കോട്ടയം നഗരത്തിന്‍റെയും ചുറ്റുവട്ടത്തുള്ള ദേശങ്ങളുടേയും പ്രാദേശിക ചരിത്രം പഠിക്കാനുള്ള ശ്രമങ്ങള്‍ പള്ളിക്കോണം രാജീവ് തുടങ്ങുന്നത് ഒരു സ്വകാര്യകൗതുകത്തിന്‍റെ ഭാഗമായാണ്. ഇന്നത് ഒരു വലിയ കൂട്ടായ്മയിലേക്കും അതിലൂടെ കോട്ടയത്തും ചുറ്റുമുള്ള നദികളുടെയും നീരൊഴുക്കുകളുടേയും പഠനത്തിലേക്കുമെത്തി. പുഴകളുടെയും ഒഴുക്കുനിലച്ച തോടുകളുടേയും വീണ്ടെടുപ്പിലേക്കും സംരക്ഷണത്തിലേക്കും പടര്‍ന്ന ഒരു ഇടപെടലായി മാറി.
പള്ളിക്കോണം രാജീവ് പക്ഷേ, ഒരു ചിത്രകാരനാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ബാലരമ എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇതിനൊപ്പം ചരിത്രപഠനവും എഴുത്തും നദീസംരക്ഷണവുമൊക്കെ അദ്ദേഹം ജീവിതത്തിന്‍റെ ഭാഗമാക്കി.
ഏറെ നാളായുള്ള ചരിത്ര പഠനത്തിന്‍റെ ഭാഗമായി കോട്ടയം പട്ടണത്തിലെ വിവിധ പ്രദേശങ്ങളുടെ ചരിത്രത്തെക്കുറിച്ചും, പൈതൃകത്തെക്കുറിച്ചും ആധികാരികമായ അറിവ് ഈ 53-കാരന്‍ നേടിയെടുത്തു. ഒപ്പം, നാട്ടറിവുകളും മിത്തും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍ന്ന പ്രാദേശിക ചരിത്രവും ഒരുപാട് നുറുങ്ങുകഥകളുമൊക്കെ അദ്ദേഹത്തിന്‍റെ സമ്പാദ്യത്തിലിടം പിടിച്ചു.
സംസാരത്തിനിടയില്‍ ഈ കഥകളും സമൃദ്ധമായി കടന്നുവരും.
കോട്ടയം നഗരത്തിന്‍റെ ചരിത്രം പഠിക്കുന്നതിന്‍റെ ഭാഗമായി അവിടത്തെ നദികളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണ കിട്ടി.
ഈ അറിവുകളാണ് അദ്ദേഹത്തെ 2016-ൽ മീനച്ചില്‍ നദി സംരക്ഷണ സമിതി സംഘടിപ്പിച്ച മീനച്ചിൽ റിവർ റിജുവനേഷൻ ക്യാമ്പയിന്‍റെ ഭാഗമായ ‘പുഴയറിവ് ‘ എന്ന പരിപാടിയിലെ അതിഥിയാക്കുന്നത്. ആറിനെക്കുറിച്ചുള്ള മിത്തുകളും കഥകളും അവിടെ അദ്ദേഹം പങ്കുവെച്ചു.
“അങ്ങ് ദൂരെ, ഇല്ലിക്കൽ കല്ലിന്‍റെ മുകളിൽ ആണ് കുടമുരുട്ടി മല. ആ മലയിൽ ഒരു ചെറിയ കുളമുണ്ട്. കുളത്തിൽ നിന്നാണ് മീനച്ചിലാർ ഉത്ഭവിക്കുന്നത് എന്നാണ് പരമ്പരാഗതമായ വിശ്വാസം,” പള്ളിക്കോണം രാജീവ് നദിയുടെ കഥകൾ ഓരോന്നായി പറഞ്ഞു തുടങ്ങി.
“ആ ചെറിയ കുളത്തിൽ ഒരു പ്രത്യേക തരത്തിലുള്ള അപൂർവ സിദ്ധിയുള്ള നീലക്കൊടുവേലി എന്ന സസ്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്.
കർക്കിടക മാസത്തിലെ കറുത്ത വാവിന്‍റെ അന്ന് അതിന്‍റെ ഒരു തണ്ട് ഒടിഞ്ഞു മീനച്ചിലാറിലൂടെ താഴോട്ടു ഒഴുകി പടിഞ്ഞാറോട്ടങ്ങു പോകും. നീലക്കോടുവേലിയുടെ ഈ കഷ്ണം ഉപ്പൻ അല്ലെങ്കിൽ ചകോരം എന്ന പക്ഷി എടുത്ത് അതിന്‍റെ കൂട്ടിൽ കൊണ്ട് പോയി വെയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഇനി അതെങ്ങാനും ഒഴുകി വന്ന്, ആർക്കെങ്കിലും കിട്ടിയാൽ ഐശ്വര്യം വർദ്ധിക്കുമെന്നും അയാൾ ധനികനാകുമെന്നുമാണ് വിശ്വാസം. പണ്ട് പലരും വല കെട്ടി നീലക്കൊടുവേലിക്കു വേണ്ടി കാത്തിരിക്കുമായിരുന്നത്രെ.
“എന്നാൽ നാളിതു വരെ ആ ഭാഗ്യം ആർക്കെങ്കിലും സിദ്ധിച്ചതായി കേട്ടുകേൾവി പോലുമില്ല.”
ഇതിനോട് കൂടെ വേറെയും ഒരുപാട് കഥകള്‍. അതിലൊന്ന് രാജീവ് പറയാൻ തുടങ്ങി:
ഒരിക്കൽ ഒരച്ഛനും മകനും ആറ്റിൽ ഒഴുകി വരുന്ന വിറക് പിടിക്കാൻ പോയതായിരുന്നു. അന്ന് കർക്കിടക വാവിലെ കറുത്ത വാവായിരുന്നു, മല വെള്ളം കുത്തിയൊഴുകുന്ന സമയം… ഏറെ പ്രയത്നത്തിന് ശേഷം ആവശ്യത്തിനുള്ള വിറകുകൾ ശേഖരിച്ച് വീട്ടിൽ കൊണ്ട് വന്ന് ഉണക്കി വെച്ചു. പിന്നീട്, ഭക്ഷണം പാകം ചെയ്യുന്നതിനായി ആ വിറകെടുത്ത് അമ്മ അടുപ്പിൽ തീ പൂട്ടി.
അദ്ഭുതം! ആ അടുപ്പിൽ വേവിച്ച പാത്രത്തിൽ നിന്ന് എത്ര വിളമ്പിയാലും ചോറ് തീരുന്നേയില്ല. അപ്പോഴാണ് അവർക്ക് ഒരുൾവിളി ഉണ്ടായത് – ‘ഇതിലെങ്ങാനും നീലക്കൊടുവേലി പെട്ട് കാണുമോ?’
ഓടിപ്പോയി അടുപ്പിലെ ചാരവും ബാക്കി വന്ന വിറകും കോരിയെടുത്തു പണപ്പെട്ടിയിൽ സൂക്ഷിച്ചു. ‘എങ്ങാനും ആ പണമൊക്കെ വർദ്ധിച്ചാലോ?’. സങ്കടമെന്നേ പറയേണ്ടൂ…, ഒന്നും സംഭവിച്ചില്ല.
കാരണം എല്ലാം കത്തിപ്പോയിരുന്നില്ലേ?,
“ഇത്തരം ഒരുപാട് കെട്ടുകഥകൾ നദികളെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. പലതും യുക്തിക്കു ചേരുന്നവയായിരിക്കില്ല. പക്ഷെ, ഈ കഥകൾ നദിയുടെ ആത്മാവിനെ മനുഷ്യരിലേയ്ക്കെത്തിക്കുവാൻ ഉതകുന്നതായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ,” രാജീവ് ദ് ബെറ്റർ ഇന്‍ഡ്യയോട് പറഞ്ഞു.
നദി നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ ഉൾപ്പെട്ട മീനച്ചില്‍ നദി സംരക്ഷണ സമിതിയ്ക്ക് പുഴയുടെ ആത്മാവിനെ മനുഷ്യരിലേക്കെത്തിക്കാന്‍ ആ കഥകളും നദിയുടെ സാംസ്കാരിക ചരിത്രവും അറിയുന്ന ഒരാളെ വേണമായിരുന്നു. ആ അന്വേഷണം ചെന്നെത്തിയത് രാജീവിലാണ്.
പുഴയറിവ് എന്ന പരിപാടി വൻ വൻവിജയമായി. തുടർന്ന് മീനച്ചില്‍ നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറ്റു ദിക്കുകളിലേയ്ക്കും രാജീവ് ഈ കഥകളും നദിയുടെ പ്രാദേശിക ചരിത്രവുമായി ചെന്നെത്തി. പത്തു വർഷത്തിലേറെയായി കോട്ടയത്തിന്‍റെ ചരിത്രം പഠിക്കുന്നതിൽ മുഴുകിയ രാജീവിന്‍റെ അറിവുകള്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.
അതിന് മുന്‍പ് തന്നെ കോട്ടയം നാട്ടുകൂട്ടം’ എന്ന കൂട്ടായ്മ അദ്ദേഹം രൂപികരിച്ചിട്ടുണ്ടായിരുന്നു. നാട്ടറിവുകളും പ്രാദേശിക ചരിത്രവും പുതുതലമുറയെ പരിചയപ്പെടുത്തുകയും അവ രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യങ്ങള്‍.
സെമിനാറുകളും, പുരാവസ്തു പ്രദർശനങ്ങളും, ചരിത്രപഠന യാത്രകളും ഉൾപ്പെടുന്ന നിരവധി പരിപാടികളും ഈ നാട്ടുകൂട്ടം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്, ആറുകളെക്കുറിച്ചുള്ള അറിവ് പങ്കു വയ്ക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്.
എന്നാൽ, തനിക്കുണ്ടായിരുന്നത് പുഴയുടെ സംസ്ക്കാരികതയെ കുറിച്ചുള്ള അറിവ് മാത്രമായിരുന്നുവെന്ന് രാജീവ് തുറന്നുപറയുന്നു. നദി നേരിടുന്ന സമകാലീന പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധ്യം വന്നത് മീനച്ചില്‍ നദി സംരക്ഷണ സമിതി എന്ന കൂട്ടായ്മയിൽ പങ്കു ചേർന്നതിനു ശേഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“ഈ പുഴയറിവുകൾ പങ്കുവെയ്ക്കുന്നതിനായി ഒരുപാട് സ്ഥലങ്ങളിൽ പോകുകയും ജനങ്ങളുമായി അടുത്തിടപെടുകയും ചെയ്തു. എല്ലാറ്റിനുമുപരി ഈ കൂട്ടായ്മയുമായുള്ള സഹകരണവും നദികളുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുവാൻ ഒരു പ്രേരണയായി,” അദ്ദേഹം വ്യക്തമാക്കുന്നു.
ഏകദേശം ഒരു വർഷം നീണ്ടു നിന്ന മീനച്ചിൽ റിവർ റിജുവനേഷൻ കാമ്പയിനിന്‍റെ ഭാഗമായി മീനച്ചില്‍ നദി സംരക്ഷണ സമിതി മൂന്ന് യാത്രകൾ നടത്തിയിരുന്നു.
“മൂന്നു ഘട്ടങ്ങളിലായി ഓരോ ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ. കോട്ടയം നാട്ടുകൂട്ടം രണ്ടാമത്തെ യാത്രയിൽ പങ്കു കൊണ്ടിരുന്നെങ്കിലും, നേതൃത്വം നൽകിയത് ഏറ്റവും ഒടുവിലത്തെ യാത്രയ്ക്കായിരുന്നു. താഴത്തങ്ങാടി മുതൽ പഴുക്കാനില കായൽ വരെയായിരുന്നു അത്.
“ഈ യാത്രയോടു കൂടിയാണ് മീനച്ചിലാറിന്‍റെ സംരക്ഷണ പ്രവർത്തനങ്ങളിലേയ്ക്ക് സജീവമായി ഞങ്ങൾ കടന്നുവരുന്നത്. അതുവരെ അറിവുകൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ഈ യാത്രകൾ നദികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള കാര്യപരിപാടികൾ രൂപം കൊടുക്കുന്നതിനും കാരണമായിത്തീർന്നു.”
കൂടാതെ, ഈ യാത്ര മീനച്ചിലാറിന്‍റെ സംരക്ഷണത്തിനായി നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം നാട്ടുകൂട്ടത്തെ സഹായിക്കുകയും ചെയ്തു.
മൂന്നാമത്തെ യാത്രയെക്കുറിച്ച് അദ്ദേഹം വിശദമായി ഓര്‍ക്കുന്നു:
” കോട്ടയത്ത് നടക്കുന്ന നദി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ മിക്കതും കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന മീനച്ചിൽ താലൂക്ക് കേന്ദ്രീകരിച്ചായിരുന്നു. മീനച്ചില്‍ നദി സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളും അങ്ങനെയായിരുന്നു. എന്നാൽ,വാസ്തവത്തിൽ മീനച്ചിലാറിന്‍റെ നേരിട്ടുള്ള ഉപയോക്താക്കൾ പടിഞ്ഞാറുള്ളവർ ആയിരുന്നു. അതായത് കോട്ടയം പട്ടണവും, അതിനെ ചുറ്റിപ്പറ്റിയുള്ള പഞ്ചായത്തുകളും.”
ഇതുകൂടി വായിക്കാം: മൂര്‍ഖനും പോളയും അഴുക്കും നിറഞ്ഞ് മരണം കാത്തുകിടന്ന ആറിന് 700 സ്ത്രീകള്‍ 30,000 തൊഴില്‍ദിനങ്ങള്‍ കൊണ്ട് ജീവന്‍ കൊടുത്ത കഥ
“കുടിവെള്ളമായാലും , മത്സ്യബന്ധനമായാലും, കൃഷിയായാലും, ജനജീവിതമായാലും ഏറ്റവും കൂടുതൽ നദിയെ ഉപയോഗിക്കുന്നത് ഈ പടിഞ്ഞാറൻ പ്രദേശങ്ങളാണ്. എന്നിരുന്നാലും ഈ ഭാഗത്ത് നദിയുടെ ദുരവസ്ഥയ്ക്കെതിരെ കാര്യമായ പ്രവർത്തനങ്ങളും ഇല്ലായിരുന്നു. ഈ സന്ദർഭത്തിലാണ് ഞങ്ങൾ നേതൃത്വം കൊടുത്ത യാത്ര ഈ പ്രദേശങ്ങളിലേയ്‌ക്കെത്തുന്നതും, അതിന്‍റെ ഭാഗമായി നദി സംരക്ഷണ പദ്ധതികൾ പടിഞ്ഞാറോട്ടു വ്യാപിക്കുന്നതും.”
കിടങ്ങൂരിനു കിഴക്കോട്ടു വളരെ സജീവമായി പ്രവർത്തിച്ചിരുന്നവരായിരുന്നു ഇത്തരത്തിലുള്ള പുഴ സംരക്ഷണ പരിപാടികളിലെ ഭൂരിഭാഗം ആളുകളും.
“അങ്ങനെയിരിക്കുന്ന സമയത്താണ് കിഴക്കു നിന്നും ഒരു കൂട്ടം ആളുകൾ പടിഞ്ഞാറോട്ട് വരുന്നതും, അവരുമായി സംവദിക്കുന്നതും. ഇത് കിഴക്കും പടിഞ്ഞാറുമായുള്ള ഒരു ബന്ധം തന്നെ സ്ഥാപിക്കുന്നതിനും വഴി തെളിച്ചു,” രാജീവ് പറയുന്നു.
മീനന്തയാര്‍ വീണ്ടുമൊഴുകുന്നു
മീനച്ചിലാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്‍റെ ഒരു കൈ വഴിയായ മീനന്തറയാർ (ഏകദേശം 5 കിലോമീറ്റര്‍ നീളം) ഒഴുകി വരുന്ന പ്രദേശങ്ങളിൽ ആണ് മത്സ്യ സമ്പത്തും, ചതുപ്പ് നിലങ്ങളും, കൃഷിക്കനുയോജ്യമായ വയൽ നിലങ്ങളും ഒക്കെ ഉള്ളത്. കലാകാലങ്ങളിലായിട്ടുള്ള കയ്യേറ്റം മൂലവും മണ്ണിടിച്ചിൽ കാരണവും മീനന്തറയാറിന്‍റെ തുടക്കം മുതൽ എതാണ്ട് പകുതി വരെ നികത്തിപ്പോയിരുന്നു. കൂടാതെ, മലിനീകരണവും വെള്ളക്കെട്ടുമൊക്കെ മീനച്ചിലാറിനെ നന്നേ ദുഷിപ്പിച്ചിരുന്നു.
നൂറ്റാണ്ടുകളായി ഗതാഗതവും വാണിജ്യവുമൊക്കെ സജീവമാക്കിയിരുന്ന ജലപാതയായിരുന്നു മീനന്തറയാര്‍. കോട്ടയത്തുനിന്നും കിഴക്കന്‍ മലയോരങ്ങളിലേക്കുള്ള കാര്‍ഷിക കുടിയേറ്റങ്ങള്‍ ഈ ആറിലൂടെയായിരുന്നു. ഒരുകാലത്ത് പ്രശസ്തമായിരുന്ന കിടങ്ങൂര്‍ ശര്‍ക്കര കോട്ടയത്തെ താഴത്തങ്ങാടിയില്‍ വില്‍പനയ്‌ക്കെത്തിച്ചിരുന്നതും ഈ ജലപാതയിലൂടെയായിരുന്നു. പിന്നീട്, പല കൈവഴികളും തോടുകളും കയ്യേറിയും മണ്ണടിഞ്ഞും അടഞ്ഞുപോയപ്പോള്‍ മീനന്തറയാര്‍ ശോഷിച്ചു.
” ഞങ്ങളീ യാത്രയുടെ ഭാഗമായി പോകുമ്പോൾ കാഞ്ഞിരത്ത് വെച്ച് കണ്ടുമുട്ടിയ ഒരാൾ വളരെ കോപത്തോടു കൂടെ നദിയുടെ ദുരവസ്ഥയെ കുറിച്ച് സംസാരിച്ചു. കൂടാതെ,നിരവധി മത്സ്യങ്ങൾ ചത്തു പൊങ്ങി കിടക്കുന്നതും അയാൾ വളരെ സങ്കടത്തോടു കൂടി കാണിച്ചു തന്നു. ഇപ്പോൾ മാരക വിഷങ്ങളും കീടനാശിനികളും കലർത്തിയാണ് മീൻ, കൊഞ്ച് എന്നിവ പിടിക്കുന്നത്. ഇത് മത്സ്യസമ്പത്തിനെയും കാര്യമായി തന്നെ ബാധിച്ചിരുന്നു,” രാജീവ് പറയുന്നു. അതതു പ്രദേശങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ആ യാത്ര ഉപകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
“മലീനീകരണം എങ്ങനെയൊക്കെ നടക്കുന്നു? എവിടെ നടക്കുന്നു? എന്നീ വിവരങ്ങൾ എടുക്കുകയും അത് അപ്പപ്പോൾ തന്നെ രേഖപ്പെടുത്തിപ്പോരുകയും ചെയ്തു.”
ആ യാത്ര അവസാനിച്ചത് തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെ ഓർമ്മയ്ക്കായി പണിതുയർത്തിയ, 200 വർഷങ്ങളോളം പഴക്കമുള്ള ഒരു വിളക്കുമരത്തിന്‍റെ ചുവട്ടിൽ ആയിരുന്നു. നദി ചെന്ന് കായലിൽ ചേരുന്ന പഴുക്കാനിലയിൽ ആണ് അത് സ്ഥിതി ചെയ്യുന്നത്. അവിടെ വച്ച് ആ യാത്രാ സംഘം ഒരു പ്രതിജ്ഞയെടുത്തു: നദിയെ സംരക്ഷിച്ചു കൊള്ളാമെന്നും, അതിനുള്ള കാര്യപരിപാടികളുമായി മുന്നോട്ടു പോകുമെന്നും.
ഈ യാത്ര സംഘടിപ്പിച്ച്, രണ്ടു മാസങ്ങൾക്കു ശേഷം കോട്ടയത്തെ മറ്റൊരു പ്രാദേശിക സംഘടന മീനന്തറയാർ വൃത്തിയാക്കി. അവരുടെ പരിശ്രമങ്ങളെ അനുമോദിക്കുന്നതിനായി കോട്ടയം നാട്ടുകൂട്ടം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ മീനന്തറയാറിൽ നിന്നും മീനച്ചിലാർ വഴി മറ്റൊരു യാത്ര നടത്തി. ഈ യാത്രയിൽ ആണ് ആറിന്‍റെ ശുചീകരണ പ്രവർത്തനങ്ങളുടെ ഫലം എങ്ങനെ നിലനിറുത്താമെന്ന ചിന്ത ഉയര്‍ന്നത്.
അത് മീനന്തറയാറിനെ കുറിച്ച് വിശദമായ പഠനം നടത്താന്‍ തിനിക്ക് പ്രേരണയായെന്ന് രാജീവ്.
“നദിയെ ശുചീകരിച്ചാലും അത് നിലനിർത്തിയില്ലെങ്കിൽ പഴയ പോലെയാകും. അതൊഴിവാക്കാന്‍ ആറിലേയ്ക്ക് തുറക്കുന്ന മാലിന്യക്കുഴലുകൾ ഉണ്ടെങ്കിൽ അതടയ്ക്കണം, നദിയിലേക്ക് മാലിന്യം തള്ളാതിരിക്കാൻ ജനങ്ങളെ ബോധവല്‍ക്കരിക്കണം, നീരൊഴുക്ക് അടഞ്ഞുപോയ ഇടങ്ങളില്‍ അവ പുനഃസ്ഥാപിക്കണം. ഇങ്ങനെ പല കാര്യങ്ങളും ചെയ്യാതെ ശുചീകരിച്ചാലും അത് ഒട്ടും ഫലം ചെയ്യില്ല. അതിനായി മീനന്തറയാറിന്‍റെ ഘടന പഠിക്കാതെ തരമില്ല. അതിലായിരുന്നു പിന്നീടെന്‍റെ പൂർണ ശ്രദ്ധ.”
അങ്ങനെ രാജീവിന്‍റെ നേതൃത്വത്തിൽ കോട്ടയം നാട്ടുകൂട്ടം ഇതിനായി ഇറങ്ങി തിരിച്ചു.
എവിടെയൊക്കെയാണ് നദി അടഞ്ഞു പോയത്, കിഴക്കു നിന്ന് എന്തുകൊണ്ട് ഒഴുക്കില്ല? അങ്ങനെ പലകാര്യങ്ങളും പഠിക്കുന്നതിനായി ആ സംഘം പല സ്ഥലങ്ങൾ ചുറ്റി സഞ്ചരിച്ചു.
“പലപ്പോഴും കൂടുതൽ വിവരങ്ങൾക്കായി ഞാൻ അതത് സ്ഥലത്തുള്ള ആളുകളോടാണ് കാര്യങ്ങൾ അന്വേഷിച്ചിരുന്നത്. പുതിയ തലമുറയിൽ പെട്ട മിക്കവർക്കും അതിനെക്കുറിച്ച് യാതൊരറിവും ഉണ്ടായിരുന്നില്ല. എന്നാൽ പഴയ തലമുറ കൈമാറിയ വിവരങ്ങൾ സഹായിക്കുകയും ചെയ്തു. അങ്ങനെ ഒട്ടനവധി പരിശ്രമങ്ങളുടെ ഭാഗമായി, തോടുകൾ എവിടെയൊക്കെ അടഞ്ഞു പോയിട്ടുണ്ട് എന്ന് മനസിലാക്കാൻ സാധിച്ചു.”
മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന കെ കെ ജോസഫും മണർകാട് സെന്‍റ് മേരീസ് കോളേജിലെ പ്രിൻസിപ്പലായ ഡോ പുന്നൻ കുരിയൻ വേങ്കിടത്തും മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് രൂപരേഖകൾ തയ്യാറാക്കിയിരുന്നു. അത് കോട്ടയം നാട്ടുക്കൂട്ടത്തിനു സഹായകമായി.
ഇതിനിടയിലാണ് അഡ്വ അനിൽകുമാർ എന്ന പൊതു പ്രവർത്തകൻ ഒരു വിപുലമായ ജനകീയ കൂട്ടായ്മയുടെ ആവശ്യകത മുന്നോട്ടുവെയ്ക്കുന്നതും ആ കൂട്ടായ്മയിൽ നാട്ടുകൂട്ടം അടക്കമുള്ള എല്ലാ സംഘടനകളും ഒരുമിച്ചു കൂടാൻ തീരുമാനിക്കുന്നതും.
ഈ പുതിയ ജനകീയ കൂട്ടായ്മയുടെ ശ്രമങ്ങളുടെ ഭാഗമായി, മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ എന്നീ നദികള്‍ വീണ്ടും യോജിപ്പിക്കുന്നതിനും ഒഴുക്ക് പഴയപടിയാക്കി അവയ്ക്ക് പുതുജീവന്‍ നല്‍കുന്നതിനുമുള്ള പദ്ധതി രൂപം കൊണ്ടു. അതിനുള്ള പ്രാഥമിക രൂപ രേഖയും, പേരും, ലോഗോയും നിർദ്ദേശിച്ചത് രാജീവായിരുന്നു.
എല്ലാത്തിനും പുറമെ, ഈ പദ്ധതിയുടെ ഭാഗമായി എടുത്തിട്ടുള്ള നടപടികളെക്കുറിച്ചും, ഓരോ തോടിന്‍റേയും സാംസ്ക്കാരിക ചരിത്രത്തെ കുറിച്ചുമുള്ള വിവരങ്ങൾ സമൂഹ മാധ്യമത്തില്‍ കൂടി രാജീവ് ജനങ്ങളിലേയ്ക്ക് എത്തിച്ചു കൊണ്ടേയിരുന്നു.
അടഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വീണ്ടെടുത്തുകൊണ്ടു മീനന്തറയാറിനെ മീനച്ചിലാറിലേക്ക് എത്തിക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. കൊടൂരാറുമായി ബന്ധപ്പെട്ടു കിടക്കുന്ന കഞ്ഞിക്കുഴി എന്ന ഒരു തോടുണ്ട്. അത് തുടങ്ങുന്നത് മീനന്തറയാറിൽ നിന്നാണ്. അതിനെയും യോജിപ്പിക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതിയുടെ ഒരു ലക്‌ഷ്യം. 2017-ലാണ് ഈ പദ്ധതിയുടെ തുടക്കം.
“പിന്നീട് എല്ലാ സംഘടനകളുടെയും പരിശ്രമഫലമായി ഈ അടഞ്ഞ തോടുകൾ തുറന്നു. തോട് കയ്യേറിയ ആ സ്ഥലഉടമ തന്നെയാണ് ജെസിബി വെച്ച് തോട് വെട്ടി ആ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യമൊക്കെ അയാൾ ഇടഞ്ഞെങ്കിലും പിന്നീട് സ്ഥലം വിട്ടു തരാൻ തയാറാവുകയായിരുന്നു,” അദ്ദേഹം ഓര്‍ക്കുന്നു.
അതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ നല്ല ഒരു മഴ പെയ്തു, മീനച്ചിലാറിൽ വെള്ളം പൊങ്ങി. പെയ്ത മഴയിൽ വെട്ടി തോണ്ടിയെടുത്ത തോട്ടിൽ കൂടി വെള്ളം ഒഴുകുകയും അത് മീനന്തറയാറിൽ എത്തുകയും ചെയ്തു.
“ഇത് മാധ്യമശ്രദ്ധ നേടുകയും ഇത് ഒരു വിജയം ആകുമെന്ന ഒരു സന്ദേശം അവർ വാർത്തുകളിലൂടെ കൊടുക്കുകയും ചെയ്തു.”
അതോടു കൂടി ഈ പദ്ധതിക്ക് വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണങ്ങളും ലഭിക്കാൻ തുടങ്ങി. കൂടാതെ,സർക്കാർ വകുപ്പുകളുടെ സംയോജനത്തിനു ഇത് കാരണമാകുകയും,സർക്കാർ ഉദ്യോഗസ്ഥർ ഈ ജനകീയ കൂട്ടായ്മയുടെ ഭാഗമായി മാറുകയും ചെയ്തെന്ന് രാജീവ് പറഞ്ഞു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഹരിത കേരള മിഷന്‍റെ ഫണ്ട് ജനകീയ കൂട്ടായ്മയിൽ തുടങ്ങിയ ഈ പദ്ധതിക്ക് ലഭിക്കുകയും, പിന്നീട് ഈ പദ്ധതി ആ മിഷന്‍റെ ഭാഗമായി മാറുകയും ചെയ്തു.
“നമ്മൾ ഉദ്ദേശിച്ചതും അത് തന്നെയാണ്. ജനകീയ കൂട്ടായ്മയ്ക്ക് ഇത്തരം വലിയ പദ്ധതികൾ വിപുലമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരിമിതികൾ ഉണ്ട്. ഇങ്ങനെയൊരു ഏറ്റെടുക്കൽ അതിനു ഒരുപാട് ഗുണം ചെയ്യും.”
ഹരിതകേരള മിഷനും സര്‍ക്കാര്‍ വകുപ്പുകളും കൂടി ജനങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ പുഴ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.
“മിനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലാകെ നദിയുടെയും തോടുകളുടെയും വീണ്ടെടുപ്പു സാധ്യമായതോടെ കഴിഞ്ഞ പ്രളയത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിച്ചു. കൂടാതെ മലിനീകരണം കുറഞ്ഞിട്ടുണ്ട്. ഏക്കർ കണക്കിന് തരിശായി കിടന്ന സ്ഥലത്ത് നെൽകൃഷി പുനരാരംഭിച്ചു. വീണ്ടെടുത്ത ജലാശയങ്ങളെ സജീവമാക്കുന്നതിനായി വിവിധയിടങ്ങളിൽ ഉത്തരവാദ ഗ്രാമീണ ടൂറിസം ആരംഭിച്ചു,” രാജീവ് പറയുന്നു.
വിവിധ ജനകീയ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ട പഠനങ്ങളും പരിശ്രമങ്ങളും അങ്ങനെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ നദീസംരക്ഷണ പരിപാടികളിലൊന്നായി മാറി.
ചിത്രകാരനും സംഗീതജ്ഞനും ആയ പള്ളിക്കോണം രാജീവ് കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിൽ കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. UNESCO – സഹപീഡിയയുടെ ഫെല്ലോഷിപ്പോടെ സാംസ്‌കാരിക ചരിത്രത്തിലും ഗവേഷണം നടത്തിയിട്ടുണ്ട്.
മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ അനധികൃത പാറ ഖനനത്തിനെതിരെയുള്ള പോരാട്ടങ്ങളിലും പങ്കുചേർന്നിട്ടുണ്ട്. ഭാര്യ പി സി മിനിയോടും രണ്ടു മക്കളോടുമൊപ്പം (അനിരുദ്ധൻ, ശ്രീഹർഷൻ) കോട്ടയത്തെ താഴത്തങ്ങാടിയിലെ പള്ളിക്കോണത്ത് താമസം.
ഇതുകൂടി വായിക്കാം: 50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.