“ആള്‍ക്കാര് മൂക്കുംപൊത്തിക്കൊണ്ട് നടന്നേച്ച സ്ഥലമാണിത്,” അന്‍സാര്‍ പറഞ്ഞു. “ഇന്ന് അവര്‍ വൈകീട്ട് പാര്‍ക്കില്‍ കാറ്റുകൊണ്ടിരിക്കാന്‍ വരുന്നതുപോലെ ഇവിടെ ഫാമിലിയോടൊപ്പം വരുന്നു….”
പതിറ്റാണ്ടുകളോളം കക്കൂസ് മാലിന്യവും അറവുശാലകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മാംസാവശിഷ്ടങ്ങളും രാസമാലിന്യങ്ങളും…എന്തുപറയാന്‍ എല്ലാ വിഷവും വന്നടിഞ്ഞ് നിറഞ്ഞ് അളിഞ്ഞ് കിടന്നിരുന്ന ഒരു പാടം.
പെരിയാറിന്‍റെ തീരത്തുള്ള ഒരു ഗ്രാമത്തിലാണിത്. ഇന്‍ഡ്യയില്‍ മെട്രോ റെയില്‍ കടന്നുപോകുന്ന എക ഗ്രാമപഞ്ചായത്തിലാണ് ശ്വാസംമുട്ടി മാത്രം കടന്നുപോവാന്‍ കഴിയുമായിരുന്ന 200 ഏക്കര്‍ പാടശേഖരമുണ്ടായിരുന്നത്.
എന്നാല്‍ വേണമെന്നുറച്ച് ഒരു കൂട്ടം യുവാക്കള്‍ ഒരുമ്പെട്ടിറങ്ങിയപ്പോള്‍ സംഭവിച്ചത് അതിശയിപ്പിക്കുന്ന മാറ്റം.
ഇതുകൂടി വായിക്കാം: വലിയൊരു മാറ്റത്തിനു കൂടി ഒരുങ്ങുകയാണ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍; അതിന് പിന്നില്‍ ഈ ജൈവകര്‍ഷകനുമുണ്ട്
എത്രവട്ടം പറഞ്ഞാലും അല്‍ഭുതത്തോടെ മാത്രം വീണ്ടും വീണ്ടും കേള്‍ക്കേണ്ട കഥയാണിത്.
അന്‍സാര്‍ ടി എം എന്ന മുപ്പത്തിമൂന്നുകാരന്‍ ചൂര്‍ണിക്കരക്കാര്‍ക്കുവേണ്ടി, അടയാളം എന്ന യുവാക്കളുടെ സ്വയംസഹായ സംഘത്തിന് വേണ്ടി ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയുമായി പങ്കുവെച്ചു.
“ചൂര്‍ണിക്കര പെരിയാറിന്‍റെ തീരമാണ്. 11 കിലോമീറ്റര്‍ ചുറ്റളവ് വരുന്നൊരു ഗ്രാമ പഞ്ചായത്താണ്. ഇതില്‍ ഭൂരിഭാഗം പ്രദേശവും അറിയപ്പെട്ടിരുന്നത് പാടശേഖരങ്ങളിലൂടെയാണ്, ചവര്‍പാടം, മുതിരിപ്പാടം കട്ടേപ്പാടം അങ്ങനെയങ്ങനെ.
നഗരങ്ങള്‍ വളയുന്ന ഗ്രാമം
“ഇപ്പോഴത്തെ സ്ഥിതിവെച്ച് 35,000 പേര്‍ താമസിക്കുന്ന ഒരു സ്ഥലമാണിത്. ഗ്രാമം എന്നതില്‍ നിന്ന് വിട്ട് നഗരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശം, പ്രത്യേകിച്ച് കൊച്ചി മെട്രോ വന്നതോടുകൂടി അതിന് ആക്കം കൂടി.. തൊട്ടടുത്ത് ആലുവ മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, ഏലൂര്‍ മുനിസിപ്പാലിറ്റി…”
ഈ പാടശേഖരങ്ങള്‍ നഗരവല്‍ക്കരണത്തിന്‍റേതായുള്ള എല്ലാ അഴുക്കുകളും വന്ന് മൂടിപ്പോയിരുന്നു
നഗരങ്ങള്‍ വരിഞ്ഞുചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രാമം. പാടശേഖരങ്ങള്‍ താഴ്ന്നുകിടക്കുന്നതിനാല്‍ മാലിന്യങ്ങളെല്ലാം അങ്ങോട്ടൊഴുകിയെത്തി. ഹൈവേയും കടന്നുപോകുന്ന പ്രദേശം. അതുകൊണ്ട് അറവുമാലിന്യങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിക്കാനും എളുപ്പം.
അങ്ങനെ 20-22 വര്‍ഷം പൂര്‍ണമായും കൃഷിയില്ലാതെ അഴുക്കും ചതുപ്പും നാറ്റവുമായി ചവറുപാടം കിടന്നു.
“മുഴുവന്‍ പാടശേഖരങ്ങളും മണ്ണിട്ട് നികത്തി, അല്ലെങ്കില്‍ കൃഷിയോഗ്യമല്ലാത്ത വിധത്തില്‍ മാറ്റപ്പെട്ടിരുന്നു. മണ്ണിട്ട് നികത്താതെ കിടന്നിരുന്ന ഈ രണ്ട് പാടശേഖരങ്ങള്‍ –ചവര്‍പാടം കട്ടേപ്പാടവും–നഗരവല്‍ക്കരണത്തിന്‍റേതായുള്ള എല്ലാ അഴുക്കുചാലുകളും വന്ന് മൂടിപ്പോയിരുന്നു,” അടയാളത്തിന്‍റെ പ്രസിഡണ്ട് കൂടിയായ അന്‍സാര്‍ പറയുന്നു.
“നമ്മുടെ പാടത്ത് ഉപ്പിന്‍റെ അംശം കൂടിപ്പോയിരുന്നു. പാടം മാത്രമല്ല, പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായി. സമീപപ്രദേശങ്ങളിലെ കിണര്‍വെള്ളം പരിശോധിച്ചപ്പോള്‍ ഇകോളിയുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിദ്ധ്യം മാരകമായ അളവിലായിരുന്നു. കിണറുകളിലെ വെള്ളം അസിഡിക് ആയി മാറിക്കഴിഞ്ഞിരുന്നു. ആ വെള്ളമാണ് നാട്ടുകാര്‍ കുടിച്ചുകൊണ്ടിരുന്നത്.
എല്ലാം നഷ്ടപ്പെടുന്നതിന് മുമ്പ്
പണ്ട് കാലത്ത് എക്കല്‍ വന്ന് അടിഞ്ഞുകിടന്നിരുന്ന ഇടമായിരുന്നു ചവര്‍പാടം. അന്നൊക്കെ കൃഷി ചെയ്യുന്നതിന് മുമ്പ് അവിടെ കിടന്നിരുന്ന ചവറ് മൊത്തം കത്തിച്ച് അതിന്‍റെ ചാരവും വളമാക്കിയാണ് അവിടെ കൃഷിയിറക്കിയിരുന്നത്.
ഇതുകൂടി വായിക്കാം:വിപ്ലവപാതയും കൊള്ളാവുന്ന ജോലിയും വിട്ട് കൃഷിക്കിറങ്ങിയ നാടകപ്രവര്‍ത്തകന്‍റെ ഗ്രീന്‍ റെവല്യൂഷന്‍
“ചവറ് പാടത്ത് തന്നെ ഓരോരോ പേരിലാണ് ഓരോ സൈഡും അറിയപ്പെട്ടിരുന്നത്. കരിയിലക്കാട്, പുഞ്ച, കുറവന്‍കുഴി… ഓരോ പ്ലോട്ടിനും അതിന്‍റേതായ പ്രത്യേകതകള്‍ കൊണ്ട് പേരിട്ട് വിളിക്കുകയായിരുന്നു.”
ഈ ചവര്‍പാടത്തെ മൊത്തം 200 ഏക്കറില്‍ 48 ഏക്കര്‍ മെട്രോയാഡിന് വേണ്ടി അക്വയര്‍ ചെയ്തിരുന്നു. അത്രയും ഭാഗം നികത്തുകയും ചെയ്തു. …
ചൂര്‍ണിക്കര പഞ്ചായത്തിലെ മറ്റ് ഇടങ്ങളേയും നഗരം ബാധിച്ചിരുന്നു. ആ കാര്‍ഷിക ഗ്രാമത്തില്‍ നെല്‍കൃഷി പൂര്‍ണമായും നിലച്ചിരുന്നു. മറ്റുകൃഷികളാവട്ടെ ചില സ്ഥലങ്ങളിലേക്ക് ചുരുങ്ങിപ്പോയിരുന്നു. ഹൈവേയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ അധികവും നികന്നു. 2008-ല്‍ നെല്‍വയല്‍ സംരക്ഷണ നിയമം ശക്തമാവുന്നതിന് മുമ്പുതന്നെ വലിയൊരു ഭാഗം കൃഷിഭൂമിയിലും ചെമ്മണ്ണുവീണിരുന്നു.
“നേരത്തെ കൃഷിയുണ്ടായിരുന്ന കാലത്ത് രാസകീടനാശിനികള്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല. മൂന്ന് പൂവ് കൃഷിയിറക്കുമായിരുന്നു. മുണ്ടകന്‍, വിരിപ്പ്, പുഞ്ച… ഈ മൂന്ന് കൃഷിയും നടത്തിക്കൊണ്ടിരുന്നേച്ച പാടശേഖരാണിത്. പാടത്തുന്ന് കര്‍ഷകര് കേറിപ്പോവാനുള്ള കാരണം എന്ന് വെച്ചാല്‍ പാരമ്പര്യ കാര്‍ഷിക രീതിയായിരുന്നു. അത് ഏറ്റവും വലിയ പ്രശ്‌നമായിരുന്നു. നൂതന സംവിധാനങ്ങളെക്കുറിച്ചോ പുതിയ കാര്‍ഷിക സാങ്കേതിക രീതികളെക്കുറിച്ചോ വേണ്ട വിധത്തില്‍ കര്‍ഷകരിലേക്കെത്തിയിരുന്നില്ല,” എന്നാണ് അന്‍സാറിന്‍റെ വിലയിരുത്തല്‍.
മൂന്ന് ജെസിബി നാലഞ്ച് ദിവസം നിന്ന് രണ്ട് ടിപ്പറുകള്‍ നിര്‍ത്തി ആ അഴക്കുമുഴുവന്‍ കോരി മാറ്റി.
“… കൃഷി ലാഭകരമല്ല എന്ന തോന്നലിലേക്ക് കര്‍ഷകരേയും യുവാക്കളേയും എത്തിച്ചു എന്നതാണ്. സത്യത്തില്‍ കൃഷി എന്തുകൊണ്ടും ലാഭകരമായ ഒരു സംഗതി തന്നെയാണ്. കര്‍ഷകര്‍ക്ക് വിളവ് വിറ്റ് കിട്ടുന്ന പണം മാത്രമല്ല. അതുണ്ടാക്കിയിരുന്ന ഇംപാക്ട് അതിലും വലുതാണ്. ഇപ്പോ നമുക്കത് ബോധ്യപ്പെട്ടിട്ടുണ്ട്…”
പാടം കഴുകിത്തുടച്ചെടുത്തു
ആ ബോധ്യം ഇങ്ങനെ ഉണ്ടായതാണ്: “കാരണം നാറിച്ചീഞ്ഞുകിടന്നിരുന്ന ഒരു സ്ഥലം… മൂക്കുപൊത്തിപോയിക്കൊണ്ടിരുന്നേച്ച ഒരു സ്ഥലത്തെ മുഴുവന്‍ അഴുക്കും നീക്കി കൃഷിയിറക്കി… ഒന്നേകാല്‍ ലക്ഷം രൂപ അതിന് (മാലിന്യംകോരി മാറ്റാന്‍ മാത്രം) കൊടുത്തു. വ്യക്തിപരമായി പലരുടെ കയ്യില്‍ നിന്നും വാങ്ങിച്ചിട്ടാണ് ആ പണം നമ്മള് സംഘടിപ്പിച്ചത്, 2016-ല്‍.
കക്കൂസ് മാലിന്യം, കോഴിവേയ്‌സ്റ്റ്, പ്ലാസ്റ്റിക്…ഇതൊക്കെ കൊ്ണ്ടുവന്ന് ഡമ്പ് ചെയ്തിരുന്ന സ്ഥലമായി മാറിയിരുന്നു… മൂന്ന് ജെസിബി നാലഞ്ച് ദിവസം നിന്ന് രണ്ട് ടിപ്പറുകള്‍ നിര്‍ത്തി ആ അഴക്കുമുഴുവന്‍ കോരി മാറ്റി.
“അതിന് ശേഷം ഇറിഗേഷന്‍ കനാലില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് നിറച്ചു. ആ വെള്ളം കൊണ്ടുവരാനൊക്കെ ഒരുപാട് പ്രയാസം ഉണ്ടായിരുന്നു… 20 വര്‍ഷത്തിലധികം വെറുതെ കിടന്നപ്പോ സ്വാഭാവികമായും ഇറിഗേഷന്‍ കനാലുകള്‍ ഉപയോഗശൂന്യമായിരുന്നു. വേനല്‍ക്കാലത്ത് വെള്ളംനിറച്ചിട്ട് കിണറുകളില്‍ വെള്ളം വരുത്തുന്ന ഒരു സാധനം മാത്രമായി പ്രധാന കനാല്‍ മാറിയിരുന്നു. മാത്രമല്ല അതിന്‍റെ ചെറിയ തോടുകള്‍, കൈവഴികള്‍ എല്ലാം കയ്യേറ്റം ചെയ്യപ്പെട്ടിരുന്നു. ഒന്നര-രണ്ട് മീറ്റര്‍ വീതിയുണ്ടായിരുന്ന തോടുകള്‍ അരമീറ്ററും അതിലും താഴെയുമായി മാറിയിരുന്നു.
കൃഷിയിറക്കാന്‍ ഭൂവുടമകളുടെ അനുമതി ലഭിക്കുക എന്നതായിരുന്നു ആദ്യ കടമ്പ.
“ജനവാസം കൂടിയതോടെ മിക്ക വീടുകളുടെയും ഔട്‌ലെറ്റുകള്‍ ഈ കാനകളിലേക്കെത്തി. സ്വാഭാവികമായും ഈ അഴുക്കളൊക്കെയും കഴുക്കിക്കളഞ്ഞേ വെള്ളം ഇവിടേക്കെത്തു. അത്രയും എഫര്‍ട്ട് എടുത്ത് വെള്ളം കൊണ്ടുവരികയും പാടത്ത് കെട്ടി നിര്‍ത്തി. ഉഴുത് കഴിഞ്ഞതിന് ശേഷം വെള്ളം കയറ്റി പാടം മുഴുവനായി വാഷ് ചെയ്‌തെടുത്തു.
പത്ത് വര്‍ഷത്തെ ശ്രമം
2016-ലാണ് അടയാളവും അതിലെ യുവാക്കളും ചവര്പാടം രക്ഷിച്ചെടുക്കാന്‍ നടത്തിയ പ്രയത്‌നത്തിന് ഫലമുണ്ടായിത്തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2008-ല്‍ തന്നെ അവര്‍ അതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിരുന്നു. പക്ഷേ, അന്നൊന്നും ജനങ്ങളില്‍ നിന്നും വേണ്ടത്ര സഹകരണം കിട്ടിയില്ല. ചവര്‍പാടം പല ഭൂവുടമകളുടെ പേരിലാണ് കിടന്നിരുന്നത്. കൃഷിയിറക്കാന്‍ അവരുടെ അനുമതി ലഭിക്കുക എന്നതായിരുന്നു ആദ്യ കടമ്പ.
“2008 ല്‍ ഈ ഭൂമി കൃഷിയോഗ്യമാക്കുന്നത് സംബന്ധിച്ച് ഇവിടെ പഞ്ചായത്ത് അധികൃതരുമായും കൃഷി ഉദ്യോഗസ്ഥരുമായും ജനങ്ങളുമായുമൊക്കെ ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. ആദ്യത്തെ മീറ്റിങ്ങില്‍ 150
ഓളം ഭൂവുടമകള്‍ പങ്കെടുത്തു. അടുത്ത മീറ്റിങ്ങില്‍ അത് നൂറായും പിന്നെ പതിനഞ്ചായും ചുരുങ്ങി,” അന്‍സാര്‍ ഓര്‍ക്കുന്നു.
“അന്ന് നമുക്ക് പിന്മാറാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ട് നമുക്ക് കൃഷി നടത്താന്‍ അനുമതി തന്ന ഉടമകളുടെ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തു. അന്ന് ചെയ്തതിന്‍റെ ഒരുപാട് ഗുണം ഉണ്ടായി.
അതായത്, മണ്ണിട്ട് നികത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് പാടശേഖരത്തെ മാറ്റാന്‍ നമുക്ക് കഴിഞ്ഞു,” അന്‍സാര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുകൂടി വായിക്കാം: കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്
പക്ഷേ, പിന്നീട് അതിന് തുടര്‍ച്ചയുണ്ടായില്ല. “ആ ഒരു വര്‍ഷമേ ചെയ്യാന്‍ പറ്റിയുള്ളൂ. പല കാരണങ്ങള്‍ കൊണ്ടും പ്രതിസന്ധികള്‍ കൊണ്ടും പിന്നീട് അത് മുന്നോട്ടുപോയില്ല. അപ്പോഴും ഞങ്ങള്‍ പല സ്ഥലങ്ങളും എടുത്ത് കൃഷിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അന്നൊന്നും അടയാളം എന്ന പേരും സംഘടനയുമൊന്നുമുണ്ടായിരുന്നില്ല. ഒരു സംഘം എന്ന നിലയില്‍ 2015-ലാണ് രൂപീകരിക്കുകയും പഞ്ചായത്തിന് പ്രൊപ്പോസല്‍ കൊടക്കുകയും ചെയ്തത്.
“15 ഏക്കറില്‍ ആണ് അന്ന് കൃഷിയിറക്കിയത്.. ഈ പ്രദേശത്തെ അറുപതോളം ആളുകളുടെ കയ്യിലാണ് ചവറുപാടത്തെ 30 ഏക്കര്‍ സ്ഥലം ഇരിക്കുന്നത്. അതില്‍ അവരുടെ അനുമതി പത്രം വാങ്ങിയിട്ടു മാത്രമേ സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ കൊടുക്കാന്‍ പറ്റൂ. സബ്‌സിഡിക്കായി.
ആദ്യവര്‍ഷത്തെ പതിനഞ്ച് ഏക്കറില്‍ നിന്ന് പിന്നീട് ചവര്‍പാടത്തെ 30 ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. പിന്നെ കട്ടേപ്പാടത്തെ പതിനഞ്ച് ഏക്കറും. അങ്ങനെ 45 ഏക്കര്‍ മാലിന്യക്കുപ്പ നല്ല നെല്ല് വിളയുന്ന പാടമായി.
“ഒരുപാട് പാടുപെട്ടു. ഞങ്ങള്‍ (അടയാളത്തിലെ 17 യുവാക്കള്‍) പതിനേഴ് പേര്‍ക്കും പല ജോലികളാണ്. തൊഴില്‍ നഷ്ടപ്പെടുത്താതെ തന്നെ രാവിലെയും വൈകീട്ടും ഊഴം വെച്ചും ഒഴിവ് സമയം ഉപയോഗിച്ചുമാണ് ഞങ്ങള്‍ക്ക് ഇത് കഴിഞ്ഞത്,” അന്‍സാര്‍ വിശദീകരിക്കുന്നു.
കീടങ്ങള്‍ക്കെതിരെ എട്ടുകാലികള്‍
കൃഷിയിടത്തില്‍ കീടങ്ങളെ നിയന്ത്രിക്കാനും അവര്‍ വ്യത്യസ്തമായ രീതി ഉപയോഗിച്ചു. ബന്ദിപ്പൂവും പയറും ഉപയോഗിച്ചുള്ള കവചം സൃഷ്ടിച്ചുകൊണ്ടുള്ള ജൈവനിയന്ത്രണ രീതിയായിരുന്നു അത്. ചൂര്‍ണിക്കര കൃഷി ഓഫീസര്‍ ജോണ്‍ ഷെറി, കൃഷി വിദഗ്ധന്‍മാരായ ഡോ. ശശരിധരന്‍, ഡോ. മധു എന്നിവരുടെ ഉപദേശത്തിലും മേല്‍നോട്ടത്തിലുമായിരുന്നു അതെല്ലാം നടപ്പാക്കിയത്.
“ഞാറ്റടിയിട്ട് 40 ദിവസത്തില്‍ നെല്‍ക്കതിരില്‍ പാല് വെയ്ക്കും. അന്നേരമാണ് ചാഴി ഈച്ചകള്‍ ഒക്കെ വരുന്നത്. അങ്ങനെ വരുമ്പോള്‍ സാധാരണ കര്‍ഷകര്‍ മരുന്നടിക്കും. നമ്മിളിവിടെ ചെയ്ത് ഈ സമയം പൂക്കുന്ന പോലെ ഈ കൃഷിയിടത്തിന് ചുറ്റും ബന്ദിപ്പൂവ് നെല്‍പാടത്തിന് രണ്ടരക്കിലോമീറ്റര്‍ ചുറ്റളവില്‍ വെച്ചുപിടിപ്പിച്ചു. നല്ല വലിയ ഇനം ആണ് നട്ടത്.. അത് ബാംഗ്ലൂരില്‍ നിന്ന് പോയി കൊണ്ടുവന്നു.
ചിലന്തികള്‍ പയറിലും ബന്ദിപ്പൂവിലും പാടത്തുമൊക്കെ വലയിട്ട് നെല്ലിനെ സംരക്ഷിച്ചു
“അതിന് തൊട്ടടുത്ത സ്റ്റെപ്പില്‍ പയര്‍ ഇട്ടു. നെല്ലില്‍ പാലുവെച്ച് മധുരം വെച്ചുവരുന്ന സമയത്ത് എലി ശല്യവും കൂടുതലായിരിക്കും. ഇത്രയും കാലം ഒന്നും ചെയ്യാതെ കിടന്നിരുന്നതുകൊണ്ട് എലികള്‍ ഇവിടെ നിറയെ ആയിരുന്നു. അതില്‍ നിന്ന് സംരക്ഷിക്കാനാണ് മൂന്ന് ലെയറായി പയറിട്ടത്. പയറ് പൂവിട്ട് കായായി വന്നതോടെ അത് തിന്നാനുള്ള ശ്രമമായിരിക്കും എലികള്‍ എല്ലാം.. പൂക്കള്‍ കൊണ്ട് ചാഴികളല്ലൊം പൂവിലും എലി പയറിലും. അത് വളരെ സക്‌സസ് ആയിരിന്നു.
ഒപ്പം ഒരുപാട് ചിലന്തികള്‍ പയറിലും ബന്ദിപ്പൂവിലും പാടത്തുമൊക്കെ വലയിട്ട് നെല്ലിനെ സംരക്ഷിച്ചു…”
“കീടനാശിനികള്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. പക്ഷേ, മൂലകങ്ങള്‍ കൊടുത്തിട്ടുണ്ട്. മണ്ണ് ടെസ്റ്റ് ചെയ്ത് ഏത് വിത്താണോ അതിന് വേണ്ട മൂലകങ്ങല്‍ ഉണ്ടോ എന്ന് നോക്കിയിട്ട് വളം കൊടുത്തിട്ടുണ്ട്. ബോറോണ്‍, മഗ്നീഷ്യം, സിങ്ക് എന്നിവ കുറവുണ്ടെങ്കില്‍ അത് നമ്മള്‍ കൊടുത്തിട്ടുണ്ട്.
” കീടനാശിനി മുക്തം എന്ന ലേബലിലാണ് സൂപ്പര്‍മാര്‍ക്കെറ്റില്‍ ഇവിടെ നിന്നുള്ള അരി വിറ്റത്. പൂര്‍ണമായും ഓര്‍ഗാനിക്കല്ല. അങ്ങനെ ഫുള്ളി ഓര്‍ഗാനിക്കിലേക്ക് മാറ്റാന്‍ കഴിയുമോ എന്നൊന്നും ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. കുറേക്കാലം അഴുക്കുനിറഞ്ഞ് കിടന്ന സ്ഥലമല്ലേ… ഒന്നാമത് സത്യം പറഞ്ഞാല്‍ ഇതിനെക്കുറിച്ചൊന്നും കാര്യമായി നമുക്കറിയില്ല. നമ്മുടെ കൂടെയുള്ള ആര്‍ക്കും കൃഷിയെക്കുറിച്ചറിയില്ല. ആരും തന്നെ പാരമ്പര്യ കര്‍ഷകര്‍ അല്ല. ഒന്നോ രണ്ടോ പേരൊഴികെ. മുഴുവന്‍ പറഞ്ഞുതരികയും പഠിപ്പിക്കുകയും ചെയ്തത് ഷെറി സാറായിരുന്നു. ശരിക്കും നമുക്ക് ക്ലാസെടുത്ത് തരികയായിരുന്നു…”
സബ്സിഡി ജനങ്ങള്‍ക്കുള്ളതാണ്
സംസ്ഥാന സര്‍ക്കാരിന്‍റെയും പഞ്ചായത്ത് കൃഷിഭവന്‍ എന്നിവയുടെ ഭാഗത്തുനിന്നുമെല്ലാം നൂറുശതമാനം പിന്തുണ കിട്ടിയെന്ന് അടയാളം പ്രവര്‍ത്തകര്‍ പറഞ്ഞു. “89 ശതമാനം നമുക്ക് സബ്‌സിഡികിട്ടി. അതെല്ലാം ഇവിടുത്തെ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു,” എന്ന് അന്‍സാര്‍.
ഇതുകൂടി വായിക്കാം: വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്
അതിങ്ങനെയായിരുന്നു. 9,000 റേഷന്‍കാര്‍ഡ് ഉടമകളാണ് ഇവിടെയുള്ളത്. ആ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെല്ലാം ചൂര്‍ണിക്കര പഞ്ചായത്തിലെ ഈ പാടത്ത് വിളഞ്ഞ അരി ഒന്ന് രുചിച്ചുനോക്കുന്നതിനായി നല്‍കി. ഓരോ കാര്‍ഡുടമയ്ക്കും 2 കിലോ വീതം. നമുക്ക് കിട്ടിയ സബ്‌സിഡി കുറച്ച് കിലോ 35 രൂപയ്ക്കാണ് അരി നല്‍കിയത്, അന്‍സാര്‍ വിശദമാക്കി. ആ പ്രോഗ്രാമിന് അരിവിതരണം ചെയ്യാന്‍ വേണ്ടി മുഖ്യന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടുവന്നു. 2017ലാണ് അത്.
ഭൂവുടമകള്‍ക്കും ഒരു വിഹിതം നല്‍കി. അവസാനമായി കൊടുത്തത് അഞ്ചിലൊന്നാണ്. 2016-17ല്‍ നാലില്‍ ഒന്നാണ് കൊടുക്കാന്‍ കഴിഞ്ഞു. 2017-18 നാലില്‍ ഒന്നും 2018-19ല്‍ അഞ്ചിലൊന്നാക്കി. മൂന്നാം ഘട്ടമായതോടെ ചവര്‍പാടം തരിശുനിലം അല്ലാതായതിനാല്‍ സബ്‌സിഡി കുറഞ്ഞു. ഇപ്രാവശ്യം ആറിലൊന്നായി മാറ്റണം എന്നാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. എന്നാലേ ഈ കൃഷി നിലനിന്നുപോവുകയുള്ളൂ, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോള്‍ ഒരു പൂവേ കൃഷി ചെയ്യുന്നുള്ളൂ. അത് രണ്ട് തവണയെങ്കിലും ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് അടയാളം പ്രവര്‍ത്തകര്‍.
“എന്നാലും ഇവിടുത്തെ ഭൂവുടമകള്‍ എല്ലാം സന്തോഷത്തിലാണ്. കാരണം പത്തിരുപത് കൊല്ലമായിട്ട് വെറുതെ കിടന്നിരുന്ന ഭൂമി. പാരമ്പര്യമായിട്ട് കൈമാറിക്കിട്ടിയ ഭൂമിയാണ്… കാശുകൊടുത്ത് വാങ്ങിയവര്‍ ഒരു ശതമാനം മാത്രമേ ഉണ്ടാവൂ. അങ്ങനെ വെറുതെ കിടന്ന ഭൂമിയില്‍ നിന്ന് 50,000 രൂപ മുതല്‍ 70,000 രൂപ വരെ കിട്ടിയവരുണ്ട്.”
ഇപ്പോള്‍ ഒരു പൂവേ കൃഷി ചെയ്യുന്നുള്ളൂ. അത് രണ്ട് തവണയെങ്കിലും ആക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് അടയാളം പ്രവര്‍ത്തകര്‍. പിന്നെ കട്ടേപ്പാടത്തെ പതിനഞ്ച് ഏക്കറിലേക്ക് കൂടി കൃഷി വ്യാപിപ്പിക്കണം… അങ്ങനെ വിപുലമായ ലക്ഷ്യങ്ങള്‍…
പക്ഷേ, ഇതൊന്നുമല്ല ശരിക്കുമുള്ള നേട്ടം. ചുറ്റുമുള്ള കുറച്ച് കിണറുകളിലെ എങ്കിലും കുടിക്കാന്‍ പറ്റുന്ന തരത്തില്‍ തനിയെ ശുദ്ധീകരിക്കപ്പെട്ടു. “കൃഷി ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും കിണറുകളിലെ വെള്ളം ടെസ്റ്റ് ചെയ്തു. പലതിലേയും വെള്ളം കുടിക്കാന്‍ യോഗ്യമാണെന്ന് കണ്ടെത്തി. പ്രത്യേകിച്ച് നമ്മുടെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ വീട്ടിലെ കിണര്‍ വെള്ളം… ഉപയോഗിക്കാതെ മൂടിവെച്ചിരുന്ന കിണറായിരുന്നു.. അത് വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങി..,” അന്‍സാര്‍ ആവേശത്തോടെ പറഞ്ഞു.
ഇതുകൂടി വായിക്കാം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍
ഉറവകളെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞു. നമുക്കൊന്നും കിട്ടിയില്ലെങ്കിലും ജനങ്ങള്‍ക്ക് നല്ല വെള്ളം നല്‍കാന്‍ കഴിഞ്ഞു. ഇനിയിപ്പോ കൃഷി ചെയ്യാന്‍ പറ്റിയില്ലെങ്കിലും നമുക്ക് എത്ര പണം ചെലവഴിച്ചാലും കിട്ടാത്ത ഒന്ന് നമുക്ക നേടാന്‍ സാധിച്ചു–ശുദ്ധമായ കുടിവെള്ളം.
പ്രളയം കൊണ്ടുവന്ന പൊന്ന്
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചൂര്‍ണിക്കരയിലെ 18 വാര്‍ഡുകളില്‍ 15-ലും വെള്ളം കയറി. ഇതില്‍ ഈ പാടശേഖരങ്ങളും ബാധിക്കപ്പെട്ടു.
ആ പരിസരത്തിലുള്ള കിണറുകളേിലേക്ക് ഫാക്ടറികളില്‍ നിന്ന് പലതരം രാസമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും വന്നടിഞ്ഞുവെന്ന് അടയാളം പ്രവര്‍ത്തകര്‍ പറയുന്നു. ഇത് പിന്നീട് വന്നുചേര്‍ന്നത് താഴ്ന്നുകിടക്കുന്ന പാടശേഖരങ്ങളിലാണ്. രാസമാലിന്യങ്ങളടക്കമുള്ള ആവെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളില്‍ പിന്നീട് പുല്ലുപോലും മുളച്ചിട്ടില്ല എന്ന് അവര്‍ പരാതിപ്പെടുന്നു.
“സാധാരണ നടീല്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ രണ്ട് തവണ നടേണ്ടി വരാറുണ്ട്. പക്ഷേ ഇങ്ങനെ പ്രളയജലം കെട്ടിക്കിടന്ന സ്ഥലങ്ങളില്‍ നാലുതവണ നട്ടിട്ടും മുളച്ചില്ല,” അന്‍സാര്‍ പറഞ്ഞു.
പ്രളയത്തില്‍ ഒഴുകിവന്ന ഏക്കല്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി.
എന്നാല്‍ പ്രളയത്തെ അടയാളം മറ്റൊരുതരത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രളയത്തിലൂടെ വന്നുചേര്‍ന്ന എക്കല്‍ പല സ്ഥലങ്ങളിലും നാശമായിട്ടാണ് കണ്ടതെങ്കിലും അടയാളത്തിലെ കൂട്ടുകാര്‍ അതിനെ പൊന്നായിട്ടാണ് കണ്ടത്.
“ആ എക്കല്‍ നമ്മള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി. അത് പല സ്ഥലങ്ങളില്‍ നിന്നും വാരിയെടുത്തുകൊണ്ടുവന്ന് നമ്മള്‍ ഒരു യാഡില്‍ ശേഖരിച്ചു. അവിടെ നിന്ന് പച്ചക്കറികള്‍ക്കും മറ്റും ഉപയോഗപ്പെടുത്തി. ആ എക്കലിനെ ഉപയോഗപ്പെടുത്താനുള്ള ഒരു പ്രോജക്ട് നമ്മുടെ കൃഷി ഓഫീസര്‍ തന്നെ തയ്യാറാക്കുകയും ചെയ്തു,” അന്‍സാര്‍ പറഞ്ഞു.
പ്രളയനഷ്ടത്തില്‍ നിന്ന് ചൂര്‍ണിക്കരയിലെ കൃഷിയെ രക്ഷിക്കാന്‍ അവര്‍ ഏതാണ്ട 42 ലക്ഷം വരുന്ന ഒരു പ്രോജക്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടി. ഏക്കല്‍ പ്രയോജനപ്പെടുത്തുന്നതടക്കമുള്ള വിപുലമായ പദ്ധതിയായിരുന്നു അത്.
അടയാളം നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ വില്‍ക്കാനായി ഒരു നാട്ടുചന്തയും ആരംഭിച്ചു. വീടുകളില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ മിച്ചം വരുന്നവ–പേരക്കയും മാങ്ങയും ചാമ്പയ്ക്കയും വെണ്ടയും വഴുതിനയുമടക്കം എന്തും വില്‍ക്കാവുന്ന ഒരു ചന്തയാണ് അത്. വളരെ പെട്ടെന്നുതന്നെ ആ നാട്ടുചന്ത ജനങ്ങള്‍ ഏറ്റെടുത്തു, അടയാളത്തിന്‍റെ മറ്റ് പ്രവര്‍ത്തനങ്ങളെ സ്വീകരിച്ച അതേ ആവേശത്തോടെ തന്നെ.
****
അടയാളത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം. അല്ലെങ്കില്‍ adayalamshg@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: അടയാളം ഫേസ്ബുക്ക് പേജ്.