1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് (പൗരത്വനിയമം) അനുസരിച്ച് ഇന്‍ഡ്യന്‍ പൗരത്വം നേടാന്‍ നാല് വഴികളാണ് ഉള്ളത്.
- ജനനം
- പാരമ്പര്യം
- രെജിസ്‌ട്രേഷന്‍
- നാച്വറലൈസേഷന്‍
ഇതു സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ പൗരത്വനിയമം 1955-ന്‍റെ 3,4,5,6 സെക്ഷനുകളിലാണ് കൊടുത്തിരിക്കുന്നത്.
1. ജനനം വഴിയുള്ള പൗരത്വം. (സെക്ഷന്‍ 3)
i) 1950 ജനുവരി 26-നു ശേഷവും 1987 ജൂലൈ 1-ന് മുമ്പും ഇന്‍ഡ്യയില്‍ ജനിച്ച ഏതൊരാളും–അയാളുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും–ഇന്‍ഡ്യന്‍ പൗരനാണ്.
ii) 1987 ജൂലൈ 1-ന് ശേഷവും 2004 ഡിസംബര്‍ 3-ന് മുമ്പും ഇന്‍ഡ്യയില്‍ ജനിച്ചവര്‍–അവരുടെ ജനനസമയത്ത് മാതാപിതാക്കളിലൊരാളെങ്കിലും ഇന്‍ഡ്യന്‍ പൗരനാണെങ്കില്‍–ജന്മം കൊണ്ട് ഇന്‍ഡ്യന്‍ പൗരനായിരിക്കും.
iii) 2004 ഡിസംബര്‍ 3-നോ അതിന് ശേഷമോ ഇന്‍ഡ്യയില്‍ ജനിച്ച ഒരാളുടെ മാതാപിതാക്കള്‍ രണ്ടുപേരും ഇന്‍ഡ്യന്‍ പൗരന്മാരായിരിക്കുകയോ അതല്ലെങ്കില്‍ അവരിലൊരാള്‍ ഇന്‍ഡ്യന്‍ പൗരന്‍ ആയിരിക്കുകയും മറ്റേയാള്‍ അനധികൃത കുടിയേറ്റക്കാരന്‍/കുടിയേറ്റക്കാരി അല്ലാതിരിക്കുകയും ചെയ്താല്‍ അയാള്‍ ജന്മനാ ഇന്‍ഡ്യന്‍ പൗരനാണ്.
2. പാരമ്പര്യം (സെക്ഷന്‍ 4)
i) പിതാവ് ജന്മംകൊണ്ട് ഇന്‍ഡ്യന്‍ പൗരന്‍ ആണെങ്കില്‍ 1950 ജനുവരി 26-നും 1992 ഡിസംബര്‍ 10-നും ഇടയില്‍ ഇന്‍ഡ്യക്ക് പുറത്തുവെച്ച് ജനിക്കുന്ന അയാളുടെ മക്കള്‍ ഇന്‍ഡ്യന്‍ പൗരന്മാരായി പരിഗണിക്കപ്പെടും.
ii) ഇന്‍ഡ്യക്ക് പുറത്തുവെച്ച് 1992 ഡിസംബര്‍ 10-നും 2004 ഡിസംബര്‍ 3-നും ഇടയില്‍ ജനിക്കുന്ന ഒരാളുടെ മാതാപിതാക്കളിലൊരാള്‍ ജന്മം കൊണ്ട് ഇന്‍ഡ്യന്‍ പൗരന്മാര്‍ ആണെങ്കില്‍ ആയാളും ഇന്‍ഡ്യന്‍ പൗരനായി ഗണിക്കപ്പെടും.
iii) ഡിസംബര്‍ 3, 2004-ന് ശേഷം ഇന്‍ഡ്യക്ക് പുറത്ത് ജനിക്കുന്ന ആര്‍ക്കും ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ അവരുടെ മാതാപിതാക്കല്‍ ജനനം രെജിസ്റ്റര്‍ ചെയ്യുകയും കുട്ടിക്ക് മറ്റൊരു രാജ്യത്തിന്‍റെയും പാസ്‌പോര്‍ട്ട് ഇല്ലെന്ന് എഴുതി നല്‍കുകയും ചെയ്താല്‍ ഇന്‍ഡ്യന്‍ പൗരനായി പരിഗണിക്കപ്പെടും. ഇങ്ങനെ ഇന്‍ഡ്യന്‍ പൗരനായി കണക്കാക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
3. രെജിസ്‌ട്രേഷന്‍ വഴി (സെകഷന്‍ 5)
ആര്‍ക്കൊക്കെ രെജിസ്‌ട്രേഷന്‍ വഴി പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്?
i) പൗരത്വ രെജിസ്‌ട്രേഷന് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ഏഴ് വര്‍ഷം ഇന്‍ഡ്യയില്‍ താമസമുള്ള പേഴ്‌സണ്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന് (പി ഒ ഐ-ഇന്‍ഡ്യന്‍ വംശജന്‍)
ii) ഒരു ഇന്‍ഡ്യന്‍ പൗരനെ വിവാഹം ചെയ്തിട്ടുള്ള ഒരാള്‍ക്ക് അയാള്‍ ഏഴ് വര്‍ഷമായി ഇന്‍ഡ്യയില്‍ താമസക്കാരനാണെങ്കില്‍ രെജിസ്‌ട്രേഷന്‍ വഴി പൗരത്വത്തിന് അപേക്ഷിക്കാം.
iii) സെകഷ്ന്‍ 5 (1) (b)യില്‍ പറയുന്ന അവിഭക്ത ഇന്‍ഡ്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് സാധാരണ താമസക്കാരനായ പേഴ്‌സണ്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന് (പി ഓ ഐ)
iv) ഇന്‍ഡ്യന്‍ പൗരന്മാരായ മാതാപിതാക്കളുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍.
സെക്ഷന്‍ 5 പ്രകാരം പൗരത്വം ലഭിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക.
ആവശ്യമായ രേഖകള്‍
1. സാധുതയുള്ള വിദേശ പാസ്‌പോര്‍ട്ടിന്‍റെ കോപ്പി
2. സാധുതയുള്ള റെസിഡെന്‍ഷ്യല്‍ പെര്‍മിറ്റ്/ എല്‍ ടി വി (ദീര്‍ഘകാല പ്രാബല്യമുള്ള വീസ)
3. മാതാപിതാക്കളുടെ രണ്ടുപേരുടേയും സിറ്റിസെന്‍ഷിപ്പ് ആക്ട് 1955-ന്‍റെ സെക്ഷന്‍ 5 (1) (a) പ്രകാരമോ 6 (1) പ്രകാരമോ നല്‍കപ്പെട്ടിട്ടുള്ള പൗരത്വരേഖകള്‍.
4) കളക്ടര്‍, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് തുടങ്ങി സിറ്റിസണ്‍ഷിപ്പ് റൂള്‍സ് 1955-ല്‍ പറയുന്ന അധികാരികള്‍ക്കുമുന്നില്‍ നിശ്ചിത ഫോമില്‍ നല്‍കുന്ന സത്യവാങ്മൂലം.
5) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നും 500 രൂപയുടെ ചനാല്‍ അടച്ചതിന്‍റെ കോപ്പി. ഇത് നേരത്തെ സൂചിപ്പിച്ച സത്യവാങ്മൂലത്തിനൊപ്പം നല്‍കണം.
6) അപേക്ഷകന്‍റെയോ അപേക്ഷകയുടേയോ മാതാപിതാക്കള്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ പൗരന്മാരായിരുന്നു എന്നതിന്‍റെ രേഖ–ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ്.
(കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക )
4. നാച്വറലൈസേഷന്‍ വഴി (സെക്ഷന്‍ 6)
i) 12 വര്‍ഷം ഇന്‍ഡ്യയിലെ സാധാരണ താമസക്കാരനോ താമസക്കാരിയോ ആയ ഏതൊരാള്‍ക്കും പൗരത്വത്തിന് യോഗ്യതയുണ്ട്. (പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് 12 മാസം തുടര്‍ച്ചയായും മൊത്തത്തില്‍ 11 വര്‍ഷവും ഇന്‍ഡ്യയില്‍ താമസിച്ചിരിക്കണം). ഇതിനൊപ്പം സിറ്റിസണ്‍ഷിപ്പ് ആക്ടിന്‍റെ മൂന്നാം ഷെഡ്യൂളില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
2019 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ (Citizensip Amendment Act, 2019) പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ പീഢനത്താല്‍ നാടുവിട്ട് ഇന്‍ഡ്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജൈന്‍, പാഴ്‌സി, ക്ലിസ്ത്യന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങളില്‍ പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് (2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്‍ഡ്യയില്‍ എത്തിയവര്‍) ഇന്‍ഡ്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ട്. നാച്വറലൈസേഷന് നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള 11 വര്‍ഷം ഇന്‍ഡ്യയില്‍ താമസിച്ചിരിക്കണമെന്ന നിബന്ധന ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് 6 വര്‍ഷമായി കുറച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. (ഈ ഭേദഗതികളെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണയിലാണ്)
നാച്വറലൈസേഷന് വേണ്ട രേഖകള്‍
1. വിദേശ പാസ്‌പോര്‍ട്ടിന്‍റെ കോപ്പി
2. റെസിഡെന്‍ഷ്യല്‍ പെര്‍മിറ്റ് അല്ലെങ്കില്‍ ദീര്‍ഘകാല വീസയുടെ കോപി.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ 1,500 രൂപ അടച്ചതിന്‍റെചലാന്‍
4. അപേക്ഷക/ന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്. ഒപ്പം രണ്ട് ഇന്‍ഡ്യക്കാരും ഇദ്ദേഹത്തിന്‍റെ സ്വഭാവം സംബന്ധിച്ച സത്യവാങ്മൂലം നല്‍കണം. ഏതൊക്കെ ഭാഷയില്‍ സത്യവാങ്മൂലം നല്‍കണം എന്ന് അപക്ഷാഫോമിലുണ്ട്.
5. അപേക്ഷകന് ഏതെങ്കിലും ഇന്‍ഡ്യന്‍ ഭാഷ (ഭരണഘടനയുടെ 8-ാം ഷെഡ്യൂളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും ഭാഷ) അറിഞ്ഞിരിക്കണം. ഇത് തെളിയിക്കാന്‍ രണ്ട് ഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍. (ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നോ അപേക്ഷകന്‍റെ ജില്ലയില്‍ നിന്നുള്ള രണ്ട് ഇന്‍ഡ്യന്‍ പൗരന്മാരില്‍ നിന്നോ)
6. ഇന്‍ഡ്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് കാണിച്ച് അപേക്ഷകന്‍ താമസിക്കുന്ന ജില്ലയില്‍ സര്‍ക്കുലേഷന്‍ ഉള്ള ഏതെങ്കിലും പത്രത്തിലോ പത്രങ്ങളിലോ നല്‍കിയ പരസ്യത്തിന്‍റെ രണ്ട് കട്ടിങ്ങുകള്‍. (ഈ പത്രങ്ങള്‍ അപേക്ഷാ ഫോമില്‍ പറഞ്ഞിട്ടുള്ള ഭാഷയില്‍ ഉള്ളതായിരിക്കണം.)
(കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക )
ഇരട്ട പൗരത്വം
ഇരട്ട പൗരത്വമോ ഇരട്ട ദേശീയതയോ സിറ്റിസണ്‍ഷിപ് ആക്ട് അനുവദിക്കുന്നില്ല. നേരത്തെ പറഞ്ഞ രീതികളില്‍ മാത്രമേ (ജനനം, പാരമ്പര്യം, രെജിസ്‌ട്രേഷന്‍, നാച്വറലൈസേഷന്‍) ഒരാള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുള്ളൂ.
(അവലംബം: https://indiancitizenshiponline.nic.in/Ic_GeneralInstruction.pdf)
ഇതുകൂടി വായിക്കാം: പൗരത്വ രെജിസ്റ്ററില്‍ നിന്ന് പുറത്തായ അപരിചിതയായ ആസ്സാം വനിതയെ രക്ഷിച്ച ത്രിപുരയിലെ സ്കൂള്‍ അധ്യാപകന്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.