‘എവിടുന്നോ ഒരു ധൈര്യം കിട്ടി’: കത്തുന്ന ബസില്‍ നിന്ന് വൃദ്ധരും കുട്ടികളുമടക്കം 20 പേരെ രക്ഷിച്ച 16-കാരന്‍

ധീരതയ്ക്കുള്ള ഉന്നത ബഹുമതിയായ ഭാരത് ബ്രേവറി അവാര്‍ഡ് നേടിയ ആദിത്യ ആ സംഭവം ഓര്‍ക്കുന്നു. 

നേപ്പാളിലേക്ക്  ടൂര്‍ എന്ന് പറഞ്ഞപ്പോഴേ ആദിത്യയും കുഞ്ഞനുജത്തിയും വലിയ ആവേശത്തിലായി.

പിന്നെ ഏപ്രില്‍ 25 എന്ന തിയ്യതിക്കായി ത്രില്ലടിച്ചുള്ള കാത്തിരിപ്പ്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സിന് വേണ്ടിയുള്ള വിനോദയാത്രയായിരുന്നു അത്.

“എന്‍റെ അമ്മുമ്മ അമ്മിണിയമ്മയും യൂനിവേഴ്‌സിറ്റിയിലെ ഒരു പെന്ഷനെര്‍ ആയതുകൊണ്ട് അമ്മുമ്മക്കും ഉണ്ടായിരുന്നു ആ യാത്ര. ആ യാത്രയില്‍ അധികവും പെന്ഷനേഴ്‌സ്‌നെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ പ്രായമായവര്‍ ആയിരുന്നു കൂടുതല്‍,” കോഴിക്കോട് മെഡിക്കല്‍ കോളെജ് കാമ്പസിലെ സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന ആദിത്യ ജീവിതത്തിലൊരിക്കലും മറക്കാത്ത അനുഭവങ്ങള്‍ സമ്മാനിച്ച യാത്രയെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയാന്‍ തുടങ്ങി.

ആദിത്യ

“അമ്മുമ്മക്കും ആ യാത്ര ഉള്ളതിനാല്‍ ഞങ്ങളുടെ കുടുംബവും കൂടെ പോകാന്‍ പ്ലാന്‍ ചെയ്തു. അമ്മച്ചനും, ഞാനും അമ്മയും അച്ഛനും അനിയത്തിയും ഒക്കെ ചേര്‍ന്നുള്ള ത്രില്ലിംഗ് ട്രിപ്പിനുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്.

“അങ്ങനെ ഞങ്ങള്‍ എഴുപത്തിരണ്ട് യാത്രക്കാരുമായി ഏപ്രില്‍ 25-നു നേപ്പാളിലേക്ക്. അവിടെ എത്തി ഏറെക്കുറെ ടൂറിസ്റ്റ് സ്‌പോട്ടുകളൊക്കെ കണ്ടു. പശുപതിനാഥ അമ്പലവും ഗുഹകളും ആണ് ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. എല്ലാ കറക്കവും കഴിഞ്ഞു മെയ് ഒന്നിന് ഞങ്ങള്‍ ഇന്‍ഡ്യയിലേക്ക് തിരിച്ചു.”


ഇനി മുന്നോട്ടുള്ള യാത്ര ഉത്തരവാദിത്വത്തോടെ, പ്രകൃതിയ്ക്ക് പോറലേല്‍പിക്കാതെ… സന്ദര്‍ശിക്കൂ Karnival.com

തിരിച്ചുള്ള ആ യാത്രയിലാണ് അപകടം സംഭവിച്ചത്. അതു പറയുമ്പോള്‍ ആ പതിനാറുകാരന്‍റെ മുഖത്ത് ഇപ്പോഴും അമ്പരപ്പ്.

“നേപ്പാളില്‍ നിന്നും ലക്‌നൗ എയര്‍പോര്‍ട്ടിലേക്ക് ഞങ്ങള്‍ രണ്ടു ടൂറിസ്റ്റ് എ സി ബസുകളിലായാണ് പുറപ്പെട്ടത്. ഞങ്ങളുടെ ബസില്‍ നാല്‍പ്പത്തിമൂന്നു പേര് ഉണ്ടായിരുന്നു. ഇന്ത്യന്‍ ബോര്‍ഡറില്‍ നിന്നും ഏകദേശം അറുപത് കിലോമീറ്റര്‍ അകലെ ഡോണ എന്ന സ്ഥലം എത്തിയപ്പോള്‍ ബസിന്‍റെ പുറകില്‍ നിന്നും പുക വരുന്നത് കൂട്ടത്തിലെ ഒരു ആന്‍റിയുടെ ശ്രദ്ധയില്‍ പെട്ടു.

തീ പെട്ടെന്നാണ് ആ ബസിനെ വിഴുങ്ങിയത്

“അത് ഡ്രൈവര്‍ അറിയിക്കുകയും ചെയ്തു. ബസ് ചുരം കേറുകയായിരുന്നു അപ്പോള്‍. അതുകൊണ്ടു പൊടി പാറുന്നതായിരിക്കുമെന്ന് ഡ്രൈവര്‍ പറഞ്ഞു,” ആദിത്യ ചിത്രത്തിലെന്ന പോലെ ഓരോ കാര്യങ്ങളും വ്യക്തമാക്കി.

“എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ബസിന്‍റെഅകത്തേക്ക് ഡീസലിന്‍റെ മണം വന്നു. അതോടെ എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ബസിന്‍റെ പുറകില്‍ പുകയും ഉണ്ടായിരുന്നു.

“അത് പരിശോധിക്കാനായി എന്‍റെ അച്ഛനും, പാചകക്കാരനും, ടൂര്‍ ഓപ്പറേറ്ററും കതക് തുറന്നു പുറത്തേക്ക് കടന്നു. അതോടെ എ സി വെന്‍റിലേറ്ററിലൂടെയും മറ്റും കറുത്ത പുക ബസിനുള്ളില്‍ നിറഞ്ഞു. ബസ് പുകയാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങളെല്ലവരും ചുമച്ചു വണ്ടിയിലുടെ ഓടി നടന്നു. മുന്‍വശം കത്തിത്തുടങ്ങിയതിനാല്‍ ഡോര്‍ തുറക്കാനാകുന്നില്ല. പുറത്തു കടന്ന അച്ഛന് അകത്തേക്ക് കടക്കാനും പറ്റുന്നില്ല,” ആദിത്യ ഒരു നിമിഷം നിര്‍ത്തി.

ഒരു ചുരത്തില്‍ വെച്ചായിുന്നു അപകടം. തീകെടുത്താനുള്ള സംവിധാനങ്ങളൊന്നും ബസിലില്ലായിരുന്നു

ആദിത്യയുടെ അച്ഛന്‍ അനീഷ് ആണ് തുടര്‍ന്ന് സംസാരിച്ചത്. “വലിയൊരു അപകടമാണ് മുന്നില്‍ കണ്ടു കൊണ്ടിരിക്കുന്നത് എന്ന് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷെ എന്താണ് ചെയ്യേണ്ടതെന്നോ ഒന്നും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. ബസിന്‍റെ മുന്‍വശം കത്തിത്തുടങ്ങിയിരുന്നു. ബിസിനകത്തുള്ളവരെ രക്ഷിക്കാന്‍ അകത്തേക്ക് കടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

“ശക്തമായ പുകയായിരുന്നു. ബസിന്‍റെ ജനല്‍ ചില്ല് പൊട്ടിച്ചു കുറച്ചു പേരെ അതിലൂടെ പുറത്തേക്ക് കൊണ്ടുവന്നു. തീ അണക്കാനുള്ള ഒരു മാര്‍ഗവും ബസില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല വെള്ളം കിട്ടുന്ന സ്ഥലത്തായിരുന്നില്ല വണ്ടി ഒതുക്കി നിര്‍ത്തിയത്. തീ കത്തുന്നത് കണ്ടു തലങ്ങും വിലങ്ങും നിസ്സഹായമായി ഓടി. ജനല്‍ ചില്ലുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു പക്ഷെ ഉള്ളിലുള്ളവര്‍ക് അത് അപകടം ചെയ്യുമോ എന്ന പേടികൊണ്ട് മുന്‍വശത്തെ ചില്ലാണ് പൊട്ടിച്ചത്,” അനീഷ് പറഞ്ഞൊപ്പിച്ചു.

കൂടുതലും പെന്‍ഷന്‍കാര്‍ ആയതിനാല്‍ അതില്‍ ഭൂരിഭാഗം പേര‍്ക്കും തനിയെ രക്ഷപ്പെടാനുള്ള കെല്‍പൊന്നും ഉണ്ടായിരുന്നില്ല.

ആദിത്യ വീണ്ടും പറഞ്ഞു തുടങ്ങി: “പുക കണ്ടപ്പോള്‍ തന്നെ അലമുറയിട്ടും ചുമച്ചും അവര്‍ ബസിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുകയായിരുന്നു. മുഖം ഒന്നും കാണാന്‍ സാധിക്കില്ല. ഞാന്‍ ബസിനുള്ളിലൂടെ പരതി നടന്നപ്പോള്‍ കയ്യില്‍ ഒരു ഹാമര്‍ കിട്ടി.

“പിന്നെ ഒന്നും നോക്കിയില്ല, ഹാമര്‍ എടുത്തു ജനല്‍ ചില്ല് ലക്ഷ്യമാക്കി ആഞ്ഞു എറിഞ്ഞു. ജനല്‍ ചില്ലില്‍ ദ്വാരമുണ്ടാക്കി ഹാമര്‍ തെറിച്ചു പോയി. ബാക്കി ഭാഗം ഞാന്‍ ചവിട്ടി പൊട്ടിച്ചു. എന്നിട്ട് അതിലൂടെ ഓരോരുത്തരെയായി പുറത്തേക്കിറക്കി. പ്രായമായവരില്‍ ചിലര്‍ പേടികൊണ്ട് ഇറങ്ങാന്‍ മടിച്ചപ്പോള്‍ പുറത്തേക്ക് തള്ളിയിടേണ്ടി വന്നു. അങ്ങനെ ഏകദേശം ഇരുപത് പേരെ ആ വഴിയിറക്കി. എല്ലാവരെയും ഇറക്കിയതിനു ശേഷം ബസില്‍ ആരുമില്ലെന്നുറപ്പിച്ചിട്ട് ഞാനുമിറങ്ങി.” അപ്പോഴേക്കും ബസിനെ തീ പൂര്‍ണമായും വിഴുങ്ങിത്തുടങ്ങിയിരുന്നുവെന്ന് ആദിത്യ ഓര്‍ക്കുന്നു.

ബസ് പൂര്‍ണമായും കത്തിയമര്‍ന്നു

“എല്ലാവരെയും പുറത്തെത്തിച്ചു കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് സ്വബോധം വരാന്‍ മണിക്കൂറുകളെടുത്തു. ബസ് ഓപ്പറേറ്റര്‍സിനെ അറിയിച്ചതിനനുസരിച്ചു ഞങ്ങള്‍ക്ക് ലക്‌നൗ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ മറ്റൊരു ബസ് ഏര്‍പ്പാട് ചെയ്തുതന്നു. ബസില്‍ കയറി അറുപത് കിലോമീറ്റര്‍ പിന്നിട്ട് ഇന്‍ഡ്യന്‍ അതിര്‍ത്തി കടന്നപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ശെരിക്കും ശ്വസിക്കാന്‍ പോലും കഴിഞ്ഞത്,” ആദിത്യയുടെ അച്ഛന്‍ അനീഷ് പറഞ്ഞു.

“ബസില്‍ കയറിയപ്പോള്‍ മാത്രമാണ് ഞങ്ങള്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞത്. പിന്നീട് എല്ലാവര്‍ക്കും പരുക്ക് പറ്റിയോ എന്നതായി ടെന്‍ഷന്‍. ആദിത്യയുടെ കാലില്‍ രണ്ടു ചില്ല് കയറിയിരുന്നു. പിന്നെ കുറച്ചു പേര്‍ക്ക് ചില്ലിനിടയിലൂടെ പുറത്തു കടന്നപ്പോള്‍ ഉണ്ടായ ചെറിയ പരുക്കുകള്‍, പിന്നെ കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീക്ക് ചില്ല് കൊണ്ട് മസില്‍ കീറിപ്പോയി.

‘അങ്ങനെ കുറച്ചു പരിക്കുകള്‍ ഒഴിച്ചാല്‍ ദൈവം സഹായിച്ചു വേറെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായില്ല. പുനര്‍ജന്മമായിരുന്നു ഞങ്ങള്‍ക്കിത്. അതിനിടയില്‍ ഈ പരിക്കുകള്‍ ഞങ്ങള്‍ക്ക് ഒന്നുമായിരുന്നില്ല എന്നതാണ് സത്യം,” ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്നു എല്ലാവരുമെന്ന് അനീഷ്.

ഈ ബസ് കണ്ടാല്‍ ആരും അപായമില്ലാതെ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും

തീപിടുത്തത്തില്‍ പലര്‍ക്കും പാസ്സ്‌പോര്‍ട്ടും മറ്റു തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടു. അതിനാല്‍ ലക്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രസംഘത്തെ അകത്തു പ്രവേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല.

“ഞങ്ങളുടെ കൈയില്‍ വേണ്ട രേഖകളോ പാസ്സ്‌പോര്‍ട്ടോ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം ബസിനുള്ളിലാ യിരുന്നു. എന്നാല്‍ ബസ് കത്തിയമര്‍ന്നപ്പോള്‍ പുറത്തു വച്ച് പിടിച്ച വീഡിയോ രംഗങ്ങള്‍ പോലീസ് മേധാവികളെ കാണിക്കുകയും തുടര്‍ന്ന് അവര്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു തന്നു. ഞങ്ങളുടെ ബോര്‍ഡിങ് വിചാരിച്ചതിലും എളുപ്പത്തില്‍ കഴിയുകയും ചെയ്തു. തൃശൂര്‍ സ്വദേശിയായ ഒരു പോലീസ് ഓഫീസര്‍ ഞങ്ങളുടെ കൂടെ നിന്ന് എല്ലാം ശെരിയാക്കി തന്നു,” ജീവിതത്തിലെ വലിയൊരു ആപത്തു സമയത്ത് കൂടെ ഉണ്ടായിരുന്നവരെ അനീഷ് നന്ദിയോടെ ഓര്‍ത്തു.”


ഇതുകൂടി വായിക്കാം: 10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം


“എയര്‍പോര്‍ട്ടില്‍ വച്ചാണ് ആദിയുടെ കാലിലെ ചില്ല് പുറത്തെടുത്തു ഡ്രസ്സ് ചെയ്തത്. എല്ലാവരുടെയും പരിക്കുകള്‍ മരുന്ന് വച്ച് കെട്ടി. അന്നത്തെ യാത്രക്കാരില്‍ ഒരാള്‍ ആണ് എല്ലാവരുടെയും പരിക്കും മറ്റും പരിശോധിച്ചത്. മെഡിക്കല്‍ സ്റ്റുഡന്‍റ് ആയത്‌കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. എയര്‍പോര്‍ട് ജീവനക്കാര്‍ മുന്‍കൈയെടുത്തു ആണ് ആ കുട്ടിയെ ഏര്‍പ്പാടാക്കിയത്. അപകടസ്ഥലത്തു നിന്നും എയര്‍പോര്‍ട് വരെ കാലിലെ പരിക്കും അതിനുള്ളില്‍ ചില്ലുമായി ആദി യാത്ര ചെയ്തു. വേദനയുടെ ഒരു ലക്ഷണവും അവന്‍ കാണിച്ചില്ല. വേദനയേക്കാള്‍ ഏറെ അമ്പരപ്പായിരുന്നു ആദിയുടെ മുഖത്തു,” അനീഷ് കൂട്ടിച്ചേര്‍ത്തു.

മുന്‍വശത്ത് പെട്ടെന്ന് തീ പടര്‍ന്നതിനാല്‍ ആര്‍ക്കും മുന്നിലെ വാതിലൂടെ പുറത്തുകടക്കാന്‍ കഴിയുമായിരുന്നില്ല.

“തീ ആളിപ്പടര്‍ന്നപ്പോള്‍ എന്‍റെ അമ്മയും അനിയത്തിയും അമ്മൂമ്മയുമൊക്കെ അതിനുള്ളിലായിരുന്നു. അതുപോലെ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത കുറെയേറെ പ്രായമായ ആളുകളും. അപ്പോള്‍ എനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്ങനെയും ഇവരെ രക്ഷിച്ചു പുറത്തു കടക്കുക എന്നത് മാത്രമായിരുന്നു മനസ്സില്‍. എവിടുന്നോ അതിനൊക്കെ ഉള്ള ധൈര്യം കിട്ടി,” ആദിത്യയുടെ പുഞ്ചിരിയില്‍ ആശ്വാസവും അഭിമാനവും.

“ആദി ഫുട്‌ബോള്‍ കളിക്കും എന്നല്ലാതെ പ്രത്യേകച്ചു കായികാഭ്യാസങ്ങള്‍ ഒന്നും ചെയുന്ന ആളല്ല. അതുകൊണ്ടു തന്നെ അവനെക്കൊണ്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതിയതേ ഇല്ല. എങ്ങനെയെങ്കിലും പുറത്തേക്ക് ആളുകളെ കൊണ്ട് വരിക എന്ന ചിന്ത മാത്രമായിരുന്നു ആ സമയത്ത്. സ്വന്തം ജീവന്‍ ഗൗനിക്കാതെയാണ് ഇരുപതോളം പേരെ ആദി രക്ഷിച്ചത്.

“എല്ലാം കഴിഞ്ഞ് എനിക്ക് അവനോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. വാക്കുകള്‍ കണ്ണീരായാണ് വന്നത്. ഞാന്‍ അവനെ എന്‍റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു നിന്നു അല്‍പനേരം. അതില്‍ ഉണ്ടായിരുന്നു എനിക്കവനോട് പറയാനുള്ളതെല്ലാം,” ആദിയെക്കുറിച്ചു പറയുമ്പോള്‍ അനീഷിന്‍റെ വാക്കുകള്‍ ഇടറി.

ആദിത്യ

കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ആദിത്യയുടെ ലോകം. “അച്ഛന്‍ അനീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മള്‍ട്ടീമീഡിയ റിസേര്‍ച് സെന്‍ററില്‍ സീനിയര്‍ ഗ്രാഫിക് ഡിസൈനര്‍ ആണ്. അമ്മ അജിനി കോഴിക്കോട്ടെ കെ എം സി ടി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയി ജോലി ചെയ്യുന്നു. പിന്നെ ഒരു കുഞ്ഞനിയത്തി ഉണ്ട്. അവള്‍ ഗോകുലം പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു. നേപ്പാളിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ആശ്വാസം,” ആദിത്യ പറഞ്ഞു.

“ഞങ്ങളുടെ ട്രിപ്പില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് പോലും അപകടം പറ്റിയിരുന്നെങ്കില്‍ അത് ആലോചിക്കാന്‍ പോലും ആകുമായിരുന്നില്ല. പോയത് പോലെ ഒരുമിച്ച് തിരിച്ചെത്തിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. ഇങ്ങനെ ഒക്കെ സംഭവിക്കാനും ആദിക്ക് ഒരുപാട് പേരുടെ രക്ഷകനാകാനും കഴിഞ്ഞത് ദൈവത്തിന്‍റെ ഒരു കൃപയാണ്,” അനീഷിന്‍റെ വാക്കുകളില്‍ ആശ്വാസം.

“ഞങ്ങള്‍ നാട്ടിലേക്ക് എത്തിയപ്പോള്‍ ഒരുപാട് പേര്‍ കാണാന്‍ എത്തി. അപകടം കൂടാതെ എത്തിപെട്ടതില്‍ സന്തോഷം അറിയിക്കാനും മറ്റുമായി. ആദിയെ ആയിരുന്നു എല്ലാവര്ക്കും കാണേണ്ടിയിരുന്നത്. ഒടുവില്‍ ഭാരത് ധീരത പുരസ്‌കാരവും അവനെ തേടിയെത്തിയിരുന്നു,” എല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് അനീഷ്.

മനസ്സാന്നിദ്ധ്യം കൈവിടാതെ ഇരുപത് പേരെ കത്തുന്ന ബസില്‍ നിന്നും പുറത്തെത്തിച്ച ആദിത്യയ്ക്കാണ് ധീരതയ്ക്കുള്ള ഉന്നത ബഹുമതിയായ ഈ വര്‍ഷത്തെ ഭാരത് ബ്രേവറി അവാര്‍ഡ്.  കേരളത്തില്‍ നിന്നും ഭാരത് ബഹുമതിക്ക് അര്‍ഹനാകുന്ന ആദ്യത്തെ കുട്ടിയാണ് ഈ രാമനാട്ടുകരക്കാരന്‍.

ആദിത്യയ്ക്കും ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ കൊച്ചുമിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ആശംസകള്‍.

 


ഇതുകൂടി വായിക്കാം: പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം