എന്തുകൊണ്ട് പഠിച്ചില്ലെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെക്കാരണങ്ങള്‍ ജോഷ്നയ്ക്കുണ്ടായിരുന്നു.
എന്നാല്‍ ആ ഒഴിവുകഴിവുകള്‍ പറഞ്ഞ് സ്വയം തോറ്റുകൊടുക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു.
അമ്മ അവളുടെ മനസ്സില്‍ വിതച്ച ഒരുതരി കനലുണ്ടായിരുന്നു. അത് കെടാതെ അവള്‍ മനസ്സില്‍ സൂക്ഷിച്ചു.
അമ്മ ഉഷ കൂലിവേലയെടുത്താണ് ജോഷ്നയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭര്‍ത്താവ് നേരത്തേ തന്നെ ഉപേക്ഷിച്ച് പോയിരുന്നു.
നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com
“ഒന്നു മുതല്‍ നാലാം ക്ലാസ് വരെ നാട്ടില്‍ തന്നെയാണ് പഠിച്ചത്. പിന്നെ ഹോസ്റ്റലില്‍ നിന്നും,” കോഴിക്കോട് വിലങ്ങാട് ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള ആദ്യ ഡോക്റ്ററായ ജോഷ്‌ന ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“സ്‌കൂളില്‍ പഠിക്കുമ്പോ ടീച്ചറാകണമെന്നായിരുന്നു ആഗ്രഹം. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഡോക്റ്ററാകണമെന്നു തോന്നുന്നത്.”
എന്നാല്‍ ആ മോഹം ജോഷ്‌ന ആരോടും പറയാതെ മനസ്സിലൊളിപ്പിച്ചു.
“എന്‍റെ ഈ അംബീഷനെക്കുറിച്ച് അധികമാരോടും പറഞ്ഞിട്ടില്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് മെഡിസിന് എന്‍ട്രന്‍സിന് ശ്രമിക്കുന്നതൊക്കെ എല്ലാരും അറിയുന്നത്.”
ആ സ്വപ്‌നം സത്യമാവാന്‍ രണ്ട് പൊലീസുകാരും കാരണമായി.
ഒരുപക്ഷേ അതായിരുന്നു ജോഷ്നയുടെ ജീവിതത്തിലെ വഴിത്തിരിവ്. പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴായിരുന്നു അത്.
“വളയം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്നു കോളനി വിസിറ്റിന് വരാറുണ്ടായിരുന്നു. അതൊരു പതിവായിരുന്നു. അങ്ങനെയൊരു ദിവസം, സുരേഷ് സാറും കുഞ്ഞുമോള്‍ സാറും വന്നപ്പോ എന്നെ കണ്ടു…,” ജോഷ്‌ന ആ ദിവസം ഓര്‍ക്കുന്നു.
“എന്ത് ചെയ്യുകയാണെന്നൊക്കെ ചോദിച്ചു. എന്‍ട്രന്‍സ് റിസല്‍റ്റിന് വെയ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞു.
“കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യുമെന്നായി അവര്‍. അതുകേട്ടപ്പോ കുറച്ചു സങ്കടം തോന്നി,” ജോഷ്‌ന തുറന്നുപറഞ്ഞു. “അപ്പോ ഞാന്‍ പറഞ്ഞു, വീണ്ടും എന്‍ട്രന്‍സ് എഴുതുമെന്ന്.”
ജോഷ്ന പഠിക്കാന്‍ മിടുക്കിയാണെന്ന് അറിഞ്ഞ പൊലീസുകാര്‍ ആ കൊച്ചുമിടുക്കിയുടെ സ്വപ്‌നത്തിലെത്തിപ്പിടിക്കാന്‍ സഹായവുമായി മുന്നോട്ടുവന്നു. പ്രതിബന്ധങ്ങളില്‍ തളരാതെ മുന്നോട്ടുപോവാനുള്ള ആ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നാട്ടുകാരെ അറിയിച്ചു. അവരെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
“2013-ലാണ് സുരേഷ് സാറും കുഞ്ഞുമോള്‍ സാറും കാണാന്‍ വന്നത്. ആ വര്‍ഷം തന്നെ വളയം സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരുടെ പിന്തുണയോടെ എന്‍ട്രന്‍സ് കോച്ചിങ്ങിനൊക്കെ ചേര്‍ന്നു പഠിച്ചു. ഞങ്ങളുടെ കൂട്ടര്‍ക്ക് വേണ്ടിയുള്ള ഒരു കോച്ചിങ് സെന്‍ററുണ്ടായിരുന്നു, ബ്രില്യന്‍സിന്‍റെ. അവിടെ എനിക്കും പ്രവേശനം കിട്ടി. അങ്ങനെയാണ് ചേരുന്നത്,” ജോഷ്ന തുടരുന്നു.
“എനിക്ക് പുസ്തകങ്ങള്‍ വാങ്ങാനൊക്കെ അവര് പണം നല്‍കിയിട്ടുണ്ട്. അവര്‍ മാത്രമല്ല വളയം പൊലീസ് സ്റ്റേഷനിലെ എല്ലാവരുടെയും പിന്തുണയും സഹായവുമൊക്കെയുണ്ടായിരുന്നു.
“അന്നത്തെ സിഐ സാറൊക്കെ കുറേ സഹായിച്ചിട്ടുണ്ട്.. സി ഐ സാറിന്‍റെ പേരെനിക്ക് ഓര്‍മ്മയില്ല. വളയം സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാര് എന്നെ മാത്രമല്ല ഇവിടെ എല്ലാരേം സഹായിക്കാറുണ്ട്,” എന്ന് ജോഷ്‌ന.
“എന്‍ട്രന്‍സ് ആദ്യം കിട്ടിയില്ല. വീണ്ടും ട്രൈ ചെയ്തു. ആ തവണ വിജയം എനിക്കൊപ്പമായിരുന്നു.”
പൊലീസുകാരില്‍ നിന്ന് ജോഷ്നയെപ്പറ്റിയറിഞ്ഞ നാട്ടുകാരില്‍ പലരും സഹായിക്കാന്‍ മുന്നോട്ടുവന്നു.
ഒരു നാടിന്‍റെ പിന്തുണയോടെ പഠിച്ച ജോഷ്നയ്ക്ക് 2014-ല്‍ കണ്ണൂരിലെ എം വി രാഘവന്‍ സ്മാരക ആയുര്‍വേദ കോളെജില്‍ അഡ്മിഷന്‍ കിട്ടി. മെരിറ്റ് സീറ്റിലായിരുന്നു പ്രവേശനം.
കോളെജിലെ അന്തരീക്ഷം വളരെ നല്ലതായിരുന്നുവെന്ന് ജോഷ്‌ന. ആയുര്‍വേദത്തിന് പഠിക്കുന്ന കാലത്ത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് വലിയ ആശ്വാസമായി. വര്‍ഷം 30,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത് കൊണ്ട് ഫീസും പുസ്തകങ്ങളും അടക്കമുള്ള ചെലവ് അതിലൂടെ നടന്നുപോകുമായിരുന്നുവെന്ന് ജോഷ്‌ന പറയുന്നു.
സാമ്പത്തിക പ്രയാസങ്ങള്‍ എന്നുമുണ്ടായിരുന്നു. അമ്മ ഉഷ ഒറ്റയ്ക്കാണ് എല്ലാം താങ്ങിയിരുന്നത്. കൂലിപ്പണിയെടുത്ത് മക്കളെ പഠിപ്പിക്കാന്‍ അവര്‍ പാടുപെട്ടു.
പഠിച്ച് ഉയരങ്ങളിലെത്തണമെന്നുള്ള തീ ജോഷ്നയുടെ മനസ്സില്‍ വിതച്ചത് അമ്മയാണ്. കാരണം, പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഉഷയ്ക്ക് അതിന് കഴിഞ്ഞിരുന്നില്ല. ഉഷയുടെ അച്ഛന്‍ മകളെ പഠിക്കാന്‍ വിട്ടില്ല.
“എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ നന്നായി പഠിക്കണ”മെന്ന് ആ അമ്മ മക്കളോട് പതിവായി പറഞ്ഞിരുന്നു.
കഷ്ടപ്പാടുകള്‍ക്കിടയിലും ഈ വാക്കുകള്‍ ജോഷ്നയ്ക്ക് പഠിക്കാനുള്ള ഊര്‍ജ്ജം നല്‍കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞ സമയമുണ്ടായിട്ടില്ല. എങ്കിലും അതിനെ അതിജീവിക്കാന്‍ ആ അമ്മയ്ക്കും മകള്‍ക്കുമായി.
എല്‍പി, യുപി സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് നടന്നാണ് ജോഷ്ന പോയിരുന്നതും തിരിച്ച് വന്നിരുന്നതും. ബസ് സര്‍വീസ് ഇല്ലായിരുന്നു. അതുകൊണ്ട് ഏഴ് കിലോമീറ്ററോളം അവര്‍ നടന്നാണ് സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നത്. ഹൈസ്കൂളിലെത്തിയപ്പോഴാണ് അതിനൊരു മാറ്റം വന്നത്.
യു പി കഴിഞ്ഞപ്പോള്‍ ജോഷ്നയെ കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളില്‍ ചേര്‍ത്തു. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള ഹോസ്റ്റലില്‍ നിന്നായിരുന്നു പിന്നീടുള്ള പഠനം.
സാധാരണ ട്രൈബല്‍ സ്‌കൂളുകളിലാണ് ആദിവാസി മേഖലയില്‍ നിന്നുമുള്ള കുട്ടികളെ പഠിപ്പിക്കാറുള്ളത്. അവിടത്തെ ഹോസ്റ്റലില്‍ നിര്‍ത്തുകയും ചെയ്യും. എന്നാല്‍ ജോഷ്നയ്ക്ക് കാരപ്പറമ്പ് പോലുള്ള ഒരു പൊതുസ്‌കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് വലിയ പ്രയോജനം ചെയ്തു. മുന്നില്‍ തുറന്ന് കിടക്കുന്ന അവസരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു. കൂടെയുള്ളവരുടെ ഒപ്പം ഓടിയെത്താന്‍ ജോഷ്ന നന്നായി ശ്രമിക്കുകയും ചെയ്തു.
നാടിനും സമൂഹത്തിനും ഒരു മാതൃകയാവണമെന്ന മോഹം അപ്പോഴൊക്കെയും ആ മനസ്സിലുണ്ടായിരുന്നു, അവസരങ്ങളൊന്നും പാഴാക്കാനാവില്ലെന്ന തോന്നലും.
“ഞങ്ങളുടെ നാട്ടിലെ ആരും ചെയ്യാത്തത് ചെയ്യണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. പിന്നെ, എല്ലാവരും റെസ്‌പെക്റ്റ് ചെയ്യുന്ന പ്രൊഫഷന്‍ കൂടിയാണല്ലോ,” ഡോക്റ്ററാവാനുള്ള ആഗ്രഹം മനസ്സില്‍ കയറിക്കൂടാനുള്ള കാരണം ജോഷ്‌ന തുറന്നുപറയുന്നു. “മെഡിസിന് കിട്ടുക ടഫ് ആണ്. പക്ഷേ എങ്ങനെയെങ്കിലും ഡോക്റ്ററാകണമെന്നു വാശിയായിരുന്നു.”
ഇതുകൂടി വായിക്കാം: കൂട്ടുകാരന്‍റെ പെങ്ങളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമുണ്ടാക്കാന്‍ തട്ടുകടയിട്ട കോളെജ് വിദ്യാര്‍ത്ഥികള്‍
ഉറച്ച തീരുമാനവും നാട്ടുകാരുടെ പിന്തുണയും കൂടിയായപ്പോള്‍ ജോഷ്‌ന ലക്ഷ്യം നേടുക തന്നെ ചെയ്തു.
“ഡോക്റ്ററായെന്ന് അറിഞ്ഞതില്‍ അവര് (വളയത്തെ പൊലീസുകാര്‍) ഹാപ്പിയാണ്… സുരേഷ് സാറിപ്പോഴും വളയം സ്റ്റേഷനിലുണ്ട്. കുഞ്ഞുമോള്‍ സാര്‍ സ്ഥലം മാറിപ്പോയി. സുരേഷ് സാറും കുഞ്ഞുമോള്‍ സാറുമൊക്കെയായി ഇന്നും കോണ്‍ടാക്റ്റ് ഉണ്ട്. അവരെന്നെ വിളിക്കാറൊക്കെയുണ്ട്. സാമ്പത്തികമായൊക്കെ സഹായിക്കാറുമുണ്ട്,” ജോഷ്‌ന പറഞ്ഞു.
“കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്‍റേണ്‍ഷിപ്പിന് ചേര്‍ന്നത്. ഇതുകഴിഞ്ഞ് പിജിയ്ക്ക് ചേരണം. അധ്യാപികയാകണം. ഡോക്റ്ററായും പ്രവര്‍ത്തിക്കണം. ഒപ്പം സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം,” ജോഷ്‌ന ആ സന്തോഷം പങ്കുവെച്ചു, ഒപ്പം ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങളും.
സമൂഹം തന്ന പിന്തുണയും സഹായവും തിരിച്ച് നല്‍കുകയാണ് ഇപ്പോള്‍ ജോഷ്ന. “ആദിവാസിക്കുട്ടികളെ മെന്‍റര്‍ ചെയ്യുന്നതിന് ആരുമില്ല,” അവര്‍ പറയുന്നു.
അതിനാല്‍ ഈ കുട്ടികളെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും അവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആ വഴിയിലേക്ക് നയിക്കുകയും ചെയ്യുകയാണ്. പഠന കാലത്തുതന്നെ അതിനുള്ള ശ്രമങ്ങള്‍ ജോഷ്ന തുടങ്ങിയിരുന്നു.
“മൂന്നുനാലു മാസം വെക്കേഷനുണ്ടായിരുന്നല്ലോ. ആ ദിവസങ്ങളിലാണ് നാട്ടിലെ കുട്ടികളെ പഠിപ്പിക്കുന്നത്. അവധി ദിവസങ്ങളിലാണ് ഇവരെ പഠിപ്പിച്ചത്. ശനിയും ഞായറുമൊക്കെ. പൊതുവേ സമൂഹവുമായി ഇടപെടാന്‍ അവര്‍ക്ക് സാധിക്കാറില്ല. കുട്ടികള്‍ക്ക് ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടാകാറുണ്ട്,” ജോഷ്‌ന വിശദമാക്കുന്നു.
“പിന്നെ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ പ്ലസ് ടുവിന് ഇംഗ്ലിഷ് മീഡിയത്തിലൊക്കെ പഠിച്ചവര്‍ക്കൊപ്പമല്ലേ പഠിക്കേണ്ടത്. അവര്‍ക്ക് ഇംഗ്ലിഷ് ഒരു പ്രശ്‌നമാകരുത്. ഇങ്ങനെയൊക്കെ അവര്‍ക്ക് ബുദ്ധിമുട്ടെന്നു തോന്നുന്നതിനൊക്കെ കുറിച്ച് സംസാരിക്കുകയായിരുന്നു ആ ക്ലാസുകളില്‍. എല്‍ പി സ്‌കൂളുകളിലെ 20-ലേറെ കുട്ടികളാണ് ക്ലാസിലെത്തിയിരുന്നത്.”
“ഞങ്ങളുടെ സമൂഹത്തിലെ പാതിവഴിയില്‍ പഠനം നിറുത്തുന്നവരെ സഹായിക്കാനാണ് മറ്റൊരു ശ്രമം. അവരെ വീണ്ടും പഠിക്കാനുള്ള സഹാചര്യത്തിലെത്തിക്കാനാണിപ്പോള്‍ ശ്രമിക്കുന്നത്,” ജോഷ്‌ന തുടരുന്നു.
ജോഷ്‌നയുടെ അനിയന്‍ ജിഷ്ണു എട്ടാം ക്ലാസിലും, അനിയത്തി ജിഷ്ണ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.
“അമ്മയും ജിഷ്ണുവും ജിഷ്ണയുമൊക്കെ ഹാപ്പിയാണ്. അമ്മയ്‌ക്കൊക്കെ സാധിക്കാതെ പോയതാണ് വിദ്യാഭ്യാസമൊക്കെ. മക്കളിലൂടെ അവര് അതൊക്കെ നേടുകയാണ്,” എന്ന് വിലങ്ങാടിന്‍റെ യുവ ഡോക്റ്റര്‍ പറയുമ്പോള്‍ അത് ഒരു കുടുംബത്തിന്‍റെ മാത്രം നേട്ടമല്ല. അവിടെ വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവിയിലേക്കുള്ള നോട്ടം കൂടിയാണ്.
***
ജോഷ്‌നയ്ക്ക് ദ് ബെറ്റര്‍ ഇന്‍ഡ്യയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ എല്ലാ പിന്തുണയും നല്‍കിയ നാട്ടുകാര്‍ക്കും, വളയത്തെ പൊലീസുകാര്‍ക്കും നിറയെ സ്‌നേഹം.
***
(With inputs from ടി എസ് നൗഫിയ )
ഇതുകൂടി വായിക്കാം: ‘ഞാനിപ്പോ ഇറങ്ങിട്ടുണ്ട്, നമ്മുടെ ആളുകളെ ഒന്നാക്കാന്‍’: കൊറഗരിലെ ആദ്യ എം.ഫില്‍ ബിരുദധാരി ഇനി വംശമറ്റുകൊണ്ടിരിക്കുന്ന പ്രാക്തനഗോത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.