മലപ്പുറത്തെ ഈ റോഡിലൂടെ പോകുന്നവര്‍ക്ക് ചായയും ചെറുകടിയും സൗജന്യം; ഇത് ‘കുതിര നാണി’യുടെ നന്മയുള്ള പിരാന്തുകളില്‍ ഒന്നുമാത്രം

“സാധാരണ പിരാന്തുള്ളവരാണ് ഇതൊക്കെ ചെയ്യുന്നതെന്നല്ലേ നാട്ടുകാരൊക്കെ പറയുന്നത്. ആ പിരാന്ത് എനിക്കുണ്ട്.”

ഷൗക്കത്ത് അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ മഹാഭാരതം സീരിയല്‍ വരുന്നത്. അത് വിടാതെ കണ്ടുകണ്ട് ആ പയ്യന്‍റെ ഉള്ളില്‍ കുതിരക്കമ്പം കയറിക്കൂടി.

വലുതായപ്പോള്‍ അത് കലശലായതേയുള്ളൂ. വീട്ടുകാരോടൊന്നും പറയാതെ പാലക്കാട് പോയി കുതിര സവാരി പഠിച്ചു.

എല്ലാ ഞായറാഴ്ചയും മലപ്പുറത്തെ വീട്ടില്‍ നിന്നും പാലക്കാട് കുതിരാനിലേക്ക് വണ്ടി കയറും പരിശീലനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വൈകും.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com

അങ്ങനെ ആരുമറിയാതെ കുതിര സവാരി പഠിച്ചെടുത്തു. അധികം വൈകാതെ ഒരു കുതിരയെ വാങ്ങി നാട്ടില്‍ കൊണ്ടുവന്നു. പിന്നെ അതിന്‍റെ പുറത്തായി യാത്ര.

കാറും സ്കൂട്ടറുമൊക്കെ കുതിക്കുന്ന റോഡിലൂടെ ഷൗക്കത്ത് കുതിരപ്പുറത്ത് പാഞ്ഞു.

അതുകണ്ട് മലപ്പുറം പടിഞ്ഞാറ്റുമുറിക്കാര് കണ്ണുമിഴിച്ച് നിന്നു. “ഈ നാണിക്ക് ഇതെന്തിന്‍റെ പിരാന്താണ്.” അവര്‍ മുഖത്തോടു മുഖം നോക്കി.

പഹയന് കുതിരകളോട് ഇഷ്ടം തോന്നിയത് നന്നായി. വല്ല കടുവയോടോ പുലിയോടോ ആയിരുന്നെങ്കില്‍ എടങ്ങേറായേനേ എന്നവര്‍ അടക്കം പറഞ്ഞ് ചിരിച്ചു.

“കുതിരയെ വാങ്ങണമെന്നതു അന്നുതൊട്ടേയുള്ള (മഹാഭാരതം സീരിയല്‍ കണ്ട കാലം തൊട്ട്)  ആഗ്രഹമായിരുന്നു,” ഷൗക്കത്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“തൃശൂരില്‍ നിന്നാണ് കുതിരയെ വാങ്ങിയത്. 13 വയസുണ്ടായിരുന്ന അവന് റോക്കിയെന്നാണ് പേരിട്ടത്.

“കുതിരപ്രേമം കാരണം എനിക്കും ഒരു പേരുവീണു. കുതിര നാണി! നാട്ടുകാര് കുതിര നാണിയെന്നാ വിളിച്ചുകൊണ്ടിരുന്നത്. നാണിയെന്ന് ആരേലും ചോദിച്ചാല്‍ ആ കുതിര നാണിയല്ലേ എന്നു പറയും ആള്ക്കാര്,” ഷൗക്കത്ത് എന്ന നാണി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആ പേര് പറഞ്ഞാല് എല്ലാര്‍ക്കും ഇപ്പോ എന്നെ അറിയാം. അതെനിക്ക് ഇഷ്ടവുമാണ്.”

ഷൗക്കത്തിനെ കളിയാക്കി അടക്കം പറഞ്ഞിരുന്ന നാട്ടുകാരില്‍ പലരും ഇന്ന് അദ്ദേഹത്തിന്‍റെ വീടിനു മുന്നിലെ റോഡരികിലെ ബദാം മരച്ചോട്ടില്‍ ഒത്തുകൂടും. സൊറ പറയും.

വഴിയോര യാത്രക്കാര്‍ക്കായുള്ള കട്ടന്‍ചായയും പലഹാരവും കഴിക്കാനെത്തിയ കുട്ടികള്‍

ആ മരച്ചോട്ടിലാണ് നാണി വഴിയാത്രക്കാര്‍ക്കായി കട്ടന്‍ ചായയും ചെറുകടിയും കുടിവെള്ളവുമൊക്കെ വച്ചിരിക്കുന്നത്.

രാവിലെ നടക്കാനിറങ്ങുന്നവരും സ്കൂളിലേക്ക് പോകുന്നവരുമൊക്കെ ചായയും കുടിച്ച് ലഘുപലഹാരവും കഴിച്ച് പത്രവും വായിച്ചാണ് പോകുന്നത്.

കട്ടന്‍ചായ ചൂടാറാപ്പാത്രത്തിലാണ് വെച്ചിരിക്കുന്നത്. നല്ല തണുത്ത കിണര്‍ വെള്ളം കിട്ടുന്ന പൈപ്പും ഇവിടുണ്ട്.  ആവശ്യമുള്ളവര്‍ക്കെല്ലാം എടുത്ത് കഴിക്കാം.

ഒരു മാസം മുമ്പാണ് ഷൗക്കത്ത് ഈ സൗജന്യ ചായവിതരണം തുടങ്ങിയത്.

യാത്രക്കാരായ സ്ത്രീകള്‍ ചായ കുടിക്കുന്നു
ചില വഴിയാത്രക്കാര്‍ ചായ കുടിച്ച് ഒരു സെല്‍ഫിയുമെടുത്താണ് പോകുന്നത്.

നാട്ടുകാര്‍ക്കായി കുടിവെള്ളപ്പൈപ്പ് വെച്ചുകൊടുത്തിട്ട് നാലു വര്‍ഷമായി.

ഏലയ്ക്കായൊക്കെ ഇട്ട് ഇളംമധുരമുള്ള ചൂടന്‍ കട്ടന്‍ചായയാണ് ചൂടാറാപ്പാത്രത്തില്‍. ചെറുകടികളായി കേക്ക്, റസ്ക്, ബിസ്ക്കറ്റ് പോലുള്ളവ. രാവിലെ ഏഴ് മണിമുതല്‍ കട്ടന്‍ ചായയും കടിയും അവിടെയുണ്ടാവും.

ചായ കുടിക്കാന്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. കുറച്ചുനേരം മരത്തണലില്‍ ഇരുന്നു ക്ഷീണമകറ്റാം.

ഇതിനൊപ്പം പത്രം വായിക്കണമെന്നുണ്ടെങ്കില്‍ അതും വെച്ചിട്ടുണ്ട്.

റോക്കിയ്ക്കൊപ്പം ഷൗക്കത്ത്

“രാവിലെ മാത്രം അമ്പതോളം ആളുകളാണ് ചായ കുടിക്കാന്‍ വരുന്നത്. രാവിലെ നടക്കാന്‍ വരുന്നവരില്ലേ. അവരാണ് ആവശ്യക്കാരിലേറെയും,” ഷൗക്കത്ത് പറയുന്നു.

“നടത്തമൊക്കെ കഴിഞ്ഞ് അവരെല്ലാം ബദാംമരച്ചോട്ടിലേക്ക് വരും. ഒരു കട്ടനും കുടിച്ച് ആ മരത്തണലിലെ ബെഞ്ചിലിരുന്ന് പത്രവും വായിക്കും.

“കുറേ നേരം എല്ലാരും കൂടിയിരുന്നു വര്‍ത്തമാനം പറയും. ഇതിനിടയ്ക്ക് എന്തേലുമൊന്നു കഴിക്കണമെന്നുണ്ടെങ്കില്‍ അതും ഇവിടുണ്ടല്ലോ. സ്കൂള്‍ കുട്ടികളും ഇവിടെ വന്നു ചായ കുടിക്കുകയും വെള്ളം കുപ്പിയിലാക്കി സ്കൂളിലേക്ക് കൊണ്ടുപോകുകയുമൊക്കെ ചെയ്യാറുണ്ട്.

വഴിയോരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന കല്ലൂര്‍ ബാലനൊപ്പം ഷൗക്കത്ത്

“ശനിയും ഞായറും പിന്നെ അവധിദിവസങ്ങളിലൊക്കെ ചായയും ചെറുകടിയുമൊക്കെ വേഗത്തിലാട്ടോ തീരുന്നത്. ആ ദിവസങ്ങളില്‍ വരുന്നതിലേറെയും നാട്ടിലെ കുട്ടികളാണ്.

“അവര്‍ക്കിതൊരു ത്രില്ലാണ്. വീട്ടില്‍ നിന്നു ചായ കുടിച്ചാലും ഈ മരച്ചോട്ടിലിരുന്നു ചായയും കുടിച്ച് വര്‍ത്തമാനോം പറഞ്ഞിരിക്കുന്നത് രസമാണല്ലോ. അവരത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.

“ദിവസവും നൂറോളം പേരെങ്കിലും ചായ കുടിക്കാനെത്തുന്നുണ്ട്. കട്ടന്‍ ചായ രാവിലെയും വൈകിട്ടും വീട്ടിലുണ്ടാക്കി ഇവിടെ കൊണ്ടുവയ്ക്കുകയാണ് പതിവ്. ആ ചുമതല ഭാര്യ സജ്‍നയ്ക്കാണ്. ഒരു പരാതിയുമില്ലാതെ അവളൊപ്പം നില്‍ക്കുന്നുമുണ്ട്.

“ആളുകള്‍ ഇവിടെ വന്നു ചായ കുടിക്കുന്നതൊക്കെ കാണുന്നത് തന്നെ വളരെ സന്തോഷമാണ്. മനസിനൊരു സംതൃപ്തിയാണ് കിട്ടുന്നത്,” എന്ന് ഷൗക്കത്ത്.

നവാഹയജ്ഞത്തിന് കൊണ്ടുവന്ന ആനയ്ക്കൊപ്പം ഷൗക്കത്ത്

എന്നാല്‍ ഇതിനൊക്കെ മുന്‍പേ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ വേനല്‍ക്കാലത്ത് നാട്ടില്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലകളില്‍ സൗജന്യമായി വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഷൗക്കത്തിന്‍റെ തന്നെ മിനി ലോറിയിലാണ് വെള്ളം കൊണ്ടുപോകുന്നത്.

“ഓരോ വീട്ടിലും വെള്ളം കൊണ്ടുപോയി കൊടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള പണിയല്ലേ. അതിനു സഹായത്തിന് രണ്ടാള്‍ക്കാരെയും വയ്ക്കും. ആള്‍ക്കാരെ മുന്‍കൂട്ടി അറിയിച്ചാണ് വെള്ളം കൊടുക്കുന്നത്.


ഇതുകൂടി വായിക്കാം:എട്ടാംക്ലാസ്സില്‍ പഠനം നിര്‍ത്തി ചുമടെടുക്കാന്‍ തുടങ്ങിയ അബ്ദുല്‍ അസീസ്; രക്തദാനത്തില്‍ 100 തികച്ച മലപ്പുറംകാരന്‍


“നോട്ടീസ് അച്ചടിച്ച് പത്രത്തിനൊപ്പം വിതരണം ചെയ്യും. കുടിവെള്ള വിതരണമുണ്ട്, ആവശ്യക്കാരൊക്കെ അറിയിക്കണം. എന്നെഴുതിയ നോട്ടീസില്‍ ഫോൺ നമ്പറും കൊടുക്കും.

വിവാഹദിനത്തില്‍ കല്ലൂര്‍ ബാലന് തൈ നല്‍കുന്ന ഷൗക്കത്തിന്‍റെ മകള്‍ ഷംന

“അങ്ങനെ ആ നമ്പറില്‍ ആവശ്യക്കാരൊക്കെ വിളിക്കും. അവര്‍ക്ക് കൊണ്ടുപോയി വെള്ളം കൊടുക്കുകയും ചെയ്യും. ഒരു ഭാഗത്തേക്ക്, ഏതാണ്ട് പത്ത് വീടുകള്‍ കേന്ദ്രീകരിച്ചാണ് വെള്ളം കൊണ്ടുപോകുന്നത്.

“ഇതിപ്പോ ആരംഭിച്ചിട്ട് നാലു വര്‍ഷത്തിലേറെയായി. എല്ലാ വേനലിലും ഇപ്പോ വെള്ളം നല്‍കാറുണ്ട്. കുറേ ആവശ്യക്കാരും വരാറുണ്ട്. ഒരു ദിവസം 20,000 ലിറ്റര്‍ വെള്ളം വരെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.”

കടുത്തവേനലില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വെള്ളം വിതരണം തുടരും. വെള്ളത്തിന്‍റെയും വാഹനത്തിന്‍റെയും ജോലിക്കാരുടെയുമൊക്കെ ചെലവ് ഷൗക്കത്ത് തന്നെയാണ് വഹിക്കുന്നത്.

ഷൗക്കത്ത് കുടുംബത്തിനൊപ്പം

ഇതുപോലുള്ള കാര്യങ്ങള്‍ക്ക് നല്ല പണച്ചെലവില്ലേ. ആരോടും പണം വാങ്ങാതെ ഇതൊക്കെ എങ്ങനെ ചെയ്യാനാകുമെന്നു ചോദ്യത്തിന് മറുപടി ഒരു ചിരിയായിരുന്നു.

പിന്നെ പറഞ്ഞു, “ദൈവത്തിന്‍റെ കൈയില്‍ നിന്ന് പുണ്യം കിട്ടുമല്ലോ… അതുമതിയെനിക്ക്.” കുറച്ചുനേരത്തെ നിശബ്ദതയ്ക്ക് ശേഷം ഷൗക്കത്ത് തുടര്‍ന്നു.


ഇവിടെ നിന്നൊരാള്‍ ഒരു ഗ്ലാസ് വെള്ളമോ ചായയോ കുടിച്ചിട്ട്, മനസറിഞ്ഞ് പടച്ചോനേ എന്നു വിളിച്ചാല്‍ മതി. അതുമാത്രം മതി.


“ആ വിളിക്കുന്നത് ഏതു മതക്കാരനായാലും. അവര് മനസ് നിറഞ്ഞ് നെഞ്ചില്‍ കൈവെച്ച് ദൈവത്തെ വിളിക്കുമല്ലോ. ആ വിളിയിലുണ്ട് എല്ലാം. ഇവിടെ നിന്നു ചായയും വെള്ളവുമൊക്കെ കുടിക്കുന്ന നൂറാളുകളില്‍ ഒരാള് വിളിച്ചാ മതി. ആ പുണ്യം മാത്രം മതിയെനിക്ക്.” അതുപറയുമ്പോള്‍ ഷൗക്കത്തിന്‍റെ കണ്ണുകളില്‍ സന്തോഷം നിറയുന്നതു കാണാം.

വിവാഹചടങ്ങില്‍ വൃക്ഷതൈ സമ്മാനിക്കുന്നു ഫോട്ടോ : ഫേസ്ബുക്ക്

ദാഹിക്കുന്നവര്‍ക്കും വിശക്കുന്നവര്‍ക്കും മാത്രമല്ല പരിസ്ഥിതിക്ക് വേണ്ടിയും ചിലതൊക്കെ ചെയ്യുന്നുണ്ട് നാട്ടുകാരുടെ നാണി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അദ്ദേഹത്തിന്‍റെ മകള്‍ ഷംനയുടെ വിവാഹം. കല്യാണമൊക്കെ കൂടി പോകുന്നവര്‍ക്ക് കൈയിലൊരു വൃക്ഷത്തൈ കൂടി വച്ചു കൊടുത്തു ഷൗക്കത്ത്.

തൃശൂര്‍ മണ്ണുത്തിയില്‍ നിന്നു 4,000 പേര്‍ക്കുള്ള വൃക്ഷത്തൈകളാണ് വാങ്ങിയത്. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമൊക്കെയായി പലതരം തൈകള്‍. കല്യാണം കൂടാനെത്തുന്നവര്‍ക്ക് തൈകള്‍ നല്‍കണമെന്ന് തോന്നിയത് എങ്ങനെയാണെന്നു ഒരു പിടിയുമില്ല. എങ്ങനെയാണാവോ ആ ചിന്ത തോന്നിയതെന്ന് നാണി ഇപ്പോഴും ആലോചിക്കുകയാണ്.

ഫലവൃക്ഷങ്ങളാണ് കൂടുതലും നല്‍കിയത്.

ഫോട്ടോ : ഫേസ്ബുക്ക്

“അതിനൊരു കാരണമുണ്ട്. ഫലവൃക്ഷങ്ങളാകുമ്പോ മനുഷ്യര്‍ക്ക് മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ഉപകാരപ്പെടുമല്ലോ.

“കായ്ക്കുമ്പോള്‍ കിളികള്‍ക്കും അണ്ണാനും വവ്വാലിനുമൊക്കെ കഴിക്കാലോ. ഔഷധവൃക്ഷങ്ങളും കൊടുത്തിരുന്നു. മാത്രമല്ല കല്യാണത്തിന് വന്നവരുടെ സൗകര്യവും ആവശ്യവുമൊക്കെ നോക്കിത്തന്നെയാണ് തൈകള്‍ കൊടുത്തത്.

“വീടും സ്ഥലവുമൊക്കെ കൂടി അഞ്ച് സെന്‍റ് മാത്രമുള്ളവര്‍ക്ക് തേക്കോ പ്ലാവോ നടാന്‍ കൊടുത്താല്‍ എങ്ങനെയുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് കറിവേപ്പിന്‍റെയും ആര്യവേപ്പിന്‍റെയുമൊക്കെ തൈ കൊടുക്കുന്നതാണ് നല്ലതെന്നു തോന്നി.

ഫോട്ടോ : ഫേസ്ബുക്ക്

“മോളുടെ കല്യാണശേഷമാണ് വിവാഹത്തിന് പോകുമ്പോള്‍ സമ്മാനമായി വൃക്ഷത്തൈകള്‍ കൊടുത്തു തുടങ്ങുന്നത്. അതുവരെ എല്ലാവരെയും പോലെ ഞാനും കടയില്‍ നിന്നൊക്കെ വാങ്ങുന്ന എന്തെങ്കിലുമൊക്കെയാണ് ഗിഫ്റ്റായി കൊടുത്തിരുന്നത്.”

എന്നാല്‍ ഇപ്പോള്‍ വൃക്ഷത്തൈകളാണ് എല്ലാര്‍ക്കും സമ്മാനമായി കൊടുക്കുന്നത്. ആപ്പിള്‍ ചാമ്പയൊക്കെയാണ് കൂടുതലും നല്‍കുന്നത്.

“അതാകുമ്പോ മരവും അതിന്‍റെ പൂക്കളുമൊക്കെ കാണാന്‍ നല്ല ഭംഗിയാണ്. പൂക്കള്‍ നിലത്തുവീണു കിടക്കുന്നത് കണ്ടാല്‍ പൂക്കളുടെ ചിത്രമുള്ള കാര്‍പ്പെറ്റ് വിരിച്ചതാണെന്നേ തോന്നൂ. അതുകൊണ്ടിപ്പോ ആപ്പിള്‍ ചാമ്പയാണ് കൊടുക്കുന്നത്.

സമ്മാനമായിട്ടിപ്പോള്‍ 250-ലേറെ പേര്‍ക്ക് വൃക്ഷതൈകള്‍ കൊടുത്തിട്ടുണ്ട്.

“ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഇപ്പോ പ്രകൃതിസ്നേഹിയെന്നൊരു പേര് വന്നിട്ടുണ്ട്. പക്ഷേ ഇത് കണ്ടിട്ടൊന്നും നാട്ടില് വേറെയാരും ചെയ്യുന്നൊന്നുമില്ല. ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതാണ്,” ചെറിയൊരു പരിഭവമുണ്ടോ ഷൗക്കത്തിന്‍റെ വാക്കുകളില്‍…?

ഇതുപോലുള്ള കാര്യങ്ങളൊക്കെ ചെയ്യാനൊരു മനസുവേണം.

“പിന്നെ ഇത്തിരി പിരാന്ത് കൂടിയുണ്ടാകണം,” എന്നുപറഞ്ഞ് ഷൗക്കത്ത് പൊട്ടിച്ചിരിച്ചു.

“സാധാരണ പിരാന്തുള്ളവരാണ് ഇതൊക്കെ ചെയ്യുന്നതെന്നല്ലേ നാട്ടുകാരൊക്കെ പറയുന്നത്. ആ പിരാന്ത് എനിക്കുണ്ട്. നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യണം. അല്ലാതെ മറ്റുള്ളവര്‍ അത് പറഞ്ഞു, ഇതു പറഞ്ഞു, ഇനി എന്തെങ്കിലുമൊക്കെ പറയോ എന്നൊക്കെ വിചാരിച്ചാല്‍ ഒന്നും നടക്കില്ല.”

ഇപ്പോഴും കുതിരപ്പുറത്താണോ സഞ്ചാരം?  സംസാരം ഒന്ന് ലൈറ്റാക്കാന്‍ ഞാന്‍ ഒരു ചോദ്യമെറിഞ്ഞു.

“ഇപ്പോ കുതിരയില്ല,” ഷൗക്കത്തിന്‍റെ വാക്കുകളില്‍ ചെറിയ സങ്കടം. “റോക്കിയെ കൊടുത്തു.

ഷൗക്കത്തിന് ഇപ്പോഴും കുതിരയെ വളര്‍ത്തിയാല്‍ കൊള്ളാമെന്നൊക്കെയുണ്ട്, പക്ഷേ…

“കുറേക്കാലം കുതിരയെ വീട്ടില്‍ വളര്‍ത്തി. പിന്നെ അതിനെ ഒഴിവാക്കുകയായിരുന്നു. കുതിരയുടെ മൂത്രവും ചാണകവുമൊക്കെ ദുര്‍ഗന്ധമാണെന്നു അയല്‍ക്കാര് പറഞ്ഞതോടെ അതിനെ വിറ്റു. ഇപ്പോഴും കുതിരയെ ഇഷ്ടമാണ്. വളര്‍ത്തണമെന്നുമുണ്ട്.

“പക്ഷേ അയല്‍ക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കി ഇതൊക്കെ ചെയ്യുന്നത് ശരിയല്ലല്ലോ. വീട്ടുകാര്‍ക്കൊക്കെ ഇഷ്ടമായിരുന്നു.”


നന്മയുണ്ടെന്നു തോന്നുന്നതൊക്കെ ചെയ്യണം. പിന്നെ എതിര്‍പ്പുകളൊക്കെ ഉണ്ടെങ്കിലല്ലേ വിജയമുണ്ടാകൂ.


പാവപ്പെട്ടവരെ തന്നാലാവുംപോലെ സഹായിക്കുന്നുമുണ്ട് ഈ കോണ്‍ട്രാക്ടര്‍. പക്ഷേ, അതെക്കുറിച്ച് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു.

“അതേക്കുറിച്ചൊന്നും ആരോടും പറയാനാഗ്രഹമില്ല. ഇതൊക്കെ അല്ലേ നമ്മുടെയൊക്കെ ജീവിതത്തില്‍ ബാക്കിയുണ്ടാകൂ.

“എത്ര വലിയ കോടീശ്വരനാണെങ്കിലും പോകുമ്പോ മൂന്നു കഷ്ണം തുണിയല്ലേ വേണ്ടി വരൂ. അപ്പോപ്പിന്നെ എന്തിനാ വെറുതേ എല്ലാം കൂട്ടിവയ്ക്കുന്നത്. ഈ പ്രവൃത്തികളിലൂടെ സംതൃപ്തിയും കിട്ടുന്നുണ്ട്,” എന്ന് ഷൗക്കത്ത്.

ഭാര്യ സജ്നയും മക്കളും എല്ലാത്തിനും പിന്തുണയോടെ അദ്ദേഹത്തിന്‍റെ കൂടെയുണ്ട്.

“സജ്നയുടെ തള്ളലിലാണ് ഞാനീ കയറ്റമൊക്കെ കയറിപോകുന്നത്. അവള് തന്നെയാണ് എല്ലാത്തിന്‍റെയും കാരണക്കാരി. സജ്ന പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ ഒരു കാര്യവും നടക്കില്ലായിരുന്നു,” എല്ലാ ക്രെഡിറ്റും അദ്ദേഹം സജ്നയ്ക്ക് കൊടുക്കുന്നു.

നാലു പെണ്‍മക്കളാണ് സജ്നയ്ക്കും ഷൗക്കത്തിനും. മൂത്തയാള്‍ ഷംന‍ ടി ടി സി പഠിക്കുന്നു. ഒമ്പതാം ക്ലാസുകാരി നസ, നാലാംക്ലാസുകാരി സഫ, യുകെജിയില്‍ പഠിക്കുന്ന ഷിഫ.


ഇതുകൂടി വായിക്കാം:ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം