ബിഎഡ് ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതാനിരിക്കുകയായിരുന്നു ശ്രീദേവി. അതിനിടയ്ക്കാണ് കൊറോണയുടെയും ലോക്ക് ഡൗണിന്‍റെയും വരവ്. ബി എഡ് കഴിഞ്ഞിട്ട് എം ഫില്‍ എന്നൊക്കെ സ്വപ്നം കണ്ടുനടക്കുന്നതിനിടയില്‍ അല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്.
എന്താ സംഭവിച്ചതെന്നല്ലേ…
ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ലേ ശ്രീദേവി താരമായത്!
അച്ഛനെപ്പോലെ തെങ്ങുകയറ്റ തൊഴിലാളിയായിരിക്കുകയാണ് ശ്രീദേവിയിപ്പോള്‍. ബിഎഡ്-കാരി തെങ്ങുകയറാന്‍ പോകുന്നോ എന്ന് കണ്ണു മിഴിച്ചവരൊയൊക്കെ ശ്രീദേവി വീണ്ടും ഞെട്ടിച്ചു.
വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം
തെങ്ങ്കയറ്റമൊക്കെ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പോകണമെന്നാണിപ്പോള്‍ ശ്രീദേവി പറയുന്നത്.
ചില ജോലികള്‍ പുരുഷന്‍മാര്‍ക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്, ചിലത് സ്ത്രീകള്‍ക്ക് മാത്രവും എന്നൊരു ധാരണ പൊതുസമൂഹത്തില്‍ പലര്‍ക്കുമുണ്ടല്ലോ. ആ ധാരണകള്‍ മാത്രമല്ല, തൊഴില്‍ മാന്യതയെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ കൂടിയാണ് പൊളിഞ്ഞുവീഴുന്നത്.
ബിഎഡ്-കാരി തെങ്ങ് കയറാന്‍ പോകുന്നോ, ഡിഗ്രിയും പിജിയും ബിഎഡുമൊക്കെ പഠിച്ചിട്ട് ഇനി ഓട്ടോറിക്ഷ ഓടിക്കാന്‍ പോകുന്നോ എന്ന ചോദ്യങ്ങളൊക്കെയാണ് ശ്രീദേവി നിഷ്പ്രയാസം പൊളിച്ചടുക്കുന്നത്.
തെങ്ങ് കയറേണ്ടതെങ്ങനെയെന്നു പഠിച്ചെന്നു മാത്രമല്ല ലോക്ക് ഡൗണ്‍ കാലത്ത് തെങ്ങ്കയറ്റത്തൊഴിലാളിയായ അച്ഛനൊപ്പം ശ്രീദേവിയും ജോലിക്കു പോയി വരുമാനം നേടുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 11-ന് മലപ്പുറം കാടാമ്പുഴയിലെ വീട്ടിലെത്തിയതാണ് ശ്രീദേവി. പിന്നെ ബി എഡ് പഠിക്കുന്ന ഒറ്റപ്പാലത്തെ എന്‍എസ്എസ് ബിഎഡ് കോളെജിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
കൊറോണയും ലോക്ക്ഡൗണുമൊക്കെയായി വീട്ടില്‍ തന്നെ. വീട്ടിലിരിക്കുന്നതിന്‍റെ ആദ്യ ദിവസങ്ങളില്‍ പാചകവും കുറച്ചു വായനയുമൊക്കെയായിരുന്നു. പക്ഷേ, ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതോടോയാണ് ശ്രീദേവി കാര്യങ്ങള്‍ക്കൊക്കെ തീരുമാനമാക്കുന്നത്.
സത്യത്തില്‍ അങ്ങനെയൊരു കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പിനെക്കുറിച്ച് ശ്രീദേവി പറയുന്നത്.
“ഒരുപാട് ആളുകള്‍ വിളിച്ചിരുന്നു. ജോലി ചെയ്ത് കാശ് കിട്ടി, ആ കാശ് അമ്മയ്ക്കും അച്ഛനും കൊടുത്തു. ആ സന്തോഷം പങ്കുവയ്ക്കാനായിരുന്നു അങ്ങനെയൊരു കുറിപ്പ് എഴുതിയിട്ടത്.
“പക്ഷേ അതിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. അധ്യാപകരും പഴയ സുഹൃത്തുക്കളും ബിഎഡ് കോളെജില്‍ കൂടെ പഠിക്കുന്നവരുമൊക്കെ വിളിച്ചു,” ശ്രീദേവി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
പ്ലസ് ടുവിന് ശേഷമുള്ള അവധിക്കാലത്താണ് ആദ്യമായി ജോലിക്ക് പോകുന്നത്.
“ട്യൂഷന്‍ സെന്‍ററിലെ ഓഫിസിലായിരുന്നു. പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പോ കാടാമ്പുഴ അക്ഷയ സെന്‍ററില്‍. അന്നാണ് ആദ്യത്തെ ശമ്പളത്തിന്‍റെ സന്തോഷം അറിയുന്നത്. ആ കാശ് വീട്ടില്‍ അച്ഛനും അമ്മയ്ക്കും കൊടുക്കുമ്പോ, അനിയത്തിമാരായ ശ്രീകലയ്ക്കും ശ്രീകുമാരിയ്ക്കും ബാഗും കുടയുമൊക്കെ വാങ്ങിച്ചു കൊടുത്തപ്പോ വലിയ സന്തോഷമായിരുന്നു.
“മലപ്പുറം ഗവണ്‍മെന്‍റ് കോളെജിലാണ് ബിഎ ഹിസ്റ്ററി പഠിച്ചത്. പിജിയെടുക്കുന്നത് കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാംപസില്‍ നിന്നും. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ടീച്ചറാകണമെന്ന ഇഷ്ടമുണ്ടായിരുന്നു.
“അതുകൊണ്ടാണ് ബിഎഡിന് ചേര്‍ന്നതും. ഒറ്റപ്പാലത്ത് ഹോസ്റ്റലില്‍ നിന്നാണ് ബിഎഡ് പഠിക്കുന്നത്. കോഴ്സ് തീരാറായി, ഇനി എംഫില്‍ ചെയ്യണമെന്നൊക്കെയായിരുന്നു മനസില്‍.
“തെങ്ങു കയറാന്‍ പഠിക്കണമെന്നു പണ്ടേ ആഗ്രഹമുണ്ട്,” ശ്രീദേവി തുറന്നുപറഞ്ഞു. പക്ഷേ, പഠനവും മറ്റുമായി സമയമൊത്തുവന്നില്ല.
“ലോക്ക്ഡൗണ്‍ നീട്ടിനീട്ടി വന്നപ്പോ കുറേ സമയം കിട്ടിയല്ലോ. ഇതു മാത്രമല്ല, പഠിച്ചതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനുള്ള അവസരം ഇപ്പോഴില്ലല്ലോ. അങ്ങനെയാണ് ജനസമ്പര്‍ക്കം ഒഴിവാക്കിയുള്ള ഏത് ജോലി ചെയ്യാനാകുമെന്ന് ആലോചിക്കുന്നത്.
“നേരത്തെ അച്ഛന്‍ അമ്മയോട് പറഞ്ഞു കേട്ടിട്ടുണ്ട്, ‘ഒരാണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്നെ ജോലിയില്‍ സഹായിക്കാന്‍ അവനെക്കൊണ്ട് സാധിച്ചേനെ’ എന്ന്.
“ഈ സമയത്ത് വീട്ടിലിരിക്കുമ്പോഴാണ് അതേക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. അങ്ങനെ തെങ്ങുകയറ്റം പഠിക്കണമെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു.
“കണ്ണുമടച്ച് അച്ഛനും അമ്മയും എതിര്‍ത്തു. ‘ഇത്രേം പഠിച്ചിട്ട് നീ തെങ്ങ് കയറാനാണോ ഇനി പോകുന്നത്..,’ ഇതാണ് അമ്മയുടെ ആദ്യത്തെ ചോദ്യം. ഇതുപോലെ തന്നെയാ അച്ഛനും പറഞ്ഞത്. ‘ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കാനാണോ’ എന്ന് അച്ഛനും,” ശ്രീദേവി ചിരിക്കുന്നു.
ആളുകള്‍ അതുമിതും പറയും എന്ന കാര്യത്തിലായിരുന്നു ശ്രീദേവിയുടെ അമ്മ ഉഷയ്ക്കും അച്ഛന്‍ ഗോപാലനും ആശങ്ക മുഴുവനും.
“പിന്നെ, അടുത്തൊക്കെയുള്ള പലരും, പത്തിരുപ്പത്തിനാല് വയസ് ആയല്ലോ കല്ല്യാണം കഴിക്കുന്നില്ലേ എന്നൊക്കെ ചോദിക്കുമായിരുന്നു. ഇനിയിപ്പോ കല്യാണവും കഴിച്ചിട്ടില്ല, അതിനിടയ്ക്ക് ഈ ജോലിക്ക് കൂടി പോയാല്‍ മതി…
“മറ്റുള്ളവരുടെ ഇതുപോലുള്ള ചോദ്യങ്ങളെ എങ്ങനെ മറികടക്കുമെന്ന പ്രശ്നമൊക്കെയുണ്ടായിരുന്നു അമ്മയ്ക്കും അച്ഛനും. തുടക്കത്തിലൊന്നും എന്‍റെ ആഗ്രഹത്തെ അവര് അത്ര കാര്യമാക്കിയില്ല. പക്ഷേ ഞാനിങ്ങനെ നിരന്തരമായി പറഞ്ഞുകൊണ്ടേയിരുന്നു,” എന്ന് ശ്രീദേവി.
അതിയായ ആഗ്രഹത്തിനൊടുവില്‍ ശ്രീദേവി അച്ഛന്‍ തെങ്ങ് കയറാന്‍ ഉപയോഗിക്കുന്ന തളപ്പ് ഇട്ടു പരീക്ഷിച്ചു നോക്കുകയും ചെയ്തു. പക്ഷേ തെങ്ങിന് മുകളിലേക്ക് കയറാന്‍ പറ്റുന്നില്ല.
ശരീരഭാരം വച്ച് സാധിക്കില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് തെങ്ങ് കയറാനുള്ള മെഷീന്‍ വാങ്ങണമെന്നു വീട്ടില്‍ പറയുന്നത്. വലിയ ഗൗരവത്തോടെയൊക്കെ ശ്രീദേവി പറഞ്ഞുവെങ്കിലും അമ്മയും അച്ഛനും അത്ര കാര്യമാക്കിയില്ല.
“വലിയ ഗൗരവത്തോടെ ഞാനിക്കാര്യം പറയുമ്പോഴും അവരാരും ഗൗനിക്കുന്നേയില്ല. പക്ഷേ, തെങ്ങുകയറ്റം പഠിക്കണം, യന്ത്രം വാങ്ങണം, ജോലി ചെയ്യണം വെറുതേ ഇരിക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു,” ശ്രീദേവി തുടരുന്നു.
“അവസാനം ഒരു മെഷീന്‍ വാങ്ങിച്ചു, ഞാനൊന്ന് കയറി നോക്കി. തെങ്ങില്‍ കയറി ഒരു തേങ്ങയൊക്കെ ഇട്ടതോടെ അവര്‍ക്ക് സന്തോഷമായി. എനിക്ക് പിന്നാലെ അനിയത്തിമാര് കയറി നോക്കുന്നു. അവര്‍ക്കും സംഭവം ഇഷ്ടപ്പെട്ടു. ”
ശ്രീദേവിക്ക് രണ്ട് അനുജത്തിമാരാണുള്ളത്. ശ്രീകല രണ്ടാം വര്‍ഷ ബിരുദത്തിനും ശ്രീകുമാരി ഒന്നാം വര്‍ഷ ബിരുദത്തിനും മലപ്പുറം ഗവണ്‍മെന്‍റ് കോളെജില്‍ പഠിക്കുന്നു.
“ഒട്ടും പ്രതീക്ഷിക്കാതെ, ജോലി കഴിഞ്ഞു വന്നൊരു ദിവസം അമ്മയും കയറി നോക്കി. അങ്ങനെ അമ്മ വരെ തെങ്ങില്‍ കയറി നോക്കാന്‍ മനസ് കാണിച്ചു.” ഏറ്റവും സന്തോഷമായതും ഇതു തന്നെയാണെന്നു ശ്രീദേവി.
യൂട്യൂബില്‍ നോക്കി തെങ്ങുകയറ്റം പഠിച്ചയാളെന്നു വേണമെങ്കില്‍ ശ്രീദേവിയെ പറയാം. തെങ്ങ് കയറണമെന്ന് തീരുമാനമെടുത്ത കാലം മുതല്‍ ശ്രീദേവി പതിവായി യൂട്യൂബില്‍ കണ്ടിരുന്നത് തെങ്ങുകയറ്റമായിരുന്നു.
“മെഷീന‍് വാങ്ങിച്ചു തരണമെന്നു പറയുമ്പോ തന്നെ യൂട്യൂബിലും ഓരോ വിഡിയോസ് എടുത്തു കാണുമായിരുന്നു. മെഷീന്‍ എങ്ങനെ ഘടിപ്പിക്കണം, എങ്ങനെ കയറണം എന്നൊക്കെ വിഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. അത് നോക്കി പഠിച്ചെടുത്തു.”
പക്ഷേ, വീഡിയോ കണ്ട് മാത്രം പഠിച്ചെടുക്കാനും മനസ്സിലാക്കാനും കഴിയാത്ത നിരവധി വെല്ലുവിളികളുണ്ട് എന്ന് ചെയ്തുതുടങ്ങിയപ്പോള്‍ മനസ്സിലായി.
“പക്ഷേ തെങ്ങു കയറ്റത്തിലെ വെല്ലുവിളി എന്താണെന്നു വച്ചാല്‍, കയറി മുകളിലെത്തിയ ശേഷമുള്ള കാര്യമാണ്. ഏത് തേങ്ങ വെട്ടണമെന്നതായിരുന്നു ആദ്യ വെല്ലുവിളി.
ഇതുകൂടി വായിക്കാം:‘നീ പഠിപ്പ് നിര്‍ത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞ അധ്യാപകരുണ്ട്’: പപ്പടവും പതിമുകവും വിറ്റ് ബി.ടെക് പഠിച്ച ചെറുപ്പക്കാരന്‍റെ കരളുറപ്പിന്‍റെ കഥ
“മൂത്തത് ഏതാണ്, ഇളനീര് ഏതാണ് എന്നൊക്കെ അറിയണമല്ലോ. ഒരു വീട്ടില്‍ ചെന്നിട്ട് ഇളംകുല വെട്ടിയിട്ടാല്‍ ശരിയാകില്ലല്ലോ. അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു, അതൊക്കെ എങ്ങനെ തിരിച്ചറിയാന്‍ പറ്റുമെന്ന് അച്ഛനാണ് പഠിപ്പിച്ചു തന്നത്. എങ്ങനെ വെട്ടണമെന്നും അച്ഛന്‍ പറഞ്ഞു തന്നു.
“പിന്നെ അച്ഛന്‍റെ കൂടെ ജോലിക്ക് പോയിത്തുടങ്ങി. അവിടെ വച്ച് അച്ഛന്‍ ഓരോന്ന് പറഞ്ഞും കാണിച്ചു തന്നു. ആദ്യമൊക്കെ മനസിലാക്കാന്‍ ബുദ്ധിമുട്ട് തോന്നിയിരുന്നുവെങ്കിലും ഇപ്പോ കുറേശ്ശേ അതൊക്കെ മനസ്സിലാക്കി വരുന്നു.
“വീടിന് തൊട്ടപ്പുറത്ത് തന്നെയുള്ള പറമ്പിലെ തെങ്ങിലാണ് കയറി പരിശീലിച്ചത്. ആ പറമ്പിലെ തേങ്ങ ഇടലൊക്കെ അച്ഛന്‍ തന്നെയാണ് ചെയ്യുന്നത്. ഇതുവരെ എട്ടൊമ്പത് വീടുകളില്‍ പോയി തേങ്ങയിട്ടു. തൊട്ടടുത്ത വീട്ടില്‍ ഇളനീര് ഇടാനാണ് ആദ്യമായി പോയത്. രണ്ട് തെങ്ങ് കയറിയതിന് 80 രൂപ കിട്ടി.
“ആ വീട്ടില്‍ തെങ്ങ് കയറാന്‍ അച്ഛനെ വിളിച്ചപ്പോ, അച്ഛന്‍ എന്നോട് പറയുകയായിരുന്നു. അച്ഛന്‍ വിളിക്കുന്നത് കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി, തമാശ പറയുന്നതാകുമെന്നാ കരുതിയത്.
“പക്ഷേ സീരിയസായിട്ടായിരുന്നു. കൂടെ അമ്മയും അനിയത്തിമാരുമൊക്കെ വന്നിരുന്നു. പിന്നെ അവിടുള്ള താത്തമാരൊക്കെ ഞാന്‍ തെങ്ങില്‍ കയറുന്നത് കാണാന്‍ വീടിന് പുറത്തിറങ്ങി നില്പുണ്ടായിരുന്നു.
“അപ്പോഴും അമ്മയോടും അച്ഛനോടും അവര് ചോദിച്ചു കൊണ്ടിരുന്നത്, ഇനി തെങ്ങ് കയറാനാണോ അവളെ വിടാന്‍ പോണേ എന്നൊക്കെയായിരുന്നു.
“കുറേ ആള്‍ക്കാര് നല്ലത് പറഞ്ഞു, ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നതല്ലേ നല്ലതാണ്, കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു. പെണ്‍കുട്ടിയല്ലേന്നും ഇത്രയും പഠിച്ചിട്ട് നീ ഈ ജോലി ചെയ്യുകയാണോ എന്നൊക്കെ ചിലര്‍ ചോദിച്ചു.
“ഇത്രേം പഠിച്ചാല്‍ ഈ ജോലി ചെയ്യാന്‍ പാടില്ല എന്നൊക്കെയാണ് പലരുടെയും ധാരണകള്‍. ടീച്ചറാകാന്‍ പഠിക്കുകയല്ലേ എന്നിട്ട് ഈ തെങ്ങ് കയറാന്‍ പോകുന്നോ എന്നൊക്കെയാണ് പലരുടെയും കാഴ്ചപ്പാട്.
“പക്ഷേ ഈ ആളുകള്‍ ഇങ്ങനെയൊക്കെ പറയുമ്പോഴാണ് ഞാനും അതൊക്കെ ആലോചിക്കുന്നത്. ഈ ജോലി ചെയ്യാന്‍ തീരുമാനിച്ച നേരം ഞാനിത്രേം പഠിച്ചതാണെന്ന ബോധം എനിക്കുണ്ടായിരുന്നില്ല.
“അതേക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. കൊറോണക്കാലത്ത് ജനസമ്പര്‍ക്കമില്ലാതെ എന്ത് ജോലി ചെയ്യാന്‍ പറ്റുമെന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍,” എന്ന് ശ്രീദേവി.
ഇതിനൊപ്പം തന്നെ ഓട്ടോറിക്ഷ ഓടിക്കാനും പഠിച്ചെടുത്തു ശ്രീദേവി. പഠിക്കുക മാത്രമല്ല സെക്കന്‍റ് ഹാന്‍ഡ് ഓട്ടോറിക്ഷയും വാങ്ങിക്കുകയും ചെയ്തു.
ഓട്ടോ വാങ്ങിയതിനും ഓടിക്കാന്‍ പഠിച്ചതിനും ലോക്ക്ഡൗണ്‍ തന്നെയാണ് കാരണമെന്നു ശ്രീദേവി പറയുന്നു. “ലോക്ക്ഡൗണ്‍ അല്ലേ, പൊതുഗതാഗതം ഇല്ലല്ലോ. ഈ സമയത്ത് അമ്മമ്മയ്ക്ക് സുഖമില്ലായിരുന്നു.
“പിന്നെ അച്ഛന് മരുന്ന് വാങ്ങുന്നത് തിരൂര് നിന്നാണ്. ഇതിനൊക്കെ പോകാന്‍ ബസ് ഒന്നും ഇല്ലല്ലോ. ഓട്ടോറിക്ഷയ്ക്ക് നല്ല കാശ് ചെലവും. അങ്ങനെ വന്നപ്പോഴാണ് ഒരു വണ്ടി ഉണ്ടായിരുന്നുവെങ്കില്‍ നല്ലതായിരുന്നല്ലോ എന്നു തോന്നുന്നത്.
“അങ്ങനെ സ്കൂട്ടര്‍ എടുക്കാലോ എന്നു പറഞ്ഞു. ഓടിക്കാനും അറിയാം ലൈസന്‍സും ഉണ്ട്. പക്ഷേ രണ്ടാള്‍ക്കല്ലേ സ്കൂട്ടറില്‍ പോകാന്‍ പറ്റൂ. ഇതുമാത്രമല്ല അമ്മയ്ക്ക് സ്കൂട്ടര്‍ വലിയ പേടിയാണ്.
“കാര്‍ എന്നു പറഞ്ഞപ്പോ ഇപ്പോ അതു താങ്ങൂല എന്നു ഉടന്‍ മറുപടി കിട്ടി. അമ്മയാണ് ആണ്‍കുട്ടി ഉണ്ടായിരുന്നേല്‍ ഒരു ഓട്ടോറിക്ഷയൊക്കെ വാങ്ങിക്കാമെന്നു പറഞ്ഞത്.
“അപ്പോ ഞാന്‍ ചോദിച്ചു ഞാന്‍ ഓടിച്ചാല്‍ പോരേന്ന്. അതിന് ഓട്ടോറിക്ഷ ഓടിക്കാന്‍ നിനക്കറിയോന്ന് അമ്മയുടെ ചോദ്യം. അങ്ങനെ ഓട്ടോറിക്ഷ വാങ്ങാനും തീരുമാനിച്ചു.
“അങ്ങനെ ഞങ്ങള്‍ കുറച്ച് പൈസയൊക്കെയുണ്ടാക്കി ഒരു വണ്ടിയെടുത്തു. കുറച്ചു കാശ് കൊടുത്തിട്ടുള്ളൂ. അവര് ബുക്ക് ഒന്നും തന്നിട്ടില്ല. ബാക്കി കാശ് പിന്നേ കൊടുക്കാന്നാ പറഞ്ഞിരിക്കുന്നത്.
“അച്ഛന്‍റെ സുഹൃത്ത് സിബി ചേട്ടനാണ് ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ചു തന്നത്. പഠിക്കാനൊരു നാലു ദിവസമെടുത്തു. ഓട്ടോറിക്ഷ ഓടിക്കാന്‍ അനിയത്തിമാര്‍ക്ക് ആഗ്രഹമുണ്ട്.
“ഞാന്‍ പഠിച്ചെടുത്തപ്പോ അവര് പറഞ്ഞു തുടങ്ങി, നമുക്കും ഓട്ടോ ഓടിക്കാന്‍ പഠിക്കണമെന്ന്. ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ച ഗ്രൗണ്ടില്‍ വച്ച് തന്നെ അമ്മയെ ഇരുത്തി ഓട്ടോ ഓടിച്ചു നോക്കി.
“ഞങ്ങള്‍ മാത്രം. ഇപ്പോ എങ്ങനെയുണ്ട് വേറെ ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന പോലെയാണോ അതോ മാറ്റമുണ്ടോ എന്ന് ചോദിച്ചു. അപ്പോ അമ്മ പറഞ്ഞു ഏയ് മാറ്റമൊന്നും ഇല്ല സാധാരണ ഓട്ടോറിക്ഷയിലിരിക്കുന്ന പോലെ തന്നെയുണ്ടെന്ന്. അങ്ങനെ അമ്മയ്ക്ക് ധൈര്യമായി.
“ഇപ്പോ വിചാരിക്കുന്നത്, തേങ്ങയിട്ടു വന്നാല്‍ ബാക്കിയുള്ള സമയം ഓട്ടോറിക്ഷ ഓടിക്കണമെന്നാണ്. അതൊരു ജോലിയായിത്തന്നെ കൊണ്ടുപോകണമെന്നാണ്.
“പക്ഷേ ലൈസന്‍സ് വേണം, നിലവിലെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞിട്ട് അല്ലേ ഇനി ലൈസന്‍സൊക്കെ എടുക്കാന്‍ പറ്റൂ,” പ്രതീക്ഷയോടെ ശ്രീദേവി പറഞ്ഞു.
ശ്രീദേവിയെ വിളിച്ച് അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ചലച്ചിത്ര നടന്‍ നന്ദുവുമുണ്ട്.
സെലിബ്രിറ്റി ആയല്ലോ എന്നൊക്കെയാ കൂട്ടുകാര് പറഞ്ഞതെന്നു ശ്രീദേവി പറയുന്നു. “എന്നെ അടുത്തറിയാവുന്ന കൂട്ടുകാര്‍ക്ക് ഞാന്‍ തെങ്ങ് കയറാന്‍ പഠിച്ചെന്നതില്‍ വലിയ അത്ഭുതമൊന്നും ഇല്ല. എനിക്ക് ഇതല്ല ഇതിനപ്പുറവും പറ്റുമെന്നാണ് അവര് പറയുന്നത്,” ശ്രീദേവി ചിരിച്ചു.
“മുകളിലേക്ക് കയറി താഴേക്ക് നോക്കുമ്പോ ടെന്‍ഷനോ പേടിയോ തോന്നിയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എനിക്ക് അങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ആദ്യം മുതലേ ഇതു ഞാന്‍ ചെയ്യുമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നത് കൊണ്ടാകും അത്തരം ഭയമൊന്നും തോന്നാതിരുന്നത്.
“എന്‍റെയൊരു കൂട്ടുകാരന്‍ വിളിച്ചപ്പോ പറഞ്ഞു, അവനും എന്തെങ്കിലുമൊക്കെ ജോലി ചെയ്യണമെന്നുണ്ട്. പക്ഷേ ഇത്രേം പഠിച്ചതല്ലേ അപ്പോ ഇതുപോലുള്ള ജോലിക്ക് ഒക്കെ പോകാന്‍ പറ്റോ, ആളുകളൊക്കെ എന്താകും പറയുന്നത് എന്നൊക്കെയാണ് അവന്‍റെ ടെന്‍ഷന്‍.
“അവനാണ് തെങ്ങ് കയറാന്‍ പഠിച്ച് പോകുന്നതെങ്കില്‍, വീട്ടുകാര്, കുടുംബക്കാര്, നാട്ടുകാര് ഇവരൊക്കെ എന്ത് പറയുമെന്നതാ അവനെ അലട്ടുന്ന പ്രശ്നം. ഞാന്‍ അതൊന്നും ആലോചിക്കാതെയാണ് ഇതിലേക്ക് എത്തിയതെന്നു പറഞ്ഞപ്പോ അവന് വലിയ സന്തോഷമായിരുന്നു.
“ടീച്ചറാകാന്‍ ആഗ്രഹിച്ചയളാണ് ഞാന്‍. പക്ഷേ ഇപ്പോ ഈ ജോലിയോട് ഒരുപാട് ഇഷ്ടം. ടീച്ചറായത് കൊണ്ട് ഈ ജോലി ഉപേക്ഷിക്കില്ല. കൂടെ കൊണ്ടുപോകണമെന്നു തന്നെയാണ് ആഗ്രഹം,” ശ്രീദേവി പറഞ്ഞു.
ഇതുകൂടി വായിക്കാം:ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.