4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ

പത്ത് വര്‍ഷം മുമ്പാണ് അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിച്ചും കൃഷി ചെയ്തും പ്രണയിച്ചും അവരിന്ന് പ്രകൃതിയുടെ വാത്സല്യത്തില്‍ സംതൃപ്തിയോടെ ജീവിക്കുന്നു

പ്രകൃതിയെ പ്രണയിക്കുന്ന രണ്ടു ചെറുപ്പക്കാര്‍–കണ്ണൂരുകാരന്‍ വിജിത്തും ആലപ്പുഴക്കാരി വാണിയും. രണ്ട് ദിക്കുകളിലിരുന്ന് പ്രകൃതിയെ സ്‌നേഹിച്ച ഇവര്‍ നാളുകള്‍ നീണ്ട സൗഹൃദത്തിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

​വാണിയും വിജിത്തും

പാരമ്പര്യരീതികളോട് ‘പോയിപണി നോക്കാന്‍’ പറഞ്ഞ്, താലികെട്ടില്ലാതെ, വില കൂടിയ ആടയാഭരണങ്ങളില്ലാതെ അവര്‍ ഒരുമിച്ചു. കല്യാണം കൂടാനെത്തിയവര്‍ക്ക് അവര്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയെടുത്ത അരിയുടെ ചോറു വിളമ്പി. വീട്ടുവളപ്പില്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ കൊണ്ട് സമ്പാറും അവിയലുമൊക്കെ ഉണ്ടാക്കി. എതിര്‍പ്പുകളുടെ മുനവെച്ച വാക്കുകളെ അവര്‍ ജീവിതം കൊണ്ട് നേരിട്ടു.

പത്ത് വര്‍ഷം മുമ്പാണ് അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിച്ചും കൃഷി ചെയ്തും പ്രണയിച്ചും അവരിന്ന് പ്രകൃതിയുടെ വാത്സല്യത്തില്‍ സംതൃപ്തിയോടെ ജീവിക്കുന്നു. നാലര ഏക്കറില്‍ നെല്ലും പച്ചക്കറിയും ആടും കോഴിയും താറാവുമൊക്കെയുണ്ട്. പത്ത് കുളങ്ങളും അയ്യായ്യിരത്തിലേറെ മരങ്ങളും കാവുകളും വാണിയുടെ ആലപ്പുഴയിലെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലുണ്ട്.

വൃക്ഷത്തൈ നട്ടുകൊണ്ട് ഒരുമിച്ച് ജീവിതം തുടങ്ങി: ​വാണിയും വിജിത്തും വിവാഹവേളയില്‍

രാസവളങ്ങളില്ലാതെ കൃഷി ചെയ്‌തെടുക്കുന്ന വെണ്ടയും തക്കാളിയും പാവലും പച്ചമുളകുമൊക്കെ വാങ്ങാനെത്തുന്നവര്‍ക്ക് നേരെ പറമ്പിലേക്കിറങ്ങാം. ആവശ്യമുള്ളത് പറിച്ചെടുക്കാം.

”2009 ലായിരുന്നു ഞങ്ങളുടെ വിവാഹം.. സൗഹൃദം ആരംഭിക്കുന്നത് അതിനും എത്രയോ നാളുകള്‍ക്ക് മുന്‍പാണ്. എന്‍റെ വീട് കണ്ണൂര്‍ കണ്ണപ്പുരത്താണ്,”വിജിത്ത് ആ പ്രണയകഥ പറഞ്ഞുതുടങ്ങി.


ഇതുകൂടി വായിക്കാം: തേങ്ങാപ്പാല്‍ സംഭാരം, തവിട് ചായ, ചക്കയില്‍ നിന്ന് തേന്‍ : അതിശയിപ്പിക്കുന്ന ജൈവ വിഭവങ്ങളുമായി ഉഷ


“ഞങ്ങളുടേതു പാരമ്പര്യമായി കാര്‍ഷികകുടുംബമാണ്. അങ്ങനെയാണെങ്കിലും ഞാന്‍ കൂടുതല്‍ കൃഷിയിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമായത് വാണിയുമായുള്ള സൗഹൃദത്തിനും വിവാഹത്തിനും ശേഷമാണ്.”
വാണിയുടെ വീട് ഹരിപ്പാടാണ്. അച്ഛന്‍ ഒരു ബിസിനസുകാരനായിരുന്നു–ആര്‍. വാസു. അമ്മ തങ്കമണി ടീച്ചര്‍.

വിവാഹസമ്മാനമായി മരത്തൈകള്‍

“ഇവരുടെ വീട്ടിലും കൃഷിയുണ്ടായിരുന്നു. നെല്ലായിരുന്നു കൂടുതല്‍. പണ്ടൊക്കെ ഇവിടുത്തെ പത്തായത്തിലും വീട്ടിലെ കട്ടിലിനു താഴെയുമൊക്കെ ചേനയും ചേമ്പും കാച്ചിലുമൊക്കെ കുന്നുകൂട്ടിയിട്ടിട്ടുണ്ടെന്നു അമ്മൂമ്മ പറയുമായിരുന്നു. പക്ഷേ പച്ചക്കറി കൃഷി സജീവമാക്കിയിട്ട് എട്ട് വര്‍ഷമാകുന്നതേയുള്ളൂ,”വിജിത്ത് പറഞ്ഞു.

“വാണി അമ്മൂമ്മയുടെയും അമ്മയുടെയും കൃഷി കണ്ട് വളര്‍ന്നയാളാണ്. അവള്‍ക്ക് പഠിക്കുന്ന കാലം തൊട്ടേ പരിസ്ഥിതിയും കൃഷിയും ഇഷ്ടമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് സ്വയം കൃഷി ചെയ്‌തെടുത്ത വിഭവങ്ങള്‍ കൊണ്ട് സദ്യയുണ്ടാക്കണമെന്ന് തീരുമാനിക്കുന്നത്.”

വിജിത്തിന് പൂര്‍ണസമ്മതം. പക്ഷേ, കൊയ്ത്ത് വൈകി. “പാടത്ത് വാണിയും ഞാനും പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും കൂടി ചേര്‍ന്നാണ് വിത്ത് പാകിയതും നെല്ല് കൊയ്തതും മെതിച്ചതുമൊക്കെ. നെല്ല് കൊയ്യാന്‍ വൈകിയപ്പോള്‍ വിവാഹം തന്നെ നീട്ടിവച്ചു.”

നവംബറിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. കൊയ്ത്ത് വൈകിയതോടെ അത് ഡിസംബറിലേക്ക് മാറ്റി. സദ്യയുടെ കറിക്കൂട്ടുകളും നമ്മുടെ പച്ചക്കറി തോട്ടത്തിലെ വിളവുകള്‍ തന്നെയായിരുന്നു. ഇതു വാണിയുടെ ആഗ്രഹമായിരുന്നു. സദ്യ മാത്രമല്ല വിവാഹവും വളരെ ലളിതമായിരുന്നു. സ്വര്‍ണാഭരണങ്ങളോ വില കൂടിയ പട്ടുസാരികളോ ഒന്നും ഇല്ലായിരുന്നു. മുണ്ടും നേര്യതുമായിരുന്നു വാണിയുടെ വേഷം.


മണ്ണുത്തിയിലെ ഒരു ക്യാംപിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്.


“വിവാഹത്തിന്‍റെ അന്നും ഞങ്ങള്‍ ഒത്തിരി മരം നട്ടിരുന്നു. വാണിയുടെ കോളെജിലെ കുട്ടികള്‍ കുറേ വൃക്ഷതൈകള്‍ കൊണ്ടുവന്നിരുന്നു. അതൊക്കെ വിവാഹത്തിന്‍റെ അന്ന് നട്ടു. വിവാഹ നിശ്ചയത്തിന് ഇലഞ്ഞിമരമാണ് നട്ടത്. ചടങ്ങുകളൊന്നും ഇല്ലായിരുന്നു. താലിയൊന്നും കെട്ടിയില്ല, ഇന്നും താലിയില്ല. വിവാഹം രജിസ്റ്റര്‍ ചെയ്തു അത്രമാത്രം.”

ഇതൊന്നും അത്ര എളുപ്പമായിരുന്നില്ല എന്ന് അവര്‍ ഓര്‍ക്കുന്നു. വീടുകളില്‍ നിന്ന് നല്ല എതിര്‍പ്പുണ്ടായിരുന്നു.

“പരിസ്ഥിതി പ്രവര്‍ത്തകരായ ശിവപ്രസാദ് മാഷും മോഹന്‍മാഷും കല്യാണത്തിന് കുറേ സഹായങ്ങള്‍ ചെയ്തു. കല്യാണത്തിന് എത്തിയ ശിവപ്രസാദ് മാഷ് കല്യാണവേദിയില്‍ വച്ച് പറഞ്ഞു, അനാചാരങ്ങള്‍ ഭാരമാകുമ്പോള്‍ മാറിചിന്തിക്കാന്‍ യുവ തലമുറയ്ക്ക് കഴിയട്ടെ അതിന്‍റെ ഒരു തുടക്കമാകട്ടെ ഈ വിവാഹം.. ഈ വാക്കുകളില്‍ തന്നെ കല്യാണത്തിന് വന്നവരില്‍ ഏറെയും വീണുവെന്നു പറയാം.

കല്യാണം കൂടാനെത്തിയവരൊക്കെ ഞങ്ങളെ അഭിനന്ദിച്ച് സംസാരിച്ചതോടെ എല്ലാവരും ഹാപ്പിയായി. എന്‍റെ വീട്ടില്‍ വിശ്വാസസംബന്ധമായ പ്രശ്‌നം ഒന്നും ഇല്ലായിരുന്നു. വാണിയുടെ വീട്ടുകാര്‍ക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നു. വാണിയുടെ വീട്ടുകാരെ സങ്കടപ്പെടുത്തുന്നതിലായിരുന്നു എന്‍റെ വീട്ടുകാര്‍ക്ക് പ്രശ്‌നം. പക്ഷേ വാണി ശക്തമായ നിലപാടെടുത്തു. അങ്ങനെ എല്ലാവരും പിന്തുണച്ചു..” വിജിത്ത് പറയുന്നു.

എ മോഹന്‍കുമാര്‍ (ഫോട്ടോ: ഫേസ്ബുക്ക് / വിജിത്ത്)

”12 വര്‍ഷമാകുന്നു ഞങ്ങള്‍ ഒരുമിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്…. മണ്ണുത്തിയിലെ ഒരു ക്യാംപിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. വാണിയാണ് ആ ക്യാംപ് കണ്ടക്റ്റ് ചെയ്തത്.. അങ്ങനെ പരിചയപ്പെട്ടു.. അന്നാളില്‍ എനിക്ക് ഈ ഞാവല്‍ പഴത്തിന്‍റെയും മറ്റും കുരു മുളപ്പിച്ച് തൈയാക്കുന്ന പരിപാടിയുണ്ടായിരുന്നു. അവള്‍ അത് ആവശ്യപ്പെട്ടപ്പോ അയച്ചു കൊടുത്തു.

“പിന്നെ വീണ്ടും വീണ്ടും പലയിടങ്ങളില്‍ വച്ചു കണ്ടുമുട്ടി. ആ സൗഹൃദം വളര്‍ന്നു. പിന്നീട് ഒരുമിച്ച് ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ കല്യാണത്തിന് മുന്‍പേ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ പരിസ്ഥിതി ശാസ്ത്രം പഠിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയിരുന്നു. അങ്ങനെയാണ് സൗഹൃദം ദൃഢമാകുന്നത്.

വിജിത്ത്

“വാണി പഠിച്ചതും കൃഷിയാണ്. എന്‍ട്രന്‍സില്‍ നല്ല മാര്‍ക്കുണ്ടായിരുന്ന വാണിക്ക് വേണമെങ്കില്‍ മെഡിസിന് ചേരാമായിരുന്നു. എന്നിട്ട് അതുപേക്ഷിച്ചാണ് വാണി മണ്ണുത്തി കാര്‍ഷിക യൂനിവേഴ്‌സിറ്റിയില്‍ അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍ ചേരുന്നത്. കൃഷി തന്നെ പഠിക്കുമെന്ന് വീട്ടുകാരോട് വാശി പിടിച്ച് തന്നെയാണ് അവള്‍ പഠിച്ചത്.”

”ബിടെക്ക് കഴിഞ്ഞ് തൃശൂര്‍ അത്താണിയില്‍ കെ എസ് ഇ ബിയില്‍ കുറച്ചുകാലം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്നാളിലാണ് പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് എഴുതുന്നത്. അന്നാളിലൊക്കെ അച്ഛനും അമ്മയുമാണ് വീട്ടിലെ കൃഷി നോക്കിയിരുന്നത്. പ്ലസ് ടു പഠിച്ചിറങ്ങിയ ശേഷം എന്താണ് പിന്നെ പഠിക്കേണ്ടതെന്നു കൃത്യമായ ധാരണയില്ലായിരുന്നു. എന്‍ജിനീയറിങ് പഠിക്കാന്‍ പറഞ്ഞു, ഞാന്‍ പഠിച്ചു അത്രമാത്രം. കുസാറ്റിന്‍റെ തലശേരി എന്‍ജിനീയറിങ് കോളെജില്‍ നിന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പാസാകുന്നത്. അത്ര താത്പ്പര്യത്തോടെ എടുത്തതല്ല എന്‍ജിനീയറിങ്.

“പിന്നെ കോളെജില്‍ പരിസ്ഥിതി ക്ലബും മറ്റുമായി സജീവമാകാന്‍ സാധിച്ചു. ഞാനൊക്കെ പരിസ്ഥിതി രംഗത്തേക്ക് വരാന്‍ തന്നെ കാരണം ശിവപ്രസാദ് മാഷ് എന്ന പ്രകൃതി സ്‌നേഹിയായിരുന്നു. മാഷും എ. മോഹന്‍ കുമാര്‍ മാഷും കെ.വി.ദയാലുമാണ് എന്നെ ഈ രംഗത്തേക്ക് വരുന്നതിന് പ്രേരിപ്പിച്ചത്. യാത്രകളും പുസ്തകങ്ങളുമാണ് വാണിയെ പരിസ്ഥിതിയിസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതെങ്കില്‍ എന്നെ സ്വാധീനിച്ചത് ഇവരൊക്കെയാണ്. … ആറളം വന്യജീവി സങ്കേതത്തില്‍ ഒരു ക്യാംപില്‍ വച്ചാണ് ശിവപ്രസാദ് മാഷിനെ പരിചയപ്പെടുന്നത്. ആ ക്യാംപ് ആണ് എന്‍റെ ജീവിതത്തെ മാറ്റിച്ചതും,” എന്ന് വിജിത്ത്.

ഡാണാപ്പടിയില്‍ നാലര ഏക്കര്‍ ഭൂമിയിലാണ് വാണിയും വിജിത്തിന്‍റെയും കൃഷി.
”നാലര ഏക്കര്‍ ഭൂമിയില്‍ 10 കുളങ്ങളുണ്ട്. രണ്ട് കുളങ്ങള്‍ നേരത്തെയുണ്ടായിരുന്നു. കുളങ്ങളുടെയും കാവിന്‍റെയും പ്രാധാന്യം മനസിലാക്കി പിന്നീട് കൂടുതല്‍ നിര്‍മിക്കുകയായിരുന്നു. വാണി നീര്‍ത്തടപദ്ധതിയില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന്‍റെ പരിചയത്തിലാണ് കുളമുണ്ടാക്കിയത്. കുളമുള്ളതിന്‍റെ ഗുണങ്ങള്‍ കിട്ടിയിട്ടുമുണ്ട്.

തോട്ടത്തില്‍ നിന്നും പലതരം വെണ്ടകള്‍

“നേരത്തെ വെള്ളം കുറയുന്ന ഒരു സാഹചര്യമുണ്ടായിരുന്നു, എന്നാലിപ്പോള്‍ കുളമൊക്കെ വന്നതോടെ വെള്ളം വറ്റുന്ന സാഹചര്യമുണ്ടാകുന്നില്ല. കൃഷിക്ക് കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുള്ള ഉപയോഗമെന്താണെന്നു വച്ചാല്‍ കുളത്തില്‍ കാരിയുണ്ട്. ഇതിന്‍റെ അവശിഷ്ടങ്ങളും പിന്നെ കോഴിയും താറാവുമൊക്കെ ഇറങ്ങുന്ന കുളമാണ്.. അതിന്‍റെ വേസ്റ്റുകളുമൊക്കെ ഈ കുളത്തില്‍ നിറയുന്നുണ്ട്.

നാടന്‍ പയറിനങ്ങള്‍ പലതും ഇവിടെയുണ്ട്.

“അങ്ങനെ നല്ല വളമുള്ള വെള്ളമാണ് കുളത്തിലേത്. അതുപോലെ തന്നെ കുളത്തിന് ചുറ്റും നല്ല കാടുണ്ട് ആ മരങ്ങളിലെ കരിയിലയും കുളത്തിലേക്ക് വീഴും. അങ്ങനെ നല്ല വളക്കൂറുള്ള വെള്ളമാണ് കുളത്തിലേത്. ഇതാണ് കൃഷി ഉപയോഗിക്കുന്നത്. ഇതു കൂടാതെ കൃഷി ആവശ്യത്തിന് വലിയൊരു കുളം വേറെയുമുണ്ട്. പിന്നെ കുളിക്കാനുള്ള കുളമുണ്ട്. ജീവജാലങ്ങള്‍ക്ക് വേണ്ടിയൊരു കുളമുണ്ട്. കലാവസ്ഥയില്‍ എപ്പോഴും ഒരു നനവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുളവും കാവുമൊക്കെ ഉണ്ടാക്കിയിരിക്കുന്നത്.

കാരിയും ചെമ്പല്ലിയും മാത്രമല്ല ആമ, വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകളും കുളക്കോഴിയും എല്ലാമുണ്ട് ഈ കുളങ്ങളില്‍. കാവ് നേരത്തെ തന്നെയുണ്ടായിരുന്നു. പിന്നെ കുറച്ചു കൂടി മരങ്ങള്‍ ചേര്‍ത്തു വിപുലമാക്കിയിട്ടുണ്ട്. വാണിയും അവരുടെ കൂട്ടുകാരുമൊക്കെ ചേര്‍ന്ന് മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ജൈവകലവറിയില്‍ കുട്ടികള്‍ക്കായുള്ള കളിപ്പാട്ടപ്പങ്ങള്‍.

വാണി യാത്ര പോകുമ്പോഴും മറ്റും കിട്ടുന്ന തൈകളും വിത്തുകളുമൊക്കെയാണ് ഈ കാവില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. പലതും കായ്ച്ചു തുടങ്ങി. കാവുകളുടെ എണ്ണമൊന്നും പറയാനാകില്ല.. തിങ്ങിനിറഞ്ഞുനില്‍ക്കുകയല്ലേ.. കുറേ മരങ്ങളുണ്ട്. കൂടുതലും കാട്ടുമരങ്ങള്‍ തന്നെയാണ്. കുറേ വെറൈറ്റികളുണ്ട്.

കരിത്തോട്ട, നാഗപ്പൂമരം, നെടുംപിരി, തൊട്ടാല്‍ പൊള്ളുന്ന ചാരുമരം, താന്നിമരം, അത്തി, ആല്‍, സമുദ്രപ്പഴം, വേങ്ങ, അശോകം, ഇലഞ്ഞി, മഞ്ചാടി, ആറ്റുകടമ്പ്, കരിഞ്ഞോട്ട, പാല, അരയാല്‍, മാവുകള്‍ ഇങ്ങനെ ഏതാണ്ട് അയ്യായ്യിരത്തോളം വെറൈറ്റി മരങ്ങളുണ്ട്. സപ്പോട്ട, പേര, പ്ലാവ്, മാവ്, പൈനാപ്പിള്‍, അത്തിപ്പഴം,മധുരനെല്ലി, ചാമ്പയ്ക്ക,ആത്തച്ചക്ക, മുള്ളാത്ത എന്നിങ്ങനെ ഫലവൃക്ഷങ്ങളും ഏറെ. പിന്നെ മുളയുടെ വെറൈറ്റികളും ഇവിടെ കാണാം. പത്തിലേറെ വെറൈറ്റിയുണ്ട്. ഈറ്റയുടെ വ്യത്യസ്ത ഇനങ്ങള്‍… 12 വര്‍ഷത്തിലേറെയായുള്ള ശ്രമഫലമാണ് ഈ മരങ്ങള്‍ ഇവിടെ പച്ചവിരിച്ചു നില്‍ക്കുന്നത്.

വാണി തന്നെയാണ് ഈ കാടിന് പിന്നില്‍. ഞാനും സുഹൃത്തുക്കളും പിന്തുണ നല്‍കി. പിന്നെ വീട്ടില്‍ സുഹൃത്തുക്കളൊക്കെ വരുമ്പോള്‍ അവര്‍ക്ക് വൃക്ഷതൈ നല്‍കും, അവരത് നട്ടിട്ടേ പോകൂ. അങ്ങനെ പലരും നട്ട മരങ്ങളാണിവിടെ നിറഞ്ഞുനില്‍ക്കുന്നത്. ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്. സ്ഥലവും കലാവാസ്ഥയുമൊക്കെ നോക്കി ഇപ്പോഴും ഇവിടെ വരുന്നവര്‍ ഒരു തൈയെങ്കിലും നടാറുണ്ട്”.


ഇതുകൂടി വായിക്കാം:കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


പച്ചക്കറിയും നെല്ലും മരങ്ങളും കാവും കുളങ്ങളും ഇതിനൊപ്പം കൃഷിയിടത്തില്‍ തന്നെ പ്രകൃതിയുടെ ജൈവകലവറ എന്ന ഓര്‍ഗാനിക് ഷോപ്പുമുണ്ട്. ഇവിടെ കൃഷി ചെയ്‌തെടുക്കുന്ന വിഭവങ്ങള്‍ മാത്രമല്ല തുണിബാഗുകള്‍, പഴ്സുകള്‍, പെയ്ന്റിങ്ങുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും അവിടെ കിട്ടും. പച്ചക്കറിയൊക്കെ ഈ മുറ്റത്തെ വിഭവങ്ങളാണെങ്കില്‍ തുണി ബാഗും ചിത്രങ്ങളുമൊക്കെ കണ്ണൂരില്‍ നിന്നുള്ളതാണെന്ന് പറയുന്നു വിജിത്ത്.

”അമ്മയും അനുജത്തിയും വരയ്ക്കും. തുണിയില്‍ നിന്ന് ബാഗും പേഴ്‌സുമൊക്കെ അമ്മയാണ് നിര്‍മിക്കുന്നത്. കുറേ കരകൗശല വസ്തുക്കള്‍ അമ്മയുണ്ടാക്കുന്നുണ്ട്. അതൊക്കെ ഇവിടെ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഈ കടയുടെ ഇരിപ്പിടത്തിലൊക്കെ അനിയത്തി അഷിതയാണ് വരച്ചത്. അച്ഛന്‍റെ പേര് വി.സി. വിജയന്‍, അധ്യാപകനായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ അച്ഛന്‍ കണ്ണൂര്‍ ജില്ല ജൈവകര്‍ഷക സമിതിയുടെ ഭാരവാഹിയാണ്. അമ്മ അജിത.

“അഷിതയും അമ്മയും ചിത്രംവരയൊന്നും പഠിച്ചിട്ടൊന്നുമില്ല. കണ്ണൂരിലെ വീടിന്‍റെ ചുമരുകള്‍ നിറയെ അഷിതയുടെ ചിത്രങ്ങളാണ്. ബയോ ഡൈവേര്‍സിറ്റിയില്‍ ബോര്‍ഡില്‍ ജോലി ചെയ്തിരുന്നു, ഇപ്പോള്‍ ഭര്‍ത്താവ് ലെനീഷിനൊപ്പം വയനാട്ടില്‍ കൃഷിയൊക്കെയായി ജീവിക്കുന്നു. 256ലധികം നെല്‍വിത്തുകളുടെ അപൂര്‍വ്വ ശേഖരമുള്ള കര്‍ഷകനാണ് ലെനീഷ്”.

”…ഞാനും വാണിയും ഒരുമിച്ചതോടെ നെല്ലിന് പുറമെ പച്ചക്കറിയ്ക്കും പ്രാധാന്യം നല്‍കി തുടങ്ങി. വെണ്ട, പയര്‍, തക്കാളി, പച്ചമുളക്, വഴുതന, കാന്താരി, പടവലം, കോവല്‍, പാവല്‍, ചീര.. ഇങ്ങനെ എല്ലാവിധ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ അനുസരിച്ചാണ് കൃഷി. ഇപ്പോ നല്ല വേനല്‍ ആണല്ലോ.. പച്ചമുളകും തക്കാളിയും വഴുതനയുമൊക്കെ ഇപ്പോ നട്ടിട്ടുണ്ട്. പിന്നെ പന്തല്‍ വെറൈറ്റീസ് പന്തലിലേക്ക് കയറി തുടങ്ങുന്നതേയുള്ളൂ. സീസണ്‍ അനുസരിച്ച് എല്ലാ കൃഷിയും ചെയ്യുന്നു. ഒന്നും ഒഴിവാക്കാറില്ല. അത്യാവശ്യം വൈവിധ്യങ്ങള്‍ എല്ലാ പച്ചക്കറിയിലുമുണ്ട്. വെണ്ട ആറു വെറൈറ്റീസ് ഉണ്ട്, വഴുതനയുടെയും വൈവിധ്യങ്ങളുണ്ട്, പിന്നെ കാച്ചിലിന്‍റെയും ചേമ്പിന്‍റെയും ഒരുപാട് വ്യത്യസ്ത ഇനങ്ങളുമുണ്ട്,” വിജിത്ത് കൂടുതല്‍ വാചാലനായി.

പച്ചക്കറിക്കൊപ്പം തന്നെ പശുവും ആടും കോഴിയുമൊക്കെയുണ്ട്. രണ്ട് കാളയും നാലു കാസര്‍ഗോഡ് കുള്ളന്‍ പശുവും ഒരു ഗീര്‍ പശുവുമുണ്ട്.
“കൃഷി തുടങ്ങിയ കാലം തൊട്ടേ നാടന്‍ പശുവുണ്ട്. ഇടയ്ക്കിടെ സുഹൃത്തുക്കള്‍ക്ക് പശുവിനെ നല്‍കാറുണ്ട്.. അവര്‍ ചിലപ്പോള്‍ നമുക്ക് പശുക്കളെ നല്‍കും. നാടന്‍ പശുവിന് പാല്‍ വളരെ കുറവേ ഉണ്ടാകൂ.. പാല്‍ അങ്ങനെ കറന്നു എടുക്കുകയില്ല. അതിനുള്ളതില്ല.” പശുക്കിടാവിന് അവകാശപ്പെട്ടതാണ് പാല്‍ എന്നാണ് അവര്‍ പറയുന്നത്.

“കോഴി, താറാവ്, ആട്.. കുറേയുണ്ട്. പിന്നെ മൂന്നാലു ദിവസം മുന്‍പ് മുയലും ഇവിടേക്കെത്തിയിട്ടുണ്ട്. മുയലിനെ നേരത്തെ വളര്‍ത്തിയിട്ടുണ്ട്. പക്ഷേ ചെറിയ കൂട്ടിനുള്ളില്‍ വളര്‍ത്തുന്നതിന്‍റെ ബുദ്ധിമുട്ട് കാരണം സുഹൃത്തുക്കള്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോ കുറച്ച് വലിയ കൂടൊക്കെ നിര്‍മിച്ചു.. അതിലാണിപ്പോള്‍ ഈ പുതിയ അതിഥിയെ താമസിപ്പിച്ചിരിക്കുന്നത്. മൂന്ന് മുയലുകളേയുള്ളൂ.. എങ്ങനെയാണെന്നു നോക്കിയിട്ട് കൂടുതല്‍ വളര്‍ത്തിയാല്‍ മതിയെന്നാണ് തീരുമാനം. നാടന്‍ കോഴി കുറേ വെറൈറ്റിയുണ്ട്. കുട്ടനാടന്‍ താറാവും വിഗോവ താറാവും വാത്തയുമൊക്കെയുണ്ട്.. മൂന്നുറിലേറെ താറാവുകളുണ്ട്,” വിജിത്ത് പറയുന്നു.

മത്സ്യകൃഷി ആരംഭിക്കണമെന്ന ആലോചനയിലാണ് വാണിയും വിജിത്തും. ”കാരി, വരാല്‍, ചെമ്പല്ലി പോലുള്ള നാടന്‍ മത്സ്യങ്ങളും എല്ലാം കുളത്തിലുണ്ട്. ഇടയ്ക്കിടെ കുളം വറ്റിക്കാറുണ്ട്. ആ സമയത്ത് മീനിനെ പിടിക്കും, അല്ലാതെ മത്സ്യകൃഷിയായിട്ട് ചെയ്തിട്ടില്ല. വൈകാതെ മീന്‍ കൃഷിയും ആരംഭിച്ചേക്കും. പത്ത് കുളത്തിലും മീനില്ല. മൂന്ന് കുളത്തില്‍ മാത്രമേ മീനുള്ളൂ. ബാക്കിയുള്ള കുളങ്ങള്‍ വറ്റുന്നതാണ്. നന്നായി ഈ കൃഷിരീതിയെക്കുറിച്ച് പഠിച്ച ശേഷം ആരംഭിക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മഴക്കാലം തൊട്ടേ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്.”

”ചാണകവും കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവും ഇവിടെ വളമാക്കുന്നുണ്ട്. പുറമേ നിന്ന് വളം വാങ്ങേണ്ടി വരുന്നില്ല. കീടനിയന്ത്രണത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഒരേ സ്ഥലത്ത് തന്നെ ഒരേ കൃഷി ചെയ്യാറില്ല. ലൈനൊക്കെ തിരിച്ചാണ് കൃഷി ചെയ്യുന്നത്. ഒരു ലൈനില്‍ പച്ചമുളകാണെങ്കില്‍ മറ്റേതില്‍ തക്കാളി.. അങ്ങനെ വ്യത്യസ്തമായിട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗം വരുന്നത് കുറയും. ഒരേ വിളകള്‍ തന്നെ അടുപ്പിച്ച് ചെയ്താല്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്. രോഗം കുറയ്ക്കാന്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ച് നട്ടാല്‍ മതി. ഞങ്ങള്‍ പരീക്ഷിച്ച് അറിഞ്ഞതാണിത്”.

കഴിഞ്ഞ വിഷുവരെ രാവിലെ വിളവ് എടുക്കുന്ന നേരം ആളുകള്‍ വീട്ടുമുറ്റത്ത് വന്നാണ് പച്ചക്കറികള്‍ വാങ്ങിയിരുന്നത് എന്ന് അവര്‍ പറഞ്ഞു. വിഷുക്കാലത്താണ് വാണിയും വിജിത്തും ഓര്‍ഗാനിക് ഷോപ് തുടങ്ങുന്നത്. കൃഷിയിടത്തിന്‍റെ നടുക്കാണ് കട. വാങ്ങാനെത്തുന്നവര്‍ തന്നെ തോട്ടത്തിലേക്കിറങ്ങി ആവശ്യമുള്ളത് ശേഖരിച്ച് കടയിലേക്ക് കൊണ്ടുവരും.

ജൈവകലവറയില്‍ നടന്ന കുട്ടികളുടെ ക്യാംപില്‍ നിന്നും.

“പഴയൊരു കെട്ടിടം വെര്‍ട്ടിക്കല്‍ ഗാര്‍ഡനൊക്കെ സെറ്റ് ചെയ്ത് ഞങ്ങള്‍ തന്നെ പുതുക്കിയാണ് ഷോപ്പാക്കിയത്. രാവിലെ ആറര മുതല്‍ ഒമ്പതര വരെ കട തുറന്നിരിക്കും. കൃഷിക്ക് സഹായത്തിന് ഒഡിസയില്‍ നിന്നുള്ള തൊഴിലാളികളാണുള്ളത്. പിന്നെ അമ്മയും എല്ലാത്തിനും ഒപ്പമുണ്ട്. വാണി, ഇപ്പോള്‍ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് കോച്ചിങ്ങ് ചേര്‍ന്നിരിക്കുകയാണ്.”

കൃഷി കാണാനും നിരവധിയാളുകള്‍ ഇവിടെ വരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവിടെ ക്യാപുകളും സംഘടിപ്പിക്കാറുണ്ട്. കളിപ്പാട്ട നിര്‍മാണം, നാടകക്കളരി, ജൈവ ഭക്ഷണം, പാചകം, കൃഷി അറിയല്‍ എല്ലാം കുട്ടികള്‍ക്കായുള്ള ക്യാംപിലുണ്ടാകും, വിജിത്ത് പറഞ്ഞു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം