്പോള്‍ ചിലര്‍ക്ക് പുട്ടിന്‍റെ കൂടെ പഴമായിരിക്കും വേണ്ടത്. മറ്റ് ചിലര്‍ക്കാകട്ടെ കടലക്കറിയും. വെജിറ്റേറിയന്‍ നാടന്‍ ഭക്ഷണമാണ് ഞങ്ങളുടെ ഹൈലൈറ്റ്.”


ഇതുകൂടി വായിക്കാം: ടെറസ് കൃഷിക്ക് നനയ്ക്കുന്നതിനെക്കുറിച്ച് ഇനി വിഷമിക്കുകയേ വേണ്ട; അഞ്ചുമിനിറ്റിനുള്ളില്‍ ആര്‍ക്കും ഫിറ്റ് ചെയ്യാവുന്ന തിരിനന സംവിധാനവുമായി ബിജു


തയ്യാറാക്കുന്ന ഭക്ഷണം അതിരാവിലെ തന്നെ വീടുകളില്‍ എത്തിക്കും. ആറരയോടെ ഭക്ഷണ വിതരണം തുടങ്ങും. ഇപ്പോള്‍ മൂന്നു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളിലാണ് കാപ്പിക്കൂട്ടത്തിന്‍റെ നാടന്‍ വിഭവങ്ങള്‍ എത്തുന്നത്.

ദേവിക

“പ്രായമായവര്‍ക്കൊക്കെ ഷുഗറും കൊളസ്ട്രോളും ബിപിയുമൊക്കെ പോലെയുള്ള ചില ജീവിതശൈലി രോഗങ്ങള്‍ കാണുമല്ലോ. അതുകൊണ്ട് ഭക്ഷണത്തില്‍ പരമാവധി എണ്ണ കുറയ്ക്കുന്നതിനും ആവിയില്‍ വെന്ത ഭക്ഷണങ്ങള്‍ നല്‍കുന്നതിനും ശ്രമിക്കാറുണ്ട്. വിതരണം നടത്താന്‍ നാട്ടില്‍ തന്നെയുള്ള വിഷ്ണുവാണ് എത്തുന്നത്,” ദേവിക തുടരുന്നു.

”ഇതിനിടയിലാണ് വലിയൊരു പ്രതിസന്ധിയുണ്ടാകുന്നത്. ഭവാനിയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വന്നു. അതോടെ അവള്‍ വരാതെയായി. തുടങ്ങി നാലുമാസത്തിനുള്ളില്‍ വലിയ ലാഭമൊന്നും കിട്ടാതായപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാളും പിന്‍വാങ്ങി…”

പക്ഷേ, ദേവിക തളര്‍ന്നില്ല.

“ഞാന്‍ സ്വപ്നം കണ്ടു തുടങ്ങിയ സംരംഭമാണ്. ആരു പിന്‍മാറിയാലും എനിക്ക് പിന്‍മാറാന്‍ കഴിയില്ല. ഒരു സ്ത്രീയയാതുകൊണ്ട് തോറ്റു പിന്‍മാറിയെന്ന് ആരും പറയരുത്. അതുകൊണ്ട് തുടങ്ങി ഈ എട്ടുമാസവും ഞാന്‍ കാപ്പിക്കൂട്ടത്തിനു വേണ്ടി രാവും പകലും അധ്വാനിച്ചുകൊണ്ടിരിക്കുന്നു,” സംരംഭത്തിന്‍റെ ഉത്തരവാദിത്വം തന്നിലേക്ക് മാത്രമെത്തിയതിനെപ്പറ്റി അവര്‍ വിവരിക്കുന്നു.

ഇരുന്ന് കഴിക്കാനൊന്നും അധികം സ്ഥലമില്ല. എങ്കിലും ഒരുപാട് പേര്‍ കാപ്പിക്കൂട്ടം അന്വേഷിച്ചെത്തുന്നു

വാട്സ് അപ്പ് ഗ്രൂപ്പുകൊണ്ട് മാത്രം സംഗതി ഓടില്ലെന്നു ദേവികയ്ക്ക് അധികം വൈകാതെ മനസ്സിലായി. അങ്ങനെയാണ് ടെയ്ക്ക് എവേ കൗണ്ടര്‍ കൂടി തുടങ്ങാന്‍ തീരുമാനിച്ചത്. ചെറിയൊരു ഷോപ്പ്. ഒരു ജോലിക്കാരന്‍ മാത്രമുളള കൗണ്ടറാണിത്. ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊന്നുമില്ലെങ്കിലും കാപ്പിക്കൂട്ടം കൂടുതല്‍ പേരിലേക്ക് എത്തി.

കൂടുതല്‍ ആളുകള്‍ എത്തി തുടങ്ങി. അങ്ങനെ രാവിലെ കാപ്പിക്കു മാത്രമായി ഒരുക്കിയ കൗണ്ടറിലേക്ക് ഉച്ച ഭക്ഷണത്തിനുള്ള ആവശ്യക്കാരും വന്നു. പതിയെ കാപ്പിക്കൂട്ടം ഒരു കാറ്ററിംഗ് സ്ഥാപനമായി വളര്‍ന്നു. വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. കല്യാണ വീടുകളിലേക്ക് രാവിലത്തെ ഭക്ഷണം, ചെറിയ പിറന്നാളുകള്‍ക്കും ചടങ്ങുകള്‍ക്കുമൊക്കെയുള്ള വിഭവങ്ങള്‍… ഇതൊക്കെ കാപ്പിക്കൂട്ടം ഏറ്റെടുത്തു തുടങ്ങി.

”തിരക്കുകൂടിയതോടെ രണ്ടു പാചകക്കാരെ ജോലിക്കെടുത്തു–കുക്കിംഗില്‍ പരിചയമുള്ള ഹോട്ടല്‍ ജീവനക്കാരായ ദമ്പതികള്‍ കുറ്റ്യാടിക്കാരന്‍ ശശിയേട്ടനും ശാരദേടത്തിയും. അതുവരെ ഞാന്‍ തനിയെ ആണ് ചെയ്തുകൊണ്ടിരുന്നത്. രാവിലെ നാലുമണിക്കു തന്നെ ജോലികള്‍ തുടങ്ങുന്ന അവര്‍ രാവിലത്തെ ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവും ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി വരെയാണ് ജോലി സമയം. അവര്‍ ഇവിടെ താമസിച്ചു തന്നെയാണ് പാചകത്തില്‍ സഹായിക്കുന്നത്,”ദേവിക തുടരുന്നു.

”ഇപ്പോള്‍ യൂബറും, സ്വഗ്ഗിയും, സൊമാറ്റോയും ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ഡെലിവറി സംവിധാനത്തില്‍ എത്തിയതോടെ കാപ്പിക്കൂട്ടം രാവിലെ എട്ടു മുതല്‍ രാത്രി വരെ പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ്. കാരണം ഈ ഫുഡ് സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ നേരത്താണ്. അതുകൊണ്ട് ശാരദേടത്തിയും ശശിയേട്ടനും മാത്രം പാചകം ചെയ്താല്‍ പോരെന്ന അവസ്ഥയായി,” കൂടുതല്‍ പാചകക്കാരെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ദേവിക.

”ഈയടുത്തകാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ റിട്ടയര്‍മെന്‍റ് ഫങ്ഷന് വീട്ടുകാര്‍ക്ക് ഉച്ചഭക്ഷണവും ഫങ്ഷന് വൈകിട്ടത്തേയും ഭക്ഷണം നല്‍കേണ്ടി വന്നു. എനിക്ക് മാനേജ് ചെയ്യാവുന്നതിലും അപ്പുറമായിരുന്നു അത്. പക്ഷെ വളരെ വൃത്തിയായി ഭക്ഷണം നല്‍കാന്‍ കഴിഞ്ഞു,” അവര്‍ക്ക് അഭിമാനം.

മാത്രമല്ല, എല്ലാവരും അന്നത്തെ ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതോടെ ദേവികയുടെ ആത്മവിശ്വാസവും ഇരട്ടിയായി. അങ്ങനെയാണ് കാറ്ററിങ്ങിലേക്ക് കാര്യമായി ശ്രദ്ധ കൊടുക്കുന്നത്.

”ഇപ്പോള്‍ ഉച്ചഭക്ഷണ വിതരണത്തിനായി വിനയന്‍ എന്നൊരാള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്. കൂടാതെ കിച്ചനിലെ ക്ലീനിംഗ് ജോലികള്‍ക്കായി ദിവ്യ എന്നൊരു പെണ്‍കുട്ടി എത്തുന്നുണ്ട്. ബ്രേക്ഫാസ്റ്റ് മാത്രമാണ് ഞങ്ങള്‍ നേരിട്ട് വിതരണം ചെയ്യുന്നത്. ബാക്കി ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലക്കാര്‍ വഴിയാണ്.”

കുംഭകോണം ഫില്‍റ്റര്‍ കോഫിയാണ് കാപ്പിക്കൂട്ടത്തിന്‍റെ മറ്റൊരു പ്രത്യേകത. ഈ കോഫി തേടി മാത്രം ധാരാളം പേരെത്തുന്നു. “പരമ്പരാഗതമായ രീതിയില്‍ തന്നെയാണ് ഞങ്ങള്‍ ഫില്‍റ്റര്‍ കോഫി തയ്യാറാക്കുന്നത്. അതാണ് ഒരു കാരണം,” കാപ്പിക്കൂട്ടം സ്പെഷ്യല്‍ കാപ്പിയെക്കുറിച്ച് ദേവിക.

വീട്ടുകാരുടെ കട്ട സപ്പോര്‍ട്ട്

”ഇത്തരത്തിലൊരു ബിസിനസില്‍ വരുമെന്നൊന്നും ഞാന്‍ സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല. മാത്രമല്ല ഭക്ഷണശാല എന്‍റെയൊരു പാഷനൊന്നുമായിരുന്നില്ല. കുടുംബത്തിന്‍റെ ടെന്‍ഷനില്‍ നിന്നു ഫ്രീ ആയപ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തുടങ്ങണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കുംഭകോണം ഫില്‍റ്റര്‍ കോഫി തേടിയും ഒരുപാട് പേര്‍ വരുന്നു

“കാരണം, പാചകം എനിക്കൊരു ക്രേസായിരുന്നു. പല ഭക്ഷണങ്ങളും പരീക്ഷിച്ചു നോക്കുമായിരുന്നു. എന്നാല്‍ വളരെ യാദൃച്ഛികമായി തന്നെയാണ് ഞാന്‍ കാപ്പിക്കൂട്ടത്തിലേക്ക് എത്തുന്നത്. നന്നായി ഭക്ഷണം പാചകം ചെയ്യുന്ന എന്‍റെ അമ്മയുടെ കൈപ്പുണ്യവും കുടുംബത്തിന്‍റെ സപ്പോര്‍ട്ടും കഷ്ടപ്പെടാനുള്ള മനസും മാത്രമായിരുന്നു ആകെ കൈമുതലായി ഉണ്ടായിരുന്നത്. വീട്ടില്‍ നിന്നെപ്പോഴെങ്കിലും ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നുവെങ്കില്‍ കാപ്പിക്കൂട്ടമെന്ന പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ല.’

”ഏതോ ഒരു പരസ്യത്തില്‍ കാണുന്നതുപോലെ,അമ്മ ഇപ്പോള്‍ കുറച്ചു ഫ്രീ ആയില്ലേ. ഇനി അമ്മയ്ക്ക് ഇഷ്ടമുള്ള ജോലി ചെയ്തുകൂടേ എന്ന് ചോദിച്ച മക്കളായ ഹരിതയും അമൃതയും… പിന്നെ മുന്‍പരിചയമില്ലാത്ത സംരംഭമെന്ന എന്‍റെ ഇഷ്ടത്തിന് കട്ടയ്ക്ക് കുടെ നിന്ന ഭര്‍ത്താവ് ബാലചന്ദ്രനുമാണ് കാപ്പിക്കൂട്ടത്തിന്‍റെ മറ്റൊരു വലിയ ശക്തി. ജോലിയുടെ ഭാഗമായി സ്ഥിരം യാത്രകളുളള ഭര്‍ത്താവ് കോഴിക്കോട് നില്‍ക്കുമ്പോഴൊക്കെ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റുമൊക്കെ സഹായിക്കാറുണ്ട്. മാത്രമല്ല കുക്കിംഗിനോട് ഇഷ്ടമുള്ള ഇളയമകള്‍ അമൃത ഇടയ്ക്കൊക്കെ പുതിയ തരം റെസിപ്പികളൊക്കെ നെറ്റില്‍ നോക്കി പറഞ്ഞുതരാറുണ്ട്,” ദേവിക പറഞ്ഞു.

എന്നാല്‍ അതുമാത്രമല്ല ദേവികയുടെ സന്തോഷം.

”പ്രായമായി വീടുകളില്‍ കഴിയുന്നവര്‍ക്ക് കാപ്പിക്കൂട്ടം ഒരു ആശ്വാസമാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്. കാരണം, കുറച്ചുനാള്‍ മുന്‍പ് വരെ ബ്രെഡും ബട്ടറും, ഹാഫ്ബോയ്ല്‍ഡ് ചപ്പാത്തിയും  കഴിച്ച് വിശപ്പടക്കിയിരുന്നവര്‍ക്കിടയിലേക്കാണ് ഞാനെത്തുന്നത്. ഒരു കാലത്ത് ഓടി നടന്നവരാകും വയസായ കാലത്ത് ഒന്നും ചെയ്യാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്നത്. മാത്രമല്ല പലരുടേയും മക്കള്‍ വിദേശങ്ങളിലാണ്. അതുകൊണ്ട് കാപ്പിക്കൂട്ടം നല്‍കുന്നത് ഒരു കെയര്‍ കൂടിയാണ്. അതിലെനിക്കൊരു സന്തോഷമുണ്ട്.” വളരെ ആത്മവിശ്വാസത്തോടെ ദേവിക പറയുന്നു.


ഇതുകൂടി വായിക്കാം: പഠിച്ചത് പത്രപ്രവര്‍ത്തനം, തെര‍ഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… 


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം