രാത്രി ഒരുപാട് വൈകിയിരുന്നു. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ വൃദ്ധനായ ഒരച്ഛനും മകനും. രണ്ടുപേരും തീരെ ക്ഷീണിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ മകനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ആ വൃദ്ധന്‍ പുറത്തേക്ക് വന്നത്.
പുറത്ത് വാഹനങ്ങളൊന്നുമില്ല. രാത്രിയില്‍ ഒരു ഓട്ടോ പോലും കിട്ടില്ല, ചിലപ്പോള്‍.
അവരെക്കണ്ട് അബ്ദുള്‍ സത്താര്‍ തന്‍റെ സ്‌കൂട്ടറുമായി അടുത്തേക്ക് ചെന്നു.
“എന്‍റെ വീടും ആ ഭാഗത്താ, കേറിക്കോ,” സത്താര്‍ നുണ പറഞ്ഞു.
ഹൃദയത്തില്‍ തട്ടിയ, കലര്‍പ്പില്ലാത്ത നന്ദിയും കടപ്പാടും മറ്റെങ്ങനെയാണ് അറിയിക്കുക?
ആ പാതിരാക്ക് ആക്ടീവ സ്‌കൂട്ടറില്‍ രണ്ടുപേരെയും കൂട്ടി കുന്നും മലയും താണ്ടി പാണ്ടിയിലെത്തി. കര്‍ണ്ണാടക അതിര്‍ത്തിയിലാണ് ആ സ്ഥലം. അവിടെ അവരെ ഇറക്കി.
“ഇവടെ എവടെയാ വീട്,” ആ വൃദ്ധന്‍ ചോദിച്ചു.
“‘എന്‍റെ വീട് കാസര്‍ഗാഡാ..,” സത്താര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
“ദൈവമാണ് നിങ്ങള്‍ക്ക് ഞങ്ങളെ ഈ പാതിരായ്ക്ക് വീട്ടിലെത്തിക്കാന്‍ തോന്നിച്ചത്,” ആ പിതാവ് നിറഞ്ഞൊഴുകി. ഹൃദയത്തില്‍ തട്ടിയ, കലര്‍പ്പില്ലാത്ത നന്ദിയും കടപ്പാടും മറ്റെങ്ങനെയാണ് അറിയിക്കുക?
ഇതുകൂടി വായിക്കാം: ‘അപ്പോ, കാശില്ലാത്തോര്‍ക്കും വായിക്കണ്ടേ?’: സൗജന്യ ലൈബ്രറി ഒരുക്കാന്‍ ഈ മിടുക്കിക്കുട്ടി ഒരു മാസം കൊണ്ട് ശേഖരിച്ചത് 2,500 പുസ്തകങ്ങള്‍!
രാത്രി വഴിയില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് പേരെ കാസര്‍ഗോഡ് തളങ്കര ബാങ്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ സ്വന്തം വണ്ടിയില്‍ വീട്ടിലെത്തിച്ചിട്ടുണ്ട്, യാതൊരു പ്രതിഫലവും പറ്റാതെ.
കല്ലുകെട്ട് തൊഴിലാളിയായ സത്താര്‍ പണിയൊക്കെ ഒതുക്കി രാത്രിയാവുമ്പോള്‍ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തും. രാത്രിയില്‍ വാഹനം കിട്ടാതെ വിഷമിക്കുന്നവരെ തന്‍റെ സ്‌കൂട്ടറില്‍ വീട്ടിലെത്തിക്കും. രാവുവെളുക്കും വരെ ഇതുതുടരും. ആരും പ്രേരിപ്പിക്കാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ പത്തുപതിനാല് വര്‍ഷമായി സത്താര്‍ ഇത് ചെയ്യുന്നു, ഒരു ചിരിയല്ലാതെ മറ്റൊന്നും പകരം വാങ്ങാതെ.
ആരും പ്രേരിപ്പിക്കാതെ, അവകാശവാദങ്ങളൊന്നുമില്ലാതെ കുറെ വര്‍ഷങ്ങളായി സത്താര്‍ ഇത് ചെയ്യുന്നു
ഒരുതരത്തില്‍ പറഞ്ഞാല്‍ ആ വൃദ്ധന്‍ പറഞ്ഞത് ശരിയാണ്. ദൈവം തന്നെയാണ് സത്താറിനെ അവിടെയെത്തിച്ചത്.
അതിന് പിന്നില്‍ കണ്ണുനിറയ്ക്കുന്ന ഒരു ദുരന്തകഥയുണ്ട്.
ഒരുനാള്‍ രാത്രി മംഗലാപുരത്തു നിന്നും വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് കാഞ്ഞങ്ങാട് ഇറങ്ങിയപ്പോഴാണ് ഞാന്‍ സത്താറിനെ പരിചയപ്പെടുന്നത്. അഞ്ചാറ് വര്‍ഷമായിട്ടുണ്ടാകും. എന്നാല്‍ ഇതിന് മുന്‍പ് തന്നെ സത്താറിന്‍റെ കഥകള്‍ പലരില്‍ നിന്നായി കേട്ടിരുന്നു. എന്നെ ഞാന്‍ താമസിച്ചിരുന്ന കാസര്‍ഗോഡ് പഴയ ബസ്റ്റാന്‍റിലെ ആലിയ ലോഡ്ജില്‍ എത്തിച്ചപ്പോള്‍ സത്താറിനെക്കുറിച്ചറിയാന്‍ കൗതുകം തോന്നി.
ഇതുകൂടി വായിക്കാം: സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്
സ്വന്തം കൂടപ്പിറപ്പിനോടെന്ന പോലെ, അത്രയും വിശ്വാസത്തോടെ, സത്താര്‍ എന്നോട് ഉപ്പയെക്കുറിച്ചുള്ള നോവുന്ന ആ കഥ പറഞ്ഞു.
“എന്‍റെ ഉപ്പ വല്ലപ്പോഴുമേ വീട്ടിലെത്താറുള്ളൂ. അസൈനാറെന്നായിരുന്നു ഉപ്പയുടെ പേര്‍. കപ്പല്‍ ജോലിക്ക് പോകുന്നതിന് വല്ലപ്പോഴുമാണ് അവധി ലഭിക്കുക. ബോംബെയില്‍ നിന്നുള്ള മിഠായിപ്പൊതികളുമായാണ് ഉപ്പ എത്താറുള്ളത്. ഉപ്പ എത്ത്‌മ്പോള്‍ വീട്ടില്‍ ഉല്‍സവമാണ്. ഉമ്മ ചട്ടിപത്തിരിയും നെയ് പത്തിരിയും അരിപത്തരിയുമൊക്കെ ഉണ്ടാക്കും. വറുത്തരച്ച നല്ല കറിത്തരങ്ങളുമുണ്ടാകും.
ഉമ്മ ചട്ടിപത്തിരിയും നെയ് പത്തിരിയും അരിപത്തരിയുമൊക്കെ ഉണ്ടാക്കും
“ഉപ്പ വന്നതറിഞ്ഞാല്‍ കൂട്ടുകാരെല്ലാം വീട്ടിലൊത്തുകൂടും. ഉപ്പയുടെ ബോംബെ മിഠായി അവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ഒരു മിഥുന മാസത്തിലെ ചാറ്റല്‍ മഴയുള്ള പ്രഭാതത്തിലാണ് ഉപ്പ അവസാനമായി വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ എന്നെയും കൂട്ടി തലങ്കര മാലിക് ദിനാര്‍ മസ്ജിദില്‍ സുബഹി നിസ്‌കരിച്ചു. പ്രഭാത ഭക്ഷണത്തിന് ശേഷം ഇരുമ്പ് ട്രങ്ക് പെട്ടിയുമായി യാത്ര തിരിച്ചതാണ്.
പിന്നെ ഉപ്പ ഓര്‍മ്മയായി. രാത്രികാലങ്ങളില്‍ എന്നെങ്കിലും എന്‍റെ ഉപ്പ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിന്‍റെ ബെഞ്ചില്‍ കുറേ നേരമിരിക്കും. അപരിചതരുടെ കൂട്ടത്തില്‍ ആ മുഖം ഞാന്‍ തെരഞ്ഞുകൊണ്ടേയിരുന്നു.
“തിരികെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ കണ്ട് തുടങ്ങി. പേടിപ്പെടുത്തുന്ന ഇരുട്ടില്‍ വെളിച്ചത്തിന്‍റെ നിഴല്‍ തേടി നടക്കുന്ന മനുഷ്യരെ എന്‍റെ സ്‌കൂട്ടറിന് പിന്നില്‍ കയറ്റാന്‍ തുടങ്ങി. ഒരോ യാത്രയും എനിക്ക് തരുന്ന ആത്മ സംതൃപ്തി എത്രയോ വലുതാണ്.
അപരിചതരുടെ കൂട്ടത്തില്‍ ആ മുഖം ഞാന്‍ തെരഞ്ഞുകൊണ്ടേയിരുന്നു.
“ഒരു ദിവസം 200 രൂപ മുതല്‍ 300 രൂപ വരെ പെട്രോള്‍ അടിക്കാന്‍ ചെലവാകും. ഇതൊരു നഷ്ടമായി തോന്നിയിട്ടേ ഇല്ല.
“ഉപ്പയുടെ തിരോധാനത്തെക്കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞത് ഇതാണ്. കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്‍റെ എം വി കൈരളിയെന്ന കപ്പലിലായിരുന്നു ഉപ്പ ജോലി ചെയ്തിരുന്നത്. 51 പേരുമായി ഗോവയില്‍ നിന്നും കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റ്റോക്കിലേയ്ക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. തിരമാലയിലകപ്പെട്ട കപ്പലിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിട്ടില്ല. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും കപ്പലിന് എന്തുസംഭവിച്ചുവെന്ന് ഇന്നും കൃത്യമായ ഉത്തരമില്ല.”
1979 ജൂണ്‍ 30നാണ് നിറയെ ഇരുമ്പയിരുമായി കപ്പല്‍ പുറപ്പെട്ടത്. ഇന്ധനം നിറയ്ക്കാന്‍ ആഫ്രിക്കയിലെ ജിബൂത്തിയില്‍ എത്തേണ്ടതായിരുന്നു കപ്പല്‍. അവിടെ എത്തിയില്ലെന്ന വിവരം ജൂലൈ 11ന് ഷിപ്പിംഗ് കോര്‍പ്പറേഷന് ലഭിച്ചതോടെ ബോംബെ മിഠായിയുടെ മണമുള്ള പുത്തന്‍ ഉടുപ്പിന്‍റെ വാസനയുള്ള സ്വപ്നങ്ങള്‍ മങ്ങിപ്പോയി.
ഉപ്പയെ കാണാതായതോടെ പഠനം മതിയാക്കി എളയുപ്പായുടെ കൂടെ കല്ലുകെട്ട് പണിയ്ക്ക് പോകാന്‍ തുടങ്ങി
കപ്പല്‍ പാലസ്തീന്‍ ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തതാണെന്നും കടല്‍കൊള്ളക്കാര്‍ റാഞ്ചിയതാണെന്നുമെല്ലാം പ്രചരണങ്ങളുണ്ടായി. ഇന്നും ആ കപ്പല്‍ എവിടെ മറഞ്ഞുവെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ, അതിലുണ്ടായിരുന്ന ആളുകളും.
തന്‍റെ സന്തതസഹചാരിയായ ആക്ടിവ സ്‌കൂട്ടറില്‍ നേരം പുലരുന്നതുവരെ ഒറ്റപ്പെട്ടു പോകുന്ന യാത്രക്കാരെയും കാത്ത് സത്താര്‍ ഉണ്ടാകും. ദൂരസ്ഥലങ്ങളില്‍ നിന്നും കാസര്‍ഗോഡ് ട്രെയിനിറങ്ങി വാഹനം കിട്ടാത്ത അനേകം പേര്‍ സത്താറിന്‍റെ സഹായത്താല്‍ ലക്ഷ്യസ്ഥാനത്തെത്തിയിട്ടുണ്ട്. ഈ സേവനത്തിന് ഇതുവരെ ഒരാളോടു പോലും പ്രതിഫലം വാങ്ങിയിട്ടില്ല.
ആ നാണയം വീട്ടില്‍ ഒരു അമൂല്യനിധി പോലെ സത്താര്‍ സൂക്ഷിക്കുന്നു.
ഒരിക്കല്‍ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ദേളി സ്വദേശിയായ വയോധികനോട് ഒരു രൂപ പ്രതിഫലമായി വാങ്ങിയതാണ് ഇതിനുള്ള ഏക അപവാദം. ആ നാണയം വീട്ടില്‍ ഒരു അമൂല്യനിധി പോലെ സത്താര്‍ സൂക്ഷിക്കുന്നു. ദേളി, ബേക്കല്‍, ഉളിയത്തടുക്ക, മഞ്ചേശ്വരം തുടങ്ങി ജില്ലയിലെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും സത്താറിന്‍റെ സഹയാത്രികരായെത്തിയ നിരവധിയാളുകളുണ്ട്. പരിചിതരെന്നോ അപരിചിതിരെന്നോ വേര്‍തിരിവില്ലാതെ വാഹനം അന്വേഷിച്ചു നില്‍ക്കുന്ന എല്ലാവര്‍ക്കും അത്താണിയാണ് ഈ തൊഴിലാളി.
ഇതുകൂടി വായിക്കാം: ആറ് വര്‍ഷം, 312 ഒഴിവുദിനങ്ങള്‍, 500,00 മണിക്കൂര്‍! ഈ കെട്ടുപണിക്കാര്‍ സൗജന്യമായി നിര്‍മ്മിച്ചത് 18 സ്വപ്നക്കൂടുകള്‍
പകലന്തിയോളം കല്ലുകെട്ട് ജോലി ചെയ്ത ശേഷമാണ് രാത്രിയില്‍ സത്താറിന്‍റെ സൗജന്യ സ്‌കൂട്ടര്‍ സര്‍വ്വീസ്. രാത്രിയില്‍ ഉറക്കമൊഴിച്ചാല്‍ പിറ്റേന്ന് പണിക്കുപോവുന്നതെങ്ങനെയെന്നു ചോദിച്ചാല്‍ സത്താര്‍ അത് നിസ്സാരമായി തള്ളിക്കളയും. “ഉറക്കമൊഴിക്കുന്നതിന് എനിക്കൊരു മടിയുമില്ല. ഇപ്പോ അതെനിക്ക് ശീലമായി,” എന്ന് സത്താര്‍.
ഒരു ദിവസം ഒരാള്‍ക്കെങ്കിലും ഉപകാരം ചെയ്യാന്‍ കഴിഞ്ഞാന്‍ പുണ്യമായി കരുതുകയാണ് ഈ മനുഷ്യന്‍. ഭാര്യയും നാലു മക്കളുമുള്ള കുടുംബത്തിനുവേണ്ടി സമ്പാദിച്ചുവെക്കാനൊന്നും സത്താറിന് ഉദ്ദേശമില്ല. രണ്ടു സെന്‍റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ ഇല്ലായ്മകളുടെ നടുവിലാണിപ്പോഴും ആ കുടുംബം.
നഗരത്തില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന രാത്രികളില്‍ പോലും സ്‌നേഹസഹായവുമായി സത്താര്‍ നഗരത്തിലുണ്ടാവും.
റംസാന്‍ കാലത്ത് വഴിയാത്രക്കാര്‍ക്ക് നോമ്പുതുറക്കാനുള്ള വിഭവങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രമിക്കാറുണ്ട്. സന്മനസുള്ളവരുടെ സഹായം സ്വീകരിച്ച് പാവപ്പെട്ടവര്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള സഹായവും നല്‍കാനും സത്താര്‍ ശ്രമിക്കാറുണ്ട്.
പക്ഷേ, ഈയിടെയുണ്ടായ ഒരു ദുരനുഭവം ആ മനുഷ്യനെ വല്ലാതെ ഉലച്ചുകളഞ്ഞു.
രണ്ടുമാസം മുമ്പാണത്. നേത്രാവതി എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങി നഗരത്തിലൂടെ നടന്നുപോകുകയായിരുന്ന ഒരു യാത്രക്കാരനെ നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ച് എത്തിച്ച് രാത്രി ഒന്നരയോടെ മടങ്ങുകയായിരുന്നു സത്താര്‍. ഒരു ഇന്നോവയില്‍ എതിരെ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കാസര്‍ഗോഡേക്കുള്ള വഴി തിരക്കിയതായിരുന്നു തുടക്കം.
സത്താര്‍ ഒരു പൊന്തക്കാട്ടില്‍ പതുങ്ങിയിരുന്നു. അക്രമികള്‍ വിട്ടില്ല
“വഴി പറഞ്ഞുകൊടുത്തപ്പോള്‍ ‘എതിര്‍ഭാഗത്തേക്ക് പോയാല്‍ എന്താ എത്തില്ലെ’ എന്നായി. അറിയില്ല, ഞാന്‍ ഈ നാട്ടുകാരനല്ല എന്ന് പറഞ്ഞപ്പോള്‍ ‘എന്തിന് വന്നു’വെന്നായി ചോദ്യം. ഒരാളെ കൊണ്ടുവിടാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ പേര് ചോദിച്ചു. പേര് പറഞ്ഞതിന്‍റെ പിന്നാലെ തെറി പറഞ്ഞുകൊണ്ട് കൂട്ടത്തിലൊരുത്തന്‍ ഇറങ്ങിയത് വടിവാളുമായിട്ടാണ്.
“തൊട്ടടുത്തെത്തുമെന്നായപ്പോള്‍ ആന്തലോടെ സ്‌കൂട്ടറുമെടുത്ത് ആകാവുന്നത്ര വേഗത്തില്‍ ഓടി,” ആ സംഭവം ഓര്‍ക്കുമ്പോള്‍ ആ കണ്ണുകളില്‍ ഇപ്പോഴും ഭയം.
WATCH: “എല്ലാ ഹര്‍ത്താല്‍ ദിവസവും ഞാനിവിടെ ഉണ്ടാവും.”
“തിരിച്ചെടുത്ത ഇന്നോവ ഇരമ്പിക്കൊണ്ട് അടുത്തെത്തി. സ്‌കൂട്ടര്‍ റോഡിന്‍റെ രത്തുള്ള പൊന്തക്കാടിന്‍റെ ഇടയിലൂടെ ഇടവഴിയിലേക്ക് ഇട്ട് ഞാന്‍ ജീവനും കൊണ്ട് ഓടി,” ആ അന്‍പതുകാരന്‍ പറഞ്ഞു.
ജീവന്‍ തിരിച്ചുകിട്ടാന്‍ ഞാന്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചു
സത്താര്‍ ഒരു പൊന്തക്കാട്ടില്‍ പതുങ്ങിയിരുന്നു. അക്രമികള്‍ വിട്ടില്ല. അവര്‍ ടോര്‍ച്ചും തെളിച്ചുകൊണ്ട് അവിടെയെല്ലാം തെരയാന്‍ തുടങ്ങി.
മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍. “ജീവന്‍ തിരിച്ചുകിട്ടാന്‍ ഞാന്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചു,” എന്ന് സത്താര്‍.
കുറച്ചുനേരം തിരഞ്ഞതിന് ശേഷം അവര്‍ തിരിച്ചുപോയി. ഇന്നോവ സ്റ്റാര്‍ട്ട് ചെയ്ത് അവര്‍ പോയപ്പോഴാണ് ശ്വാസം നേരെ വീണത് എന്ന് സത്താര്‍.
തൊട്ടടുത്തു കണ്ട ഒരു വീട്ടിലേക്ക് പോയി കരഞ്ഞുവിളിച്ചപ്പോള്‍ വീട്ടുകാര്‍ പുറത്തേക്ക് വന്നു. അവര്‍ കൊടുത്ത വെള്ളം മുഴുവന്‍ ഒറ്റയിറക്കിന് കുടിച്ച് കാര്യം പറഞ്ഞു. സത്താര്‍ കൊണ്ടുചെന്നാക്കിയ ആള്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടു. സ്ഥലം ഏതെന്നറിയാത്തതിനാല്‍ വീട്ടുകാരുടെ കൈയില്‍ ഫോണ്‍ നല്‍കി.
ആ സംഭവത്തിന് ശേഷം സത്താര്‍ തനിക്കുപോലും ഇഷ്ടപ്പെടാത്ത ഒരു തീരുമാനമെടുത്തു.
അവര്‍ നല്‍കിയ വിവരമനുസരിച്ച് നേരത്തെ സത്താര്‍ വീട്ടിലെത്താന്‍ സഹായിച്ച അബ്ദുള്‍റഹ്മാന്‍ ഫൈസിയും അയല്‍വാസികളായ രണ്ട് ചെറുപ്പക്കാരും ബൈക്കുകളില്‍ സ്ഥലത്തെത്തി. ഫൈസിയുടെ വീട്ടില്‍ ആ രാത്രി തങ്ങി പുലര്‍ച്ചെയാണ് തിരികെ സ്വന്തം വീട്ടിലെത്തിയത് എന്ന് സത്താര്‍ ഓര്‍ക്കുന്നു.
എന്നാല്‍ സത്താറിനെ അടുത്തറിയുന്നവര്‍ക്കറിയാം ആ തീരുമാനം മാറാന്‍ അധികസമയമൊന്നും വേണ്ടിവരില്ല എന്ന്.
സത്താറിന്‍റെ യാത്രയെക്കുറിച്ചറിയുന്ന പ്രദേശത്തെ പോലീസ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു പ്രശസ്ത മലയാളി സംവിധായകന്‍ സത്താറിന്‍റെ ജീവിതം അഭ്രപാളികളിലെത്തിക്കാനുള്ള ശ്രമത്തിലുമാണ്.