പ്രായത്തിന്‍റെ അവശതകളില്‍ തനിച്ചായിപ്പോയവര്‍, നാടും വീടും ഏതെന്നറിയാതെ അലഞ്ഞുതരിഞ്ഞു നടക്കുന്നവര്‍, കാഴ്ച ഇല്ലാത്തവരും കൈകാല്‍ നഷ്ടപ്പെട്ടവരുമായി വേറെയും ചിലര്‍.
ചോറും ചിക്കന്‍കറിയുമുണ്ടാക്കി ഇങ്ങനെ ആരുമില്ലാത്തവരെ ഊട്ടുന്ന ഒരു തമിഴ്നാട്ടുകാരി. വിജി എന്ന 48- കാരിയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് രുചിയേറിയ ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുന്നത്.
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം തഞ്ചാവൂരില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ വിജിയ്ക്ക് വെറും ആറു മാസം പ്രായം. കഷ്ടപ്പാടും പട്ടിണിയും സങ്കടങ്ങളുമൊക്കെ നിറഞ്ഞ ജീവിതത്തില്‍ തോല്‍ക്കാന്‍ തയാറല്ലാത്ത മനസുമായി വിജി ജീവിച്ചു.
ആ പെടാപ്പാടുകള്‍ക്കിടയിലാണ് വിശക്കുന്നവര്‍ക്ക് രുചിയുള്ള ഭക്ഷണവുമായി വിജിയെത്തുന്നത്. കൊറോണക്കാലത്തിന് മുന്‍പ് തന്നെ ആളുകള്‍ക്ക് ഭക്ഷണം വച്ചുണ്ടാക്കി നല്‍കിയിരുന്നു.
ലോക്ക്ഡൗണും കൊറോണയുമൊക്കെ ജീവിതത്തെ ബാധിച്ചുവെങ്കിലും പാവങ്ങള്‍ക്കുള്ള അന്നം വിജി മുടക്കിയില്ല.
“പള്ളിക്കൂടങ്ങളും പള്ളിയും അമ്പലങ്ങളുമൊക്കെ അടിച്ചിട്ടു. അങ്ങനെയുള്ള നേരത്തെ പൊതുസ്ഥലത്ത് ഭക്ഷണം വിളമ്പുന്നത് ശരിയല്ലല്ലോ. അതൂകൊണ്ടിപ്പോ പൊതിച്ചോറുകളാണ് നല്‍കുന്നത്. ഇത്രയും കാലങ്ങളായി ഞാനുണ്ടാക്കി നല്‍കുന്ന ചോറും കറിയും കഴിക്കാന്‍ വന്നവരെ മറക്കാന്‍ പറ്റോ,” എന്നാണ് വിജി ചോദിക്കുന്നത്.
കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ടാണ് വിജി ഇതെല്ലാം ചെയ്യുന്നത്. വാര്‍പ്പുകളും പാത്രങ്ങളും വെള്ളം കുടിക്കാനുള്ള ഗ്ലാസുമൊക്കെ വാടകയ്ക്കെടുത്തും പണം കൊടുത്ത് വാങ്ങിച്ചുമൊക്കെ 200-ഓളം അശരണര്‍ക്കാണ് വിജി ഭക്ഷണം വിളമ്പുന്നത്.
ഒരിക്കല്‍ കൂലിപ്പണിയും കഴിഞ്ഞ് വരുന്നനേരം വഴിയോരത്ത് കണ്ടൊരു കാഴ്ചയാണ് വിജിയെ ഈ നല്ല കാര്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
“എന്നത്തെയും പോലെ കൂലിപ്പണിയൊക്കെ കഴിഞ്ഞ് സുഭദ്രയ്ക്കും ആയിഷയ്ക്കുമൊപ്പം വര്‍ത്തമാനമൊക്കെ പറഞ്ഞ് നടക്കുകയാണ്,” വിജി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “അവര് രണ്ട് പേരും മുന്നിലും ഞാന്‍ പിന്നിലുമായിട്ട് അവര് പറയുന്നത് കേട്ട് നടക്കുകയാണ്. നടത്തത്തിനിടയില്‍ പെട്ടെന്നാണ് അയാളെ കണ്ടത്.
“റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടിയാണ് ഞങ്ങളുടെ പോക്കും വരവും. സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിന് അടുത്തിരുന്ന് അയാള്‍ എന്തോ പെറുക്കിയെടുത്ത് വായിലേക്ക് വയ്ക്കുന്നത് കണ്ടു.
“ഹൊ.. അന്നേരമെന്‍റെ തൊണ്ട വരണ്ട പോലെ തോന്നി. ഈ പരിസങ്ങളില്‍ ഇയാളെ നേരത്തെയും കണ്ടിട്ടുണ്ട്. ആക്രിസാധനങ്ങളൊക്കെ പെറുക്കുന്ന ആളായിരിക്കുമെന്നാണ് അന്നൊക്കെ കരുതിയത്.
“ആ അഴുക്ക് ചാലില്‍ മാലിന്യങ്ങളല്ലാതെ ഒന്നുമില്ല. ആ കാഴ്ച കണ്ടപ്പാടെ വേഗം അയാളുടെ അടുത്തേക്ക് ഓടിപ്പോയി. ഇതൊന്നും കഴിക്കല്ലേ നല്ലതല്ല, പൈസ തരാം. കടയില്‍ പോയി വല്ലതും വാങ്ങിച്ചു കഴിക്കെന്നും പറഞ്ഞു നൂറു രൂപ കൊടുത്തു.
“പക്ഷേ, ആ പൈസ വലിച്ചെറിഞ്ഞു അയാള്‍ വീണ്ടും തിന്നാന്‍ പോയി. അന്നേരം അയാളുടെ കൈ ഞാന്‍ തട്ടി. ദേഷ്യത്തോടെ എന്നെ നോക്കുന്നത് കണ്ടപ്പോ ശരിക്കും പേടിച്ചു.
“ഞാനിയാളുടെ അടുത്ത് നില്‍ക്കുന്നത് കണ്ട് കൂടെയുള്ള രണ്ടു പെണ്ണുങ്ങളും അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. ഇങ്ങോട്ട് വാ എന്നും പറഞ്ഞു അവരെ വിളിച്ചു. അയാളെ കാണിച്ചു കൊടുത്തു.
“മൃഗങ്ങള്‍ പോലും ഇതൊന്നും തിന്നില്ലല്ലോ. നമ്മള്‍ എന്ത് ചെയ്യുമെന്നു പരസ്പരം ചോദിച്ചതല്ലാതെ ഒരുത്തരവും ഞങ്ങള്‍ക്ക് കിട്ടിയില്ല. വീട്ടിലെത്തിയിട്ടും ആ കാഴ്ച മറക്കാന്‍ പറ്റുന്നില്ലായിരുന്നു. ഭക്ഷണം കഴിക്കാനിരുന്നിട്ട് കഴിച്ചില്ല, കിടന്നിട്ട് ഉറക്കം വരുന്നില്ല. വാടകപ്പുരയില്‍ ജീവിക്കുന്ന ഞാനെങ്ങനെ അയാളെ സഹായിക്കുമെന്നാലോചിച്ച് കൊണ്ടേയിരുന്നു.
“ആലോചനകള്‍ക്കിടെയാണ് അയല്‍വീട്ടിലെ ചേച്ചി പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ഗ്യാസ് സിലിണ്ടറിന്‍റെ കാശിന്‍റെ കുറച്ചെന്തോ ബാങ്ക് അക്കൗണ്ടില്‍ വരുന്ന കാര്യം അങ്ങനെയാണ് ഓര്‍ക്കുന്നത്.
“നേരം എങ്ങനെയൊക്കെയോ വെളുപ്പിച്ചെന്നു പറഞ്ഞാമതി. രാവിലെ തന്നെ ബാങ്കിലേക്ക് പോയി. അക്കൗണ്ടില്‍ എത്ര കാശുണ്ടെന്നു നോക്കിയപ്പോ 3,000 രൂപയുണ്ട്.
“ആ പണം മുഴുവനും എടുത്തു. അവിടെ നിന്ന് നേരെ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് പോയി. ആണ്ണുങ്ങളും പെണ്ണുങ്ങളുമായി പ്രായമായവരും അസുഖങ്ങളുള്ളവരും മാനസികപ്രശ്നങ്ങളൊക്കെയുള്ളവരുമൊക്കെയായി കുറേയാളുകള്‍ ഇവിടുണ്ട്.
“അവരോട് പറഞ്ഞു, ഇനി വരുന്ന എല്ലാ ഞായറാഴ്ചകളിലും നിങ്ങള്‍ക്ക് ഞാന്‍ ചിക്കനും ചോറും വച്ചു തരാം. ആരും കാശൊന്നും തരണ്ട. ചെറുത്തുരുത്തി പാലത്തിന് അടിയിലേക്ക് വന്നാല്‍ മാത്രം മതി.
“കാഴ്ചശക്തി നഷ്ടപ്പെട്ടവരും ഇവിടെയുണ്ട്. അവരോടൊക്കെ ഓട്ടോറിക്ഷയ്ക്ക് വന്നാ മതി അതിന്‍റെ കാശ് ഞാന്‍ കൊടുത്തോളാം… നിങ്ങള്‍ക്ക് പൊതിച്ചോറും തന്നു വിടാമെന്നും പറഞ്ഞു ഞാന്‍ വീട്ടിലേക്ക് മടങ്ങി,” എന്ന് വിജി.
വിജി വാക്ക് തെറ്റിച്ചില്ല, അവര്‍ക്കായി ചോറും കറിയുമുണ്ടാക്കി പാലത്തിനിടയില്‍ കാത്തിരുന്നു. ആദ്യത്തെ ഞായാറാഴ്ച 17 പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്.
പിന്നീടുള്ള ഓരോ ഞായറാഴ്ചകളിലും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. “ചിക്കന്‍ വാങ്ങിയിരുന്നത് ഒരു കടയില്‍ നിന്നു തന്നെയാണ്. ഏതാണ്ട് നാലുമാസം തുടര്‍ച്ചായായി എട്ട് കിലോ വീതം ചിക്കന്‍ വാങ്ങുന്നത് കണ്ട് കടക്കാരന്‍ ചെക്കന്‍ മുത്തലവി ചോദിച്ചു,
“ചേച്ചി, നിങ്ങളുടെ കുടുംബത്തില്‍ ആകെ നാല് ആളല്ലേ ഉള്ളൂ. പിന്നെന്തിനാ എല്ലാ ആഴ്ചയും ഇത്രയും ചിക്കന്‍ വാങ്ങുന്നതെന്ന്. അക്കാര്യമൊക്കെ പിന്നീട് പറയാമെന്നു പറഞ്ഞപ്പോ അവന്‍ സമ്മതിച്ചില്ല.
“അവന്‍റെ നിര്‍ബന്ധത്തില്‍ കാര്യങ്ങളൊക്കെ പറയേണ്ടി വന്നു. അതുകേട്ടപ്പോ അവന് സന്തോഷമായി. നല്ല കാര്യമല്ലേ ചേച്ചി ചെയ്യുന്നത്, ഒരുവാക്ക് എന്നോട് പറഞ്ഞിരുന്നേല്‍ പൈസ കുറച്ചല്ലേ വാങ്ങൂവെന്ന്.
“ആ ആഴ്ചത്തേക്കുള്ള എട്ട് കിലോ കോഴിയിറച്ചിക്ക് അവന്‍ കാശൊന്നും വാങ്ങിയില്ല. പിന്നീട് എല്ലായ്പ്പോഴും അവന്‍ പകുതി പണമേ വാങ്ങിച്ചുള്ളൂ. നാലര കൊല്ലക്കാലം ഇവിടെ ഭക്ഷണം കൊടുത്തു.
“കുറേയാളുകള്‍ ഇവിടെ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മാലിന്യകൂമ്പാരത്തില്‍ നിന്നു ഭക്ഷണമെടുത്ത് കഴിച്ചയാളും വന്നിട്ടുണ്ട്. ആദ്യ നാലു മാസക്കാലം പതിവായി വരുമായിരുന്നു.”
പിന്നീടൊരിക്കലും ആള് വന്നില്ലെന്നു മാത്രമല്ല ആ പരിസരങ്ങളിലൊന്നും അയാളെ കണ്ടിട്ടുമില്ലെന്നും വിജി ഓര്‍ക്കുന്നു.
ഭക്ഷണ വിതരണത്തിന് ചിലരൊക്കെ വിജിയെ സഹായിച്ചിട്ടുമുണ്ട്. എല്ലാമാസവും കൃത്യമായി വിജിക്ക് ഒരു തുക അയച്ചു കൊടുക്കുന്ന ഒരു കുടുംബമുണ്ട്.
“എല്ലാ ആഴ്ചയും 100 രൂപ നല്‍കുന്നൊരു ഫൊട്ടോഗ്രഫറുണ്ട്. കോളെജ് കുട്ടികളും സംഘടനകളുമൊക്കെ സഹായിച്ചിട്ടുമുണ്ട്. മിക്ക ശനിയാഴ്ചകളിലും സാധനങ്ങള്‍ വാങ്ങാന്‍ കാശുണ്ടാകില്ല. എന്തെങ്കിലുമൊക്കെ ജോലി കിട്ടിയാ അത്രയും പൈസ കിട്ടുമല്ലോ എന്നു കരുതി പല ജോലിക്കും പോയിട്ടുണ്ട്.”
ചില ആളുകള്‍ വന്ന് പ്രശ്നങ്ങളുണ്ടാക്കിയതോടെ പാലത്തിന് താഴെയുള്ള ഭക്ഷണ വിതരണം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് ചെറുതുരുത്തിയിലേക്ക് മാറ്റി.
“ആരുടെയും ഒരു സഹായവും വേണ്ട. പക്ഷേ കുറച്ച് മനസമാധനം തന്നൂടേ. തീവ്രവാദികള്‍ക്ക്, മദ്യപിച്ച് നടക്കുന്നവര്‍ക്ക്, കുറ്റവാളികള്‍ക്കൊക്കെയാക്കെയാണ് ഭക്ഷണം കൊടുക്കുന്നതെന്നു പലരും പറഞ്ഞിട്ടുണ്ട്,” ഈ നല്ല കാര്യം ചെയ്യുന്നതിന് കേള്‍ക്കേണ്ടി വരുന്ന പഴികളെക്കുറിച്ചും വിജി സങ്കടത്തോടെ പറയുന്നു.
“എഴുന്നേറ്റ് നടക്കാനാകാത്തവര്‍ക്ക്, ആരുമില്ലാത്തവര്‍ക്ക്, മനസിന്‍റെ താളം തെറ്റിയവര്‍ക്കൊക്കെയാണ് ഞാന്‍ വച്ചുണ്ടാക്കി നല്‍കുന്നത്. ആരും സഹായിച്ചില്ലെങ്കിലും കുറ്റം പറയാതിരുന്നാ കൂടേയെന്നു തോന്നിയിട്ടുണ്ട്.”
ചെറുത്തുരുത്തി പൊലീസ് പിടിച്ചിട്ട വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന് സമീപത്താണ് വിജി ഭക്ഷണമുണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും. അടുപ്പ് കൂട്ടുന്നതിന് മുകളില്‍ ഷീറ്റ് വിരിച്ചിട്ടുണ്ട്.
ആദ്യം വാടകയ്ക്ക് പാത്രമെടുത്തായിരുന്നു പാചകം. ഇപ്പോള്‍ പലരുടേയും സഹായം കൊണ്ട് പാകംചെയ്യാനുള്ള കുറേ വലിയ പാത്രങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്ലേറ്റുകളും വാങ്ങാന്‍ വിജിക്ക് കഴിഞ്ഞു.
“50 പ്ലേറ്റുകളുമുണ്ട്. ഗ്യാസ് അടുപ്പും വാങ്ങിച്ചു. പക്ഷേ, ഗ്യാസ് സിലിണ്ടറിന് 1,500 രൂപ വേണ്ടി വരും. അതിനുള്ള കാശ് മിക്കപ്പോഴും ഉണ്ടാകില്ല. അതുകൊണ്ടിപ്പോ അടുപ്പ് കത്തിച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്.
ഇതുകൂടി വായിക്കാം:രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു!
“ഒരു ദിവസം 15 കിലോ അരിയും എട്ട് കിലോ ചിക്കനും വേണം. ഭക്ഷണം ബാക്കി വരാറുണ്ടെങ്കിലും തികയാതെ വന്നിട്ടില്ല. ബാക്കി വരുന്ന ചോറും കറിയുമൊക്കെ അവര്‍ക്ക് പൊതിഞ്ഞു കൊടുത്തുവിടും.
“ചിക്കന്‍ കറി എല്ലാവര്‍ക്കും ഇഷ്ടമാണ്. സമ്പാര്‍ ഉണ്ടാക്കണമെങ്കില്‍ പരിപ്പ്, പച്ചക്കറികള്‍, പൊടികള്‍ എന്തൊക്കെ വേണം. അതിനു നല്ല കാശ് ചെലവും വരും,” അതുകൊണ്ടാണ് ചിക്കന്‍ തന്നെ സ്ഥിരമാക്കിയതെന്ന് അവര്‍ പറഞ്ഞു. ഭക്ഷണവിതരണത്തിന് ശേഷം ആ സ്ഥലം വൃത്തിയാക്കുന്നതും വിജി തന്നെയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പമാണ് വിജി കേരളത്തിലേക്ക് വരുന്നത്. തിരൂരാണ് ആദ്യം വന്നത്. അവിടെ നിന്നാണ് ചെറുത്തുരുത്തിയിലേക്ക് വന്നത്.
“ഒരു ചെറുത്തുരുത്തിക്കാരന്‍ തിരൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ടായിരുന്നു.” ചെറുത്തുരുത്തിയിലേക്കെത്തിയതിനെക്കുറിച്ച് അവര്‍ പറയുന്നു. “അയാള്‍ പറഞ്ഞത് അനുസരിച്ചാണ് ചെറുത്തുരുത്തിയില്‍ വന്നു ലെയിന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്.
“അലച്ചിലുകള്‍ക്ക് അവസാനമായെങ്കിലും കഷ്ടപ്പാടുകളൊയുണ്ടായിരുന്നു. രേഖകളൊന്നും ഇല്ലല്ലോ അതുകൊണ്ട് സ്കൂളില്‍ പോകാനും പറ്റിയില്ല. 15-ാമത്തെ വയസിലായിരുന്നു കല്യാണം.
“തമിഴ്നാടിന്‍റെ അതിര്‍ത്തി പ്രദേശത്താണ് ഭര്‍ത്താവിനൊപ്പം താമസിച്ചത്. പക്ഷേ അധികകാലം അദ്ദേഹത്തിനൊപ്പം ജീവിച്ചില്ല. മദ്യപിച്ച് ഉപദ്രവിക്കുന്ന ഭര്‍ത്താവില്‍ നിന്ന് രക്ഷ നേടിയാണ് നാട്ടിലേക്ക് വരുന്നത്. ഒന്നര വയസുകാരിയായ മോളെയും ഒപ്പം കൂട്ടി വരുമ്പോള്‍ പൂര്‍ണഗര്‍ഭിണിയാണ്. അച്ഛനും അമ്മയും പോയതോടെ തനിച്ചായിരുന്നു ജീവിതം.
“ഹോട്ടലുകളില്‍ പാത്രം കഴുകിയും മറ്റും ജോലിയെടുത്തു. പ്രസവത്തിന് പോലും ആരും തുണയില്ലായിരുന്നു. വീട്ടിലായിരുന്നു പ്രസവം. കൂടെ മോള് മാത്രവും. മോന്‍ ജനിച്ചതോടെ പണിക്ക് പോകാന്‍ പറ്റില്ലല്ലോ, അതുകൊണ്ടു തന്നെ വീട് പട്ടിണിയുമായിരുന്നു.
“മോന് കൊടുക്കാനുള്ള മുലപ്പാല് പോലും ഇല്ലായിരുന്നു. വിശന്നുകരയുന്ന മോള്‍ക്ക് വെള്ളത്തിലിട്ട് കുതിര്‍ത്ത പച്ചരിയാണ് കൊടുത്തത്. ഞാനും ആ പച്ചരി കഴിച്ചാണ് ജീവിച്ചത്. രണ്ട് ദിവസം മാത്രം, അപ്പോഴേക്കും ശരീരം മഞ്ഞച്ചു.
“തൊട്ടടുത്ത ദിവസം വെള്ളം ചോദിച്ച് ഒരാള് വീട്ടിലേക്ക് വന്നു. വെള്ളം എടുത്ത് കൊടുക്കാന്‍ പോലുമാകാതെ കിടന്ന എന്നെ കണ്ടിട്ട് ആ പ്രായമായ മനുഷ്യന്‍ അദ്ദേഹത്തിന്‍റെ സഞ്ചിയില്‍ നിന്ന് എന്തോ മരുന്നെടുത്ത് എനിക്കും മോള്‍ക്കും കഴിക്കാന്‍ തന്നു.
“ഇനി പച്ചരി തിന്നരുതെന്നും പറഞ്ഞ് ആ മനുഷ്യന്‍ പോയി. അധികം വൈകാതെ ശരീരത്തിന്‍റെ മഞ്ഞനിറമൊക്കെ പോയി. ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണയുണ്ടാകുമല്ലോ… ആ ദൈവമാകും മരുന്നുമായി അരികിലെത്തിയത്.
“പിന്നീട് അയല്‍വീട്ടിലൊക്കെയുള്ളവര്‍ തരുന്ന കഞ്ഞിവെള്ളവും കഴിച്ചു ജീവിച്ചു. ഇതിനിടയിലാണ് ഭര്‍ത്താവിനെ കാണാന്‍ പോകുന്നത്. കൂടെ താമസിപ്പിച്ചില്ലേല്ലും മക്കളെ നോക്കാനെങ്കിലും കാശ് തന്നൂടേന്ന് ചോദിച്ചു.
“ഭര്‍ത്താവ് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്‍റെ വര്‍ത്തമാനം കേട്ട് ദേഷ്യത്തോടെ ആ ചായ മുഖത്തേക്കെറിഞ്ഞു. ആ സംഭവത്തോടെയാണ് ജീവിതം മതിയാക്കാന്‍ തീരുമാനിക്കുന്നത്.
“വീട്ടിലെത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷേ, അടുത്ത വീട്ടിലെ കുട്ടി കണ്ട് നാട്ടുകാരെ അറിയിച്ചതോടെ ആ ശ്രമം അവസാനിപ്പിച്ചു. എന്തെങ്കിലും പണിയെടുത്ത് മക്കളെ സംരക്ഷിക്കണം, മരിക്കില്ലെന്നു ഉറപ്പിച്ചു.”
പിന്നീട് വിജി പാറമടയില്‍ പണിക്കുപോയി. കിട്ടുന്ന കൂലിപ്പണിയൊക്കെ എടുത്തു. ലോട്ടറിക്കച്ചവടവും ചെയ്തു. കഷ്ടപ്പെട്ടാണെങ്കിലും മക്കള്‍ സുമിത്രയേയും സുനിലിനേയും പ്ലസ് ടു വരെ പഠിപ്പിച്ചു.
രണ്ടാളുടെയും വിവാഹവും കഴിഞ്ഞു. സുനില്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. “അവന്‍ ഗള്‍ഫില്‍ പോയതിന് ശേഷമാണ് വീട് പണിയുന്നത്, വൈദ്യുതി കിട്ടുന്നത്,” എന്ന് വിജി. നെടുമ്പറ പഞ്ചായത്തിൽ ചെറുത്തുരുത്തി സ്കൂളിന് അടുത്താണ് വിജിയുടെ വീട്.
“ഇത്രയും കാലം മക്കള്‍ക്ക് വേണ്ടി ജീവിച്ചില്ലേ ഇനി ആരുമില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം,” വിജി പറയുന്നു.
ഇതുകൂടി വായിക്കാം: ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്