‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍

നല്ല നാടന്‍ അച്ചാറിന്‍റെ എരിവും പുളിയുമുള്ള ജീവിതം…വായിക്കുമ്പോള്‍ ചിലപ്പോള്‍ എരിഞ്ഞിട്ട് കണ്ണില്‍ നീര് പൊടിയും. സാരമില്ല, വായിച്ചുതീരുമ്പോള്‍ ദീജയെ ചേര്‍ത്തുനിര്‍ത്തി നിറയെ നന്ദി പറയാന്‍ തോന്നും, എത്രകാലം സൂക്ഷിച്ചാലും കേടുവരാത്ത പ്രതീക്ഷകളില്‍ നിന്ന് കുറച്ചെടുത്ത് കുപ്പിയിലാക്കി തന്നുവിട്ടതിന്.

“സ്വന്തം കാശുകൊണ്ട് വീട് വയ്ക്കണം. ചെറുതു മതി. ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പില്‍ ഒരുവീട്. അകത്തു രണ്ടുമുറിയും വല്യ ബാത്‌റൂമും വേണം,” ദീജയുടെ വലിയൊരു സ്വപ്‌നമാണിത്.

ദീജ സതീശന്‍

“എന്‍റെ വീല്‍ ചെയര്‍ കൂടി കയറണം.” അതുകൊണ്ടാണ് വലുപ്പമുള്ള ബാത്‌റൂം.

“പിന്നെയാണ് എന്‍റെ സ്വപ്നം പൂക്കുന്നിടം, അടുക്കള…,” ആ സ്വപ്‌നം വിവരിക്കുമ്പോള്‍ ആ കണ്ണുകള്‍കൂടുതല്‍ തിളങ്ങി.

“മനോഹരമായ ആ അടുക്കളയില്‍ എനിക്ക് മരണം വരെ അച്ചാറുണ്ടാക്കിയും അധ്വാനിച്ചും ജീവിക്കണം…”


ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്.


വീല്‍ചെയറിലേക്ക് ഒതുങ്ങിപ്പോകുമായിരുന്ന ജീവിതം നിശ്ചയദാര്‍ഢ്യം കൊണ്ട് സ്വതന്ത്രമാക്കിയ കഥയാണ് വര്‍ക്കലക്കാരി ദീജ സതീശന്‍റേത്.

നല്ല നാടന്‍ അച്ചാറിന്‍റെ എരിവും പുളിയുമുള്ള ജീവിതം. ഉപ്പ് ലേശം കൂടുതലായിരിക്കും–വേദനയും വിയര്‍പ്പും കലര്‍ന്നുപോയതുകൊണ്ടാണ്…വായിക്കുമ്പോള്‍ ചിലപ്പോള്‍ എരിഞ്ഞിട്ട് കണ്ണില്‍ നീര് പൊടിയും.

സാരമില്ല, വായിച്ചുതീരുമ്പോള്‍ ദീജയെ ചേര്‍ത്തുനിര്‍ത്തി നിറയെ നന്ദി പറയാന്‍ തോന്നും–എത്രകാലം സൂക്ഷിച്ചാലും കേടുവരാത്ത പ്രതീക്ഷകളില്‍ നിന്ന് കുറച്ചെടുത്ത് കുപ്പിയിലാക്കി തന്നുവിട്ടതിന്.

ഇരുപത് വര്‍ഷത്തിലേറെയായി ദീജ പൂര്‍ണമായും വീല്‍ചെയറിലായിട്ട്. മൂന്ന് വയസ്സുവരെ ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് അച്ഛനും അമ്മയും ഓര്‍ക്കുന്നു. വീടിനുള്ളിലും മുറ്റത്തും മറ്റെല്ലാ കുട്ടികളെയും പോലെ പാഞ്ഞുനടന്നു കളിച്ചിരുന്നു ആ കൊച്ചുമിടുക്കി.


ഇതുകൂടി വായിക്കാം: ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക


ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്. മകള്‍ക്ക് പോളിയോ ബാധ തിരിച്ചറിഞ്ഞതും അവര്‍ക്ക് എന്തുചെയ്യണമെന്നറിയാതായി. മനസ്സിലാകെ വേവലാതി. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി ഹോട്ടല്‍ തൊഴിലാളിയായ സതീശനും കശുവണ്ടിത്തൊഴിലാളിയായിരുന്ന സുധര്‍മ്മിണിയും കുഞ്ഞുമോളെയും കൊണ്ട് ഹോസ്പിറ്റലുകളിലേക്കോടി.

ഏറ്റവും നല്ല ചികിത്സ തന്നെ നല്‍കാന്‍ അവരെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. നിരാശയായിരുന്നു ഫലം. പോളിയോ വൈറസ് ആ കുഞ്ഞിന്‍റെ രണ്ടുകാലുകളെയും തളര്‍ത്തിക്കളഞ്ഞു.


നാല് ചുമരുകളിക്കുള്ളില്‍ ഒതുങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ല


തുടക്കത്തില്‍ നിരങ്ങിയും നീങ്ങിയുമെല്ലാം ദീജ വീടില്‍ എല്ലായിടത്തും എത്തുമായിരുന്നു. എന്നാല്‍ പിന്നീട് അതിനും വയ്യാതായി… കാലുകള്‍ പൂര്‍ണമായും തളര്‍ന്നു. പിന്നീടങ്ങോട്ട് വീല്‍ചെയറില്‍ തന്നെയായി ദീജയുടെ ജീവിതം.

“28 വയസ്സുവരെ കുറച്ചെങ്കിലും കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറിയതോടെ പരസഹായത്താല്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ടവളായിമാറി,” ദീജ പറയുന്നു.
“എന്നാല്‍ ഭിന്നശേഷിക്കാരിയാണ്, അംഗപരിമിതയാണ് എന്നെല്ലാം കരുതി വീടിന്‍റെ നാല് ചുമരുകളിക്കുള്ളില്‍ ഒതുങ്ങാന്‍ എനിക്ക് കഴിയുമായിരുന്നില്ല.”

“വീടിനു മുകളില്‍ ആവശ്യത്തിലേറെ ബാധ്യതകള്‍ ഉണ്ടായിരുന്നു. സ്വന്തമായുള്ള കൊച്ചുവീട് ബാങ്കില്‍ പണയത്തിലാണ്. മൂന്നുലക്ഷം രൂപയുടെ ബാധ്യതയുണ്ട്. അമ്മ കശുവണ്ടിത്തൊഴിലാളി ആയിരുന്നു. അച്ഛന് ഹോട്ടലുകളില്‍ പാചകമായിരുന്നു. വല്ലപ്പോഴും മാത്രമേ ജോലിയുണ്ടാകൂ.”

“സ്ഥിരമായി ഒരു വരുമാനം ലഭിക്കാതെ നിലനില്‍ക്കാനാവില്ല എന്നെനിക്ക് മനസിലായി. അങ്ങനെയാണ് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ വരുമാനമുണ്ടാക്കാവുന്ന ജോലികളെക്കുറിച്ച് ചിന്തിക്കുന്നത്,” ദീജ പറയുന്നു.

ഭിന്നശേഷിക്കാരായ ആളുകളുടെ കൂട്ടായ്മയില്‍ ദീജ സജീവമായിരുന്നു. വിത്തുപേന നിര്‍മാണം, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണം തുടങ്ങിയവയിലൂടെയാണ് ഈ കൂട്ടായ്മയിലുള്ളവര്‍ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നത്. എന്നാല്‍ കുറേനേരം ഒരേ ഇരിപ്പിരുന്ന് പേന ഉണ്ടാക്കലും മറ്റും ദീജക്ക് എളുപ്പമായി തോന്നിയില്ല. വേറെ എന്തെങ്കിലും നോക്കിയേ പറ്റൂ.

ആ അന്വേഷണം ചെന്നെത്തിയത് ഫാന്‍സി ആഭരണങ്ങളിലായിരുന്നു. പരിശീലനം നേടിയതിന് ശേഷം ദീജ ജോലി തുടങ്ങി. തുടക്കത്തില്‍ അത്ര എളുപ്പമൊന്നുമായിരുന്നില്ല. എന്നാല്‍ കുറച്ചുകാലം കൊണ്ട് അതിലൊരു വിദഗ്ധയായിത്തീരുകയും ചെയ്തു.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


ഫേസ്ബുക്ക് വഴിയും വാട്‌സാപ്പ് കൂട്ടായ്മകള്‍ വഴിയുമാണ് ദീജ ആഭരണങ്ങള്‍ വിറ്റിരുന്നത്. ഫോട്ടോയെടുത്ത് വില സഹിതം സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ പോസ്റ്റ് ചെയ്യും. ഓര്‍ഡര്‍ ലഭിച്ചത് പറയുന്ന അഡ്രസില്‍ എത്തിച്ചു നല്‍കും. ഇങ്ങനെയായിരുന്നു വില്‍പന.

എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും കിട്ടിയത് ചെറിയ വരുമാനം മാത്രം. അപ്പോഴാണ് ഒരു മാറ്റത്തെപ്പറ്റി ചിന്തിക്കുന്നത്. കുറച്ചുകൂടി വരുമാനം കിട്ടുന്നതും തനിക്ക് ചെയ്യാന്‍ കഴിയുന്നതുമായ ഒരു തൊഴില്‍. മറ്റുപലപ്പോഴും ചെയ്യുന്നതുപോലെ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളോട് ചോദിച്ചു.

ഓണ്‍ലൈന്‍ ചങ്ങാതിമാര്‍

ഭിന്നശേഷിക്കാരുടെ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായ ദീജ തികച്ചും അപ്രതീക്ഷിതമായാണ് ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന കൊല്ലം സ്വദേശിയായ നൗഷാദിനെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അവര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ നൗഷാദും ഉണ്ടായിരുന്നു.

ഈ പോസ്റ്റില്‍ ഉണ്ട്, ആ മനസ്സിന്‍റെ കരുത്ത്. ദീജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ്…

തൊഴിലെടുക്കാന്‍ മനസ്സുണ്ടായിട്ടും തന്നെക്കൊണ്ടാവുന്ന വിധം അധ്വാനിച്ചിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നില്ലെന്ന വിഷമത്തിലിരുന്ന ദീജയ്ക്ക് പുതിയ ആശയം പറഞ്ഞുകൊടുത്തത് നൗഷാദാണ്.


ഇതുകൂടി വായിക്കാം: വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും


അച്ചാറുകള്‍ തയ്യാറാക്കി വില്‍പന നടത്തിയാലോ എന്ന് നൗഷാദ്.
‘ശ്ശെടാ ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാതിരുന്നത് എന്താ,’ എന്നായിരിക്കണം ദീജ ആദ്യം മനസ്സിലോര്‍ത്തത്.

അച്ഛനെപ്പോലെ തന്നെ ദീജയ്ക്കും പാചകത്തോട് ഇഷ്ടമുണ്ടായിരുന്നു. തനിക്ക് അത് വഴങ്ങുമെന്ന വിശ്വാസവുമുണ്ട്. പക്ഷേ, എവിടെ, എങ്ങനെ തുടങ്ങും…?

നൗഷാദ് എല്ലാ പിന്തുണയും നല്‍കാമെന്ന് ഉറപ്പുപറഞ്ഞു.

ആ ഉറപ്പിന് മുകളിലാണ് ദീജ അച്ചാറ് നിര്‍മാണം തുടങ്ങിയത്. പാത്രങ്ങള്‍, അടുപ്പ്, മറ്റ് അവശ്യവസ്തുക്കള്‍ എല്ലാം നൗഷാദിന്‍റെ നേതൃത്വത്തില്‍ എടുത്തു നല്‍കി. സഹായത്തിന് അമ്മ സുധര്‍മ്മിണിയും സഹോദരി ദീപയും ചേര്‍ന്നു.
അതോടെ 2017 ജനുവരി മാസത്തില്‍ നൈമിത്ര എന്ന ബ്രാന്‍ഡില്‍ അച്ചാറുകള്‍ വിപണിയിലെത്താന്‍ തുടങ്ങി.


അഞ്ച് ബോട്ടില്‍ നാരങ്ങാ അച്ചാറിലായിരുന്നു തുടക്കം.


“പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിച്ച അച്ചാറുകളാണ് നൈമിത്രയിലൂടെ വില്‍ക്കപ്പെടുന്നത്. ആരോഗ്യത്തിനു ഹാനീകരമാകുന്ന യാതൊരുവിധ കലര്‍പ്പുകളും ഇതില്‍ ചേര്‍ക്കുന്നില്ല. തികച്ചും പരമ്പരാഗത രീതിയിലാണ് അച്ചാറിന്‍റെ നിര്‍മാണം,” ദീജ പറയുന്നു.

ഫേസ്ബുക്കില്‍ നിന്നും കൈത്താങ്ങ്

ആഭരണ നിര്‍മാണത്തില്‍ എന്ന പോലെ തന്നെ ഫേസ്ബുക്കിനെയാണ് ദീജ പ്രധാന വിപണിയായി കണ്ടത്. അഞ്ച് ബോട്ടില്‍ നാരങ്ങാ അച്ചാറിലായിരുന്നു തുടക്കം. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമായി അത് നല്‍കി. ഉപയോഗിച്ചവര്‍ എല്ലാം നല്ല അഭിപ്രായം പറഞ്ഞു. അതോടെ ദീജയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ആളുകള്‍ പറഞ്ഞറിഞ്ഞും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തും ദീജയുടെ അച്ചാറുകള്‍ മെല്ലെ മെല്ലെ കൂടുതല്‍ ആളുകളിലേക്കെത്തി. അന്നൊന്നും നൈമിത്ര എന്ന പേരൊന്നുമില്ലായിരുന്നു കച്ചവടം വര്‍ധിച്ചതോടെ ബ്രാന്‍ഡിംഗ് എന്ന ആശയം വന്നു.

“ഏറെ വ്യത്യസ്തമായ ഒരു പേരായിരിക്കണം ഞാന്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അതിന്‍റെ ഭാഗമായാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പേരിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. ഇന്‍റര്‍നെറ്റിലും സുഹൃത്തുക്കള്‍ക്കിടയിലുമൊക്കെ അന്വേഷണം നടന്നു,” ദീജ ഓര്‍ക്കുന്നു.

“ഒരുമാസത്തെ തെരച്ചിലിന് ശേഷമാണ് നൈമിത്ര എന്ന പേര് കണ്ടെത്തുന്നത്. അടുത്ത സുഹൃത്ത് എന്നാണ് അര്‍ത്ഥം. നൈമിത്ര ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ എല്ലാ ജനങ്ങളുടെയും അടുക്കളയിലെ അടുത്ത സുഹൃത്തായിരിക്കണം എന്ന ആഗ്രഹത്തിലാണ് ഞാന്‍ ഇത്തരത്തിലൊരു പേര് സ്വീകരിച്ചത്,” ദീജ കൂട്ടിച്ചേര്‍ത്തു.


ഇന്ന് ദിവസം 50 കിലോ നാരങ്ങയും മാങ്ങയുമൊക്കെ അച്ചാര്‍ ആക്കുന്നുണ്ട്


ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഓര്‍ഡറുകളിലധികവും ലഭിക്കുന്നത്. “തുടക്കത്തില്‍ ദിവസം നാലും അഞ്ചും ബോട്ടില്‍ അച്ചാറുകള്‍ ആണ് വിറ്റിരുന്നത്. എന്നാല്‍ ഇന്ന് ദിവസം 50 കിലോ നാരങ്ങയും മാങ്ങയുമൊക്കെ അച്ചാര്‍ ആക്കുന്നുണ്ട്. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് പാക്ക് ചെയ്ത് കൊറിയര്‍ ചെയ്യുകയാണ് പതിവ്,” ദീജ പറയുന്നു.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ദീജയുടെ അച്ചാറുകള്‍ക്ക് ധാരാളം ആവശ്യക്കാരായി. നാരങ്ങാ അച്ചാറില്‍ നിന്നുമായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ നാരങ്ങ, മാങ്ങ, വെളുത്തുള്ളി, മിക്‌സഡ് വെജിറ്റബിള്‍, പാവയ്ക്കാ, മീന്‍ തുടങ്ങി പലതരം അച്ചാറുകളുടെ ഒരു നിരതന്നെ ദീജയുടെ അടുക്കളയില്‍ തയ്യാറാവുന്നുണ്ട്. നല്ല അവലോസുപൊടിയും പലഹാരങ്ങളുമുണ്ട്. ഇതിനു പുറമെ നൈമിത്ര എന്ന പേരില്‍ പൊതിച്ചോറും വില്‍പ്പനക്ക് എത്തിക്കുന്നുണ്ട്.


ഇതുകൂടി  വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


അച്ചാറുകളുടെ എണ്ണം കൂടി, ആവശ്യക്കാര്‍ വര്‍ദ്ധിച്ചു. വര്‍ക്കലക്കടുത്തുള്ള മുത്താനയിലെ ആ ചെറിയ വീട്ടില്‍ അടുപ്പ് വയ്ക്കുന്നതിനും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും സ്ഥലമില്ലാതെ ഞെരുക്കത്തിലായി. അതിനാല്‍ ദീജയും കുടുംബവും ചടയമംഗലത്തെ ഒരു വാടകവീട്ടിലേക്ക് താമസം മാറി. ദീജക്ക് വീല്‍ചെയറില്‍ ഇരുന്ന് പാചകം ചെയ്യുന്നതിനുള്ള സൗകര്യവും കൂടി നോക്കിയായിരുന്നു വീടുമാറ്റം.

പപ്പായ അച്ചാര്‍

“ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു സാഹചര്യത്തില്‍ നിന്നാണ് ദീജ വരുന്നത്,” നൗഷാദ് പറയുന്നു. “37 വയസ്സ് വരെ തന്നെ നോക്കി വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് ഒരു താങ്ങാവണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അച്ചാറ് നിര്‍മാണം ആരംഭിക്കുന്നത്. ഇപ്പോള്‍ മാസം കൃത്യമായ ഒരു വരുമാനം ദീജക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ എല്ലാം മുട്ടില്ലാതെ നടന്നു പോകുന്നുണ്ട്.”


പുഴുവെന്ന് പറഞ്ഞ് അറച്ചുനിന്നവരോട് പൂമ്പാറ്റയായി വന്ന് പ്രതികാരം ചെയ്യണം.


“നൈമിത്രയെ അടുത്ത തലത്തിലേക്ക് വളര്‍ത്തണം എന്ന ആഗ്രഹത്തിന്‍റെ പുറത്താണ് ദീജ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദീജയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങാവാന്‍ കഴിഞ്ഞതില്‍ എന്നും സന്തോഷമുണ്ട്,” എന്ന് നൗഷാദ്.

ദീജയുടെ അടുത്ത സ്വപ്‌നം നൈമിത്ര ഉല്‍പന്നങ്ങള്‍ കടകളിലൂടെയും സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍പനയ്ക്ക് എത്തിക്കുക എന്നതാണ്. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നൗഷാദിനെ പോലുള്ള സുമനസ്സുകളും ദീജക്ക് ഒപ്പമുണ്ട്.


എല്ലാ കൊച്ചു കൊച്ചു സന്തോഷങ്ങളും ദീജ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്.


ഒരിക്കല്‍ കടകളില്‍ എത്തിയാല്‍ പിന്നെ തന്‍റെ ഉല്‍പ്പന്നങ്ങള്‍ ഉറപ്പായും വിപണി പിടിച്ചെടുക്കും എന്ന ഉറപ്പ് ദീജക്കുണ്ട്. സ്വന്തം കൈപ്പുണ്യത്തില്‍ അത്രക്ക് വിശ്വാസമാണ് ഈ വര്‍ക്കലക്കാരിക്ക്.

വിഷം ചേര്‍ക്കാത്ത, പൂര്‍ണമായും ഓര്‍ഗാനിക്ക് എന്ന് ഉറപ്പുള്ള മാങ്ങയും നാരങ്ങായുമെല്ലാം കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയാണ് അച്ചാര്‍ നിര്‍മാണം. ഇതില്‍ ചേര്‍ക്കേണ്ട പൊടിക്കൂട്ടുകളും സ്വയം നിര്‍മിക്കുന്നു.

നൈമിത്രയുടെ പൊതിച്ചോറ്

സ്വന്തം വരുമാനം കൊണ്ട് കുടുംബം പോറ്റാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ച നിമിഷമെന്ന് ദീജ പറയുന്നു. എല്ലാ കൊച്ചുകൊച്ചു സന്തോഷങ്ങളും ദീജ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ സാധിക്കാതിരുന്ന ദീജ ആ കുറവ് തീര്‍ത്തത് സഹോദരി ദീപയിലൂടെയായിരുന്നു. ദീപ പഠിക്കുമ്പോള്‍ കൂടെ പോയിരുന്ന് പഠിച്ചു. അങ്ങനെ എഴുത്തും വായനയും സ്വന്തമാക്കി.


ഇതുകൂടി വായിക്കാം: മരണം പോയി തുലയട്ടെ: തനിച്ചാക്കിപ്പോയ കൂട്ടുകാരനെ വീണ്ടും ‘ഉയിര്‍പ്പിച്ച’ ഷില്‍നയുടെ പ്രണയം


വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കണം, വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കണം, അച്ചാറില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ മസാലപ്പൊടികള്‍, പലഹാരങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കി വില്‍ക്കണം. അങ്ങനെ നൈമിത്ര കേരളം മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡ് ആവണം…ആ സ്വപ്‌നങ്ങള്‍ വലുതാവുകയാണ്…

കാലുകള്‍ തളര്‍ന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാനാവില്ല എന്ന് ആരുപറഞ്ഞു…? ശരീരം തളര്‍ന്നെന്നു കരുതി സ്വപ്‌നച്ചിറകുകള്‍ എന്തിന് മുറിച്ചുമാറ്റണം?

ഭിന്നശേഷിക്കാരായവര്‍ മടി കൂടാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങണം എന്നാണ് ദീജ പറയുന്നത്. മനസ്സ് വച്ചാല്‍ ഈ ലോകം മുഴുവന്‍ നമുക്കൊപ്പം നില്‍ക്കും എന്ന് വിശ്വസിക്കാനാണ് ദീജക്ക് ഇഷ്ടം. അതുതന്നെയാണ് ദീജയുടെ വിജയരഹസ്യവും. മകളുടെ നേട്ടത്തില്‍ അച്ഛന്‍ സതീശനും അമ്മ സുധര്‍മ്മിണിക്കും എന്നും സന്തോഷം മാത്രം.

ദീജ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇങ്ങനെയാണ്… “പുഴുവെന്ന് പറഞ്ഞ് അറച്ചുനിന്നവരോട് പൂമ്പാറ്റയായി വന്ന് പ്രതികാരം ചെയ്യണം.”

(ദീജയുടെ ഫേസ്ബുക്ക് പേജ് ഇവിടെ)

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം