ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ കാശുകൊണ്ട് ആരുമില്ലാത്തവര്‍ക്ക് സ്നേഹമന്ദിരമൊരുക്കി 73-കാരി

ഇതൊരു വീടാണ്, ഇവിടെയുള്ളവര്‍ വീട്ടുകാരും…പഴങ്കഥകളും പുരാണവുമൊക്കെ പങ്കുവെച്ച് അവരെല്ലാം ഒരുമിച്ച് കഴിയുന്നു.

ജീവിതത്തിന്‍റെ സായാഹ്നത്തില്‍ നോക്കാനാരുമില്ലാതെ തനിച്ചായിപ്പോയവര്‍ക്ക് വേണ്ടിയാണ് ഈ അമ്മയുടെ ജീവിതം. ആരുമില്ലാത്തവര്‍ക്ക് വേണ്ടി ആഹാരവും വസ്ത്രവും കിടക്കാനൊരിടവും മാത്രമല്ല ആയൂര്‍വേദ ക്ലിനിക്കും ഒരുക്കിയിരിക്കുകയാണ് അവര്‍.

തനിച്ചാണെന്ന തോന്നില്‍ ആരും സങ്കടപ്പെടേണ്ട.., അവര്‍ക്കായി സ്നേഹമന്ദിരത്തിന്‍റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ് തങ്കമണിയമ്മ എന്ന 73-കാരി.

പ്രായത്തിന്‍റെ അവശതകളില്‍ തളരാതെ തങ്കമണിയമ്മ സംരക്ഷിക്കാനാരുമില്ലാത്ത കുറച്ച് അമ്മമാര്‍ക്ക് വേണ്ടി പാടുപെടുകയാണ്.

പട്ടാളക്കാരനായിരുന്ന ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ കാശുകൊണ്ടാണ് തങ്കമണിയമ്മ കോഴിക്കോട് പെരുവയലില്‍ അഗതിമന്ദിരവും ക്ലിനിക്കുമൊക്കെ നടത്തുന്നത്.

“വയസായ അമ്മമാരെയും അച്ഛന്‍മാരെയുമൊക്കെ ചെറിയ പ്രായം തൊട്ടേ എനിക്കിഷ്ടമായിരുന്നു. അവരെയൊക്കെ നോക്കാനും പരിചരിക്കാനുമൊക്കെയുള്ള ഇഷ്ടമാണ് സ്നേഹമന്ദിരം എന്നൊരു സ്ഥാപനത്തിലേക്കെത്തിച്ചത്,” തങ്കമണിയമ്മ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

തങ്കമണിയമ്മ

“വയസായവരെയും വേണ്ടപ്പെട്ടവരൊന്നും കൂടെ ഇല്ലാതെ ജീവിക്കാന്‍ ഗതിയില്ലാത്തവരെയുമൊക്കെ സഹായിക്കുന്നതിന് വേണ്ടിയാണ് 1997-ല്‍ ഈ സ്ഥാപനം ആരംഭിച്ചത്.”  അന്ന് തുടങ്ങിയെങ്കിലും 2003-ലാണ് സ്നേഹമന്ദിരം ഓള്‍ഡ് ഏജ് ഹോം എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്.

“35 വയസ് മുതല്‍ 88 വയസ് വരെയുള്ളവര്‍ ഇവിടെയുണ്ട്. സാമ്പത്തികമില്ലാത്തവര്‍ മാത്രമല്ല സ്നേഹമന്ദിരത്തെ താമസക്കാര്‍. കാശുണ്ടായിട്ടും നോക്കാനാരുമില്ലാതെ വന്നവരും ഇവിടെയുണ്ട്.

“കൂട്ടത്തില്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് ഇവിടെ താമസിക്കുന്നവരുമുണ്ട്. കുറേപ്പേരൊന്നുമില്ല, രണ്ടു മൂന്നു സ്ത്രീകള്‍ മാത്രം. ആരും തുണയ്ക്കില്ലാതെ മാനസികമായി തകര്‍ന്നവരൊക്കെയുണ്ട്.

“പണമുള്ളവരോട് പോലും കാശൊന്നും വാങ്ങിയല്ല ഇവിടെ താമസിപ്പിക്കുന്നത്. സ്ഥാപനം നടത്തികൊണ്ടുപോകാനുള്ള പണമൊക്കെ ഞാന്‍ തന്നെ കണ്ടെത്തുന്നതാണ്.

“സര്‍ക്കാരിന്‍റെ ഫണ്ടുകളൊന്നും ഇല്ല. ആരും സാമ്പത്തികമായി സഹായിക്കാനുമില്ല. എന്‍റെ ഭര്‍ത്താവ് പട്ടാളത്തിലായിരുന്നു. ബാലകൃഷ്ണന്‍ നായര്‍ എന്നാ പേര്. അദ്ദേഹം 15 കൊല്ലം പട്ടാളത്തിലുണ്ടായിരുന്നു. ഇപ്പോ മരിച്ചിട്ട് നാലു വര്‍ഷം. ഭര്‍ത്താവിന്‍റെ പെന്‍ഷന്‍കാശാണ് സ്നേഹമന്ദിരത്തിലെ കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കുന്നത്.”

ഇതിനൊപ്പം പറമ്പിലെ തെങ്ങിലും കവുങ്ങിലും നിന്നൊക്കെ കിട്ടുന്ന ആദായവും മന്ദിരത്തിന്‍റെ നടത്തിപ്പിലേക്കാണ് പോകുന്നത്.

“ഇപ്പോ സ്നേഹമന്ദിരത്തില്‍ ആള് കുറവാണ്. 17സ്ത്രീകള്‍ താമസിക്കാന്‍ വരാനിരിക്കെയാണ് കോവിഡ് 19 വന്നത്. അതോടെ അവര് വരുന്നത് നീട്ടിവച്ചു. അഞ്ച് പേരാണിപ്പോ താമസിക്കാനുള്ളത്.

“അക്കൂട്ടത്തിലൊരാള്‍ മോന് സുഖമില്ലാതെ കാണാന്‍ പോയതാണ്. ഇങ്ങോട് തിരിച്ചു വരാനിരുന്നതാ, പക്ഷേ മോന് സുഖമില്ലാതിരിക്കുവല്ലേ രണ്ട് ദിവസം അവന്‍റെയടുത്ത് നില്‍ക്കട്ടേന്നു പറഞ്ഞു.

“മോനുമായി അത്ര രസത്തിലായിരുന്നില്ല അങ്ങനെ ഇവിടേക്ക് വന്നതാ. അമ്മമാരുടെ മനസല്ലേ മക്കള്‍ക്ക് സുഖമില്ലാന്ന് പറഞ്ഞാല്‍ പോകും. ഞാന്‍ തന്നെയാ പറഞ്ഞത്, ഒരാഴ്ച മോന്‍റെ വീട്ടില്‍ നിക്ക്ന്ന്. ഇവിടെ അടുത്ത് തന്നെയാണ്.

“വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരും  സ്നേഹമന്ദിരത്തിലുണ്ട്. റാണി** ഇവിടേക്ക് വന്നിട്ട് വര്‍ഷം ഏഴായി. ഓള് കല്യാണം കഴിച്ചിട്ടില്ല. ആങ്ങളമാരാണ് ഇവിടെ കൊണ്ടുവന്നത്.

ആയൂര്‍വേദ ക്ലിനിക്കില്‍ നിന്നും

“റാണിയെപ്പോലെ പലരും നല്ല നിലയില്‍ ജീവിച്ചിരുന്നവരൊക്കെ തന്നെയാണ്. ഇവിടെ നല്ല സൗകര്യങ്ങളൊക്കെ അവര്‍ക്ക് നല്‍കുന്നുമുണ്ട്. അനാഥാലയം പോലെയല്ല, ഇതൊരു വീട് പോലെയാണ്. ഇവിടുള്ളവരൊക്കെ ഈ വീട്ടിലെ വീട്ടുകാരും.

“ഇവിടെ താമസിക്കുന്നവരില്‍ എന്നെക്കാള്‍ പ്രായം കൂടുതലുള്ളവരുണ്ട്. പക്ഷേ പ്രായം കൂടിയാലും കുറഞ്ഞാലും അവരൊക്കെ എനിക്ക് മക്കളെപ്പോലെയാണ്. സ്നേഹം കിട്ടാതെ വരുന്നവരല്ലേ.അമ്മയെപ്പോലെ സ്നേഹത്തോടെ ഞാനും ചേര്‍ത്തു നിറുത്തുന്നു,” തങ്കമണിയമ്മ പറഞ്ഞു.

ചൈത്ര ആയൂര്‍വേദ ക്ലിനിക്ക്

സ്നേഹമന്ദിരത്തിലെ ചില അമ്മമാരുമായും ഞങ്ങള്‍ സംസാരിച്ചു.

“മക്കളൊക്കെ ദൂരേയാണ്. ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റാതെ വന്നതോടെ പൊലീസില്‍ പറഞ്ഞ്. അവരുടെ സഹായത്തോടെയാണ് തങ്കമണിയമ്മയുടെ അടുത്തേക്ക് വന്നത്,” 86-കാരിയായ ചന്ദ്രമതി** പറയുന്നു.

“നാലു മക്കളുണ്ട്. പലാക്കാടും കൊല്ലത്തുമൊക്കെയാണവര്‍. കൊല്ലമാണ് ഞങ്ങളുടെ സ്വന്തം നാട്. കല്യാണം കഴിഞ്ഞ് കോഴിക്കോട്ടേക്ക് ഭര്‍ത്താവിനൊപ്പം വന്നതാണ്. ഭര്‍ത്താവ് മരിച്ചു പോയി.

“60 വര്‍ഷം മുന്‍പാണ് മാവൂര്‍ വന്നത്. അദ്ദേഹത്തിന് മാവൂര്‍ — റയോണ്‍സിലായിരുന്നു ജോലി. മാവൂരിലെ വീട് പൂട്ടിയിട്ടിരിക്കുവാ.., ഒറ്റയ്ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.


ഇതുകൂടി വായിക്കാം: 2 വിവാഹങ്ങള്‍, നിരന്തര ബലാല്‍സംഗങ്ങള്‍, പീഢനങ്ങള്‍; കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്നും ബെംഗളുരുവിലെ ഫിറ്റ്നസ് ട്രെയിനറിലേക്കുള്ള ജാസ്മിന്‍റെ ജീവിതയാത്ര


“ആറു മാസം മുന്‍പാണ് സ്നേഹമന്ദിരത്തിലേക്ക് വരുന്നത്. ഇവിടെ സന്തോഷമായി ജീവിക്കുന്നു. ഇടയ്ക്കൊക്കെ മക്കള്‍ കാണാന്‍ വരും. പിന്നെ തിരുവനന്തപുരത്ത് നിന്ന് ഭര്‍ത്താവിന്‍റെ പെങ്ങളുടെ മോനും എന്നെ കാണാന്‍ വന്നിരുന്നു,” ചന്ദ്രമതി സന്തോഷത്തോടെ പറയുന്നു.

“ഞാനും സ്നേഹമന്ദിരത്തില്‍ തന്നെയാണ് താമസിക്കുന്നത്,.” തങ്കമണിയമ്മ തുടരുന്നു. “ഞങ്ങളുടെ വീട് ഈ പറമ്പില്‍ തന്നെയാണ്. അതിനോടുള്ള ചേര്‍ന്നുള്ള ഭര്‍ത്താവിന്‍റെ പെങ്ങളുടെ സ്ഥലം എന്‍റെ മോന് കൊടുത്തിരുന്നു.

“മോന് കിട്ടിയ ആ സ്ഥലത്ത് സ്നേഹമന്ദിരത്തിനുള്ള കെട്ടിടം പണിയുകയായിരുന്നു. ആ കെട്ടിടത്തില്‍ തന്നെയാണ് ആയൂര്‍വേദ ക്ലിനിക്കുമുള്ളത്.

“പ്രായമായവരൊക്കെയല്ലേ… അസുഖങ്ങളുമുണ്ടാകും. വയസായവര്‍ക്ക് ഇംഗ്ലിഷ് മരുന്നു വേണ്ടെന്നു കരുതിയാണ് ആയൂര്‍വേദ ക്ലിനിക്ക് ആരംഭിച്ചത്. ചൈത്ര ആയൂര്‍വേദ ക്ലിനിക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് ഡോക്റ്റര്‍മാരുമുണ്ട്.”

അഞ്ച് വര്‍ഷം മുന്‍പാണ് ക്ലിനിക്ക് ആരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു വിരമിച്ച ഡോ. ദിവാകരനും ഡോ. നാരായണ പ്രകാശുമാണ് ഇവിടെ സേവനം നല്‍കുന്നത്.

“ഉഴിച്ചിലൊക്കെയുണ്ട് ക്ലിനിക്കില്‍. സ്നേഹമന്ദിരത്തിലുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല നാട്ടുകാര്‍ക്കും കൂടിയാണ് ഈ ആശുപത്രി. എന്നാല്‍ പണം നല്‍കാന്‍ ഇല്ലാത്തവര്‍ക്ക് സേവനം സൗജന്യമാണ്,” തങ്കമണിയമ്മ വിശദമാക്കുന്നു.

“കാശില്ലെന്ന പേരില്‍ പ്രായമായവര് ഉഴിച്ചിലും– മറ്റും ചെയ്യാതെ പോകരുതല്ലേ. പണമുള്ളവര്‍ക്കും ചികിത്സ നല്‍കും. പക്ഷേ അവരോട് ഫീസ് വാങ്ങും. സ്നേഹമന്ദിരത്തിന് പണച്ചെലവുള്ളതല്ലേ.”

സ്നേഹമന്ദിരത്തോട് ചേര്‍ന്നുള്ള ക്ഷേത്രത്തിലെ വരുമാനവും തങ്കമണിയുടെ മക്കള്‍ നല്‍കുന്ന സഹായവുമൊക്കെ മന്ദിരത്തിന്‍റെ നടത്തിപ്പിനായാണ് ഉപയോഗിക്കുന്നത് എന്ന് തങ്കമണിയമ്മ.

“അസുഖങ്ങളൊന്നും ഇല്ല… സന്തോഷവും സമാധാനവുമൊക്കെയായി ഇവിടെ ജീവിക്കുന്നു.” സ്നേഹഭവനിലെ ജീവിതത്തെക്കുറിച്ച് പറയുകയാണ് ഷൈനി**. “കുന്നമംഗലത്താണ് വീട്. ആറു മാസം മുന്‍പ് എറണാകുളത്ത് നിന്നാണ് ഇവിടേക്ക് വരുന്നത്.

“എറണാകുളത്ത് താമസിച്ചിരുന്ന വീട്ടിലെ ആളുകള്‍ സ്ഥലം മാറിയതോടെ ഇവിടേക്ക് വരുകയായിരുുന്നു. 20 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. മക്കളുണ്ട്. രണ്ട് ആണും രണ്ട് പെണ്ണും. പക്ഷേ മക്കള്‍ക്ക് സ്ഥിരജോലിയൊന്നുമില്ല,” അങ്ങനെ ഞാനിവിടേക്കെത്തിയെന്നു ഷൈനി.

“സ്നേഹമന്ദിരത്തിലേക്ക് ഭക്ഷണസാധനങ്ങളൊക്കെ തരാമെന്നു ചിലര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ അവരുടെയൊന്നും സഹായം സ്വീകരിച്ചിട്ടില്ല.” സ്നേഹമന്ദിരത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് തങ്കമണിയമ്മ.

“അടുക്കള പണിക്ക് രണ്ടാള് ഉണ്ട്. വീട് വൃത്തിയാക്കലും മറ്റും അവര്‍ ചെയ്തോളും. എന്താ കഴിക്കാന്‍ ഉണ്ടാക്കണ്ടേന്നു മാത്രം പറഞ്ഞാമതി. രാവിലെ കഴിക്കാന്‍ ഇഡ്ഡലിയോ ദോശയോ എന്താ വേണ്ടതെന്നു തലേ ദിവസം തന്നെ ഇവരെല്ലാവരും കൂടി തീരുമാനിക്കും.

“സാധാരണ വീട് പോലെത്തന്നെയാണ് സ്നേഹമന്ദിരവും. ഭക്ഷണമുണ്ടാക്കാന്‍ ഞങ്ങളും സഹായിക്കാറുണ്ട്. ഇവിടുള്ളവരില്‍ റാണിയ്ക്ക് മാത്രം കുറച്ച് വയ്യായ്കയുണ്ട്. ബാക്കിയുള്ളവരൊക്കെ ചെറിയ പണിയൊക്കെ ചെയ്യും.

“ആറു വര്‍ഷം മുന്‍പ് വന്നതാണ്റാണി. ഓള് അങ്ങനെ ആരോടും അധികം വര്‍ത്തമാനം പറയില്ല. ചെവിയും കേള്‍ക്കില്ല. എന്നോട് മാത്രമേ സംസാരിക്കൂ. ഇവിടെയാരും വെറുതേ ഇരിക്കലൊന്നും ഇല്ല. എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറയലും കഥപറയലും വായിക്കലും പലഹാരം ഉണ്ടാക്കലുമൊക്കെയായി സമയം പോകും.

“പഴങ്കഥകളും പുരാണവും ഓര്‍മ്മകളുമൊക്കെ പറഞ്ഞ് സമയം പോകും. ഒരാള് പഴയ കഥ പറഞ്ഞു തുടങ്ങിയാല്‍ തീരുമ്പോ തന്നെ വൈകുന്നേരമാകും. സമയം പോകുന്നത് പോലും അറിയില്ല. പിന്നെ രണ്ട് ടിവിയുമുണ്ട്. വായിക്കാനുള്ള സൗകര്യവും സ്നേഹമന്ദിരത്തിലുണ്ട്.

“മൂന്നു മക്കളാണെനിക്ക്. ഉഷകുമാരിയും അജയ കുമാരിയും അജയകുമാറും. ഇവര്‍ക്ക് മക്കളും ചെറുമക്കളുമൊക്കെയായി. സ്നേഹമന്ദിരം നടത്തുന്നതില്‍ ഇവര്‍ക്കാര്‍ക്കും എതിര്‍പ്പൊന്നും ഇല്ല.

“അമ്മയുടെ ഇഷ്ടം നടക്കട്ടേയെന്നാ അവരൊക്കെ പറയുന്നത്. ഭര്‍ത്താവിനും ഇതൊക്കെ ഇഷ്ടമായിരുന്നു. ഇടയ്ക്കൊക്കെ മക്കളുടെ വീട്ടില്‍ പോകും. മക്കള്‍ ഇവിടേക്കും വരും.

“മക്കള്‍ നോക്കാത്തവരെ ഞാന്‍ നോക്കുന്നതു കൊണ്ടാകും എന്‍റെ മക്കള്‍ക്ക് എന്നോട് അങ്ങേയറ്റം ഇഷ്ടമാണ്,” തങ്കമണിയമ്മ ചിരിക്കുന്നു.

** പേരുകള്‍ യഥാര്‍ത്ഥമല്ല.

ഇതുകൂടി വായിക്കാം:സ്വന്തം വീടും കിട്ടുന്ന വരുമാനവും അഗതികള്‍ക്കായി മാറ്റിവെച്ച് നസീമയും ജലീലും; അഭയമൊരുക്കിയത് നൂറിലേറെ പേര്‍ക്ക്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം