കൊടുംമഴയിൽ തകർന്ന പാലം 5 മണിക്കൂര്‍ കൊണ്ട് പുനർനിർമ്മിച്ച് കട്ടപ്പനയിലെ കൂട്ടുകാർ

മ്ലാമലയില്‍ കടകളൊന്നുമില്ല. എന്തെങ്കിലും വാങ്ങണമെങ്കില്‍ പാലം കടന്ന ഇക്കരെ ചപ്പാത്ത് എത്തണം.

താനും ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത കനത്ത മഴയിലാണ് ശാന്തിപ്പാലം തകരുന്നത്. പാലത്തിന്‍റെ പാതി തകര്‍ന്നു പുഴയിലേക്ക് വീണതോടെ ഇടുക്കി മ്ലാമലയിലെ 120- ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.

ഭൂരിഭാഗവും പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ താമസിക്കുന്ന മ്ലാമലയില്‍ നിന്നും ഇടുക്കി വണ്ടിപ്പെരിയാറിലെ ചപ്പാത്തിലേക്കെത്തുന്നതിനുള്ള ഏക  ആശ്രയമായിരുന്നു ഈ പാലം.

പക്ഷേ, ആദ്യമായിട്ടല്ല ശാന്തിപ്പാലം തകരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കനത്ത മഴയില്‍ പാലം തകര്‍ന്നിട്ടുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പെയ്ത ശക്തമായ മഴയില്‍ ശാന്തിപ്പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായുംതകര്‍ന്നു.

മുന്‍ വര്‍ഷങ്ങളിലെല്ലാം നാട്ടുകാര്‍ തന്നെ കാശ് മുടക്കിയാണ് പാലം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇത്തവണ ഒരു കൂട്ടം യുവാക്കളാണ് മ്ലാമലക്കാര്‍ക്ക് സഹായവുമായെത്തിയത്.

ശാന്തിപ്പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിനിടെ

കട്ടപ്പനയിലെ ചങ്ങാതിമാരാണ്  അഞ്ച് മണിക്കൂര്‍ കൊണ്ടാണ് പാലം സഞ്ചാരയോഗ്യമാക്കി അവര്‍ മ്ലാമലക്കാര്‍ക്ക് സമ്മാനിച്ചത്. കോരിച്ചൊരിയുന്ന മഴ പോലും അവഗണിച്ചാണ് കട്ടപ്പനയിലെ ഒരു കൂട്ടം യുവാക്കളുടെ ചാരിറ്റി സംഘടനയായ ഫ്രണ്ട്സ് ഓഫ് കട്ടപ്പന  ഈ ദൗത്യം പൂര്‍ത്തിയാക്കിയത്.

“കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പെരിയാറിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും നശിച്ചത്.” പാലം ഗതാഗതയോഗ്യമാക്കുന്നതിന് നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഫ്രണ്ട്സ്ഫ് ഓഫ് കട്ടപ്പനയുടെ പ്രസിഡന്‍റ് അഡ്വ ജോഷി ജോസ് മണിമല ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

“അതോടെ നിര്‍ധനരായ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ താമസിക്കുന്ന മ്ലാമല ഗ്രാമം ഒറ്റപ്പെട്ടു പോയി.


മ്ലാമലയില്‍ കടകളൊന്നും ഇല്ല. എന്തെങ്കിലുമൊക്കെ വാങ്ങണമെങ്കില്‍ പോലും ഈ പാലം കടന്ന് ചപ്പാത്തിലെത്തണം.


“ഞായറാഴ്ചകളിലാണ് ഇവരിലേറെ പേരും ചപ്പാത്തിലേക്ക് വരുന്നതും അവശ്യസാധനങ്ങളൊക്കെ വാങ്ങി തിരിച്ചുപോവുന്നത്. അല്ലാത്ത ദിവസങ്ങളില്‍ ഇവര്‍ക്ക് പ്ലാന്‍റേഷനില്‍ ജോലിയുണ്ട്.

“കഴിഞ്ഞ ഞായറാഴ്ചയാണ് ഈ പാലം പണിയാന്‍ ഞങ്ങള്‍ വരുന്നത്. അന്നേദിവസം എങ്ങും പോകാനാകാതെ നില്‍ക്കുകയായിരുന്നു മ്ലാമലക്കാര്‍.

“കഴിഞ്ഞ രണ്ടുതവണയും നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി പാലം നവീകരിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള അനുകൂല നടപടിയൊന്നും ഇല്ലാത്തതു കൊണ്ട് ഇത്തവണ പാലം നന്നാക്കാന്‍ നാട്ടുകാരും ശ്രമിച്ചില്ല. ഞങ്ങള്‍ പാലം നിര്‍മ്മിക്കാന്‍ വരുന്നതിന്‍റെ ഏതാണ്ട് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാലത്തിന്‍റെ മുക്കാല്‍ ഭാഗവും വെള്ളത്തില്‍ ഒഴുകി പോയത്.

“പാലം തകര്‍ന്ന ഭാഗങ്ങളില്‍ കുറച്ച് കല്ല് ഇട്ടു കൊടുത്ത് നടക്കാന്‍ പറ്റുന്ന തരത്തിലൊരു സംവിധാനം ഒരുക്കി കൊടുക്കാമെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ മ്ലാമലയിലേക്ക് പോകുന്നത്,” ജോഷി ജോസ് മണിമല വിശദമാക്കുന്നു.

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയിലെ 25 അംഗങ്ങളാണ് മ്ലാമലയില്‍ വന്നത്. 11മണിയോടെ പണികള്‍ ആരംഭിച്ചു. പാലത്തിന് താഴെ ഒഴുക്കില്‍പ്പെട്ടുവന്ന മരത്തടികളും ചില്ലകളും നിറഞ്ഞ് ഒഴുക്ക് നിലച്ചിരുന്നു.

പാലം തകര്‍ന്ന ഭാഗത്തു കൂടിയാണ് വെള്ളം ശക്തിയായി ഒഴുകിയെത്തിയിരുന്നത്. പാലത്തിന് അടിയിലെ മരത്തടികള്‍ എടുത്ത് മാറ്റി ഒഴുക്ക് സുഗമമാക്കാനാണ്  അവര്‍ ആദ്യം ശ്രമിച്ചത്.

“ഞങ്ങളുടെ കൂട്ടത്തിലെ രണ്ട് പേര്‍ വടം കെട്ടി പുഴയിലേക്കിറങ്ങി ഈ തടസങ്ങളൊക്കെ മാറ്റി. അതോടെ പാലം പൊളിഞ്ഞ ഭാഗത്ത് കൂടിയുള്ള വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കിന് ചെറിയൊരു ശമനം വന്നു.

“അതിനു ശേഷം കല്ലുകളും പാലത്തിന്‍റെ തന്നെ പൊളിഞ്ഞുവീണ കോണ്‍ക്രീറ്റ് കട്ടകളുമെടുത്ത് നിരത്തി തുടങ്ങി. കല്ലുകളിട്ട് ഏതാണ്ട് റോഡിനൊപ്പം വന്നതോടെ ജെസിബി കൊണ്ടു വന്ന് മണ്ണും കൂടിയിട്ട് ഉറപ്പിക്കുകയായിരുന്നു.

“കല്ലും മണ്ണും കൊണ്ട് പാലം പുനര്‍നിര്‍മിച്ചു, അതിലൂടെ വണ്ടി കയറ്റിയോടിച്ച് ക്ഷമത ഉറപ്പിക്കുകയും ചെയ്തു. അഞ്ച് മണിക്കൂര്‍ കൊണ്ട് പാലം ഗതാഗതയോഗ്യമാക്കി…” അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

“25 പേരുമായാണ് ഞങ്ങള്‍ പാലം നിര്‍മിക്കാനെത്തിയത്, എന്നാല്‍ പണി തീരുമ്പോഴേക്കും 120-ലധികം ആള്‍ക്കാരുണ്ടായിരുന്നു. പണി പുരോഗമിക്കുന്നതിനിടെ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഫേസ്ബുക്ക് പേജില്‍ ലൈവ് ചെയ്തിരുന്നു.

“അതുകണ്ട് പലരും ഞങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഇവിടേക്ക് വന്നു. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയിലെ മറ്റ് അംഗങ്ങള്‍ മാത്രമല്ല ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റ് (ഒസിവൈഎം), കട്ടപ്പന ഓഫ്റോഡ്സ് എന്നീ സംഘങ്ങളില്‍ പെട്ട യുവാക്കളും സന്നദ്ധപ്രവര്‍ത്തനത്തിനെത്തി.

“ഒസിവൈഎം-കാരുടെ കമ്മിറ്റി മീറ്റിങ്ങ് സമീപ പ്രദേശത്ത് നടക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു കാര്യം നടക്കുന്നുവെന്നറിഞ്ഞാണ് ഈ രണ്ടു സംഘങ്ങളും ഇവിടേക്ക് വന്നത്. “അതോടെ 120 പേരായി. അതോടെ എല്ലാവരും കൂടി പാലം പുനര്‍നിര്‍മ്മിച്ചു.”

ശാന്തിപ്പാലം പുനര്‍നിര്‍മ്മിക്കണമെന്നവാശ്യപ്പെട്ട് മ്ലാമലയിലെ ഫാത്തിമ ഹൈസ്കൂളിലെ കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് പാലം ഉടന്‍ നിര്‍മ്മിച്ചു നല്‍കണമെന്നു ഉത്തരവുമിട്ടിരുന്നു.

“ഏതാനും ദിവസം മുന്‍പായിരുന്നു ഹൈക്കോടതി ഉത്തരവ് വന്നത്. പക്ഷേ അതൊന്നും ഉടനെ നടക്കില്ലെന്ന തോന്നലിലും പിന്നെ പാലമില്ലാതെ വന്നാല്‍ അവിടുള്ളവര്‍ ഒറ്റപ്പെട്ടു പോകുമെന്ന തോന്നലിലുമാണ് ഞങ്ങള്‍ ഇറങ്ങിയത്.” എന്ന് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ സെക്രട്ടറി സൂര്യലാല്‍.

“ഏതാണ്ട് 100-മീറ്റര്‍ നീളമുണ്ടാകും ശാന്തിപ്പാലത്തിന്. മ്ലാമലയിലുള്ളവര്‍ക്ക് ചപ്പാത്തിലേക്കും മറ്റു പോകുന്നതിനുള്ള പ്രധാനമാര്‍ഗമിതാണ്. തേയിലത്തോട്ടങ്ങള്‍ക്കുള്ളിലൂടെ വേറൊരു വഴിയുണ്ട്.


ഇതുകൂടി വായിക്കാം: ‘പച്ചരി നനച്ചുതിന്ന് ഞാനും മോളും കഴിഞ്ഞിട്ടുണ്ട്’: കൂലിപ്പണിയെടുത്ത് പാവങ്ങളെ ഊട്ടുന്ന വിജി


“ആ റൂട്ട് അത്ര സുരക്ഷിതമല്ല. മുല്ലപ്പെരിയാറില്‍ നിന്ന് ഏറ്റവും ശക്തമായി വെള്ളമൊഴുകുന്ന ഇടം കൂടിയാണിത്. മുല്ലപ്പെരിയാറിലേക്ക് 12 കിലോമീറ്റര്‍ ദൂരം മാത്രമുള്ളൂ,” സൂര്യലാല്‍ കൂട്ടിച്ചേര്‍ത്തു.

പാലം നവീകരണശേഷം

പാലം ശരിയാക്കിയെടുക്കുന്നതിനിടെ  ശക്തമായ മഴയും പെയ്തു കൊണ്ടിരുന്നു. പക്ഷേ അതൊന്നും ഇവരെ നിരുത്സാഹപ്പെടുത്തിയില്ല.

“പാലം പണിയൊക്കെ കഴിഞ്ഞപ്പോ നാട്ടുകാര്‍ക്ക് വലിയ സന്തോഷമായി. സ്ത്രീകളില്‍ ചിലരൊക്കെ കരഞ്ഞു കൊണ്ടാണ് നന്ദി പറഞ്ഞത്. ഞങ്ങളും നിങ്ങള്‍ക്കൊപ്പം സഹായിക്കാന്‍ കൂടേണ്ടതായിരുന്നുവെന്നൊക്കെയാണ് നാട്ടുകാര്‍ പറഞ്ഞത്.”

സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പര്‍ ജസ്റ്റിന്‍ ജെസിബിയുടെ വാടകയായ 4,000 രൂപ കൊടുത്തു.

“ഭക്ഷണത്തിനുള്ള കപ്പയൊക്കെ ഞങ്ങള്‍ കൊണ്ടുവന്നിരുന്നു. കപ്പയൊക്കെ ഞങ്ങളെല്ലാവരും കൂടി വച്ചുണ്ടാക്കി കഴിക്കുകയായിരുന്നു. പാലം നിര്‍മ്മിക്കാന്‍ ഒരുമിച്ച ഈ 120 ആളുകള്‍ക്കിടയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയുമായി പരിചയമുള്ള ആരുമില്ലായിരുന്നുവെന്നതാണ് മറ്റൊരു കാര്യം,”  ജോഷി തുടരുന്നു.

“രാഷ്ട്രീയജാതിമത ചിന്തകളൊന്നുമില്ലാതെയാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ പ്രവര്‍ത്തനങ്ങള്‍. ഞങ്ങളുടെ കൂട്ടത്തില്‍ പൊലീസുകാരും അഭിഭാഷകരും ഡോക്റ്റര്‍മാരും മാധ്യമപ്രവര്‍ത്തകരും ബിസിനസുകാരും ഡ്രൈവര്‍മാരുമൊക്കെയുണ്ട്,” എന്ന് ജോഷി ജോസ് മണിമല.

അഞ്ച് വര്‍ഷം മുന്‍പാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പന എന്ന ജീവകാരുണ്യ സംഘടന ആരംഭിക്കുന്നത് എന്ന് സൂര്യലാല്‍.

“ആരുടെയും സ്പോണ്‍സര്‍ഷിപ്പൊന്നും ഇല്ലാതെ അംഗങ്ങളുടെ കൈയില്‍ നിന്നു പണമെടുത്താണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ആദിവാസി മേഖലകളിലും തോട്ടം തൊഴിലാളികള്‍ക്കുമെല്ലാം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തിരുന്നു.

നവീകരിച്ച പാലത്തിലൂടെ വാഹനങ്ങള്‍ സഞ്ചരിച്ചപ്പോള്‍

“കോവിഡ് 19-കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായത്തിനായി നൂറോളോം ടെലിവിഷനും സ്മാര്‍ട്ട്ഫോണുകളും വിതരണം ചെയ്തിരുന്നു.

“ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാന്‍ ആശ്രയമേകാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇതൊക്കെ വിതരണം ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കട്ടപ്പനയുടെ പരിസര പ്രദേശങ്ങളിലായിരുന്നു പ്രവര്‍ത്തനം.

“ഇനി കേരളമാകെ സഹായപ്രവര്‍ത്തനങ്ങളിലൂടെ സജീവമാകാനാണ് ശ്രമിക്കുന്നത്. ഫ്രണ്ട്സ് ഓഫ് കട്ടപ്പന അതിന്‍റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കേരളയായി രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
***

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.  വെബ്സൈറ്റ്


ഇതുകൂടി വായിക്കാം: ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം