എയ്ഡ്സ് ബാധിതരായ ആയ 45 പേരുടെ കുടുംബങ്ങള്‍ക്ക് താങ്ങായി ജോട്ടിയും ഷീമയും

‘സാറ് മാത്രമേ ഞങ്ങൾക്കുള്ളൂ’ എന്ന് അവര്‍ പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും ഉള്ള് പിടയാറുണ്ടെന്ന് ജോട്ടി ജോര്‍ജ്ജ്.

ല്ലാവരിൽ നിന്നും അകന്ന് ഒരു വീട്ടിൽ ഒറ്റയ്ക്കാണ് അജി (പേര് യഥാര്‍ത്ഥമല്ല) താമസിക്കുന്നത്. അവരുടെ ഭർത്താവ് ഒരു ലോറി ഡ്രൈവറായിരുന്നു. അവർക്ക് മൂന്ന് മക്കൾ. ഭർത്താവിന്‍റെ മാതാപിതാക്കളുടെ കൂടെയാണ് മൂന്ന് മക്കളും കഴിയുന്നത്, അതും അജിയുടെ കണ്ണെത്തും ദൂരത്ത് തന്നെ.

എങ്കിലും കുഞ്ഞുങ്ങളെ അജിയുടെ അടുത്തേയ്ക്ക് വിടുന്ന പതിവില്ലായിരുന്നു. പിന്നീട്, അവരുടെ മൂത്ത മകൻ കുറച്ചൊന്ന് വലുതായപ്പോൾ രാത്രിയിൽ വന്ന് അമ്മയ്ക്ക് കൂട്ട് കിടക്കും.

തന്‍റേതായ കാരണങ്ങൾ കൊണ്ടല്ല അജിക്ക് ഇങ്ങനെ മാറിത്താമസിക്കേണ്ടി വന്നത്. ഡ്രൈവർ ആയ ഭർത്താവ് കുറച്ചു നാളുകൾക്ക് മുൻപാണ് മരണമടഞ്ഞത്. അയാൾക്ക് എയ്ഡ്സ് ആയിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, അജിക്കും ആ അസുഖം അയാളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നു.

മരുമകളുടെ പിഴവ് കൊണ്ടല്ല ഇങ്ങനെയൊരു ദുരവസ്ഥ വന്നതെന്ന് അറിഞ്ഞിട്ടും അജിയുടെ ഭർത്താവിന്‍റെ വീട്ടുകാര്‍ അവരെ പാടെ മാറ്റി നിർത്തുകയായിരുന്നു. വീടിനും നാട്ടാർക്കും വേണ്ടാതെ, ഇന്നും അജി ഒരു വിങ്ങലായി ഒറ്റയ്ക്ക് ജീവിക്കുന്നു.
അങ്ങനെ കഷ്ടപ്പെടുന്ന കാലത്താണ് കളമശ്ശേരിയിൽ പ്രസ് നടത്തുന്ന ജോട്ടി ജോർജ്ജ് ആ സ്ത്രീയെ കണ്ടുമുട്ടുന്നത്. ആരോരുമില്ലാതെ കഷ്ടപ്പെടുന്നവരെ  കണ്ടു പിടിച്ച് അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടി ജോട്ടി ഇറങ്ങിത്തിരിച്ച കാലമായിരുന്നു.
അജിയെപ്പോലെ പിന്നെയും പല ഐയ്ഡ്സ് രോഗികളേയും അവരുടെ ദുരിതവും ജോട്ടി ജോര്‍ജ്ജ് നേരിട്ട് കണ്ടറിഞ്ഞു. അജിയുടേതുപോലെ കണ്‍മുൻപിൽ കണ്ട, മനസ്സ് പിടിച്ചുലയ്ക്കുന്ന ഒത്തിരി അനുഭവങ്ങള്‍ ജോട്ടിയുടെ മനസ്സുലച്ചു.

“ഒരു വീട്ടിൽ ചെന്നപ്പോൾ അവിടെ അപ്പനും അമ്മയ്ക്കും മക്കൾക്കും ഇതേ അസുഖം. ചുറ്റിനുള്ള ആർക്കും ഇതറിയില്ല. ഈ അസുഖത്തിന്‍റെ അവസാന സ്റ്റേജ് എന്ന് പറയുന്നത് തന്നെ മെലിഞ്ഞുണങ്ങി,…ഒരു ചെറിയ പനി വന്നാൽ മതി ഇവരെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല, ആശുപത്രിയിലും പോകാൻ കഴിയാത്ത അവസ്ഥ. യാഥാർത്ഥ്യം മറ്റുള്ളവർ അറിഞ്ഞാൽ എങ്ങനെ തരണം ചെയ്യും എന്ന ഭീതി അവരെ കുറച്ചൊന്നുമല്ല അലട്ടിയത്,” ജോട്ടി ജോര്‍ജ്ജ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് സംസാരിക്കുന്നു.

ജോട്ടി ജോര്‍ജ്ജ്

ഈ അനുഭവങ്ങള്‍ ആണ് എയ്ഡ്സ് എന്ന രോഗം ബാധിച്ചവർക്കും കുടുംബങ്ങൾക്കും ആയി ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിന് ഈ 42-കാരനെ പ്രേരിപ്പിക്കുന്നത്. നാല് വര്‍ഷം മുന്‍പ് അങ്ങനെയൊരു ചെറിയ പ്രസ്ഥാനത്തിന് തുടക്കമായി.

45 കുടുംബങ്ങളാണ് ഇന്ന് ഈ കൂട്ടായ്മയിലുള്ളത്. അപമാനം സഹിച്ച് മാറി നിന്നിട്ടുള്ള പല കുടുംബങ്ങളും ഇന്ന് ഈ കൂട്ടായ്മയിലൂടെ പൊതുധാരയിലേക്ക് വന്നു. അവര്‍ സ്വന്തമായി തൊഴിൽ ചെയ്തു ഉപജീവനം നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളിലൂടെയും, മറ്റു പ്രോത്സാഹനങ്ങളിലൂടെയും ജീവിതത്തെ ഒരു പുതിയ ദിശയിൽ കാണുന്നതിനുള്ള പരിശീലനമാണ് ഈ കൂട്ടായ്മ ലക്‌ഷ്യം വയ്ക്കുന്നത്.

ഇതിന് പുറമെ, മാസംതോറുമുള്ള കൂട്ടായ്മയിലേക്ക് വരുന്നതിനുള്ള യാത്രാച്ചെലവും ,എല്ലാ മാസവും അവശ്യ സാധനങ്ങളുടെ ഒരു കിറ്റും  ജോട്ടിയുടെ നേതൃത്വത്തിലുള്ള  കൂട്ടായ്മ ഈ കുടുംബങ്ങൾക്ക് കൊടുക്കുന്നുണ്ട്.

ഇന്ന് ജോട്ടി ജോർജ്ജും കുടുംബവും ഇവരുടെയും കുടുംബമാണ്.

“സാറ് മാത്രമേ ഞങ്ങൾക്കുള്ളൂ എന്ന് അവര്‍ പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും ഉള്ള് പിടയാറു”ണ്ടെന്ന് വേദനയോടെ ജോട്ടി പറയുന്നു.

കൂട്ടായ്മയില്‍ നിന്ന്

കൊറോണക്കകാലത്ത് ഉണ്ടായ മറ്റൊരനുഭവം ജോട്ടി പങ്കുവെയ്ക്കാൻ തുടങ്ങി.  ഒരു യുവതിയുണ്ടായിരുന്നു. ആരോരുമില്ലാത്ത അവർ ഒരു മഠത്തിലെ അന്തേവാസിയായിരുന്നു. അവിടെ നിന്നാണ് അവരെ ഒരാൾ വിവാഹം ചെയ്തു കൊണ്ടുപോയത്. അയാളിൽ നിന്ന് അവർക്ക് എയ്ഡ്സ് പകർന്നു.


അവരുടെ ഭർത്താവ് തീരെ തളർന്ന സമയം. അയാളുടെ അവശത കണ്ട് നാട്ടുക്കാർക്കൊക്കെ സംശയം, കോവിഡ്-19  ആയിരിക്കുമോ എന്ന്.


ആശുപത്രിയിൽ കൊണ്ട് പോകണമോ എന്ന് ചിലർ. ഈ അസുഖത്തെക്കുറിച്ച് നാട്ടുകാർക്കും അവരുടെ ബന്ധുക്കൾക്കും യാതൊരറിവും ഇല്ല.

ആ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണ്.  വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ആ സമയത്ത് അവർ ജോട്ടിയെ സഹായത്തിനായി വിളിക്കുകയും, അവർക്ക് ആവശ്യമുള്ള സഹായം അദ്ദേഹം ചെയ്തുകൊടുക്കുകയും ചെയ്തു.

എന്നാൽ ശാരീരിക അവസ്ഥകളെക്കാൾ  അവരുടെ ആ പിരിമുറുക്കവും വെപ്രാളവും അവരുടെ മനസ്സിനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നതെന്ന് ജോട്ടി വേദനയോടെ പറയുന്നു.

“പലർക്കും ഇവരോടുള്ള മനോഭാവം പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട്.  ‘അവരങ്ങനെ പോയത് കൊണ്ടല്ലേ’ എന്നാണ് മിക്കവരുടെയും മനോഭാവം. തെറ്റ് ചെയ്യാത്തവരായി ആരുമില്ല എന്ന സത്യം ഇവർക്കാർക്കും അറിഞ്ഞു കൂടാത്തതാണോ?” ജോട്ടി ചോദിക്കുന്നു.

ഈ അപമാനവും അകറ്റി നിറുത്തലുകളും പേടിച്ചു തന്നെ മിക്കവരും മരുന്നുകൾ പോലും  സ്വന്തം ജില്ലകളിൽ നിന്ന് വാങ്ങാറില്ല. കൂടാതെ, കണ്ടു പിടിക്കപ്പെടുമോ എന്ന ഭയം. അതോടെ, അവരുടെ ജീവിതം അവിടെ തീരുന്നു. അസുഖത്തിന്‍റെ ഭീതിയേക്കാൾ അവർ ഭയപ്പെടുന്നത് സമൂഹത്തെയാണെന്ന് ജോട്ടി.

“നമ്മളോരോരുത്തരും ചെറിയ ചെറിയ തെറ്റുകൾ ചെയ്യുന്നവർ തന്നെയാണ്. പക്ഷെ, അവർ ചെയ്തതിന് ഒരു പരിഹാരമില്ല എന്നുള്ളതും വാസ്തവമാണ്.  അറിയാതെയായിരിക്കാം  ഇതിൽ പലരും  അത് മറ്റുള്ളവർക്ക് വീതിച്ചു കൊടുക്കുന്നത്. അപ്പോൾ അറിയാതെ ഈ അസുഖം വരുന്നവർ എന്ത് തെറ്റ് ചെയ്തു?

“ഉള്ള് കൊണ്ട് ഒത്തിരി നന്മയും, നമ്മളെപ്പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും ഉള്ളവരാണിവർ. അപമാനം അടിച്ചേല്പിച്ച് സമൂഹം അവരെ വേട്ടയാടുന്നു. അതിനെ എങ്ങനെയാണു ന്യായീകരിക്കാൻ കഴിയുക?” ജോട്ടി ചോദിക്കുന്നു.

“സത്യം പറഞ്ഞാൽ ഒത്തിരി ശാരീരികമായും മാനസികമായും വേദനയനുഭവിക്കുന്നവരുടെ ഇടയിലാണ് കേട്ടോ നമ്മുടെ ഈ ജീവിതം.”

ജോട്ടിയുടെ അനുഭവങ്ങൾ നിസ്സഹായതയോടെയും ഒരു പിടച്ചലോടെയും മാത്രമേ കേട്ടിരിക്കാൻ കഴിയൂ.

എല്ലാ ഞായറാഴ്ചയും ഏതെങ്കിലും അഗതി മന്ദിരത്തിലോ വൃദ്ധ സദനത്തിലോ ഒരു നേരത്തെ  ആഹാരം നല്‍കി അവരോടൊപ്പം കുറച്ചു സമയം ചിലവിട്ടിരുന്ന മാതാപിതാക്കളുടെ മകനാണ് ജോട്ടി. അതുകൊണ്ട് അദ്ദേഹത്തിന് ശുശ്രൂഷയും, സേവനവും ഒന്നും പുതിയ കാര്യങ്ങൾ ആയിരുന്നില്ല. ഇരുപത് വർഷമായി ഇദ്ദേഹം സേവനപാതയിലേക്ക് തിരിഞ്ഞിട്ട്.

“ശരിക്കും പറഞ്ഞാൽ ഞങ്ങൾ ദശാംശം (ക്രിസ്തീയ വിശ്വാസപ്രകാരം ദൈവത്തിനായി നീക്കിവെയ്ക്കുന്ന വിഹിതം) ഇങ്ങനെയായിരുന്നു കൊടുത്തിരുന്നത്. അങ്ങനെ ഒരു പതിനഞ്ചു വയസ്സാകുമ്പോഴേക്കും ഇവരൊക്കെ (വൃദ്ധസദനങ്ങളിലേയും മറ്റും താമസക്കാര്‍) എന്‍റെ സുഹൃത്തുക്കളായി മാറുകയായിരുന്നു. ഞായറാഴ്ച  രാവിലെ പോയി കഴിഞ്ഞാൽ രാത്രി ഏഴ് – എട്ട് മണിയൊക്കെ ആകും തിരിച്ചു വരുമ്പോൾ. ജീവിതത്തിന്‍റെ ഏറിയ പങ്കും ചെലവിട്ടിരുന്നത് ഇത്തരം മന്ദിരങ്ങളിൽ ഉള്ള അപ്പച്ചമാരുടെയും അമ്മച്ചിമാരുടെയും, കുഞ്ഞുങ്ങളുടേയും ഇടയിൽ ആയിരുന്നു,” ജോട്ടി ജോര്‍ജ്ജ് ഓര്‍ക്കുന്നു.

ആശുപത്രികളിലും, ആരോരും ഇല്ലാതെ തെരുവോരങ്ങളിൽ അലയുന്ന ആളുകളെയും തേടിപ്പിടിച്ച് അവരെ കുളിപ്പിച്ച് വൃത്തിയാക്കുക , മുടി വെട്ടുക, തുടങ്ങിയ ഒട്ടനവധി സേവനങ്ങൾ അനുഷ്ഠിക്കുന്നതിനായി  പതിനഞ്ചു പേർ തുടങ്ങിയ ‘ആശ്വാസാലയം’ എന്ന കൂട്ടായ്മയിലൂടെയാണ് ജോട്ടി ജോർജ്ജ് ശുശ്രൂഷ രംഗത്തേയ്ക്ക് കടന്നു വരുന്നത്.

ആശ്വാസാലയവും ജോട്ടിയുടെ  ഈ ഉദ്യമത്തിന് താങ്ങും തണലുമായി ഇന്നുമുണ്ട്.

ജോലി സംബന്ധമായി യാത്ര ചെയ്യുമ്പോള്‍ താമസിക്കുന്നതിനായി ഹോട്ടലുകളല്ല മറിച്ച് ഇത്തരം അഗതി മന്ദിരങ്ങൾ തെരഞ്ഞെടുക്കുകയാണ് പതിവെന്ന് ജോട്ടി പറയുന്നു. വിവാഹത്തിന് ശേഷം ഭാര്യ ഷീമയുടെ കൂടെയായിരുന്നു പിന്നീടുള്ള ഇത്തരം യാത്രകൾ, അതും രണ്ട് കുടുംബങ്ങളുടെയും പൂർണ്ണ പിന്തുണയോടെ.

എച്ച് ഐ വി രോഗികൾക്ക് വേണ്ടിയുള്ള കൂട്ടായ്മയിൽ ഇവരുടെ മൂന്ന് മക്കളും അവരുടെതായ കുഞ്ഞു കുഞ്ഞു ജോലികൾ ചെയ്തു കൊണ്ട് ഒപ്പം തന്നെയുണ്ട്.

“ഇവർക്കായി പ്രവർത്തിക്കുമ്പോൾ ശരിക്കും ഞാൻ സന്തോഷം അനുഭവിക്കുന്നുണ്ട്. എനിക്ക് വിവാഹാലോചന വന്ന സമയത്ത് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന കാര്യം ജോട്ടി  എന്നോട് പങ്ക് വെച്ചിരുന്നു. സന്തോഷം തോന്നി, കൂടെ ഒരു ജിജ്ഞാസയും. ഇത്തരം സേവനങ്ങളിൽ നിന്ന് കിട്ടുന്ന സംതൃപ്തി എന്താണെന്ന്  ഞാൻ  ഇപ്പോൾ ശരിക്കും മനസിലാക്കുന്നുണ്ട് ,” ഷീമയുടെ വാക്കുകളിൽ സന്തോഷം.

ഏകദേശം  ഏഴ്  വർഷങ്ങൾക്കു മുൻപ്  എസ് വി ഡി കോൺഗ്രിഗേഷന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടായ്മയിലേയ്ക്ക് ഒരു പ്രഭാഷണത്തിനായി ജോട്ടിക്കും ഷീമയ്ക്കും ക്ഷണം വന്നു. അവിടെ വെച്ചാണ് ആദ്യമായി ഇരുപത്തിയഞ്ചോളം എച്ച് ഐ വി രോഗികളെ അവര്‍ കാണുന്നത്.

” പ്രകടമായി ഈ രോഗത്തിന്‍റെ ഒരവസ്ഥയും അവരിൽ അന്നെനിക്ക് കാണാൻ സാധിച്ചില്ല. നമ്മളെ പോലെ തന്നെ. പക്ഷെ, നമ്മളോട് അടുത്തിടപഴകാൻ എന്തോ ഒരു പേടി പോലെ. പിന്നീട് കുറച്ചു സമയം അവരോടൊപ്പം ചിലവഴിച്ചപ്പോൾ മനസിലായി അവർ ആഗ്രഹിക്കുന്നത് ഒരു സൗഹാർദ്ദമാണെന്ന്.

“അവരുടെ കൂട്ടത്തിൽ ഇരിക്കെ, ഒന്ന് തോളിൽ കയ്യിട്ടു സംസാരിക്ക, അവരിൽ ഒരാളാവുക….  ഇതൊക്കെയാണ് മിക്കവരും ആഗ്രഹിക്കുന്നത്. കൂട്ടായ്മയ്ക്ക് ശേഷം തിരിച്ചുപോരുമ്പോൾ അതിൽ രണ്ട് പേർക്ക് ഞങ്ങൾ വണ്ടിയില്‍ ലിഫ്റ്റ് കൊടുത്തു. പോരുന്ന വഴിയാണ് അവർ

കൂട്ടായ്മയില്‍ എത്തുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകള്‍

അവരുടെ ജീവിതം നമ്മളോട് പറയുന്നത്,” ജോട്ടി ജോർജ്ജ് ഓർത്തെടുത്തു.

അവർ രണ്ടു പേരുടെയും ഭർത്താക്കൻമാർ മരിച്ചു പോയിരുന്നു. അതിൽ ഒരാളുടെ ഇളയ മകനും രോഗം കിട്ടിയിരുന്നു. ഒരാളുടെ തെറ്റിനു ഒരു കുടുംബം ജീവിതകാലം മുഴുവന്‍ ശിക്ഷ അനുഭവിക്കേണ്ടി വരുക…  എത്ര ഭീകരമായ വിധിയാണ്,” ജോട്ടി തുടർന്നു.

“നാട്ടുകാരറിയും എന്ന ഭീതിയിൽ നാട് വിട്ട് മറ്റൊരു സ്ഥലത്തു പോയി താമസിക്കുക.മിക്കവാറും അത് വാടകക്കായിരിക്കും. അത് സാമ്പത്തിക ഞെരുക്കം കൂട്ടും. എല്ലു മുറിയെ പണിയെടുക്കാൻ പറ്റാത്ത അവസ്ഥ. ഒരു മാസത്തിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ജോലിക്കു പോകാൻ ഇവരെ കൊണ്ട് സാധിക്കുകയുള്ളു,” നേരിട്ട് കേട്ട അനുഭവങ്ങൾ ഒട്ടൊന്നുമല്ല ജോട്ടിയെ അലോസരപ്പെടുത്തിയത്.

പതിമൂന്ന് -പതിനാല് വയസ്സാകുമ്പോൾ കുഞ്ഞുങ്ങൾക്ക് അവരുടെ രോഗാവസ്ഥ മനസിലാകാൻ തുടങ്ങും. കാരണം അവർ കുഞ്ഞിലേ മുതൽ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും കുറച്ച് പ്രായപൂർത്തിയാകുമ്പോഴാണ് തങ്ങൾ എന്തിനാണ് ഈ മരുന്നെടുക്കുന്നത് എന്ന ചിന്ത അവരിൽ ഉടലെടുക്കുന്നത്. അപ്പോൾ ഇവർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങും.

മാതാപിതാക്കൾക്കോ, ബന്ധുമിത്രാദികൾക്കോ അതിനുത്തരം പറയാതെ വയ്യ എന്നാകും. സത്യം അറിഞ്ഞു കഴിയുമ്പോൾ വിഷാദരോഗികളായി മാറുന്ന കുഞ്ഞുങ്ങൾ കുറച്ചൊന്നുമല്ല എന്ന് ജോട്ടി നേരിട്ടറിഞ്ഞവരുടെ ജീവിത സാഹചര്യങ്ങള്‍ വിശദമാക്കുന്നു.

“കുഞ്ഞിന്‍റെ അപ്പൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ  ഇവരെ കൈകാര്യം ചെയ്യാൻ ഒരമ്മ പെടുന്ന പാട് കുറച്ചൊന്നുമല്ല.”

ഈ കൂടിക്കാഴ്ചയിലൂടെയാണ് വൈകാതെ എച്ച് ഐ വി ബാധിതര്‍ക്കായവരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കുന്ന  ഒരു പദ്ധതിയിലേക്ക് എത്തുന്നത്.

“എന്‍റെ മനസ്സിൽ ഇങ്ങനെ കുറച്ചു കാര്യങ്ങൾ ഉണ്ട് എന്നറിഞ്ഞപ്പോൾ കാറപകടത്തിൽ മരിച്ച അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെയും, ചേട്ടന്‍റേയും ഭാര്യയുടെയും പതിഞ്ചാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് പത്രപരസ്യം കൊടുക്കാൻ മാറ്റി വെച്ച മുപ്പതിനായിരം രൂപ സുഹൃത്ത് സിജോ ജോസ് എനിക്കെടുത്തു തരുകയായിരുന്നു. ആ മുപ്പതിനായിരം കൊണ്ടാണ് ഞാനെന്‍റെ ഈ പുതിയ പ്രൊജക്റ്റ് തുടങ്ങുന്നത് ,” ജോട്ടി നന്ദിയോടെ ആ സഹായം ഓർത്തെടുത്തു.

കൂടാതെ, സുഹൃത്തായ ഡിൽനയും ഭർത്താവ് ബിനോയും  പതിനായിരം രൂപ വീതം എല്ലാ മാസവും ഇതിനായി മാറ്റിവെയ്ക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. അത് കഴിഞ്ഞ നാല് വർഷമായി ഇന്നും തുടരുന്നു. സുമനസ്സുള്ള മറ്റു പലരുടെയും സഹായങ്ങൾ ജോട്ടിയുടെ ഈ ഉദ്യമത്തിനുണ്ട്.

ഈ സംരംഭത്തിന് ഒറ്റ ഉദ്ദേശമേ ഉള്ളൂ. ഒരു വലിയ കുടുംബത്തിലേയ്ക്ക് ഇവരെയെല്ലാവരെയും കൂട്ടിക്കൊണ്ടുവരുക, ആരോരുമില്ലാത്തവർ ആണെന്ന തോന്നലും, ജീവിതം നിലച്ചു പോയി എന്ന തോന്നലും പാടെ അവരുടെ മനസ്സുകളിൽ നിന്ന് പിഴുത് കളയുക, ജീവിതത്തെ ‘പോസിറ്റീവ്’ ആയി കാണാൻ പ്രേരിപ്പിക്കുക.

ഈ ഒത്തുകൂടുന്ന ഒരു ദിവസത്തിനായി ആ കുടുംബങ്ങള്‍ കാത്തിരിക്കുന്നത് കാണുമ്പോഴുള്ള നിർവൃതി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണെന്ന് ജോട്ടി സന്തോഷത്തോടെ പറയുന്നു.

ഇതൊന്നും കൂടാതെ, വർഷത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളെയും കൊണ്ട് ജോട്ടി ജോർജ്ജും കുടുംബവും ഒരു യാത്ര പോകാറുമുണ്ട്.


ഇതുകൂടി വായിക്കാം: കൃഷിയില്‍ നിന്ന് 2 കോടിയോളം രൂപ: 40 ഏക്കറില്‍ പച്ചക്കറിയും കിഴങ്ങുകളും, 50 ഏക്കറില്‍ പഴങ്ങള്‍


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം