ഹുസൈന്‍റെ പാണ്ടിക്കാട്ടുള്ള വീട്ടില്‍ നിന്നും മലപ്പുറത്തെ സിവില്‍ സ്റ്റേഷനിലേക്കെത്താന്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കണം. തിരിച്ച് വീട്ടിലേക്കുള്ള ദൂരം കണക്കാക്കിയാല്‍ അമ്പത് കിലോമീറ്റര്‍.
പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയായാലും മലപ്പുറംകാരന്‍ ഹൈസൈന് ഒരു ആശങ്കയുമുണ്ടാവില്ല.
മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഹയര്‍സെക്കന്‍ഡറി മേഖലാ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് ഹുസൈന്‍. ഒരു മോട്ടോര്‍സൈക്കിളുണ്ട് വീട്ടില്‍. അതുപയോഗിച്ചിട്ട് കാലങ്ങളായി.
ഇതുകൂടി വായിക്കാം: ലിറ്ററിന് 6 പൈസക്ക് വായുവില്‍ നിന്ന് കുടിവെള്ളം, വിറകടുപ്പില്‍ നിന്ന് വൈദ്യുതി: ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണങ്ങള്‍
പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്തിലെ വീട്ടില്‍ നിന്നും ഹുസൈന്‍ രാവിലെ എട്ടരക്ക് സൈക്കിളില്‍ കയറും, ഒരു മണിക്കൂറിനകം ഓഫീസിലെത്തും. ഇതിനിടയില്‍ കൂറ്റന്‍ കയറ്റവും കുത്തനെയുള്ള ഇറക്കങ്ങളുമൊക്കെ താണ്ടണം. പക്ഷേ, അതെല്ലാം വടക്കാങ്ങര ഹുസൈന് ഇഷ്ടമുള്ള കാര്യങ്ങളാണ്.
ചിലപ്പോള്‍ നാല‍്പതുമിനിറ്റിനുള്ളില്‍ ഓഫീസിലെത്തിയിട്ടുണ്ടെന്ന് ഹുസൈന്‍ പറയുന്നു. ഒരിക്കല്‍ എറണാകുളത്തുള്ള ഏജീസ് ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് പോവേണ്ടി വന്നു.
ഏറ്റവും കുറഞ്ഞത് 150 കിലോമീറ്റര്‍…ഹുസൈന്‍ സൈക്കിളെടുത്ത് ആഘോഷമായി പോയി തിരിച്ചുവന്നു.
രണ്ടുവര്‍ഷത്തോളമായി ഹുസൈന്‍ ഓഫീസിലേക്ക് സൈക്കിള്‍ യാത്ര തുടങ്ങിയിട്ട്. ഇന്നുവരെ മുടങ്ങിയിട്ടില്ല.
സൈക്കിള്‍ യാത്രയോടുള്ള ഇഷ്ടം മാത്രമല്ല, അന്തരീക്ഷമലിനീകരണം കുറയ്ക്കാനും ആരോഗ്യത്തിനും നല്ലതാണ് അതെന്ന തിരിച്ചറിവ് കൂടിയാണ് ഹുസൈന്‍റെ തീരുമാനത്തിന് പിന്നില്‍. കൂടുതല്‍ ആളുകള്‍ സൈക്കിള്‍ യാത്രയിലേക്ക് തിരിഞ്ഞാല്‍ പണവും ലാഭിക്കാം, റോഡിലെ തിരക്കും കുറയ്കാം, ഹുസൈന്‍ അഭിപ്രായപ്പെടുന്നു.
ഇതുകൂടി വായിക്കാം: തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്
ഭൂമിയെ നോവിക്കാതെയുള്ള ഉള്ള ഈ നിശ്ശബ്ദയാത്ര ആദ്യം പലര്‍ക്കും കൗതുകമായിരുന്നു. ചിലരെങ്കിലും കളിയാക്കാനുമുണ്ടായി. എങ്കിലും ഹുസൈന്‍ പലര്‍ക്കുമിന്നൊരു പ്രചോദനമാണ്.
അന്തരീക്ഷ മലിനീകരണം കുറക്കാനും വാഹനപെരുപ്പം മൂലമുള്ള തിരക്കും അപകടങ്ങളും ഒഴിവാക്കാനും സൈക്കിള്‍ യാത്ര നിര്‍ബന്ധമാക്കണമെന്ന പക്ഷക്കാരനാണ് ഈ ചെറുപ്പക്കാരന്‍.
ദിവസവും സൈക്കിള്‍ ചവിട്ടുന്നതിനേക്കാള്‍ നല്ല വ്യാഴാമമില്ലെന്ന് ഹുസൈന്‍ പറയുന്നു. മുപ്പത്തിയെട്ടാം വയസിലും 46 കിലോ മാത്രമാണ് ഹുസൈന്‍റെ ഭാരം. ഒമ്പത് വര്‍ഷം മുന്‍പാണ് ജോലി ലഭിച്ചത്. ആദ്യം പി എസ് സി ഓഫീസിലായിരുന്നു.
ഹുസൈന്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കു സൈക്കിള്‍ തയൊണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുത്. ഷോര്‍ട്‌സും ജഴ്‌സിയും ഹെല്‍മെറ്റും ഗ്ലാസും മാസ്‌കുമെല്ലാം ധരിച്ച് സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയാതെയാണ് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ യാത്ര.
ഇതുകൂടി വായിക്കാം: പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം
ഓഫീസിലെത്തിയാല്‍ വസ്ത്രം മാറി ജോലിത്തിരക്കുകളിലേക്ക് പ്രവേശിക്കും. വൈകുന്നേരം അഞ്ച് മണിക്ക് വീണ്ടും റൈഡിംഗ് വേഷത്തില്‍ വീട്ടിലേക്ക്.
സൈക്കിള്‍ യാത്രയെ പലരും ആദ്യം കളിയാക്കിയെങ്കിലും ഇപ്പോള്‍ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് ഹുസൈന്‍ പറയുന്നു.
ഹുസൈന്‍റെ ഭാര്യ തസ്ലീനയുടെ വീട് വയനാട് ബത്തേരിയിലാണ്. മലപ്പുറത്തുനിന്നും ബത്തേരിയിലേക്കുള്ള ഹുസൈന്‍റെ യാത്രയും മിക്കവാറും സൈക്കിളിലാണ്.
ഭാരം കുറഞ്ഞതും വേഗം ക്രമീകരിക്കാന്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക് സംവിധാനമുള്ളതുമാണ് സൈക്കിള്‍. സൈക്കിള്‍ റൈഡര്‍ കൂടിയായ ഹുസൈന്‍ നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഈയിടെ കോവളത്ത് നടന്ന സംസ്ഥാന റോഡ് സൈക്കിള്‍ ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സ്ഥാനം ലഭിച്ചു. 1.24 മണിക്കൂര്‍ എടുത്താണ് 40 കിലോമീറ്റര്‍ എന്ന ലക്ഷ്യത്തിലെത്തിയത്. ഓന്നാം സ്ഥാനം ലഭിച്ചയാള്‍ 1.9 മണിക്കൂറിലാണ് ഫിനിഷ് ചെയ്തത്.
ഇതുകൂടി വായിക്കാം:ട്രോള്‍ മഴ ഒഴിഞ്ഞപ്പോള്‍ പെയ്ത നന്മമഴ
കോഴിക്കോട് മലബാര്‍ സൈക്കിള്‍ റൈഡേഴ്‌സ് ടീമംഗമായ ഹുസൈന്‍ സൈക്കിളില്‍ സാഹസിക യാത്രകളും നടത്താറുണ്ട്. കഴിഞ്ഞ നവംബറില്‍ കോഴിക്കോട് നിന്ന് ഊട്ടിയിലേക്ക് നടത്തിയ സൈക്കിള്‍ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു, ഹുസൈന്‍ പറഞ്ഞു.
ഹുസൈന്‍ ടി ബി ഐയോട് പറയുന്നു: “കര്‍ണാടകയിലെ തോല്‍പ്പെട്ടി ഭവാലിയിലേക്ക് നടത്തിയ യാത്രയായിരുന്നു ഏറെ രസകരം.വയനാട് കാട്ടിക്കുളത്തു നിന്നും ആരംഭിച്ച് കുട്ട വഴിയായിരുന്നു യാത്ര. 50 പേരാണ് സംഘാംഗങ്ങളായുണ്ടായിരുന്നത്…
“കാടുകള്‍ താണ്ടി കബനി നദി കടന്നുള്ള യാത്രയുടെ രസം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.”
യാത്ര തുടങ്ങുന്ന പോയിന്‍റിലേക്കും തിരിച്ചുമൊക്കെ ഹുസൈന്‍ സൈക്കിളില്‍ തന്നെ എത്തുമ്പോള്‍ മറ്റു പലരും വാഹനങ്ങളിലാണ് സൈക്കിള്‍ എത്തിക്കാറുള്ളത്. ഇത് കണക്കിലെടുക്കുമ്പോള്‍ ഹുസൈന് അറിയാതെ കയ്യടിക്കാന്‍ തോന്നും.
മലപ്പുറം സൈക്കിള്‍ റൈഡേഴ്‌സ് ക്ലബായ മൗണ്ട് സിറ്റി ബൈക്കേഴ്‌സ് അംഗമായ ഹുസൈന്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഗിയറുള്ള ജാവമോക്ക സൈക്കിളാണ് സാധാരണ ഉപയോഗിക്കുന്നത്. ദൂരയാത്രക്ക് ജര്‍മ്മന്‍ നിര്‍മ്മിത മെറിഡ കള്‍ട്ടൂറ 200 സൈക്കിളാണ് പഥ്യം. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ ഇതില്‍ സഞ്ചരിക്കാനാകുമെന്ന് ഹുസൈന്‍ പറയുന്നു.
ഭാര്യ തസ്ലീനയും മക്കളായ അസിനും ആസിഫും തന്‍റെ സൈക്കിള്‍ ഭ്രമത്തിന് പ്രോത്സാഹനമേകി കൂടെയുണ്ടെന്ന് ഹുസൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.