മടുപ്പിക്കുന്ന ജോലി വിട്ട് ഈ കൂട്ടുകാര്‍ കൃഷി തുടങ്ങി; പാട്ടഭൂമിയില്‍ പയര്‍ നട്ട് ലക്ഷങ്ങള്‍ നേടുന്ന ചെറുപ്പക്കാര്‍

ഒടുവില്‍ രണ്ടുംകല്‍പിച്ച് ജോലിയും വിട്ട് ബിനു മീനങ്ങാടിയില്‍ തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരന്‍ ബെന്നിയും ജോലി മടുത്തുമുഷിഞ്ഞ് ഇനിയെന്തുചെയ്യുമെന്ന ആലോചനയിലായിരുന്നു.

ബിനു തോമസും ബെന്നി തോമസും കുഞ്ഞിലേ തൊട്ടേ കൂട്ടുകാരായിരുന്നു. രണ്ടുപേരും വയനാട് മീനങ്ങാടിയിലെ മൈലമ്പാടി ഗ്രാമക്കാര്‍. രണ്ടുപേരുടെയും പരമ്പരാഗതമായി കാര്‍ഷിക കുടുംബം.

എന്നുവെച്ച് അവര്‍ അവര്‍ കൃഷിയിലേക്ക് തിരിഞ്ഞില്ല.
ബിനു ജുവെല്‍റി രംഗത്തേക്ക് പോയപ്പോള്‍ ബെന്നി ടൗണില്‍ സ്വന്തമായി ടാക്‌സി സര്‍വീസ് നടത്തി. പക്ഷേ, അധികം കഴിയുംമുമ്പേ രണ്ടുപേര്‍ക്കും അതൊക്കെ വല്ലാതെ മടുത്തുതുടങ്ങിയിരുന്നു.

“കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഒട്ടും സമയമില്ലായിരുന്നു,” ബിനു ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “ദിവസവും പന്ത്രണ്ട് മണിക്കൂര്‍ ജോലിയെടുത്താലും ലീവ് ചോദിച്ചാല്‍ കിട്ടുന്നത് വലിയ പാടായിരുന്നു…”

ബിനു തോമസ്

തീരെ മടുത്തപ്പോള്‍ നാട്ടില്‍ കൃഷിയൊക്കെയായി ജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി.  ഒടുവില്‍ രണ്ടും കല്‍പിച്ച് ജോലിയും വിട്ട് മീനങ്ങാടിയില്‍ തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരന്‍ ബെന്നിയും ജോലി മടുത്തുമുഷിഞ്ഞ് ഇനിയെന്തുചെയ്യുമെന്ന ആലോചനയിലായിരുന്നു.

കൃഷിയില്‍ ഒരു കൈ നോക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ അവന്‍ റെഡി. കൃഷിയുടെ കാര്യത്തില്‍ ഞങ്ങളുടെ കുടുംബം എ്ല്ലായിപ്പോഴും വലിയ പ്രചോദനമായിരുന്നു. കൃഷി ഞങ്ങളുടെ രക്തത്തിലുണ്ട്. അത് തിരിച്ചറിയാന്‍ ഞ്ങ്ങള്‍ കുറച്ചുവൈകിയെന്നുമാത്രം,” ബിനു ചിരിക്കുന്നു.


വീട്ടുകാര്‍ ഇതിനുമുമ്പ് ചെയ്യാത്ത എന്തെങ്കിലും കൃഷി ചെയ്യണം എന്നായിരുന്നു രണ്ടുപേരുടെയും മനസ്സില്‍


രണ്ടുപേരും മുപ്പതുകളുടെ തുടക്കത്തിലാണ്. ആവേശത്തിന് ഒട്ടും കുറവില്ല. അവരുടെ വീട്ടുകാര്‍ ഇതുവരെ പരീക്ഷിക്കാത്ത കൃഷി ചെയ്യണം, നല്ല ലാഭം ഉണ്ടാക്കാന്‍ വലിയ തോതിലായിരിക്കണം കൃഷി. ഈ രണ്ടു കാര്യങ്ങളില്‍ അവര്‍ ആദ്യമേ ഒറ്റ മനസ്സായിരുന്നു. “നീളന്‍ പയര്‍ (ആച്ചിങ്ങ) പരീക്ഷി്ക്കാമെന്ന് തീരുമാനിച്ചു. പയറിന് ഒരുപാട് ആവശ്യക്കാരുണ്ട്. പക്ഷേ, യഥാര്‍ത്ഥ പ്രചോദനം എന്തെങ്കിലും പുതുതായി ചെയ്യുക എന്നതായിരുന്നു,” ബിനു പറഞ്ഞു.

കൃഷിക്കുപറ്റിയ ഭൂമി കണ്ടെത്തുകയെന്നതായിരുന്നു ആദ്യ കടമ്പ. അധികം വൈകാതെ അവരുടെ വീടുകള്‍ക്കടുത്തുതന്നെ 2.5 ഏക്കര്‍ സ്ഥലം കണ്ടെത്തി. കുറെക്കാലമായി ഉപയോഗിക്കാതെ കിടന്ന ഭൂമിയാണ്. പാട്ടത്തിനെടുത്ത ആ പറമ്പ് വൃത്തിയാക്കി കൃഷിയ്ക്കായി ഒരുക്കാന്‍ അവര്‍ക്ക് കുറെ സമയം ചെലവഴിക്കേണ്ടി വന്നു.

ബെന്നി

ആ പറമ്പ് വീണ്ടും കൃഷിക്ക് പറ്റിയതാക്കി മാറ്റാന്‍ ഞങ്ങള്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഉപദേശം തോടി. മണ്ണ് ടെസ്റ്റ് ചെയ്ത് പി എച്ച് മൂല്യം നോക്കി. അതിനനുസരിച്ച് കാല്‍സ്യം അടക്കമുള്ള മൂലകങ്ങള്‍ മണ്ണില്‍ ചേര്‍ത്തുകൊടുത്തു. മണ്ണിന്‍റെ രാസനില കൃഷിക്ക് അനുയോജ്യമാക്കിയെടുത്തതിന് ശേഷം നവംബര്‍ അവസാനത്തോടെ ഞങ്ങള്‍ വിത്തിട്ടു, ബിനു വിശദീകരിച്ചു.

120 ദിവസമാണ് ആച്ചിങ്ങപ്പയറിന്‍റെ ആയുസ്സ്. ഫെബ്രുവരി 11ന് ആ ചങ്ങാതിമാര്‍ ആദ്യവിളവെടുത്തു, 300 കിലോ.
“ഞങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ അടുത്തൊന്നുമെത്തിയില്ല വിളവ്. എങ്കിലും അതൊരു തുടക്കമായിരുന്നു,” ബിനു വിശദമാക്കുന്നു.

പതിയെപ്പതിയെ, കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളില്‍ ആയിരം കിലോ വീതം വിളവെടുക്കാന്‍ ഞ്ങള്‍ക്ക് സാധിച്ചു. ചെറിയ തിരിച്ചടികളൊക്കെ ചിലപ്പോഴൊക്കെ ഉണ്ടായി. എന്നാല്‍ ഞങ്ങള്‍ സ്വയം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ ലക്ഷ്യമിട്ടിരുന്ന ടാര്‍ജെറ്റിലേക്കെത്തിന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീനങ്ങാടി കൃഷി ഭവനിലെ അസിസ്റ്റന്റ് അഗ്രി. ഓഫീസര്‍ ടി വി സജീഷിന്റ പിന്തുണയും ഉപദേശങ്ങളും കരുത്തും ആത്മവിശ്വാസവും നല്‍കിയെന്ന് ആ കൂട്ടുകാര്‍ പറയുന്നു.


ഇതുകൂടി വായിക്കാം: കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ്‍ കൊണ്ട് കേക്കും സൂപ്പും രസം മിക്‌സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍


ഉപദേശങ്ങള്‍ തേടി ആദ്യദിനങ്ങളില്‍ തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. അദ്ദേഹം പല തവണ തോട്ടം സന്ദര്‍ശിച്ചു, പൊടിക്കൈകള്‍ പറഞ്ഞുതന്നു. മണ്ണിന്‍റെ സ്വഭാവം കണക്കിലെടുത്ത് ഏതൊക്കെ പോഷണങ്ങള്‍ നല്‍കണമെന്ന ഉപദേശങ്ങള്‍ കൂടെക്കൂടെ തന്നു. അത് വിളവുമാത്രമല്ല വര്‍ദ്ധിപ്പിച്ചത്, ആത്മവിശ്വാസം കൂടിയാണ്. ചിലപ്പോള്‍ അദ്ദേഹം ഇലകള്‍ പരിശോധിച്ച് ചില പോഷണങ്ങളുടെ അഭാവം ഉണ്ടെന്നും ഏന്തൊക്കെ മണ്ണില്‍ ചേര്‍ത്തുകൊടുക്കണമെന്നും പറഞ്ഞുതരുമായിരുന്നു, ബിനു തുടരുന്നു.

ആദ്യഘട്ടത്തില്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ ചന്തയില്‍ കൊണ്ടുപോയി വില്‍പന നടത്തി. ഇപ്പോള്‍ മീനങ്ങാടിയിലേയും സുല്‍ത്താന്‍ ബത്തേരിയിലേയും മൊത്തക്കച്ചവടക്കാര്‍ കൃഷിയിടത്തില്‍ വന്ന് നേരിട്ട് വാങ്ങുന്നു.
ബംഗളുരുവിലെയും മൈസൂരിലെയും മാര്‍ക്കറ്റ് വിലയാണ് വയനാട്ടിലുണ്ടാവുന്ന ആച്ചിങ്ങപ്പയറിന്‍റെ വില നിശ്ചയിക്കുന്നതെന്ന് അവര്‍ പറയുന്നു.

“ആദ്യ രണ്ടാഴ്ചകള്‍ക്ക് ശേഷം ഞങ്ങള്‍ കിലോയ്ക്ക 40 രൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങി.അപ്പോഴേക്കും വിളവും പലമടങ്ങ് വര്‍ദ്ധിച്ചിരുന്നു. മാത്രവുമല്ല, കച്ചവടക്കാര്‍ നേരിട്ട് കൃഷിയിടത്തില്‍ വന്ന് വാങ്ങാനും തുടങ്ങിയിരുന്നു. വിലയില്‍ മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാവും. സീസണ്‍ അവസാനിക്കാറാവുമ്പോള്‍ ഞങ്ങള്‍ കിലോയ്ക്ക് 38 രൂപയ്ക്കാണ് വി്ല്‍ക്കുന്നത്,” പയര്‍ കൃഷിയുടെ മാര്‍ക്കെറ്റിനെക്കുറിച്ച് ബിനു വാചാലനായി.


ഖത്തറില്‍ നിന്നും അവര്‍ ഇന്നുവരെ ഉല്‍പാദിപ്പിച്ചതിന്‍റെ മൂന്നിരട്ടിയാണ് ഓര്‍ഡര്‍ ലഭിച്ചത്.


നല്ല ലാഭം വന്നതോടെ രണ്ടുപേര്‍ക്കും സന്തോഷം. കൃഷിയില്‍ തുടരാനുള്ള ആവേശവും ഊര്‍ജ്ജവുമായി അത്. പ്രാദേശിക മാധ്യമങ്ങള്‍ അവരുടെ കൃഷിവിജയത്തെക്കുറിച്ച് ഫീച്ചറുകള്‍ തയ്യാറാക്കാന്‍ വന്നു.

“മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് വലിയ പിന്തുണയായി. അതോടൊപ്പം, ഖത്തറില്‍ നിന്നും കയറ്റുമതി ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി, അതും ഞങ്ങളിതുവരെ ഉല്‍പാദിപ്പിച്ചതിന്‍റെ മൂന്നിരട്ടിയാണ് ഓര്‍ഡര്‍,” ബിനു ആവേശത്തോടെ പറഞ്ഞു.

പഴയ ജോലിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ബിനു ഇപ്പോള്‍ വളരെയേറെ സന്തോഷവാനാണ്.

ആ തീരമാനത്തെയോര്‍ത്ത് ഞങ്ങള്‍ക്ക് ദുഖിക്കേണ്ടി വന്നില്ല. കുടുംബത്തോടും നാട്ടിലെ കൂട്ടുകാരോടുമൊപ്പം ചെലവഴിക്കാനിപ്പോള്‍ രണ്ടുപേര്‍ക്കും ധാരാളം സമയമുണ്ട്, അദ്ദേഹം പറഞ്ഞു,

“ഇത്തരം തീരുമാനങ്ങളില്‍ റിസ്‌ക് ഇല്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ, നമ്മളെടുക്കുന്ന തീരുമാനങ്ങളില്‍ വിശ്വാസമുണ്ടാവണം, ഭാവി എത്രതന്നെ പ്രവചിക്കാനാവാത്തതാണെങ്കിലും,” എന്നാണ് ബിനുവിന്‍റെ അഭിപ്രായം.

“ഒന്നും ശരിയാവില്ലെന്ന് പറഞ്ഞ് ഇടയ്ക്കുവെച്ച് ഇട്ടെറിഞ്ഞ് പോകരുത്. ഞങ്ങള്‍ തുടക്കം മുതലേ വളരെ ഫോകസ്ഡ് ആയിരുന്നു. ബെന്നിക്കാവട്ടെ എല്ലാക്കാര്യത്തിലും തികഞ്ഞ ചിട്ടയാണ്. ചിലപ്പോള്‍ ഞാന്‍ പറയും, വളമിടുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയാലോ എന്നൊക്കെ. പക്ഷേ, അവന്‍ അക്കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല. കൃത്യസമയത്ത് വളമിടുന്ന കാര്യത്തില്‍ യാതൊരു മടിയും വിചാരിക്കരുത്,” പുതുതായി കൃഷിയിലേക്കിറങ്ങുന്ന ചങ്ങാതിമാരോട് ബിനു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ബിനുവിന്‍റെയും ബെന്നിയുടെയും തോട്ടത്തില്‍ നിന്നും പയര്‍ വിപണിയിലേക്ക്

പയര്‍ മാത്രമല്ല, മറ്റ് വിളകള്‍ കൂടി പരീക്ഷിക്കാനുള്ള ശ്രമത്തിലാണവര്‍. ബിനുവിനും ബെന്നിക്കും ഞങ്ങളുടെ വിജയാശംസകള്‍.

ആ കൂട്ടുകാരുടെ കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ബിനുവിനെ വിളിക്കാം. ഫോണ്‍: 9947544404.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം