കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു

കാട്ടുമൃഗത്തിന് ഓരോന്നിന്‍റെയും മണവും ഗുണവും തിരിച്ചറിയാമെന്നല്ലേ. അതുപോലെയാണ് നമ്മളും: കാട്ടറിവുകളുടെ ജിവിക്കുന്ന എന്‍സൈക്ലോപീഡിയ ലക്ഷ്മിക്കുട്ടിയമ്മ ജീവിത കഥ പറയുന്നു.

പൊന്‍മുടിയുടെ താഴ്‌വാരത്തൊരു വനമുത്തശ്ശി പാര്‍ക്കുന്നുണ്ട്. കാടും മലയും കല്ലാറും കടന്ന്, മലദൈവങ്ങളുടെ കോവിലും താണ്ടിവേണം മുത്തശ്ശി പാര്‍ക്കുന്ന കുന്നിന്‍ചെരുവിലെത്താന്‍.
നട്ടുച്ചയ്ക്കും തണല്‍ വിരിക്കുന്ന കാട്ടുപച്ചത്തഴപ്പിന്‍റെ തണല്‍ പറ്റിയൊരു കൊച്ചുവീട്. ദേവിയും കിരാതമൂര്‍ത്തിയും വാണരുളുന്നിടം.

കഥയും കവിതയും കഥാപ്രസംഗവും ഒരുപോലെ വഴങ്ങുന്ന മുത്തശ്ശിയുടെ പ്രാഗല്‍ഭ്യം പക്ഷെ വിഷചികില്‍സയിലും പാരമ്പര്യവൈദ്യത്തിലുമാണ്.

ലക്ഷ്മിക്കുട്ടി അമ്മ. ഫോട്ടോ: മേരി സാമുവല്‍
കല്ലാറിലെ തെളിനീരും പൊന്‍മുടിയിലെ കാറ്റും പോലെ രക്തത്തിലലിഞ്ഞുചേര്‍ന്ന അറിവുകള്‍. മുത്തശ്ശി അംഗമായ കാണിസമുദായത്തിന് ഗുരു സങ്കല്പം തന്നെ അഗസ്ത്യമുനിയാണ്. പ്രകൃതി ദൈവവും. ദൈവേച്ഛയാല്‍ തന്നിലേക്കെത്തിയ വൈദ്യം ജീവിതവ്രതമായി സ്വീകരിച്ചിട്ട് നാല്പത്തഞ്ചാണ്ട് കഴിയുന്നു.
നാട് ഈ മുത്തശ്ശിയെ അറിയുന്നത് ലക്ഷ്മിക്കുട്ടി എന്ന പേരിലാണ്.

ഇതുകൂടി വായിക്കാം: നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്‍ഷകന്‍


“ഒരു ബന്ധു ഇവിടെ വന്നുമടങ്ങുംവഴി പാമ്പ് കടിച്ചു, അങ്ങനെ ഇങ്ങോട്ടുതന്നെ തിരിച്ചുവന്നു. അന്ന് അമ്മയുണ്ട്. അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു. നോക്കുമ്പോ കടിച്ചത് ശംഖുവരയനാ,” മുത്തശ്ശി ആ കഥ പറഞ്ഞു.

“അതിനുളള മരുന്ന് ചെയ്തു പറഞ്ഞയച്ചു. അത് ഭേദമായി.

“കേട്ടറിഞ്ഞ് പിന്നെയൊരാള്‍ വന്നു. രണ്ടാളായി, മൂന്നാളായി. അങ്ങനെയിപ്പോ നാല്പത്തഞ്ച് വര്‍ഷമായി.”

ലക്ഷ്മിക്കുട്ടി അമ്മ. ഫോട്ടോ: മേരി സാമുവല്‍
“ഇതുവരെ മുന്നൂറ്റമ്പതോളം പേര് വന്നു, വിഷത്തിന് ചികിത്സിക്കാനായി. അതില്‍ ഉറുമ്പ് മുതല്‍ കരിമൂര്‍ഖന്‍ കടിച്ചവര് വരെയുണ്ട്,” വിഷചികില്‍സയുടെ ആരംഭമോര്‍ത്തെടുത്ത്  ലക്ഷ്മിക്കുട്ടി പറഞ്ഞു.
“നാല്കാലില്‍ ചുമന്ന് കൊണ്ടുവന്നിട്ട് ഇവിടുന്ന് രണ്ടുകാലില്‍ സുഖപ്പെട്ടുപോയ അനുഭവമുണ്ട്. ജഡംപോലെ ചലനമില്ലാതെ വന്ന് എണീറ്റിരുന്ന് വര്‍ത്തമാനം പറഞ്ഞവരുണ്ട്. ഇതൊന്നും നമ്മുടെ കഴിവല്ല. ഈശ്വരനൊന്നു തീരുമാനിച്ചാലത് നടക്കും. അത്രേളളു,” വനമുത്തശ്ശി എല്ലാ ക്രെഡിറ്റും പ്രകൃതിക്കു നല്‍കുന്നു.

ഇതുകൂടി വായിക്കാം: തുണിക്കീറുകളിൽ നിന്ന് അതിജീവനത്തിന്‍റെ ആകാശങ്ങളിലേക്ക്


പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ അഗസ്ത്യവനത്തിലെ ആദിവാസി വിഭാഗമാണ് കാണികള്‍. അപൂര്‍വ ഇനം ഔഷധസസ്യങ്ങളുടെ കലവറയായ അഗസ്ത്യവനത്തിന്‍റെ ഉള്ളറിയാവുന്ന കാണികള്‍ക്ക് പരമ്പരയായി പകര്‍ന്നുകിട്ടിയ അറിവാണ് നാട്ടുവൈദ്യവും.

“നമ്മുടെ ജീവിതമേ കാടുമായി ഇണങ്ങിയതാണ്. പണ്ടൊക്കെ കുട്ടികള്‍ക്ക് നാലഞ്ച് വയസാവുമ്പോത്തന്നെ അവന് തിന്നാന്നുളളത് കാട്ടില്‍നിന്ന് കണ്ടെത്താനറിയാം.

അഗസ്ത്യമല ഒരു വിദൂരദൃശ്യം. ഫോട്ടോ: രണ്‍ജിത്ത്

“വലിയവരുടെ പിന്നാലെ നടന്ന് കണ്ടും കേട്ടും പഠിക്കുന്ന അറിവാണത്. ഇന്നത് തിന്നാന്‍ പറ്റും, ഇന്നത് തിന്നരുതെന്നൊക്കെ അപ്രായത്തിലേ അറിയാം.

“ഓരോ ഇലയും വേരും എന്തിനുളള മരുന്നാണെന്നും അറിയാം. ചിലതൊക്കെ തിന്നാല്‍ അപ്പോ പ്രാണന്‍ തന്നെ പോവും. അത്തരം ചെടികളുമുണ്ട്. കാട്ടില്‍ ജീവിക്കുമ്പോ അതൊക്കെ അറിയണമല്ലോ. കാട്ടുമൃഗത്തിന് ഓരോന്നിന്‍റെയും മണവും ഗുണവും തിരിച്ചറിയാമെന്നല്ലേ. അതുപോലെയാണ് നമ്മളും.

ഇതുകൂടി വായിക്കാം:  കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍



“ജീവിക്കാന്‍ വേണ്ട പാഠമൊക്കെ പ്രൃകതി തന്നെ പകര്‍ന്നുതരുന്നതാണ്. അത് മറ്റുളളവര്‍ക്കു കൂടി ഉപകരിക്കുന്ന രീതിയില്‍ ചെയ്യുമ്പോള്‍ വൈദ്യമാവും. പറയുമ്പോലെ എളുപ്പമല്ല അത്. വൈദ്യന്‍റെ ജീവിതത്തിന് അതിന്‍റേതായ ചിട്ടയും രീതിയുമുണ്ട്. ബുദ്ധിമുട്ടുകളുമുണ്ട്,” ലക്ഷ്മിക്കുട്ടി സ്വന്തം ജീവിതത്തിലെ ചിട്ടകളെക്കുറിച്ച് പറയുന്നു.

“ഒരു വൈദ്യന്‍ ‘ഇരുന്നുണ്ണരുത്, കിടന്നുറങ്ങരുത്’ എന്നാണ്.

ലക്ഷ്മിക്കുട്ടി അമ്മ. ഫോട്ടോ: മേരി സാമുവല്‍
“എപ്പോഴും ശ്രദ്ധയോടിരിക്കണം. ഏതുസമയത്താണൊരാള്‍ക്ക് അപകടം പറ്റി വരുന്നതെന്നറിയില്ലല്ലോ. എന്‍റെ വീടിന്‍റെ വാതില്‍ ഒരുസമയത്തും അടയ്ക്കാറില്ല. ഏതുപാതിരയക്കും ഇവിടെ രോഗികള്‍ വരും. അവര്‍ക്ക് സുഖപ്പെടണമെങ്കില്‍ നമ്മുടെ മരുന്നിനൊപ്പം പ്രാര്‍ത്ഥനകൂടി വേണം,” ആതുരസേവനമെന്ന വലിയ ദൗത്യത്തെ ലളിതമായി പറഞ്ഞുവെയ്ക്കുന്നു ലക്ഷ്മിക്കുട്ടി.
മരുന്നും മര്‍മ്മവും മന്ത്രവുമൊക്കെ അറിയാവുന്ന പ്രഗല്ഭനായിരുന്നു  അമ്മയുടെ ഒരു സഹോദരന്‍. അമ്മ കുഞ്ചുത്തേവി വയറ്റാട്ടിയായിരുന്നു. കുടിപ്പളളിക്കൂടത്തില്‍ പോയി നിലത്തെഴുത്ത് പഠിച്ചയാളാണ് അമ്മ. മക്കളെ പഠിപ്പിക്കണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു.

ഇതുകൂടി വായിക്കാം:  ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


അങ്ങനെയാണ് കല്ലാറില്‍ സ്‌കൂള്‍ തുടങ്ങിയപ്പോള്‍ സഹോദരന്‍റെ മകന്‍ മാത്തനൊപ്പം അഞ്ചുവയസുകാരിയായ ലക്ഷ്മിക്കുട്ടിയെക്കൂടി കുഞ്ചുത്തേവി പഠിക്കാനയച്ചത്.

പത്തുകിലോമീറ്ററോളം നടന്നുവേണം അന്ന് സ്‌കൂളിലെത്താന്‍. എങ്കിലും പഠിക്കാന്‍ ലക്ഷ്മിക്കുട്ടിക്കും ഇഷ്ടമായിരുന്നു.

ഫോട്ടോ: രണ്‍ജിത്ത്  (Picture for representation)
തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കുതിരലായമാണ് സ്‌കൂളാക്കി മാറ്റിയത്.
“അഴുക്കും കുതിരച്ചാണകവുമൊക്കെ വാരിക്കളഞ്ഞ് ഞങ്ങളൊക്കെത്തന്നെയാണത് വൃത്തിയാക്കി എടുത്തത്. കാണിക്കാരെ കൂടാതെ പത്ത് പതിനൊന്ന് വീട്ടുകാര്‍ വേറെയുമുണ്ടായിരുന്നു. അവരും നല്ല സഹകരണമായിരുന്നു. ഇവിടൊരു സ്‌കൂള്‍ വരണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. അങ്ങനെ തുടങ്ങി.

ഇതുകൂടി വായിക്കാം: ലിറ്ററിന് 6 പൈസക്ക് വായുവില്‍ നിന്ന് കുടിവെള്ളം, വിറകടുപ്പില്‍ നിന്ന് വൈദ്യുതി: ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷണങ്ങള്‍


“പത്തും ഇരുപതും വയസുളളവരൊക്കെ ഉണ്ടായിരുന്നു ഒന്നാം ക്ലാസ്സില്‍. ആകെ അഞ്ചാറ് പേര്. അന്ന് പ്രായപരിധി ഒക്കെ നോക്കി പിളേളരെ ചേര്‍ത്താനൊക്കില്ലല്ലോ. അന്നത്തെ തേര്‍ഡ് ഫോറം വരെ പഠിച്ചു. ഇന്നത്തെ എട്ടാം ക്ലാസ്. കണക്കും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ പഠിക്കണം. കണക്കില്‍ തോറ്റുപോയി. പിന്നെ പഠിച്ചില്ല. പത്തുവരെ പഠിക്കണമെന്നുണ്ടായിരുന്നു,” ലക്ഷ്മിക്കുട്ടി ഓര്‍ക്കുന്നു.

സ്‌കൂളിലേക്ക് കൈപിടിച്ചുകൊണ്ടുപോയ മാത്തന്‍കാണി തന്നെ ജീവിതത്തിലും ലക്ഷ്മിക്കുട്ടിയുടെ കരം ഗ്രഹിച്ചു. പതിനാറാം വയസിലായിരുന്നു വിവാഹം.

ഒരു കാണി യുവാവ്. ഫോട്ടോ: രണ്‍ജിത്ത്  (Picture for representation)
കാണിക്കാരുടെ ഇടയില്‍ ആദ്യമായി കല്യാണത്തിന് സാരി ഉടുത്തതും സ്വര്‍ണമണിഞ്ഞതും താനായിരുന്നുവെന്ന് ലക്ഷ്മിക്കുട്ടി ചിരിയോടെ ഓര്‍ത്തു. പിന്നീട് ഊരുമൂപ്പനായ മാത്തന്‍ കാണി രണ്ട് വര്‍ഷം മുമ്പ് മരണമടഞ്ഞു.
മൂന്നാണ്‍മക്കളില്‍ ഒരാള്‍മാത്രമേ ഇന്നുളളു. മൂത്തമകന്‍ ധരണീന്ദ്രന്‍ കാണി പൂജയ്ക്കായി ഉള്‍ക്കാട്ടില്‍ പോകവേ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇളയമകന്‍ ശിവപ്രസാദ് ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. ശേഷിക്കുന്ന ഏകയാള്‍ ദക്ഷിണ റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറായി ജോലി നോക്കുകയാണ്.

ഇതുകൂടി വായിക്കാം: റബര്‍ വെട്ടിയ കുന്നില്‍ നെല്ലും ചാമയും റാഗിയും കുമ്പളവും മത്തനും ഒരുമിച്ച് തഴച്ചു: പുനം കൃഷിയുടെ പുനര്‍ജനി


മൊട്ടമൂട് ഊരിലെ കൊച്ചുവീട്ടില്‍ ലക്ഷ്മിക്കുട്ടി  ഇപ്പോള്‍ തനിച്ചാണ് താമസം. എങ്കിലും ഈ വ്യക്തിദുഃഖങ്ങളൊന്നും ഇവരുടെ  ജീവിതസപര്യയെ ബാധിച്ചിട്ടില്ല. എഴുപത്തഞ്ചിലും ചുറുചുറുക്കോടെ  ഇപ്പോഴും വെളുപ്പിന് നാലരയ്ക്ക് ഉണരുന്നു. പൂജയും പ്രാര്‍ത്ഥനയും വീട്ടുജോലികളും തീരുമ്പോഴേക്കും പലദിക്കില്‍ നിന്നായി ആളുകളെത്തിത്തുടങ്ങും. തലവേദനയ്ക്ക്, തൈറോയ്ഡിന്, വാതത്തിന്, ത്വക്ക് രോഗങ്ങള്‍ക്ക്… അവരോടൊക്കെ കുശലം പറഞ്ഞും വിവരങ്ങള്‍ ചോദിച്ചറിഞ്ഞും മരുന്ന് കുറിയ്ക്കുകയായി.
ഇപ്പോഴത്തെ അസുഖങ്ങളധികവും ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ടുണ്ടാവുന്നതാണെന്ന്  ലക്ഷ്മിക്കുട്ടി അഭിപ്രായപ്പെട്ടു.

തന്നത്താന്‍ ഭേദപ്പെടുത്താവുന്നയാണ് മിക്കവാറും അസുഖങ്ങളത്രെ.

കാണിസമുദായത്തിന് ഗുരു സങ്കല്പം തന്നെ അഗസ്ത്യമുനിയാണ്. പ്രകൃതി ദൈവവും. ഫോട്ടോ: രണ്‍ജിത്ത്
“പണ്ടൊക്കെ മിക്ക അസുഖത്തിനും നമ്മുടെ വീട്ടുമുറ്റത്തുതന്നെ മരുന്നുണ്ടാവും. തുളസിയും കാന്താരിയും നൊച്ചി ആടലൊടകവുമൊക്കെ അന്നെല്ലാ വീട്ടുവളപ്പിലും ഉണ്ടായിരിക്കും. ഇന്നത്തെ തലമുറയക്ക് പക്ഷെ മുറ്റത്തുനില്‍ക്കുന്ന ചെടിയേതെന്നു തന്നെ അറിയില്ല. പിന്നെന്തു ചെയ്യും,” അവര്‍ ചോദിക്കുന്നു.
“അതുപോലെ ഭക്ഷണം,” കാര്‍ത്തികയ്ക്കായി മുറ്റത്തെ അതിരില്‍ നിന്നും കിളച്ചെടുത്ത കാച്ചിലിന്‍റെ ശേഷിച്ച കിഴങ്ങുകള്‍ ചൂണ്ടിക്കാട്ടി അമ്മ പറഞ്ഞു.
“കാച്ചിലൊക്കെ നമ്മുടെ പ്രധാന വിഭവമാണ്. ആണ്ടിലൊരിക്കലെങ്കിലും കാച്ചില്‍ തിന്നണമെന്നാണ്. അതുപോലെ ദിവസത്തിലൊരു ഞണ്ടിനെയെങ്കിലും കഴിക്കണം–കടല്‍ഞണ്ടല്ല, ഇവിടുത്തെ തോട്ടിലും ആറ്റിലുമൊക്കെയുളള ഞണ്ട്. അന്നങ്ങനെയൊക്കെ കഴിച്ചതുകൊണ്ടാണ് ഇന്നിതുപോലെ ഇരിക്കുന്നത്.”

ഇതുകൂടി വായിക്കാം: ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍


അഞ്ഞൂറോളം മരുന്നിനങ്ങളും അവയുടെ പ്രയോഗവും സ്വായത്തമാണീ വനമുത്തശ്ശിക്ക്. അതൊന്നും എഴുതിസൂക്ഷിക്കുന്ന പതിവില്ല. എല്ലാം മനഃപാഠമാണ്. എങ്കിലും തൃശൂര്‍ കണിമംഗലത്തെ നാട്ടറിവു പഠനകേന്ദ്രത്തിലെ ഡോ.സി.ആര്‍ രാജഗോപാല്‍ ആവശ്യപ്പെട്ടതുപ്രകാരം കാട്ടറിവുകള്‍ നാട്ടറിവുകള്‍ എന്നൊരു പുസ്തകം തയ്യാറാക്കി. കൂടാതെ കേരളത്തിനു പുറത്തുമായി വിവിധ സ്ഥാപനങ്ങളില്‍ ഇരുപത് വര്‍ഷത്തോളമായി പ്രഭാഷണങ്ങള്‍ നടത്തുന്നു.

ഭാഷ, ജീവനം, ആദിമസമൂഹം, നാട്ടറിവുകള്‍, വൈദ്യം എന്നിങ്ങനെ ഏതു വിഷയത്തെക്കുറിച്ചും ക്ലാസെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ലക്ഷ്മിക്കുട്ടി.

ഒരു കാണി കുടില്‍. ഫോട്ടോ: രണ്‍ജിത്ത്

ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിനും പഠനത്തിനുമായി വിദേശികളടക്കം നിരവധി പേര്‍ അന്വേഷിച്ചുവരാറുമുണ്ട്. തനിക്കറിയാവുന്നത് പറഞ്ഞുകൊടുക്കന്നതില്‍ സന്തോഷമേയുളളു ഈ വനമുത്തശ്ശിക്ക്.

തമിഴും സംസ്‌കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങുന്ന ഇവര്‍ നല്ലൊരു കവിയും ഗായികയും കൂടിയാണ്. ഊരിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ മല്‍സരങ്ങളില്‍ അവതരിപ്പിക്കാന്‍ കഥാപ്രസംഗവും കവിതകളും തയ്യാറാക്കിക്കൊടുക്കാനും മുത്തശ്ശി സമയം കണ്ടെത്തുന്നു.


ഇതുകൂടി വായിക്കാം: കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍


ഏകാന്തതയില്‍ ഇരുന്നെഴുതാനും വായിക്കാനുമാണ് എനിക്കേറെ ഇഷ്ടം. എഴുത്ത് മിക്കവാറും രാത്രിയിലായിരിക്കും. ചിലപ്പോള്‍ രാത്രി ഒരുമണി വരെയൊക്കെ എഴുത്ത് നീളും. നോട്ടുബുക്കുകളിലായി പകര്‍ത്തിവെച്ചിട്ടുളള കവിതകളൊന്നും പക്ഷെ ഇതുവരെ പുസ്തകരൂപത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല.

1995ല്‍ കേരള സര്‍ക്കാര്‍ നാട്ടുവൈദ്യരത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചപ്പോഴാണ് ലക്ഷ്മിക്കുട്ടിയുടെ കൈപുണ്യം പുറംലോകമറിയുന്നത്.

ലക്ഷ്മിക്കുട്ടിക്ക് ലഭിച്ച പുരസ്കാരങ്ങള്‍. ഫോട്ടോ: മേരി സാമുവല്‍
ഇപ്പോഴിതാ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീയും ഈ മുത്തശ്ശിയെ തേടിയെത്തിയിരിക്കുന്നു.
പത്മ അവാര്‍ഡ് കൂടി കിട്ടിയതോടെ കേട്ടറിഞ്ഞെത്തുന്ന രോഗികളുടെ എണ്ണം കൂടി. സ്വീകരണങ്ങളുടെയും അനുമോദനയോഗങ്ങളുടെയും തിരക്ക് വേറെ. വീടിന്‍റെ അകത്തളം ശില്പങ്ങളും പ്രശസ്തിപത്രങ്ങളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു.

ഇതുകൂടി വായിക്കാം: കൊച്ചിയുടെ പാല്‍ക്കാരന്‍: ഒരു ‘ടെക്കി’ പാല്‍ വില്‍പനക്കാരനായ കഥ


പുരസ്‌കാരലബ്ധികൊണ്ട് എഴുത്തിനും വായനയ്ക്കും പഴയപോലെ സമയം തികയുന്നില്ലെന്ന വിഷമമേയുളളു. “തീര്‍ച്ചയായും സന്തോഷമുണ്ട്. അതല്ലാതെ അതിരുകവിഞ്ഞൊരു സന്തോഷമില്ല,” എന്ന് ലക്ഷ്മിക്കുട്ടി.

“അവാര്‍ഡ് ലഭിച്ചതിനു ശേഷം വീടിനടുത്തുവരെ സിമന്‍റ് ചെയ്ത റോഡ് വന്നു. എത്രയോ കൊല്ലം മുമ്പ് പാസായതാണ്.

ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിലേക്കുളള പുതിയ വഴി. ഫോട്ടോ: മേരി സാമുവല്‍

“പക്ഷെ പ്രാവര്‍ത്തികമാകാന്‍ ഇതുവരെ കാത്തിരിക്കേണ്ടിവന്നു. മുമ്പൊക്കെ താഴെ വണ്ടിയിട്ട് രോഗികളെ ചുമന്നെത്തിക്കണമായിരുന്നു. ഇനിയാ ബുദ്ധിമുട്ടില്ല. അതുമൊരു സന്തോഷം തന്നെ,”  ലക്ഷ്മിക്കുട്ടി പറയുന്നു.

പത്മശ്രീ തന്‍റെ സമുദായത്തിനു ലഭിക്കുന്ന പുരസ്‌ക്കാരമായി കാണാനാണ് അമ്മയ്ക്ക് ഇഷ്ടം. “അങ്ങനെയെങ്കിലും പുതിയതലമുറയിലുളളവര്‍ ഇതുപഠിക്കാനെത്തുമല്ലോ,” എന്നാണ് അവരുടെ പ്രതീക്ഷ.
പാരമ്പര്യവൈദ്യത്തിന്‍റെ വഴിയില്‍ ലക്ഷ്മിക്കുട്ടിയ്ക്ക് പിന്‍ഗാമികളോ ശിഷ്യരോ ഇപ്പോഴില്ല. എങ്കിലും ഈശ്വരനിശ്ചയമുണ്ടെങ്കില്‍ തനിക്കുശേഷം മറ്റാരെങ്കിലും  ഈ വഴി തെരഞ്ഞെടുക്കുമെന്നു തന്നെയാണ് വിശ്വാസം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം