വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍

നോക്കിനില്‍ക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പ്. ഓരോ വര്‍ഷവും റെക്കോഡ് തകര്‍ക്കാന്‍ മത്സരിക്കുന്ന ചൂട്. ചുട്ടുപഴുത്ത കോണ്‍ക്രീറ്റ് കൂരയ്ക്കുള്ളില്‍ നിന്ന് ഏതെങ്കിലും കാടിന്‍റെ തണുപ്പില്‍, സ്വസ്ഥതയില്‍ പോയൊളിക്കാന്‍ ഒരിക്കലെങ്കിലും മോഹിക്കാത്ത ആരുണ്ട്?

ണ്ട് ബെഡ്‌റൂമൂം, അതിഥികള്‍ വന്നാല്‍ ഇരിക്കാന്‍ നല്ലൊരു ഹാളും. റൂം ബാത്ത്‌ അറ്റാച്ച്ഡായിരിക്കണം.
“പൂജാമുറി…?”
“ആയ്‌ക്കോട്ടെ.”
“പിന്നെ, വീടിന്‍റെ മുന്‍വശം കാണാന്‍ നല്ല ചേലുവേണം. നല്ല ഒരു പൂന്തോട്ടവും കാറ് കേറ്റി ഇടാനുള്ള സ്ഥലവും…”

നാടോടിക്കാറ്റ് (1987) എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ മദ്രാസ് നഗരത്തില്‍ വാടക വീട് അന്വേഷിച്ച് നടക്കുന്ന ദാസനും വിജയനും. (Photo: Video grab/ Millenniumcomedy) ആ സീന്‍ വീണ്ടും കാണാം.

പറഞ്ഞുവരുമ്പോ നമ്മുടെയൊക്കെ മനസ്സില്‍ വീടെന്നാല്‍ നാടോടിക്കാറ്റിലെ ദാസന്‍റെയും വിജയന്‍റേയും സ്വപ്‌നവീടു തന്നെയല്ലേ? ഇപ്പോഴാണെങ്കില്‍ ബെഡ്‌റൂമിന്‍റെ എണ്ണം കൂടും, മുറ്റം മുഴുവന്‍ ടൈലിട്ട് കളറാക്കും… അത്രേ ഉള്ളൂ മാറ്റം.


ചന്ദനമോ ചെമ്പകമോ ഒക്കെ മണക്കുന്ന പൂന്തോട്ടം ആരാണ് മോഹിക്കാത്തത്..?


ആയുഷ്‌കാലം മുഴുവന്‍ പണിയെടുത്ത് സമ്പാദിച്ചതിനോടൊപ്പം ഹൗസിങ്ങ് ലോണും ചേര്‍ത്ത് വീടുപണി തുടങ്ങും. അത് മിനുക്കി മിനുക്കി ഒടുക്കമെത്തുമ്പോഴേക്കും പോക്കറ്റിലെ അവസാനത്തെ തുട്ടും തീരും.

എങ്കിലും സ്വപ്‌നം കാണാന്‍ നമുക്ക് ലോണെടുക്കേണ്ടല്ലോ. സംഗതി അല്‍പ്പം കാല്പനികമാണെന്നൊക്കെ തോന്നാമെങ്കിലും  ‘അച്ചുവേട്ടന്‍റെ വീട്ടി’ലെ മനോഹരമായ ആ പാട്ടുപോലെ, ചന്ദനമോ ചെമ്പകമോ ഒക്കെ മണക്കുന്ന പൂന്തോട്ടം, മുറ്റത്ത് ഇത്തിരി പച്ചപ്പും കുളിരുമുള്ള ഒരുമൂല… ഇതൊക്കെ ആരാണ് മോഹിക്കാത്തത് !?

മുറ്റത്ത് ഇത്തിരി പച്ചപ്പും കുളിരുമുള്ള ഒരുമൂല (Image for representation: Photo/Pexels.com)

തിളയ്ക്കുന്ന വേനലില്‍ ചുട്ടുപഴുത്ത കോണ്‍ക്രീറ്റ് കൂരയ്ക്കുള്ളില്‍ നിന്ന് ഓടിപ്പോയി ഏതെങ്കിലും കാട്ടില്‍ ചെന്ന് പാര്‍ക്കാന്‍ ചിലപ്പോഴെങ്കിലും തോന്നാറില്ലേ? വീടിന് ചുറ്റും കാടുവളര്‍ത്തുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ അസൂയയോടെ വായിക്കാറില്ലേ…?

ഒരു സെന്‍റ് സ്ഥലം മാറ്റിവെച്ചാല്‍ നമ്മുടെ കുഞ്ഞ് പുരയിടത്തില്‍ പോലും കുളിരുപകരുന്ന ഒരു വനം വളര്‍ത്തിയെടുക്കാം. തിരുവനന്തപുരത്തെ ഹരി അതിന് നമ്മളെ സഹായിക്കും.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം


ജപ്പാനില്‍ പ്രചാരത്തിലുള്ള മിയാവാക്കി വനം വളര്‍ത്തലാണ് ഹരി കേരളത്തിന്‍റെ കാലാവസ്ഥയ്ക്കിണങ്ങുന്ന വിധത്തില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മുറ്റത്ത് ടൈല്‍ വിരിക്കാനും വീട്ടിനകത്ത് ഒരിക്കലും കത്തിക്കാത്ത പതിനായിരങ്ങളുടെ ഷോ വിളക്കുകളും എ.സിയും വെയ്ക്കാനുമുളള കാശുമതി പുരയിടത്തില്‍ ശുദ്ധവായുവും എയര്‍ കണ്ടീഷന്‌റുടെ തണുപ്പും സൗജന്യമായി നല്‍കുന്ന മിയാവാക്കി വനം വളര്‍ത്തിയെടുക്കാന്‍.

ഹരിയുടെ മിയാവാക്കി വനം. ഫോട്ടോ: മേരി സാമുവല്‍

ഇതില്‍ ഇഷ്ടത്തിനനുസരിച്ച് പൂമരങ്ങളോ ഫലവൃക്ഷങ്ങളോ തണല്‍മരങ്ങളോ നട്ടുവളര്‍ത്താം. വന്‍മരങ്ങള്‍ മാത്രമല്ല, അതിനോടു ചേര്‍ന്നുവളരുന്ന കുറ്റിച്ചെടികളും വള്ളിപ്പടര്‍പ്പുകളുമങ്ങനെ എന്തും. അഞ്ചു സെന്‍റില്‍ വീടും കഴിഞ്ഞുളള സ്ഥലത്തോ ഇത്രയൊക്കെ എന്ന് കണ്ണുതളളാന്‍ വരട്ടെ.


ഒരു സെന്‍റ് ഭൂമിയെങ്കിലും ഇതിനായി നീക്കിവെയ്ക്കാന്‍ ഉണ്ടായാല്‍ മതി


അതിനാണ് മിയാവാക്കി രീതി. എത്ര തരിശായ മണ്ണിനെയും റീച്ചാര്‍ജ് ചെയ്ത് അതാത് നാടിനിണങ്ങുന്ന മരങ്ങളും ചെടികളും പരമാവധി നട്ടുപരിപാലിച്ച് അതിനെ ഒരു സ്വാഭാവികവനമാക്കിയെടുക്കുന്നതാണ് മിയാവാക്കി രീതി. ചുരുങ്ങിയത് ഒരു സെന്‍റ് ഭൂമിയെങ്കിലും ഇതിനായി നീക്കിവെയ്ക്കാന്‍ ഉണ്ടായാല്‍ മതി എന്ന് ഹരി പറയുന്നു. പുളിയറക്കോണം മൈലമൂടുളള ഹരിയുടെ പുരയിടത്തില്‍ ഈ കത്തുന്ന വേനലിലും ഉള്ള് തണുപ്പിക്കുന്ന കാഴ്ച്ചയാണ് മൂന്നുസെന്‍റിലെ മിയാവാക്കി വനം.

ജപ്പാന്‍കാരനായ സസ്യശാസ്ത്രജ്ഞന്‍ അകിരാ മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ രീതി ഇപ്പോഴും ലോകമെങ്ങും പ്രചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഹരി. (വീഡിയോ താഴെ)

ഹരി തന്‍റെ മിയാവാക്കി നഴ്സറിയില്‍. ഫോട്ടോ: മേരി സാമുവല്‍

കോട്ടയത്തെ നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന ഹരിയ്ക്ക് പ്രകൃതിയോടുളള പ്രണയം പാരമ്പര്യമായി കിട്ടിയതാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സ്വാധീനം ആ ഇഷ്ടത്തെ കൂടുതല്‍ ഉറപ്പിച്ചു. മാധ്യമപ്രവര്‍ത്തനം പഠിക്കാനാണ് മുപ്പതുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെത്തുന്നത്. ജോലിയും കുടുംബവുമൊക്കെയായി പിന്നീട് അനന്തപുരിയില്‍ സ്ഥിരതാമസക്കാരനായപ്പോഴും നാട്ടുമരങ്ങളും വളളിയും പടര്‍പ്പുമൊക്കെയുളള വിശാലമായ പുരയിടമെന്ന സ്വപ്നം മനസ്സില്‍ താലോലിച്ചു.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


അതുകൊണ്ടാണ് കിഴ്ക്കാംതൂക്കായ, പാറയും വെട്ടുകല്ലും നിറഞ്ഞ മൈലമൂട്ടിലെ സ്ഥലം കിട്ടിയപ്പോള്‍ ഒന്നും നോക്കാതെ വാങ്ങിച്ചതും. തൊട്ടുമുമ്പിലൂടെ കരമനയാറ് ഒഴുകുന്നുണ്ടെങ്കിലും കുന്നിന്‍പുറത്ത് വെളളമെത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു എന്ന ഹരി ഓര്‍ക്കുന്നു.

ഹരിയുടെ മിയാവാക്കി വനം. ഫോട്ടോ: മേരി സാമുവല്‍

പത്തുകൊല്ലത്തോളം ഇവിടെ പല കൃഷിരീതികളും പരീക്ഷിച്ചു, കിട്ടാവുന്ന മരങ്ങളും നാട്ടുചെടികളുമൊക്കെ നട്ടുവളര്‍ത്തുന്നുണ്ട്. ഒരുഭാഗം ഒന്നും ചെയ്യാതെ വെറുതേയിട്ടു. പത്തുകൊല്ലം വെറുതേയിട്ടാല്‍ അവിടെ സ്വാഭാവികമായി കാടാവുമെന്നാണ് പലരും പറഞ്ഞും വായിച്ചും അറിഞ്ഞത്. പക്ഷേ, അങ്ങുമിങ്ങും ഓരോ മരം വളര്‍ന്നതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.

“മിയാവാക്കി കൃഷിരീതിയെക്കുറിച്ച് അനന്തിരവന്‍ പറഞ്ഞാണറിയുന്നത്. ആദ്യം കണ്ടതൊരു യൂട്യൂബ് വീഡിയോ ആണ്,”ഹരി പറഞ്ഞു. “പ്രകൃതി സംരക്ഷണത്തിനു നല്‍കിയ സംഭാവനകള്‍ക്ക് ബ്ലൂ പ്ലാനറ്റ് അവാര്‍ഡ് ലഭിച്ച ആളാണ് അകിരാ മിയാവാക്കി. ഒരു ഭൂപ്രദേശം സ്വാഭാവിക വനമായി മാറണമെങ്കില്‍ നൂറ് വര്‍ഷമെങ്കിലുമെടുക്കും. വെള്ളക്കുറവും ഫലപുഷ്ടിയില്ലാത്തതുമായ മണ്ണിലാണെങ്കില്‍ അതിലേറെ സമയമെടുക്കുന്ന പ്രക്രിയയാണത്.

“നോക്കിനില്‍ക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിന് മറുപടി സാദ്ധ്യമായത്ര വേഗത്തില്‍ വളര്‍ത്തിയെടുക്കാവുന്ന പച്ചപ്പ് തന്നെയാണ്. ഹെക്ടര്‍കണക്കിന് ഭൂമി ഏറ്റെടുത്ത് വനം വളര്‍ത്തിയെടുക്കുക ഇനിയുളള കാലത്ത് അത്രയെളുപ്പം പ്രാവര്‍ത്തികവുമല്ല. ലഭ്യമായ ഭൂമിയെ വനമാക്കി മാറ്റുന്നിടത്താണ് മിയാവാക്കി രീതിയുടെ പ്രസക്തി. പ്രത്യേകമായി പാകപ്പെടുത്തിയെടുത്ത മണ്ണില്‍ പരിചരിക്കുന്ന ചെടികള്‍ ആരോഗ്യത്തോടെ അതിവേഗം വളരുകയും, പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ കൊണ്ട് സ്വാഭാവികമായ കാടിന്‍റെ ആവാസവ്യവസ്ഥ രൂപപ്പെടുകയും ചെയ്യും.

ശുഭേന്ദു ശര്‍മ്മ എന്ന മിയാവാക്കി വിദഗ്ദന്‍ ബംഗളുരുവില്‍ ഒരു തുണ്ടുഭൂമിയില്‍ വളര്‍ത്തിയെടുത്ത പച്ചപ്പ്. (Read Shubhendu Sharma’s story here)

“പതിനെട്ട് വര്‍ഷം കൊണ്ട് ഇത്തരത്തില്‍ ആയിരത്തിമൂന്നൂറോളം സൈറ്റുകളാണ് ജപ്പാനില്‍ത്തന്നെ മിയാവാക്കി കാട്ടുതുരുത്തുകളാക്കി മാറ്റിയത്. സംഗതി കൊളളാമെന്നു തോന്നിയപ്പോള്‍ പുസ്തകങ്ങളും ഇന്‍റെര്‍നെറ്റും വഴി കൂടുതല്‍ അറിഞ്ഞു. ആദ്യം സ്വന്തം സ്ഥലത്ത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.” സ്വന്തമായി മിയാവാക്കി പരീക്ഷിക്കാനുള്ള ആവേശം അങ്ങനെയാണ് ഉണ്ടാവുന്നത്.

മിയാവാക്കി വനം നമുക്കും വളര്‍ത്താം

ഒരു മിയാവാക്കി വനം എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ഹരി പറഞ്ഞുതരുന്നു:
മണ്ണിനെ വളക്കൂറുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുക എന്നതാണ് മിയാവാക്കി രീതിയുടെ ആദ്യപടി. ഇവിടെ വീഴുന്ന വിത്തായാലും തൈയായാലും നാമ്പെടുക്കാതെ പോകരുത്. അതിനായി ഒരുമീറ്റര്‍ ആഴത്തില്‍ വരെ മേല്‍മണ്ണ് മാറ്റി ചാണകപ്പൊടിയും ചകിരിച്ചോറും ജൈവകമ്പോസ്റ്റും ചേര്‍ത്ത മണ്ണ് നിറച്ച് പരുവപ്പെടുത്തണം. മള്‍ച്ചിങ്ങ് എന്നാണിതിനു പറയുക. മിയാവാക്കി കൃഷിരീതിയുടെ ഏറ്റവും ചിലവേറിയ ഘട്ടവും ഇതുതന്നെയാണ്.

ഹരി തന്‍റെ മിയാവാക്കി നഴ്സറിയില്‍. ഫോട്ടോ: മേരി സാമുവല്‍

ഇങ്ങനെ പരുവപ്പെടുത്തിയ നിലത്താണ് തൈകള്‍ നടുന്നത്. നടുമ്പോള്‍ മുതല്‍ മൂന്നു വര്‍ഷത്തേക്ക് ചെടികള്‍ക്ക് നിരന്തരമായ പരിചരണം ആവശ്യമാണ്. മണ്ണൊരുക്കലും തൈകളുടെ പരിചരണവുമെല്ലാം ചേര്‍ന്ന് ഒരു സെന്‍റിന് ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. നീര്‍വാര്‍ച്ചയും ഫലപുഷ്ടിയുമുളള മണ്ണാണ്ണെങ്കില്‍ ചെലവ് കുറയും.

അതുപോലെ വീടിനോട് ചേര്‍ന്നാണെങ്കില്‍ ഇവയുടെ പരിപാലനം സ്വയം ചെയ്യുന്നതിലൂടെയും ചെലവ് കുറയ്ക്കാനാകും.

അടുത്ത മിയാവാക്കി വനത്തിനായി മണ്ണൊരുക്കന്നു. ഫോട്ടോ: മേരി സാമുവല്‍

പുതിയ വീടുവെയ്ക്കാനായി സ്ഥലം വാങ്ങുമ്പോള്‍ത്തന്നെ മിയാവാക്കിരീതി കൂടി പ്ലാനിടുകയാണെങ്കില്‍ നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന ഫലവൃക്ഷങ്ങളും അടുക്കളത്തോട്ടവും ഔഷധച്ചെടികളുമൊക്കെ ചേരുന്ന തണലിടം വളര്‍ത്തിയെടുക്കാവുന്നതാണ്. വീട്ടുമുറ്റത്ത് ഇത്തരത്തില്‍ മൂന്ന് ഡിഗ്രി വരെ ചൂടും കുറയും.


ഇതുകൂടി വായിക്കാം: ആനന്ദ ഫാമിങ്, പ്രോജക്ട് എര്‍ത്ത് വേം;15-ാംവയസ്സില്‍ ചെലവില്ലാ പ്രകൃതി കൃഷി തുടങ്ങിയ ‘കുട്ടിക്കര്‍ഷകന്‍റെ’ സ്വപ്നപദ്ധതികള്‍


ഹരിയുടെ മൂന്നുസെന്‍റില്‍ നാനൂറോളം സസ്യജാതിയില്‍ പെട്ട തൈകളുണ്ട്. അരയാല് മുതല്‍ തൊട്ടാല്‍ പൊളളുന്ന ചേരും അതിനു മറുമരുന്നായ താന്നിയും അപൂര്‍വ്വമായ അപ്പകുടുക്കയും മഞ്ഞണാത്തിയും മഞ്ചാടിയും മുതല്‍ ചങ്ങലപ്പരണ്ടയും താമ്രവള്ളിയും അമൃതവള്ളിയും സര്‍പ്പഗന്ധിയും പോലുളള ഔഷധച്ചെടികളും ദശപുഷ്പമെന്ന് കേള്‍വികേട്ട കറുകയും മുക്കുറ്റിയും മുയല്‍ചെവിയനും വിഷ്ണുക്രാന്തിയുമടങ്ങുന്ന പത്തുനാട്ടുചെടികളുമെല്ലാം കരുത്തോടെ വളര്‍ന്നുനില്‍പ്പുണ്ടീ നാനോകാട്ടില്‍.

അമൃതവള്ളി. ഫോട്ടോ: മേരി സാമുവല്‍

ഒറ്റവര്‍ഷം കൊണ്ട് മരങ്ങള്‍ മിക്കവാറും പന്ത്രണ്ടടിയോളം വളര്‍ന്നുകഴിഞ്ഞു. അവയൊരുക്കുന്ന തണലിലാണ് അനുബന്ധ കുറ്റിച്ചെടികളും വളളികളും വളരുന്നത്.


ചെറുവള്ളി, വെച്ചൂര്‍ ഇനത്തില്‍ പെട്ട നാടന്‍ പശുക്കളും കുട്ടികളും തൊഴുത്തു നിറയെ


കുന്നിന്‍ ചെരിവായതിനാല്‍ വെളളത്തിന് കുഴല്‍ക്കിണറടിച്ചിട്ടുണ്ട്. മഴക്കാലത്ത് പുരയിടത്തിലേക്കൊഴുകിയെത്തുന്ന വെളളം തുളളിപോലും നഷ്ടമാകാതെ കിണറിലേക്ക് താഴുന്ന രീതിയിലാണ് നിര്‍മ്മിതി. പെര്‍മാകള്‍ച്ചര്‍ എന്ന സംയോജിത കൃഷിരീതിയാണ് ബാക്കി സ്ഥലത്ത് ചെയ്തിരിക്കുന്നത്. ചെറുവള്ളി, വെച്ചൂര്‍ ഇനത്തില്‍ പെട്ട നാടന്‍ പശുക്കളും കുട്ടികളും തൊഴുത്തു നിറയെ. വീട്ടാവശ്യത്തിനുളള പാല്‍ അങ്ങനെ കിട്ടും.

ചങ്ങലംപരണ്ട. ഫോട്ടോ: മേരി സാമുവല്‍

ഗോമൂത്രവും ചാണകവും വളമായി ഇവിടെത്തന്നെ ഉപയോഗിക്കുന്നു. ഇവയ്ക്കുളള തീറ്റപുല്ലും ഇവിടെ കൃഷി ചെയ്യുകയാണ്. ഇതെല്ലാം നോക്കിനടത്താന്‍ സ്ഥിരം ജോലിക്കാരായി അഞ്ചുപേര്‍ കൂടെയുണ്ട്. കൂടാതെ കൂടുംബത്തിന്‍റെയും ചങ്ങാതിമാരുടെയും പിന്തുണയുമുണ്ട്.


ഇനിയൊരു മൂന്നു വര്‍ഷം കഴിഞ്ഞ് ഒന്നൂടി ഇതുവഴി വരണം, നമ്മുടെ കാട് കാണാന്‍


നിലവിലെ മിയാവാക്കി കാടിനോടു ചേര്‍ന്ന് അറുന്നൂറ്റമ്പത് സ്‌ക്വയര്‍ഫീറ്റിലൊതുങ്ങുന്നൊരു കൊച്ചുവീടിന് തറയൊരുക്കിയിരിക്കുകയാണ് ഹരി. “വീടിനു മുന്നിലായി മറ്റൊരു മൂന്ന് സെന്‍റ് കാടിനുളള നിലം കൂടി ഒരുക്കുന്നുണ്ട്. അതില്‍ നാടന്‍ പൂമരങ്ങളും ഫലവൃക്ഷങ്ങളും വളര്‍ത്താനാണ് പരിപാടി. ഇനിയൊരു മൂന്നു വര്‍ഷം കഴിഞ്ഞ് ഒന്നൂടി ഇതുവഴി വരണം, നമ്മുടെ കാട് കാണാന്‍,” യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഹരി ക്ഷണിച്ചു.

ഹരിയുടെ വളപ്പിലെ അസോള കൃഷി. ഫോട്ടോ/ മേരി സാമുവല്‍

മിയാവാക്കി വനവല്‍ക്കരണത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി ടൂറിസം വകുപ്പ് കനകക്കുന്നില്‍ അഞ്ചുസെന്‍റ് ഭൂമി ഏല്‍പ്പിച്ചിരിക്കുകയാണ് ഹരിയുടെ നേതൃത്വത്തിലുളള നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍സ് ഫൗണ്ടേഷനെ. നൂറിലെറെ ഇനത്തില്‍പ്പെട്ട എണ്ണൂറോളം തൈകള്‍ അവിടെ നട്ടുകഴിഞ്ഞു. വേരുപിടിച്ചുകിട്ടുവരെയുളള ആദ്യത്തെ മൂന്നുമാസം അതീവശ്രദ്ധ വേണമെന്നുളളതു കൊണ്ടും പൊതുസ്ഥലമായതുകൊണ്ടും തൈകളുടെ സംരക്ഷണത്തിന് വേലി കെട്ടിത്തിരിച്ചിരിക്കുകയാണിപ്പോള്‍.


ഇനിയും വൈകിയിട്ടൊന്നുമില്ല. ഇപ്പഴായാലും ചെയ്തു തുടങ്ങാവുന്നതേയുളളു


“വര്‍ഷം തോറും ഡിഗ്രികണക്കിനു കൂടുന്ന ചൂടിന് മരമല്ലാതെ മറ്റു മറുപടിയൊന്നുമില്ല. അത് വെറുതേ കുഴിച്ചുവെച്ചതുകൊണ്ടായില്ല. വളര്‍ന്ന് വേരുപിടിച്ചെന്നുകൂടി ഉറപ്പാക്കണം. അങ്ങനെ നമ്മളിതുവരെ വനമഹോത്സവങ്ങള്‍ക്കു നട്ട തൈകള്‍ സംരക്ഷിച്ചിരുന്നെങ്കി തന്നെ പകുതി പ്രശ്നം തീര്‍ന്നേനെ,” എന്ന് ഹരി പറയുമ്പോള്‍ നമുക്ക് സമ്മതിക്കാതെ തരമില്ല.

മഴവെള്ളം റീച്ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനത്തോടുകൂടിയ ബോര്‍വെല്‍: ഹരിയുടെ പറമ്പില്‍ നിന്നും. ഫോട്ടോ/ മേരി സാമുവല്‍

“ഇനിയും വൈകിയിട്ടൊന്നുമില്ല. ഇപ്പഴായാലും ചെയ്തു തുടങ്ങാവുന്നതേയുളളു,” എന്നാണ് വൃക്ഷസ്നേഹികളോട് ഹരിക്കു പറയാനുളളത്.

മിയാവാക്കി വനമാതൃക പ്രോല്‍സാഹിപ്പിക്കുന്നതിനു പിന്നില്‍ അത്തരമൊരു ലക്ഷ്യം കൂടി ഹരിയ്ക്കുണ്ട്. അടുത്ത പത്തുവര്‍ഷത്തിനുളളില്‍ ഒരുകോടി മരം നട്ടുവളര്‍ത്തുക എന്നതാണത്. ഒറ്റയ്ക്ക് അതിനു സാധിച്ചെന്നു വരില്ല. പക്ഷെ സമാനമനസ്‌ക്കര്‍ ഒന്നിച്ചാല്‍ കഴിയും. അതിനായി ക്രൗഡ്ഫോറസ്റ്റിങ്ങ് എന്നൊരു വെബ്സൈറ്റ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്.


നിങ്ങള്‍ക്കും ഈ പരിശ്രമത്തില്‍ പങ്കാളികളാകാം, പേര് രെജിസ്റ്റര്‍ ചെയ്യാം: Crowdforesting.org Email: organickeralam2018@gmail.com


ഏറ്റവും കുറഞ്ഞത് ഒരു സെന്‍റെങ്കിലും ഭൂമി ചെറുകാട് വളര്‍ത്താന്‍ മാറ്റിവെയ്ക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ഈ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ അംഗമാകുന്നവര്‍ക്ക് പരിശീലനപരിപാടികളും കൃഷിയ്ക്കാവശ്യമായ നിര്‍ദേശങ്ങളുമെല്ലാം ലഭ്യമാക്കുന്നതാണ്.

Photo / Crowdforesting.org

ഇത്തരത്തില്‍ പല ചെറുതുരുത്തുകള്‍ ചേര്‍ത്ത് പത്തുവര്‍ഷംകൊണ്ട് കേരളത്തിന്‍റെ പച്ചപ്പിനെ മറ്റൊരു രീതിയില്‍ മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് ഹരിയുടെ പ്രതീക്ഷ.

“കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പലരും കേട്ടറിഞ്ഞ് സന്നദ്ധത അറിയിക്കുന്നുവെന്നത് സന്തോഷകരമാണ്. ലക്ഷദ്വീപില്‍ നിന്നും അഫ്ഗാനിസ്താനില്‍നിന്നും വരെ മിയാവാക്കിയുടെ സാധ്യത അന്വേഷിച്ച് വിളികള്‍ വന്നു,” ഹരി ആവേശത്തിലാണ്.


ഇതുകൂടി വായിക്കാം: കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍

“പലതുളളി പെരുവെളളം എന്നൊരു ചൊല്ലില്ലേ, അതുപോലെയാണിതും. പലര്‍ ചേര്‍ന്നു പരിശ്രമിച്ചാല്‍, നഷ്ടമായ കാട് കൂറേയൊക്കെ തിരിച്ചുപിടിക്കാന്‍ കഴിയും. ചെറിയ സ്ഥലങ്ങളാവുമ്പോള്‍ പരിപാലനവും എളുപ്പമാണ്. പഴയരൂപത്തിലായിരിക്കില്ല എന്നേയുളളു. അത് ഏറെക്കുറേ അസാദ്ധ്യവുമാണല്ലോ.

Watch: നിങ്ങള്‍ക്കും മിയാവാക്കി വനം വളര്‍ത്താം

“ഒന്നോ രണ്ടോ സെന്‍റ് എന്നത് ഏറ്റവും ചുരുങ്ങിയ അളവാണ്. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ കുറച്ചൂടി വിസ്തൃതമായ സ്ഥലത്ത് ഈ രീതി പരീക്ഷിക്കാവുന്നതേയുളളൂ. ഇപ്പോള്‍ത്തന്നെ മിക്ക സ്‌കൂളുകളിലും ശലഭോദ്യാനമൊക്കെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടല്ലോ. കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തെ പറ്റി പകര്‍ന്നുകൊടുക്കാവുന്ന പ്രായോഗികപാഠവും കൂടിയാവുമത്,” ഹരി പറഞ്ഞു.

വൈലോപ്പിളളിക്കവിതയുടെ ഈരടി പോലെ, ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും മനസില്‍ സൂക്ഷിക്കാത്ത മലയാളിയുണ്ടാകുമോ?

ഇനിയാ ഇഷ്ടം മനസില്‍ മാത്രമാക്കണ്ട, ഒരിത്തിരി മണ്ണ് സ്വന്തമായുണ്ടെങ്കില്‍ അതിലൊരു ചോട് കൊന്നയോ തുളസിയോ കാന്താരിയോ എന്താന്നുവെച്ചാല്‍ വളര്‍ന്നു കാടുപിടിക്കട്ടെ. ഒരു മിയാവാക്കി കാട്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം