ഇവരല്ലേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍!? മീന്‍ പിടിച്ചും വാര്‍ക്കപ്പണിയെടുത്തും ഡ്രൈവിങ് പഠിപ്പിച്ചും കുടുംബത്തെ താങ്ങിനിര്‍ത്തിയ താഹിറയുടെ അസാധാരണമായ ജീവിതം സിനിമയായപ്പോള്‍ 

താഹിറ ജീവിതത്തില്‍ ആദ്യമായി തിയെറ്ററില്‍ പോയി സിനിമ കണ്ടതും വിമാനത്തില്‍ കയറിയതും ഡല്‍ഹിയിലും ചെന്നൈയിലും മൈസൂരിലേക്കുമൊക്കെ പോയതും ഈയൊരു സിനിമ കാരണമാണ്.

“ഈ പണി ആ പണി എന്നൊന്നും ഇല്ല. എന്നെകൊണ്ട് പറ്റുന്ന എല്ലാ പണിയുമെടുക്കും. അതിപ്പോ പെണ്ണുങ്ങള്‍ ചെയ്യുന്നതാണോ ആണുങ്ങള് ചെയ്യോ എന്നൊന്നും നോക്കാറില്ല,” ഷര്‍ട്ടും പാവാടയും തലയിലൊരു തട്ടവുമൊക്കെയിട്ട് ചിരിയോടെ താഹിറ പറയുന്നു.

ജീവിതം തള്ളിനീക്കാന്‍ വേറെ വഴിയൊന്നുമില്ലാതായപ്പോള്‍ ചെറുപ്രായത്തില്‍ ചെമ്മീന്‍ കിള്ളാന്‍ പോയിത്തുടങ്ങിയതാണ് താഹിറ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചുങ്കത്ത് വീട്ടില്‍ മുഹമ്മദുണ്ണിയുടെയും ബീപാത്തുവിന്‍റെയും ആറു പെണ്‍മക്കളില്‍ നാലാമത്തെയാള്‍.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com

“ഏഴാം ക്ലാസ് വരെ പഠിക്കാന്‍ പോയൊള്ളൂ. പിന്നെ ഉമ്മാടെ കൂടെ ചെമ്മീന്‍ ഫാക്റ്ററിയിലേക്ക്. ഉമ്മാടെ കൂട്ടുകാരി ഒരു ആമിനുമ്മയുണ്ട്… അവരാണെനിക്ക് ചെമ്മീന്‍ തൊണ്ട് കളഞ്ഞ് വൃത്തിയാക്കാനൊക്കെ പഠിപ്പിച്ചു തന്നത്. പിന്നെപ്പിന്നെ അതെനിക്ക് ശീലമായി.”

താഹിറ

താഹിറ പശുക്കളെ വളര്‍ത്തി, വാര്‍ക്ക പണിക്കും  ടൈല്‍ പണിക്കും പോയി, മീന്‍ പിടിക്കാനും പുല്ലുവെട്ടാനും പോയി… പിന്നെ സ്കൂട്ടറും കാറുമൊക്കെ ഓടിക്കാന്‍ പഠിപ്പിച്ചു കൊടുത്തു. കുടുംബശ്രീയിലും ചേര്‍ന്നു. ജീവിക്കാനുള്ള ഇത്തിരി പണമുണ്ടാക്കുനുള്ള പാച്ചിലായിരുന്നു.

“എന്‍റെ ഉപ്പാനേം ഉമ്മാനേം ഇത്തമാരേം അനിയത്തിമാരേം നോക്കാന്‍ ഞാന്‍ പണിക്ക് പോണമായിരുന്നു. വിശപ്പിനും കഷ്ടപ്പാടുകള്‍ക്കും മുന്നില്‍പ്പെട്ടാല്‍ വെറുതേയിരിക്കാന്‍ പറ്റില്ലല്ലോ,” എന്ന് താഹിറ (41) ദ്  ബെറ്റര്‍ ഇന്‍ഡ്യയോട്…

പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഉപ്പാനെ സഹായിക്കാന്‍, വീട്ടിലുള്ളവരെ സംരക്ഷിക്കാന്‍ ജോലിക്ക് പോയവളാണ് താഹിറ. ഇന്ന് താഹിറയുടെ ജീവിത സമരം ഒരു സിനിമയായി, അതില്‍ അവര്‍ തന്നെ നായികയായി സ്വന്തം ജീവിതം അവതരിപ്പിക്കുന്നു.

സിദ്ധീഖ് പറവൂരാണ് താഹിറ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

താഹിറ ജീവിതത്തില്‍ ആദ്യമായി തിയെറ്ററില്‍ (കൊടുങ്ങല്ലൂരിലെ ശില്‍പി തിയ്യേറ്ററില്‍) പോയി സിനിമ കണ്ടതും  വിമാനത്തില്‍ കയറിയതും ഡല്‍ഹിയിലും ചെന്നൈയിലും മൈസൂരിലേക്കുമൊക്കെ പോയതും ഈയൊരു സിനിമ കാരണമാണ്.

“സിനിമകളെ ഇഷ്ടപ്പെടുന്ന, തിയെറ്റില്‍ പോയി എല്ലാ സിനിമകളും കണ്ടിരുന്ന വാപ്പയുടെ മകളാണ്. പക്ഷേ, ഞങ്ങളാരും തിയെറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല,” താഹിറ പറയുന്നു. “അതിനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നു.”

താഹിറ എന്ന സിനിമയാണ് അതിന് അവസരമൊരുക്കിയത്. ഡല്‍ഹിയിലും ചെന്നൈയിലും തിരുവനന്തപുരത്തുമൊക്കെ പ്രത്യേക സദസ്സുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എങ്കിലും തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനായിട്ടില്ല. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറപ്രവര്‍ത്തകരുമൊക്കെ.

“സാധാരണക്കാരിയായ പെണ്ണിന്‍റെ ജീവിതമാണ് ഈ സിനിമ. ഞങ്ങ പാവപ്പെട്ടവരല്ലേ. കാശു കിട്ടിയിട്ട് കളിക്കാനുള്ള കപ്പാസിറ്റിയില്ല,” താഹിറ പറയുന്നു.

സംവിധായകന്‍ സിദ്ധീഖ് പറവൂര്‍ (ഇടത്തുനിന്ന് ആദ്യം), താഹിറയുടെ ഉമ്മ, താഹിറ, രാജു കാതിയാളം

ടാക്സ് ഇളവ് നേടി തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

“അങ്ങനെ കേരളത്തിലെ എല്ലാ തിയെറ്ററുകളിലും എത്തിക്കണം ഈ സിനിമ. ഉമ്മാനേം ഇത്തമാരേയും അനിയത്തിമാരുമൊക്കെയായി തിയെറ്റില്‍ പോയി താഹിറ കാണണമെന്നാണ് ആഗ്രഹം,” താഹിറ തുടരുന്നു.

“എന്‍റെ ജീവിതം സിനിമയായി.. ഞാന്‍ തന്നെ അഭിനിയിക്കുകയും ചെയ്തു. ഇതൊരു ഭാഗ്യമല്ലേ. സങ്കടങ്ങളും പ്രാരാബ്ദങ്ങളുമൊക്കെ നിറഞ്ഞ ജീവിതമായിരുന്നല്ലോ. വിശപ്പും ദാരിദ്രവുമൊക്കെ അറിഞ്ഞും സഹിച്ചുമൊക്കെ ജീവിച്ച എനിക്ക് കിട്ടിയ വലിയ ഭാഗ്യമാണിത്.”

“ഇനി സിനിമയില്‍ അഭിനയിക്കാനൊന്നും ഞാനില്ല. ഇതിപ്പോ എന്‍റെ തന്നെ ജീവിതമായിരുന്നല്ലോ അതുകൊണ്ട് ചെയ്തതാണ്. …ആരുടെയും മുന്നില്‍ കൈനീട്ടാതെ ജോലിയെടുത്ത് ജീവിക്കണം.” അത്രേയുള്ളൂവെന്ന് ഏറിയാട് പഞ്ചായത്തിലെ സ്നേഹ കുടുംബശ്രീയിലെ അംഗം കൂടിയായ താഹിറ പറയുന്നു.

സംവിധായകന്‍ സിദ്ധീഖ് പരവൂറിനും നടന്‍ രാജു കാതിയാളത്തിനുമൊപ്പം താഹിറ

“ഏഴാം ക്ലാസില്‍ പഠിക്കുമ്പോ ഇത്തമാരെ പോലും ഞാനും അതൊക്കെ അവസാനിപ്പിച്ചു. മൂന്നു ഇത്തമാരും രണ്ട് അനിയത്തിമാരുമാണെനിക്ക്. സക്കീനയും ഉമൈബയും ജാസ്മിനുമാണ് ഇത്തമാര്. ഷെമീറയും നദീറയുമാണ് അനുജത്തിമാര്‍.

“ഞങ്ങളെയൊക്കെ സ്കൂളില്‍ വിടാനുള്ള പ്രായമായപ്പോ തന്നെ ഉമ്മേം വാപ്പേം സ്കൂളില്‍ ചേര്‍ത്തായിരുന്നു. പക്ഷേ പിന്നെയുള്ള ചെലവൊക്കെയാണ് വലിയ പാട്. ഞങ്ങള്‍ക്ക് അഞ്ചും ഏഴും പത്തും വരെയൊക്കെ സ്കൂളില്‍ പോകാന്‍ സാധിച്ചുള്ളൂ.

“വാപ്പായ്ക്ക് മീന്‍ പിടിച്ചു കിട്ടുന്ന വരുമാനം കൊണ്ടു വീട്ടിലെ കാര്യങ്ങള്‍ പോലും നടത്തി കൊണ്ടുപോകാനാകില്ലായിരുന്നു,” എന്ന് താഹിറ. കൂടാതെ കടങ്ങളും. “ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെങ്ങനെയാ സ്കൂളിലേക്ക് വിടുന്നത്?”

എങ്കിലും അനിയത്തിമാരിലൊരാളെ പഠിപ്പിച്ച് ടീച്ചറാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം താഹിറ മറച്ചുവെയ്ക്കുന്നില്ല.

താഹിറയുടെ ബാപ്പ പത്താം വയസ് തൊട്ട് മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്. “വാപ്പയുടെ ഉമ്മ 19 മക്കളെ പ്രസവിച്ച സ്ത്രീയാണ്. അതില്‍ പത്തു പേരെ മാത്രമേ ജീവനോടെ കിട്ടിയുള്ളൂ.

“കൂട്ടത്തില്‍ മൂത്തയാളാണ് എന്‍റെ വാപ്പ. വാപ്പയാണ് അനിയന്‍മാരെയൊക്കെ നോക്കിയതും. ഞങ്ങള് മക്കളെ നോക്കേണ്ട സമയമായപ്പോഴേക്കും വാപ്പയ്ക്ക് അതിനുള്ള ആരോഗ്യം ഇല്ലാതെയായി.

ചെന്നൈയില്‍ താഹിറയെ ആദരിച്ചപ്പോള്‍

“അനിയന്‍മാരെയൊക്ക ആളല്ലേ നോക്കിയത്. അവര്ക്ക് വേണ്ടി വാപ്പ ഓരോന്നു ചെയ്തു. നമ്മളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. അതിന് സങ്കടമൊന്നുമില്ല. ആരു നോക്കീല്ലേലും കുഴപ്പമില്ല. പടച്ചോന്‍ ആരോഗ്യം നല്‍കുന്ന കാലത്തോളം ജോലി ചെയ്തു ജീവിക്കും. ആരെയും ആശ്രയിക്കാതെ, ബുദ്ധിമുട്ടിക്കാതെ.” ആ ഒരു ധൈര്യവും മനക്കരുത്തുമാണ് താഹിറയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ചെമ്മീന്‍ പീലിങ്ങ് ഷെഡില്‍ ജോലിക്ക് പായിത്തുടങ്ങിയ താഹിറ പിന്നീട് പശുവിനെ വാങ്ങിച്ചു. പാല് വില്‍ക്കാന്‍ സൈക്കിള്‍ വാങ്ങി, പിന്നെ ഒരു പഴയ സ്കൂട്ടറും. ജീവിതം മുന്നോട്ട് നീക്കാന്‍ ഓടിനടന്ന് ജോലികള്‍…അതിന്‍റെ സ്പീഡിനൊത്ത് പായാനാണ് സൈക്കിളിലേക്കും സ്കൂട്ടറിലേക്കുമെത്തുന്നത്.

“12 പശുക്കളൊക്കെയുണ്ടായിരുന്നു, ഇതായിരുന്നു ഞങ്ങളുടെ ഉപജീവനമാര്‍ഗം. ഒരൊറ്റ പശുവില്‍ നിന്നാണ് ഇത്രയം എണ്ണം പശുവിലേക്ക് എത്തിയത്. എന്നും വെളുപ്പിന് നാലു മണിക്കൊക്കെ എഴുന്നേല്‍ക്കണം.

“പശുവിനെ കറക്കാനും മറ്റും ഉമ്മയെ സഹായിക്കണം. പിന്നെ ആ കറന്നെടുത്ത പാലു കൊടുക്കാന്‍ പോകണം. അഴീക്കോട് ജെട്ടി, പടന്ന ഇവിടേക്കാണ് പോകുന്നത്. ഇതിനിടയില്‍ സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങിയിരുന്നു.

“ആ സൈക്കിള്‍ ഓടിക്കാന്‍ തനിയെ പഠിച്ചു. 12 കിലോമീറ്റര്‍ അകലത്തിലൊക്കെയുള്ള വീടുകളില്‍ ഈ സൈക്കിളും ചവിട്ടി പാലു കൊടുക്കാന്‍ പോയിട്ടുണ്ട്.

“ഞാനിങ്ങനെ സൈക്കിളും ചവിട്ടി നടക്കുന്നത് കണ്ട് പലരും കളിയാക്കിയിട്ടുമുണ്ട്. … സൈക്കിളില്‍ നിന്നൊക്കെ കുറേ ഉരുണ്ട് വീണിട്ടുണ്ട്. കുറേക്കാലം സൈക്കിളിലായിരുന്നു സഞ്ചാരം. കുറേ കളിയാക്കലുകളും പുച്ഛിക്കലുമൊക്കെ നേരിട്ടിട്ടുമുണ്ട്.” പാല്‍ വിതരണത്തിന് ശേഷമാണ് ചെമ്മീന്‍ പീലിങ്ങിന് പോയിരുന്നത്.

പിന്നീടാണ് സ്കൂട്ടര്‍ വാങ്ങുന്നത്. അതും തനിയെ ഓടിച്ചു പഠിച്ചു.

“ഒരു സെക്കന്‍റ്ഹാന്‍റ് സ്കൂട്ടറാണ്. അതല്ലേ വാങ്ങാന്‍ പറ്റൂ. ഇതും തന്നെയാണ് ഓടിച്ച് പഠിച്ചത്. അന്നൊക്കെ വീട്ടില്‍ മാമമാരോ കൊച്ചാപ്പമാരോ ഒക്കെ വരുന്നത് സ്കൂട്ടറിലാണ്.


ഇതുകൂടി വായിക്കാം: “അതുങ്ങളാണെന്‍റെ എല്ലാം”: രോഗിയായ അമ്മയെ നോക്കാന്‍, അനിയത്തിയെ പഠിപ്പിക്കാന്‍ ഒരു ട്രാന്‍സ് വനിതയുടെ ഒറ്റയവള്‍പ്പോരാട്ടം


“അവര് വണ്ടി പുറത്തുവെച്ചിട്ട് അകത്തേക്ക് കയറി വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോഴേക്കും, ഞാനിറങ്ങി വണ്ടിയെടുത്തിട്ടുണ്ടാകും. കുറച്ചുനേരം വണ്ടിയോടിച്ച് നോക്കും. ഇങ്ങനെയൊക്കെയാ പഠിച്ചത്,”  താഹിറ ചിരിക്കുന്നു.

സ്കൂട്ടറോടിക്കാന്‍ പഠിച്ച താഹിറ അവിടെയും നിന്നില്ല. അധികം വൈകാതെ കാറോടിക്കാനും പഠിച്ചു.

“പണ്ടൊക്കെ ഞാന്‍ വണ്ടിയെടുത്ത് റോഡിലൂടെ പോകുമ്പോ, വണ്ടി ഹോണ്‍ അടിച്ചാല്‍ പോലും മുന്നില്‍ നിന്നു മാറി നടക്കാതെ പോകുന്നവരുണ്ട്. മാറാതെ പോയവരെ ഇടിക്കാനും പോയിട്ടുണ്ട്.

“ആള്‍ക്കാര്ക്ക് പെണ്ണായ ഞാന്‍ വണ്ടിയോടിക്കുന്നതിനോടുള്ള എതിര്‍പ്പാണ്. ഞങ്ങളുടെ നാട്ടില്‍ ആദ്യമായിട്ട് സൈക്കിളോടിച്ച, സ്കൂട്ടറോടിച്ച പെണ്ണ് ഞാനല്ലേ. അവര് മനസിലുള്ളതു വണ്ടിക്ക് മുന്നില്‍ നിന്നും കളിയാക്കിയും പ്രകടിപ്പിച്ചു അത്രേയുള്ളൂ.

“പക്ഷേ ഇപ്പോ, പണ്ട് എന്നെ കളിയാക്കിയിരുന്നവരുടെ ഭാര്യമാരും പെണ്‍മക്കളുമൊക്കെ വണ്ടിയോടിക്കുന്നുണ്ട്‍ട്ടോ. അതു വേറെ കാര്യം,” താഹിറ ചിരിക്കുന്നു.

അങ്ങനെയൊരു പാല്‍വിതരണത്തിനിടയിലാണ് താഹിറയെ സംവിധായകന്‍ സിദ്ദീഖ് പറവൂര്‍ കാണുന്നത്.

“എറണാകുളം പറവൂരുകാരനാണ് ഞാന്‍. പക്ഷേ പത്തിരുപത് വര്‍ഷമായി കൊടുങ്ങല്ലൂരിലാണ് താമസം. ഇവിടെ ഒരു പെണ്‍കുട്ടി പാല്‍ കൊണ്ട് വണ്ടിയില്‍ പോകുന്നതൊക്കെ കണ്ടിട്ടുണ്ട്,” സിദ്ദീഖ് പറവൂര്‍ ടി ബി ഐ-യോട് പറയുന്നു.

“അതു കണ്ടപ്പോ ഒരു കൗതുകം തോന്നി. അങ്ങനെയാണ് താഹിറയെക്കുറിച്ച് അന്വേഷിക്കുന്നത്. പൊതുവേ നമ്മളൊന്നും കേള്‍ക്കാത്ത രീതിയിലുള്ള കഥയാണ് കേട്ടത്,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് താഹിറയുടെ പ്രദര്‍ശനത്തിന് ശേഷം

ഇംഗ്ലീഷ് പഠിക്കണം എന്നത് താഹിറയുടെ വലിയൊരു ആഗ്രഹമായിരുന്നു. പലയിടതത്തുനിന്നായി കുറേയൊക്കെ പഠിച്ചെടുക്കുകയും ചെയ്തു. ഇപ്പോ കുറച്ചൊക്കെ ഇംഗ്ലിഷില്‍ സംസാരിക്കാനറിയാമെന്ന് താഹിറ അഭിമാനത്തോടെ പറയുന്നു.

ഡ്രൈവിങ്ങൊക്കെ പഠിച്ചതിന് ശേഷം അടുത്തുള്ള ഡ്രൈവിങ് സ്കൂളില്‍ പഠിപ്പിക്കാന്‍ പോയി. പിന്നീട് സ്വന്തം വണ്ടിയില്‍ ആളുകളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ തുടങ്ങി.

“പഠിച്ച് ലൈസന്‍സ് നേടിയിട്ടും കാറു കൊണ്ട് റോഡിലേക്ക് ഇറങ്ങാന്‍ പേടിക്കുന്നവരില്ലേ. അവര്‍ക്കാണ് കൂടുതലും പരിശീലനം നല്‍കുന്നത്.

“അവരുടെ വാഹനങ്ങളില്‍ തന്നെ പഠിപ്പിക്കും. ധൈര്യത്തോടെ സ്കൂട്ടറും കാറുമായി റോഡിലേക്കിറങ്ങാന്‍ പ്രാപ്തരാക്കിയെടുക്കും. അല്ലാത്തവരെയും പഠിപ്പിച്ചിട്ടുണ്ട്. അതിനെന്‍റെ കാറാണ് ഉപയോഗിക്കുന്നത്. മാരുതി 800 ആണെനിക്കുള്ളത്.

“ഒരു പണി ഇല്ലെങ്കില് വേറെ പണിക്ക് ഇറങ്ങും. അത്ര തന്നെ. വെറുതേ വീട്ടില്‍ ഇരിക്കില്ല. അങ്ങനെയാണ് ഡ്രൈവിങ്ങും പഠിപ്പിക്കുന്നത്. ചെമ്മീന്‍ കമ്പനിയൊക്കെ പൂട്ടിയതു കൊണ്ട് പഴയ പീലങ്ങ് ജോലിയില്ല.

“ഡ്രൈവിങ്ങും കൈക്കോട്ടു പണിയും തൊഴിലുറപ്പ് പണിയും കല്‍പ്പണിയും ടൈലു പണിയും വീടുകളിലെ അടുക്കള കബോര്‍ഡ് നിര്‍മാണം… ഇങ്ങനെ എന്നെക്കൊണ്ട് പറ്റുന്ന എല്ലാ പണിയും ചെയ്യാറുണ്ട്,” താഹിറ തുടര്‍ന്നു.

“കടങ്ങള്‍ ഇനിയുമുണ്ട്. വീട് വെച്ചതിന്‍റെയൊക്കെ കടം ഇങ്ങനെ കിടക്കുവല്ലേ. മൂന്നാലു ലക്ഷം രൂപയുടെ കടമുണ്ടെനിക്ക്,” ചിരിയോടെ താഹിറ പറഞ്ഞു.

ഐ എം യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍ താഹിറയെ വീട്ടിലെത്തി ആദരിച്ചപ്പോള്‍

സിനിമയിലേക്ക്

താഹിറയെക്കുറിച്ച് കേട്ടറിഞ്ഞപ്പോഴേ സംവിധായകന്‍ സിദ്ധീഖ് പറവൂരിന് അവരെക്കുറിച്ചറിയാന്‍ കൂടുതല്‍ കൗതുകമായി.

“വെറുതേ അന്വേഷിച്ചുവെന്നേയുള്ളൂ. ഇങ്ങനെയൊരു സിനിമ എടുക്കണമെന്ന ചിന്തയൊന്നും മനസില്‍ ഇല്ലായിരുന്നു,” അദ്ദേഹം ഓര്‍ക്കുന്നു. “അങ്ങനെയൊരു ദിവസം വീണ്ടും താഹിറയെ കണ്ടു, ഏതാണ്ട് ആറും മാസം പ്രായമുള്ളൊരു കുഞ്ഞിനെയും കൈയിലെടുത്ത് സ്കൂട്ടര്‍ ഓടിച്ചു പോകുന്ന താഹിറ… അതുകണ്ടപ്പോ വീണ്ടും അത്ഭുമായി.

“ഇതൊരു പത്ത് വര്‍ഷം മുന്‍പത്തെ കാര്യമാണ്. ഞാന്‍ സിനിമാലോകത്തിലേക്ക് വന്നു തുടങ്ങിയിട്ടേയുള്ളൂ.”

അദ്ദേഹം വീണ്ടും താഹിറയെക്കുറിച്ച് അന്വേഷിച്ചു.

“ജീവിതത്തില്‍ കുറേ സങ്കടങ്ങളൊക്കെയുണ്ടായെങ്കിലും ഒരു നിരാശയും ഇവര്‍ക്കില്ല. അതെന്നെ കൂടുതല്‍ ആകര്‍ഷിച്ചു,” സംവിധായകന്‍ പറയുന്നു.

“എന്നോട് സിനിമാക്കാര്യം പറയും മുന്‍പേ കാറോടിക്കാന്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചാണ് (സിദ്ധീഖ് പറവൂര്‍) ആദ്യമായി പറയുന്നത്,” എന്ന് താഹിറ കൂട്ടിച്ചേര്‍ക്കുന്നു.

ശില്‍പി തിയെറ്ററില്‍ നിന്നു ‘താഹിറ’ കണ്ട് ഇറങ്ങിയപ്പോള്‍

“ആരുടെയോ കൈയില്‍ നിന്ന് എന്‍റെ നമ്പറൊക്കെയെടുത്ത് സാര്‍ എന്നെ വിളിച്ചു. എന്നിട്ട് ചോദിച്ചു, ‘എന്‍റെ മോള്‍ക്ക് കാറോടിക്കാന്‍ പ്രാക്റ്റീസ് കൊടുക്കുമോ.’ ഇങ്ങനെയൊക്കെ ആളുകള്‍ വിളിക്കുന്നത് പതിവല്ലേ. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. സംവിധായകനാണ് വിളിച്ചത് എന്നും പോലും അറിയില്ലായിരുന്നു,”  എന്ന് താഹിറ തുറന്നുപറഞ്ഞു.

താഹിറയോട് പറയും മുന്‍പേ തന്നെ സിദ്ധീഖ് പറവൂര്‍ സിനിമയ്ക്കായുള്ള പണികള്‍ തുടങ്ങിവെച്ചിരുന്നു. ഇത്തിരി സിനിമാറ്റിക്ക് ആക്കാന്‍ വേണ്ടി ഒരു നായകനെയുമൊക്കെ വെച്ച് കഥ ഇത്തിരി പൊലിപ്പിച്ചു.

“നായകനെ അന്വേഷിച്ചു തുടങ്ങിയെങ്കിലും താഹിറയോട് സിനിമയുടെ കാര്യം പറഞ്ഞിരുന്നില്ല. ശരിക്കും പേടിയായിരുന്നു.. താഹിറ എന്താകും പറയുന്നതെന്നു ഒരു പിടിയും ഇല്ലായിരുന്നു,”  എന്ന് സംവിധായകന്‍.

“താഹിറയെ കാണാന്‍ പോകുമ്പോ, അവര് പറമ്പില്‍ പുല്ല് കിളച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ടപ്പോ ഞാന്‍ പറഞ്ഞു, മോള്‍ക്ക് ഡ്രൈവിങ്ങില്‍ പരിശീലനം കൊടുക്കണമെന്ന്.

പുതിയ വീട്ടില്‍ ഉമ്മയ്ക്കൊപ്പം താഹിറ

“അതിനെന്താ കുഴപ്പമില്ല എപ്പോ വേണേലും വരട്ടെയെന്നാ പറഞ്ഞത്. അപ്പോഴും സിനിമയെടുക്കണ കാര്യത്തെക്കുറിച്ച് പറയാന്‍ പേടിയായിരുന്നു. ഒന്ന് രണ്ട് ആഴ്ചത്തെ പണിയുണ്ടല്ലോ വരാന്‍ പറ്റോ എന്നു താഹിറയോട് ചോദിച്ചപ്പോ തന്നെ അതിനെന്താ വരാല്ലോ എന്നായി.”

“അങ്ങനെയൊരു ദിവസം നേരില്‍ കണ്ടു സംസാരിച്ചപ്പോ, അഭിനയിക്കാന്‍ പറ്റോന്ന്  അദ്ദേഹം ചോദിച്ചു,” താഹിറ കൂട്ടിച്ചേര്‍ക്കുന്നു. “മറുപടി പറയാന്‍ ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. സിനിമയിലൊന്നും അഭിനയിക്കാന്‍ പറ്റില്ലെന്നു തുറന്നു പറഞ്ഞു.”

അഭിനയിക്കുകയൊന്നും വേണ്ട താഹിറ ജീവിക്കുന്ന പോലെ ചെയ്താല്‍ മതി എന്നായി സിദ്ധീഖ് പറവൂര്‍.   “ഞങ്ങള്‍ പറഞ്ഞു തരുന്ന പോലെയൊക്കെ ചെയ്താ മതി. അതുകേട്ടപ്പോ എന്നാ നോക്കാം എന്ന് താഹിറ. പക്ഷേ അപ്പോഴും ഇതു താഹിറയുടെ ജീവിതം പറയുന്ന കഥയാണെന്ന് അവര്‍ക്കറിയില്ല. വീട്ടിലേക്ക് വരാന്ന് പറഞ്ഞ് മടങ്ങി.”

“പിന്നെയൊരു ദിവസം വീട്ടില്‍ പോയി, താഹിറയുടെ ജീവിതം തന്നെയാണ് സിനിമയാക്കുന്നതെന്നു കേട്ടപ്പോ  ആള്‍ക്ക് ഭയങ്കര താത്പ്പര്യമായി,” അദ്ദേഹം സിനിമയ്ക്ക് പിന്നിലെ കഥ പറയുന്നു.

“താഹിറയ്ക്ക് പകരം മറ്റൊരാളെ അഭിനയിപ്പിക്കാന്‍ പറ്റില്ല. സ്കൂട്ടറോടിക്കുന്ന, പശുവിനെ കറക്കുന്ന, പാല്‍ വില്‍ക്കുന്ന, വഞ്ചി തുഴയുന്ന, വല വീശുന്ന ഇതൊക്കെ അറിയാവുന്ന ആര്‍ട്ടിസ്റ്റിനെ കിട്ടില്ല. അപ്പോ താഹിറയാണ് നല്ലത്.

“എല്ലാ സ്ത്രീകള്‍ക്കും മാതൃകയാണിവര്‍. ജോലി ചെയ്തു കുടുംബം നോക്കുന്നുവെന്നതു മാത്രമല്ല, ഏതു കാര്യത്തിലും ശക്തവും വ്യക്തവുമായ നിലപാടുള്ള സ്ത്രീയാണ് താഹിറ.

“ആ നിലപാടാണ് താഹിറയെ വ്യത്യസ്തയാക്കുന്നത്. ആരുടെയും മുന്‍പില്‍ കൈനീട്ടി ജീവിക്കുകയെന്നത് താഹിറയ്ക്ക് സഹിക്കാന്‍ പറ്റുന്നതല്ല. ഏതു വലിയ പ്രതിസന്ധിയിലാണെങ്കിലും. വലിയ അഭിമാനബോധത്തോടെയാണ് ജീവിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

മൈസൂരിലും ചേന്ദമംഗലത്തുമായിരുന്നു സിനിമ ചിത്രീകരിച്ചത്.

തിരുവനന്തപുരത്ത് താഹിറയുടെ പ്രദര്‍ശനത്തിനെത്തിയപ്പോള്‍

“ജീവിതത്തില്‍ നിന്നു കുറച്ചു മാറ്റങ്ങളുണ്ട് സിനിമയില്‍. ജീവിതത്തില്‍ ഞാന്‍ കല്യാണമൊന്നും കഴിച്ചിട്ടില്ല. പക്ഷേ സിനിമയിലൊരു നായകനുണ്ടെനിക്ക്,” താഹിറ വിശദമാക്കുന്നു.

“പക്ഷേ താഹിറയുടെ ജീവിതം മാത്രം പറഞ്ഞാല്‍ പോരാ. കുറച്ചു സിനിമാറ്റിക് ആകണമെന്നു തോന്നി. അങ്ങനെയാണ് താഹിറയെ അന്ധനായ ഒരാള്‍ കല്യാണം കഴിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നു ആലോചിക്കുന്നത്. ആ കണ്‍സപ്റ്റിലാണ് സിനിമയൊരുക്കുന്നത്,”  എന്ന് സംവിധായകന്‍.

ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോ താഹിറയ്ക്ക് ടെന്‍ഷനുണ്ടായിരുന്നോന്ന് ചോദിച്ചു തീരും മുന്‍പേ, “പിന്നെ… ജീവിതത്തില്‍ ആദ്യമായിട്ടല്ലേ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് പേടി ഇല്ലാതിരിക്കോ,” എന്ന് താഹിറ.

“പിന്നെ കൂടെയുള്ളവരൊക്കെ ധൈര്യത്തോടെ ഒപ്പം നിന്നു. ആദ്യമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പേടിയുണ്ടായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

“അവര് പറയുന്ന പോലെ ചെയ്യുമ്പോ എന്‍റെ മുഖത്ത് പേടിയൊക്കെയാണ് വന്നിരുന്നത്. എനിക്കൊന്നു ഫ്രീയായിട്ട്, ഞാന്‍ ഞാന്‍ തന്നെയായി അഭിനയിക്കാന്‍ പറ്റുന്നില്ലായിരുന്നു.

“ക്യാമറയിലേക്ക് നോക്കണം, ശ്രദ്ധിച്ച് ചെയ്യണം, അങ്ങട് നീങ്ങരുത്, ഇങ്ങോട് നീങ്ങാന്‍ പാടില്ല… ഇങ്ങനെ കുറേ നിര്‍ദേശങ്ങളൊക്കെ അവര് തന്നിരുന്നു.

(ഇടത്തുനിന്ന്) വിപിന്‍ നാഥ്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ക്ലിന്‍റ് എന്നിവര്‍ താഹിറയ്ക്കൊപ്പം

“ഇതൊക്കെ കേട്ടതോടെ എന്ത് ചെയ്താലും തെറ്റിയോ എന്നു പേടിച്ചാണ് നില്‍ക്കുന്നത്. അതോടെ അഭിനയമൊന്നും ശരിയാകുന്നുമില്ല. അങ്ങനെ കുറേ പ്രശ്നങ്ങള്‍.

“ശരിയാകുന്നില്ലല്ലോ താഹിറാ, കുറച്ചു കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്നൊക്കെ ക്യാമറമാന്‍ ആണ് എന്നോട് പറയുന്നത്. ഷൂട്ട് കഴിഞ്ഞാല്‍ ചേന്ദമംഗലത്ത് നിന്ന് വീട്ടിലേക്ക് കൊണ്ടുവിടുന്നത് ഇദ്ദേഹമാണ്.

“വണ്ടിയിലിരിക്കുമ്പോ ഓരോന്ന് പറഞ്ഞ കൂട്ടത്തിലാണ്, ഇങ്ങനെ അഭിനയിച്ചാല്‍ ശരിയാകില്ലട്ടോന്ന് ആള് പറയുന്നത്. എന്‍റെ ജീവിതം സിനിമയാക്കുമ്പോ ശരിക്കും പറഞ്ഞാ അഭിനയിക്കാന്‍ പാടില്ലല്ലോ. എന്‍റെ ഇഷ്ടത്തിന് വിട്ടു തന്നാലേ എന്‍റെ ശൈലിയില്‍ വല്ലതും ചെയ്യാന്‍ പറ്റൂവെന്നു ഞാന്‍ ആളോട് പറഞ്ഞു.

“വര്‍ത്തമാനം പറയുമ്പോ ചിലപ്പോ തലയാട്ടും, കൈ ഉയര്‍ത്തും… അതൊക്കെ എന്‍റെ സ്റ്റൈല്‍ അല്ലേ. നിയന്ത്രണങ്ങള്‍ വന്നാല്‍ പേടിച്ച് ചെയ്യുന്ന പോലെയേ വരൂ. നിങ്ങള് എന്‍റെ ഇഷ്ടത്തിന് വിട്ടു താ.., ഞാന്‍ നന്നായി ചെയ്തു കാണിച്ചു തരാം,” എന്ന് തുറന്നുപറഞ്ഞു താഹിറ.

കവി കെ.സച്ചിദാനന്ദനും (ഇടത്ത്) മുന്‍ എം പി എ.സമ്പത്തിനുമൊപ്പം (വലത്തേയറ്റം) താഹിറയും ക്ലിന്‍റ് മാത്യൂവും (നടുവില്‍)

ഇക്കാര്യം കാമറാമാന്‍ സംവിധായകനോട് പറഞ്ഞു. “അങ്ങനെയൊരു ഫ്രീഡം കിട്ടിയതോടെ പിന്നേ എല്ലാം ഓകെയായി. … ഞാനെങ്ങനെയാണോ ജീവിക്കുന്നത്, വര്‍ത്തമാനം പറയുന്നത് അതൊക്കെ ക്യാമറയ്ക്ക് മുന്നില്‍ ചെയ്തു അത്രേയുള്ളൂ,” എന്ന് താഹിറ.

ഉപ്പയുടെ കടം വീട്ടാനായൊക്കെ താഹിറയുടെ വീടൊക്കെ പണയത്തിലായിരുന്നു. സ്വന്തമായി വീട് ഇല്ലെന്ന സങ്കടമുണ്ടായിരുന്നു. “പക്ഷേ ഒരു കൂട്ടര് ഞങ്ങള്‍ക്ക് അഞ്ച് സെന്‍റ് ഭൂമി നല്‍കി. പലരുടെയും സഹായത്തോടെ ആ മണ്ണിലൊരു കിടപ്പാടമുണ്ടാക്കിയെടുത്തു,” താഹിറ നന്ദിയോടെ പറയുന്നു.

“വീട് പണി നടക്കുന്നതിനിടയിലായിരുന്നു ഷൂട്ടിങ്ങ്. രണ്ടും കൂടി എങ്ങനെയൊക്കെയോ നടന്നു. വീടിന്‍റെ പാര്‍ക്കല്‍ കഴിഞ്ഞതിന്‍റെ പിറ്റേന്നാണ് ഞാന്‍ ഡല്‍ഹിയ്ക്ക് പോകുന്നത്.

ഉമ്മയ്ക്കൊപ്പം

“അങ്ങനെയൊരു ഭാഗ്യവും എനിക്ക് കിട്ടി. ഡല്‍ഹി കേരളഹൗസില്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനമുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് വിമാനത്തില്‍ കയറുന്നതും ഡല്‍ഹിയില്‍ പോകുന്നതുമൊക്കെ. കേരളത്തിന് പുറത്തേക്ക് ഞാന്‍ പോയിട്ടില്ലായിരുന്നു.

“ഡല്‍ഹിയിലേക്ക് പോകാന്‍ നേരം ഞാന്‍ സംവിധായകനോട് പറഞ്ഞു, ഞാന്‍ ചുരിദാറിട്ടേ വരൂ… വിമാനത്തിലൊക്കെ കയറണ്ടതല്ലേന്ന്. ആള് അതു സമ്മതിച്ചില്ല.

“നാട്ടില്‍ ഷര്‍ട്ടും പാവാടയും ധരിക്കുന്ന എന്നെ എല്ലാവര്‍ക്കും അറിയാം. അതുപോലെയാണോ ഇത്രയും ദൂരേയുള്ള ഡല്‍ഹിയിലേക്ക്. സംവിധായകന്‍ സമ്മതിച്ചില്ലെങ്കിലും ഞാന്‍ ചുരിദാറിട്ടാണ് ഡല്‍ഹിയിലേക്ക് പോയത്.

“പക്ഷേ ഡല്‍ഹി എയര്‍പോര്‍ട്ടിലിറങ്ങിയപ്പോള്‍ സംവിധായകന്‍ പറഞ്ഞു, ഷര്‍ട്ടു പാവടയും ഇട്ടോളൂന്ന്. അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്ന് ഷര്‍ട്ടും പാവാടയുമൊക്കെ ധരിച്ചാണ് പരിപാടിയ്ക്ക് പോകുന്നത്.

മലപ്പുറത്തെ ആദരിക്കല്‍ ചടങ്ങില്‍

“ഷര്‍ട്ടും പാവാടയും പണ്ടേ ധരിച്ച് ശീലമായതാണ്. ഈ വേഷത്തില്‍ ഞാന്‍ സുരക്ഷിതയാണ്. എന്തോ ശരീരം കവര്‍ ചെയ്യുന്ന വേഷമാണെനിക്ക് ഇഷ്ടം. കുട്ടിക്കാലം തൊട്ടേ ഇതു തന്നെയാണ് വേഷം.

“ഇപ്പോ ചുരിദാറും ധരിക്കാറുണ്ട്. പക്ഷേ ഷര്‍ട്ട് പോലെ കോളറൊക്കെ വെച്ചാണ് ചുരിദാറാണെന്നു മാത്രം. അതു കണ്ടിട്ട് പലരും ചോദിച്ചു ചുരിദാര്‍ ഇട്ടാ പോരേ എന്തിനാ പിന്നെ ഷര്‍ട്ട് ഇടുന്നേന്ന്,” അവര്‍ ചിരിച്ചു.

“ഡല്‍ഹിയില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് നടത്തിയ ചലച്ചിത്രോത്സവത്തിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.” സംവിധായകന്‍ പറയുന്നു. അവിടെ രണ്ട് തവണ പ്രദര്‍ശിപ്പിച്ചു. ഇതിനു ശേഷമാണ് ചെന്നൈയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡെല്‍ഹിക്ക് മുമ്പ് തിരുവനന്തപുരത്തും പ്രദര്‍ശിപ്പിച്ചിരുന്നു.

“പൂര്‍ണമായും കഥയെഴുതി സിനിമ ചെയ്യുന്ന പതിവ് എനിക്കില്ല. വ്യവസ്ഥാപിതമായി സിനിമയെടുക്കുന്ന ഒരാളല്ല. ഷൂട്ടിങ് നോട്ട് മാത്രമേ ഉണ്ടാകൂ. ഇതുപോലുള്ള സിനിമകള്‍ക്ക് തിയെറ്റര്‍ കിട്ടാനൊരു ബുദ്ധിമുട്ടണ്ടല്ലോ. അത് ഈ ചിത്രത്തിനുമുണ്ട്.”

താഹിറയുടെ സംവിധാനം മാത്രമല്ല രചനയും നിര്‍മ്മാണവും സിദ്ധീഖാണ്.

കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം

“ദിവസവും എന്തെങ്കിലുമൊക്കെ പണിയുണ്ടാകും. ഇനിയിപ്പോ പണിയൊന്നും ഇല്ലേല്‍ മീന്‍ വീശാന്‍ പോകും. കരയ്ക്കല് നിന്ന് മീന്‍ പിടിക്കും. കടയില്‍ കൊടുത്താല്‍ പണം കിട്ടും. വീട്ടിലേക്കുള്ളതും കിട്ടും.

“ഇനിയും കഷ്ടപ്പെട്ടാല്‍ അല്ലേ ജീവിക്കാന്‍ പറ്റൂ. അധ്വാനിച്ച് ജീവിക്കാന്‍ എനിക്കൊരു മടിയും ഇല്ല,” എന്ന് താഹിറ

“എല്ലാരും ചോദിക്കുന്നുണ്ട് ഇനി കല്യാണം കഴിച്ചുകൂടേ. സഹോദരിമാരുടെ കല്യാണമൊക്കെ കഴിഞ്ഞു, വീടുണ്ടാക്കി, കുറേ കടങ്ങളൊക്കെ തീര്‍ത്തു. ഇനിയിപ്പോ ബാധ്യതകളൊന്നും ഇല്ലല്ലോന്ന്.

“പക്ഷേ ഉമ്മയെ തനിച്ചാക്കി ഞാന്‍ എങ്ങോട്ടും പോകില്ല. അതെനിക്ക് പറ്റില്ല. എല്ലാം മനസിലാക്കി, എനിക്കും ഉമ്മായ്ക്കുമൊപ്പം ഈ വീട്ടില്‍ താമസിച്ച് ജീവിക്കാനൊക്കെ മനസുള്ള ഒരാള് വന്നാല്‍ നോക്കാം,” ചിരിയോടെ താഹിറ പറഞ്ഞു.


ഇതുകൂടി വായിക്കാം: സ്കൂളില്‍ പോണോ, വീട്ടിലെ പട്ടിണി മാറ്റണോ? മുന്നില്‍ ഒറ്റവഴി മാത്രം! വഴിയോരക്കടയിലെ നോവലിസ്റ്റിന്‍റെ കഥ


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം