അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!

 ആറു വര്‍ഷം കൊണ്ട് 500 മാവുകള്‍. ഒരു മാവില്‍ നിന്നു പതിനായിരം രൂപ വരെ വരുമാനം നേടിയിട്ടുണ്ട് ഈ കര്‍ഷകന്‍.

വില എത്ര കുറഞ്ഞിരുന്നാലും ടാപ്പിങ്ങിനും ഷീറ്റടിക്കാനും ആളെക്കിട്ടുന്നില്ലെന്ന പരാതികള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും റബറിനോടുള്ള പ്രിയം മലയാളികള്‍ക്ക് ഒരു തരി പോലും കുറഞ്ഞ മട്ടില്ല. റബര്‍ കൃഷി പാടങ്ങള്‍ പോലും കീഴടക്കി മുന്നേറുന്നു.

റബര്‍ വെട്ടിക്കളഞ്ഞ് വല്ല ആദായകരമായ കൃഷി ചെയ്യ് എന്ന് ഒരു എം എല്‍ എ ഈയിടെ പറഞ്ഞത് വലിയ വിവാദവുമായി. റബര്‍ പോലെയുള്ള ഏകവിളത്തോട്ടങ്ങളുടെ വിസ്തൃതി നിയന്ത്രണമില്ലാതെ കൂടുന്നത് ഭക്ഷ്യോത്പാദനത്തേയും സസ്യ-കൃഷി വൈവിധ്യത്തേയും കാര്യമായി ബാധിക്കുമെന്ന് പല കൃഷി ശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളുമൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.


 വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

എന്നാല്‍ കോഴിക്കോട്ടെ യുവകര്‍ഷകന്‍ തോമസ് മാത്യു എന്ന ഷാജു വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ അഞ്ചേക്കര്‍ ഭൂമിയിലെ റബര്‍ മരങ്ങളെല്ലാം വെട്ടിമാറ്റി. പകരം മൂവാണ്ടന്‍ മാവുകളാണ് വെച്ചുപിടിപ്പിച്ചത്.

ഇതു കണ്ട നാട്ടുകാരും ചില ബന്ധുക്കളുമൊക്കെ എന്തൊക്കെ വിളിച്ചിരിക്കാം എന്ന് പ്രത്യേകം പറയേണ്ടല്ലോ.  പരിഹാസങ്ങളും കുത്തുവാക്കുകളും ഷാജു മൈന്‍ഡ് ചെയ്തതേയില്ല.

റബറിനോട് പക്ഷേ, തോമസ് മാത്യുവിന് ‘വിരോധ’മൊന്നുമില്ല കേട്ടോ.

റബറ് മാറ്റി മാവ് നടാന്‍ ഒരു പ്രധാന കാരണം ആദായം തന്നെ!

തോമസ് മാത്യു മാവിന്‍ തോപ്പില്‍

കുടുംബസ്വത്തായി കിട്ടിയതാണ് ഷാജുവിന് അഞ്ചേക്കര്‍ ഭൂമി. അതില്‍ റബറായിരുന്നു കൂടുതലും.

“പക്ഷേ അതില്‍ നിന്നു വലിയ ആദായം കിട്ടുന്നില്ല. റബര്‍ വെട്ടാന്‍ ആളെ നിറുത്തിയാലും നഷ്ടമാണ്. അങ്ങനെയാണ് റബറിന് പകരം മറ്റെന്തെങ്കിലും കൃഷി ചെയ്താലോയെന്നു ചിന്തിക്കുന്നത്,” തോമസ് മാത്യൂ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

എന്നിട്ട് ആദായം എങ്ങനെ?

ആറു വര്‍ഷം കൊണ്ട് അദ്ദേഹം 500 മാവ് നട്ടു. ഒരു മാവില്‍ നിന്നു പതിനായിരം രൂപ വരെ ആദായം നേടിയിട്ടുണ്ട് ഈ കര്‍ഷകന്‍. മാവുവളര്‍ന്നുവരുന്ന ഇടവേളയില്‍ വാഴയും നട്ടു. ഒപ്പം തേനീച്ചക്കൂടുകളും കോഴിവളര്‍ത്തലും.

റബറിന്‍റെ വിരസത മാറിയെന്ന് മാത്രമല്ല, തോമസ് മാത്യുവിന്‍റെ കോഴിക്കോട് കോ‌ഞ്ചേരി ചെമ്പുകടവിലെ വീടും പറമ്പും പലതരം വിളകളുടെ സമൃദ്ധിയിലേക്ക് പെട്ടെന്ന് പച്ചപിടിച്ചു.


പണ്ടുമുതല്‍ കൃഷി തന്നെയാണ് ചെയ്യുന്നത്. വേറൊരു ജോലി ചെയ്യണമെന്നു തോന്നിയിട്ടൊന്നുമില്ല.


“കുറച്ചധികം സ്ഥലവും കൃഷിയുമൊക്കെയുണ്ട്. അതൊക്കെ വേണ്ടെന്നു വച്ചു മറ്റു ജോലികള്‍ക്കൊന്നും പോകാന്‍ തോന്നിയില്ല. മഴയും വെയിലുമൊക്കെ നഷ്ടങ്ങളും ലാഭങ്ങളുമൊക്കെ തന്നിട്ടുണ്ടെങ്കിലും കൃഷിയാണ് എല്ലാം.

“പിന്നെ പണിക്കാരെ പറഞ്ഞേല്‍പ്പിച്ച് വേറെന്തെങ്കിലും ജോലിക്ക് പോകാനും പറ്റില്ലല്ലോ. നമ്മള് നോക്കുന്ന പോലെ മറ്റുള്ളവര്‍ നോക്കണ്ടേ. റബര്‍ വെട്ടി മാവുകള്‍ നടാനും ഇതൊക്കെ ഒരു കാരണമാണ്.

“സഹോദരന്‍റെ പറമ്പിലൊരു മാവുണ്ടായിരുന്നു. അതൊരാള്‍ പാട്ടത്തിനെടുത്തു. ആ മാവില്‍ നിന്നു നല്ല ആദായവും അയാള്‍ക്ക് കിട്ടി. അതുകണ്ടപ്പോള്‍ കൊള്ളാമല്ലോയെന്നു തോന്നി. പടച്ചോന്‍ നമുക്ക് അങ്ങനെയൊരു തോന്നല്‍ തന്നു,” അദ്ദേഹം ചിരിക്കുന്നു.

“റബര്‍ വെട്ടി മാവ് നടുന്നുവെന്ന കേട്ടപ്പോള്‍ ആള്‍ക്കാര് ഓരോന്നു പറഞ്ഞു തുടങ്ങി. അവന് വട്ടാണെന്നു പറഞ്ഞവരുണ്ട്. സാധാരണ സംഭവിക്കുന്ന ഒരു കാര്യമല്ലല്ലോ. അപ്പോ ആള്‍ക്കാര് അങ്ങനെയൊക്കെ പറയും. അതൊന്നും മൈന്‍ഡ് ചെയ്തേയില്ല. രണ്ടേക്കറില്‍ റബര്‍ കൃഷി ഇന്നും ചെയ്യുന്നുണ്ട,”  തോമസ് മാത്യു കൂട്ടിച്ചേര്‍ക്കുന്നു.

നടാനുള്ള തൈകളൊക്കെ വീട്ടില്‍ തന്നെ മുളപ്പിച്ചെടുക്കുകയായിരുന്നു ഈ കര്‍ഷകന്‍.

രണ്ട് തവണയായിട്ടാണ് ഇത്രയും മാവുകള്‍ നട്ടത് (Image for representation only: pixabay.com)

“നല്ല കായ്ഫലം നല്‍കുന്നൊരു മാവ് വീട്ടിലുണ്ടായിരുന്നു. അതില്‍ നിന്നു തന്നെയുള്ള വിത്ത് മുളപ്പിച്ചാണ് തൈയുണ്ടാക്കുന്നത്.


ഇതുകൂടി വായിക്കാം: റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി


“വിത്ത് ശേഖരിച്ചു, അവയുടെ അടിഭാഗത്തെ പരിപ്പ് കാണത്തക്ക വിധം തുരുന്നു കീടനാശിനിയില്‍ മുക്കിയെടുത്തു. വിത്തിലെ വണ്ടുകളെ നശിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്. ഇളക്കമുള്ള മണ്ണില്‍ പാകി. 15 ദിവസം കൊണ്ട് വിത്ത് മുളയ്ക്കാന്‍ തുടങ്ങും.

“ഒരു വിത്തില്‍ തന്നെ മൂന്നോ നാലോ മുളകളുണ്ടാകും. കൂട്ടത്തില്‍ കരുത്തരെന്നു തോന്നുന്ന മുളയെടുത്ത് മാറ്റിയെടുത്തു നടും. തൈകളില്‍ ഇലകള്‍ മൂന്നു തട്ടായപ്പോള്‍ പോളിത്തീന്‍ കവറിലേക്ക് മാറ്റി നട്ടു.

“ഏതാണ്ട് അഞ്ചു മാസമൊക്കെ ആയപ്പേഴേക്കും കവറില്‍ നിന്നെടുത്ത് മണ്ണില്‍ നട്ടു പിടിപ്പിച്ചു,” രണ്ട് തവണയായിട്ടാണ് 500 മാവ് നട്ടു പിടിപ്പിച്ചതെന്നും അദ്ദേഹം വിശദമാക്കുന്നു.

Image for representation only: pixabay.com

നട്ട മാവ് കായ്ക്കുന്നതുവരെയുള്ള ഇടവേളയില്‍ പറമ്പില്‍ വാഴ വെച്ചു. വാഴയ്ക്ക് കോഴിവളമിടുമായിരുന്നു. മാവിനും ആ വളം തന്നെയാണ് നല്‍കിയത്.

“എപ്പോഴും മാവിന് വളം വേണ്ട. എന്നാല്‍ വാഴയ്ക്ക് വളം വേണം താനും. വാഴയ്ക്ക് വളമിടുന്നതിന്‍റെ ഗുണം മാവിനും കിട്ടി. ഞങ്ങള്‍ക്ക് കോഴി ഫാമുണ്ട്. ആവശ്യത്തിലേറെ കോഴിക്കാഷ്ടം കിട്ടും. അതാണ് ഇപ്പോഴും വളമായി ഉപയോഗിക്കുന്നത്,” തോമസ് മാത്യു കൃഷി രീതികള്‍ പറഞ്ഞുതന്നു.

മാവ് നല്ല വരുമാനം തരുന്നുണ്ടെന്നാണ് അദ്ദേഹം അനുഭവത്തില്‍ നിന്ന് പറയുന്നത്. ആദായം കുറഞ്ഞതും ടാപ്പിങ്ങിന് ആളെക്കിട്ടാത്തതുമൊക്കെയായി റബര്‍ കൃഷി തലവേദനയായി മാറിയിട്ടുണ്ടായിരുന്നു.

“റബര്‍ വെട്ടലും പാലെടുക്കലും ഷീറ്റ് അടിക്കലുമൊക്കെ നല്ല കഷ്ടപ്പാടുള്ള പണിയല്ലേ.. എനിക്കിപ്പോ 48 വയസുണ്ട്. എല്ലാം പണിയും കൂടി ഞാന്‍ തന്നെ ചെയ്യാന്‍ പോയാല്‍ നടക്കണ കാര്യമല്ല,” അദ്ദേഹം തുടരുന്നു.

മാവ് നല്ല ലാഭം തരും, റബറിന് ആദായം കുറഞ്ഞു (Image for representation only: pixabay.com)

“… അഞ്ച് മക്കളുണ്ട്. പക്ഷേ മക്കളൊക്കെ പഠിക്കണ പിള്ളേരാണ്. അവര് ഇനിയിതൊക്കെ ചെയ്യുമെന്നു തോന്നുന്നില്ല. അവര്‍ക്ക് പഠിച്ച് ഉദ്യോഗം നേടാനൊക്കെയാ ഇഷ്ടം.

“അപ്പോ റബറിനെക്കാള്‍ നല്ലത് മാവ് തന്നെയാണ് തോന്നി. മാവ് ആണേല്‍ നിത്യേന പരിചരണമൊന്നും വേണ്ടല്ലോ.


അതു മാത്രമല്ല ഭക്ഷ്യവസ്തുവല്ലേ… ഒരിക്കലും വേണ്ടാതായി പോകില്ലല്ലോ.


“മനുഷ്യര്‍ക്ക് മാത്രമല്ലല്ലോ കിളികള്‍ക്കും ജീവികള്‍ക്കുമെല്ലാം ഉപകാരപ്പെടും. വരും തലമുറയ്ക്ക് പ്രയോജനപ്പെടുമല്ലോയെന്നും തോന്നി.

“മാവുകള്‍ പെട്ടെന്നൊന്നും വെട്ടിക്കളയണ്ടല്ലോ. റബര്‍ ആണേല്‍ പത്തിരുപത് വര്‍ഷം കഴിയുമ്പോള്‍ വെട്ടും. റബര്‍ നല്ല പോലെ ടാപ്പിങ് നടത്തുകയാണേല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാട്ടോ. പക്ഷേ പണിക്കാരെയൊക്കെ നിറുത്തി റബര്‍ വെട്ടിച്ചാല്‍ എല്ലാം വേഗം നശിക്കും.

“ആദ്യനാളില്‍ ഒരു മാവില്‍ നിന്നു തന്നെ പതിനായിരം രൂപയുടെ മാങ്ങ കിട്ടിയിട്ടുണ്ട്. കോടഞ്ചേരി, അടിവാരം തുടങ്ങിയ ഇവിടുത്തെ മാര്‍ക്കറ്റുകളിലാണ് മാങ്ങ വില്‍ക്കുന്നത്. മാവുകളില്‍ കൂടുതലും മൂവാണ്ടന്‍ മാവ് തന്നെയാണ്. കൂട്ടത്തില്‍ അല്‍ഫോന്‍സയും നീലവും മല്‍ഗോവയുമൊക്കെ നട്ടിട്ടുണ്ട്. പക്ഷേ കൂടുതല്‍ ഫലം നല്‍കുന്നത് മൂവാണ്ടന്‍ തന്നെയാണ്.

“മാവ് കായ്ച്ചു കിട്ടിയാല്‍ നല്ല ലാഭം കിട്ടും. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് മാവ് കൃഷി അത്ര ലാഭകരമല്ല. മഴ ഇങ്ങനെ നീണ്ടു നില്‍ക്കുവാ… മഴ പെയ്തോണ്ടിരുന്നാല്‍ എങ്ങനെ കായ്ക്കാനാ.


മാവില്‍ നിന്നു മാങ്ങയൊന്നും ഇപ്പോ കിട്ടുന്നില്ല.  (എങ്കിലും) മാവ് കൃഷി മോശമൊന്നും അല്ല. കാലാവസ്ഥ തിരിഞ്ഞു പോയതിന്‍റെ ബുദ്ധിമുട്ടുകളാണിപ്പോള്‍.


“കഴിഞ്ഞ വര്‍ഷവും നഷ്ടമായിരുന്നു. 15 രൂപയ്ക്കൊക്കെ ഒരു കിലോ മാങ്ങ വില്‍ക്കേണ്ടി വന്നു. നേരത്തെ പുഞ്ചമാങ്ങ കിട്ടുമായിരുന്നു. ഓണത്തിനൊക്കെ മഴ മാറി വെയില്‍ തെളിയുമ്പോള്‍ ചില മാവുകള്‍ കായ്ച്ചു കിട്ടും. അതാണ് പുഞ്ചമാങ്ങ.

“അതു നല്ലപോലെ കിട്ടിയാല്‍ മതി. കിലോയ്ക്ക് നൂറു രൂപ വരെ ഈ മാങ്ങയ്ക്ക് കിട്ടും. പക്ഷേ കാലാവസ്ഥ മോശമായതു കൊണ്ടു ഇത്തവണ അതും കിട്ടിയില്ല.

“കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായാതോടെ നാട്ടില്‍ മാങ്ങയുണ്ടാകുന്നത് കുറഞ്ഞു. എന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു മാങ്ങ വരുന്നുണ്ട്. നമ്മുടെ നാട്ടിലെ സീസണ്‍ നോക്കി കര്‍ണാടകയില്‍ നിന്നൊക്കെ മരുന്നു തളിച്ചുണ്ടാക്കുന്ന മാങ്ങ കൊണ്ടുവരുന്നുണ്ട്.

“കാലാവസ്ഥയിലുണ്ടായ മാറ്റം മാവിനെ മാത്രമല്ല ബാധിച്ചത്. കശുമാവിനും ഇപ്പോ ലാഭമില്ല. ഇവിടുണ്ടായിരുന്ന കശുമാവില്‍ നിന്നു നേരത്തെ അയ്യായ്യിരം രൂപയുടെ കശുവണ്ടിയൊക്കെ കിട്ടുമായിരുന്നു. ഇപ്പോ അതും പൂക്കുന്നില്ല. വല്ലപ്പോഴും മാത്രമേ കശുവണ്ടിയൊക്കെ പൂക്കുന്നുള്ളൂ. കാലാവസ്ഥയാണ് മുഖ്യശത്രു.

രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് വാഴക്കൃഷി ചെയ്യുന്നത് (Image for representation only: pixabay.com)

“മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയാല്‍ തന്നെ നല്ല ലാഭം കിട്ടുന്നതാണിത്. പക്ഷേ അതൊന്നും പരീക്ഷിച്ചിട്ടില്ല. വേറൊന്നും കൊണ്ടല്ല. അതൊക്കെ വലിയ പണിയാണ്. വീട്ടിലുള്ളവര്‍ക്ക് അതിനൊന്നും താത്പ്പര്യമില്ല,” അദ്ദേഹം പറയുന്നു.

രണ്ടേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് തോമസ് വാഴക്കൃഷി ചെയ്യുന്നത്. കുറേ വര്‍ഷങ്ങളായി വാഴ കൃഷിയുണ്ട്. നേന്ത്രന്‍വാഴയാണ് കൂടുതലും.

പച്ചക്കറി കൃഷി നേരത്തെ ചെയ്തിരുന്നു. ഇപ്പോ ചെയ്യുന്നില്ല. തേനീച്ച കൃഷി ചെയ്യുന്നുണ്ട്.

ബഡ് മാവ് പോലുള്ള ചെറിയ മാവുകളാണിവിടെയുള്ളത്. അതുകൊണ്ടു തന്നെ മാങ്ങ നമുക്ക് തന്നെ പറിച്ചെടുക്കും. അതിനു വേണ്ടി പണിക്കാരെ നിറുത്തേണ്ടതില്ല എന്നതാണ് മറ്റൊരു സൗകര്യം.

“മാവിന്‍ തോട്ടത്തില്‍ മാവ് മാത്രമേയുള്ളൂ. വേറെ മരങ്ങളോ ചോലകളോ ഒന്നും മുറ്റത്തില്ല. വീടിരിക്കുന്നത് കൊച്ചു കുന്നിന് മുകളിലായിട്ടാണ്. അതിനു താഴെയാണ് മാവ് നട്ടിരിക്കുന്നത്. ആ പറമ്പിനോട് ചേര്‍ന്നാണെന്‍റെ തറവാട് വീടുമുള്ളത്,” തോമസ് മാത്യൂ പറഞ്ഞു.


ഇതുകൂടി വായിക്കാം:24 മണിക്കൂര്‍ കൊണ്ട് റബര്‍ ഷീറ്റ് ഉണക്കും, 8 മണിക്കൂറില്‍ പച്ചത്തേങ്ങ കൊപ്രയാട്ടാന്‍ പാകത്തിലാവും: ജാതിയും കപ്പയും ചക്കയുമൊക്കെ ഉണക്കാന്‍ ഒരു കര്‍ഷകന്‍ ഉണ്ടാക്കിയ ഡ്രയര്‍


സീനിയാണ് തോമസിന്‍റെ ഭാര്യ. രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായ അലീന, സിഎയ്ക്ക് പഠിക്കുന്ന അറ്റ്‍ലിന്‍, എട്ടാംക്ലാസുകാരി ക്രിസ്റ്റീന, രണ്ടാംക്ലാസ് വിദ്യാര്‍ഥി ജിയോ, ഒന്നാംക്ലാസുകാരന്‍ ജെല്‍വിന്‍ എന്നിവരാണ് മക്കള്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം