ഒരു ബൈക്ക് യാത്രയിലായിരുന്നു തുടക്കം.
കോട്ടയം പാലായില്‍ നിന്നുള്ള രണ്ട് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍–ആന്‍റോ പി ബിജുവും തോമസ് സിറിയകും. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാനിറങ്ങി.
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് ആകെ കലങ്ങിയ വെള്ളം. ഇതെങ്ങനെ വിശ്വസിച്ച് കുടിക്കും!?
“വെള്ളം കലങ്ങി ബ്രൗണ്‍ നിറമായിരുന്നു,” ആന്‍റോ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.
യാത്ര ചെയ്യുന്ന ആരോട് ചോദിച്ചാലും ഇതിലത്ര പുതുമയില്ലെന്ന് പറയും. കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങുക മാത്രമേ നിവൃത്തിയുള്ളൂ.
അവരുടെ ആദ്യ കണ്ടുപിടുത്തം ഒരു പേനയായിരുന്നു–വെള്ളം ടെസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പേന.
ആന്‍റോയും തോമസും കോട്ടയം സെന്‍റ് ജോസെഫ് കോളെജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍. രണ്ടുപേര്‍ക്കും 21 വയസ്സ്.
എന്‍ജിനീയറിങ്ങ് ബുദ്ധി ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരം കാണാനാവുമോ എന്നായിരുന്നു അവരുടെ അന്വേഷണം.
അവരുടെ ആദ്യ കണ്ടുപിടുത്തം ഒരു പേനയായിരുന്നു–വെള്ളം ടെസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പേന. വെള്ളത്തില്‍ മുക്കിയാല്‍ അതിലെ ഹാനികരമായ ഘടകങ്ങളെക്കുറിച്ച് വിവരം നല്‍കുകയും കുടിക്കാന്‍ കൊള്ളാമോ എന്ന് കണ്ടുപിടിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ആ ഉപകരണം.
സഹപാഠികളും അധ്യാപകരുമൊക്കെ അവരെ അഭിനന്ദിച്ചു. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ കോംപെറ്റീഷനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പ്രശ്‌നം അവിടെ തീരുന്നില്ലല്ലോ. “ആ സ്‌പെഷ്യല്‍ പെന്‍ കൊണ്ട് വെള്ളത്തിന്‍റെ ഗുണം മാത്രമേ ചെക്ക് ചെയ്യാന്‍ പറ്റൂ. അതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം ആവുന്നില്ലല്ലോ,” ആന്‍റോ പറയുന്നു. “നമുക്ക് ശരിയായ പരിഹാരം തന്നെയാണ് വേണ്ടത്. അതിനുവേണ്ടിയായി അടുത്ത ശ്രമം.”
രണ്ടുവര്‍ഷത്തോളം അവര്‍ അതിനായി പരിശ്രമിച്ചു. ആ പരീക്ഷണങ്ങള്‍ പഠനത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിച്ചു.
ഇതുകൂടി വായിക്കാം: ലിറ്ററിന് 6 പൈസക്ക് വായുവില്‍ നിന്ന് കുടിവെള്ളം, വിറകടുപ്പില്‍ നിന്ന് വൈദ്യുതി: ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണങ്ങള്‍
വെള്ളം ശുദ്ധീകരിക്കാനുള്ള 60 തരം മോഡലുകള്‍ ഉണ്ടാക്കി പരീക്ഷിച്ചു നോക്കി. അതിന്‍റെയെല്ലാം പരിമിതികള്‍ മനസ്സിലാക്കി ഒഴിവാക്കുകയും ചെയ്തു, ആ കൂട്ടുകാര്‍ പറയുന്നു.
ഉറക്കമിളച്ചിരുന്ന കുറേ രാത്രികള്‍. നിരവധി വിദഗ്ധരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി, ഉപദേശം ചോദിച്ചു.
ഭുവനേശ്വരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ് ആന്‍റ് മറ്റീരിയല്‍സ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങള്‍ ഈ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായി. അങ്ങനെ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ചെറു കാട്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ചാണ് അവര്‍ ഫില്‍റ്റര്‍ ഉണ്ടാക്കിയത്.
ചൂണ്ടുവിരലിന്‍റെ വലുപ്പം മാത്രമേയുള്ളൂ ആന്‍റോയും തോമസും ചേര്‍ന്നു വികസിപ്പിച്ചെടുത്ത വാട്ടര്‍ പ്യൂരിഫയറിന്
2018-ല്‍ രണ്ടുപേരും ലമാറ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി രെജിസ്റ്റര്‍ ചെയ്തു. ഈ കമ്പനിയിലൂടെ തങ്ങളുടെ ഉല്‍പന്നം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണവര്‍.
കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സീഡ് ഫണ്ടും അവര്‍ക്ക് ലഭിച്ചു.
ചൂണ്ടുവിരലിന്‍റെ വലുപ്പം മാത്രമേയുള്ളൂ ആന്‍റോയും തോമസും ചേര്‍ന്നു വികസിപ്പിച്ചെടുത്ത വാട്ടര്‍ പ്യൂരിഫയറിന്.
ഇത്തിരിക്കുഞ്ഞനാണെങ്കിലും ഈ വാട്ടര്‍ ഫില്‍റ്റര്‍ അപകടകാരികളായ സൂക്ഷ്മജീവികളെ അരിച്ചുമാറ്റും. ദുര്‍ഗന്ധവും ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഘനലോഹങ്ങളും നിറവും മാറ്റി ജലം ശുദ്ധീകരിക്കുകയും ചെയ്യും. ഇതിനുപുറമെ ഈ സാങ്കേതിക വിദ്യയിലുടെ പ്രയോജനകരമായ മിനറലുകള്‍ വെള്ളത്തില്‍ ചേര്‍ക്കുകയും ചെയ്യാം, അവര്‍ വിശദമാക്കുന്നു.
ഈ ജലശുദ്ധീകരണ സംവിധാനം കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി ഐ എസ്) -ന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുമുണ്ട്.
ഈ ഓര്‍ഗാനിക് വാട്ടര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് 30 ലീറ്റര്‍ വെള്ളം കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ ശുദ്ധീകരിക്കാനാകുമെന്ന് ആ വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. വെറും അറുപത് രൂപ മാത്രമാണ് ഈ കാര്‍ട്രിഡ്ജിന്‍റെ വില. കാര്‍ട്രിഡ്ജ് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറ്റണം.
“ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉപയോഗിച്ചത് ചെലവുകുറയ്ക്കാന്‍ സഹായിച്ചു. അതിന്‍റെ നിര്‍മ്മാണച്ചെലവ് വെറും പത്തുരൂപ മാത്രം. കുറഞ്ഞ പണച്ചെലവ് മാത്രമുള്ള വാട്ടര്‍ പ്യൂരിഫയറാണിത്. കൃത്രിമ നാരുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയില്‍ നിന്ന് വ്യത്യസ്തമായി ഇത് ജൈവവസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്,” തോമസ് പറയുന്നു.
കേരളത്തെ വിഴുങ്ങിയ കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്‍റെ സമയത്താണ് ഈ വിദ്യാര്‍ത്ഥികള്‍ അവരുടെ പുതിയ കണ്ടുപിടുത്തത്തിലേക്കെത്തുന്നത്. അക്കാലത്ത് ജലസ്രോതസ്സുകളെല്ലാം അഴുക്കും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായപ്പോള്‍ തോമസും ആന്‍റോയും അവരുടെ വാട്ടര്‍ ഫില്‍റ്ററുമായി സഹായത്തിനെത്തി.
പഠനത്തിന്‍റെ തിരക്കുകള്‍ക്കിടയിലും പുതിയ കണ്ടുപിടുത്തം തയ്യാറായിക്കഴിഞ്ഞു
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും പലതരം അസുഖങ്ങള്‍, പ്രത്യേകിച്ചും ജലജന്യരോഗങ്ങള്‍, വ്യാപകമായിരുന്നു. ഞങ്ങള്‍ ഈ ഫില്‍ട്ടര്‍ ഘടിപ്പിച്ച കണ്ടെയ്‌നറുകള്‍ ഉണ്ടാക്കി… 200 എണ്ണത്തോളം ഉണ്ടാക്കി വിതരണം ചെയ്തു. പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ അത് ആ സമയത്ത് വളരെ സൗകര്യപ്രദമായിരുന്നു. കോട്ടയത്തെ നിരവധി ക്യാമ്പുകളില്‍ ഈ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചു, തോമസ് പറഞ്ഞു.
പ്രളയകാലത്ത് വിതരണം ചെയ്തതിന് പുറമെ, ഇവരുടെ സ്റ്റാര്‍ട്ട് അപ് കമ്പനി സംസ്ഥാനത്ത് 200 വാട്ടര്‍ ഫില്‍റ്ററുകള്‍ വില്‍പന നടത്തിയിട്ടുമുണ്ട്.
ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ത്തകളിലൂടെ അറിഞ്ഞ് നിരവധി ആവശ്യക്കാര്‍ മുന്നോട്ടുവന്നു, ഫണ്ട് വാഗ്ദാനം ചെയ്ത് ചില നിക്ഷേപകരും. “ഇത്തരം വാട്ടര്‍ പ്യൂരിഫയറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 4.5 കോടി രൂപയുടെ ബ്രാന്‍ഡ് ഈക്വിറ്റി നിക്ഷേപം ലഭിച്ചു. ഇത്തരം പുതിയ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളിപ്പോള്‍,” തോമസ് പറഞ്ഞു.
കുപ്പിക്കുള്ളിലെ ഫില്‍റ്റര്‍
കുഞ്ഞുഫില്‍റ്ററിന് ലഭിച്ച മികച്ച സ്വീകരണവും അഭിനന്ദനങ്ങളും ആ ചെറുപ്പക്കാര്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കിയത്. ഇപ്പോള്‍ എന്‍ജിനീയറിങ്ങ് അവസാന വര്‍ഷം വിദ്യാര്‍ത്ഥികളാണ് അവര്‍. പഠനത്തിന്‍റെ തിരക്കുകള്‍ക്കിടയിലും പുതിയ കണ്ടുപിടുത്തം തയ്യാറായിക്കഴിഞ്ഞു. വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന വാട്ടര്‍ ബോട്ടിലാണത്.
ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലെ നാടന്‍ ഗവേഷകന്‍: ഈ ചെത്തുകാരന്‍റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍
സിലിക്കണ്‍ ബോട്ടിലിന്‍റെ ഉള്ളില്‍ താഴെയായി ഘടിപ്പിച്ചിരിക്കുന്ന ഓര്‍ഗാനിക്ക് ഫില്‍റ്റര്‍ കുപ്പിയിലൊഴിക്കുന്ന വെള്ളം താനേ ശുദ്ധീകരിച്ചുകൊള്ളും.
ഐ-ബോ (i-Bo/ Intelligent Bottle) എന്ന ഈ ബോട്ടിലില്‍ മൂന്ന് അടരുകളിലായി ജലം അരിക്കുന്നു. നാനോ ടെക്‌നോളജി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നാനോ ഫൈബര്‍ മെംബ്രെയിന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. അപകടകാരികളായ ബാക്ടീരിയ, പ്രോട്ടോസോവ എന്നിവ നീക്കം ചെയ്യാന്‍ ഈ അരിപ്പയ്ക്ക് കഴിയും. ചിരട്ടക്കരി കൊണ്ട് നിര്‍മ്മിച്ച ആക്ടിവേറ്റഡ് കാര്‍ബണ്‍ രാസവസ്തുക്കളും ദുര്‍ഗന്ധവും ക്ലോറിനുമെല്ലാം അരിച്ചുമാറ്റുന്നതാണ് രണ്ടാമത്തെ ഘട്ടം.
മൂന്നാമതായി പ്രയോജനകാരികളായ ലവണങ്ങള്‍ വെള്ളത്തില്‍ ചേര്‍ക്കുന്നു.
വെള്ളത്തിന് വളരെ കുറഞ്ഞ അളവില്‍ ആല്‍ക്കലൈന്‍ സ്വഭാവം നല്‍കുകയാണ് ചെയ്യുന്നത്. പലതരം വൈറസുകളെയും നശിപ്പിക്കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് ലമാറാ അവകാശപ്പെടുന്നു.
ഏതുതരം വെള്ളവും ഈ ബോട്ടിലില്‍ നിറയ്ക്കുകയേ വേണ്ടു. മിനിറ്റുകള്‍ക്കുള്ളില്‍ ശുദ്ധീകരിച്ച വെള്ളം നമുക്ക് കുടിക്കാം. 600 രൂപയ്ക്കാണ് ഐ ബോ വില്‍ക്കുന്നത്.
മടക്കിവെക്കാവുന്ന ബോട്ടിലാണ് ബീറ്റാ വേര്‍ഷന്‍.
വളരെ വില കൂടിയതും കൊണ്ടുനടക്കാന്‍ കഴിയാത്തതുമായ വാട്ടര്‍ പ്യൂരിഫയറുകള്‍ക്ക് പകരം എവിടെയും ഉപയോഗിക്കാവുന്നതാണ് ഈ ഐ-ബോ, ആന്‍റോ പറയുന്നു. സാധാരണ വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥലം മെനക്കെടുത്തുന്നുവെന്ന് മാത്രല്ല, പലതും ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം മലിനജലം പുറംതള്ളുകയും ചെയ്യുന്നു.
ഐ ബോയുടെ പല വേര്‍ഷനുകളും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഐ-ബോ ആല്‍ഫയില്‍ ബോട്ടില്‍ ഒരു ആപ്പുമായി ലിങ്ക് ചെയ്തതാണ്. ബോട്ടില്‍ നിറയ്ക്കുമ്പോള്‍ തന്നെ വെള്ളത്തിലുള്ള മാലിന്യങ്ങളടക്കുമുള്ള ഘടകങ്ങളെക്കുറിച്ച് അത് വിവരം തരുന്നു. ഉപയോഗിക്കുന്ന ആളിന്‍റെ ബോഡി-മാസ് ഇന്‍ഡെക്‌സ് അടക്കമുള്ള വിവരങ്ങളും ആപ്പില്‍ അപ്‌ലോഡ് ചെയ്യാം. ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകള്‍ അനുസരിച്ച് വെള്ളം കുടിക്കാന്‍ ഈ ആപ്പ് ഓര്‍മ്മപ്പെടുത്തും.
മടക്കിവെക്കാവുന്ന ബോട്ടിലാണ് ബീറ്റാ വേര്‍ഷന്‍. “സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികളെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” ആന്‍റോ പറഞ്ഞു. “ബാഗില്‍ കൊണ്ടുനടക്കാനുളള ബുദ്ധിമുട്ട് കാരണം ഞാനും വാട്ടര്‍ ബോട്ടില്‍ ഉപേക്ഷിച്ചതാണ്…” ഇതാവുമ്പോ ബാഗില്‍ മടക്കിയൊതുക്കി വെയ്ക്കാം.
അടുത്തുതന്നെ ഇത് വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വിദ്യാര്‍ത്ഥികള്‍.
ഇതിനിടയിലും എന്‍ജിനീയറിങ്ങ് പഠനം മുടങ്ങാതെ നോക്കണമല്ലോ. വീട്ടുകാരുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം സ്വാഭാവികം. മാര്‍ക്കുകുറഞ്ഞു പോവാതിരിക്കാനുള്ള സ്‌നേഹസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായി. അതെല്ലാം കൊണ്ട് സ്റ്റാര്‍ട്ടപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചത്ര വേഗത്തില്‍ മുന്നോട്ടുപോകുന്നില്ലെന്ന് ആ കൂട്ടുകാര്‍ക്ക് തോന്നലുണ്ട്. എന്നാല്‍ ഇതെല്ലാം അനിവാര്യമായ ജീവിതപാഠങ്ങളാണ് എന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്.
“ഒരു പ്രമുഖ ബാങ്കില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു ലക്ഷം വാട്ടര്‍ പ്യൂരിഫയറുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു. പക്ഷേ, സൗകര്യങ്ങളുടെ പരിമിതി മൂലം ഞങ്ങള്‍ക്ക് അത്രയും ഓര്‍ഡര്‍ കൊടുക്കാനായില്ല. അന്നുമുതല്‍ ഞങ്ങള്‍ പ്യൂരിഫയറുകളുടെ നിര്‍മ്മാണം ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ തുടങ്ങി. ഔട്ട്സോഴ്സ് ചെയ്യാന്‍ നല്ലൊരു ടീമിനെ കണ്ടെത്തുന്നതിനിടയില്‍ പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,” ആന്‍റോ പറഞ്ഞു.
ഇതുകൂടി വായിക്കാം:‘ഓഫിസ് ജോലിക്ക് പോയിരുന്നെങ്കില്‍ ജീവിതം വഴിമുട്ടിയേനെ’: ശരീരസൗന്ദര്യ റാണി ആയി മാറിയ മലയോരപ്പെണ്‍കൊടി പറയുന്നു
അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയാണ് ആന്‍റോയും തോമസും. അത് കഴിഞ്ഞാല്‍ കൊച്ചി ആസ്ഥാനമാക്കി കമ്പനി വിപുലീകരിക്കാനാണ് അവരുടെ പദ്ധതി.
“പല വലുപ്പവും ശുദ്ധീകരണ ശേഷിയും ഉള്ള കാട്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതികളുണ്ട്. ടാപ്പുകളിലും ബോട്ടിലുകളിലും പാത്രങ്ങളിലും ഒക്കെ ഫിറ്റ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ് ലക്ഷ്യമിടുന്നത്,” അവര്‍ പറഞ്ഞു.
ലമാറയുടെ വാട്ടര്‍ പ്യൂരിഫയറുകളെക്കുറിച്ച് കൂടുതല്‍ അറിയാല്‍ ബന്ധപ്പെടാം: info@lamaara.in