കുളവാഴകൊണ്ട് സാനിറ്ററി നാപ്കിന്‍ വെറും മൂന്ന് രൂപയ്ക്ക്; സ്കൂള്‍ കുട്ടികളും അധ്യാപകനും ചേര്‍ന്ന് വികസിപ്പിച്ച ഉല്‍പന്നം നിര്‍മ്മിക്കാന്‍ കുടുംബശ്രീ

വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ഇനിയും കുറച്ചുകാലം പിടിക്കുമെങ്കിലും ഇപ്പോഴത്തെ കണക്കുവെച്ച് ഒന്നിന് മൂന്ന് രൂപയ്ക്ക് നല്‍കാനാവുമെന്നാണ് അവര്‍ പറയുന്നത്.

കു ളവാഴയെക്കൊണ്ടുള്ള ശല്യമെത്രയാണെന്ന് ആലപ്പുഴയിലേയും എറണാകുളത്തേയും കര്‍ഷകരും കായലോരവാസികളും പറഞ്ഞുതരും.
കുളവാഴയെ മെരുക്കാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നല്ല തുക മുടക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് കുട്ടനാട് പാക്കേജില്‍ മാത്രം 30 കോടി രൂപ നീക്കിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കുളവാഴ എല്ലാവരെയും തോല്‍പിച്ച് പച്ചവിരിച്ചുമുന്നേറുക തന്നെയാണ്.

കുളവാഴ ജലഗതാഗതത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

കുളവാഴപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയൊക്കെയാണെങ്കിലും ഇതുകൊണ്ടുള്ള പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല. ജലാശയങ്ങളെ ശരിക്കും ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ഈ ചെറുസസ്യങ്ങള്‍–കുളവാഴ മൂടിക്കിടക്കുന്നതുകൊണ്ട് വെള്ളത്തില്‍ സൂര്യപ്രകാശം പതിക്കുന്നത് കുറയുന്നു. ജലത്തില്‍ ഓക്‌സിജന്‍റെ അളവും കുറഞ്ഞുപോകുന്നു. ഇത് ജലജീവികളുടെയും സസ്യങ്ങളുടെയും നിലനില്‍പിനെ കാര്യമായി ബാധിക്കുന്നു. വെള്ളക്കെട്ട് സ്ഥിരം തലവേദനയാവുന്നു. ഒപ്പം കൃഷിയിടങ്ങളിലേക്ക് കയറിയും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ജലഗതാഗതത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.


കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനും ഇതുകൊണ്ട് കഴിയും.


കുളവാഴയുടെ വ്യാപനം തടയാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ അത് ജലാശയങ്ങളേയും മറ്റ് ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കും. ജൈവമാര്‍ഗ്ഗങ്ങളിലുടെയുടെ നിയന്ത്രണങ്ങള്‍ക്കും ഏറെ പരിമിതികളുണ്ട്.
അതുകൊണ്ടാണ് ഈ മേഖലയില്‍ ഒരുപാട് കാലമായി ഗവേഷണം നടത്തുന്ന ആലപ്പുഴ എസ് ഡി കോളെജിലെ ഡോ. നാഗേന്ദ്രപ്രഭു ഉപയോഗത്തിലൂടെ നിയന്ത്രണം എന്ന ആശയം മുന്നോട്ടുവെച്ചതും കുളവാഴ കൊണ്ട് പലതരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തതും. (അദ്ദേഹത്തിന്‍റെ ശ്രമങ്ങളെക്കുറിച്ചുള്ള ദ് ബെറ്റര്‍ ഇന്‍ഡ്യ റിപ്പോര്‍ട്ട് വായിക്കാം.)

കുളവാഴപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയൊക്കെയാണെങ്കിലും ഇതുകൊണ്ടുള്ള പൊല്ലാപ്പുകള്‍ കുറച്ചൊന്നുമല്ല

ആ ആശയത്തിന്‍റെ ചുവടുപിടിച്ചെന്നോണം മലപ്പുറത്തെ ഒരു സ്‌കൂളിലെ കുട്ടികളും അധ്യാപകനും ചേര്‍ന്ന് കുളവാഴ സംസ്‌കരിച്ച് സാനിറ്ററി പാഡ് ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. പ്രകൃതി സൗഹൃദമായ ഈ പാഡ് ആരോഗ്യകരവുമാണെന്ന് ഇവര്‍ പറയുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ കുളവാഴ ശല്യത്തെ വലിയൊരളവില്‍ പരിഹരിക്കാനും കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനും ഇതുകൊണ്ട് കഴിയും.

മലപ്പുറം കാട്ടൂര്‍ എ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ അവരുടെ ബയോളജി അധ്യാപകന്‍റെ പിന്‍തുണയോടെ നടത്തിയ ഗവേഷണമാണ് കുളവാഴയില്‍ നിന്ന് സാനിറ്ററി നാപ്കിന്‍ നിര്‍മ്മിക്കുന്ന പദ്ധതിയായി വികസിച്ചത്.

കുളവാഴ കൊണ്ട് സാനിറ്ററി നാപ്കിന്‍ നിര്‍മ്മിച്ച കുട്ടി ശാസ്ത്രജ്ഞര്‍

ഇ അശ്വതി, പി വി ഹെന്ന സുമി, എസ് ശ്രീജേഷ് വാരിയര്‍ എന്നീ പ്ലസ് 1 വിദ്യാര്‍ത്ഥികളും അധ്യാപകന്‍ കെ എസ് ശരത്തുമാണ് ഈ പദ്ധതിക്കു പിന്നില്‍. ബാലശാസ്ത്ര കോണ്‍ഗ്രസില്‍  ഈ പ്രോജക്ട് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍.


ഇതുകൂടി വായിക്കാം: കാന്‍സര്‍ ഭീതി ഒരു നാടിന്‍റെ മുഖം മാറ്റിയതിങ്ങനെ: കേരളത്തിന് മുന്‍പേ നടന്ന വെങ്ങേരി


“കുളവാഴയുടെ വ്യാപനം വലിയൊരു പ്രശ്‌നം തന്നെയായതുകൊണ്ട് അതിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതും പുതിയൊരു ഉല്‍പന്നം ഉണ്ടാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്,” അധ്യാപകന്‍ ശരത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. “ആദ്യം ബാഗ്, കരകൗശലവസ്തുക്കള്‍ എന്നിവ ഉണ്ടാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതൊക്കെ വിപണിയില്‍ ഇപ്പോഴേ ലഭ്യമാണ്. അതുകൊണ്ട് പുതുതായെന്തെങ്കിലും നിര്‍മ്മിക്കാനായി ശ്രമം. അപ്പോഴാണ് സാനിറ്ററി നാപ്കിന്‍ നിര്‍മ്മിച്ചാലോ എന്ന തോന്നലുണ്ടായത്.”

വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ആ പാഡിന് അവര്‍ സുരക്ഷ പാഡ് എന്നാണ് പേരിട്ടത്. എട്ടുമാസം വേണ്ടിവന്നു, ഗവേഷണത്തിനും ഡിസൈനും ടെസ്റ്റിനുമൊക്കെയായി എന്ന് അവര്‍ പറയുന്നു.

ആദ്യത്തെ ടെസ്റ്റിങ്ങ് ഞങ്ങളുടെ സ്‌കൂളിലെ ലാബില്‍ തന്നെയായിരുന്നു, ശരത് വിശദീകരിക്കുന്നു. പിന്നെ ചില കോളെജുകളിലെ ലാബുകളിലും ടെസ്റ്റ് ചെയ്തു. ഇതിന് വേണ്ട സര്‍ട്ടിഫിക്കേഷനുകളും മറ്റും ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഞങ്ങള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാഡ് നിര്‍മ്മിക്കാനുള്ള മെഷിനറികളൊന്നും ഞങ്ങളുടെ കൈയ്യില്‍ ഇല്ലായിരുന്നില്ല. അതുകൊണ്ട് നിര്‍മ്മാണവും പുറത്താണ് നടത്തിയത്. ഇനി സര്‍ക്കാര്‍ സഹായത്തോടെ സാനിറ്ററി നാപ്കിന്‍ മെഷീന്‍ വാങ്ങാനുള്ള പരിശ്രമത്തിലാണ് ഈ സംഘം.

പൂര്‍ണമായും അണുവിമുക്തമാക്കിയാണ് പാഡ് നിര്‍മ്മിക്കുന്നത്.

കുടുംബശ്രീയുമായി ചേര്‍ന്ന് പാഡുകളുടെ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതൊരു മൂന്ന് വര്‍ഷത്തെ പ്രോജക്ട് ആയാണ് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍മാസത്തോടെ തുടങ്ങും. ചുറ്റുവട്ടത്തുള്ള സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളുമായി ചേര്‍ന്ന് നിര്‍മ്മാണം നടത്തുന്നതുകൊണ്ട് അത് അവര്‍ക്കൊരു ജീവിനോപാധി കൂടിയാവും, എന്നാണ് ശരത്തിന്‍റെ പ്രതീക്ഷ.

നിര്‍മ്മാണഘട്ടത്തില്‍ അണുനാശനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പാഡ് പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്‍കരുതലുകളും ഈ ഘട്ടത്തില്‍ എടുക്കുന്നുണ്ട്. കുളവാഴത്തടകള്‍ മുറിച്ച് ആദ്യം അരമണിക്കൂര്‍ ആവിയില്‍ സ്റ്റെറിലൈസ് ചെയ്യുന്നു. പിന്നീട് അത് അരച്ച് നാലഞ്ച് ദിവസം ഉണക്കുന്നു. ഈ പൗഡര്‍ പഞ്ഞിയുമായി ചേര്‍ത്താണ് ഈര്‍പ്പംവലിച്ചെടുക്കുന്ന അബ്‌സോര്‍ബന്റ് ലെയര്‍ നിര്‍മ്മിക്കുന്നത്. അതിന് പുറത്ത് തേനീച്ച മെഴുകുകൊണ്ട് ഒരു ലെയര്‍ വെച്ച് അത് സീല്‍ ചെയ്യുന്നു. നിര്‍മ്മാണത്തിന്‍റെ അടുത്ത അവസാനഘട്ടത്തില്‍ വീണ്ടും അണുവിമുക്തമാക്കും. മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന അള്‍ട്രാവയലറ്റ് സ്‌റ്റെറിലൈസേഷന്‍ ആണിത്.

കുട്ടിശാസ്ത്രജ്ഞര്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കൊപ്പം

വികസിപ്പിച്ചെടുത്ത പ്രക്രിയക്ക് പാറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട് ഈ വിദ്യാര്‍ത്ഥിക്കൂട്ടം.

വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ ഇനിയും കുറച്ചുകാലം പിടിക്കുമെങ്കിലും ഇപ്പോഴത്തെ കണക്കുവെച്ച് ഒന്നിന് മൂന്ന് രൂപയ്ക്ക് നല്‍കാനാവുമെന്നാണ് ശരത് പറയുന്നത്. വലിയതോതില്‍ നിര്‍മ്മിക്കാനായാല്‍ വില ഇനിയും കുറയും. മാത്രമല്ല, ഇപ്പോള്‍ മാര്‍ക്കെറ്റില്‍ നിന്ന് കിട്ടുന്ന സാധാരണ നാപ്കിനുകളുമായി താരതമ്യം ചെയ്താല്‍ അവയെക്കാള്‍ 12 മടങ്ങ് ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്നതാണ് സുരക്ഷ പാഡുകളെന്നും അദ്ദേഹം അവകാശപ്പെടുന്നു.


ഇതുകൂടി വായിക്കാം: 60 രൂപയുടെ കുഞ്ഞന്‍ ഓര്‍ഗാനിക് വാട്ടര്‍ പ്യൂരിഫയര്‍ നിര്‍മ്മിച്ച് ₹4.5 കോടിയുടെ നിക്ഷേപം സമാഹരിച്ച വിദ്യാര്‍ത്ഥികളുടെ ജലപരീക്ഷണങ്ങള്‍


ഒറ്റയടിക്ക് രണ്ട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സുരക്ഷാ പാഡ്; കുളവാഴ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കൊരു പരിഹാരം, പിന്നെ സ്ത്രീ ശുചിത്വം ഉറപ്പുവരുത്തുന്നതിനുള്ള ചെലവുകുറഞ്ഞ ഒരുപായവും.

*

കടപ്പാട്:  ലക്ഷ്മിപ്രിയ എസ്, വിദ്യ രാജ

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം