മുല്ലപ്പെരിയാര്‍ ഡാമും പഴയ ബംഗ്ലാവുകളും മറ്റും നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതത്തെക്കെക്കുറിച്ച് മലയാളികള്‍ കേട്ടിട്ടുണ്ടാവും.
ചുണ്ണാമ്പും ശര്‍ക്കരയും ചുട്ടെടുത്ത മണ്ണും ചേര്‍ത്താണത്രേ സിമന്‍റിന് പകരമായി ഈ നിര്‍മ്മിതികളില്‍ ഉപയോഗിച്ചിരുന്നത്.
ഇപ്പോഴും സുര്‍ക്കി മിശ്രിതം പലരും ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ നിന്നുള്ള എന്‍ജിനീയര്‍ ഇതിനോട് സാമ്യമുള്ള ഒരു രീതിയാണ് പരീക്ഷിക്കുന്നത്. മുട്ടയുടെ വെള്ളയും ശര്‍ക്കരയും കുമ്മായവും ചേര്‍ത്താണ് വീട് നിര്‍മ്മിക്കുന്നത് സിമെന്‍റ് പൂര്‍ണ്ണമായും ഒഴിവാക്കുന്നു.
3,200 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ഒരു വീട് സിമെന്‍റില്ലാതെ ഈ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ജവാഹര്‍ സി എന്ന തമിഴ് നാട് വെള്ളകോവില്‍ സ്വദേശി.
“നമ്മുടെ പൂര്‍വ്വികരെല്ലാം പ്രകൃതിസൗഹൃദ വീടുകളിലാണ് താമസിച്ചിരുന്നത്. ആ വീടുകള്‍ നല്ല വെന്‍റിലേഷനുള്ളതും ഉറപ്പുള്ളതുമായിരുന്നു. അതുപോലെ എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു,” ജവാഹര്‍ പറയുന്നു.
“പുതിയ കാലത്തെ നിര്‍മ്മാണങ്ങളെല്ലാം പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്നതാണ്. നമ്മളെന്തായാലും പ്രകൃതിവിഭവങ്ങളുടെ ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുമെന്തിന് ഭൂമിക്ക് കൂടുതല്‍ ഭാരം സൃഷ്ടിക്കണം?”
സ്വന്തം വീട് പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ഒരേഒരാളേ ജവാഹറിന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ–മരുമകന്‍ അരവിന്ദ് മനോഹരന്‍.
27-കാരനായ സിവില്‍ എന്‍ജിനീയര്‍ അരവിന്ദ് പിഴൈ അഴക് എന്ന ഒരു സുസ്ഥിര നിര്‍മ്മാണ കമ്പനി നടത്തുകയാണ്. 2018 ജൂണിലാണ് കമ്പനി തുടങ്ങുന്നത്.
“ഏതൊക്കെ മെറ്റീരിയല്‍സ് ഉപയോഗിക്കണമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. അരവിന്ദ് ആണ് എല്ലാം തീരുമാനിച്ചത്. നാട്ടിലെ പഴയ മേസ്തിരിമാരോടും പ്രായം ചെന്നവരോടുമൊക്കെ ചോദിച്ച് അവരുടെ അഭിപ്രായങ്ങളും ഗൃഹനിര്‍മ്മാണ രീതികളുമൊക്കെ ചോദിച്ചറിഞ്ഞതുമൊക്കെ അരവിന്ദായിരുന്നു,” ജവാഹര്‍ പറഞ്ഞു.
അവര്‍ രണ്ടുപേരും പ്രദേശത്തെ പഴയ വീടുപണിക്കാരെച്ചെന്ന് കണ്ടു. അവരുമായി ഒരുപാട് നേരം സംസാരിച്ചു. അരവിന്ദിനേയും ജവാഹറിനേയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു അവര്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍.
“ഞങ്ങള്‍ സംസാരിച്ചതില്‍ ഒരുപാട് പേര്‍ക്ക് പണ്ടത്തെ നടുമുറ്റമൊക്കെയുള്ള വീടുകളായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കി ശര്‍ക്കര ചേര്‍ത്ത് ഉറപ്പുവരുത്തിയതായിരുന്നു അവ. അതിനേക്കാള്‍ ആശ്ചര്യം അവര്‍ അതൊക്കെ തനിയെ നിര്‍മ്മിച്ചതാണ് എന്നറിഞ്ഞപ്പോഴാണ്. ഇന്നത്തെപ്പോലെ കണ്‍സ്ട്രക്ഷന്‍ കമ്പനികളൊന്നും അന്നില്ലല്ലോ,” അരവിന്ദ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
കൂടുതല്‍ പേരോട് സംസാരിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി. “ശര്‍ക്കരയും മുട്ടയുടെ വെള്ളയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നല്ലൊരു നിര്‍മ്മാണവസ്തുവാണെന്ന് അവരാണ് പറഞ്ഞുതന്നത്. ശര്‍ക്കര നല്ല ഉറപ്പ് നല്‍കും, പ്ലാസ്റ്ററില്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുമ്പോള്‍ ഭിത്തികള്‍ക്ക് നല്ല തിളക്കവും കിട്ടും,” അദ്ദേഹം വിശദമാക്കി.
ശര്‍ക്കരയും മുട്ടയും എങ്ങനെ നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നതിന്‍റെ പ്രായോഗിക വശങ്ങള്‍ അപ്പോഴും അറിയില്ലായിരുന്നുവെന്ന് അരവിന്ദ്. അങ്ങനെ നേരത്തെ സംസാരിച്ച ചില പഴമക്കാരെ സൈറ്റിലേക്ക് ക്ഷണിച്ചു. അവര്‍ തൊഴിലാളികളെ പഠിപ്പിച്ചു.
ജവാഹറിന്‍റെ വീടിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുമരുകള്‍ സാധാരണ ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിമെന്‍റിന് പകരം കുമ്മായവും മണലും ശര്‍ക്കരയും കടുക്ക ചതച്ചതും വെള്ളവും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിക്കുന്നത്. ചുമര് പ്ലാസ്റ്റര്‍ ചെയ്യുന്നത് അഞ്ച് ലെയറുകളായിട്ടാണ്.
ആദ്യത്തെ പാളി കുമ്മായവും മണലും വെള്ളവും ചേര്‍ത്താണ്. രണ്ടാമത്തേയും മൂന്നാമത്തേയും പാളി കുമ്മായവും കടുക്കയും വെള്ളവും ചേര്‍ത്ത മിശ്രിതമാണ്. നാലമത്തേതില്‍ കുമ്മായവും ടാല്‍കം പൗഡറും വെള്ളവുമാണെങ്കില്‍ അടുത്തത് കുമ്മായവും വെള്ളവും മുട്ടയുടെ വെള്ളയും ചേര്‍ന്നതാണ്.
“കുമ്മായം ഉപയോഗിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. വേനല്‍ക്കാലത്ത് വീട് തണുപ്പിക്കും. തണുപ്പുകാലത്ത് അകത്തെ ചൂട് നിലനിര്‍ത്തുകയും ചെയ്യും,” അരവിന്ദ് പറയുന്നു.
മേല്‍ക്കൂരയ്ക്ക് വേണ്ട മരം കരൈക്കുടിയിലെ പഴയ മരസാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കെറ്റില്‍ നിന്നാണ് വാങ്ങിയത്. ചിതല്‍ പിടിക്കാതിരിക്കാന്‍ ടൈലിനും മരത്തിനുമിടയില്‍ വാഴയിലയും താമരയിലയും വിരിച്ചിട്ടുണ്ട്.
ആദ്യമായാണ് ശര്‍ക്കരയും കുമ്മായവും മുട്ടയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നതെങ്കിലും നേരത്തെയും പ്രകൃതി സൗഹൃദ നിര്‍മ്മാണരീതികള്‍ അരവിന്ദ് പരീക്ഷിച്ചിട്ടുണ്ട്.
“സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് കഴിഞ്ഞ് ഞാന്‍ ഗ്രാമത്തിലെ ഒരു കെട്ടിടം പണിക്കാരന്‍റെ കൂടെ നിന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചു, കെട്ടിടങ്ങളുടെ ഡിസൈനിങ്ങ് അടക്കം. പിന്നെ, ബെംഗളുരുവിലെ ഇന്‍റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനില്‍ നിന്ന് ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്തു.
“2017-ല്‍ വെള്ളക്കോവില്‍ തിരിച്ചെത്തി. അപ്പോഴാണ് പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഗ്രാമത്തിലെ ഒരു വീട് എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. തേയ്ക്കാത്ത ലാറി ബെക്കര്‍ ശൈലിയിലുള്ള ഒരു വീടാണ് അത്. പുറത്ത് കൊടുംചൂടായിരുന്നെങ്കിലും ആ വീടിനകത്ത് നല്ല കുളിര്‍മ്മയായിരുന്നു. പ്രകൃതി സൗഹൃദ വീടുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനും അതെന്നെ പ്രേരിപ്പിച്ചു,” അരവിന്ദ് പറഞ്ഞു.
പ്രകൃതിക്കിണങ്ങിയ വീട് നിര്‍മ്മാണ രീതികള്‍ നേരിട്ട് കണ്ടറിയാന്‍ അരവിന്ദ് രാജ്യം മുഴുവന്‍ സഞ്ചരിച്ചു. പശ്ചിമ ബംഗാളിലെ ഗ്രാമീണരുടെ മുളയും ടെറാകോട്ടയും കൊണ്ടുണ്ടാക്കുന്ന വീടുകളും ആദിവാസി മേഖലകളിലെ മണ്‍വീടുകളുമൊക്കെ നേരിട്ടു കണ്ടു പഠിച്ചു.
രാജ്യം മുഴുവനും കറങ്ങി തിരിച്ചെത്തിയതിന് ശേഷമാണ് പിഴൈ അഴക് (പിഴവുകളുടെ അഴക്) എന്ന സ്ഥാപനം തുടങ്ങുന്നത്. ഓരോ പ്രദേശത്തിനും യോജിച്ച കെട്ടിടവും ഡിസൈനും നല്‍കുക എന്നതാണ് ഈ സ്ഥാപനം ചെയ്യുന്നത്.
“ഞങ്ങള്‍ ഒരുപാട് പ്രോജക്ടുകള്‍ ചെയ്തു. അതില്‍ പ്രധാനം ദമരുഗം മ്യൂസിക് സ്‌കൂള്‍ ആന്‍റ് ലേണിങ് സെന്‍റര്‍ ആണ്. കോയമ്പത്തൂരിലെ ഈ കെട്ടിടം ലാറി ബെക്കറിന്‍റെ ശൈലിയില്‍ തേയ്ക്കാത്ത കട്ടകളുടെ ഒരു നിര്‍മ്മിതിയാണ്.
“ഈ കെട്ടിടത്തില്‍ ചിലയിടങ്ങളില്‍ ഇഷ്ടികയ്ക്ക് പകരം മുളയുടെ ഫ്രെയിമുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയില്‍ പൈന്‍ മരവും പഴയ മാംഗ്ലൂര്‍ ടൈലുകളുമാണ്. നിലമൊരുക്കിയത് ഗ്രീന്‍ ഓക്‌സൈഡുകൊണ്ടും,” അരവിന്ദ് വിശദമാക്കുന്നു.
“ഓരോ പ്രദേശത്തെയും വാസ്തുവിദ്യയുടെ പ്രത്യേകതകള്‍ പഠിക്കുന്നതും ഡോക്യുമെന്‍റ് ചെയ്യുന്നതും തുടരണമെന്നാണ് ആഗ്രഹം,” അദ്ദേഹം തുടരുന്നു. “പ്രാദേശിക മേസ്തിരിമാര്‍ നിര്‍മ്മാണ രീതികളുടെയും അറിവുകളുടെയും ഖനികളാണ്. അവരുടെ അറിവുകള്‍ പകര്‍ന്നുതന്നതിന് ഞാനവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.”
ഇതുകൂടി വായിക്കാം: കാവിയിട്ട തിളങ്ങുന്ന പഴയ നിലം ഓര്‍മ്മയുണ്ടോ? റെഡ് ഓക്‌സൈഡ് ഫ്‌ളോറിങ്ങ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന യുവ ആര്‍കിടെക്റ്റിനെ പരിചയപ്പെടാം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.