രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’

മൂന്ന് വട്ടമാണ് മരണത്തെ മുഖാമുഖം കണ്ട് ഡേവിസ് ജീവിതത്തിലേക്ക് തളരാത്ത ചിരിയോടെ തിരിച്ചുവന്നത്. രണ്ടുതവണ വൃക്ക മാറ്റിവെച്ചു. അതിനിടയില്‍ രക്താര്‍ബുദവും പിടിപെട്ടു. ചങ്ക് കൂട്ടുകാരും ” നീ പൊളിക്കെടാ ഡേവീസേ,” എന്ന് ധൈര്യം പകരുന്ന ഒരു ഡോക്ടറും പിന്നെ ഒടുക്കത്തെ ആത്മവിശ്വാസവുമാണ് ഈ ചെറുപ്പക്കാരന്‍റെ കരുത്ത്.

ചില മനുഷ്യരുണ്ട്, ഓരോ തവണയും വരൂ വരൂ എന്ന് തൊട്ടുവിളിച്ച മരണത്തോട് സമയമായില്ല പോലുമെന്ന് ലാഘവത്തോടെ പുറംതിരിഞ്ഞ് ജീവിതമേയെന്ന് പുഞ്ചിരിക്കുന്നവര്‍.

ആ ചിരി പ്രതീക്ഷയുടെ കുഞ്ഞുചെരാതുകളായി ഒരുപാട് ജീവിതങ്ങളിലേക്ക് കൊളുത്തിവെയ്ക്കുന്നവര്‍. ആ ചിരിയില്‍ പക്ഷെ കാണാക്കണ്ണീര്‍ നനവുണ്ട്. ഓരോ വൈതരണി താണ്ടിയപ്പോഴും കൈവന്ന ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ട്.

അങ്ങനൊരു ചിരിയുടെ ഉടമയാണ് തൃശൂര്‍ക്കാരനായ ഡേവിസ് കൊളളന്നൂര്‍.

 

ഡേവിസ് സ്വീഡനില്‍

പൂങ്കുന്നം വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ഹോസ്പിറ്റലില്‍ ട്രാന്‍സ്പ്ലാന്‍റ് കോര്‍ഡിനേറ്ററാണ് ഡേവിസ്. സൗദിയിലെ ഫാഷന്‍ ക്ലോത്ത് കമ്പനിയില്‍ ചീഫ് കാഷ്യറായി ജോലി ചെയ്തിരുന്ന ചെറുപ്പക്കാരന്‍ പതിനഞ്ച് വര്‍ഷത്തിനിപ്പുറം വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലിലെ ട്രാന്‍സ്പ്ലാന്‍റ് കോര്‍ഡിനേറ്ററായി മാറിയ കഥ അത്ര കളറ് കഥയല്ല. പക്ഷെ തീര്‍ച്ചയായും പോരാട്ടത്തിന്‍റെയും ആത്മവീര്യത്തിന്‍റെയും കഥയാണ്. ഒന്നും രണ്ടുമല്ല, മൂന്ന് വട്ടം മരണത്തോട് മുഖാമുഖം നിന്ന് പിടിച്ചുവാങ്ങിയ സ്വന്തം ജീവിതകഥ.


ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍


തൃശൂര്‍ വില്ലടം കൊളളന്നൂര്‍ വീട്ടില്‍ ഡേവിസിന്‍റെ കുട്ടിക്കാലവും ആനയും പൂരവും മേളവുമൊക്കെ നിറഞ്ഞ കുട്ടിക്കാലമായിരുന്നു, മറ്റേതൊരു തൃശൂര്‍ക്കാരനെയും പോലെ. വില്ലടത്തെ മൈതാനത്ത് ഷട്ടിലും ക്രിക്കറ്റും കളിച്ചുനടന്ന പയ്യന്‍ കോളേജിലെത്തിയപ്പോള്‍ കോളേജ് ക്രിക്കറ്റ്ടീമിലും കയറിക്കൂടി. എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളേജില്‍ നിന്ന് ബിരുദമെടുത്ത ശേഷം പൂനെയില്‍ ഒരു ഇറ്റാലിയന്‍ ഹോട്ടല്‍ ഗ്രൂപ്പില്‍ നാലുവര്‍ഷത്തോളം അസിസ്റ്റന്‍റ് മാനേജറായി ജോലി നോക്കി. പിന്നീട് അക്കാലത്തെ ഏതാണ്ടെല്ലാ ചെറുപ്പക്കാരുടെയും പോലെ കൂടുതല്‍ മെച്ചപ്പെട്ട ജോലിയ്ക്കായി സൗദിയിലേക്ക്.


തൃശൂര്‍ വില്ലടം കൊളളന്നൂര്‍ വീട്ടില്‍ ഡേവിസിന്‍റെ കുട്ടിക്കാലവും ആനയും പൂരവും മേളവുമൊക്കെ നിറഞ്ഞ കുട്ടിക്കാലമായിരുന്നു, മറ്റേതൊരു തൃശൂര്‍ക്കാരനെയും പോലെ.


ഡേവിസ്

അവിടെയും കിട്ടിയത് മികച്ച ജോലിതന്നെ, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്‍റെ ഫാഷന്‍ ക്ലോത്ത് ആന്‍റ് ആക്സസറീസ് ഷോപ്പില്‍ ചീഫ് കാഷ്യര്‍.
ജീവിതം പച്ചതൊട്ടുവരികയായിരുന്നു. ഏക സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി തനിക്കൊരു കൂട്ട്, സ്വന്തം കുടുംബമെന്നൊക്കെ സ്വപ്നങ്ങള്‍ക്ക് ചിറക് വെച്ചുതുടങ്ങിയിരുന്നു.

അപ്പോഴാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയ സഹമുറിയനായ കൂട്ടുകാരന് മഞ്ഞപിത്തമാണെന്നറിയുന്നത്. അയാളുടെ റിസല്‍ട്ട് വാങ്ങാനായി ക്ലിനിക്കില്‍ ചെന്നപ്പോള്‍ വെറുതേയൊന്ന് ബിപിയും മറ്റും നോക്കിക്കളയാമെന്ന് തീരുമാനിച്ചു. നോക്കുമ്പോള്‍ ബിപി കൂടുതലാണ് മൂന്ന് ദിവസം മരുന്ന് കഴിച്ചിട്ടും അതേനില തന്നെ. തുടര്‍ന്ന് രക്തപരിശോധനാഫലവുമായി അവിടെത്തന്നെയുളള ഡോക്ടറെ കണ്ടു. ക്രിയാറ്റിനും യൂറിയയും ഉയര്‍ന്ന അളവിലാണ്. ഡോക്ടറുടെ ഉപദേശപ്രകാരം തുടര്‍പരിശോധനകള്‍ നടത്തി. ഫലം കണ്ടപ്പോഴുണ്ടായ ഡോക്ടറുടെ സംശയത്തെ അവിടുത്തെ നെഫ്രോളജിസ്റ്റ് ഉറപ്പിച്ചു. അക്യൂട്ട് റീനല്‍ ഫെയില്വര്‍. വൃക്കകള്‍ തകരാറിലാണ്.


അപ്പനും അമ്മയുമുണ്ട് വീട്ടില്‍ അവര്‍ക്ക് താങ്ങാവേണ്ടവനാണ്, പിടിച്ചുനില്‍ക്കണമെന്ന് ഉളളില്‍നിന്നാരോ പറയുന്നതുപോലെ.


ഉടന്‍തന്നെ ചികില്‍സ തുടങ്ങിയില്ലെങ്കില്‍ വൃക്കകള്‍ പൂര്‍ണമായും പണിമുടക്കും. ലീവെടുത്ത് നാട്ടിലേക്ക് വന്നു. തൃശൂരില്‍ അറിയപ്പെടുന്ന നെഫ്രോളജിസ്റ്റാണ് ഡോ. ടി.ടി പോള്‍. ഡോക്ടറെ പോയി കണ്ടു. ചികില്‍സ തുടങ്ങിവെച്ചു. ലീവ് തീര്‍ന്നതോടെ തിരികെ സൗദിയിലെത്തി ജോലിയില്‍ പ്രവേശിച്ചു. പക്ഷെ ക്രിയാറ്റിനിന്‍ വരുതിയില്‍ നില്‍ക്കാതായി, ക്ഷീണം കൂടിത്തുടങ്ങി. നാട്ടില്‍നിന്നുതന്നെ ചികില്‍സ തുടര്‍ന്നേ മതിയാവൂ എന്ന അവസ്ഥയായി. അസുഖം പൂര്‍ണമായും ഭേദമായി തിരികെ വരാമെന്ന പ്രതീക്ഷയില്‍ ജോലിയോട് താല്‍ക്കാലികമായി വിട പറഞ്ഞ് നാട്ടിലെത്തി. മനസാകെ തകര്‍ന്നുപോയ നാളുകളായിരുന്നു അതെന്ന് ഡേവിസ് ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


വേള്‍ഡ് ട്രാസ്പ്ലാന്‍റ് ഗെയിംസില്‍ പങ്കെടുത്തപ്പോള്‍.

“ഭാവിയെപറ്റി ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതെല്ലാം തകര്‍ത്താണീ അസുഖത്തിന്‍റെ വരവ്. അങ്ങനെ തളര്‍ന്നുപോകരുത്, അപ്പനും അമ്മയുമുണ്ട് വീട്ടില്‍ അവര്‍ക്ക് താങ്ങാവേണ്ടവനാണ്, പിടിച്ചുനില്‍ക്കണമെന്ന് ഉളളില്‍നിന്നാരോ പറയുന്നതുപോലെ. ഡോക്ടര്‍ പോളും ധൈര്യം തന്ന് ഒപ്പം നിന്നും. എന്തിനും കൂടെനില്‍ക്കുന്ന ചങ്കായ കൂട്ടുകാരും.”

ചികില്‍സ അപ്പോഴേക്കും ഡയാലിസിസിലേക്കെത്തിയിരുന്നു. തൊണ്ണൂറുകളുടെ അവസാനമാണ്. അന്ന് തൃശൂരും എറണാകുളത്തുമൊന്നും ഡയാലിസിസിന് സൗകര്യമില്ല. കോയമ്പത്തൂര്‍ അല്ലെങ്കില്‍ മദ്രാസില്‍പോയാണ് ഡയാലിസിസ് ചെയ്തിരുന്നത്. വൃക്ക മാറ്റിവെയ്ക്കാതെ നിവൃത്തിയില്ലെന്നായി.
അപ്പനും അമ്മയും പ്രമേഹക്കാരായതു കൊണ്ട് അവരില്‍നിന്ന് വൃക്ക സ്വീകരിക്കാന്‍ കഴിയില്ല. സന്നദ്ധരായി ചില അടുത്ത ബന്ധുക്കള്‍ വന്നെങ്കിലും അവരുടേത് മാച്ച് ചെയ്തില്ല. ചേരുന്ന വൃക്കയ്ക്കായി മൂന്നരവര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. അതിനിടയില്‍ മൂന്നൂറോളം ഡയാലിസിസ് ചെയ്തു. കാലം 2001ലെത്തി നിന്നു.


ധൈര്യായിട്ട് കളിക്കടാ. നീയങ്ങ്ട് ചാടിക്കളിച്ചോണ്ട് ആ ഒട്ടിച്ചുവെച്ചത് കൊഴിഞ്ഞുവീഴാനൊന്നും പോണില്യ, ഡേവിസിന് ഡോ. പോള്‍ ധൈര്യം പകര്‍ന്നു.


അപ്പോഴേക്കും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ഡോ. പോളിന്‍റെ നേതൃത്വത്തില്‍ നെഫ്രോളജി വിഭാഗം സുസജ്ജമായിക്കഴിഞ്ഞിരുന്നു. ഡോക്ടറുമായും നല്ല അടുപ്പമായിരുന്നതുകൊണ്ട് സര്‍ജറി ഇവിടെത്തന്നെ മതിയെന്നു തീര്‍ച്ചപ്പെടുത്തി. 2001 ഓഗസ്റ്റ് 25ന് ഡോ. പി.ജി ആന്‍റണി, ഡോ. ആന്‍റോ ഫ്രാന്‍സിസ്, ഡോ. ഹരികൃഷണന്‍ എന്നിവരുടെ സംഘമാണ് സര്‍ജറി നടത്തിയത്. ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. പുതുതായി തുന്നിച്ചേര്‍ത്ത വൃക്ക പ്രവര്‍ത്തനസജ്ജമാക്കിയെടുക്കുന്നത് ഡോ. പോളിന്‍റെ നേതൃത്വത്തിലുളള നെഫ്രോളജി സംഘമാണ്. ഒരുമാസത്തെ ആശുപത്രിവാസത്തിനു ശേഷം വീണ്ടും ജീവിതത്തിലേക്ക്.


ഇതുകൂടി വായിക്കാം: തളര്‍ത്താനാവില്ല, തോല്‍പിക്കാനും: പോളിയോ അതിജീവിച്ച് മംഗള്‍യാനില്‍ കൈയ്യൊപ്പിട്ട വനിത


സര്‍ജറിക്കുശേഷമുളള മരുന്നുകളിലെ സ്റ്റിറോയ്ഡ് കാരണം തടികൂടിത്തുടങ്ങി. വീണ്ടും റാക്കറ്റ് കയ്യിലെടുക്കണം, പഴയപോലെ ദിവസങ്ങള്‍ ഊര്‍ജ്ജസ്വലമാകണം. പക്ഷെ ഇനിയും പഴയതുപോലെ ഓടിച്ചാടി നടക്കാനാവുമോ കളിക്കാനാവുമോ എന്നൊക്കെയുളള സംശയങ്ങള്‍ മനസിനെ പിടികൂടി. എന്തു സംശയം വന്നാലും ഡോക്ടറെ വിളിക്കുകയാണ് പതിവ്. ഇത്തവണയും വിളിച്ചു, സംശയമുണര്‍ത്തിച്ചു. തനിനാടന്‍ തൃശൂര്‍ഭാഷയില്‍ മറുപടിയും വന്നു: “ധൈര്യായിട്ട് കളിക്കടാ. നീയങ്ങ്ട് ചാടിക്കളിച്ചോണ്ട് ആ ഒട്ടിച്ചുവെച്ചത് കൊഴിഞ്ഞുവീഴാനൊന്നും പോണില്യ.” ആ വാക്കുകള്‍ തന്ന ധൈര്യം ചില്ലറയായിരുന്നില്ല.

ഡോ. പോള്‍

വീണ്ടും കളിക്കളത്തിലേക്കിറങ്ങി. ആരോഗ്യം വീണ്ടെടുത്തെങ്കിലും ജീവിതം പഴയപടിയായിരുന്നില്ല. അതുവരെ സമ്പാദിച്ചത്രയും ചികില്‍സയ്ക്കായി ചെലവായിക്കഴിഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിരമായി തുടരേണ്ടുന്ന മരുന്നുകളുണ്ട്. നല്ല വിലയുളളതാണ്. സൗദിയിലേക്ക് മടങ്ങാനുളള ശ്രമം വിസപ്രശ്നങ്ങള്‍ കാരണം നടന്നില്ല. നാട്ടില്‍ പലയിടത്തും ശ്രമിച്ചെങ്കിലും ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ ആളാണെന്നറിയുമ്പോള്‍ ജോലിക്കെടുക്കാന്‍ ആളുകള്‍ക്കൊരു ബുദ്ധിമുട്ടാണ്. ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞയാളുകള്‍ക്ക് സാധാരണജീവിതം പറ്റില്ലെന്ന തെറ്റായ ധാരണയാണതിനു പിന്നില്‍. അപ്പോഴാണ്  വെസ്റ്റ് ഫോര്‍ട്ടില്‍ ട്രാന്‍സ്പ്ലാന്‍റ് കോര്‍ഡിനേറ്ററുടെ ജോലി ഏറ്റെടുക്കാനുളള ക്ഷണം കിട്ടുന്നത്.


ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


“സര്‍ജറി കഴിഞ്ഞും ഡോക്ടര്‍ പോളിനെ കാണാനും തുടര്‍ ചെക്കപ്പുകള്‍ക്കുമൊക്കൊയി വെസ്റ്റ് ഫോര്‍ട്ടില്‍ ഇടയ്ക്ക് പോകും. പോകുമ്പോഴൊക്കെ ഡോക്ടര്‍ അവിടെ വൃക്ക മാറ്റിവെയ്ക്കാന്‍ തയ്യാറെടുക്കുന്നവരും സര്‍ജറി കഴിഞ്ഞവരുമൊക്കെയായ രോഗികളോട് സംസാരിക്കാമോന്ന് എന്ന് ഡോക്ടര്‍ ചോദിക്കും. ഞാനവരോട് മനസ് തുറന്ന് സംസാരിക്കുകയും ചെയ്യും. ഡയാലിസിസിന്‍റെയും ചികില്‍സകളുടെയും കാഠിന്യത്തിലൂടെ കടന്നുപോയൊരാള്‍ എന്നനിലയില്‍ എന്‍റെ വാക്കുകള്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നിരിക്കണം. അങ്ങനെയിരിക്കെയാണ് അവിടെ ട്രാന്‍സ്പ്ലാന്‍റ കോര്‍ഡിനേറ്ററുടെ ഒഴിവു വരുന്നത്. ആ ചുമതല വഹിക്കാന്‍ എനിക്കു കഴിയുമെന്ന് ഹോസ്പിറ്റല്‍ ഭാരവാഹികള്‍ക്കു തോന്നിയിരിക്കണം,” അതേ കുറിച്ച് ഡേവിസ് പറയുന്നു.


സാധാരണ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ജോലിയാണെങ്കിലും ഇവിടെ അതും ഡേവിസിന്‍റെ ചുമതലതന്നെ


2003ലാണ് വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ട്രാന്‍സ്പ്ലാന്‍റ് കോര്‍ഡിനേറ്ററായി ചുമതലയേല്‍ക്കുന്നത്. വൃക്ക മാറ്റിവെയ്ക്കാന്‍ തയ്യാറായി എത്തുന്നവര്‍ക്കു ഒട്ടേറെ സംശയങ്ങളുണ്ടായിരിക്കും. അതൊക്കെ പരിഹരിക്കാന്‍ അവരെ സഹായിക്കുകയാണ് കോര്‍ഡിനേറ്ററുടെ ജോലി. നടത്തേണ്ട ടെസ്റ്റുകള്‍, ആവശ്യമായ ഡോക്യുമെന്‍റുകള്‍ തയ്യാറാക്കല്‍, നിയമപരമായ സംശയങ്ങള്‍ തീര്‍ക്കല്‍, സാമ്പത്തികസഹായം ലഭ്യമാക്കാനുളള കാര്യങ്ങളങ്ങനെ ഒരുപാടുണ്ട് ജോലികള്‍. ഇതിനേക്കാളൊക്കെ മാനസികമായി അവരെ തയാറാക്കുക എന്നുളളതാണ് വലിയ ദൗത്യം. സാധാരണ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ജോലിയാണെങ്കിലും ഇവിടെ അതും ഡേവിസിന്‍റെ ചുമതലതന്നെ. അതിനു കാരണമുണ്ടെന്ന് ഡോക്ടര്‍ പോള്‍.

ഡേവിസ് ഡോക്ടര്‍ പോളിനൊപ്പം.

“സര്‍ജറിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമൊക്കെ ഒരു സൈക്കോളജിസ്റ്റ് പറഞ്ഞുമനസിലാക്കുന്നതിനേക്കാള്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുവന്നൊരാള്‍ മുന്നില്‍നിന്നു പറയുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് മാനേജ്മെന്‍റിന് തോന്നി. ആളുകളോട് ഇടപഴകാനുളള ഡേവിസിന്‍റെ ക്ഷമയും സഹാനുഭൂതിയും മറ്റൊരു കാരണമാണ്.” ഡോക്ടര്‍മാര്‍ക്കിഷ്ടപ്പെടുന്ന തരം അച്ചടക്കമുളള പേഷ്യന്‍റായാണ് ഡോക്ടര്‍ പോള്‍ ഡേവിസിനെ ഓര്‍ത്തെടുക്കുന്നത്.


ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്


എല്ലാ നിര്‍ദ്ദേശങ്ങളും അണുവിട തെറ്റാതനുസരിക്കും. സമയക്രമമനുസരിച്ച് തെറ്റാതെ കഴിക്കേണ്ട മരുന്നുകളുണ്ട്, ഇമ്മ്യൂണോ സപ്രസന്‍റുകള്‍ പോലുളളവ. ആദ്യമൊക്കെ അലാറം വെച്ച് അത്ര കൃത്യതയോടെയാണ് കഴിച്ചിരുന്നത്. മിക്കവാറും രോഗികള്‍ ഇത്തരം കാര്യങ്ങളിലൊക്കെയാണ് പോകെപ്പോകെ ഉപേക്ഷ കാണിക്കുന്നത്.

ചെന്നൈയില്‍ നടന്ന ദേശീയ ട്രാന്‍സ്പ്ലാന്‍റ് ഗെയിംസ് വേദിയില്‍

സര്‍ജറിക്കുശേഷവും തന്നെ കാണാനായി ആശുപത്രിയിലെത്തുന്ന ആ ചെറുപ്പക്കാരനോട് എപ്പോഴാണ് ഒരു ഡോക്ടര്‍-പേഷ്യന്‍റ് ബന്ധത്തിനപ്പുറത്തേക്കുളള സൗഹൃദം വളര്‍ന്നതെന്ന് ഡോക്ടര്‍ക്കോര്‍മ്മയില്ല.

“ഞങ്ങളെ കണ്ക്ട് ചെയ്യുന്ന കുറേ പൊതുവായ ഇഷ്ടങ്ങളുണ്ടായിരുന്നു. പുസ്തകങ്ങളായിരുന്നു അതിലൊന്ന്. കോര്‍ഡിനേറ്ററായി ഇവിടെത്തിയതോടെ കാലത്തിനൊപ്പം ദൃഢമായിത്തീരുകയായിരുന്നു സൗഹൃദവും. ജോലിയോട്, ആളുകളോടൊക്കെയുളള അവന്‍റെ ആത്മാര്‍പ്പണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. എന്നാല്‍ അവനെ സംബന്ധിച്ചിടത്തോളം അതുവളരെ സ്വാഭാവികമായുളള പ്രവൃത്തികളാണ് താനും.”


അതേ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരത്തെ സന്തോഷത്തോടെയാണ് ഡേവിസ് സ്വീകരിച്ചത്


ഗുരുതരമായൊരു അസുഖം വന്നു സുഖം പ്രാപിച്ചാല്‍ സാധാരണ ആ ഓര്‍മ്മയുണര്‍ത്തുന്ന സ്ഥലവും പരിസരവുമൊക്കെ അവഗണിച്ചോ മറന്നോ ഒക്കെയാണ് പലരും അതിനെ മറികടക്കുക. എന്നാല്‍ അതേ ആശുപത്രിയില്‍ വൃക്ക രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരത്തെ സന്തോഷത്തോടെയാണ് ഡേവിസ് സ്വീകരിച്ചത്.

ലുധിയാനയില്‍ നടന്ന ആള്‍ ഇന്‍ഡ്യ ആന്‍റ് സാര്‍ക് നാഷന്‍സ് ട്രാന്‍സ്പ്ലാന്‍റ് പേഷ്യന്‍റ്സ് ഗെയിംസില്‍ ഡേവിസ് സ്വര്‍ണമെഡല്‍ സ്വീകരിക്കുന്നു.

“അസുഖം ഭേദമായതിനുശേഷമുളള ജീവിതത്തെക്കുറിച്ച് തെറ്റായ ധാരണകളാണ് അന്നുമിന്നും പൊതുവേ ഉളളത്. അതങ്ങനെയല്ല എന്ന് എനിക്ക് കഴിയാവുന്നത്ര രീതിയില്‍ തിരുത്തണം എന്നുണ്ടായിരുന്നു. അതിനു കിട്ടിയ അവസരമായി ഈ ജോലിയെ കണ്ടു.”

ട്രാന്‍സ്പ്ലാന്‍റിനു ശേഷം ഇത്തരത്തിലുളളവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞവരുമായി സൗഹൃദം സ്ഥാപിക്കാനും ട്രാന്‍സ്പ്ലാന്‍റ് സംബന്ധിച്ച വിവരങ്ങള്‍ കുടുതലറിയാനും ശ്രമിച്ചു. അത്തരത്തിലൊരു വിദേശി സുഹൃത്ത് ഓട്ടമല്‍സരത്തില്‍ പങ്കെടുത്ത വിശേഷം നെറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് അങ്ങനൊരു സാധ്യത ഇവിടെയുമില്ലേ എന്നന്വേഷിക്കണമെന്ന് തോന്നിയത്. ഇന്ത്യയിലും ട്രാന്‍സ്പ്ലാന്‍റ് പേഷ്യന്‍റ്സിനായി കായികമല്‍സരങ്ങള്‍ നടത്തുന്നുണ്ടെന്നറിഞ്ഞു. അപ്പോഴും തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റണ്‍ പ്രാക്ടീസ് മുടക്കിയിരുന്നില്ല.


ഇതുകൂടി വായിക്കാം: നവോദയ വിദ്യാലയയില്‍ അധ്യാപികയായിരുന്ന സന്ധ്യ രാജിവെച്ച് കൃഷി തുടങ്ങി, ഫേസ്ബുക്കില്‍ ഒരു ചന്തയും


“അവിടെ കളിക്കുമ്പോള്‍ വൃക്കമാറ്റിവെച്ചയാള്‍ എന്ന പരിഗണനയൊന്നുമില്ല. നന്നായി കളിച്ചില്ലെങ്കില്‍ കൂട്ടുകളിക്കാര്‍ കണ്ണുപൊട്ടുന്ന ചീത്തവിളിക്കും. സത്യത്തില്‍ കൂടെ കളിക്കുന്ന മിക്കവര്‍ക്കും അതറിയുകപോലുമുണ്ടായിരുന്നില്ല. ഡോക്ടര്‍ ആന്‍റണിയും ഇന്‍ഡോറില്‍ ബാഡ്മിന്‍റണ്‍ കളിക്കാന്‍ വരാറുണ്ട്. അങ്ങനെ ഒരിക്കല്‍ അവിടത്തെ ഇന്‍റേണല്‍ ടൂര്‍ണമെന്‍റില്‍ ഞാന്‍ പങ്കെടുക്കുന്നതു കണ്ടപ്പൊള്‍ ഡോക്ടറുടെ ആത്മഗതം ഉച്ചത്തിലായിപ്പോയി, ഏയ്, ഇത് ഞാന്‍ സര്‍ജറി ചെയ്ത പേഷ്യന്‍റാണല്ലോയെന്ന്. അങ്ങനെയാണ് പലരുമറിയുന്നതുതന്നെ.”

ഡര്‍ബനില്‍ നടന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്‍റ് ഗെയിംസിന്‍റെ ഉദ്ഘാടന വേളയില്‍

2003ല്‍ ചെന്നെയില്‍ വെച്ച് നടന്ന ട്രാന്‍സ്പ്ലാന്‍റ് പേഷ്യന്‍റ്സിനുള്ള ദേശീയ മല്‍സരത്തില്‍ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടി. സാര്‍ക്കിന്‍റെ ആദ്യ ഔദ്യോഗിക ട്രാന്‍സ്പ്ലാന്‍റ് മല്‍സരം കൂടിയായിരുന്നു അത്. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.


ഇതുകൂടി വായിക്കാം: വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍


ഇന്‍ഡ്യയിലെയും സാര്‍ക്ക് രാജ്യങ്ങളിലെയും ട്രാന്‍സ്പ്ലാന്‍റ് പേഷ്യന്‍റ്സിനായി 2006ല്‍ ലുധിയാനയില്‍ നടന്ന അന്തര്‍ദേശീയ മല്‍സരത്തിലും മെഡല്‍ നേടി. തുടര്‍ന്ന് 2011ല്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ നടന്ന ലോക ട്രാന്‍സ്പ്ലാന്‍റ് ഗെയിംസില്‍ പങ്കെടുത്തു ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെളളി നേടി. 2013ല്‍ ഡര്‍ബനില്‍ നടന്ന മല്‍സരത്തില്‍ സിംഗിള്‍സില്‍ വെങ്കലവും ഡബിള്‍സില്‍ വെള്ളിയും നേടി.

ജോലി ചെയ്യുന്ന മേഖലയും ഇതായപ്പോള്‍ ഈ വിഭാഗത്തില്‍ മെഡിക്കല്‍ രംഗത്തുണ്ടാവുന്ന പുതിയ ഗവേഷണങ്ങളും പഠനങ്ങളുമൊക്ക അറിയാനും പഠിക്കാനും കൂടുതല്‍ താല്‍പര്യമായി. തൃശൂര്‍ നെഫ്രോ യൂറോളജി ക്ലബ് നടത്തിയ രണ്ട് കോണ്‍ഫറന്‍സുകളില്‍ കോര്‍ഡിനേറ്ററായത് അങ്ങനെയാണ്. പിന്നെ ഡോക്ടര്‍ പോളിനൊപ്പം സാധ്യമാവുമ്പോഴൊക്കെ ദേശീയ കോണ്‍ഫറന്‍സുകള്‍ക്കു പോവുക പതിവായി. ഡെലിഗേറ്റായും ഒഫിഷ്യലായും ഇതിനോടകം ഇരുപതോളം കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തു.


2013ല്‍ ഡര്‍ബനില്‍ നടന്ന മല്‍സരത്തില്‍ സിംഗിള്‍സില്‍ വെങ്കലവും ഡബിള്‍സില്‍ വെള്ളിയും നേടി


ഡോ. പോളിനൊപ്പം ഒരു ദേശീയ കോണ്‍ഫെറന്‍സില്‍

ജോലിയും അക്കാദമിക്സും കളിയുമൊക്കെയായി തിരക്കിട്ട് പൊയ്ക്കൊണ്ടിരുന്ന ജീവിതത്തിലേക്ക് രക്താര്‍ബുദത്തിന്‍റെ രൂപത്തിലാണ് അടുത്ത വില്ലനെത്തുന്നത്. 2014ലാണത്.

ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായതും കൃത്യമായി ചികില്‍സ തേടിയതും കാരണം ഒരുവര്‍ഷം കൊണ്ട് അസുഖത്തെ പെട്ടെന്ന് നിയന്ത്രിക്കാനായി. അമൃതയില്‍ ഡോക്ടര്‍ നീരജ് സിദ്ധാര്‍ത്ഥനായിരുന്നു ചികില്‍സിച്ചത്. ജോലിയില്‍നിന്ന് അവധിയെടുക്കാതെയായിരുന്നു ചികില്‍സ. കീമോതെറാപ്പിയുടെ സമയത്ത് മാത്രം ലീവെടുത്തു.


വെസ്റ്റ് ഫോര്‍ട്ടിലെ 410-ാം നമ്പര്‍ മുറിയില്‍ ഡേവിസേട്ടന്‍ ബോധമുണരുന്നതും കാത്ത് സുഹൃത്തുക്കളായ നഴ്സുമാര്‍ പ്രാര്‍ഥനയോടെ നിന്നു. ആ കിടപ്പ് ദിവസങ്ങള്‍ നീണ്ടു.


ചികില്‍സയുടെ ഭാഗമായി മുമ്പ് കഴിച്ചിരുന്ന ഇമ്മ്യുണോ സപ്രസന്‍റ് മരുന്നുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നു. അതോടെ മാറ്റിവെച്ച വൃക്കയെ ശരീരം റിജെക്ട് ചെയ്യുന്ന അവസ്ഥയായി. രക്താര്‍ബുദം പൂര്‍ണമായും ഭേദമായപ്പോള്‍ വീണ്ടും വൃക്ക മാറ്റിവെയ്ക്കണമെന്ന സ്ഥിതിയായി. അതിനുളള തയ്യാറെടുപ്പിനിടയില്‍ ബാധിച്ച പനിയും അണുബാധയും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിച്ചു.

സ്വീഡനില്‍ നടന്ന വേള്‍ഡ് ട്രാസ്പ്ലാന്‍റ് ഗെയിംസില്‍ പങ്കെടുത്തപ്പോള്‍.

വെസ്റ്റ് ഫോര്‍ട്ടിലെ 410-ാം നമ്പര്‍ മുറിയില്‍ ഡേവിസേട്ടന്‍ ബോധമുണരുന്നതും കാത്ത് സുഹൃത്തുക്കളായ നഴ്സുമാര്‍ പ്രാര്‍ഥനയോടെ നിന്നു. ആ കിടപ്പ് ദിവസങ്ങള്‍ നീണ്ടു. പ്രാര്‍ത്ഥനകള്‍ വിഫലമാവുകയാണെന്ന ഭയത്തില്‍ അന്ത്യകൂദാശ നല്‍കാന്‍ പുരോഹിതര്‍ വരെയെത്തി. പക്ഷെ അങ്ങനെയങ്ങ് തോറ്റുകൊടുക്കാന്‍ ഡേവിസിനാകുമായിരുന്നില്ല. മരണത്തോട് വീണ്ടും സുല്ല് പറഞ്ഞ് അയാള്‍ പിന്നെയും ജീവിതത്തോട് കൂട്ടുകൂടി.

വില്ലടത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തി കൂട്ടായ ജോസിന് കളിക്കൂട്ടുകാരനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയുന്നില്ല. “അവനൊരു സംഭവല്ലേ, മഹാസംഭവം! ചെറുപ്പം മുതലങ്ങനന്ന്യാ. ക്രിക്കറ്റ് കളിക്കുമ്പോ അവനാണ് മ്മടെയൊക്കെ അവസാനവാക്ക്. അതിപ്പോ കളീടെ കാര്യായാലും, കളീലുണ്ടാവണ തര്‍ക്കായാലും….


ഒരുമാതിരിപ്പെട്ടവരൊക്കെ നിലതെറ്റിവീഴുന്നിടത്ത് പോരാളിയെപോലെ അവന്‍ പിടിച്ചുനിന്നു. ആ ഒരു എനര്‍ജി സമ്മതിക്കണം


“പിന്നെ ജോലി കിട്ടി പൂനയ്ക്ക് പോയിക്കഴിഞ്ഞപ്പോ പാട്ടായി ക്രേസ്. വരുമ്പോ വരുമ്പോ പുതിയ വെസ്റ്റേണ്‍ പാട്ടുകളുടെ കാസറ്റുമായാണ് വരവ്. അതുപോലെ വായന. നമ്മളൊന്നും വായിക്കണ്ട. കണ്ണീക്കണ്ടതൊക്കെ വായിച്ച് റേഡിയോപോലെ എല്ലാം ഇങ്ങോട്ട് വിളമ്പിത്തരും. അങ്ങനെ കൈവെയ്ക്കണ എല്ലാക്കാര്യത്തിലും പ്രാവീണ്യമുളള ഒരുത്തനാണ്.

ബാല്യകാല സുഹൃത്ത് ജോസിനൊപ്പം.

“പക്ഷെ ശരിക്ക് ഞെട്ടിച്ചത് അസുഖം വന്നപ്പോഴാണ്. സാമാന്യം നല്ലനിലയില്‍ കഴിഞ്ഞിരുന്ന കുടുംബമാണ്. പക്ഷെ ആദ്യത്തെ ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞതോടെ സാമ്പത്തികമായി തകര്‍ന്നുപോയിരുന്നു. അതില്‍നിന്ന് കരകയറിവന്നപ്പോഴാണ് അടുത്ത അസുഖം. ഒരുമാതിരിപ്പെട്ടവരൊക്കെ നിലതെറ്റിവീഴുന്നിടത്ത് പോരാളിയെപോലെ അവന്‍ പിടിച്ചുനിന്നു. ആ ഒരു എനര്‍ജി സമ്മതിക്കണം.”

അസുഖക്കുപ്പായമഴിച്ചുവെച്ച് വീണ്ടും കോര്‍ഡിനേറ്ററുടെ റോളിലേക്ക്. 2017 ജനുവരി 27ന് രണ്ടാമത്തെ വൃക്ക മാറ്റിവെയ്ക്കല്‍. അതേ ആശുപത്രിയും ഡോക്ടര്‍മാറും. ഫെബ്രുവരിയില്‍ ആശുപത്രി വിടുമ്പോള്‍ ഡേവിസേട്ടനേക്കാള്‍ ഉറപ്പ് ഡോക്ടര്‍ പോളിനായിരുന്നു.


അതിപ്പോ ജീവിതം തന്നെ ഒരു കള്യല്ലേ, നമ്മളതൊരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റിലെടുത്താ മതി


“രക്താര്‍ബുദത്തിനുളള ചികില്‍സ അവന്‍റെ ആരോഗ്യത്തെ വല്ലാതെ തളര്‍ത്തിയിരുന്നു. അതിനുതൊട്ടുപിന്നാലെ എത്തിയ ഇന്‍ഫെക്ഷന്‍ അയാള്‍ അതിജീവിക്കില്ല എന്നു തന്നെ ഞങ്ങള്‍ ഡോക്ടര്‍മാര്‍ കരുതി. ബോധാബോധത്തിനിടയില്‍ വീണുകിട്ടുന്ന വെളിവിന്‍റെ ഇത്തിരിനേരങ്ങളില്‍ ഞാനവനോട് ഓ. ഹെന്റിയുടെ  ‘അവസാനത്തെ ഇല’ വിവരിക്കും. മരുന്നുകള്‍ തോല്‍ക്കുന്നിടത്ത് വാക്കുകള്‍ ജയിച്ചേക്കുമെന്ന എന്നിലെ ഉള്‍വെളിച്ചം പറഞ്ഞുകൊണ്ടിരുന്നു. ജയിക്കണോ തോല്‍ക്കണോ എന്ന് നീയാണ് തീരുമാനിക്കേണ്ടതെന്ന്. അതേറ്റു. മരണമുഖത്ത് നിന്നവന്‍ മടങ്ങിയെത്തുകയായിരുന്നു. അതോടെ ഞാനുറപ്പിച്ചു. ഇത് ദൈവമെനിക്കു തരുന്ന ഉറപ്പാണ്. ഇത്രയും അതിജീവിക്കാനുളള കരുത്തവനുണ്ടെങ്കില്‍ ഇനിയൊരു ട്രാന്‍സ്പ്ലാന്‍റ് കൂടി താങ്ങാനവന് കഴിയുമെന്ന്.”


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


പൂര്‍വ്വാധികം ആരോഗ്യത്തോടെ അയാള്‍ തന്‍റെ സീറ്റിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുളളതുകൊണ്ട് ആ കോര്‍ഡിനേറ്ററുടെ സീറ്റ് മറ്റാര്‍ക്കും നല്‍കാതെ അവര്‍ ഒഴിച്ചിട്ടു. അതുപോലെത്തന്നെ അടുത്ത മാസം അയാള്‍ ജോലിക്കെത്തുകയും ചെയ്തു. എങ്ങനെ ഇത്രയൊക്കെ തരണം ചെയ്തുവെന്ന് അത്ഭുതം കൂറുമ്പോള്‍ വെസ്റ്റ് ഫോര്‍ട്ടുകാരുടെ ഡേവിസേട്ടനപ്പോഴും കൂള്‍ തന്നെ.

ഡര്‍ബനില്‍ നടന്ന വേള്‍‍ഡ് ട്രാന്‍സ്പ്ലാന്‍റ് ഗെയിംസ് വേദിയില്‍

“അതിപ്പോ ജീവിതം തന്നെ ഒരു കള്യല്ലേ, നമ്മളതൊരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റിലെടുത്താ മതി,” എന്ന് ഡേവീസേട്ടന്‍.

അതിന് തന്‍റെ അനുഭവപാഠങ്ങളില്‍ നിന്ന് ആറ്റിക്കുറുക്കിയെടുത്ത കുറച്ച് ഉപദേശങ്ങളുമുണ്ട്.


നൂറാള്‍ക്കാര് നൂറഭിപ്രായം പറയാനുണ്ടാവും. സ്വന്തം ഡോക്ടര്‍മാര്‍ പറയുന്നതല്ലാതെ വെറൊന്നും ചെവിക്കൊളളരുത്.


“ടെര്‍മിനലായിട്ടുളള ഒരസുഖം വരുമ്പോ നൂറാള്‍ക്കാര് നൂറഭിപ്രായം പറയാനുണ്ടാവും. സ്വന്തം ഡോക്ടര്‍മാര്‍ പറയുന്നതല്ലാതെ വെറൊന്നും ചെവിക്കൊളളരുത്. ഇതൊന്നാമത്തെ കാര്യം. ഇനി രക്ഷപ്പെട്ടൂന്ന് കരുത്വ. അപ്പോ വരും അടുത്ത അഭിപ്രായം. ഇനി പഴേ പോലെ ജോലിചെയ്യാനും ജീവിക്കാനൊന്നും പറ്റില്ല. അത് മുഖവിലക്കേ എടുക്കരുത്. ജീവിതത്തിന് കുറച്ച് ചിട്ടയും ക്രമവുമൊക്കെ വരുത്തുക. മരുന്ന് മുടക്കാതിരിക്കുക. കൃത്യമായി ചെക്കപ്പുകള്‍ ചെയ്യുക. ഇത്രേളളു. അല്ലാണ്ട് ഈ കിഡ്നി ട്രാന്‍സ്പ്ലാന്‍റ് ന്ന് പറയണത് ഒരാനക്കാര്യമൊന്നുമല്ല.”

2019 ജനുവരി 27ന് രണ്ടാം ട്രാന്‍സ്പ്ലാന്‍റ് കഴിഞ്ഞ് മൂന്ന് കൊല്ലം തികയുകയാണ് അപ്പോഴും ഡേവിസേട്ടന്‍ തിരക്കില്‍തന്നെ. ഒമ്പതു മുതല്‍ അഞ്ചുവരെ ഓഫീസ് ജോലികള്‍. അതുകഴിഞ്ഞ് നേരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്. “കളിക്കാന്‍ വൈകിയെത്തിയാല്‍ കൂട്ടുകാര് ശരിയാക്കും,” എന്ന് ഡേവിസേട്ടന്‍.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം