“പ്രവീണയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാല്ലേ…” വീണ നിറഞ്ഞ ചിരിയോടെ തുടങ്ങി.
“തൃശൂരിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമാണ് എന്‍റെ നാട്.”
കണ്‍ഫ്യൂഷന്‍ വേണ്ട, ഈ കഥ പറയുന്ന പ്രവീണ തന്നെയാണ് വീണയും.
നല്ല നാടന്‍ രുചിരഹസ്യങ്ങള്‍ പറഞ്ഞു തരുന്ന വീണാസ് കറി വേള്‍ഡി-ലെ വീണ ജാന്‍
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com
പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. ഏതാനും വര്‍ഷമായി യുട്യൂബില്‍ പാചകവും യാത്രയും ബ്യൂട്ടി ടിപ്സുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന വീണയ്ക്ക് പറയാന്‍ നിറയെ വിശേഷങ്ങളുണ്ട്.
പാചകത്തിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്നേഹം സ്വന്തമാക്കിയ വീണ ജാനുമായി ഒരു നീണ്ട സംഭാഷണം.
പേടിക്കേണ്ട, അല്‍പം നീണ്ടുപോയെങ്കിലും ഒട്ടും ബോറടിക്കില്ല. വീണയുടെ രുചിക്കൂട്ടുകള്‍ പോലെത്തന്നെ ഹൃദ്യമായ സംഭാഷണത്തിലേക്ക്…
“നാലാം ക്ലാസ് വരെ പെരിഞ്ഞനത്തെ അയ്യപ്പന്‍ മെമ്മോറിയല്‍ എല്‍ പി സ്കൂളിലായിരുന്നു പഠിച്ചത്. അഞ്ചാം ക്ലാസിലേക്കെത്തിയപ്പോ അമ്മ പഠിപ്പിക്കുന്ന രാമന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ററി സ്കൂളിലേക്ക് മാറി.
“അവിടെ ഹിന്ദി ടീച്ചറായിരുന്നു അമ്മ യശോദര. അച്ഛന്‍റെ പേര് ജനാര്‍ദനന്‍. ടവര്‍ കണ്‍സ്ട്രക്ഷന്‍സ് ബിസിനസ് ആയിരുന്ന അച്ഛന്‍ നോര്‍ത്ത് ഇന്ത്യയിലായിരുന്നു. ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോ അച്ഛന്‍ നാട്ടിലേക്ക് മടങ്ങി.
“പിന്നെ ഇവിടെ രണ്ട് ബസ് ഒക്കെ വാങ്ങിച്ചു. ബസ് ഉടമയായി. പ്രവീണ എന്നാണ് എന്‍റെ പേര്. പെറ്റ് നെയിം ആണ് വീണ.
വീണ എന്നു വിളിക്കുന്നതാ എനിക്കിഷ്ടം. ബസിന്‍റെ പേര് വീണ മോള്‍ എന്നായിരുന്നു. അങ്ങനെ എന്നെ എല്ലാരും വീണ മോളേന്ന് വിളിച്ചു.
അങ്ങനെ പ്രവീണ എല്ലാര്‍ക്കും വീണയായി.
“എനിക്ക് സഹോദരങ്ങളൊന്നുമില്ല ഒറ്റമോളാ.. അതിന്‍റെ നല്ലതും ചീത്തയുമൊക്കെ എനിക്കുണ്ട്ട്ടാ. പണ്ടൊക്കെ പലതും ഷെയര്‍ ചെയ്യാനൊന്നും ഇടമില്ലായിരുന്നു. ഇപ്പോഴല്ലേ സോഷ്യല്‍ മീഡിയയൊക്കെ വന്നത്.
“നമുക്ക് ഇഷ്യൂസ് വരുമ്പോ അതൊന്നും പങ്കുവയ്ക്കാന്‍ ചേട്ടനോ ചേച്ചിയോ അനിയനോ അനുജത്തിയോ ഒന്നുമില്ലെന്ന കൊച്ചു സങ്കടമുണ്ടായിരുന്നു. പക്ഷേ ഇപ്പോ ഹാപ്പിയാണ്.
“ഇപ്പോ എനിക്ക് ഒരുപാട് അനിയന്‍മാരും ചേച്ചിമാരും ചേട്ടന്‍മാരും അനിയത്തിമാരുമൊക്കെയുണ്ട്. യുട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷം കിട്ടിയതാണിവരെയൊക്കെ.
“ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ മാത്രമല്ല കുറേ നല്ല ആള്‍ക്കാരുടെ സ്നേഹവും എനിക്ക് യൂട്യൂബില്‍ നിന്ന് കിട്ടി.”
ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ദിണ്ടിഗലിലെ ആര്‍വിഎസ് കോളെജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ പഠിച്ചു.
“എന്‍ജിനീയറിങ്ങ് മാത്രമല്ല ഇവിടെ പഠിക്കുമ്പോ കുറച്ചു പാചകവും പഠിച്ചായിരുന്നു. ഹോസ്റ്റല്‍ ഫൂഡ് അത്രയ്ക്ക് ഹൊറിബിള്‍ ആയിരുന്നേ,” എന്ന് വീണ.
പക്ഷേ അതിനൊക്കെ വളരെ മുമ്പ് തന്നെ വീണ ചെറിയ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു.
“പാചകം കുട്ടിക്കാലം തൊട്ടേ എനിക്കിഷ്ടമായിരുന്നു. അമ്മ ടീച്ചറല്ലേ . ഞങ്ങള്‍ രാണ്ടാളും ഒരുമിച്ചാണ് സ്കൂളിലേക്ക് പോകുന്നതും വരുന്നതുമൊക്കെ. അപ്പോ രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണുമൊക്കെ ഉണ്ടാക്കുകയും വേണം.
“… അമ്മ എല്ലാം പടാപടാന്ന് ചെയ്യും. സമയത്തിന് എല്ലാം റെഡിയായിരിക്കും. അതെനിക്ക് പ്രചോദനമായിരുന്നു. അമ്മയുടെ കുക്കിങ്ങ് കണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്.
“അമ്മ വെജ് ആയിരുന്നു. പക്ഷേ, എല്ലാം ഉണ്ടാക്കും. ഞങ്ങളും വെജിറ്റേറിയന്‍സ് ആയിരുന്നു. അമ്മയുടെ വെജ് വിഭവങ്ങള്‍ ഗംഭീരമായിരുന്നു. എല്ലാര്‍ക്കും വലിയ ഇഷ്ടവുമായിരുന്നു.
“അമ്മാമ്മയും വല്യമ്മയുമൊക്കെ നല്ല പാചകക്കാരായിരുന്നു. വീട്ടില്‍ വന്നു നില്‍ക്കുമ്പോ വല്യമ്മയും രുചിയുള്ള ഭക്ഷണം ഉണ്ടാക്കി തരും. ഇങ്ങനെ നല്ല ഭക്ഷണത്തിന്‍റെ രുചി അറിഞ്ഞാണ് വളര്‍ന്നത്.
“ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആരുടെയും സഹായമില്ലാതെ ഞാനൊരു വിഭവമുണ്ടാക്കുന്നത്. റവ കിച്ചടി.
“ഒരു ദിവസം ഞങ്ങള്‍ ഫാമിലി ഡോക്റ്ററിന്‍റെ വീട്ടില്‍ പോയപ്പോ അവിടുത്തെ ആന്‍റിയാണ് റവ കിച്ചടി ഉണ്ടാക്കിത്തന്നത്. അതിനൊപ്പം മാങ്ങാ അച്ചാറും വെള്ള ചട്ട്നിയും. നല്ല രുചിയായിരുന്നു.
“സാധാരണയുള്ള ഉപ്പുമാവില്‍ നിന്നു വ്യത്യസ്തമായ ഒരു ഐറ്റം. ഞാനാദ്യമായിട്ടാണ് കഴിക്കുന്നത്. … ആ രുചിയും ആ ദിവസവും ഇന്നും എന്‍റെ ഓര്‍മയിലുണ്ട്.
“വീട്ടില്‍ വന്നപ്പോ ഞാന്‍ അമ്മയോട് പറഞ്ഞു. നാളെ എനിക്ക് റവ കിച്ചടിയുണ്ടാക്കി തരണോന്ന്. അമ്മ പറഞ്ഞു, ‘എനിക്കൊന്നും അറിയൂല നീ വേണേല്‍ ഉണ്ടാക്കിക്കോ’ന്ന്.
“അമ്മ ഒരു തമാശ പറഞ്ഞതാണ്. പക്ഷേ പിറ്റേ ദിവസം, കഴിച്ചതിന്‍റെ ഒരു ഓര്‍മ്മയ്ക്ക് ഞാനുണ്ടാക്കി നോക്കി. അന്നൊന്നും ഗൂഗിളോ യുട്യൂബോ ഇന്‍റര്‍നെറ്റോ ഒന്നുമില്ലല്ലോ.
“നാവിന്‍ തുമ്പിലുണ്ടായിരുന്ന രുചിയുടെ ഓര്‍മ്മയിലാണ് ഉണ്ടാക്കി നോക്കുന്നത്. അങ്ങനെ റവ കിച്ചടിയും വീട്ടിലുണ്ടായിരുന്ന മാങ്ങാ അച്ചാറും കൂടി ഞാന്‍ കഴിച്ചു. അച്ഛനും അമ്മയ്ക്കും കൊടുത്തു. എനിക്ക് വലിയ ഇഷ്ടമായി.
“ദൈവം സഹായിച്ച് ഉപ്പൊന്നും കൂടിയിട്ടില്ലായിരുന്നു. അച്ഛന്‍ പറഞ്ഞു, ‘മോളെ നന്നായിട്ടു’ണ്ടെന്ന്. പക്ഷേ അമ്മ, ‘ഓ നന്നായിട്ടൊന്നുമില്ലെ’ന്നാ പറഞ്ഞത്. അച്ഛന്‍ പറഞ്ഞ ആ വാചകം, എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു.”
ആ പ്രചോദനത്താല്‍ പിന്നെയും ചില കുഞ്ഞു പാചക പരീക്ഷണങ്ങള്‍ വീണ പലപ്പോഴും നടത്തിനോക്കി.
എന്നാല്‍ ഡിണ്ടിഗലിലെ പഠനകാലമാണ് പാചകം ശരിക്കുമൊരു ആവശ്യമാക്കി മാറ്റിയത്.
“വീട്ടില്‍ നിന്നു ആദ്യമായി മാറി നില്‍ക്കുകയാണ്.” അക്കാലം വീണ ഓര്‍ക്കുന്നു. “അതുവരെ ഹോസ്റ്റലിലൊന്നും നില്‍ക്കേണ്ടി വന്നിട്ടില്ലല്ലോ. വീടിനെ മിസ് ചെയ്യുന്നു അമ്മയേ മിസ് ചെയ്യുന്നു. പിന്നെ ഭക്ഷണവും മോശം.
“ആദ്യ വര്‍ഷം വലിയ പ്രശ്നമില്ലായിരുന്നു. റാഗിങ്ങ് കാരണം, ഫസ്റ്റ് ഇയേഴ്സ് കുട്ടികളെ വേറൊരു വര്‍ക്കിങ് വിമന്‍ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടുത്തെ ഭക്ഷണവും നല്ലതൊന്നും ആയിരുന്നില്ല പക്ഷേ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.
“ഈ ഹോസ്റ്റല്‍ ടൗണിലുമായിരുന്നു. വാച്ച്മാന്‍റെ കൈയില്‍ പൈസ കൊടുത്ത് വിട്ടാ അദ്ദേഹം നമ്മള്‍ പറയുന്ന ഫൂഡ് വാങ്ങികൊണ്ടു തരും. അങ്ങനെ ആ വര്‍ഷം വല്യ കുഴപ്പമില്ലാതെ തട്ടീം മുട്ടീമൊക്കെ പോയി.
“രണ്ടാമത്തെ വര്‍ഷം മുതല്‍ കോളെജിനോട് ചേര്‍ന്നുള്ള ഹോസ്റ്റലിലേക്ക് മാറി. അതോടെ കാര്യങ്ങളൊക്കെ അലമ്പായി. നമുക്ക് ശീലമില്ലല്ലല്ലോ പച്ചരി ചോറ്. അതു പിന്നേം സഹിക്കാം. പക്ഷേ കറിയൊന്നും സഹിക്കാന്‍ പോലുമാകില്ലായിരുന്നു. എനിക്ക് തമിഴ് നാട് ഫൂഡ് ഇഷ്ടമൊക്കെയായിരുന്നു. എന്നിട്ടു പോലും ഹോസ്റ്റല്‍ ഫൂഡ് സഹിക്കാന്‍ പറ്റുന്നില്ലായിരുന്നു.
“ആ ഹോസ്റ്റല്‍ ഒരു തെങ്ങിന്‍ തോപ്പിന് നടുവിലായിരുന്നു. മെസ്സിലെ ജീവനക്കാരുമൊക്കെ ആ പറമ്പില്‍ തന്നെയാണ് താമസിക്കുന്നത്. അവിടുണ്ടായിരുന്ന ഒരു അമ്മാമ്മയുമായി ഞങ്ങള്‍ കമ്പനിയായി.
“അതോടെ വീക്കെന്‍ഡ് ആകുമ്പോ അമ്മാമ്മയ്ക്ക് കുറച്ചു പൈസ കൊടുക്കും. എന്നിട്ട് വെള്ളിയാഴ്ച അടുക്കള ഒഴിഞ്ഞു തരുമോ ഞങ്ങള് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കഴിച്ചോളാം എന്നു പറയും.
“വാച്ച്മാനെക്കൊണ്ടോ അല്ലേല്‍ ഞങ്ങള്‍ പുറത്ത് പോകുമ്പോഴോ പച്ചക്കറിയൊക്കെ വാങ്ങി വരും. ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് പോലും അന്നൊന്നും അറിയില്ല. പക്ഷേ ആട്ടയൊക്കെ വാങ്ങിക്കും. ഒരു മണിക്കൂറൊക്കെ അടുക്കള കിട്ടൂ. ആ സമയം കൊണ്ട് ചപ്പാത്തീം കറീം ഉണ്ടാക്കും. ഒരു രുചിയുമുണ്ടാകില്ലാട്ടോ. പക്ഷേ അന്നൊക്കെ ഞങ്ങള്‍ക്ക് അത് വലുതായിരുന്നു.
“പൂനം എന്ന എന്‍റെ കൂട്ടുകാരിയും ഞാനുമായിരുന്നു കൂടുതലും പാചകം ചെയ്തിരുന്നത്. തക്കാളി ചട്നി, തക്കാളി കറി, ഉരുളക്കിഴങ്ങ് കറി ഇതിങ്ങനെ മാറി മാറി ഉണ്ടാക്കും.
“ആ അമ്മാമ്മയുടെ വീട്ടില്‍ പോയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്. പഠിക്കുന്ന കാലത്തെ കുക്കിങ്ങ് ഇങ്ങനെയായിരുന്നു.”
പിന്നീട്, ജാന്‍ ജോഷിയുമായുള്ള വിവാഹത്തിന് ശേഷം ദുബായിലേക്ക്… 2006-ലാണത്. അവിടെയെത്തിയ ശേഷമാണ് വീണ വീണ്ടും പാചകത്തിലേക്കെത്തുന്നത്.
“പോകും മുന്‍പേ അമ്മയില്‍ നിന്നു കുറച്ചു റെസിപ്പികള്‍ ഒരു ഡയറിയില്‍ കുറിച്ചെടുത്തിരുന്നു. ഇതായിരുന്നു എന്‍റെ അസറ്റ്. പിന്നെ കുറേ പാചക പുസ്തകങ്ങളും വാങ്ങി കൊണ്ടുപോയിരുന്നു.
“ഇവിടെയാണേല്‍ രാവിലെ ആറു മണിക്ക് ഭര്‍ത്താവ് പോകും. പിന്നെ രാത്രി എട്ടു മണിയാകും തിരികെയെത്താന്‍. അതുവരെ ഞാന്‍ വീട്ടില്‍ തനിച്ചല്ലേ. മോന്‍ ചെറുതുമായിരുന്നല്ലോ. പാചകപരീക്ഷണത്തിനൊക്കെ സമയം കിട്ടി.
“അമ്മയുടെ രുചിക്കൂട്ടുകള്‍ നോക്കി കഴിക്കാനുള്ളതൊക്കെയുണ്ടാക്കും. ചോറും സമ്പാറും പരിപ്പു കറിയും അങ്ങനെ എന്തെങ്കിലുമൊക്കെ. പിന്നെയാണ് പരീക്ഷണ കുക്കിങ്.
“പുസ്തകങ്ങളിലെ പാചകക്കുറിപ്പുകളൊക്കെ നോക്കി ഉണ്ടാക്കും. ഇതൊക്കെയുണ്ടാക്കി ഭര്‍ത്താവിന് കൊടുക്കുമ്പോ, ആള് പറയും, ‘അമ്മയുടെ റെസിപ്പി നോക്കിയുണ്ടാക്കിയതൊക്കെ അടിപൊളി. മാഗസിന്‍ നോക്കി പരീക്ഷിച്ചത് ശരിയായില്ലെന്ന്’. എന്തിനാ സാധനങ്ങള്‍ വെറുതേ കളയുന്നതെന്നു ചോദിക്കും,” എന്ന് വീണ.
പുസ്തകം നോക്കി ചെയ്യുന്നതൊന്നും ശരിയാകുന്നില്ല എന്നൊരു തോന്നല്‍ വീണയ്ക്കുമുണ്ടായിരുന്നു. തൃശ്ശൂര്‍ സ്റ്റൈലിലുള്ളതൊക്കെ ഒരു വിധം ശരിയാവുന്നുണ്ട്. എന്നാല്‍ ജില്ലയുടെ അതിര്‍ത്തിവിട്ടുള്ള പരീക്ഷണങ്ങള്‍ മിക്കതും പാളി. അതോടെ പുസ്തകം നോക്കിയുള്ള പാചകത്തിന് ഗുഡ്ബൈ പറഞ്ഞു.
“അപ്പോ ഭര്‍ത്താവും പറഞ്ഞു, നീ അറിയാവുന്ന കാര്യങ്ങള് മാത്രം ഉണ്ടാക്കിയാ മതി. നീ ഉണ്ടാക്കുന്ന നാടന്‍ റെസിപ്പികള്‍ നന്നാകുന്നുണ്ടെന്നും ആള് പറഞ്ഞു.
“എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അമ്മയെ വിളിച്ചു ചോദിച്ചാല്‍ അമ്മയ്ക്ക് പറഞ്ഞു തരാന്‍ അറിഞ്ഞുകൂടാ. അതിപ്പോ ഒട്ടുമിക്ക അമ്മമാരും അങ്ങനെയല്ലേ. അവര്‍ക്ക് കൈ അളവുകളല്ലേ. എത്ര മുളകുപ്പൊടി വേണം മഞ്ഞള്‍പ്പൊടി വേണമെന്നൊക്കെ പറഞ്ഞുതരാന്‍ അവര്‍ക്ക് പറ്റിയെന്നു വരില്ല,” വീണ തുടക്കത്തിലെ പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞു.
ഒരു തവണ ഉണ്ടാക്കി വിജയിച്ച പരീക്ഷണം വീണ്ടും ചെയ്യുമ്പോള്‍ പാളിപ്പോകുന്നു. അതൊഴിവാക്കാന്‍ അതിന്‍റെയൊക്കെ രുചിക്കൂട്ടും അളവുകളും വീണ കുറിച്ചുവെയ്ക്കാന്‍ തുടങ്ങി.
“പിന്നെ വീണ്ടും ഉണ്ടാക്കുമ്പോ ആ പുസ്തകത്തിലെഴുതിയ റെസിപ്പി നോക്കി ചെയ്യും. അപ്പോ രുചിയൊക്കെ കൃത്യമായി വന്നു തുടങ്ങി.”
ഇതുകൂടി വായിക്കാം:ദിവസവും രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് ഈ 59-കാരി പാചകം തുടങ്ങും, 50 രോഗികള്‍ക്ക് പലതരം ആരോഗ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍
“പിന്നെപ്പിന്നെ ഞാനുണ്ടാക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ജാന്‍ ചേട്ടന്‍ നല്ല അഭിപ്രായം പറഞ്ഞു തുടങ്ങി.”
ഈ ഡയറി എഴുത്താണ് പിന്നീട് ബ്ലോഗെഴുത്തിലേക്ക് മാറുന്നത്. ജാനിന്‍റെ സമയക്കുറവും വീണയുടെ സമയക്കൂടുതലും ഇവര്‍ക്കിടയില്‍ ചില്ലറ പിണക്കങ്ങളൊക്കെ ഉണ്ടാക്കിയിരുന്നു. ജാന്‍ എമിറേറ്റ്സില്‍ ബിസിനസ് അനാലിസിസ് മാനെജറാണ്.
ആ കൊച്ചു പിണക്കങ്ങള്‍ക്കൊടുവില്‍ ജാന്‍ തന്നെയാണ് വീണയെ ബ്ലോഗെഴുത്തിന് പ്രേരിപ്പിക്കുന്നത്. ബ്ലോഗ് എഴുതാന്‍ പറഞ്ഞുവെങ്കിലും ഒരു സഹായോം ആള് ചെയ്തു തന്നില്ലെന്നു വീണ പരിഭവിക്കുന്നു.
“ഡയറിയൊക്കെ നഷ്ടമാകില്ലേ ബ്ലോഗ് എന്നും ഉണ്ടാകുമല്ലോ. സാമ്പാര്‍ ഉണ്ടാക്കാന്‍ നേരം ഡയറി അന്വേഷിച്ച് പോകണ്ടല്ലോ. ബ്ലോഗ് ഓപ്പണാക്കിയാല്‍ പോരേ. നിനക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുമല്ലോ. എന്നൊക്കെ ജാന്‍ പറഞ്ഞതോടെ ബ്ലോഗ് എഴുതാന്‍ ശ്രമിച്ചു.
“ആള് നന്നായി വായിക്കും. ബുക്ക് റിവ്യൂ എഴുതാന്‍ ആള്‍ക്ക് ബ്ലോഗ് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ബ്ലോഗിന്‍റെ എ-ബി-സി-ഡി അറിഞ്ഞൂടാ…ആളെനിക്ക് ജസ്റ്റ് ഒന്നു കാണിച്ചു തന്നു. കൂടുതലൊന്നും പറഞ്ഞു തന്നില്ല. ഇതേക്കുറിച്ച് ഗൂഗിള്‍ ചെയ്തും വായിച്ചുമൊക്കെ അറിയാന്‍ ശ്രമിക്കെന്നു പറഞ്ഞു.
“സ്വന്തമായി ചെയ്തു നോക്ക് എന്നൊക്കെ പറഞ്ഞതു കേട്ട് എനിക്ക് സങ്കടോം കരച്ചിലുമൊക്കെ വന്നു. എനിക്കൊന്നും പറഞ്ഞു തരുന്നില്ലല്ലോ.”
ഇതിനൊക്കെ പുറമെ, ‘ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ എല്ലാം സ്വയം ചെയ്തു ശീലിക്കണം. അല്ലേല്‍ എപ്പോഴും ആരെയെങ്കിലും ആശ്രയിച്ചു കൊണ്ടേയിരിക്കേണ്ടി വരും. അങ്ങനെ ആയാല്‍ ജീവിതത്തില്‍ എവിടേം എത്തില്ലെന്നൊക്കെ’ ഉപദേശവുമുണ്ടായിരുന്നു ജാന്‍ വക.
“അന്നൊക്കെ ജാന്‍ ചേട്ടനോട് ദേഷ്യമാണ് തോന്നിയത്. സഹായിക്കാന്‍ പോലും മനസില്ലാത്ത മനുഷ്യനാണല്ലോയെന്ന് ഓര്‍ത്ത് കരഞ്ഞിട്ടുണ്ട്, വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ മാറ്റമൊന്നും ഉണ്ടായില്ല,” വീണ പറയുന്നു.
അതോടെ വീണയ്ക്കും വാശിയായി. അങ്ങനെ 2008-ല്‍ ബ്ലോഗ് തുടങ്ങി, കറിവേള്‍ഡ് എന്ന പേരില്‍. ഉണ്ടാക്കി വിജയിച്ച റെസിപ്പികള്‍ മാത്രം ബ്ലോഗില്‍ കുറിച്ചു തുടങ്ങി.
“ഫോട്ടോ എടുക്കാനൊന്നും അറിയില്ലായിരുന്നു. പഴയൊരു മൊബൈല്‍ ഫോണാണ് എനിക്കുള്ളത്. അതിലെടുക്കുന്ന ചിത്രങ്ങള്‍ക്കൊന്നും വലിയ ക്ലാരിറ്റിയും ഇല്ല. പക്ഷേ ബ്ലോഗെഴുത്ത് തുടര്‍ന്നു. … അന്നൊന്നും ഇതില്‍ നിന്നു വരുമാനം നേടാമെന്ന ചിന്തയൊന്നും ഇല്ലായിരുന്നു.”
അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ ആളുകള്‍ കമന്‍റ് ചെയ്യാന്‍ തുടങ്ങി..
“വീണയുടെ അവിയല്‍ ഉണ്ടാക്കിനോക്കി, സമ്പാര്‍ ട്രൈ ചെയ്തു.. ഇനിയും തുടരൂ എന്നൊക്കെ പലരും കമന്‍റ് ചെയ്തു. ലോകത്തിന്‍റെ ഏതൊക്കെയോ കോണില്‍ നിന്ന്, നേരില്‍ ഒരു പരിചയവുമില്ലാതവരുടെ കമന്‍റുകള്‍. യുട്യൂബ് പോലെ എന്നും കമന്‍റുകള്‍ വരില്ല. വല്ലപ്പോഴും മാത്രം.
“പക്ഷേ വല്ലപ്പോഴും വരുന്ന ആ കമന്‍റുകള്‍ വലിയ ഇന്‍സ്പിരേഷന്‍ ആയിരുന്നു. കൂടുതലും തൃശ്ശൂര്‍ നാടിന്‍റെ രുചികളായിരുന്നു എഴുതിയിട്ടിരുന്നത്. അതൊക്കെ വായിച്ച് ഞാനറിയാത്ത ആള്‍ക്കാര്, അമ്മയുണ്ടാക്കുന്ന പോലെ തന്നെയുണ്ടായിരുന്നു എന്നൊക്കെ എഴുതിയിടുമ്പോള്‍.. സന്തോഷമായിരുന്നു. കമന്‍റ് വായിച്ച് കണ്ണ് നിറഞ്ഞു പോയ അവസരമൊക്കെയുണ്ടായിട്ടുണ്ട്.”
ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വലിയ പ്രചോദനമായിരുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രമേ വീണ പാചകക്കുറിപ്പുകള്‍ എഴുതാറുള്ളൂ.
“ജാന്‍ ചേട്ടന്‍റെ ഒരു കൂട്ടുകാരനുണ്ട്, റിജു. ആള് വീട്ടില്‍ വരുമ്പോ ഓരോന്ന് ഉണ്ടാക്കി കൊടുക്കുമായിരുന്നു. ആളിപ്പോ ഇല്ല മരിച്ചു പോയി. അവന് ബീറ്റ്റൂട്ട് പച്ചടിയായിരുന്നു കൂടുതലിഷ്ടം.
“അതുണ്ടാക്കി കൊടുക്കുമ്പോ അമ്മയുണ്ടാക്കുന്ന പോലെത്തന്നെയെന്നു പറയും. നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നുവെന്നൊക്കെ പറയുമായിരുന്നു. അവനാണ് ഇതൊക്കെ യുട്യൂബില്‍ ചെയ്തുകൂടേയെന്നു ചോദിക്കുന്നത്.
“എനിക്ക് അതൊന്നും അറിഞ്ഞു കൂടെന്നു പറഞ്ഞു ഞാന്‍ ഒഴിവായി. വീണയ്ക്ക് പറ്റും… ബ്ലോഗില്‍ വായിച്ചുണ്ടാക്കുന്നതും യൂട്യൂബില്‍ കണ്ടുണ്ടാക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നൊക്കെ പറഞ്ഞു. ആളാണ് ഇങ്ങനെയൊരു ഐഡിയ എനിക്കാദ്യം തരുന്നത്. പക്ഷേ ഞാന്‍ ചെയ്തില്ല. ഞാന്‍ ഷൈ ആയിരുന്നു.
“യുട്യൂബ് ചാനല്‍ അതെന്‍റെ തലയിലുണ്ട്. പക്ഷേ ക്യാമറയെ ഫെയ്സ് ചെയ്യാനൊക്കെ മടിയായിരുന്നു. ബ്ലോഗ് തന്നെ കണ്ടുപിടിച്ചത് വലിയ സംഭവമായിരുന്നു. പിന്നെയാ യുട്യൂബ് ചാനല്‍. എനിക്ക് ആലോചിക്കാന്‍ കൂടി പറ്റിയില്ല.”
പക്ഷേ വീണ അന്വേഷണങ്ങള്‍ ആരംഭിച്ചു. യുട്യൂബ് വിഡിയോകള്‍ കാണാന്‍ തുടങ്ങി. ഉത്തരേന്ത്യന്‍ രുചികളെ ഇഷ്ടപ്പെട്ടിരുന്ന വീണ അത്തരം വിഡിയോകളാണ് കണ്ടത്.
വാഹ് ഷെഫ് എന്ന യുട്യൂബറാണ് വീണയെ ആകര്‍ഷിച്ചത്. ആ വിഡിയോയിലെ റെസിപ്പിയൊക്കെ ട്രൈ ചെയ്തും വിഡിയോ കണ്ടുമൊക്കെയാണ് വീണ സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിച്ചത്.
അദ്ദേഹത്തിന്‍റെ അവതരണമാണ് ആകര്‍ഷിച്ചതെന്നു വീണ. പക്ഷേ ഉടനെയൊന്നും യുട്യൂബ് ചാനല്‍ ആരംഭിച്ചില്ല. ഇതിനിടയില്‍ ഇളയമകനെ പ്രസവിച്ചു.
കുറച്ചുകാലം കഴിഞ്ഞതോടെ വീണയ്ക്ക് പഴയ ബോറടി വീണ്ടും വന്നു. പ്രസവവും മറ്റുമായി ബ്ലോഗെഴുത്തൊക്കെ അവസാനിപ്പിച്ചിരുന്നു. അനു എന്ന കൂട്ടുകാരിയാണ് പിന്നെ മോട്ടിവേറ്റ് ചെയ്തതെന്നു വീണ.
“അനു ബ്ലോഗ് എഴുതുമായിരുന്നു. യുട്യുബ് ചാനല്‍ ആരംഭിക്കാന്‍ അവളാണ് പ്രേരിപ്പിക്കുന്നത്. എന്നാപ്പിന്നെ ട്രൈ ചെയ്യാം എന്നു കരുതി ജാന്‍ ചേട്ടനോട് പറഞ്ഞു.
“ആള്‍ക്കും എതിര്‍പ്പില്ലായിരുന്നു. അങ്ങനെ ആരംഭിച്ചു. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോ ചിരി വരും. പിന്നെ എന്‍റെ ശബ്ദം തന്നെ കേള്‍ക്കുമ്പോ എനിക്ക് ഇഷ്ടമാകുന്നില്ല. അങ്ങനെ പല പ്രശ്നങ്ങളും.
“പിന്നെ ഇതൊക്കെ കണ്ട് മോന്‍ കളിയാക്കാന്‍ തുടങ്ങി. അമ്മയ്ക്ക് ഇതൊന്നും പറ്റില്ലെന്ന് അവന്‍ പറഞ്ഞപ്പോ വാശി തോന്നി.
“ഒരു ദിവസം ചേട്ടന്‍ ജോലിക്കും മോന്‍ സ്കൂളിലും പോയപ്പോ ഞാനൊന്നു ട്രൈ ചെയ്തു നോക്കി, എന്‍റെ മൊബൈലില്‍ റെക്കോഡ് ചെയ്തു ജാനിന് കാണിച്ചു കൊടുത്തു. കുഴപ്പമില്ല, പക്ഷേ ഇത്രേം സംസാരിക്കുന്നത് ആള്‍ക്കാര്‍ക്ക് ഇഷ്ടമാകില്ല മാക്സിമം അഞ്ച് മിനിറ്റ് അതില്‍ കൂടുതല്‍ ചെയ്താല്‍ ബോറാണെന്നൊക്കെ പറഞ്ഞു.
“അങ്ങനെ കുറേ ട്രൈ ചെയ്തു. ഒടുവില്‍ തൃശ്ശൂര്‍ മീന്‍ കറിയുണ്ടാക്കി, വിഡിയോ എഡിറ്റൊക്കെ ചെയ്തു അപ്‍ലോഡ് ചെയ്തു. അപ്പോ വ്യൂസ് ഒന്നുമില്ലായിരുന്നു…
“പിന്നെ ബ്ലോഗില്‍ ഞാനൊരു പോസ്റ്റ് ഇട്ടു, ഇങ്ങനെയൊരു യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട്. സ്ഥിരമായി ബ്ലോഗ് വായിച്ചിരുന്നവര്‍ മെല്ലെ യുട്യൂബ് വിഡിയോ കാണാന്‍ വന്നു തുടങ്ങി. അന്നൊക്കെ ആണ്ടിനും സംക്രാന്തിക്കും എന്നു പറയും പോലെയാണ് ഓരോ കമന്‍റ് വരുന്നത്.
“ഒരു മെസേജ് വരും. പിന്നെ ഒരു മെയില്‍ വരും. അങ്ങനെയൊക്കെ. ആ മെയില്‍ കാണുമ്പോ സന്തോഷവും കരച്ചിലുമൊക്കെ വരാറുണ്ട്. ആദ്യമായി മെയിലും മെസേജുമൊക്കെ അയച്ച ചിലരോടൊക്കെ എനിക്ക് വ്യക്തിപരമായി ഇന്നും ബന്ധമുണ്ട്.
“എഡിറ്റിങ് ഒന്നും അറിയില്ലെന്നു ജാനിനോട് പറഞ്ഞപ്പോ, ആള് പറഞ്ഞത് ഇതിനൊന്നും എനിക്ക് സഹായിക്കാന്‍ പറ്റില്ല. തന്നെ ചെയ്തു പഠിക്കണമെന്നാണ്. എല്ലാം കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്.
“പക്ഷേ എനിക്ക് ദേഷ്യം വരുമായിരുന്നു. എന്തിനു ഏതിനും തന്നെ ചെയ്യണമത്രേ. എന്‍ജിനീയറിങ് പഠിച്ചയാളല്ലേ എന്തിനാണ് ഭര്‍ത്താവിനെ ആശ്രയിക്കുന്നതെന്ന് ചോദിക്കുമായിരുന്നു. അതൊക്കെ കേട്ടപ്പോ എനിക്ക് വാശിയായി.
“ഞങ്ങളുടേത് കുഞ്ഞു അടുക്കളയായിരുന്നു, വെട്ടവും കുറവാണ്. പിന്നെ ചളുങ്ങിയ പാത്രവും നിറം പോയതുമൊക്കെയുണ്ടായിരുന്നു. ഇതിനൊക്കെ ആള്‍ക്കാര് ഓരോന്ന് പറയും.
കുറേ നെഗറ്റീവ് കമന്‍റസ് കേട്ടിട്ടുണ്ട്. ‘ഇതെന്ത് മോശം പാത്രമാണ്,’ ‘പോയി പണി നോക്കിക്കൂടെ,’ ‘പോയി തൂങ്ങി ചാവടീ’ ഇങ്ങനെ കുറേ പൊട്ട കമന്‍റ്സും വന്നിട്ടുണ്ട്.
“ഇതൊക്കെ കാണുമ്പോ കരച്ചിലായിരുന്നു. … ഇതൊക്കെ ജാനിനോട് വന്നു പറയുമ്പോ, ആള് പറയും. ഇതു തുടരണമെങ്കില്‍ ഇതുപോലുള്ള നെഗറ്റീവ് കമന്‍റ്സും വായിക്കാനും നീ ബാധ്യസ്ഥയാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റ് ചെയ്തു കളഞ്ഞോ…
“ആദ്യമൊക്കെ ഞാന്‍ കമന്‍റിന് റിപ്ലൈ കൊടുക്കുമായിരുന്നു. അതിനു പോലും തിരിച്ച് ചിലര് ചീത്ത പറയും. ജാനാണ് പറഞ്ഞത് റിപ്ലൈ ഒന്നും കൊടുക്കാന്‍ നില്‍ക്കേണ്ടെന്ന്. അങ്ങനെയുള്ള കമന്‍റ്സൊക്കെ ജാന്‍ ഡിലീറ്റ് ചെയ്തു. എന്നിട്ടവരെ ബ്ലോക്കും ചെയ്തു. അങ്ങനെയാണ് പുള്ളി എന്നെ സഹായിച്ചു തുടങ്ങുന്നത്.”
പുതിയ പാത്രങ്ങളൊന്നും വാങ്ങിത്തരാന്‍ പറ്റില്ലെന്നു വാശി പിടിച്ചിരുന്ന ജാന്‍ തന്നെ കുറച്ചു മാസം കഴിഞ്ഞപ്പോള്‍ കുറച്ചു പാത്രങ്ങളൊക്കെ വാങ്ങിക്കൊടുത്തു. അതോടെ വീണയും ഹാപ്പി.
“വിഡിയോകളില്‍ സംസാരിക്കുന്നതിന് നിയന്ത്രണമൊക്കെയുണ്ടായിരുന്നു. ഞാന്‍ നന്നായി സംസാരിക്കുന്ന ആളാണ്. പക്ഷേ വിഡിയോകളിലൊന്നും അധികം സംസാരിക്കാറില്ലായിരുന്നു. വിഡിയോകളിലൊന്നും എന്‍റെ ആത്മാവിനെ കാണുന്നില്ലെന്നാണ് തോന്നിയത്. ഞാനല്ല എന്നു പോലും തോന്നിയിട്ടുണ്ട്.
“ഒരു ദിവസം ജാന്‍ പുറത്തു പോയ സമയത്ത്, ഞാനൊരു വിഡിയോ അധികമൊന്നും എഡിറ്റ് ചെയ്യാതെ അപ്‍ലോഡ് ചെയ്തു. ആ വിഡിയോയ്ക്ക് വലിയ സ്വീകരണമായിരുന്നു.
“വീണ ചേച്ചി എന്നും ഇതുപോലുള്ള വിഡിയോ ചെയ്യണം. നമ്മുടെ വീട്ടിലെ ചേച്ചിയെ പോലെ തോന്നുന്നു, നല്ല സംസാരം എന്നൊക്കെ ആള്‍ക്കാര് കമന്‍റ് ചെയ്തു. പിന്നെ രണ്ടു മൂന്നു വിഡിയോ ഇങ്ങനെ ചെയ്തു. ഇതിനും മോശം കമന്‍റ് ചെയ്തവരുണ്ട്ട്ടാ,” വീണ ചിരിച്ചു.
പിന്നീടുള്ള വിഡിയോകളില്‍ വീണ വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. കാഴ്ചക്കാരും കൂടിക്കൊണ്ടിരുന്നു, കമന്‍റുകളും.
വീണാസ് കറി വേള്‍ഡ് ഹിറ്റായതോടെ വീണയ്ക്ക് സെലിബ്രിറ്റി പരിവേഷമായിരുന്നു. ജാന്‍ ആണ് ഈ ചാനലിന് ഈ പേരിട്ടത്.
“പുറത്തു പോകുമ്പോ പലരും എന്നെ തിരിച്ചറിയാന്‍ തുടങ്ങി. വീണ എന്നു പറഞ്ഞു ഓടിവന്നു കെട്ടിപ്പിടിക്കും, പരിചയക്കാരെ പോലെ ചിരിക്കും, വര്‍ത്തമാനങ്ങള്‍ പറയും ഇതൊക്കെ കാണുമ്പോ എന്താ പറയാ… എനിക്ക് വലിയ സന്തോഷമാണ്. ഇതൊക്കെ എനിക്ക് ആദ്യാനുഭവങ്ങളാണ്,” വീണ ആ സന്തോഷം മറച്ചുവെയ്ക്കുന്നില്ല.
“പലരും പല ഭക്ഷണത്തിന്‍റെയും റെസിപ്പി ചോദിക്കാറുണ്ട്. പക്ഷേ എനിക്ക് നൂറു ശതമാനം ഓകെ എന്നു തോന്നാതെ റെസിപ്പികളൊന്നും പങ്കുവയ്ക്കില്ല. ഇതാകും വിജയത്തിന്‍റെയും കാരണം. അല്ലാതെ വിഡിയോയുടെ എണ്ണം കൂട്ടാന്‍ മാത്രം ഒരു റെസിപ്പിയും പോസ്റ്റ് ചെയ്യില്ല.
“ആദ്യ വിഡിയോ മുതല്‍ ഈ തീരുമാനം എന്‍റെ മനസിലൊരു ശപഥം പോലെയുണ്ട്. ഇന്നും ശരിയാകാത്ത റെസിപ്പികളുണ്ട്. പലരും റിക്വസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ എനിക്ക് ഉറപ്പ് തരാനാകാത്ത റെസിപ്പികള്‍ അപ്‍ലോഡ് ചെയ്യില്ല.
“ഹോസ്റ്റലിലൊക്കെ താമസിക്കുന്നവരും പുതുതായി കല്യാണം കഴിഞ്ഞു താമസം തുടങ്ങുന്നവരുമൊക്കെയായ ചിലര് പറഞ്ഞിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന പോലുള്ള എന്തേലും കഴിക്കണമെന്നു തോന്നിയാല്‍ വീണ ചേച്ചിയുടെ വിഡിയോ എടുത്തു നോക്കിയാല്‍ മതിയല്ലോന്ന്.
“ജര്‍മനിയില്‍ നിന്നും അമെരിക്കയില്‍ നിന്നും ഓസ്ട്രേലിയലില്‍ നിന്നൊക്കെ പലരും, അമ്മയുണ്ടാക്കുന്ന അതേ പോലെ കറിയുണ്ടാക്കാന്‍ പറ്റി, വീണ ചേച്ചിയെന്നു മെസേജ് അയക്കും.
“ഇതൊക്കെ കാണുമ്പോ ഞാനിവിടെ ഇരുന്ന് കരയും. ഞാന്‍ കുറച്ച് ഇമോഷണലാണ്. പിന്നെ ഇതൊക്കെയാ സന്തോഷം. കോടി രൂപ കിട്ടുന്നതിനെക്കാള്‍ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ കിട്ടുന്നതിനെക്കാള്‍ വലുതാണിത്.” ഈ കമന്‍റുകളാണ് ജീവിതത്തിലെ വലിയ അവാര്‍ഡെന്നു വീണ.
വീണാസ് കറിവേള്‍ഡ് ആരംഭിച്ചു ഒരു വര്‍ഷത്തിന് ശേഷമാണ് വീണ മോണിറ്റൈസേഷന് അപേക്ഷിച്ചത്. മൂന്നു മാസത്തിന് ശേഷം വരുമാനവും കിട്ടിത്തുടങ്ങി.
13,000 രൂപയായിരുന്നു ആദ്യ വരുമാനം. ഇപ്പോഴും നല്ല വരുമാനം തന്നെയാണ് കിട്ടുന്നത്. പക്ഷേ കൃത്യം തുക വെളിപ്പെടുത്താനാകില്ല. അങ്ങനെയാണ് യൂട്യൂബിന്‍റെ പോളിസി.
ജീവിതത്തില്‍ ആദ്യമായി കിട്ടിയ ശമ്പളമല്ലേ, എന്‍ജിനീയറാണെങ്കിലും ജോലി ചെയ്തിരുന്നില്ലല്ലോ. “എന്‍റെ പാഷനില്‍ നിന്നു കിട്ടിയ ആദ്യ വരുമാനമല്ലേ. വലിയ സന്തോഷമായിരുന്നു”വെന്നു വീണ.
“പിന്നീട് സില്‍വര്‍ പ്ലേ ബട്ടന്‍ കിട്ടി. ഇതു കിട്ടിയപ്പോ ഞാന്‍ വളരെ ഇമോഷണലായി.
കരഞ്ഞു, അപ്പോ പലരും അഭിനയിക്കുകയാണെന്നു വരെ കമന്‍റുകളിലൂടെ പറഞ്ഞു.
“കുടുംബത്തിനെയൊക്കെ വിഡിയോയിലൂടെ ആളുകള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. യുട്യൂബ് എന്‍റെ കുടുംബം പോലെയാണ് ഞാന്‍ കണ്ടത്. വ്യൂവേഴ്സ് എന്നോട് അങ്ങനെ സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്.
“2019 ജൂണിലാണ് പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുന്നത്. ഇതെന്‍റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലെ കുട്ടിയാണ് മൂത്തമകന്‍. ഇക്കാര്യവും ചാനലിലൂടെ ഞാന്‍ എല്ലാരോടും പറഞ്ഞിട്ടുള്ളതാണ്.
“കല്യാണ ഫോട്ടോ കാണിക്കൂ എന്നു പലരും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഒരീസം കാണിക്കാമെന്നു പറഞ്ഞിരുന്നു. വീണ്ടും ആളുകള്‍ ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു, വണ്‍ മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആയി കഴിഞ്ഞാല്‍ വിവാഹഫോട്ടോ കാണിക്കാമെന്ന്.
“അതിന്‍റെ പുറകിലൊരു കഥ കൂടിയുണ്ടെന്നു പറഞ്ഞു ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഇതൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമാണമെന്നു തോന്നിയില്ല. എന്‍റെ ജീവിതത്തില്‍ മാത്രമല്ല പലരുടെയും ജീവിതത്തില്‍ രണ്ടാം വിവാഹമൊക്കെ ഉണ്ടായിട്ടുണ്ടാകുമല്ലോ. ജാനിനും അതേക്കുറിച്ച് പറയുന്നതിന് വിരോധമില്ല. രണ്ടാളുടെ അച്ഛനമ്മമാരോടും ചോദിച്ചു. …”
പത്ത് ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞത് അറിയിച്ചുകൊണ്ട് ചെയ്ത വീഡിയോയ്ക്ക് ശേഷം മൈ സ്റ്റോറി എന്ന പേരില്‍ ഒരു വീഡിയോ ചെയ്തു. അതിലൂടെ വീണ തന്‍റെ ജീവിതത്തെക്കുറിച്ച് എല്ലാരോടും പറഞ്ഞു.
“രണ്ടാം വിവാഹവും പ്രശ്നങ്ങളും ജാനിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതുമൊക്കെ തുറന്നു പറഞ്ഞു. ഇതിനും പതിവു പോലെ നെഗറ്റീവ് കമന്‍റ്സും വന്നിരുന്നുട്ടോ,” ചിരിയോടെ വീണ പറഞ്ഞു.
13 ലക്ഷത്തിലേറെ സബ്‍സ്ക്രൈബേഴ്സുണ്ട് വീണാസ് കറിവേള്‍ഡിന്. ഇതുവരെ 729 വിഡിയോകള്‍ ഈ ചാനലില്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ 680 പാചക വിഡിയോകള്‍. ബാക്കി, വ്ലോഗുകള്‍ ആണ്.
ട്രാവല്‍, കുടുംബം, ബ്യൂട്ടി ടിപ്സ്, ആരോഗ്യകാര്യങ്ങള്‍, മോട്ടിവേഷണല്‍ ഇങ്ങനെ പല വിഷയങ്ങളിലും വിഡിയോ ചെയ്തിട്ടുണ്ട്. തിങ്കള്‍ മുതല്‍ വ്യാഴം വരെ പാചകവിഡിയോകള്‍, വെള്ളിയും ശനിയും സാധാരണയായി പാചക വിഡിയോ അപ്‍ലോഡ് ചെയ്യില്ല. ചിലപ്പോള്‍ വ്ലോഗുകള്‍ എന്തെങ്കിലും ആകും. ഞായറാഴ്ച ചെറിയ ടിപ്സുകളുടെ വിഡിയോ പോസ്റ്റ് ചെയ്യും.
യുട്യൂബ് ചാനല്‍ ആരംഭിച്ച നാളില്‍ ബന്ധുക്കളൊക്കെ കുറേ പരിഹസിക്കുകയും കുത്തുവാക്കുകള്‍ പറയുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നു വീണ.
എന്‍ജിനീയറായിട്ട് അവള് കഞ്ഞീം കറീം വച്ച് കളിക്കുകയാണ്, ആര്‍ക്കാണ് ഇതൊക്കെ അറിയാത്തത്, ഇങ്ങനെയൊക്കെ…
“പക്ഷേ ഇപ്പോ ആ പറഞ്ഞവരൊക്കെ തന്നെ, വീണ ഞങ്ങളുടെ അഭിമാനമാണ് വീണ വലിയ സംഭവമാണ് എന്നൊക്കെയാണ് പറയുന്നത്. സബ്സ്ക്രൈബേഴ്സില്‍ കുറേപ്പേര്‍ നല്ല സുഹൃത്തുക്കളായി ഇന്നും ഒപ്പമുണ്ട്. അതുപോലെ കുറേ സുഹൃത്തുക്കള്‍ യുട്യൂബ് കാരണം നഷ്ടമായിട്ടുമുണ്ട്.
“ഇതിനു ശേഷം മിണ്ടാതായ കൂട്ടുകാരുണ്ട്. അതിപ്പോ ഒരാള് നന്നാകുമ്പോ മിണ്ടാതാകുന്നവരും അഭിമാനത്തോടെ ചേര്‍ത്തുനിറുത്തുന്നവരുമൊക്കെയുണ്ട്. ദൈവം, ഭര്‍ത്താവ്, മക്കള്‍, അച്ഛനനമ്മാര്‍, സബ്സ്ക്രൈബേഴ്സ് ഇവരോടാണ് കടപ്പാടുള്ളത്.
“കണ്ടില്ലെങ്കില്‍ അന്വേഷിക്കുന്ന കുറച്ചു സബസ്ക്രൈബേഴ്സ് ഉണ്ട്. കണ്ടില്ലെങ്കില്‍ വീണേ എന്തു പറ്റി എന്നു ചോദിക്കുന്ന, ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍. എനിക്ക് അവരുടെ മെസേജ് കിട്ടിയില്ലെങ്കില്‍ ഞാനും അന്വേഷിക്കാറുണ്ട്. വളരെ കുറച്ചു പേരേയുള്ളൂ. പക്ഷേ അവരുമായി നല്ല ആത്മബന്ധമാണുള്ളത്.
“ഇതൊക്കെ അല്ലാതെ എനിക്ക് തമാശ സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്. അച്ഛന്‍ ഡാന്‍സറായിരുന്നു, പക്ഷേ ഞാന്‍ പഠിച്ചില്ല. പഠിക്കാന്‍ വിട്ടിട്ടും നൃത്തം പഠിക്കാതെ പോയതില്‍ ഇന്നെനിക്ക് സങ്കടമുണ്ട്.
“എഴുതാനിഷ്ടമാണ്. കോളെജില്‍ പഠിക്കുമ്പോ എഴുതുമായിരുന്നു. ഒരു പുസ്തകമിറക്കണമെന്നാണ് ആഗ്രഹം. പക്ഷേ പാചകപുസ്തകമല്ലാട്ടോ. പിന്നെ എല്ലാരും ചോദിക്കുന്നുണ്ട്, റസ്റ്ററന്‍റ് തുടങ്ങുമോയെന്ന്.
“ഇല്ല തത്ക്കാലം അങ്ങനെയൊരു ചിന്ത പോലും ഇല്ല. അതിനൊക്കെ മുഴുവന്‍ സമയവും നമ്മളൊപ്പം വേണം, ജോലിക്കാരെ വച്ച് നടത്താനൊന്നും താത്പ്പര്യമില്ല.അപ്പോ പിന്നെ നോ റസ്റ്ററന്‍റ്,” വീണ വ്യക്തമാക്കി.
യുട്യൂബില്‍ കിടിലന്‍ ഫൂഡ് റെസിപ്പികള്‍ ചെയ്തു കാണിക്കുമെങ്കിലും വീണയ്ക്ക് ഇഷ്ടം നാടന്‍ ഭക്ഷണമാണ്. ലോകത്തിന്‍റെ ഏതു ഭാഗത്ത് പോയാലും ചോറും കറിയും കിട്ടിയില്ലെങ്കില്‍ അസ്വസ്ഥതയാണെന്നു വീണ പറയുന്നു.
“ഭക്ഷണപ്രേമിയാണ്, പക്ഷേ നോണ്‍ വിഭവങ്ങളില്‍ ചിക്കന്‍ മാത്രമേ കഴിക്കൂ. അതും വല്ലപ്പോഴും വീട്ടിലുണ്ടാക്കുന്നത് മാത്രം. പച്ചക്കറികളാണ് ഇഷ്ടം. സ്കൂളില്‍ പഠിക്കുമ്പോ പഴംപൊരി എന്നായിരുന്നു ഇരട്ടപ്പേര്. അത്രയ്ക്ക് ഇഷ്ടമാണ്. ഏതു ഉറക്കത്തില്‍ വിളിച്ചു പഴംപൊരി തന്നാലും ഞാന്‍ കഴിക്കും,” വീണ പൊട്ടിച്ചിരിക്കുന്നു. “പിന്നെ മാസാല ദോശയും ഇഷ്ടമാണ്.”
രണ്ട് മക്കളാണ്. പത്താം ക്ലാസുകാരന്‍ അവനീതും, നാലാം ക്ലാസുകാരന്‍ ആയുഷും.
“എല്ലാര്‍ക്കും ആഗ്രഹമുള്ള പോലെ എനിക്കും ആഗ്രഹമുണ്ട് അത്രേയുള്ളൂ. ഡയമണ്ട് ബട്ടന്‍ കിട്ടിയാല്‍ അത്രേം സന്തോഷം. പറ്റുന്നിടത്തോളം കാലം ചാനലുമായി മുന്നോട്ട് പോകും. ഭാവിയില്‍ എങ്ങനെയാകുമെന്നൊന്നും അറിയില്ല.
“യുട്യൂബ് ഇല്ലേല്‍ വേറെ എന്തെങ്കിലുമൊക്കെ ചെയ്യും. അത്രേയുള്ളൂ. എല്ലാത്തിനും വ്യൂവേഴ്സ് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ഹൃദ്യമായി ചിരിച്ചുകൊണ്ട് വീണ സൈന്‍ ഓഫ് ചെയ്യുന്നു.
***
ഇതുകൂടി വായിക്കൂ: ‘ഓട് മീനേ കണ്ടം വഴി’: കുമ്പളങ്ങിയില്‍ നിന്നും കായല്‍ച്ചന്തമുള്ള മറ്റൊരു ജീവിതകഥ
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.