എടോ, തനിക്കു വിശക്കുന്നുണ്ടോ?”
“ഉം…പക്ഷേ, പൊറത്തൂന്ന് കഴിക്കണ്ടേ… അതോര്‍ക്കുമ്പോഴാ..”
“നമുക്ക് ചപ്പാത്തിക്കാസയില്‍ പോയി ചപ്പാത്തി വാങ്ങാം. നല്ല ഉഗ്രന്‍ ടേസ്റ്റാണ് കേട്ടോ. നമ്മളീ വീട്ടിലുണ്ടാക്കുന്ന തരം ചപ്പാത്തിയല്ല. പലതരത്തിലും നിറത്തിലുമുള്ള ചപ്പാത്തി കിട്ടും,” ബസ്റ്റോപ്പില്‍ രണ്ടു ചങ്ങാതിമാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ചപ്പാത്തി കാസയേപറ്റി കേള്‍ക്കുന്നത്.
പല നിറത്തിലുള്ള ചപ്പാത്തിയോ. എങ്കില്‍ നെറ്റില്‍ ഒന്നു പരതിക്കളയാം. അങ്ങനെ തപ്പി. ട്രിവാന്‍ഡ്രം രുചിക്കൂട്ടായ്മയുടെ പേജില്‍ ചപ്പാത്തി കാസയെക്കുറിച്ച് കുറച്ച് വിവരങ്ങള് ഉണ്ടായിരുന്നു. സംഭവം കാഴ്ചയില്‍ തന്നെ കിടിലന്‍.
നമ്പര്‍ തപ്പിയെടുത്ത് ഉടമയായ ഹിമയെ വിളിച്ചു. രാത്രിയിലാണ് വിളി. പിറ്റേന്ന് നേരില്‍ കാണാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പിറ്റേന്ന് ഏകദേശം പതിനൊന്നര മണിയായപ്പോള്‍ ഞാനവിടെയെത്തി. ഒരു വലിയ കടയും കൗണ്ടറിലിരിക്കുന്ന ഉടമയെയും പ്രതീക്ഷിച്ചാണ് ചെല്ലുന്നത്.
ചെന്നപ്പോഴാകട്ടെ ജോലിക്കാര്‍ക്കൊപ്പം ചപ്പാത്തി ചുടാനും പായ്ക്ക് ചെയ്യാനുമൊക്കെയായി ഓടി നടക്കുന്ന ഹിമയെ ആണ് കണ്ടത്. അന്നത്തെ സ്പെഷ്യല്‍ ബീറ്റ്റൂട്ട് ചപ്പാത്തിയായിരുന്നു–നല്ല പിങ്ക് നിറത്തിലുള്ള മൊഞ്ചത്തി.
ഹിമ നല്ല തിരക്കിലായിരുന്നു. ചപ്പാത്തി പായ്ക്ക് ചെയ്ത് പല കടകളിലേക്ക് സെയ്ല്‍സ്മാന്‍റെ കൈയ്യില്‍ കൊടുത്തയക്കുകയാണ്. ഒപ്പം ചപ്പാത്തി ചുട്ടെടുക്കുന്നയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും കടയിലെത്തുന്നവരില്‍ നിന്ന് ഓര്‍ഡര്‍ എടുക്കുകയും ചെയ്യുന്നുണ്ട്.
ചപ്പാത്തി ചുടുന്ന മണം ആവോളം ആസ്വദിച്ച് അരമണിക്കൂറോളം നിന്നുകാണും. ഹിമയുടെ തിരക്ക് അവസാനിച്ചില്ല. ഒടുവില്‍ തിരക്കൊന്നൊഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ക്ക് മാത്രം ഇരിയ്ക്കാവുന്ന ആ കടയില്‍ ഹിമ ചപ്പാത്തി വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി.
“ഒരു അഞ്ചുവര്‍ഷം മുന്‍പാണ് സംഭവം. അതായത് എന്‍റെ വിവാഹം കഴിഞ്ഞ സമയം. അന്നെനിക്കും ഭര്‍ത്താവിനും നാട്ടില്‍ ചെറിയ ജോലിയൊക്കെയുണ്ട്. പക്ഷെ എനിക്ക് പുറത്തു പോയി പഠിക്കണം. എന്തു ചെയ്യും?
“അങ്ങനെ കഷ്ടപ്പെട്ട് പഠിച്ച് ഐ ഇ എല്‍ റ്റി എസും പാസായി എം ബി എ പഠിക്കാന്‍ ഓസ്ട്രേലിയയിലേക്ക്. പക്ഷെ ഞാനൊറ്റയ്ക്കാണ് പോക്ക്. ഭര്‍ത്താവിന് എന്‍റെയൊപ്പം ഓസ്ട്രേലിയയിലേക്ക് വരാനായില്ല. അങ്ങനെ ഞാനവിടെ ചെന്നു. സ്റ്റ്യൂഡന്‍റ് വീസയായതുകൊണ്ട് പഠനം കഴിഞ്ഞ് ബാക്കി സമയത്ത് ജോലിചെയ്യാനുള്ള പെര്‍മിഷനുണ്ട്.
“വീടും സ്‌കൂളും പിന്നെ കോളേജും മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന എനിക്ക് നല്ല ടെന്‍ഷനുണ്ട്. ഓസ്ട്രേലിയക്കാര്‍ക്ക് മറ്റു രാജ്യക്കാരോടുള്ള പെരുമാറ്റത്തില്‍ അത്ര നല്ല അഭിപ്രായമൊന്നുമല്ല പുറത്തു വരുന്നത്. എങ്കിലും ഞാന്‍ വളരെ കഷ്ടപ്പെട്ടു പിടിച്ചുനിന്നു.സ്വന്തമായി വീട് വാടകയ്ക്കെടുത്തു. ജോലി കണ്ടുപിടിച്ചു.
“ആദ്യകാലത്തു തന്നെ റെസ്റ്റോറന്‍റുകളായിരുന്നു ഞാന്‍ ജോലിയ്ക്കായി തിരഞ്ഞെടുത്തത്. കാരണം ഞാന്‍ നല്ലയൊരു ഭക്ഷണപ്രിയയും ഭക്ഷണമുണ്ടാക്കി മറ്റുള്ളവരേ കൊണ്ട് കഴിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമായിരുന്നു. അങ്ങനെ റെസ്റ്റോറന്‍റു കളില്‍ നിന്ന് റെസ്റ്റോറന്‍റുകളിലേയ്ക്ക്… പലയിടത്തും ജോലി ചെയ്തു.
“പിന്നെ ഭര്‍ത്താവ് എന്‍റെയൊപ്പം ഓസ്ട്രേലിയയിലെത്തി. മോനും ജനിച്ചു. എന്‍റെ പഠനം ഇതിനിടയില്‍ പൂര്‍ത്തിയായി. എങ്കിലും റെസ്റ്റോറന്‍റുകളിലെ ജോലി എനിക്കൊരിക്കലും മുഷിച്ചിലുണ്ടാക്കിയില്ല. പലതരം ഡിഷസുണ്ടാക്കാന്‍ പഠിച്ചു. പലരാജ്യക്കാരായ ഷെഫുമാരേയും പരിചയപ്പെട്ടു.
‘അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു റെസ്റ്റോറന്‍റിലെ ചൈനീസ് ഷെഫിന്‍റെ കളിയാക്കലില്‍ നിന്നാണ് ശരിയ്ക്കും പറഞ്ഞാല്‍ ചപ്പാത്തി കാസയുടെ പിറവി.
“നിങ്ങളിന്‍ഡ്യക്കാര്‍ക്ക് എല്ലാം കറികളാണെന്നും എല്ലാത്തിനും ഒരേ രുചിയാണെന്നും ഡിഷസ് കുറവാണെന്നും പറഞ്ഞ് അയാളെന്നെ എന്നും കളിയാക്കുമായിരുന്നു,”തിരുവനന്തപുരത്തെ തൈക്കാടുള്ള ചപ്പാത്തിക്കടയുടെ പിറവിക്ക് പിന്നിലെ ചൈനീസ്-ഓസ്‌ട്രേലിയന്‍ കണക്ഷന്‍ ഹിമ വിവരിക്കുന്നു.
നിരവധി റെസ്റ്റോറന്‍റുകളില്‍ ജോലി ചെയ്തതിന്‍റെ അറിവിലാണ് ഹിമ നാട്ടിലെത്തി ചപ്പാത്തിക്കട തുടങ്ങുന്നത്. എന്നാല്‍ എല്ലാം വെറൈറ്റിയുള്ളതാകണമെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെ ഇലക്ട്രിക്കില്‍ എന്‍ജിനിയറിംഗില്‍ ബിരുദമുള്ള വിദേശത്തു നിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദമുള്ള ഹിമ ഭര്‍ത്താവും മകനുമൊത്ത് വിദേശജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
‘ഇങ്ങനെയൊരാഗ്രഹത്തിന് വീട്ടുകാരൊക്കെ എതിരായിരുന്നു. എന്‍ജിനിയറിംഗ് പഠിച്ചിട്ട് ചപ്പാത്തിക്കട നടത്തുകയോ? അതും ഇച്ചിരിയില്ലാത്ത കുഞ്ഞന്‍ സ്പേസില്‍. പക്ഷെ നാട്ടില്‍ തിരിച്ചെത്തി ഇത്തരമൊരു സംരംഭം തുടങ്ങുന്നതിന് ഞാന്‍ വളരെ പ്രിപ്പയേഡായിരുന്നു. പക്ഷെ മനസിലുണ്ടായിരുന്നത് ചപ്പാത്തിക്കടയല്ല. മറ്റൊരു സംഭവമായിരുന്നു.
“എന്നാല്‍ ഈ ആശയം മനസിലെത്തിയപ്പോള്‍ ഞാന്‍ പൂര്‍ണമായും ഇതിനെക്കുറിച്ച് പഠിച്ചു. വ്യത്യസ്ത രീതിയിലുള്ള ചപ്പാത്തി എങ്ങനെയുണ്ടാക്കാമെന്ന് റിസേര്‍ച്ചിലൂടെ കണ്ടെത്തി. കേരളത്തിന്‍റെ പല സ്ഥലങ്ങളിലെ റെസ്റ്റോറ സന്ദര്‍ശിച്ച് അവരുടെ രീതികളൊക്കെ പഠിച്ചു. ചപ്പാത്തികുഴയ്ക്കുന്നതിനുള്ള മെഷീനും മറ്റ് സാധനസാമഗ്രികളുമെല്ലാം ഞാനൊറ്റയ്ക്കു പോയി കളക്ട് ചെയ്തു. ആ സമയത്തൊക്കെ ഭര്‍ത്താവ് പ്രവീണ്‍ ഓസ്ട്രേലിയയിലായിരുന്നു. ആ സമയത്താണ് ഒരു ടേക്ക് എവേ കൗണ്ടര്‍ എന്ന ആശയം വരുന്നത്.”
പലതരം ചപ്പാത്തികള്‍
കേരളത്തിലെല്ലായിടത്തും ചപ്പാത്തി കിട്ടും. തിരുവനന്തപുരത്താണെങ്കില്‍ പലതരം ഭക്ഷണം കിട്ടുന്ന ഒരുപാട് ഹോട്ടലുകള്‍. എന്നാല്‍ കിട്ടുന്ന ഭക്ഷണം ആരോഗ്യകരമാണോ?
“എല്ലാവര്‍ക്കും രുചിയും വിലക്കുറവുമാണ് പ്രധാനം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്‍റെ കാര്യമൊക്കെ കണക്കാണ്. നാട്ടിലേക്ക് ഞങ്ങള്‍ വരുന്നത് മോന് കുറച്ച് അറ്റന്‍ഷനൊക്കെ കിട്ടുന്നതിനു വേണ്ടിയാണ്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുമ്പോള്‍ നമ്മള്‍ കുറെ ശ്രദ്ധിക്കാറില്ലേ. അതില്‍ കെമിക്കല്‍സുണ്ടോ,അല്ലെങ്കില്‍ അതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍ഗ്രീഡിയന്‍സുണ്ടോയെന്നൊക്കെ…,” ഹിമ തുടരുന്നു.
അങ്ങനെയുള്ള ആലോചനകളും ചോദ്യങ്ങളും കൂടിയുണ്ട് ചപ്പാത്തിയിലേക്കെത്തുന്നതിന് പിന്നില്‍. പിന്നെ ചപ്പാത്തിയാവുമ്പോ കുറച്ചു മുതല്‍മുടക്ക് മതിയാവും.
“മാത്രമല്ല ഒരു ടേക്ക്എവേ കൗണ്ടറാകുമ്പോള്‍ അതില്‍ എക്സ്പീരിയന്‍സ് കുറച്ച് മതി. റെസ്റ്റോറന്‍റൊക്കെയാകുമ്പോള്‍ വേണ്ട അത്ര പരിചയം പോരാ.. എങ്കില്‍ പിന്നെ അതില്‍ പൊടി പരീക്ഷണങ്ങളൊക്കെ നടത്തിക്കളഞ്ഞേക്കാമെന്നു കരുതി. ഞാന്‍ പറഞ്ഞല്ലോ കട തുടങ്ങുന്നതിന് വളരെ മുന്‍പ് തന്നെ എങ്ങനെയായിരിക്കണം ഇതു നടത്തേണ്ടതെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
“പിന്നെ വിദേശത്തു ജോലി ചെയ്യുന്ന സമയത്തായാലും നാട്ടിലാണെങ്കിലും ഞാന്‍ ശരിയ്ക്കുമൊരു ഫൂഡിയാണ്. കഴിയ്ക്കാനുമിഷ്ടമാണ്. പാചകം ചെയ്യാനുമിഷ്ടമാണ്, മറ്റുള്ളവര്‍ക്ക് വിളമ്പാനും ഇഷ്ടമാണ്. മാത്രമല്ല നാട്ടിലേക്ക് തിരികെ വരുന്ന സമയത്ത് എന്‍റെ പാഷനായ ഫുഡുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം,” അങ്ങനെയാണവര്‍ പലതരം ഫ്‌ളേവറുകളിലുള്ള ചപ്പാത്തിയിലെത്തുന്നത്.
ഇതുകൂടി വായിക്കാം: ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു
“നല്ല ചുമന്ന റോസാപ്പൂ ചപ്പാത്തി, ബീറ്റ്റൂട്ട് ചപ്പാത്തി, താമരപ്പൂ അല്ലെങ്കില്‍ താമരയില ചപ്പാത്തി, കാരറ്റ് ചപ്പാത്തി, മുക്കുറ്റിയില ചപ്പാത്തി, തുളസി, ചീര, മുരിങ്ങയില, ചക്കരക്കൊല്ലി, തുമ്പ ഇല, അയമോദകം, പ്ലാവില അങ്ങനെ ഒരുപാടൊരുപാട് തരം ചപ്പാത്തികളാണ് ചപ്പാത്തി കാസയില്‍ പിറന്നത്. ഈ രുചിക്കൂട്ടുള്‍ കേരളത്തിലൊരിടത്തും നിങ്ങളാരും കണ്ടിട്ടുണ്ടാവില്ല. വേറൊരിടത്ത് കിട്ടാത്ത വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ 70-ല്‍ പരം ഫ്ലേവേര്‍ഡ് ചപ്പാത്തികളാണ് ഭക്ഷണ പ്രേമികള്‍ക്കായി ഞങ്ങള്‍ ഒരുക്കുന്നത്. മാത്രമല്ല കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു രൂപയുടെ കൊച്ചു ചപ്പാത്തി ഞങ്ങളുടെ മാത്രമൊരു പ്രത്യേകതയാണ്,”ഹിമ പറയുന്നു
പക്ഷെ ഫ്‌ളേവേര്‍ഡ് എന്നു പറയുമ്പോള്‍ വിപണിയില്‍ കിട്ടുന്ന കളറുകളാണ് ഇതിനായി ഉപയോഗിക്കുന്നത് എന്ന് കരുതേണ്ട. നാടന്‍ പച്ചക്കറികളും ഇലകളും ഉപയോഗിച്ചു തന്നെയാണ് പലതരം ഫ്‌ളേവറുകള്‍ ഉണ്ടാക്കിയെടുക്കുന്നത്.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന് പതാകയുടെ മൂന്ന് നിറത്തില്‍ ചപ്പാത്തി ഈ കുഞ്ഞന്‍ കടയുടെ അടുപ്പില്‍ നിന്ന് പുറത്തുവന്നു.
ചപ്പാത്തി മാത്രമല്ല കേട്ടോ, നല്ല ഒന്നാന്തരം ചപ്പാത്തി പായസവും ചപ്പാത്തി ചിപ്സുമൊക്കെ ആളുകള്‍ ഒരുപക്ഷേ ആളുകള്‍ ആദ്യമായി രുചിച്ചത് ഈ ചെറിയ ടേക്ക്എവേ കൗണ്ടറില്‍ നിന്നായിരിക്കും.
കളിമണ്ണില്‍ ചുട്ട കോഴി
“ഓസ്ട്രേലിയയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ചൈനീസ് ഷെഫാണ് ക്ലേ ബേക്കിങ്ങിനെക്കുറിച്ച് പറഞ്ഞുതന്നത്. ആള് ഇന്‍ഡ്യന്‍ കുക്കിംഗിനെ കുറെ കളിയാക്കിയിട്ടുണ്ടെങ്കിലും അവിടെ സാധാരണമായ രീതി എനിക്ക് വീഡിയോയിലൂടെ പഠിപ്പിച്ചുതന്നു. തിരുവനന്തപുരത്ത് ആദ്യമായി കളിമണ്ണില്‍ ചുട്ട കോഴി അവതരിപ്പിച്ചത് ഇവിടെയാണ്. എണ്ണയുടെ അളവ് കുറച്ച് തനി നാടന്‍ മസാല പുരട്ടി വാഴയിലയില്‍ കെട്ടിയ ശേഷം കളിമണ്ണില്‍ പൊതിഞ്ഞ് ചുട്ടെടുത്താല്‍ രണ്ട് മണിക്കൂറിന് ശേഷം വിഭവം റെഡിയാകും. നാടന്‍ കോഴിയാണെങ്കില്‍ ഏറ്റവും ആരോഗ്യപ്രദമാണ്,”ഫ്ളേവേര്‍ഡ് ചപ്പാത്തിക്കൊപ്പം നല്‍കുന്ന കളിമണ്ണില്‍ ചുട്ട കോഴിയെപ്പറ്റി ഹിമ പറയുന്നു.
കോഴി ചുട്ടെടുക്കുന്ന പോലെ മീനും താറാവുമൊക്കെ ഹിമയുടെ കടയില്‍ നിന്ന് ചൂടോടെ വാങ്ങാം.
“സാധാരണ റെസ്റ്റോറന്‍റുകളിലൊക്കെ ഇത്തരത്തില്‍ കളിമണ്ണില് ബേക്ക് ചെയ്യാനുള്ള സ്ഥലപരിധി മൂലം അവരങ്ങനെ ചെയ്യാറില്ല. ഞങ്ങളുടെ കാസയിലും അതിനു സൗകര്യം കുറവാണ്. അതുകൊണ്ട് വീട്ടിലാണ് കളിമണ്ണില്‍ ബേക്ക് ചെയ്യുന്നതൊക്കെ,” ഞങ്ങളുടെ സംസാരത്തിനിടയില്‍ കളിമണ്ണില്‍ ബേക്ക് ചെയ്ത കോഴി ചോദിച്ച് ആളുകള്‍ എത്തിക്കൊണ്ടിരുന്നു.
തവിടു കളയാത്ത ഗോതമ്പ്
എല്ലാ അര്‍ത്ഥത്തിലും വെറ്റൈറ്റിയാണ് ഹിമയുടെ ചപ്പാത്തി. തവിടു കളയാത്ത ഗോതമ്പാണ് ഇവിടത്തെ ചപ്പാത്തിയുടെ രുചിയുടെ മറ്റൊരു രഹസ്യം. മാത്രമല്ല മാര്‍ക്കറ്റില്‍ നിന്നു ഗോതമ്പു വാങ്ങി പൊടിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്.
“വേണമെങ്കില്‍ ആട്ടയും മൈദയുമൊക്കെ ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇതു വാങ്ങി കഴിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം തന്നെ നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണ് ഞങ്ങള്‍ തന്നെ മാര്‍ക്കറ്റിലെത്തി ഗോതമ്പു വാങ്ങി ഉണക്കി പൊടിച്ചുപയോഗിക്കുന്നത്. ശരിയ്ക്കു പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ സുലഭമായി ആട്ടയൊക്കെ കിട്ടുമ്പോള്‍ ഞങ്ങള്‍ ഇരട്ടിപ്പണിയാണ് ചെയ്യുന്നത്. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഞങ്ങള്‍ക്കത്ര വലിയ ലാഭമൊന്നുമുണ്ടാകുന്നില്ല താനും. പിന്നെ കടയില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന മറ്റ് ചപ്പാത്തികളില്‍ നിന്ന് വ്യത്യസ്തമായി ഇതു വളരെ ‘ച്യൂയി’യും ഇത്തിരി കട്ടിയുള്ളതുമാണ്,” ഹിമ പറഞ്ഞു.
ഒരു ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ നൂറു സ്വകയര്‍ ഫീറ്റ് പോലും വീതിയില്ലാത്ത ഒരു കടയെടുത്ത് ഇതുവരെ ആരും പരീക്ഷിക്കാത്ത വിഭവങ്ങള്‍ പരീക്ഷിക്കുക… അതുമല്ല വിദേശത്ത് നല്ല രീതിയില്‍ ജീവിതം മുന്നോട്ടുപോകുമ്പോള്‍ തിരിച്ചു നാട്ടില്‍ വന്ന് ഇങ്ങനെയൊരു പരീക്ഷണം…പക്ഷേ കുടുംബത്തിന്‍റെ മുഴുവന്‍ പിന്തുണയുമുള്ളതുകൊണ്ട് ഹിമയ്ക്ക് ധൈര്യമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞു.
“ഇത്തരമൊരു ബിസിനസ് ആരംഭിക്കുമ്പോള്‍ കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ കിട്ടാതെ തുടങ്ങാന്‍ കഴിയില്ല. എനിക്കെന്തായാലും വലിയ സപ്പോര്‍ട്ടാണ് എന്‍റെ ഫാമിലിയില്‍ നിന്ന് കിട്ടിയത്. പ്രത്യേകിച്ച് അച്ഛനമ്മമാരില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും. എന്‍റെ കുടുംബം മുപ്പതുവര്‍ഷത്തോളമായി ബിസിനസിലായതുകൊണ്ടാകാം എനിക്കും അതുപോലൊരു പിന്തുണ അവരില്‍ നിന്നു കിട്ടിയത്,” ഹിമ ടിബിഐ-യോട് പറയുന്നു.
ഹിമയുടെ അച്ഛന്‍ മണികണ്ഠന്‍ നായരും അമ്മ തങ്കവും കോര്‍പ്പറേഷനില്‍ സര്‍വ്വേയിലെ കരാര്‍ ജീവനക്കാരനായ പ്രവീണും ഹിമയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിനൊപ്പം ചപ്പാത്തി കാസയ്ക്കാവശ്യമായ കാര്യങ്ങളില്‍ പങ്കാളികള്‍ കൂടിയാകുന്നു.
ചപ്പാത്തി കാസ ഒരു ടേക്ക് എവേ ഷോപ്പ് മാത്രമല്ല ഇപ്പോള്‍. നഗരത്തിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ബീറ്റ്റൂട്ട് ചപ്പാത്തിയ്ക്കും മുരങ്ങയില ചപ്പാത്തിയ്ക്കുമൊപ്പം പ്രിയമേറുകയാണ്. മാത്രമല്ല യൂബര്‍ ഈറ്റ്സിലൂടെയും സ്വിഗ്ഗ്വിയിലൂടെയും നല്ല ചൂടന്‍ റോസാപ്പൂ ചപ്പാത്തിയും കളിണ്ണില്‍ ചുട്ടെടുത്ത കോഴിയുമൊക്കെ വീടുകളിലുമെത്തുന്നുണ്ട്. കേട്ടും രുചിച്ചും അറിഞ്ഞ ഒരുപാട് പേര്‍ നേരിട്ട് കടയിലുമെത്തുന്നു. നഗരത്തിന്‍റെ മറ്റ് ചില ഭാഗങ്ങളിലേക്കും ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് ഹിമ.
ജൈവ ഭക്ഷണ ശാലയായ പത്തായത്തിലിപ്പോള്‍ വിളമ്പുന്നത് ചപ്പാത്തി കാസയുടെ സ്വന്തം ചപ്പാത്തികളാണ്.
“തിരുവനന്തപുരത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റാണ് പത്തായം. പൂര്‍ണ ജൈവ ഭക്ഷണ ശാല. തിരുവനന്തപുരത്തിനകത്തും പുറത്തു നിന്നുമുള്ള മൂറുകണക്കിന് ഭക്ഷണ പ്രേമികള്‍ കയറി ഇറങ്ങുന്ന കട. അതുപോലൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമാകാന്‍ ചപ്പാത്തി കാസയ്ക്കും അവസരം കിട്ടി.അവിടേക്ക് ബീറ്റ്റൂട്ട് ചപ്പാത്തി ഉള്‍പ്പടെയുള്ള ചപ്പാത്തികള്‍ ഉണ്ടാക്കി നല്‍കുന്നുണ്ട്. ആരോഗ്യം പരമപ്രധാനമായി കാണുന്ന പത്തായം പോലുള്ള ഭക്ഷണശാലകള്‍ ഞങ്ങളുടെ ചപ്പാത്തി വിളമ്പുന്നു എന്നത് വളരെ അംഗീകാരമാണ്,” ഹിമ വിശദമാക്കുന്നു.
കര്‍ക്കിടക ചപ്പാത്തി
ചപ്പാത്തി കാസയില്‍ നിന്നും കഴിഞ്ഞ കര്‍ക്കിടകത്തില്‍ പിറന്ന ഒരു പുതുവിഭവമാണ് പത്തില ചപ്പാത്തി. മുരിങ്ങയില, മുക്കുറ്റിയില, പ്ലാവില, തഴുതാമയില, തകരയില, തുളസിയില, ചീരയില തുടങ്ങിയ പത്തിലകള്‍ ചേര്‍ത്താണ് പത്തില ചപ്പാത്തി തയ്യാര്‍ ചെയ്തത്. ഇതിനും ആവശ്യക്കാരേറെയായിരുന്നുവെന്ന് ഹിമ
പത്തില ചപ്പാത്തിയോടൊപ്പം തന്നെ കാസയിലൂടെ കര്‍ക്കിട ഔഷധ കഞ്ഞി വിതരണവുമുണ്ടായിരുന്നു. ഓരില, മൂവില, ചെറുവഴതിന, വയല്‍ചുള്ളി, മുക്കുറ്റി, ബ്രഹ്മി, തൊട്ടാവാടി, തുടങ്ങി 24 ല്‍ പരം പച്ചമരുന്നുകളും ഞെരിത്തില്‍, ചുക്ക്, വരട്ടു മഞ്ഞള്‍, ചതുകുപ്പ, കക്കിന്‍കായ, ഒട്ടും തവിടു കളയാത്ത ഉണക്കലരി മുതലായവ ചേര്‍ത്തുണ്ടാക്കിയതായിരുന്നു ഔഷധക്കഞ്ഞി.
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഷോപ്പായി ചപ്പാത്തി കാസ മാറിയിട്ടുണ്ട് .
”കഴിഞ്ഞ ലോകഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്മെന്‍റിന്‍റെ ഒരാഴ്ച നീണ്ട പരിപാടികള്‍ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടു നടന്ന പാചകമല്‍സരത്തില്‍ ചപ്പാത്തി കാസയും പങ്കെടുത്തിരുന്നു. സേവറി(savoury)വിഭാഗത്തില്‍ ഞങ്ങളുടെ തന്നെ സിഗ്‌നേച്ചര്‍ ഡിഷ് ആയ ക്ലേ ബേക്ക്ഡ് മഷ്റൂം മസാലയാണ് സമ്മാനം നേടിയത്. വളരെ ചെറിയ കാലം കൊണ്ട് ഇത്തരമൊരു നേട്ടത്തിലെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലേ,അതൊരു നല്ല കാര്യമല്ലേ,’ ഹിമ ടി ബി ഐയുമായി സന്തോഷം പങ്കിട്ടു.
ഈ ഓണക്കാലത്ത് എല്ലാ ദിവസവും ഒപ്പം തൊഴിലെടുക്കുന്ന തൊഴിലാളികളേയും കൊണ്ട് ഹിമ വിനോദയാത്ര നടത്തി. നാടിന്‍റെ ആരോഗ്യത്തിനൊപ്പം തൊഴിലാളികളും സന്തോഷമായിട്ടിരിക്കണമെന്ന് ഹിമ ആഗ്രഹിക്കുന്നു.
“അഞ്ചു മാസം മാത്രം പ്രായമായ കുഞ്ഞ്. അതാണ് ചപ്പാത്തി കാസ. വിമര്‍ശനങ്ങള്‍ ഒക്കെയും നിറഞ്ഞ മനസോടെയോ കഴിഞ്ഞ കുറെ മാസങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. ഉള്ള അറിവുവെച്ച് പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട്, പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും തുടരും. ഒറ്റ ലക്ഷ്യമേയുള്ളൂ.ആരോഗ്യകരമായ ഒരു ഭക്ഷണ സാധ്യത എല്ലാവരിലും എത്തിക്കുക ,ഒപ്പം സ്ത്രീ എന്ന നിലയില്‍ ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമേകാന്‍ കഴിയുക.
“കച്ചവടത്തിനപ്പുറം എല്ലാ മര്യാദയും വിളമ്പുന്ന ഭക്ഷണത്തിലും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഒരിക്കലും രുചി പകരുന്ന ഭക്ഷണം കൊണ്ടല്ല. ഗോതമ്പു വാങ്ങുന്നതും കഴിക്കുന്നതും ഉണ്ടാക്കുന്നതും പൊടിപ്പിക്കുന്നതും കടയിലെത്തിച്ചു എണ്ണ ചേര്‍ക്കാതെ പച്ചക്കറികളും ഇല വര്‍ഗങ്ങളും ചേര്‍ത്ത് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് വെറും ചപ്പാത്തി അല്ല, നല്ല ഭക്ഷണം ആരോഗ്യദായകമായ വിഭവങ്ങള്‍ കൃത്രിമത്വമൊന്നും ഇല്ലാതെ ആളുകളില്‍ എത്തിക്കാനുള്ള ശ്രമമാണ,”ഹിമ ആ ചെറുസംരംഭത്തെക്കുറിച്ച് ഏറെ അഭിമാനത്തോടെ തന്നെ വിശദീകരിച്ചു.
സംസാരിച്ചു തീര്‍ന്നപ്പോഴും വലിയ കല്ലില്‍ പലനിറത്തിലുള്ള പൂക്കള്‍ പോലെ,അല്ലെങ്കില്‍ റാംപില്‍ ചുവടുവെച്ചെത്തുന്ന സുന്ദരികളെപ്പോലെ പോലെ.
ചപ്പാത്തികള്‍ നിരന്നുകിടന്നിരുന്നു.
ഇതുകൂടി വായിക്കാം: ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ
****
ഫോട്ടോകള്‍ക്ക് കടപ്പാട്: ഹിമ, ചപ്പാത്തി കാസ/ഫേസ്ബുക്ക് പേജ്
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: ചപ്പാത്തി കാസ.
ഫോണ്‍: 091887 21840
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.