“ഒരു ആശങ്കയേ ഉള്ളൂ…. ഞങ്ങള്‍ ഇല്ലാതായാല്‍ ഈ മക്കളുടെ അവസ്ഥ എന്താകും?” ഇതേക്കുറിച്ചാണ് കൂടുതലും ചിന്തിക്കുന്നത് തന്നെ,” 22-കാരി അനഘയുടെ അമ്മ പ്രിയജ മധുവിന്‍റെ ഉള്ളിലെ വേവ് മുഴുവന്‍ അതാണ്.
തൃശൂര്‍ എടമുട്ടംകാരിയാണ് പ്രിയജ. അവരുടെ മൂത്തമകളാണ് അനഘ മധു. അനഘമോള്‍ക്ക് സെറിബ്രല്‍ പാള്‍സിയാണ്. നടക്കാനും ബുദ്ധിമുട്ടുണ്ട്.
“മാനസികമായി അത്രയും മുതിര്‍ന്നിട്ടില്ല. അതിന്‍റേതായ ചില പ്രശ്നങ്ങളൊക്കെയുണ്ട്,” പ്രിയജ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“ഞങ്ങള്‍ പോയാല്‍ പിന്നെ ഈ മക്കള് എങ്ങനെ ജീവിക്കും..? പിന്നെ അവരെന്ത് ചെയ്യും..? ഇതൊക്കെയാണ് വലിയ ആശങ്കയും സങ്കടവും.
“ഞാന്‍ മാത്രമാകില്ല…, ഇതുപോലുള്ള കുഞ്ഞുങ്ങളുടെ അമ്മമാരൊക്കെ ഇങ്ങനെയായിരിക്കും,” എന്നാണ് അങ്ങനെയുള്ള ഒരുപാട് സ്ത്രീകളെ അടുത്ത് അറിയാവുന്ന പ്രിയജ പറയുന്നത്.
അനഘയെ എന്തെങ്കിലും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കണമെന്നും സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കണമെന്നുമൊക്കെയുള്ള ചിന്ത ഈ ആശങ്കയില്‍ നിന്നാണ് വരുന്നത്. തന്നെപ്പോലെ വ്യാകുലപ്പെടുന്ന കുറെ അമ്മമാരെയും പ്രിയജ ഒപ്പം കൂട്ടി.
ഭിന്നശേഷിക്കാരായ ചെറുകിട സംരംഭകര്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങാം: Karnival.com
“ഞാനില്ലെങ്കില്‍, കുട്ടിയെ എന്തെങ്കിലും കാര്യത്തിന് മറ്റാര്‍ക്കും വഴക്ക് പറയാനുള്ള അവസ്ഥ പോലുമുണ്ടാകരുത്. പിന്നെ.., ഇതൊക്കെ ചെയ്യുമ്പോള്‍, ആരെങ്കിലുമൊക്കെ അവളെ അന്വേഷിക്കുമല്ലോ.
“അനഘ എവിടെ… അവളെന്താണ് ചെയ്യുന്നത്… കാണുന്നില്ലല്ലോ… എന്നൊക്കെ ചോദിക്കാന്‍ ആരെങ്കിലും വേണ്ടേ. അതിനൊരു കൂട്ടായ്മ വേണമെന്നു തോന്നി. ആ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ അവള്‍ക്ക് സന്തോഷിക്കാനാകണം. സാധിക്കുമെങ്കില്‍ അതില്‍ നിന്നു പത്തു രൂപയെങ്കിലും വരുമാനം കിട്ടുകയും വേണം,” ആ അമ്മ തുടരുന്നു.
“നിലവില്‍ ഞങ്ങള്‍ സെറ്റില്‍ഡാണ്. പറയത്തക്ക സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലാത്ത ഫാമിലിയാണ്. എക്കാലത്തും ഇങ്ങനെ തന്നെയാകണം എന്നില്ലല്ലോ.
“അനഘയെ കൂടാതെ ഒരു മോനുണ്ട്. ശക്തിപ്രസാദ്. അവനിപ്പോ പത്താം ക്ലാസില്‍ പഠിക്കുന്നു. അവന്‍ പഠനമൊക്കെ കഴിഞ്ഞ് വീട്ടില്‍ നിന്നു അകലെയാണ് താമസിക്കുന്നതെങ്കില്‍, ഇവള് അവന് ഒരു ഭാരമാകരുതല്ലോ.”
ഇങ്ങനെയൊക്കെയുള്ള ഓരോ തോന്നലുകളാണ് പ്രിയജയെ കടലാസ് പേന നിര്‍മ്മാണത്തിലേക്കെത്തിച്ചത്.
“അവള്‍ക്ക് വേണ്ടി ചിന്തിക്കുന്നതും സ്വപ്നങ്ങള്‍ കാണുന്നതും പിന്നെ കടലാസുപേനകളുണ്ടാക്കുന്നതു പോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നതും ഞാനാണ്…”
ഫേസ്ബുക്കില്‍ നിന്നാണ് ഹാന്‍ഡിക്രോപ്സ് എന്നൊരു കമ്പനിയെക്കുറിച്ച് പ്രിയജ അറിയുന്നത്. ഭിന്നശേഷിക്കാരായവര്‍ക്ക് ഉപജീവനത്തിനും അവരുടെ ക്ഷേമത്തിനും വേണ്ടി അതുപോലുള്ളവര്‍ ആരംഭിച്ച ഒരു സ്ഥാപനമാണത്. അവരുടെ പരിശീലനം നേടിയ ശേഷം ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് പ്രിയജ കടലാസ് പേന ഉണ്ടാക്കാന്‍ തുടങ്ങുന്നത്.
അനഘയും പേപ്പര്‍ പേന നിര്‍മ്മാണം പഠിച്ച് ഒപ്പമുണ്ട്. വെറും കടലാസ് പേന അല്ല… അതിനുള്ളില്‍ പച്ചക്കറി വിത്തുകളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഈ പേനകള്‍ ഇന്ന് ഓസ്ട്രേലിയയിലേക്കും അയര്‍ലന്‍റിലേക്കും ദുബായിയിലേക്കുമൊക്കെ എത്തുന്നു.
പ്രിയജയ്ക്കും അനഘയ്ക്കും കൂട്ടായി കുറച്ചു അമ്മമാരും അവരുടെ മക്കളുമുണ്ട്. ഈ അമ്മക്കൂട്ടവും കുട്ടിക്കൂട്ടവും ഒരുമിച്ചാണ് കടലാസ് പേനകളുണ്ടാക്കുന്നത്. .
പക്ഷേ കടലാസ് പേനകളുണ്ടാക്കി വില്‍ക്കുന്ന പതിവുകാര്‍ക്കിടയിലൊന്നും ഇവരെ കണ്ടുമുട്ടിയെന്നു വരില്ല. വേറൊന്നും കൊണ്ടല്ല, ഇതൊരു സംഘടനയോ ബ്രാന്‍ഡ് നെയിം നല്‍കി കടലാസ് പേനകളുണ്ടാക്കുന്നവരോ ഒന്നുമല്ല.
ഇതൊന്നുമില്ലെങ്കിലും പേനകള്‍ക്ക് നല്ല ഡിമാന്‍റാണ്. എറണാകുളത്തും തൃശൂരും കണ്ണൂരും മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ പേന വിറ്റുവിറ്റ് വിദേശത്തേക്ക് വരെ കച്ചവടമെത്തിച്ചിരിക്കുകയാണ് ഈ അമ്മമാരും മക്കളും.
“കടലാസ് പേനയും ബാഗുമൊക്കെ ഹാന്‍ഡികോര്‍പ്സ് നിര്‍മിക്കുന്നുണ്ട്. ബാഗുണ്ടാക്കാനും പേനയുണ്ടാക്കാനുമൊക്കെ പഠിപ്പിച്ചു തരാനും അവര്‍ തയാറായിരുന്നു. ആളുണ്ടെങ്കില്‍ ക്ലാസെടുക്കാന്‍ ടീച്ചര്‍മാരെ നല്‍കാമെന്നു കൂടി പറഞ്ഞതോടെ ഹാപ്പിയായി. ആ സന്തോഷത്തില്‍ എങ്ങനെയും കുട്ടികളെയും അമ്മമാരെയും കണ്ടെത്തനായി പിന്നീടുള്ള ശ്രമം,” തുടക്കമെങ്ങനെയായിരുന്നുവെന്ന് പ്രിയജ പറയുന്നു.
ഇതിനു വേണ്ടി സ്വന്തം പോക്കറ്റില്‍ നിന്നാണിവര്‍ കാശെടുത്ത് ചെലവാക്കുന്നത്. ഈ ക്ലാസിനെക്കുറിച്ച് നോട്ടീസ് അടിച്ചു, പത്രങ്ങള്‍ക്കൊപ്പം വിതരണം ചെയ്തു. അനഘയുടെ സ്കൂള്‍ ടീച്ചരുടെ സാഹായവും തേടി.
ലയണ്‍സ് ക്ലബിന്‍റെ ഹാളില്‍ സൗജന്യമായാണ് ക്ലാസ് സംഘടിപ്പിച്ചത്. പങ്കെടുക്കാന്‍ വന്നവര്‍ക്കൊക്കെയും ഭക്ഷണവും പേനയുണ്ടാക്കാനുള്ള വസ്തുക്കളുമൊക്കെ സൗജന്യമായി നല്‍കി.
ഇത്തരമൊരു ക്ലാസ് ആണെന്നറിഞ്ഞ് ലയണ്‍സ് ക്ലബുകാര് ഹാളിന്‍റെ വാടക വാങ്ങിയില്ല.
“ക്ലാസൊക്കെ ഗംഭീരമായിരുന്നു. പക്ഷേ ആരും ഒന്നും പറഞ്ഞുമില്ല. പിന്നെ അതൊക്കെ കഴിഞ്ഞ് ബിആര്‍പിയിലെ ടീച്ചര്‍മാരെ ഞാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ആരെങ്കിലുമുണ്ടെങ്കില്‍ പറയണേയെന്ന്.
“ഒടുവില്‍ ഏതാണ്ട് ഒരു വര്‍ഷമൊക്കെ കഴിഞ്ഞപ്പോള്‍ നാലഞ്ച് അമ്മമാര്‍ എന്നെ കാണാന്‍ വന്നു. അവരുടെ മക്കളെ പേപ്പര്‍ പേനയുണ്ടാക്കാന്‍ പഠിപ്പിക്കണമെന്നു പറഞ്ഞു.
“അങ്ങനെ ഇവിടെ അടുത്ത് തന്നെയുള്ള മറ്റൊരു ചേച്ചിയും ഞാനും കൂടി ഇവരെ പേനയുണ്ടാക്കാന്‍ പഠിപ്പിച്ചു. ആ ചേച്ചിയുടെ മോനും ഭിന്നശേഷിക്കാരനാണ്. ഞങ്ങളങ്ങനെ അമ്മാരും മക്കളും കൂടി കടലാസ് പേനയുണ്ടാക്കാന്‍ തുടങ്ങി.
ഇതുകൂടി വായിക്കാം: ‘പച്ചയ്ക്ക് തിന്നണം’: അടുപ്പും ഫ്രീസറുമില്ല, മുളകുപൊടിയും മസാലയുമില്ല, പാല്‍ അടുപ്പിക്കില്ല… മൈദയുടെ കാര്യം പിന്നെ പ്രത്യേകം പറയണോ? 22 വര്‍ഷമായി ഈ ഹോട്ടല്‍ ഇങ്ങനെയാണ്
“ആദ്യമൊക്കെ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. റീഫില്ലര്‍ അതിനകത്ത് ഇരിക്കുന്നില്ല, പശ നന്നായി ഒട്ടിപിടിക്കുന്നില്ല, പേപ്പറിന്‍റെ കളര്‍ ഇളകുന്നു, അങ്ങനെ പലതും. പക്ഷേ പിന്നീട് ചെയ്തു ചെയ്തു ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു.
“ഞങ്ങളൊരു ടീം ആയിട്ട് ആരംഭിച്ചിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നേയുള്ളൂ. കഴിഞ്ഞ മാര്‍ച്ച് 23നാണ് ആരംഭിക്കുന്നത്. അന്നാണ് ആദ്യത്തെ ഓര്‍ഡര്‍ ഞങ്ങളെടുക്കുന്നത്. പക്ഷേ രണ്ട് വര്‍ഷമായി ഞാന്‍ ഇതിന്‍റെ പിന്നാലെ തന്നെയുണ്ടായിരുന്നു. ഓര്‍ഡര്‍ കിട്ടിയ ശേഷമേ ആദ്യമൊക്കെ പേനയുണ്ടാക്കുമായിരുന്നുള്ളൂ.
“പിന്നെ ഓര്‍ഡറൊക്കെ വന്നു തുടങ്ങിയതോടെ അവരോട് സ്ഥിരമായി പേനയുണ്ടാക്കാമെന്നു പറഞ്ഞു. അവരൊക്കെ അവരുടെ വീടുകളില്‍ ഇരുന്നു, ഫ്രീം ടൈമിലൊക്കെ പേനയുണ്ടാക്കും.
“ഞങ്ങള് വീട്ടിലുണ്ടാക്കുന്നതും മറ്റുള്ളവര്‍ നല്‍കുന്നതുമൊക്കെ ചേര്‍ത്ത് വില്‍ക്കും.
എട്ട് അമ്മമാരും അവരുടെ മക്കളും അടങ്ങുന്നതാണ് ഫുള്‍ ടീം.
“അനഘയ്ക്ക് സെറിബ്രല്‍ പാള്‍സിയാണെന്നു പറഞ്ഞല്ലോ. അതുപോലെ ഞങ്ങളുടെ സംഘത്തിലെ മക്കളെല്ലാവരും ഡിഫ്രന്‍റ്ലി ഏബിള്‍ഡ് ആണ്. സെറിബ്രല്‍ പാള്‍സിയുള്ളവരും ഓട്ടിസമുള്ളവരുമൊക്കെയുണ്ട്. അതുകൊണ്ടു തന്നെ പേനയുണ്ടാക്കുന്ന ജോലി പൂര്‍ണമായും കുട്ടികള്‍ക്ക് തനിച്ച് സാധിക്കില്ല.
“മൂന്നോ നാലു പേരൊക്കെ നല്ല താത്പ്പര്യത്തോടെ കുറേനേരം പേനയുണ്ടാക്കാന്‍ ഒപ്പം കൂടും. പക്ഷേ മറ്റ് കുട്ടികള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൂടെ നില്‍ക്കുകയാണ്. ചിലപ്പോ അവര് വിത്ത് നിറയ്ക്കും, അല്ലേല്‍ കളര്‍ പേപ്പറുകളൊക്കെ എടുത്ത് അരികില്‍ കൊണ്ടുതരും.. അങ്ങനെയൊക്കെ.
“ഡിഫ്രന്‍റ്ലി ഏബിള്‍ഡായിട്ടുള്ള കുട്ടികളെ കൊണ്ട് പേനയുണ്ടാക്കിക്കുന്നത് അത്ര സിംപിള്‍ ഒന്നുമല്ല. അവരെ ഇതു പഠിപ്പിച്ചെടുക്കാന്‍ തന്നെ സമയം വേണം. ഇതുമാത്രമല്ല.. ഈ മക്കളെ ഒരു വാക്ക് പഠിപ്പിക്കണമെങ്കില്‍, ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കണമെങ്കില്‍ ഒന്നോ രണ്ടോ ദിവസം പോരാ.. വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും,” പ്രിയജ തുടരുന്നു.
“കൂട്ടത്തില്‍ രണ്ടുമൂന്നു കുട്ട്യോള്‍ക്കൊക്കെ പേനയുണ്ടാക്കാന്‍ വലിയ ഇഷ്ടമുണ്ട്. എന്നാല്‍ അവരുണ്ടാക്കുന്ന പേനകള്‍ പെര്‍ഫെക്റ്റ് ഒന്നുമല്ല. അവരെകൊണ്ട് അത്ര പെട്ടെന്ന് നല്ല പേനകളുണ്ടാക്കിയെടുക്കാന്‍ പറ്റിയെന്നു വരില്ല. വിത്തുകള്‍ നിറയ്ക്കാനും ഒട്ടിക്കാനുമൊക്കെയാണ് അവര് കൂടുന്നത്.
“പൂര്‍ണമായും പേന നിര്‍മാണം കുട്ടികള്‍ ചെയ്യണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷേ ഇപ്പോ അതു എളുപ്പമല്ല…മെല്ലെ മെല്ലെ അങ്ങനെയൊരു കാലത്തിലേക്ക് അവരെയെത്തിക്കണം. ചിലപ്പോ മൂന്നോ നാലോ വര്‍ഷം വേണ്ടി വന്നേക്കാം.” മറ്റാരുടെയും സഹായമില്ലാതെ അവര് കടലാസുപേന നിര്‍മിക്കുന്നൊരു കാലം വരുമെന്നു തന്നെയാണ് പ്രിയജയുടെയും കൂടെയുള്ള അമ്മമാരുടെയും പ്രതീക്ഷ.
“പാതിവഴിയില്‍ അവസാനിപ്പിക്കരുത്. ഞങ്ങള് അമ്മമാര് അതുകൊണ്ട് ഇതു തുടരുകയും വേണം. എന്നാലേ അവര്‍ക്ക് അതിലേക്കെത്തിച്ചേരാനാകുകയുള്ളൂ,” അവര്‍ കൂട്ടിച്ചേര്‍ത്തു.
“എന്‍റെ മോള്‍ക്ക് പേനയുണ്ടാക്കുന്നതിനെക്കാള്‍ ഇഷ്ടം അതു മറ്റുള്ളവരെ കൊണ്ടു വാങ്ങിപ്പിക്കുന്നതിനാണ്.” അനഘയെക്കുറിച്ച് പ്രിയജ. “ഇതെനിക്ക് അവളുടെ വര്‍ത്തമാനങ്ങളിലൂടെയും പെരുമാറ്റങ്ങളില്‍ നിന്നുമൊക്കെ മനസിലായതാണ്. പേനയുണ്ടാക്കാന്‍ വിളിച്ചാല്‍ ചിലപ്പോ അവള് എന്‍റെയടുത്ത് വരില്ല.
“എന്നാല്‍ നമ്മള് എവിടെയെങ്കിലുമൊക്കെ പോകുമ്പോ, ആള്‍ക്കാരെയൊക്കെ കാണുമ്പോ കടലാസ് പേനയെക്കുറിച്ചൊക്കെ സംസാരിക്കുമല്ലോ. അന്നേരം ഇവളും വര്‍ത്തമാനത്തില്‍ കൂടും.
“അവരോട് പേനയെക്കുറിച്ചൊക്കെ പറഞ്ഞ്, അവള്‍ പേന വില്‍ക്കാനാണ് ശ്രമിക്കുന്നത്.
അറിയുന്നിടത്തൊക്കെ അവള് പറയും, ‘ഞങ്ങടെ പേനയാ… മേടിക്കണം’ന്ന്.
“പേനയുണ്ടാക്കുന്നതിനെക്കാള്‍ അവള്‍ക്കും അതാണിഷ്ടം. മാര്‍ക്കറ്റിങ്ങും മാനെജീരിയല്‍ ജോലിയൊക്കെയാകും അവള്‍ക്കിഷ്ടെന്നു തോന്നുന്നു. പേന നിര്‍മാണത്തിന് അനഘ ഉള്‍പ്പെട എട്ട് കുട്ടികളുണ്ട്. 26 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്.
“ആദ്യത്തെ ഓര്‍ഡര്‍ അനഘ പഠിച്ച സ്കൂളിലെ ഒരു അധ്യാപകനാണ് നല്‍കിയത്– വിപിഎം എസ്എന്‍ഡിപി സ്കൂളിലെ സുധീപ് മാഷ്. അദ്ദേഹം സ്കൂളില്‍ നിന്നു വിരമിക്കുന്ന ദിവസത്തേക്കാണ് വേണ്ടിയിരുന്നത്. ഞങ്ങളത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
“അനഘ പ്ലസ് ടു വരെ പഠിച്ചത് അവിടെയാണ്. സ്പെഷ്യല്‍ സ്കൂള്‍ അല്ല. എല്ലാവരും പഠിക്കുന്ന സിലബസ് തന്നെയാണ് അവളും പഠിച്ചത്. പ്ലസ് ടുവിന് ഹ്യൂമാനീറ്റിസാണെടുത്തിരുന്നത്.
“നൈപുണ്യ സ്പെഷ്യല്‍ സ്കൂളില്‍ പഠിക്കുന്നുണ്ടിപ്പോള്‍. സംസാരിക്കാനൊന്നും പ്രശ്നമില്ല. പക്ഷേ വൈകിയാണ് സംസാരിച്ച് തുടങ്ങിയതെന്നു മാത്രം. വേഗത്തിലെഴുതാനാകില്ല.
ചോദ്യങ്ങള് ചോദിക്കുമ്പോള്‍ സാധാരണ കുട്ടികളെ പോലെ വേഗത്തില്‍ പറയാനാകില്ല.
“ഇങ്ങനെയൊക്കെയുള്ളതു കൊണ്ടാണ് ഡിഗ്രിക്ക് ചേര്‍ക്കാതിരുന്നത്. പിന്നെ ഡിഗ്രിക്ക് പരീക്ഷയെഴുതാന്‍ സ്ക്രൈബിന്‍റെ സഹായവുമുണ്ടാകില്ല. കൂടുതല്‍ സമയം അനുവദിക്കും എന്നേയുള്ളൂ.
“മാസം തികയാതെ ജനിച്ച കുട്ടിയാണ്. ഭാരവും കുറവായിരുന്നു മോള്‍ക്ക്. ഒമ്പതാം മാസത്തിലാണ് സെറിബ്രല്‍ പാള്‍സിയാണ് എന്നറിയുന്നത്. പിന്നെ ചികിത്സയുടെ കാലമായിരുന്നു. ഒമ്പതാം മാസം ആരംഭിച്ച ചികിത്സകള്‍ ഇന്നും തുടരുന്നുണ്ട്. അന്ന് മുതലേ ഫിസിയൊതെറാപ്പിയൊക്കെ ചെയ്യുന്നുണ്ട്,” പ്രിയജ ഓര്‍ക്കുന്നു.
“വീടിന് അകത്തൊക്കെ അവള് ആരുടെയും കൈ പിടിക്കാതെ നടന്നോളൂം. പക്ഷേ വെളിയിലേക്ക് ഇറങ്ങുമ്പോള്‍ സപ്പോര്‍ട്ട് വേണം. ഒരുപാട് ഓപ്പറേഷനുകളൊക്കെ നടത്തിയാണ് കാലിന്‍റെയൊക്കെ വളവും മറ്റുമൊക്കെ ശരിയാക്കിയത്.” പ്രിയജയ്ക്ക് മാത്രമല്ല, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്കെല്ലാം ഇത്തരം സഹനങ്ങളുടെ ഒരുപാട് കഥകള്‍ പറയാനുണ്ടാവും.
തൃശൂരിലെ പുത്തന്‍ചിറ, കയ്പ്പമംഗലം, തൃപ്രയാര്‍ ഇതുപോലുള്ള പല ഇടങ്ങളില്‍ നിന്നുള്ളവരാണ് പേനയുണ്ടാക്കുന്ന സംഘത്തിലെ അമ്മമാരും കുട്ടികളും. ഇങ്ങനെ പലരും പലയിടങ്ങളില്‍ നിന്ന് അസംസ്കൃത വസ്തുക്കള്‍ വാങ്ങുകയായിരുന്നു തുടക്കത്തില്‍. അതൊരു പ്രശ്നമായി.
“എല്ലാവരും പേനയുണ്ടാക്കി വന്നപ്പോ പലതരം ക്വാളിറ്റിയിലുള്ളതായി പോയി. ഒടുവില്‍ അതിനു ഒരു പരിഹാരം കണ്ടെത്തി. ഞങ്ങള്‍ തന്നെ റോ മെറ്റീരയല്‍ ബള്‍ക്കായിട്ട് വാങ്ങാന്‍ തുടങ്ങി,” പ്രിയജ പേപ്പര്‍പേനയിലേക്ക് തിരിച്ചുവന്നു.
“ആ സാധനങ്ങള്‍ അവര് വീട്ടില്‍ വന്നു വാങ്ങി പോകും. പേനയുണ്ടാക്കിയ ശേഷം ഇവിടെ തന്നെ കൊണ്ടുതരുകയും ചെയ്യും. ഇതായി പതിവ്. എത്ര എണ്ണം പേന വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. പറ്റുന്ന പോലെ അവര് ചെയ്തു തരും. രണ്ടാഴ്ച കൂടുമ്പോള്‍ അല്ലെങ്കില്‍ മാസത്തിലൊരിക്കല്‍ പേനകളുണ്ടാക്കി കൊണ്ടുവരും എല്ലാവരും.
“ആ നേരം തന്നെ റോ മെറ്റീരയല്‍സും ഇവിടെ നിന്നു കൊണ്ടുപോകും. തിരുവനന്തപുരം, എറണാകുളം, വടകര, കണ്ണൂര്‍, തലശേരി, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ഇവിടങ്ങളിലൊക്കെ പേപ്പര്‍ പേന വിറ്റിട്ടുണ്ട്.
“ബാങ്കിലേക്കും സ്കൂളിലേക്കും പിന്നെ ചിലര്‍ സ്വന്തം ആവശ്യങ്ങള്‍ക്കുമൊക്കെയായി വാങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്ത് മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഉത്തരാഖണ്ഡ് ഇവിടങ്ങളിലൊക്കെ ഈ പേന വിറ്റിട്ടുണ്ട്. വിദേശത്ത്, ഓസ്ട്രേലിയ, ജര്‍മനി, അയര്‍ലന്‍റ്, ഖത്തര്‍, ദുബായ് ഇവിടങ്ങളിലൊക്കെയാണ്.
“വിദേശത്തേക്ക് കടലാസ് പേന മാത്രമേയുള്ളൂ, അകത്ത് വിത്തുണ്ടാകില്ല. വിദേശനാടുകളിലേക്ക് വിത്തോടു കൂടി അയക്കാന്‍ പാടില്ലാത്തതു കൊണ്ടാണ്. പുറത്ത് പോകുന്ന പരിചയക്കാരുടെ കൈയില്‍ ഏല്‍പ്പിക്കുകയാണ് പതിവ്,” വില്‍പനയുടെ വഴികളെക്കുറിച്ച് അവര്‍ വിശദമാക്കുന്നു.
“എട്ട് രൂപയാണ് പേനയ്ക്ക്. വിദേശത്തേക്ക് അയക്കുമ്പോള്‍ ചെലവ് കൂടുന്നുണ്ട്. പക്ഷേ എല്ലായിടത്തും ഒരേ വിലയ്ക്ക് ഒരേ ക്വാളിറ്റിയിലുള്ള പേനയാണ് നല്‍കുക. കൂടുതല്‍ പേന വാങ്ങുമ്പോള്‍ വില കുറയ്ക്കോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷേ അതു നടക്കില്ലല്ലോ.
കാരണം ഇവിടെ ഓരോ പേനയും കൈ കൊണ്ടുണ്ടാക്കുന്നതല്ലേ. മെഷീനിലാണെങ്കില്‍ വിലയൊക്കെ കുറയ്ക്കാം. ഒരുപാട് ഉണ്ടാക്കുമ്പോള്‍ റണ്ണിങ് കോസ്റ്റ് കുറഞ്ഞുവെന്നൊക്കെ പറയാം. ഇവിടെ അത് പറ്റില്ലല്ലോ.
“ജര്‍മനിയിലേക്കും അയര്‍ലന്‍റിലേക്കും 1,000 കടലാസ് പേനയുടെ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. അതു ഉടന്‍ അയക്കാനിരിക്കുകയാണ്. പിന്നെ 500 പേനകളുടെ ഓര്‍ഡര്‍ കണ്ണൂരില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും കിട്ടിയിട്ടുണ്ട്,” പ്രിയജ പറഞ്ഞു.
മൂന്നു രൂപയുടെ റിഫില്ലും കളറിലുള്ള എ-4 സൈസ് പേപ്പറുമാണ് പേന ഉണ്ടാക്കാന്‍ വേണ്ടത്. കട്ടിയുള്ള മാഗസിനുകളിലെ പേപ്പറുകള്‍ കൊണ്ടും പേനയുണ്ടാക്കാറുണ്ട്. വിത്തുകള്‍ കൃഷിഭവനില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് വാങ്ങുന്നത്.
കടലാസ് പേന നിര്‍മാണം കൂടുതല്‍ കുട്ടികളെയും അമ്മമാരെയും ഉള്‍പ്പെടുത്തി വിപുലമാക്കാനും ഈ അമ്മമാര്‍ ആഗ്രഹിക്കുന്നുണ്ട്.
“തുണി ബാഗുകള്‍ ഉണ്ടാക്കിയാലോ എന്നൊരു ആലോചനയുമുണ്ട്. ഇതൊക്കെ ആലോനചകളിലാണ്. മെല്ലെ ഇതൊക്കെ ചെയ്യാമെന്നു കരുതുന്നു.” പ്രിയജ പ്രതീക്ഷയോടെ പറഞ്ഞു.
ഇതുകൂടി വായിക്കാം:പഠനവൈകല്യമുള്ള മകനുവേണ്ടി സ്വന്തമായി സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ ഒരമ്മ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.