കടലോരത്ത് ദിവസവും തള്ളുന്ന ടണ്‍കണക്കിന് മത്സ്യാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ഇരട്ടി വിളവ് നേടാന്‍ മഹേശ്വരി

കുറഞ്ഞത് 23 ടണ്‍ മത്സ്യാവശിഷ്ടങ്ങളാണ് ഈ കടല്‍ത്തീരത്ത് ദിവസവും കൊണ്ടുവന്ന് തള്ളുന്നത്. ഇതിന് പുറമെയാണ് പ്ലാസ്റ്റിക് വേസ്റ്റും മറ്റ് ചപ്പുചവറുകളും.

“തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,” മഹേശ്വരി പറയുന്നു. “അവിടെ എന്‍റെ അച്ഛന്‍ മീന്‍വേസ്റ്റ് ഉപ്പും ചേര്‍ത്ത് തെങ്ങിന് വളമായി ഇടുമായിരുന്നു. നിങ്ങള് വിശ്വസിക്കുമോന്നറിയില്ല, ഞങ്ങടെ ഓരോ തെങ്ങിലും ഇരട്ടി തേങ്ങയുണ്ടാകുമായിരുന്നു.”

അതൊക്കെ കുറെക്കാലം മുമ്പാണ്. മഹേശ്വരി  വിവാഹിതയായി മുനമ്പത്ത് എത്തിയ മഹേശ്വരി ആ കടല്‍ത്തീരത്ത് കൊണ്ടുവന്ന് തള്ളുന്ന മത്സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ട് മനസ്സുമടുത്തപ്പോള്‍ അച്ഛന്‍ നല്‍കിയ പാഠം വീണ്ടുമോര്‍ത്തു, ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം.

മഹേശ്വരി

“വലിയ ഫിഷിങ്ങ് കമ്പനികള്‍ കുറഞ്ഞത് 23 ടണ്‍ മത്സ്യാവശിഷ്ടങ്ങളാണ് ഇവിടെ, 35 കിലോമീറ്ററോളം നീളമുളള മുനമ്പം കടലോരത്ത്, ദിവസവും കൊണ്ടുവന്ന് തള്ളുന്നത്. ഇതിന് പുറമെയാണ് പ്ലാസ്റ്റിക് വേസ്റ്റും മറ്റ് ചപ്പുചവറുകളും. കടല് മാത്രമല്ല, ജലജീവികളെക്കൂടിയാണ് ഇത് അപകടത്തിലാക്കുന്നത്,” മഹേശ്വരി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“അപ്പോഴാണ് അച്ഛന്‍ ചെയ്തുകൊണ്ടിരുന്ന കാര്യം ഞാന്‍ ഓര്‍ത്തത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്നെക്കൊണ്ടാവുന്നത് ചെയ്യണെന്ന് തോന്നി,” അവര്‍ വിശദമാക്കുന്നു.

കടലോരത്ത് തള്ളുന്ന മീന്‍റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് വളമാക്കി മാറ്റുന്നതിനെക്കുറിച്ചാണ് മഹേശ്വരി ആലോചിച്ചത്. 2011ലായിരുന്നു അത്.

കേരളത്തിലെ ഒരു ഫിഷിങ് ഹാര്‍ബര്‍. കുറഞ്ഞത് 23 ടണ്‍ മത്സ്യാവശിഷ്ടങ്ങളാണ് മുനമ്പത്ത് മാത്രം ദിവസവും കൊണ്ടുവന്ന് തള്ളുന്നത്. (Image for representation)

കൂടുതല്‍ സഹായങ്ങള്‍ക്കായി കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT)യെ സമീപിച്ചു. അവിടെ ഒരു ട്രെയിനിങ്ങ് പ്രോഗ്രാമില്‍ ചേര്‍ന്നു. മീന്‍ കൊണ്ട് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനക്കളരിയായിരുന്നു അത്.


ഇതുകൂടി വായിക്കാം: കേംബ്രിഡ്ജില്‍ നിന്ന് ഡോക്ടറേറ്റ് നേടി അര്‍ഷിയ തിരിച്ചുവന്നു, കാപ്പിക്കര്‍ഷകര്‍ക്കും പ്രകൃതിക്കും വേണ്ടി തന്നാലാവുന്നത് ചെയ്യാന്‍


അവിടെ നിന്നും ലഭിച്ച അറിവിന്‍റെ കൂടി അടിസ്ഥാനത്തില്‍ മഹേശ്വരി മത്സ്യാവശിഷ്ടങ്ങള്‍ ശേഖരിച്ച് വളമാക്കാന്‍ തുടങ്ങി. ആ പരീക്ഷണം വിജയമായി. പിന്നെ മീന്‍കടകളില്‍ നിന്നും കടലോരത്തുനിന്നും മത്സ്യാവശിഷ്ടങ്ങള്‍ ശേഖരിച്ച് ഫോര്‍മിക് ആസിഡും ചേര്‍ത്ത് വളമാക്കിയെടുത്തു. ആ വളത്തിന് ഫെര്‍ട്ടിഫിഷ് എന്ന് പേരിട്ടു.

ഫെര്‍ട്ടിഫിഷ് വലിയ തോതില്‍ ഉണ്ടാക്കണമെന്നാണ് മഹേശ്വരിയുടെ ആഗ്രഹം

“എനിക്ക് വാഴക്കൃഷിയുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി. കുറച്ച് പച്ചക്കറിയുണ്ട്. അവിടെ ഞാന്‍ ഫെര്‍ട്ടിഫിഷ് ആണ് ഉപയോഗിക്കുന്നത്. മറ്റ് വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ മികച്ച വിളവാണ് എനിക്ക് ലഭിക്കുന്നത്,” മഹേശ്വരി പറയുന്നു.


കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്ല വളവും കൊടുക്കാം, മാലിന്യപ്രശ്‌നത്തിനൊരു പരിഹാരവുമാവും


പക്ഷേ, സ്വന്തം നിലയ്ക്ക് വളം ഉണ്ടാക്കി ഉപയോഗിച്ചതുകൊണ്ടുമാത്രം മത്സ്യമാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലല്ലോ. അതുകൊണ്ട്, ഫെര്‍ട്ടിഫിഷ് വലിയ തോതില്‍ ഉണ്ടാക്കണമെന്നാണ് മഹേശ്വരിയുടെ ആഗ്രഹം.

മീന്‍കടകളില്‍ നിന്നും മറ്റും മുനമ്പത്ത് കൊണ്ടുവന്ന് തള്ളുന്ന മത്സ്യാവശിഷ്ടങ്ങള്‍ വളമാക്കി മാറ്റുന്ന പ്രോജക്ടുമായി പഞ്ചായത്ത് അടക്കം പല ഏജന്‍സികളെയും സമീപിച്ചുവെന്ന് മഹേശ്വരി. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്ല വളവും കൊടുക്കാം, മാലിന്യപ്രശ്‌നത്തിനൊരു പരിഹാരവുമാവും എന്ന് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

“3,000 രൂപയ്ക്ക് 9,000 കിലോഗ്രാം മീന്‍കംപോസ്റ്റ് ഉണ്ടാക്കാം,” മഹേശ്വരി ഉറപ്പിച്ച് പറയുന്നു

“ഞാനിത് 2011 മുതല്‍ ചെയ്യുന്നു. ഇതൊന്ന് വിപുലീകരിക്കാന്‍ (സഹായം തേടി) പലരേയും സമീപിച്ചു. പല വാതിലുകളും മുട്ടി. നിരാശയായിരുന്നു ഫലം. പലരും വെറുതെ വാഗ്ദാനങ്ങള്‍ തന്നു. ഉദ്യോഗസ്ഥരാരും സഹായിക്കാന്‍ തയ്യാറായില്ല,” മഹേശ്വരി പരാതിപ്പെടുന്നു.

“ഇത്തരമൊരു പ്രോജക്ട് വിപുലമായ തോതില്‍ നടത്താനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. വലിയ തോതില്‍ ഉണ്ടാക്കാനും അതിനുവേണ്ട വലിയ സംവിധാനങ്ങള്‍ ഒരുക്കാനും എന്നെക്കൊണ്ട് കഴിയില്ല.”  മീന്‍വളം ഉണ്ടാക്കാനുള്ള സ്ഥലമുണ്ടെങ്കിലും പള്‍വറൈസര്‍, വലിയ ഡ്രമ്മുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ വേണം.


ഇതുകൂടി വായിക്കാം: ‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ


“3,000 രൂപയ്ക്ക് 9,000 കിലോഗ്രാം മീന്‍കംപോസ്റ്റ് ഉണ്ടാക്കാം,” മഹേശ്വരി ഉറപ്പിച്ച് പറയുന്നു. നല്ല വളമാണെന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും മികച്ച വിളവ് ലഭിക്കുമെങ്കിലും ചീത്ത മണമുണ്ടാകുമെന്നൊക്കെയുള്ള തെറ്റിദ്ധാരണയോ മറ്റോ മൂലം ജനങ്ങളിത് അധികം ഏറ്റെടുക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമില്ല. “ഇങ്ങനെ നല്ലൊരു പരിഹാരമാര്‍ഗ്ഗം ഉണ്ടായിട്ടും നമ്മുടെ കടലോരം മുഴുവന്‍ മീന്‍മാലിന്യം കൊണ്ടുനിറയുന്നതുകാണുമ്പോള്‍ എനിക്ക് സങ്കടമാണ്.”

കടകളില്‍ നിന്നെല്ലാം മീന്‍മാലിന്യം ശേഖരിച്ച് മഹേശ്വരി വളമുണ്ടാക്കിക്കൊണ്ടിരിക്കുന്നു,

“സി ഐ എഫ് ടിയിലെ ചില ഉദ്യോഗസ്ഥര്‍ ഞാനുണ്ടാക്കുന്ന കംപോസ്റ്റ് കണ്ട് പറഞ്ഞു, ഇതുണ്ടാക്കുന്നത് നിര്‍ത്തരുതെന്ന്. അവരുടെ പ്രോത്സാഹനം കൊണ്ട് ഞാന്‍ കടകളില്‍ നിന്നെല്ലാം മീന്‍മാലിന്യം ശേഖരിച്ച് വളമുണ്ടാക്കിക്കൊണ്ടിരിക്കുന്നു,” അവര്‍ പറഞ്ഞു.

ജൈവശ്രീ എന്ന എറണാകുളത്തെ ഷോപ്പില്‍ മഹേശ്വരി ഫെര്‍ട്ടിഫിഷ് വില്‍ക്കുന്നുണ്ട്. എന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കുമെന്നും ഈ പ്രോജക്ട് വിപുലീകരിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് മഹേശ്വരി.

മഹേശ്വരിയുടെ ഫോണ്‍ നമ്പര്‍: 9446317126.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം