നേരെ ചൊവ്വേ: നമ്മള്‍ അവഗണിക്കുന്ന കാര്യങ്ങള്‍ മറയില്ലാതെ പറയുന്ന 19-കാരന്‍ ‘തൃക്കണ്ണന്‍റെ’ ചിത്രങ്ങള്‍ക്ക് പിന്നില്‍

അശ്രദ്ധകൊണ്ടുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന ചിത്രങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് 19-കാരനായ ഹാഫീസ് സജീവ്.

റോഡ് സുരക്ഷയെച്ചൊല്ലി ആശങ്കപ്പെടാത്തവര്‍ ആരുണ്ട്!?

ഓരോ അപകട വാര്‍ത്ത കേള്‍ക്കുമ്പോഴും ചര്‍ച്ച കൊഴുക്കും; പക്ഷേ, ഹെല്‍മെറ്റ് ധരിക്കണമെന്നോ സീറ്റ് ബെല്‍റ്റ് ഇടമെന്നോ മദ്യപിച്ച് വണ്ടിയോടിക്കരുതെന്നോ പറയുമ്പോള്‍ കഥ മാറും.

ഹാഫീസ് സജീവ്

ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും സന്നദ്ധസംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ക്കും കുറവൊന്നുമില്ല. പക്ഷേ, മറ്റാരുടെയെങ്കിലും അശ്രദ്ധ കൊണ്ടും നിയമലംഘനങ്ങള്‍ കൊണ്ടും റോഡില്‍ കൊല്ലപ്പെടുന്നവരുടെയും ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുന്നവരുടെയും വാര്‍ത്തകള്‍ ദിവസവും വന്നുകൊണ്ടേയിരിക്കുന്നു.

അശ്രദ്ധകൊണ്ടുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ശ്രദ്ധിക്കാതെ കടന്നുപോകാന്‍ കഴിയാത്ത ചിത്രങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ ശ്രമിക്കുകയാണ് 19-കാരനായ മുഹമ്മദ് ഹാഫീസ് സജീവ്.


ഇതുകൂടി വായിക്കാം: ഈ നോമ്പുകാലത്ത് മലപ്പുറംകാര്‍ക്ക് വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്


ഷാള്‍ ബൈക്കിന്‍റെ ചക്രത്തില്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ മുതല്‍ റോഡില്‍ വെച്ച് അശ്രദ്ധമായി ഡോര്‍ തുറക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വരെ ഹാഫീസിന്‍റെ ചിത്രങ്ങള്‍ക്ക് വിഷയമാകുന്നു.

ഹഫീസ് സജീവിന്‍റെ ചിത്രങ്ങള്‍

മിക്ക ചിത്രങ്ങളിലും ഇളയ സഹോദരി ഹസ്‌നയും സുഹൃത്ത് അനസുമാണ് ഹാഫീസിന്‍റെ മോഡലുകള്‍. ലൊക്കേഷന്‍ വീടിന്‍റെ പരിസരങ്ങള്‍ തന്നെ.


ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിന് തൃക്കണ്ണന്‍ എന്ന പേര് നിര്‍ദ്ദേശിച്ചതും കൂട്ടുകാരി തന്നെ


ഫോട്ടോഗ്രഫി എന്നുമൊരു ഹരമായിരുന്നു, ആലപ്പുഴക്കാരനായ ഫഫീസ് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ആനിമേഷന്‍ ആന്‍റ് വിഷ്വല്‍ ഇഫെക്ട്‌സ് കോഴ്സ് ചെയ്യുകയാണ് ഹാഫീസ്. “യുട്യൂബ് ട്യൂട്ടോറിയല്‍സും മറ്റും നോക്കിയാണ് പല ടെക്‌നിക്കുകളും പഠിച്ചത്.”
പിന്നെ സ്വന്തമായുള്ള രസികന്‍ പരീക്ഷണങ്ങളും.

ചിത്രങ്ങള്‍ പുറംലോകം കൂടി കാണട്ടെ എന്ന് പറഞ്ഞ് സ്വന്തമായി ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എടുക്കാന്‍ നിര്‍ബന്ധിച്ചത് ഗേള്‍ഫ്രണ്ടാണെന്ന് ഹാഫീസ് വെളിപ്പെടുത്തുന്നു. ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിന് തൃക്കണ്ണന്‍ എന്ന പേര് നിര്‍ദ്ദേശിച്ചതും കൂട്ടുകാരി തന്നെ.

ഹഫീസ് സജീവിന്‍റെ ചിത്രങ്ങള്‍

“അങ്ങനെയാണ് അത് തുടങ്ങിയത്,” ഹാഫീസ് ചിരിക്കുന്നു. “പ്ലസ് ടു കഴിഞ്ഞ് (ആനിമേഷന്‍) ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള സ്ഥിരം യാത്രയില്‍ റോഡ് നിയമങ്ങള്‍ അധികമാരും പാലിക്കുന്നില്ലെന്ന കാര്യം ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.”

പറന്നുകിടക്കുന്ന ഒരു ഷാള്‍ ചെറിയൊരു അശ്രദ്ധയാണ്. എന്നാല്‍ ആ ചെറിയ സംഗതി മതി ഒരു ജീവനെടുക്കാന്‍. ചിലപ്പോള്‍ ഒരാള്‍ക്ക് മാത്രമല്ല, അപകടം പറ്റുക. പിന്നെ, പലപ്പോഴും കാണുന്ന ഒന്നാണ് റോങ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് റോഡിലേക്ക് ഡോര്‍ തുറക്കുന്നവര്‍… മറ്റ് വണ്ടികള്‍ വരുന്നുണ്ടോയെന്ന് നോക്കുക പോലും ചെയ്യാതെയാണ് ഇത് പലപ്പോഴും ചെയ്യുന്നത്. സ്വന്തം ജീവന്‍ മാത്രമല്ല അപകടത്തിലാവുന്നത്, മറ്റുള്ളവരെക്കൂടി അത് അപകടത്തിലാക്കുന്നു എന്ന് ഹാഫീസ് ഓര്‍മ്മിപ്പിക്കുന്നു.


ഇതുകൂടി വായിക്കാം: കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ്‍ കൊണ്ട് കേക്കും സൂപ്പും രസം മിക്‌സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍


റോഡ് സുരക്ഷയെക്കുറിച്ച് ഫോട്ടോ ചെയ്താലോ എന്നാലോചിച്ചപ്പോള്‍ മോഡലായി സുഹൃത്ത് അനസ് റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു. അഭിനയമോഹം ഉള്ളില്‍ക്കൊണ്ടുനടക്കുന്ന അനസ് എങ്ങനെ പോസ് ചെയ്യാനും തയ്യാര്‍.

ഹാഫീസ് സജീവിന്‍റെ ചിത്രങ്ങള്‍

കാര്യം പച്ചയ്ക്കുതന്നെ പറയുന്ന സീനുകള്‍ പുനരാവിഷ്‌കരിക്കുകയാണ് ഹാഫീസ്. ഞെട്ടിക്കുന്ന ചിത്രങ്ങളുണ്ടെങ്കിലേ ആളുകള്‍ ശ്രദ്ധിക്കൂ എന്നാണ് അവസ്ഥ. അതുകൊണ്ട് ഹാഫീസിന്‍റെ ചിത്രങ്ങളൊന്നും തന്നെ സിംബോളിക്ക് അല്ല. നേരെ കാര്യത്തിലേക്ക് കടക്കുന്നവയാണെല്ലാം.

റോഡ് നിയമലംഘനം മാത്രമല്ല, ആലപ്പാട് കരിമണല്‍ ഖനനം, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം അങ്ങനെ പല വിഷയങ്ങളും ഈ 19-കാരന്‍റെ ചിത്രങ്ങള്‍ക്ക് വിഷയമായി. വനനശീകരണത്തെക്കുറിച്ചുള്ള ഒരു പുതിയ പ്രോജക്ടിന്‍റെ പണിപ്പുരയിലാണെന്ന് ഹാഫീസ് കൂട്ടിച്ചേര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: ‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്‍റെ പ്രതിജ്ഞ


ഫോട്ടോകള്‍ മാത്രമല്ല, അതെങ്ങനെ എടുത്തു എന്ന് വിശദമാക്കുന്ന രസകരമായ വീഡിയോകളും ഹാഫീസ് പോസ്റ്റ് ചെയ്യാറുണ്ട്. ചെറുപ്പത്തില്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തു തുടങ്ങിയ ഹാഫീസിന് പിന്നെ ഫോട്ടോഗ്രഫി ഹരമായി. കൂട്ടുകാരന്‍റെ ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ കടമെടുത്ത് പരീക്ഷണങ്ങള്‍ തുടര്‍ന്നു, സ്വന്തമായൊന്ന് സംഘടിപ്പിക്കുന്നതുവരെ. പിന്നെ, തിരിഞ്ഞുനോക്കിയില്ല.

ഹഫീസ് സജീവിന്‍റെ ചിത്രങ്ങള്‍

2016-ലാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്.  ഇതുവരെ 350-ല്‍ താഴെ പോസ്റ്റുകള്‍ മാത്രം. പക്ഷേ, ഫോളോവേഴ്സ് ഒരുലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുകയാണ്.

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഹാഫീസിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നോക്കാം.

Picture Credits: Thrikkannan/ Instagram.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം