ഗള്‍ഫിലെ ബാങ്ക് മാനേജര്‍ ജോലിയുപേക്ഷിച്ച് നാട്ടിലെത്തി കൃഷിയിലേക്കിറങ്ങി: പലതരം ചേനകളും അപൂര്‍വ്വമായ കിഴങ്ങുകളും നാടന്‍ വിത്തുകളും സംരക്ഷിക്കുന്ന സമ്മിശ്ര കര്‍ഷകന്‍

രണ്ട് ഏക്കറില്‍ പച്ചക്കറിയും കോഴിയും നാടന്‍ പശുക്കളും മീനും പലയിനം ചേനകളും കാച്ചിലുമൊക്കെയായി നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനാണ് ഹരീഷിപ്പോള്‍.

20-ാമത്തെ വയസിലാണ് ഹരീഷ് കുമാര്‍ എന്ന ആലപ്പുഴക്കാരന്‍ ഗള്‍ഫിലേക്ക് പോകുന്നത്. പിന്നെ 22 വര്‍ഷം ഒരു ഇന്‍റര്‍നാഷണല്‍ ബാങ്കില്‍… പക്ഷേ 12 വര്‍ഷം മുന്‍പ് നല്ല ശമ്പളമൊക്കെയുള്ള ആ ജോലി ഹരീഷ് രാജിവച്ചു. ജോലി വിട്ട് പോരുമ്പോള്‍ ബാങ്കിലെ മാനേജരായിരുന്നു അദ്ദേഹം.

നാട്ടിലെത്തിയ ഹരീഷ് കൃഷിയിലേക്ക് കടന്നു. ഇത്രയും നല്ല ജോലി കളഞ്ഞ് ക‍ൃഷിപ്പണിയ്ക്ക് ഇറങ്ങിയത് കണ്ടപ്പോ പലരും മൂക്കത്ത് വിരല്‍ വച്ചു.


വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന  ഉപകരണങ്ങള്‍ വാങ്ങാം: karnival.com

ഏ സി മുറിയിലിരുന്ന് ജോലി ചെയ്യേണ്ടയാള്‍ വെയിലും മഴയുമൊക്കെ കൊണ്ട് പറമ്പില്‍ പണിയെടുക്കുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന അമ്പരപ്പും പരിഹാസവുമൊക്കെ… പക്ഷേ അവരൊക്കെ ഹരീഷിന്‍റെ കൃഷിലോകം കണ്ട് അമ്പരക്കുകയാണിപ്പോള്‍.

കൃഷിത്തോട്ടത്തില്‍ ഹരീഷ് കുമാര്‍

രണ്ട് ഏക്കറില്‍ പച്ചക്കറിയും കോഴിയും പശുവും മീനും പലതരം ചേനകളും കാച്ചിലുമൊക്കെയായി നാട്ടിലെ അറിയപ്പെടുന്ന കര്‍ഷകനാണ് ഹരീഷിപ്പോള്‍. പഴയ പ്രവാസിയുടെ സമ്മിശ്ര കൃഷി കാണാനും അറിയാനും മാത്രമല്ല പലരും വരുന്നത്.

അദ്ദേഹത്തിന്‍റെ തോട്ടത്തിലെ അപൂര്‍വ ഇനം കിഴങ്ങുകളുടെയൊക്കെ വിത്ത് സംഘടിപ്പിക്കാന്‍ കൂടിയാണവര്‍ എത്തുന്നത്.  പലതരം പച്ചക്കറികളും മുളകുകളും ചേനകളും കാച്ചിലും മഞ്ഞളും ഇഞ്ചിയും മാവും പ്ലാവുമൊക്കെ നിറഞ്ഞു നില്‍ക്കുകയാണ് ആലപ്പുഴ ചെട്ടിക്കുളങ്ങര കടയ്ക്കലേത്ത് വീട്ടില്‍ ഹരീഷ് കുമാറിന്‍റെ കൃഷിത്തോട്ടത്തില്‍.

കൃഷിയ്ക്കൊപ്പം നാടന്‍ വിത്തിനങ്ങള്‍ മറ്റുള്ളവരിലേക്കുമെത്തിക്കാന്‍ പ്രയത്നിക്കുന്ന ഹരീഷ് കൃഷി വിശേഷങ്ങള്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പങ്കുവയ്ക്കുന്നു.

“ഞങ്ങള്‍ പാരമ്പര്യമായി കര്‍ഷകരാണ്. അച്ഛന്‍ കര്‍ഷകനായിരുന്നു. പക്ഷേ ഡിഗ്രി കഴിഞ്ഞയുടന്‍ എനിക്ക് നല്ലൊരു ജോലി കിട്ടി. അങ്ങനെ ഗള്‍ഫിലേക്ക് പോയി. അല്ലേല്ലും അന്നൊന്നും കൃഷി വലിയ ആദായം ഒന്നും നല്‍കിയിരുന്നില്ലല്ലോ.

“അതുകൊണ്ട് നല്ല ജോലി കിട്ടിയപ്പോള്‍ വിദേശത്തേക്ക് പോയി. ഇന്നും വലിയ വരുമാനമൊന്നും കിട്ടുന്നില്ല. പക്ഷേ കൃഷി ചെയ്യാന്‍ ഇഷ്ടമാണ്. നാട്ടിലെത്തിയപ്പോള്‍ പഴയ കൃഷി മോഹം പൊടിത്തട്ടിയെടുത്തുവെന്നു മാത്രം.


ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നെങ്കിലും സെറ്റിലാകുന്നത് തിരുവനന്തപുരത്താണ്. മക്കളുടെ പഠനത്തിനും മറ്റുമായി അവിടെയാണ് ഞങ്ങള്‍ താമസിച്ചത്.


“മക്കളുടെ പഠനം പൂര്‍ത്തിയായ ശേഷമാണ് തിരികെ നാട്ടിലേക്ക് മടങ്ങുന്നത്. കുറേക്കാലം തിരുവനന്തപുരത്ത് താമസിച്ചു. അവിടെയും കൃഷിയൊക്കെ ചെയ്തിരുന്നു. എന്നാല്‍‍ നാട്ടിലേക്കെത്തിയതോടെ കൃഷിയില്‍ സജീവമാകുകയായിരുന്നു.

മൂന്നു പശുക്കളും രണ്ടു കിടാവുമുണ്ട്
ഹരീഷിന്‍റെ കൃഷിത്തോട്ടം

“രണ്ട് ഏക്കറിലാണ് ഇവിടെ കൃഷി ചെയ്യുന്നത്. പ്ലാവും മാവും തെങ്ങും കമുകുമൊക്കെ പറമ്പിലുണ്ട്. കിഴങ്ങുകള്‍ പലതരം ഉണ്ട്. മഞ്ഞള്‍, കുരുമുളക്, പച്ചക്കറികള്‍ എന്നിവ മാത്രമല്ല.

“മരച്ചീനി, നനകിഴങ്ങ്, വെട്ടു ചേമ്പ് ഇനങ്ങളായ വെളുത്ത കണ്ണന്‍, കറുത്ത കണ്ണന്‍,
ഗജരാജന്‍ ഉള്‍പ്പടെയുള്ള വ്യത്യസ്ത ഇനം ചേനകളും കൃഷി ചെയ്യുന്നുണ്ട്. ഇഞ്ചിയും മഞ്ഞളും കാന്താരിയും പച്ചമുളകുമൊക്കെ കുറേയുണ്ട്.


ഇതുകൂടി വായിക്കാം: എറണാകുളം 100% സാക്ഷരമായതറിഞ്ഞ് വേള്‍ഡ് ബാങ്ക് ജോലി രാജിവെച്ച് സുനിത നാട്ടിലെത്തി, ഗ്രാമീണ സ്ത്രീകളെ പഠിപ്പിക്കാന്‍ തുടങ്ങി


“രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ മുളപ്പിച്ചെടുത്ത് നടാറുണ്ട്. എവിടെയെങ്കിലും നല്ല നാടന്‍ വിത്തിനങ്ങള്‍ കിട്ടുമെന്നറിഞ്ഞാല്‍ അന്വേഷിച്ച് പോകാറുമുണ്ട്. അതൊക്കെ കൊണ്ടുവന്നു തോട്ടത്തില്‍ നടുക മാത്രമല്ല ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യും.”

സാധാരണ വിത്തുകളില്‍ 30 ശതമാനമേ മുളയ്ക്കൂ എങ്കില്‍ ആ തോട്ടത്തില്‍ പാകുന്നവ 60 ശതമാനം വരെ മുളച്ചുവരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഹരിത നഴ്സറിയില്‍ നിന്ന്

വിത്ത് സംരക്ഷിക്കുന്നതിനും മുളപ്പിക്കുന്നതിനുമൊക്കെ സ്വന്തം ശൈലി തന്നെയുണ്ട് ഹരീഷിന്.


ചാണകവും ഗോമൂത്രവും കുഴച്ച് വിത്ത് അതിനുള്ളിലാക്കി വൃത്താകൃതിയില്‍ വിറകടുപ്പിന്‍റെ ഭിത്തിയില്‍ പതിപ്പിച്ചു വച്ചാല്‍ പത്ത് മാസത്തോളം കേടാകാതെയിരിക്കുമത്രേ.


ചാണകവും ഗോമൂത്രവും ചുണ്ണാമ്പും കൂടി കുഴച്ച് അതിനുള്ളില്‍ വിത്തിട്ട് വട്ടയിലയ്ക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചാല്‍ മൂന്നാം ദിവസം മുളയ്ക്കും. അല്ലാത്തവ ഉപേക്ഷിക്കാം.

മുളച്ച വിത്തുകള്‍ ചകിരിച്ചോറും മണ്ണിര കമ്പോസ്റ്റുമിട്ട മണ്ണിലിട്ട് വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. സ്വന്തം ആവശ്യത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഈ വിത്തുകള്‍ നല്‍കാറുണ്ടെന്നും ഹരീഷ് പറയുന്നു.

മത്സ്യക്കുളം

നാടന്‍ പശുക്കളെയാണ് ഇവിടെ വളര്‍ത്തുന്നത്. ജൈവവളത്തിന് വേണ്ടിയാണ് പശുക്കളെ വളര്‍ത്തുന്നതെന്നു ഹരീഷ്. “നാടന്‍ പശുക്കള്‍ക്ക് പാല്‍ കുറവായിരിക്കുമല്ലോ. രണ്ട് ലിറ്റര്‍ പാല്‍ മാത്രമേ കിട്ടാറുള്ളൂ. അതു വില്‍ക്കാറൊന്നുമില്ല.

“വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെയാണ് ഇവിടെ വളര്‍ത്തുന്നത്. മൂന്നു പശുക്കളും രണ്ടു കിടാവുമുണ്ട്. പശു മാത്രമല്ല കോഴിയും മീനുമുണ്ട്. ബി വി 380 ഇനത്തില്‍പ്പെട്ട കോഴികളെയാണ് വളര്‍ത്തുന്നത്. 40-ഓളം മുട്ടക്കോഴികളുണ്ട്.

“ആധുനിക രീതിയില്‍ നിര്‍മിച്ച കുളത്തിലാണ് മത്സ്യങ്ങളെ വളര്‍ത്തുന്നത്. തിലോപ്പിയയൊക്കെ ഇവിടുണ്ട്. ആറുമാസത്തിലൊരിക്കലാണ് മീന്‍ വിളവെടുപ്പ്. അതു വില്‍ക്കാറൊന്നുമില്ല.


ഇതുകൂടി വായിക്കാം: ‌‌ഹൃദയത്തിൽ തൊടുന്ന ഒരുപാടുണ്ട് ആലപ്പുഴയിലെ ഈ സര്‍ക്കാര്‍ സ്കൂളിന് പറയാന്‍


“കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെയാണ് മീന്‍ നല്‍കുന്നത്. പശുക്കള്‍ക്ക് വേണ്ടി സി ഒ 3 തീറ്റപ്പുല്ലും ഈ പറമ്പില്‍ കൃഷി ചെയ്യുന്നു.”

പൂര്‍ണമായും ജൈവകൃഷിയാണിത്. ജൈവവളങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വെര്‍മി കംപോസ്റ്റും ജീവാമൃതവുമാണ് തോട്ടത്തിലെ വിളകള്‍ക്ക് നല്‍കുന്നത്. മീന്‍ കുളത്തിലെ അവശിഷ്ടങ്ങളടങ്ങിയ വെള്ളം പച്ചക്കറികള്‍ക്ക് വളം ആകും.

ജില്ലയിലെ സ്കൂളുകളിലെ കമ്മ്യൂണിറ്റി ഗാര്‍ഡന്‍, ക്ലസ്റ്റര്‍, ആത്മ എന്നിവയ്ക്കാണ് അദ്ദേഹം വിത്തുകള്‍ നല്‍കുന്നത്. പച്ചക്കറികള്‍ കൃഷി ഭവന്‍റെ സഹകരണത്തോടെയാണ് വില്‍ക്കുന്നത്. വിഷമില്ലാത്ത പച്ചക്കറികള്‍ക്ക് നല്ല ഡിമാന്‍റുണ്ട്.


ആലപ്പുഴ ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനായി തെര‍ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഹരീഷ്.


ആലപ്പുഴ ചെട്ടിക്കുളങ്ങര കൃഷി ഭവന്‍റെ എ വണ്‍ ക്ലസ്റ്റര്‍ പ്രസിഡന്‍റ് കൂടിയാണ് ഇദ്ദേഹം.

ബി വി 380 ഇനത്തില്‍പ്പെട്ട കോഴികളെയാണ് വളര്‍ത്തുന്നത്

ഷീലാ ദേവിയാണ് ഭാര്യ. “കൃഷിയില്‍ എനിക്കൊപ്പമുണ്ട് ഷീല. രണ്ട് മക്കളാണ്. മാക്സും രഞ്ജുവും. എന്‍ജിനീയര്‍മാരാണവര്‍. മാക്സ് സിംഗപൂരിലും ര‍ഞ്ജു ഇന്‍ഡോനേഷ്യയിലുമാണ്. മക്കള്‍ക്ക് ഞങ്ങളുടെ കൃഷിയൊക്കെ ഇഷ്ടമാണ്. ഞങ്ങളുടെ സന്തോഷമാണിതെന്ന് അവര്‍ക്കറിയാം. രണ്ടാളുടെയും ഫുള്‍ സപ്പോര്‍ട്ടുമുണ്ടിതിന്.”

“കാര്‍ഷിക കുടുംബമായിരുന്നുവെങ്കിലും എന്‍റെ സഹോദരങ്ങളൊന്നും കൃഷിയിലേക്ക് വന്നില്ല. അവരൊക്കെ സര്‍ക്കാര്‍ ജോലിയിലേക്കും മറ്റുമാണ് പോയത്.

വെര്‍മി കംപോസ്റ്റ് തയാറാക്കുന്ന ഇടം

“കൃഷി മാത്രമല്ല തൈകള്‍ വില്‍ക്കാന്‍ നഴ്സറിയും കടയ്ക്കലേത്ത് വീട്ടിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ഹരിത അഗ്രി ഹോര്‍ട്ടി നഴ്സറി  ആരംഭിച്ചത്. പച്ചക്കറികള്‍ക്കൊപ്പം പലയിനം ചേന വിത്തുകളും കിഴങ്ങുകളുടെ വിത്തുമൊക്കെ ഇവിടെയുണ്ട്.

“തെങ്ങിന്‍ തൈകളും വില്‍ക്കുന്നുണ്ട്. നാലു വര്‍ഷം കൊണ്ട് കായ്ക്കുന്ന തെങ്ങിന്‍ തൈയൊക്കെ വാങ്ങാന്‍ നിരവധിപ്പേരാണ് വരുന്നത്. ഇവിടെ തന്നെ വിത്ത് പാകി മുളപ്പിച്ചെടുത്ത തൈകള്‍ വാങ്ങാന്‍ സ്കൂളുകാരും കര്‍ഷകരുമൊക്കെ വരാറുണ്ട്.


ഇതുകൂടി വായിക്കാം:ടെറസ് കൃഷിയിലൂടെ സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് ബി കോമിന് ഒന്നാം റാങ്ക്, ബാങ്കില്‍ മാനേജര്‍: ‘കൃഷി ചികിത്സ’യുടെ അല്‍ഭുതം പങ്കുവെച്ച് അച്ഛനും മകനും


“സ്കൂളുകാരില്‍ നിന്നൊക്കെ ചെറിയ തുക മാത്രേ ഈടാക്കാറുള്ളൂ. കൃഷി എനിക്ക് സാമ്പത്തിക ലാഭം നേടാനുള്ള മാര്‍ഗമല്ല. എന്‍റെ ഇഷ്ടമാണത്.” അതൊരു സേവനം കൂടിയാണെന്ന് ഹരീഷ് കൂട്ടിച്ചേര്‍ക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം