കേരളത്തിലെ ആദിവാസികളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗമാണ് കാട്ടുനായ്ക്കര്‍. മലപ്പുറം ജില്ലയില്‍ കാട്ടുനായ്ക്കരുടെ ഇടയില്‍ നിന്നും ആദ്യമായി എസ് എസ് എല്‍ സി പാസായത് നിലമ്പൂര്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ചിത്രയാണ്.
ഏതാണ്ട് 25 വര്‍ഷം മുന്‍പാണത്.
ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചായിരുന്നു ആ വിജയം. പിന്നീടിങ്ങോട്ടുള്ള ചിത്രയുടെ ജീവിതത്തിലും പ്രതിസന്ധികള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കുറവുണ്ടായിരുന്നില്ല.
ജീവിതവും കുടുംബവും തകര്‍ന്നുപോകുമെന്ന അവസ്ഥയില്‍ നിന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുകയറി. ഇന്ന് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഉയരുന്ന ഉറച്ച ശബ്ദങ്ങളിലൊന്നാണ് ചിത്രയുടേത്; ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് അപൂര്‍വ്വമായി മാത്രം ഉയര്‍ന്നുവന്നിട്ടുള്ള കരുത്തുള്ള സ്ത്രീ നേതാക്കളില്‍ ഒരാള്‍.
“പോത്ത് കല്ലിലെ അപ്പന്‍കാപ്പ് കോളനിയിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്,” ചിത്ര നിലമ്പൂര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“എല്‍ പി. യു പി പഠനം മുണ്ടേരി ട്രൈബല്‍ സ്‌കൂളിലായിരുന്നു. ആനയും കാട്ടുപന്നിയുമൊക്കെയുള്ള കാട്ടിലൂടെ നാലര കിലോമീറ്റര്‍ നടന്നുവേണമായിരുന്നു സ്‌കൂളില്‍ പോകാന്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോത്തുകല്ലിലെ കാത്തോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു.
“പത്താം ക്ലാസ് നല്ല മാര്‍ക്കോടെയാണ് ഞാന്‍ പാസായത്. എന്നാല്‍ തുടര്‍ പഠനത്തിനുള്ള സാധ്യതകള്‍ വളരെ കുറവായിരുന്നു,” എന്ന് ചിത്ര. “പതിനാറാം വയസില്‍ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. വൈകാതെ അമ്മയായി.”
ഊരുകളിലെ കുട്ടികളുടെ അധ്യാപികയായും പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്‍റെ കീഴില്‍ ട്രൈബല്‍ പ്രൊമോട്ടറായും കുടുംബശ്രീ പ്രവര്‍ത്തകയായുമൊക്കെ പ്രവര്‍ത്തിച്ചു.
“പതിനെട്ടാം വയസില്‍ ഗര്‍ഭിണിയായിരിക്കെ തന്നെ ഉള്‍വനത്തിലെ ഊരില്‍ അദ്ധ്യാപികയായി ജോലി നോക്കി,” അവര്‍ പറഞ്ഞു. ഉള്‍ക്കാടുകളില്‍ താമസിച്ചിരുന്ന കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടി ഒരു പാട് ശ്രമിച്ചു. അതില്‍ വലിയ തോതില്‍ വിജയിക്കുകയും ചെയ്തു.
അങ്ങനെ സര്‍ക്കാരിന് കീഴിലും വകുപ്പുമായി ചേര്‍ന്നുമുള്ള പല ജോലികളും ചെയ്തുവരുമ്പോഴാണ് ആദിവാസി മേഖലകളിലെ പലതരം ചൂഷണങ്ങളോട് ചിത്ര പ്രതികരിക്കാന്‍ തുടങ്ങുന്നത്.
അത് ചിത്രയുടെ ജീവിതം മറ്റൊരു വഴിക്കാണ് തിരിച്ചുവിട്ടത്.
“പല മേഖലയിലും ഗവണ്‍മെന്‍റ് ജോലി തന്നെ ചെയ്തു വരുമ്പോഴാണ് ഊരുകളിലെ വീട് നിര്‍മ്മാണ കോണ്‍ട്രാക്ടര്‍മാരുടെ ചൂഷണം ശ്രദ്ധയില്‍ പെടുന്നതും അതിനെതിരെ പ്രതികരിക്കുന്നതും. എന്‍റെ ജോലിയും കുടുംബവും നഷ്ടമാവുകയെന്നതായിരുന്നു അതിന്‍റെ ഫലം,” ചിത്ര മനസ്സുതുറക്കുന്നു.
എന്നെ മാനസികമായി തകര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരും കോണ്‍ട്രാക്ടര്‍മാരും പരമാവധി ശ്രമിച്ചു…
“ചില വിഷയങ്ങളില്‍ ശക്തമായി ഇടപെടുമ്പോള്‍ ആദ്യം പണം നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കും. അത് നടക്കില്ലെന്നറിയുമ്പോള്‍ പലവിധ ഭീഷണികള്‍ വരും. അതിലും നമ്മള്‍ തളരില്ലെന്ന് കണ്ടാല്‍ പിന്നീട് പരപുരുഷ ബന്ധം ആരോപിക്കലാണ്. പലപ്പോഴും മാനസികമായി തളര്‍ന്ന് പോയിട്ടുണ്ട്,” ചിത്ര ആദ്യകാല പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെയും പറ്റി വിശദമാക്കുന്നു.
“മാനസികമായി ഞാന്‍ തളര്‍ന്നു. രോഗത്തിനടിപ്പെട്ടു. എങ്കിലും ഈശ്വരാധീനം പോലെ ചില കൈകള്‍ എന്നെ പിടിച്ചുയര്‍ത്തി. ജീവിതത്തിലേക്ക് എന്നെ ഉയര്‍ത്തിയ മറക്കാനാവാത്ത വ്യക്തിയാണ് മഹിളാ സമഖ്യാ ഡയറക്ടറായിരുന്ന ഡോ.സീമാ ഭാസ്‌കര്‍. എല്ലാ തരത്തിലും അവരെനിക്ക് പിന്‍തുണ നല്‍കി. അത് എന്നില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി…
“ഒരു സ്ത്രീ സമൂഹത്തിലേക്കിറങ്ങിയാല്‍ എന്തെല്ലാം വിധത്തിലുള്ള ദുരിതങ്ങള്‍ നേരിടുമോ അതെല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്,” എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കൂടുതല്‍ കരുത്തോടെ ചിത്ര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. മുന്‍പത്തേക്കാളേറെ എതിര്‍പ്പുകള്‍ ഇന്നും വരുന്നുണ്ട്. എന്നാല്‍ 15-ാം വയസ്സില്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തനം ഇന്ന് 39-ാം വയസ്സിലെത്തിനില്‍ക്കുമ്പോള്‍ ചിത്ര കൂടുതല്‍ ശക്തയാണ്.
“അനാവശ്യ പരാതികള്‍, കേസ്, വധ ഭീഷണി, ആളുകളെ കൂട്ടി അപമാനിക്കല്‍, എല്ലാം നേരിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തെ ഊരുകളിലേക്ക് പോലും എനിക്ക് പല കാരണം പറഞ്ഞ് പ്രവേശനം നിഷേധിക്കും. അക്രമ സമരപാതയില്‍ പോകാത്ത എന്നെ മാവോയിസ്റ്റായിപ്പോലും ചിത്രീകരിക്കുന്നുണ്ട്.
“അപ്പന്‍കാപ്പ് ഒഴികെയുള്ള വനത്തിനുള്ളിലെ ഊരുകളിലേക്ക് പോകാന്‍ വിലക്കുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടുതലുള്ള ഭാഗമാണ് നിലമ്പൂര്‍ കാടുകള്‍ എന്നാണ് വനംവകുപ്പും പൊലീസും പറയുന്നത്.
“കോളനികളിലെ ദുരവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുകയും അത് പുറംലോകത്തെ അറിയിക്കുകയും ചെയ്യുമെന്ന് ഇവര്‍ക്കറിയാം. അതാണ് ഈ വിലക്കിന് കാരണമെന്ന് ഞാന്‍ മനസിലാക്കുന്നു. തണ്ടന്‍കല്ല് എന്ന ഊരില്‍ മീറ്റിംഗ് നടത്തിയതിന് 2012-ല്‍ എന്നെയും എന്‍റെ കൂട്ടുകാരിയെയും താമസസ്ഥലത്തെത്തി പോത്തുകല്ല് സ്റ്റേഷന്‍ പോലീസ് കൊണ്ടുപോകുകയും ചോദ്യം ചെയ്യാനെന്ന പേരില്‍ 8 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഓഡര്‍ പ്രകാരമാണ് ഇത് ചെയ്തതെന്നാണ് അന്ന് പോലീസ് പറഞ്ഞത്,” ചിത്ര ഒരു അനുഭവം ഓര്‍ത്തെടുത്തു.
“ഓരോരുത്തര്‍ ഓരോ ആയുധവുമായി വന്ന് കുത്തി മുറിവേല്‍പ്പിക്കുമ്പോഴും പത്തിരട്ടി ആവേശത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ തോന്നാറുള്ളത്. കാരണം ഒട്ടനവധി സുഹൃത്തുക്കളും സംഘടനകളും എന്നോടൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്നുണ്ട്,” ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ കൂട്ടായ്മയായ ആദിവാസി ഐക്യവേദിയുടെ പ്രസിഡണ്ട് കൂടിയായ ചിത്ര പറയുന്നു.
വനഭൂമിയില്‍ അവകാശം തേടി
കാടുകളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് 2006-ലെ വനാവകാശ നിയമപ്രകാരം വനഭൂമിക്ക് മേല്‍ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനത്തില്‍ സജീവമാണ് ഇപ്പോള്‍ ചിത്രയും ആദിവാസി ഐക്യവേദി പ്രവര്‍ത്തകരും.
“രാജ്യത്തെ വനങ്ങളില്‍ 25 കോടി ജനങ്ങള്‍ ജീവിച്ച് പോരുന്നു, എന്നാണ് ഏകദേശ കണക്ക്, ഇതില്‍ 10 കോടിയും ആദിമ ഗോത്ര ജനവിഭാഗങ്ങളാണ്.
2006-ല്‍ വനാവകാശ നിയമം നിലവില്‍ വന്നെങ്കിലും ഇന്നും പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല,” ചിത്ര പറയുന്നു.
“പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പുല്ലുക്കാട് ഭാഗത്ത് 104 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വെച്ച് ഭൂമി നല്‍കി. 28 പേര്‍ അവിടെ താമസമാക്കി ബാക്കിയുള്ളവര്‍ക്കാകട്ടെ, ഭൂമി എവിടെയാണെന്ന് ഇനിയും തിട്ടപ്പെടുത്തി നല്‍കിയിട്ടില്ല. 2019 ജനവരിയില്‍ പട്ടയം കിട്ടിയ മറ്റുള്ളവരുടെ ഭൂമി എവിടെയാണ് എന്നുചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് നാട്ടുകാര്‍ എന്നോട് പറഞ്ഞത്. സമാനമായ സംഭവം വയനാട് ജില്ലയിലും കാണാം. വനാവകാശ നിയമപ്രകാരമോ അല്ലാതെയോ കൊടുത്താലും ആദിവാസികള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.”
ഇതുകൂടി വായിക്കാം: ‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വനാവകാശ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ക്ലാസ്സുകളും സെമിനാറുകളും ചര്‍ച്ചകളുമെല്ലാം ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഒപ്പം, വനാവകാശ നിയപ്രകാരം ഭൂമിയും സമൂഹവനാവകാശവും അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷകള്‍, നിവേദനങ്ങള്‍, പരാതികള്‍ എന്നിവ കൊടുപ്പിക്കുന്നതിനും വേദിയുടെ പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കുന്നു. വനാവകാശം സ്ഥാപിച്ചുകിട്ടുന്നതിന് അടിസ്ഥാനമായ ഊരുകൂട്ടങ്ങള്‍, ഊരുതല കമ്മിറ്റികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു.
“വനാവകാശം നടപ്പാക്കുന്നത് ഇവിടെ മന്ദഗതിയിലായിരുന്നു. അത് ഊര്‍ജ്ജിതമാക്കുവാനും ഉദ്യോഗസ്ഥരെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താനും ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു,” ചിത്ര പറയുന്നു.
“പാലക്കാട് അട്ടപ്പാടിയില്‍ 108 വനാവകാശ സമിതി (Forest Rights Committee) കളാണുള്ളത്. 2008-09 വര്‍ഷത്തില്‍ 2,000 അപേക്ഷകര്‍ക്ക് വനാവകാശ രേഖ നല്‍കി. വീണ്ടും 2014-15 വര്‍ഷത്തില്‍ 2,000-ത്തിന് മുകളില്‍ അപേക്ഷ ലഭിച്ചതിനും രേഖ നല്‍കി. വനഭൂമിയും റവന്യു ഭൂമിയും തിരിച്ചറിയാതെ കൂടിക്കലര്‍ന്ന് കിടക്കുന്നത് അട്ടപ്പാടിയില്‍ വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നു.
“അപേക്ഷയില്‍ കാണിക്കുന്ന ഭൂമിയുടെ മേല്‍ അവകാശവാദം ഉന്നയിക്കാന്‍ (അതായത് അത് വനഭൂമിയാണെന്ന് പറയാന്‍) പലപ്പോഴും വനം വകുപ്പ് തയ്യാറാവുന്നില്ല. 323 അപ്പേക്ഷ ടൈറ്റില്‍ ആക്കി ജില്ലാതല കമ്മിറ്റി (DLC) പാസാക്കി വെച്ചു എങ്കിലും മണ്ണാര്‍ക്കാട് DF0 അതില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ അത് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തിരിക്കുകയാണ്. 615 അപേക്ഷകര്‍ക്കു കൂടി വനാവകാശ രേഖ നല്‍കിയാല്‍ കിട്ടിയ അപേക്ഷകളില്‍ പൂര്‍ണ്ണത കൈവരും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്,’ ചിത്ര വിശദമാക്കുന്നു.
2016-ന് ശേഷം അട്ടപ്പാടിയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് പിന്നില്‍ ഐക്യവേദിയുടെയും പ്രവര്‍ത്തകരുടേയും ശക്തമായ ഇടപെടല്‍ ഉണ്ടെന്ന് ചിത്ര അവകാശപ്പെടുന്നു.
“ഏഴ് ജില്ലകളിലാണ് ആദിവാസി ഐക്യവേദിയുടെ ഭാരവാഹികളും അംഗങ്ങളും ഉള്ളത്. അംഗങ്ങളുടെ ഇടപെടല്‍ കൊണ്ട് അട്ടപ്പാടി, നെല്ലിയാമ്പതി, നിലമ്പൂര്‍, വയനാട് മേഖലയില്‍ മാറ്റം സൃഷ്ടിക്കാനായിട്ടുണ്ട്,” അവര്‍ പറഞ്ഞു.
അക്ഷരവെളിച്ചത്തിലേക്ക്
മഹിളാ സമഖ്യ എന്ന സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായി കൂടുതല്‍ ആത്മവിശ്വാസവും അറിവും നേടിയെടുക്കാന്‍ ചിത്രയെ സഹായിച്ചു. അത് അവരുടെ സമൂഹത്തിനും ഗുണകരമായി.
“കേരള മഹിള സമഖ്യ സൊസൈറ്റിയും ഡൈനാമിക് ആക്ഷനും, നീതി വേദിയും എനിക്ക് അറിവ് പകര്‍ന്ന് കൂടെ നടത്തിയ സംഘടനകളാണ്,” ചിത്ര പറയുന്നു.
“നീതി വേദിയില്‍ നിന്നും ലഭിച്ച അറിവുകള്‍ എനിക്ക് ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരുന്നതു പോലെയാണ് അനുഭവപ്പെട്ടത്. കാരണം ഒരു സാധാരണ മനുഷ്യന് അറിഞ്ഞിരിക്കേണ്ട എല്ലാ നിയമങ്ങളും പകര്‍ന്ന് തന്നത് നീതി വേദിയാണ്. ഡോക്ടര്‍ സീമാ ഭാസ്‌കറെപ്പോലെത്തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് നീതിവേദിയുടെ ഫാദര്‍ സ്റ്റീഫന്‍ മാത്യു. നീതി വേദി കുടുംബത്തില്‍ നിന്നും എനിക്ക് ലഭിക്കുന്ന സ്‌നേഹം വലിയ ഊര്‍ജ്ജം തന്നെയാണ്,” ഇപ്പോള്‍ നീതിവേദിയുടെ മലപ്പുറം ജില്ലാ പാരാ-ലീഗല്‍ വര്‍ക്കറായി ആയി ജോലി ചെയ്യുന്ന ചിത്ര പറയുന്നു.
മഹിളാ സമഖ്യയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും യാത്ര ചെയ്യാനും അട്ടപ്പാടി, നിലമ്പൂര്‍ പ്രദേശങ്ങളിലെ ആദിവാസികളെക്കുറിച്ച് കൂടുതലായി പഠിക്കാനും ചിത്രയ്ക്ക് അവസരം ലഭിച്ചു.
“അപ്പോഴാണ് പത്താംക്ലാസ് വിദ്യാഭ്യാസം കൊണ്ട് എനിക്ക് തൃപ്തിവരാത്തതും തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹമുണ്ടായതും. അങ്ങനെ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുടെ സമീക്ഷ പദ്ധതിയില്‍ ഫ്രീയായി പ്ലസ് ടു കോഴ്‌സ് നല്ല മാര്‍ക്കില്‍ പാസാകുകയും തുടര്‍ന്ന് ഡിഗ്രിയെടുക്കുകയും ചെയ്തു” എന്ന് ചിത്ര.
നിലമ്പൂരിലെ കൊടുംവനത്തിനുള്ളില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകരാനും ചിത്ര ശ്രമിച്ചു.
“സ്‌കൂളില്‍ പോകാത്ത മക്കളെ ഏറെ പ്രയാസപ്പെട്ട് സ്‌കുളുകളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു,” എന്ന് ചിത്ര.
എന്നാല്‍ അതിനും ഏറെ കടമ്പകളുണ്ടായിരുന്നു.
സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാട്ടില്‍ ജനിച്ച ഞങ്ങള്‍ക്കെങ്ങിനെ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകും?
“ഈ സാങ്കേതികത്വം മറി കടക്കാന്‍ ഏറെ പണിപ്പെട്ടു. ഇതിനായി ഉള്ള രേഖകളും അപേക്ഷകളും കുറേ രാവും പകലും പണിയെടുത്താണ് പൂര്‍ത്തിയാക്കിയത്.”
അതുകൊണ്ട് പ്രയോജനമുണ്ടായി.
“കേരള മഹിളാ സമഖ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത്, 2009-ല്‍ മലപ്പുറം ജില്ലയിലെ കൊടുംവനത്തിലെ കുമ്പളപ്പാറയില്‍ നിന്നും ആദ്യമായി 8 കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. അതോടൊപ്പം മറ്റ് ഊരിലെ കുട്ടികളെയും ചേര്‍ത്താന്‍ സാധിച്ചു.”
അക്ഷരത്തിലൂടെയും അറിവിലൂടെയും പുതിയ തലമുറ കൂടുതല്‍ അവകാശബോധമുള്ളവരായി വളരും എന്നാണ് ചിത്രയുടെ പ്രതീക്ഷ.
2014-ലാണ് നീതി വേദിയില്‍ ചിത്ര പാരാലീഗല്‍ വര്‍ക്കറാവുന്നത്. അതിന് ശേഷം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അക്രമം തടയല്‍ ആക്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യിക്കാനും, ഇത്തരം കേസുകളില്‍ പൊലീസ് എഫ് ഐ ആര്‍ ഇടുന്നുവെന്ന് ഉറപ്പാക്കാനും ശ്രമിച്ചു. ഈ നിയമത്തിന്‍റെ പ്രാധാന്യം ഉദ്യോഗസ്ഥരിലും ആദിവാസികളിലും എത്തിക്കാനും പരിശ്രമിച്ചു. പാരാ ലീഗല്‍ പ്രവര്‍ത്തകയെന്ന നിലയില്‍ അനേകം കേസുകളില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തിക്കാനും കഴിഞ്ഞുവെന്ന് ചിത്ര അഭിമാനിക്കുന്നു.
“ആദിവാസി ഊരുകളിലെ ഒട്ടനവധി നിയമ പ്രശ്‌നങ്ങളില്‍ പരാതിക്കാരെ സഹായിക്കാന്‍ കഴിഞ്ഞു. ഇക്കാരണത്താല്‍ വധഭീഷണിയും വ്യക്തിഹത്യയും ഇന്നും ഞാന്‍ അനുഭവിക്കുന്നു.
“… പാരാലീഗല്‍ പ്രവര്‍ത്തനത്തില്‍ ഏറ്റവും സംതൃപ്തി നല്‍കിയത് ഊമയും ബധിരനുമായ ആദിവാസി യുവാവിനെ അടിമ ജീവിതത്തില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചതും 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും 3,000 ശമ്പളം നല്‍കാനും കളക്റ്ററെക്കൊണ്ട് ഉത്തരവിടാന്‍ സാധിച്ചു എന്നതുമാണ്. ഇതുസംബന്ധിച്ച എല്ലാ വിധ രേഖകളും അയാള്‍ക്ക് ഇതിനായി തയ്യാറാക്കി നല്‍കി. 2017-ലാണ് ഈ സംഭവം,” ചിത്ര പറഞ്ഞു.
ടൗണില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരെയാണ് അപ്പന്‍കാപ്പ് ഊര്. ബസ് സൗകര്യമില്ല. ജോലിയ്ക്ക് പോകുന്നതിനുള്ള സൗകര്യം നോക്കി നിലമ്പൂര്‍ ചുങ്കത്തറയില്‍ പട്ടികവര്‍ഗ്ഗ സേവാ സൊസൈറ്റി ഓഫീസിനടുത്ത് വാടകയ്ക്കാണ് ചിത്ര ഇപ്പോള്‍ താമസിക്കുന്നത്.
നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി ചിത്ര മുന്‍കൈ എടുത്ത് 2017-ല്‍ സ്ഥാപിച്ചതാണ് പട്ടികവര്‍ഗ്ഗ സേവാ സൊസൈറ്റി.
“സൊസൈറ്റി അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ഉപേക്ഷിക്കപ്പെട്ടവരും വിധവകളായ സ്ത്രീകള്‍ക്ക്, സ്ഥിരവരുമാനം നല്‍കുക എന്നതാണ് പ്രധാന ഉദ്ദേശം. കൂടാതെ ഊരുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ചൂഷണം തടയാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുക, വനവിഭവങ്ങള്‍ ശേഖരിച്ച് ഉല്‍പ്പന്നങ്ങളാക്കി കലര്‍പ്പില്ലാത്ത സാധനങ്ങള്‍ നല്‍കുക എന്നതും പലവിധ മോട്ടിവേഷന്‍ പ്രോഗ്രാമുകള്‍ നല്‍കിക്കൊണ്ട് ഇവരെ സ്വയം ശാക്തീകരിക്കുന്ന അവസ്ഥയിലും സാഹചര്യത്തിലും എത്തിക്കുക എന്നൊക്കെയാണ് സൊസൈറ്റിയുടെ ലക്ഷ്യങ്ങള്‍,” ചിത്ര പറഞ്ഞു.
വാടക കെട്ടിടത്തില്‍ ആണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് ചിത്ര. അംഗങ്ങള്‍ നൂറ് രൂപ വീതം നല്‍കിയാണ് വാടകയും മറ്റുചെലവുകളും വഹിക്കുന്നത്. “ഒരു സര്‍ക്കാര്‍ സഹായവും ഇല്ലാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ വീടുകള്‍, കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍, വനവിഭവങ്ങളുടെ മൂല്യവര്‍ദ്ധനവ് , തൊഴില്‍ അതിജീവന പ്രവര്‍ത്തനങ്ങള്‍… എല്ലാം സൊസൈറ്റി വഴി നടപ്പിലാക്കി സ്വാശ്രയത്വത്തിലേക്ക് ചുവട് വെക്കണം. അതാണെന്റെ സ്വപ്നം,” ചിത്ര പറഞ്ഞുനിര്‍ത്തുന്നു.
2018-ലെ എം ജെ ജോസഫ് ഔട്ട് സ്റ്റാന്‍റിങ്ങ് കമിറ്റ്‌മെന്‍റ് അവാര്‍ഡടക്കം അനേകം പുരസ്‌കാരങ്ങള്‍ ചിത്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരവും പ്രോത്സാഹനവുമായി കിട്ടിയിട്ടുണ്ട്.
ഇതുകൂടി വായിക്കാം: ക്വട്ടേഷനെടുത്ത ഗുണ്ട പോലും സുനിതയെ ആക്രമിക്കാതെ പിന്‍മാറി: ‘ക്രിമിനല്‍ ഗോത്ര’ങ്ങളെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്കുവേണ്ടി ഉയര്‍ന്ന സ്ത്രീശബ്ദം
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.