നാട്ടിലെ പുഴയോരം സംരക്ഷിക്കാന്‍ ഒരു സാധാരണ കര്‍ഷകന്‍റെ ശ്രമങ്ങള്‍; തുടക്കത്തില്‍ മടിച്ചുനിന്നവര്‍ ഇന്ന് പൂര്‍ണ്ണ പന്തുണയുമായി ഒപ്പം

‘നാട്ടുകാര്‍ മാത്രമല്ല ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും മുളംതൈകള്‍ അന്വേഷിച്ചു വരുമായിരുന്നു.’

ണ്ണിനെ സ്നേഹിക്കുന്ന ഈ കര്‍ഷകന് പുഴയോടും ഇഷ്ടമാണ്. മണ്ണിടിഞ്ഞ് ഇല്ലാതാക്കുന്ന പുഴയോരങ്ങളില്‍ മുള നട്ടുപിടിപ്പിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി പായം സ്വദേശിയായ പ്രഭാകരന്‍.

അദ്ദേഹം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളര്‍ത്തിയ മുളംതൈകളാണ് പുഴയോരത്തും കുന്നിന്‍ മുകളിലുമൊക്കെയായി നിരന്നു നില്‍ക്കുന്നത്.

കുട്ടിക്കാലം തൊട്ടെ അദ്ദേഹത്തിന് കൃഷിയോടാണ് കമ്പം. അച്ഛനും അമ്മയ്ക്കും പിന്നാലെ കൃഷിയിലേക്കെത്തിയ പ്രഭാകരന്‍ വഴിയോരത്തും പുഴയോരത്തുമൊക്കെ മുളംതൈകള്‍ നട്ടുപിടിപ്പിക്കാനും നേരം കണ്ടെത്തിയിരുന്നു.

എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട് ഇദ്ദേഹത്തിന്.

“വീട്ടില്‍ കുറച്ചു മുളകളുണ്ടായിരുന്നു,” വിളങ്ങോട്ടുവയലില്‍ വീട്ടില്‍ പ്രഭാകരന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു തുടങ്ങുന്നു. “40 വര്‍ഷം കൂടുമ്പോ മുളകള്‍ പൂക്കും. ഞങ്ങളുടെ വീട്ടിലെ മുളയും പൂത്തു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

“മുളയരിയെടുത്തു മുളപ്പിച്ച് കുറേ മുളംതൈകളുണ്ടാക്കിയിരുന്നു.

പ്രഭാകരന്‍ വാഴത്തോട്ടത്തില്‍

“ഏതാണ്ട് 500-ലേറെ മുളംതൈകള്‍ മുളപ്പിച്ച് കവറുകളിലാക്കിയിരുന്നു. പുഴതീരത്ത് നടാം, ബാക്കി വരുന്നത് ആര്‍ക്കെങ്കിലുമൊക്കെ കൊടുത്തേക്കാം… എന്നായിരുന്നു പ്ലാന്‍.

“പക്ഷേ, പഴശ്ശി പദ്ധതി പ്രദേശത്ത് മുളംതൈകള്‍ നടാന്‍ അധികൃതരുടെ അനുമതി കിട്ടിയില്ല. അങ്ങനെ നടാന്‍ പറ്റാതെ തൈകള്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കാമെന്നു തീരുമാനിച്ചു.

“എന്നാല്‍ ആ തീരുമാനവും തെറ്റി. സൗജന്യമായി കിട്ടുന്ന തൈ വാങ്ങിച്ച് നടുന്നതിനുള്ള ഫണ്ട് ലഭ്യമല്ലെന്നു പറഞ്ഞു അവരും മുളംതൈകള്‍ നടുന്നത് ഒഴിവാക്കി. അങ്ങനെ ഈ തൈകളൊക്കെയും ആളുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്തു.”

ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും മുളംതൈകള്‍ അന്വേഷിച്ചു വരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

“കൂട്ടത്തില്‍ മട്ടന്നൂരില്‍ താമസിക്കുന്ന ഒരു ഡോക്റ്ററുണ്ടായിരുന്നു. ഡിഎംഒ ആയി വിരമിച്ച ഡോ.സെബാസ്റ്റ്യന്‍,” പ്രഭാകരന്‍ ഓര്‍ക്കുന്നു.

പ്രഭാകരന്‍റെ തീറ്റപ്പുല്ല് കൃഷി

“അദ്ദേഹത്തിന് നൂറോളം തൈകള്‍ കൊടുത്തു. ഇവിടെ അടുത്ത്, പായത്ത് തന്നെ ഡോക്റ്റര്‍ക്ക് കുറച്ചു ഭൂമിയുണ്ട്. റബര്‍ തോട്ടമാണ്. ചെറിയൊരു കുന്നിന്‍ പ്രദേശമാണവിടം. ഇവിടെ നിന്നു കൊണ്ടുപോയ തൈയൊക്കെ ആ മണ്ണിലാണ് നട്ടുപിടിപ്പിച്ചത്.

“കൂത്തുപ്പറമ്പുകാരനായ ഒരു പ്രൊഫസറും കുറേ മുളംതൈകള്‍ കൊണ്ടുപോയിട്ടുണ്ട്. തലശ്ശേരി, ഇരിട്ടി, കണ്ണൂര്‍ ഇവിടങ്ങളില്‍ നിന്നൊക്കെ ഒരുപാട് ആളുകള്‍ തൈ അന്വേഷിച്ചു വന്നിരുന്നു.”

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണിങ്ങനെ മുളംതൈകള്‍ നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും പ്രഭാകരന്‍റെ നേതൃത്വത്തില്‍ മുളംതൈകള്‍ നട്ടു പിടിപ്പിച്ചിരുന്നു. ആറു മാസം വളര്‍ച്ചയെത്തിയ തൈകളാണ് കഴിഞ്ഞ വര്‍ഷം പുഴത്തീരത്ത് നട്ടത്, അദ്ദേഹം തുടരുന്നു.

“മുന്‍ വര്‍ഷത്തെ പോലെ ഇക്കുറിയും തൈകള്‍ മുളപ്പിച്ച് കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. ഇല്ലാതായി കൊണ്ടിരിക്കുന്ന മുള സംരക്ഷിക്കണമെന്നു മാത്രമല്ല മണ്ണിടിച്ചില്‍ തടയാനും മുള നട്ടാല്‍ മതിയല്ലോ.

“ഇത്തവണ പുഴയോരത്ത് സ്വന്തമായി ഭൂമിയുള്ളവരെക്കൊണ്ട് തൈകള്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനിച്ചത്. പായംമുക്ക്, ജബ്ബാര്‍ കടവ് പ്രദേശങ്ങളിലുള്ളവരുമായി സംസാരിച്ചു.


ഇതുകൂടി വായിക്കാം:50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി 


“പുഴയോട് ചേര്‍ന്നു കിടക്കുന്ന അവരുടെ ഭൂമിയില്‍ മുളംതൈകള്‍ നടാമെന്നു പറഞ്ഞതു കേട്ട് ആദ്യമൊന്നും പലരും സമ്മതിച്ചില്ല. ഇങ്ങനെ നട്ടാല്‍ പ്രശ്നമൊന്നും ഇല്ലെന്നും അതിന്‍റെ നല്ല വശങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു.

“പിന്നെ എല്ലാവരും ഒപ്പം നിന്നു. 200-ലേറെ തൈകളാണ് ഇങ്ങനെ നട്ടത്. ഈ തൈകളെല്ലാം വീട്ടില്‍ തന്നെയുള്ള മുളയില്‍ നിന്ന് വിത്ത് എടുത്ത് മുളപ്പിച്ച്, ജൈവവളമിട്ട് വളര്‍ത്തിയെടുത്തതാണ്.

പ്രഭാകരന്‍ നട്ടുപിടിപ്പിച്ച തൈകള്‍ പലയിടത്തും ചെറിയ മുളംകാടുകളായി വളര്‍ന്നിരിക്കുന്നു

“സൗജന്യമായി കളരി പരിശീലിപ്പിക്കുന്ന പഴശ്ശിരാജ കളരി അക്കാഡമിയിലും മുളംതൈകള്‍ വച്ചു കൊടുത്തിട്ടുണ്ട്,” പ്രഭാകരന്‍ പറയുന്നു.

പാരമ്പര്യമായി കൃഷിയാണ് പ്രഭാകരന്‍റെ ഉപജീവനമാര്‍ഗം. “നെല്ലും വാഴയും പച്ചക്കറിയും പശുവും കോഴിയും തീറ്റപ്പുല്‍ക്കൃഷിയുമൊക്കെയുണ്ട്,” 20 വര്‍ഷമായി കൃഷി ചെയ്യുന്ന പ്രഭാകരന്‍ തുടരുന്നു.

“ആതിര എന്ന നെല്ല് അടക്കം നാലു തരം വിത്തുകള്‍ കൃഷി ചെയ്യുന്നുണ്ട്. ഒരേക്കറിലാണ് നെല്‍കൃഷി. ഇതില്‍ 80 സെന്‍റ് സ്വന്തം ഭൂമിയും ബാക്കി പാട്ടഭൂമിയുമാണ്.”

വീടിനോട് ചേര്‍ന്നുള്ള മണ്ണിലാണ് പച്ചക്കറിയൊക്കെ നട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 സെന്‍റില്‍ എള്ളും മുത്താറിയും കൃഷി ചെയ്തിരുന്നു.

ഇത്തവണ 250-ഓളം വാഴ നട്ടിട്ടുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ തീറ്റപ്പുല്ല് കൃഷിയുമുണ്ട്. വീട്ടിലെ പശുവിനും പോത്തിനും ആവശ്യത്തിനുള്ളതെടുത്ത് ബാക്കി തീറ്റപ്പുല്ല് മറ്റു കര്‍ഷകര്‍ക്ക് വില്‍ക്കുന്നുണ്ട്.

“കൊട്ടിയൂര്‍ അമ്പലത്തിലെ ആനയ്ക്ക് വേണ്ടിയുള്ള തീറ്റപ്പുല്ല് ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്. പ്രായമായ ആനയായതു കൊണ്ട് തീറ്റപ്പുല്ലാണ് അവര്‍ കൊടുക്കുന്നത്.

“രണ്ടര ക്വിന്‍റല്‍ പുല്ല് ഒരു ദിവസം ഇവിടെ നിന്നെടുക്കുന്നുണ്ട്. വീട്ടിലെ പശുക്കള്‍ക്കും പോത്തിനുമൊന്നും പുല്ല് ക്ഷാമമൊന്നും ഇല്ല. നെല്‍കൃഷിയുള്ളത് കൊണ്ട് ആവശ്യത്തിന് കച്ചിയുമുണ്ട്.

പായം പഞ്ചായത്തില്‍ നിന്ന് അര്‍ഹരായ കര്‍ഷകര്‍ക്ക് പോത്തുകളെ നല്‍കുന്ന പദ്ധതിയുണ്ടായിരുന്നു. അങ്ങനെ കിട്ടിയ രണ്ട് പോത്തുകളെ പ്രഭാകരനും അനുവദിച്ചുകിട്ടി.

“ആന്ധ്രപേദശില്‍ നിന്നുള്ള പോത്തുകളെ വയനാട്ടില്‍ പോയാണ് കൊണ്ടുവരേണ്ടത്. പഞ്ചായത്ത് കമ്മിറ്റിയില്‍ ഞാനുമുണ്ട്. അങ്ങനെ പോത്തിനെ കൊണ്ടുവരാന്‍ ഞാനും വയനാട്ടില്‍ പോയിരുന്നു, കൂട്ടത്തില്‍ ഒരു എരുമക്കിടാവിനെയും വാങ്ങിച്ചു.

“ഇതുകൂടാതെ രണ്ടു പശുവും കിടാവും ഒരു കാളയുമാണ് വീട്ടിലുണ്ടായിരുന്നത്. നേരത്തെ കോഴിയും തറാവുമൊക്കെ വളര്‍ത്തിയിരുന്നു. ഇപ്പോ പക്ഷേ അതൊന്നുമില്ല. നാലഞ്ച് അലങ്കാര പ്രാവുകളെയും വീട്ടില്‍ വളര്‍ത്തുന്നുണ്ട്.

“കഴിഞ്ഞ രണ്ടു പ്രളയവും ബാധിച്ചിരുന്നു. കപ്പയും വാഴയുമൊക്കെ പൂര്‍ണമായും പ്രളയത്തില്‍ നശിച്ചിരുന്നു. അറുപതിനായിരം രൂപയുടെ വാഴ മാത്രം നഷ്ടപ്പെട്ടു. തീറ്റപ്പുല്ലും വെള്ളം കയറി നശിച്ചിരുന്നു. ഇങ്ങനെയുള്ള പ്രകൃതി ക്ഷോഭങ്ങളില്ലെങ്കില്‍ കൃഷി നന്നായി കൊണ്ടുപോകാനാകും,” എന്നാണ് അദ്ദേഹം പറയുന്നത്.

പൂര്‍ണമായും ജൈവവളം  ഉപയോഗിച്ചാണ് കൃഷി. ബയോഗ്യാസ് സ്ലറിയില്‍ കടലപ്പിണ്ണാക്കിട്ട് പുളിപ്പിച്ചാണ് വളമായി ഉപയോഗിക്കുന്നത്.

പ്രഭാകരന്‍ കുടുംബത്തോടൊപ്പം

അമ്മിണിയാണ് ഭാര്യ. രണ്ട് മക്കള്‍, അനുശ്രീയും അനുരാജും. അനുശ്രീ പിഎസ് സി കോച്ചിങ്ങിന് പോകുന്നു. മകന്‍ ഡിഗ്രി വിദ്യാര്‍ഥിയാണ്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സംസ്ഥാന വെങ്കല മെഡല്‍ ജേതാവാണ് കൂടിയാണ് അനുരാജ്.

മുളംതൈകള്‍ മാത്രമല്ല പാഷന്‍ ഫ്രൂട്ടിന്‍റെ തൈകളും പ്രഭാകരന്‍ വിതരണം ചെയ്തിരുന്നു. പായം ഗവണ്‍മെന്‍റ് യു പി സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പാഷന്‍ ഫ്രൂട്ട് തൈകള്‍ സൗജന്യമായി നല്‍കിയിരുന്നു.

“എല്‍കെജി മുതല്‍ യു പി വരെയുള്ള സ്കൂളില്‍ 200-ഓളം തൈകളാണ് നല്‍കിയത്. പായം കൃഷിഭവന്‍റെ 2011-ലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും 61-കാരനായ പ്രഭാകരനായിരുന്നു.


ഇതുകൂടി വായിക്കാം:പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം