ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക

എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടുപോകാന്‍ പ്രയാസമായിരുന്നിട്ടും കൃഷി എന്ന സ്വപ്നത്തിന് വേണ്ടി ഇല്യാസ് പല പണികളും വേണ്ടെന്നുവച്ചു. ദാരിദ്ര്യത്തെ കണ്ടില്ലെന്ന് നടിച്ച് കര്‍ഷകരുടെ കൂട്ടായ്മകളില്‍ ഇടിച്ചുകയറിച്ചെന്നു.

രു പയറുമണി പാകി മുളപ്പിക്കാനുള്ള ഭൂമി സ്വന്തമായില്ല. വീട്ടില്‍ പ്രാരാബ്ദങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഒരുകുറവുമുണ്ടായിരുന്നില്ല.

ജീവിക്കാന്‍ വേണ്ടി പല തൊഴിലുമെടുത്തു. ഓരോ ദിവസവും തള്ളി നീക്കാന്‍ കൂലിപ്പണിയെടുത്തു, അലഞ്ഞു… മതിലെഴുത്തായിരുന്നു കുറെ നാള്‍.

ഇല്യാസ് കെ പി

എന്നിട്ടും കോഴിക്കോട് കുണ്ടായിത്തോടുകാരന്‍ കെ പി ഇല്യാസ് (33) പാടവും പച്ചപ്പുമൊക്കെ സ്വപ്‌നം കണ്ടു. കര്‍ഷകനാവണം എന്ന ചിന്ത മനസ്സിലെവിടേയോ ഉറച്ചിരുന്നു.


കൃഷി ചെയ്യാന്‍ എന്നെങ്കിലും അവസരമുണ്ടാകുമെന്ന് ഇല്യാസ് ഉറച്ചുവിശ്വസിച്ചു.


എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടുപോകാന്‍ പ്രയാസമായിരുന്നിട്ടും കൃഷി എന്ന സ്വപ്നത്തിന് വേണ്ടി ഇല്യാസ് പല പണികളും വേണ്ടെന്നുവച്ചു. ദാരിദ്ര്യത്തെ കണ്ടില്ലെന്ന് നടിച്ച് കര്‍ഷകരുടെ കൂട്ടായ്മകളില്‍ ഇടിച്ചുകയറിച്ചെന്നു. അവര്‍ പറയുന്നതെല്ലാം ഒരു പുതുക്കക്കാരന്‍റെ കൗതുകത്തോടെ, ഒരുവാക്കും ചോര്‍ന്നുപോകാതെ ശ്രദ്ധിച്ചു കേട്ടു. യാതൊരുമടിയുമില്ലാതെ സംശയങ്ങള്‍ ചോദിച്ചു. കൃഷി ചെയ്യാന്‍ എന്നെങ്കിലും അവസരമുണ്ടാകുമെന്ന് ഇല്യാസ് ഉറച്ചുവിശ്വസിച്ചു.

കര്‍ഷകക്കൂട്ടായ്മകളില്‍ മണ്ണിന്‍റെ സ്വാഭാവികമായ വളക്കൂറിലും പരമ്പരാഗത കൃഷിരീതികളിലും ഉറച്ചു വിശ്വസിക്കുന്ന ജൈവകര്‍ഷകരുടെ കൂട്ടമാണ് ആ ചെറുപ്പക്കാരനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്.


ഇതുകൂടി  വായിക്കാം: 4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, നാടന്‍ പശുക്കള്‍, ജൈവപച്ചക്കറി: ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ


ജൈവകൃഷി കേട്ടറിഞ്ഞപോലെ അത്ര ചെലവേറിയതല്ല എന്നു മനസ്സിലായതോടെ അത് പരീക്ഷിക്കാം എന്ന തോന്നല്‍ ഉള്ളിലുണ്ടായി.
പക്ഷെ ഭൂമിയില്ലാതെ എന്തുചെയ്യും എന്ന പ്രശ്നം അപ്പോഴും ബാക്കിയായി. ആവേശവും ആത്മാര്‍ത്ഥയും തിരിച്ചറിഞ്ഞ ജൈവകര്‍ഷക കൂട്ടായ്മയിലെ ചില കര്‍ഷകര്‍ അയാളെ സഹായിക്കാന്‍ മുന്നോട്ടെത്തി. പലരും ഇല്യാസിനെ അവരുടെ കൃഷിയിടത്തില്‍ കൂടെ നിര്‍ത്തി.

പലരും ഇല്യാസിനെ അവരുടെ കൃഷിയിടത്തില്‍ കൂടെ നിര്‍ത്തി.

“അങ്ങനെയാണ് കൃഷി ചെയ്യുക എന്ന എന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. ജൈവകര്‍ഷകരോടൊപ്പം നിന്ന് കൃഷി നേരിട്ട് ചെയ്തു പഠിച്ചു. സഹായി എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ പലരും കൃഷിയിടത്തിന്‍റെ പൂര്‍ണ്ണ മേല്‍നോട്ട ചുമതല എനിക്ക് തന്നു,” ഇല്യാസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് ഇല്യാസ് ജൈവകൃഷിയിലേക്ക് ഇറങ്ങുന്നത്, സഹായിയായും പഠിതാവായും.


ഇല്യാസ്  ഒരു വിത്തെങ്കിലും വിതയ്ക്കാത്ത, ഒരുതവണയെങ്കിലും സന്ദര്‍ശിക്കാത്ത ജൈവകൃഷിയിടങ്ങള്‍ കേരളത്തില്‍ കുറവായിരിക്കും


ഇപ്പോഴും ഇല്യാസിന് സ്വന്തമായി ഒരുതരി മണ്ണില്ല. പക്ഷേ, അയാള്‍ ഒരു വിത്തെങ്കിലും വിതയ്ക്കാത്ത, ഒരുതവണയെങ്കിലും സന്ദര്‍ശിക്കാത്ത ജൈവകൃഷിയിടങ്ങള്‍ കേരളത്തില്‍ കുറവായിരിക്കും. വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി വിജയകരമായി ജൈവകൃഷി നടത്തിക്കഴിഞ്ഞു.

പലരും ആ ചെറുപ്പക്കാരന്‍റെയും കൂട്ടുകാരുടെയും ആവേശം കണ്ട് മടി കളഞ്ഞ് മണ്ണിലിറങ്ങി

പതിയെ, പല ജൈവകൃഷി കൂട്ടായ്മകളിലെയും സ്ഥിരം സാന്നിദ്ധ്യമായി ഇല്യാസ് മാറി. കേരളത്തിലെ പലയിടങ്ങളിലും തരിശ്ശുകിടന്ന പാടവും പറമ്പുമെല്ലാം ഇല്യാസിന്‍റെ നേതൃത്വത്തില്‍ വീണ്ടും പച്ചപ്പണിഞ്ഞു. ഒരു വിളപോലുമില്ലാതെ കിടന്ന ഇടങ്ങളില്‍ ചുറ്റുവട്ടത്തുള്ളവരുടെ സഹായത്തോടെ കൃഷിക്കായൊരുക്കി.


ആ ചെറുപ്പക്കാരുടെ സംഘം ജൈവകര്‍ഷകര്‍ക്ക് തുണയായെത്തി


മടി കൊണ്ട്, കൃഷി ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്ക കൊണ്ട്, അങ്ങനെ പല കാരണങ്ങളാല്‍ കൃഷിക്കിറങ്ങാന്‍ അറച്ചുനിന്ന പലരും ആ ചെറുപ്പക്കാരന്‍റെയും കൂട്ടുകാരുടെയും ആവേശം കണ്ട് മടി കളഞ്ഞ് മണ്ണിലിറങ്ങി. കൃഷി ചെയ്യാന്‍ പിന്തുണയില്ലാതെ വേദനിച്ചിരുന്ന കര്‍ഷകര്‍ക്കും ഇല്യാസിന്‍റെ സഹായം അനുഗ്രഹമായി മാറി.

വിത്തിടുന്നതു മുതല്‍ വിളകള്‍ വില്‍ക്കുന്നതില്‍ വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഇല്യാസും സംഘവും മാറി.

സമപ്രായക്കാരായ ചില സുഹൃത്തുക്കളെയും ഇല്യാസ് ഈ യാത്രയില്‍ ഒപ്പം കൂട്ടി. കേരളത്തിലുടനീളം ആ ചെറുപ്പക്കാരുടെ സംഘം ജൈവകര്‍ഷകര്‍ക്ക് തുണയായെത്തി. വിത്തിടുന്നതു മുതല്‍ വിളകള്‍ വില്‍ക്കുന്നതില്‍ വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഇല്യാസും സംഘവും മാറി.


ഇതുകൂടി വായിക്കാം: ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍


അങ്ങനെ, ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ല എന്ന് പരാതി പറഞ്ഞിരുന്ന കേരളത്തിലെ ജൈവകര്‍ഷകര്‍ക്കിടയില്‍ ഇല്യാസിന്‍റെ നേതൃത്വത്തിലുള്ള യുവാക്കളുടെ  ഇടപെടല്‍ ഒരു ചര്‍ച്ചയായി. ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ ഇല്യാസിനെയും ക്ഷണിച്ചു.

”ജൈവകര്‍ഷകര്‍ക്കിടയില്‍ കൃഷി സംബന്ധമായ സഹായവുമായി നിന്നിരുന്ന കാലത്ത് തന്നെ ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. സംസ്ഥാന തലത്തില്‍ ജൈവകര്‍ഷകര്‍ക്ക് ഒരു കൂട്ടായ്മയുള്ളത് വളരെ നല്ലതാണെന്ന് എനിക്ക് അന്നുതന്നെ ബോധ്യപ്പെട്ടു. ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതും ജൈവ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തേണ്ടതും വളരെ പ്രധാനമായിരുന്നു. കൂട്ടായ ശ്രമങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അതെല്ലാം മുന്നോട്ടുപോകൂ,” ഇല്യാസ് പറയുന്നു.

“ചെറുപ്പക്കാര്‍ ആ കൂട്ടായ്മയില്‍ കുറവായിരുന്നു… ഞങ്ങളുടെയൊക്കെ സാന്നിധ്യം ഏറെ ഗുണകരമാകും എന്നും കരുതി,” സമിതിയില്‍ സജീവമാകാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ഇല്യാസ് പറഞ്ഞു.

കര്‍ഷകക്കൂട്ടായ്മയില്‍ തലമുറമാറ്റത്തിന്‍റെ തുടക്കമായിരുന്നു അത്. പുതുതായി ഒരു കൂട്ടം യുവാക്കള്‍ ആവേശപൂര്‍വ്വം കടന്നുവന്നപ്പോള്‍ ജൈവകര്‍ഷക സമിതി കൂടുതല്‍ ഉഷാറായി. അങ്ങനെ കൃഷി ചെയ്യണമെന്ന അതിയായ ആഗ്രഹവുമായി കര്‍ഷകരെത്തേടിയിറങ്ങിയ യുവാവ് കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ കേരള ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി മാറി.

“ജൈവകര്‍ഷക സമിതിയുടെ നെറ്റ്വര്‍ക്ക് വ്യാപിച്ചു. കര്‍ഷകര്‍ക്കും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും നാടന്‍ വിത്തുകള്‍ കൈമാറുന്നതിനും നാടന്‍ പശുക്കളെ വാങ്ങുന്നതിനും എല്ലാം ഈ കൂട്ടായ്മ സഹായിച്ചു. സമിതി അതുവരെ ഏറ്റെടുക്കാതിരുന്ന ചില വിഷയങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ ശ്രമിച്ചു.

“അങ്ങനെയാണ് നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനായുള്ള പല തരത്തിലുള്ള കാംപെയ്നുകള്‍ക്ക് സമിതി തുടക്കം കുറിക്കുന്നത്. പലരൂപത്തില്‍ അത് ഇപ്പോഴും തുടരുകയാണ്. …സുഹൃത്തുക്കളുടെ സഹായത്തോടെ ജൈവകര്‍ഷക സമിതിയെ കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞു.”

“ജൈവകര്‍ഷക സമിതിയുടെ പ്രവര്‍ത്തനങ്ങളെ കേരളത്തിന്‍റെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയായ ശേഷം ഞാന്‍ കൂടുതല്‍ ശ്രമിച്ചത്. അതിനായി ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തു. കര്‍ഷകരെ നേരില്‍ കണ്ട് സംസാരിച്ചു,” ഇല്യാസ് പറഞ്ഞു.

ഈ ഓട്ടത്തിനിടയിലും കൃഷിപ്പണി ഉപേക്ഷിച്ചില്ല. സുഹൃത്തുക്കളുടെ കൃഷിഭൂമികളില്‍ സഹായിയായി ഇല്യാസ് ഓടിയെത്തി. സ്വന്തമായി ഭൂമിയില്ല എന്നത് ഒരു പ്രശ്നമായിത്തോന്നിയതേയില്ല. കൃഷിയോടുള്ള താത്പര്യം കണ്ട് ഭൂമി വിട്ടുകൊടുക്കാന്‍ പല സുഹൃത്തുക്കളും സന്നദ്ധമായിരുന്നിട്ടും ഒരു നാട്ടുപാവല്‍ വള്ളിപോലെ പലയിടങ്ങളിലായി പടരുവാനാണ് ഇല്യാസ് ഇഷ്ടപ്പെടത്.


ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി ഷമിക മോനെ എന്ന മഹാരാഷ്ട്രക്കാരി


കൃഷിയെക്കുറിച്ച് പുതിയ അറിവുകള്‍ നേടാനുള്ള ഒരവസരവും ഇല്യാസ് പാഴാക്കാറില്ല. ഇന്‍ഡ്യയില്‍ പലയിടത്തും സഞ്ചരിച്ചു. ജൈവകര്‍ഷക സംഘങ്ങളുടെ യോഗങ്ങള്‍, ശില്‍പശാലകള്‍…ആ അലച്ചിലിനിടയില്‍ ഇല്യാസിന്‍റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി ഷമിക മോനെ എന്ന മഹാരാഷ്ട്രക്കാരി ജൈവകര്‍ഷകയെത്തുന്നു. 2012 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

ഷമിക

ദേശീയതലത്തിലുള്ള പല മീറ്റിങ്ങുകളിലും അവര്‍ പലപ്പോഴായി സൗഹൃദം പുതുക്കി. പാടവും അരുവിയും കണ്ടാല്‍ മനസ്സ് സ്‌നേഹം കൊണ്ടുനിറയുന്ന രണ്ടു മനുഷ്യര്‍. മണ്ണിലെ നനവും ചെടിയിലെ പൂവും കണ്ടാല്‍ മതിയാവോളം സംതൃപ്തി അനുഭവിക്കാന്‍ കഴിയുന്ന രണ്ട്പേര്‍. പച്ചപ്പിനെയും പ്രകൃതിയേയും ഇനിയങ്ങോട്ട് ഒരുമിച്ച് പ്രേമിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ഭാഷയുടെയും ദേശത്തിന്‍റെയും അതിരുകള്‍ക്ക് പിന്നെ അവിടെ എന്തുസ്ഥാനം? അങ്ങനെ നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷം അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി.


ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്


അന്തര്‍ദേശീയതലത്തില്‍ ജൈവകര്‍ഷകരെ ഒരുമിപ്പിക്കുന്ന ഇന്‍റര്‍ കോണ്ടിനന്‍റല്‍ നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗാനിക് ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ എന്ന കൂട്ടായ്മയുടെ ചെയര്‍പേഴ്സണ്‍ കൂടിയാണ് ഷമിക.

ഇല്യാസും ഷമികയും

കൃഷിയിടങ്ങളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന ഇല്യാസ് അതിനിടയില്‍ തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെത്തിപ്പെട്ടു. അവിടെ തരിശായിക്കിടന്ന 16 ഏക്കര്‍ ഭൂമിയില്‍ ജൈവകൃഷി ചെയ്യുന്നതിനായി ഏറ്റെടുക്കുമ്പോള്‍ സലിംഅലി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ മുന്നിലുണ്ടായിരുന്ന ഏക മുഖം ഇല്യാസിന്‍റേതായിരുന്നു.


വരമ്പത്ത് നിന്ന് വാചകമടിച്ചിട്ട് കാര്യമില്ല, പാടത്തിറങ്ങി പണിയെടുക്കണം


ആ തരിശുപാടങ്ങളെ മാത്രമല്ല, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിനെ മുഴുവനായിത്തന്നെ തരിശുരഹിതമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇല്യാസ് ആ വെല്ലുവിളി ഏറ്റെടുത്തു. ഷമികയും കൂട്ടുകാരും കൂടെയുണ്ട്.
മുംബൈയിലെ ജോലി ഉപേക്ഷിച്ചുവന്ന കൃഷിപ്രേമികളായ റിനാസ്-പവിത്ര ദമ്പതികളും വെള്ളാങ്ങല്ലൂരില്‍ ഇല്യാസിനും ഷമികയ്ക്കുമൊപ്പം കൃഷിയില്‍ സജീവമായുണ്ട്.

തവിട് കളയാതെ ജൈവനെല്ല് കുത്തിയെടുക്കാന്‍ കഴിയുന്ന മില്ലിന്‍റെ പ്രവര്‍ത്തനം ഡോ. തോമസ് ഐസക്കിന് വിശദീകരിച്ചുകൊടുക്കുന്നു.

“16 ഏക്കര്‍ തരിശുഭൂമിയാണ് ഇവിടെ ഞങ്ങള്‍ നെല്‍വയലുകളാക്കി മാറ്റിയത്. നവര, നാടന്‍ കുറുവ, രക്തശാലി, തവളക്കണ്ണന്‍, പാല്‍തോണ്ടി തുടങ്ങിയ നാടന്‍ വിത്തുകളാണ് ഇവിടെ മുഖ്യമായും കൃഷിചെയ്യുന്നത്. ആദ്യം കുറേ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും ഇപ്പോള്‍ കൃഷി നന്നായി നടക്കുന്നുണ്ട്. വിജയകരമായി കൃഷി ചെയ്യുന്നത് കണ്ട് ഈ നാട്ടില്‍ത്തന്നെയുള്ള ഒരുപാടുപേര്‍ ഇപ്പോള്‍ ജൈവകൃഷിയിലേക്ക് മാറുന്നുണ്ട്,” ഇല്യാസ് പറയുന്നു.


ഇതുകൂടി വായിക്കാം: ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍


“നമ്മള്‍ ചെയ്തുകാണിക്കുമ്പോഴാണ് ആളുകള്‍ക്ക് വിശ്വാസം വരുന്നത്. പല സ്ഥലത്തും ഞാന്‍ അതിനാണ് ശ്രമിച്ചിരുന്നത്. വെള്ളാങ്ങല്ലൂരും അതുതന്നെയാണ് ചെയ്യുന്നത്.”

വരമ്പത്ത് നിന്ന് വാചകമടിച്ചിട്ട് കാര്യമില്ല, പാടത്തിറങ്ങി പണിയെടുക്കണം, തുനിഞ്ഞിറങ്ങിയാല്‍ എല്ലാം നടക്കുമെന്ന് കാണിച്ചുകൊടുക്കണം. ഇതാണ് ഇല്യാസിന്‍റെ തത്വം.

ഇന്‍ഡ്യയുടെ “റൈസ് വാറിയര്‍” എന്നറിയപ്പെടുന്ന ഡോ. ദെബല്‍ ദേബിന്‍റെ ഗ്രാമത്തില്‍ അദ്ദേഹത്തോടൊപ്പം.

കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ടൗണില്‍ ഒരു ജൈവ ഉല്‍പന്ന ശാലയും ഇല്യാസും ഷമികയും ചേര്‍ന്ന് തുടങ്ങി. ജൈവകര്‍ഷകരെ സംഘടിപ്പിക്കുന്നതിന്‍റെ തിരിക്കുകള്‍ക്കിടയിലും ഇല്യാസിനോടൊപ്പം വെള്ളാങ്ങല്ലൂരിലെ കൃഷിയിടത്തിലും ഇരിങ്ങാലക്കുടയിലെ ഇക്കോഷോപ്പിലും ഷമിക ഉണ്ട്.


കര്‍ഷകരുടെ പേരും ഉല്‍പന്നങ്ങള്‍ ഏത് ഗ്രാമത്തില്‍ നിന്നാണ് വരുന്നതെന്നു വിവരവും ഇക്കോഷോപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


“2018ല്‍ ആണ് ഞങ്ങള്‍ ഈ ഷോപ്പ് തുടങ്ങുന്നത്. ഷമികയ്ക്ക് കേരളത്തിന് പുറത്തുള്ള കര്‍ഷകരുടെ ഗ്രൂപ്പുകളുമായി ബന്ധമുള്ളതിനാല്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളിലുള്ള ജൈവകര്‍ഷകരില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ശേഖരിച്ച് വില്‍ക്കാന്‍ കഴിയുന്നുണ്ട്.

ഡോ. ദെബല്‍ ദേബിനൊപ്പം ഷമിക

“എനിക്ക് കേരളത്തിലെ പല ഭാഗങ്ങളിലുള്ള ജൈവകര്‍ഷകരുടെ ഗ്രൂപ്പുകളുമായി ബന്ധമുള്ളതുകൊണ്ട് അവരുടെ ഉത്പന്നങ്ങള്‍ ഇവിടെ വില്‍ക്കാന്‍ കഴിയുന്നു. കര്‍ഷകര്‍ക്ക് മാന്യമായ വില ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ നയം. അരി, പരിപ്പ്, കടുക്, ജീരകം, ചെറുധാന്യങ്ങള്‍ തുടങ്ങിയ ജൈവ ഉത്പന്നങ്ങളാണ് കൂടുതലായും വിറ്റുപോകുന്നത്. ആവശ്യക്കാരുടെ എണ്ണം കൂടിവരുന്നതാണ് ഞങ്ങളുടെ അനുഭവം.”


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


ജൈവ ഉല്‍പന്നങ്ങളുടെ ആ കലവറയില്‍ ഓരോ ഉല്‍പന്നവും എവിടെ നിന്ന് വരുന്നു എന്ന് അറിയാന്‍ കഴിയും. കര്‍ഷകരുടെ പേരും ഏത് ഗ്രാമത്തില്‍ നിന്നാണ് നെല്ലും പയറും ചെറുധാന്യങ്ങളുമൊക്കെ വരുന്നതെന്ന വിവരവും ഉല്‍പന്നത്തിനൊപ്പം എഴുതിവെച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് കര്‍ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭിക്കും.

വിത്തുകളെക്കുറിച്ച് ഷമിക എഴുതിയ കൈപ്പുസ്തകം

ഇതിനിടയില്‍ വെള്ളാങ്ങല്ലൂരിലെ ജൈവകൃഷി പരീക്ഷണം വലിയ വിജയമായി. വര്‍ഷങ്ങളായി കൃഷി ചെയ്യാതെ തരിശിട്ടിരുന്ന വെള്ളാങ്ങല്ലൂരിലെ വയലുകളെ കതിരണിയിച്ചെടുക്കാന്‍ ഏറെ അധ്വാനിക്കേണ്ടി വന്നുവെങ്കിലും ഇല്യാസിന്‍റെയും കൂട്ടരുടെയും പരിശ്രമം വെറുതെയായില്ല.


കൃഷിയിലേക്ക് മടങ്ങിയെത്തിയ നാട്ടുകാരുടെ എണ്ണം പിന്നെയും കൂടി


നാട്ടിലെ പല കര്‍ഷകരും ആ ചെറുപ്പക്കാരുടെ നിശ്ചയദാര്‍ഢ്യം കണ്ട് വീണ്ടും പാടത്തിറങ്ങാന്‍ സന്നദ്ധരായി. ജൈവകൃഷി ലാഭകരമാണ് കാണിച്ചുകൊടുത്തതോടെ കൃഷിയിലേക്ക് മടങ്ങിയെത്തിയ നാട്ടുകാരുടെ എണ്ണം പിന്നെയും കൂടി. അങ്ങനെ വെള്ളാങ്ങല്ലൂരിനെ വിഷമില്ലാത്ത നാടന്‍ അരിയും പച്ചക്കറിയും കിട്ടുന്ന ഒരു ഗ്രാമമാക്കി മാറ്റാന്‍ അവര്‍ ഒത്തൊരുമിച്ച് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ജൈവകൃഷി ലാഭകരമല്ലെന്നും ചെയ്യാന്‍ പ്രയാസമാണെന്നും കരുതിയാണ് ഏറെപ്പേരും അതില്‍ നിന്നും അകന്ന് നില്‍ക്കുന്നത്. എന്നാല്‍ ജൈവകൃഷി വളരെ അനായാസമായി ചെയ്യാവുന്നതും ലാഭമുള്ളതുമാണെന്ന് മനസ്സിലാക്കിക്കൊടുത്താല്‍ ഒരുപാട് പേര്‍ ഈ രംഗത്തേക്ക് എത്തുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്ന് ഇല്യാസ്.


ഇന്ത്യയിലെ ജൈവകര്‍ഷകരുടെ ഈ കൂട്ടായ്മയ്ക്ക് ലഭിച്ച ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്‍റാണ് ഇല്യാസ്


കൃഷി ചെയ്യുന്നതിനൊപ്പം ജൈവകൃഷിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെയും മുതിര്‍ന്നവരെയും കൃഷി പരിശീലിപ്പിക്കുന്നതിനും ഇല്യാസ് മുന്‍കൈയെടുത്തു. പരിശീലകനായതോടെ ഇല്യാസിന്‍റെ തിരക്കും വര്‍ദ്ധിച്ചു.
പ്രാദേശിക കര്‍ഷക കൂട്ടായ്മകളെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ബന്ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഇല്യാസും ഷമികയും മുഖ്യമായും ശ്രദ്ധിക്കുന്നത്. അത്തരം ശ്രമങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയിലാണ് ഓര്‍ഗാനിക് ഫാര്‍മിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്‍റായി ഇല്യാസ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയിലെ ജൈവകര്‍ഷകരുടെ ഈ കൂട്ടായ്മയ്ക്ക് ലഭിച്ച ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്‍റാണ് ഇല്യാസ്. 2017ല്‍ ദില്ലിയില്‍ വച്ച് നടന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസില്‍ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ദേശീയതലത്തിലും  ഈ ചെറുപ്പക്കാരന്‍ തന്‍റെ സംഘാടന മികവ് തെളിയിച്ചു.

ജൈവരീതിയിലുള്ള നെല്‍കൃഷിയെപ്പറ്റി ഇല്യാസ് തയ്യാറാക്കിയ പുസ്തകത്തിന്‍റെ കവര്‍

കര്‍ഷകരെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ജൈവകൃഷിയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, ഷമികയും നയം വ്യക്തമാക്കുന്നു.


ഒരാള്‍ യാത്രയിലായിരിക്കുമ്പോള്‍ മറ്റൊരാള്‍ പാടത്തും പറമ്പിലും സജീവമാകും.


തിരക്കുകള്‍ ഏറുകയാണ്. എന്നാലും  ഷമികയും കൂടെയുള്ളതിനാല്‍ പരസ്പര സഹകരണത്തോടെ കൃഷിയും യാത്രകളും മുന്നോട്ടുപോകുന്നു. ഒരാള്‍ യാത്രയിലായിരിക്കുമ്പോള്‍ മറ്റൊരാള്‍ പാടത്തും പറമ്പിലും സജീവമാകും.

വെള്ളാങ്ങല്ലൂരിലെ ഇക്കോഷോപ്പില്‍ ഇല്യാസ്, ഷമിക,ചിന്നാര്‍ ഫോറസ്റ്റ് റേ‍ഞ്ച് ഓഫീസര്‍ പ്രഭു മെന്‍സ് സന

സ്വന്തമായി മണ്ണില്ലെങ്കിലും മനസ്സുണ്ടെങ്കില്‍ ഭൂമിക്കും ജീവികള്‍ക്കും അല്ലലുണ്ടാക്കാത്ത ജൈവകൃഷി ആര്‍ക്കും ചെയ്യാമെന്ന് ഇല്യാസ് ഇതിനകം തെളിയിച്ചതാണ്. സ്വന്തം മണ്ണിനെയല്ല, നമ്മളെല്ലാം ജീവിക്കുന്ന ഭൂമിയെയാണ് സ്‌നേഹിക്കേണ്ടത് എന്ന് പറഞ്ഞുതരുന്നു ഈ ചെറുപ്പക്കാരുടെ ജീവിതം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം