സിസ്റ്റര്‍ റോസ് (ഇടത്ത്)/ റബര്‍ തോട്ടം. ഫോട്ടോയ്ക്ക് കടപ്പാട് : ഡിസ്കവര്‍ മേഘാലയ/ ഫേസ്ബുക്ക്

തീവ്രവാദവും ദാരിദ്ര്യവും ദുരിതം വിതച്ച ഗാരോ കുന്നുകളില്‍ റബര്‍ കൃഷിയിലൂടെ വലിയ മാറ്റം കൊണ്ടുവന്ന മലയാളി സ്ത്രീ

ഒരു സംരംഭകയാവാനുള്ള അവരുടെ ശ്രമങ്ങള്‍ സഭയും അത്ര അനുഭാവപൂര്‍ണമല്ല കണ്ടത്. 2012-ല്‍ സിസ്റ്റര്‍ റോസിനെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു.

1977-ലെ ഗാന്ധി ജയന്തി ദിനത്തിലാണ് ഇടുക്കിക്കാരിയായ സിസ്റ്റര്‍ റോസ് മേഘാലയയിലെത്തുന്നത്. ഭോപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ ഗോത്രവര്‍ഗ പ്രദേശമായ ഗാരോ കുന്നുകളിലേക്ക് പോകുന്നത്.

മെഡിക്കല്‍ മിഷന്‍ സിസ്‌റ്റേഴ്‌സ് എന്ന സന്യാസിനി സഭയുടെ ഭാഗമായിരുന്നു സിസ്റ്റര്‍ റോസ്. ആദ്യം വെസ്റ്റ് ഗാരോ ഹില്‍സില്‍ രാജാബല എന്ന സ്ഥലത്തായിരുന്നു. അന്നുവരെ അവര്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ സ്ഥലം, നല്ല വളക്കൂറുള്ള മണ്ണ്. പക്ഷേ ഇതൊക്കെയായിട്ടും, ജനങ്ങളെല്ലാം ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്.

രാജാബലയിലെ മനുഷ്യരുടെ സാമൂഹികവും സാമ്പത്തികവും സുസ്ഥിരവുമായ വികസനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരുന്നു ആദ്യത്തെ ഏഴ് വര്‍ഷങ്ങള്‍ എന്ന് സിസ്റ്റര്‍ റോസ് (77).


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

“കുട്ടികള്‍ക്കായുള്ള ക്രഷ്, പോഷകാഹാര പദ്ധതികള്‍, പ്രദേശവാസികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍…ഇതൊക്കെയാണ് ഞങ്ങള്‍ നടപ്പാക്കിയത്. കര്‍ഷകരുടെ വിളകള്‍ക്ക് നല്ല വില ഉറപ്പാക്കാനും ഞങ്ങള്‍ പരിശ്രമിച്ചു. കുറച്ച് മാറ്റമൊക്കെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല അവിടെയുള്ള ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍ അവിടെ (വെസ്റ്റ് ഗാരോ കുന്നുകളില്‍) കാര്യമായൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല,” സിസ്റ്റര്‍ റോസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് തുറന്നുപറയുന്നു.

സിസ്റ്റര്‍ റോസ് (ഇടത്ത്)/ റബര്‍ തോട്ടം. ഫോട്ടോയ്ക്ക് കടപ്പാട് : ഡിസ്കവര്‍ മേഘാലയ/ ഫേസ്ബുക്ക്

ഏഴ് വര്‍ഷം കഴിഞ്ഞപ്പോള്‍, 1984-ല്‍ റോസ് ഇപ്പോഴത്തെ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലയിലെ മെന്തിപത്തറിലേക്ക് മാറി. 2012-ലാണ് ഈ ജില്ല രൂപീകരിക്കുന്നത്. ഷില്ലോങ്ങില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയാണിത്. അസാമിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. കൃഷിയാണ് ജില്ലയുടെ സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് മുഴുവന്‍ പങ്കും. വ്യവസായങ്ങള്‍ ഒന്നുംതന്നെയില്ല.

അവിടേക്ക് മാറി അധികം താമസിയാതെ സിസ്റ്റര്‍ റോസിന് ഒരു കാര്യം മനസ്സിലായി. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കാതെ അവിടെയുള്ള ജനങ്ങളുടെ ദാരിദ്ര്യമകറ്റാന്‍ കഴിയില്ല. അവിടെയുള്ള കര്‍ഷകര്‍ കേരളത്തില്‍ പണ്ടുണ്ടായിരുന്ന പുനം കൃഷി പോലുള്ള പരമ്പരാഗത സമ്പ്രദായം സ്വീകരിച്ചുപോരുന്നവരായിരുന്നു.
കാടുവെട്ടി കൃഷി ചെയ്ത് പിന്നീട് കുറെക്കാലം അത് തരിശിടുകയും അടുത്ത സ്ഥലത്തേക്ക് പോവുകയും ചെയ്യുന്ന തരം കൃഷി. (കേരളത്തിന്‍റെ മലയോരങ്ങളില്‍ പുനം കൃഷി തിരിച്ചുവരുന്നതിനെക്കുറിച്ച് വായിക്കാം)

ആ വഴിക്കുള്ള ആലോചനകള്‍ ചെന്നുനിന്നത് കേരളത്തിലായിരുന്നു; മലയോരകര്‍ഷകരുടെ ജീവിതത്തില്‍ ഒരുകാലത്ത് വലിയ വരുമാന വര്‍ദ്ധനവുണ്ടാക്കിയ റബറിലും. റോസിന്‍റെ പിതാവും ഒരു റബര്‍ കര്‍ഷകനായിരുന്നു.

“നോര്‍ത്ത് ഗാരോ കുന്നുകളിലെ ഫലഭൂയിഷ്ടമായ ഒരുപാട് ഭൂമി തരിശുകിടക്കുകയായിരുന്നു. ഇതുകണ്ടപ്പോള്‍ കര്‍ഷകരെ റബര്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചാലോ എന്നെനിക്ക് തോന്നി. കേരളത്തിലെപ്പോലെ തന്നെ ഇവിടെയും കപ്പയും കവുങ്ങുമൊക്കെ നന്നായി വളരും. എന്തുകൊണ്ട് റബര്‍ നോക്കിക്കൂടാ എന്ന് ഞാന്‍ വിചാരിച്ചു, ” അവര്‍ തുടരുന്നു.

എം എം സി എസിന്‍റെ ആദ്യനാളുകളില്‍ റബര്‍ ഷീറ്റുകള്‍ ലോറിയില്‍ കയറ്റുന്നതിന് മേല്‍നോട്ടം വഹിക്കുന്ന സിസ്റ്റര്‍ റോസ് (വലത്ത്). Photo Source: Kaoba-Yumnam/Facebook

എന്നാല്‍ അവിടെയുള്ള കര്‍ഷകരെ റബര്‍ കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് വലിയ പാടായിരുന്നു. “ഇവിടത്തുകാര്‍ ഝൂം (പുനം കൃഷി പോലെ മാറിമാറി കൃഷി ചെയ്യുന്ന രീതി.) മാത്രം ചെയ്യുന്നവരായിരുന്നു. നെല്ലും മഞ്ഞളും അടയ്ക്കയുമായിരുന്നു പ്രധാന കൃഷി. ഈ കൃഷി ഒരുകാലത്ത് ഒരു സുസ്ഥിര കൃഷിരീതി തന്നെയായിരുന്നു. എന്നാല്‍ ജനസംഖ്യ കൂടി വന്നതോടെ ആ സ്ഥിതി മാറി.

“പഴയ രീതിയില്‍ നിന്ന് മാറാനുളള ബുദ്ധിമുട്ട് മാത്രമല്ല, റബര്‍ നട്ടാല്‍ ഏഴ് വര്‍ഷം കൊണ്ടുമാത്രമേ വെട്ടി പാലെടുക്കാന്‍ കഴിയുകയുള്ളൂ എന്നതും അവരെ പുറകോട്ട് വലിച്ചു,” സിസ്റ്റര്‍ പറഞ്ഞു.


“ഗോത്രവിഭാഗത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതുഭൂമി എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് നോക്മാ എന്നു വിളിക്കുന്ന ഗ്രാമത്തലവന്‍മാരാണ്. അവരെ ആദ്യം പറഞ്ഞുസമ്മതിപ്പിക്കണമായിരുന്നു.”


“ഞങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് സംശയമായിരുന്നു. അതുകൊണ്ട് റബര്‍ ബോര്‍ഡിന്‍റെ സഹായത്തോടെ അവരെ 1987-ല്‍ കേരളം സന്ദര്‍ശിക്കാന്‍ കൊണ്ടുപോയി. കേരളത്തിലെ കര്‍ഷകര്‍ക്ക് റബറില്‍ നിന്നുണ്ടായ നേട്ടം നേരിട്ട് കണ്ടതോടെ അവരുടെ സംശയങ്ങള്‍ മാറി.”

സിസ്റ്റര്‍ റോസ് തുടരുന്നു: “റബര്‍ ബോര്‍ഡിന്‍റെ പിന്തുണയോടെ 21 ഗ്രാമങ്ങളിലെ 500 കര്‍ഷക കുടുംബങ്ങളെ റബര്‍ കൃഷി തുടങ്ങാന്‍ പ്രേരിപ്പിക്കാനും സഹായിക്കാനും എനിക്ക് കഴിഞ്ഞു. 1986-നും 1990-നും ഇടയ്ക്കായിരുന്നു അത്.”

പരമ്പരാഗത കൃഷിയില്‍ നിന്ന് റബറിലേക്ക് മാറാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത് വലിയൊരു കടമ്പതന്നെയായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. റബര്‍ നട്ടാന്‍ കഴിക്കാനെന്ത് ചെയ്യുമെന്നായിരുന്നു അവരുടെ ചോദ്യം. പതിയെ ഗാരോ കുന്നുകളിലെ മനുഷ്യരുടെ ചിന്തകളില്‍ മാറ്റം വന്നു.

(Photo Source: World Mission Magazine)

റബറില്‍ നിന്ന് നല്ല വിളവ് കിട്ടിത്തുടങ്ങിയെങ്കിലും കര്‍ഷകര്‍ക്ക് മികച്ച വില കിട്ടാന്‍ പിന്നെയും കാലമെടുത്തു. “നിങ്ങള്‍ ചെയ്യുന്നതിന്‍റെ ഗുണമെല്ലാം കിട്ടുന്നത് ഇടനിലക്കാര്‍ക്കാണ്, ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ എന്നോട് പറഞ്ഞു. നോക്കൂ, ഇതൊരു വ്യവസ്ഥയുടെ പ്രശ്‌നമാണ്. മാറാന്‍ ഒരുപാട് കാലമെടുക്കും. ശരിയായ ഒരു വിപണിയില്ലാത്തതിനാല്‍ കര്‍ഷകര്‍ വട്ടിപ്പലിശക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടി വന്നത് വര്‍ഷങ്ങളാണ്. അവരുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് ന്യായമായ വരുമാനം കിട്ടുന്നുണ്ടായിരുന്നില്ല. വിപണിവിലയുടെ മൂന്നിലൊന്ന് പോലും കര്‍ഷകരുടെ കൈയ്യില്‍ എത്തില്ല,” സിസ്റ്റര്‍ റോസ് പറഞ്ഞു.

ഈ പ്രശ്‌നത്തിന് പരിഹാരം തേടി റോസ് 1997-ല്‍ അന്നത്തെ റബര്‍ബോര്‍ഡ് ചെയര്‍മാനായിരുന്ന കെ ജെ മാത്യുവിനെ സമീപിച്ചു. അദ്ദേഹമാണ് കര്‍ഷകരുടെ ഒരു സഹകരണസംഘം സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നത്. അങ്ങനെ 35 കര്‍ഷകര്‍ അംഗങ്ങളായ സൊസൈറ്റി അതേ വര്‍ഷം മെയ് മാസത്തില്‍ നിലവില്‍ വന്നു. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള വിപണനത്തിനായി മാത്യുവിന്‍റെ സഹായവും തേടി.


ഇതുകൂടി വായിക്കാം: കടല്‍പ്പണിക്കാരന്‍റെ മകന്‍ ആഴങ്ങളില്‍ കണ്ടെത്തിയത് പുരാതനമായ കപ്പലുകള്‍, കടലോളം അറിവുകള്‍, മനുഷ്യര്‍ വിതച്ച പരിസ്ഥിതി ദുരന്തങ്ങള്‍


സഹകരണസംഘത്തിന്‍റെ ഇടപെടലിന് മുന്‍പ് റബറിന് കിലോയ്ക്ക് 40 രൂപയുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടിയിരുന്നത് വെറും 15 രൂപയില്‍ താഴെ മാത്രമായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് കിലോയ്ക്ക് 35 രൂപയില്‍ കുറയാതെ കിട്ടുന്നു. വിലയിലെ ഈ അന്തരം കേട്ടറിഞ്ഞ് സഹകരണ സംഘത്തിലേക്ക് റബര്‍ ഷീറ്റുമായി അടുത്തുള്ള ജില്ലകളില്‍ നിന്നുപോലും ആളുകള്‍ വരാന്‍ തുടങ്ങി. റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന വില തന്നെ കര്‍ഷകര്‍ക്ക് കൊടുക്കുമെന്നതാണ് സംഘത്തില്‍ വില്‍ക്കുന്നതിന്‍റെ മെച്ചം.

1998-ല്‍ സംഘം മേഘാലയ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് പ്രകാരം രെജിസ്റ്റര്‍ ചെയ്തു. മെന്തിപത്തര്‍ മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ് പേരിട്ടത്. രെജിസ്‌ട്രേഷന്‍ കഴിഞ്ഞപ്പോള്‍ റബര്‍ ബോര്‍ഡ് മൂന്ന് ലക്ഷത്തിന്‍റെ റീഫണ്ടബിള്‍ ഷെയര്‍ നല്‍കി. ആ മൂലധനം കൊണ്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്.

(Image for representation only Photo source: pixabay.com)

ഇന്ന് ആ സഹകരണ സംഘത്തില്‍ 265 അംഗങ്ങളും 55 തൊഴിലാളികളുമുണ്ട്. ഗാരോ കുന്നുകളില്‍ പലയിടത്തായി അഞ്ച് ബ്രാഞ്ചുകള്‍. 2017/18 സാമ്പത്തിക വര്‍ഷത്തില്‍ 22 കോടി രൂപയുടെ വിറ്റുവരവാണ് സംഘം രേഖപ്പെടുത്തിയത്.

വട്ടിപ്പലിശക്കാരെ ആശ്രയിക്കുന്നത് തടയാനും കര്‍ഷകര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താനും 1998-ല്‍ സംഘം ഒരു ലഘുസമ്പാദ്യപദ്ധതിയും തുടങ്ങി. ആയിരത്തിലധികം ചെറുകിട കര്‍ഷകരില്‍ നിന്ന് ഇതുവരെയായി 1.5 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ സൊസൈറ്റി ഇതുവഴി നേടിയത്.

“കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങുന്നതിന് പുറമെ അവര്‍ക്ക് റബര്‍ പ്രോസെസിങ്ങിലും കൃഷിയിലും ഞങ്ങള്‍ പരിശീലനം നല്‍കുന്നുണ്ട്. അവരുണ്ടാക്കുന്ന റബറിനായി ഞങ്ങള്‍ വിപണി കണ്ടെത്തി, കൃഷിക്കുവേണ്ട വിഭവങ്ങളും നല്‍കി. ഒപ്പം, വിലയുടെ കാര്യത്തില്‍ സ്ഥിരതയും സുതാര്യതയും ഉറപ്പുവരുത്തി. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഞ്ങള്‍ക്ക് കഴിഞ്ഞു, അവരെ പറ്റിക്കാനല്ല ഞങ്ങളിതൊക്കെ ചെയ്യുന്നതെന്ന് അവര്‍ക്ക് ബോധ്യമായി,” റോസ് വിശദമാക്കുന്നു.

റബര്‍ ഷീറ്റ് വാങ്ങുക മാത്രമല്ല. കര്‍ഷകര്‍ക്കായി ഒരു ന്യായവില പലചരക്ക് കടയും സംഘം നടത്തുന്നു. അതോടൊപ്പം കന്നുകാലികളേയും മറ്റ് വളര്‍ത്തുമൃഗങ്ങളേയും പരിപാലിച്ച് കൂടുതല്‍ വരുമാനം നേടുന്നതിനും സഹായിക്കുന്നു. ഇതിനൊക്കെ പുറമെ 30 വിദൂരഗ്രാമങ്ങളിലായി 150-ലധികം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പരിശീലനവും പിന്തുണയും നല്‍കി.

പതിയെപ്പതിയെ ആ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടു.

Image for representation only. Photo source: pixabay.com

“സഹകരണസംഘം മഹത്തായ പ്രവര്‍ത്തനമാണ് നടത്തുന്നത്, പ്രത്യേകിച്ചും സംരംഭകത്വവികസനത്തിന്‍റെ കാര്യത്തില്‍,” നോര്‍ത്ത് ഗാരോ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണറായ സിഭി ചക്രവര്‍ത്തി സാധു പറയുന്നു. “ആദ്യം അവര്‍ (സിസ്റ്റര്‍ റോസ്) റബറിലാണ് തുടങ്ങിയത്. പിന്നീട് കോഴികൃഷി, പന്നി ഫാം, കന്നുകാലി വളര്‍ത്തല്‍, ജൈവരീതിയിലുള്ള നെല്ല്, പച്ചക്കറികള്‍ എന്നിങ്ങനെ പലമേഖലകളിലേക്കും അവര്‍ വ്യാപിച്ചു. ഈയിടെ റബര്‍ ഏകവിള തോട്ടങ്ങള്‍ പ്രകൃതിക്കുണ്ടാക്കുന്ന ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞ് പതിനാറ് ഗ്രാമങ്ങളിലായി 9,000 തെങ്ങ് വെയ്ക്കാന്‍ അവര്‍ പിന്തുണ നല്‍കി. കര്‍ഷകര്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും പരിശീലനം നല്‍കുന്നതിലും സഹകരണസംഘം വലിയ പങ്കുവഹിക്കുന്നു.”

ദിവസക്കൂലിക്കാരനായിരുന്ന ജെന്‍സെങ് മരാക് ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞതിങ്ങനെ: “സിസ്റ്റര്‍ റോസ് റബര്‍ കൃഷി തുടങ്ങിവെച്ചതോടെ ഞങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവന്നു.” അദ്ദേഹം റബര്‍ കൃഷിയിലൂടെ മുന്നോട്ടുവന്നയാളാണ്. ഇന്ന് ജെന്‍സെങ്ങിന് സ്വന്തമായി വീടും വാഹനവുമുണ്ട്. ഒപ്പം അടക്ക കച്ചവടവും നടത്തുന്നു.


തീവ്രവവാദപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ ഗാരോ കുന്നുകളില്‍ സിസ്റ്റര്‍ റോസിന്‍റെ സാമൂഹ്യപ്രവര്‍ത്തനം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.


ഒരു സംരംഭകയാവാനുള്ള അവരുടെ ശ്രമങ്ങള്‍ സഭയും അത്ര അനുഭാവപൂര്‍ണമല്ല കണ്ടത്. 2012-ല്‍ സിസ്റ്റര്‍ റോസിനെ തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് ലാഭമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇതിലെ എല്ലാവരും കാണുന്നത്. അതിന് ശേഷം അല്‍പകാലം അവര്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കി.

ഇതൊന്നും പ്രദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് റോസിനെ പിന്തിരിപ്പിച്ചില്ല. ജില്ലയിലെ കര്‍ഷകരുടെയും ഗ്രാമീണരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം സഹകരണസംഘവും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ചക്ക, മാമ്പഴം, ലിച്ചി, പേരക്ക, അടക്ക തുടങ്ങിയ കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഗ്രാമീണതലത്തില്‍ ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സംഘം.

“സിസ്റ്റര്‍ റോസ് ഇപ്പോള്‍ 70-കളിലാണ്. പക്ഷേ, ഇപ്പോഴും ആ പഴയ ഊര്‍ജ്ജവും ചുറുചുറുക്കും നിങ്ങള്‍ക്ക് അവരില്‍ കാണാം. അതാണ് അവരെ മുന്നോട്ട് നയിക്കുന്നതും,” ഡെപ്യൂട്ടി കമ്മീഷണര്‍ സാധു പറയുന്നു.


ഇതുകൂടി വായിക്കാം:കാട്ടിനുള്ളിലെ കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം