കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ നായ പിടുത്തക്കാരി ആരാണ്?…
“മ്മ്ടെ തൃശ്ശൂരുകാരി സാലി കണ്ണന്‍. അതിപ്പോ ആര്‍ക്കാ അറിയാത്തേ,” എന്നാവും.
ഇനിയും കേട്ടിട്ടില്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ വിശദീകരണം: കേരളത്തില്‍ നായ പിടുത്തം തൊഴിലായി സ്വീകരിച്ച ഏക വനിത, ഊട്ടിയിലെ വേള്‍ഡ് വെറ്റിനറി സെന്‍ററില്‍ നിന്ന് നായ പിടുത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, രാഷ്ട്രപതിയുടെ പുരസ്കാരം.
വെറ്റിനറി ഡോക്റ്ററാകാന്‍ ആഗ്രഹിച്ചു. പക്ഷേ, പഠിച്ചത് ജേണലിസം. തൊഴില്‍ നായ പിടുത്തം.
പതിവ് റൂട്ടിലൂടെയല്ല സാലിയുടെ സഞ്ചാരമെന്നു മനസ്സിലായല്ലോ. ആ വ്യത്യാസം തൊഴിലിലും കാണിക്കുന്നുണ്ട്.
സാധാരണ പട്ടിപിടുത്തം കണ്ടാല്‍ വലിയ സങ്കടം തോന്നുന്ന ഒരേര്‍പ്പാടാണ്… പട്ടിപിടുത്തക്കാരെ ദൂരെ നിന്ന് കണ്ടാല്‍ തന്നെ പ്രദേശത്തെ തെരുവുനായ്ക്കളൊക്കെ പേടിച്ച് ഓടിയൊളിക്കും. പിന്നാലെ പാഞ്ഞുചെന്ന് കമ്പിക്കുടുക്ക് കഴുത്തിലിട്ടാണ് പിടിക്കുന്നത്. കുടുക്ക് ചുഴറ്റി നേരേ വണ്ടിയിലേക്കൊരേറും. യാതൊരു ദയയുമില്ലാത്ത ഒരു പരിപാടി. ഇതിങ്ങനെ കാലാകാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പട്ടിക്കൂടുകള്‍ അണുവിമുക്തമാക്കാന്‍ പ്രകൃതിസൗഹൃദ ക്ലീനറുകള്‍ വാങ്ങാം. ഒപ്പം ഓര്‍ഗാനിക് ഉല്‍പന്നങ്ങളും. സന്ദര്‍ശിക്കൂ: Karnival.com
എന്നാല്‍ സാലി തെരുവുപട്ടികളെ വിളിച്ച് വണ്ടിയില്‍ കയറ്റുന്നതുകണ്ടാല്‍ ഏതോ മന്ത്രവിദ്യയാണെന്നേ തോന്നൂ. നായ്ക്കളെ സ്നേഹിച്ച് വശീകരിക്കുന്ന സാലിയുടെ മൃഗസ്നേഹത്തിന് പിന്നിലൊരു കഥയുണ്ട്.
“തൃശൂരില്‍ വരയിടത്താണ് വീട്. അലുമിനിയം ഫാബ്രിക്കേറ്ററായ ഭര്‍ത്താവ് കണ്ണനും മകന്‍ നിരഞ്ജനും കണ്ണന്‍റെ അമ്മ രാധയ്ക്കുമൊപ്പമാണ് താമസം. തൃശൂര്‍കാരി തന്നെയാണ്. പക്ഷേ, എന്‍റെ കുട്ടിക്കാലം തമിഴ്നാട്ടിലായിരുന്നു.
“അച്ഛന്‍ ബാലകൃഷ്ണ വര്‍മ കുറേക്കാലമായി അവിടെയായിരുന്നു. പിന്നീട് ഞങ്ങളെല്ലാവരും തൃശൂരിലേക്ക് പോന്നു. അമ്മയും അച്ഛനും അനുജത്തിയുമെല്ലാം. സംഗീതാധ്യാപികയായ ശോഭ വര്‍മയാണ് അമ്മ. അനുജത്തിയുടെ പേര് ജസീക്ക,” സാലി ദ് ബെറ്റര്‍ ഇന്ഡ്യയോട് പറയുന്നു.
“ഞങ്ങള്‍ തമിഴ്നാട്ടില്‍ താമസിക്കുമ്പോള്‍ കുറേ തെരുവുനായകളെയൊക്കെ കണ്ടിട്ടുണ്ട്. ആ നായകളെ ആരും ഉപദ്രവിക്കില്ല, അവരും ആരെയുമൊന്നും ചെയ്യാറില്ല. തൃശൂരിലെത്തിയപ്പോഴും ആ സ്നേഹത്തോടെയാണ് ഇവിടുത്തെ നായകളെ കണ്ടത്.
“എനിക്കൊരു 12 വയസുള്ളപ്പോള്‍, വീടിനടുത്ത് കുറച്ചധികം തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. അക്കൂട്ടത്തില്‍ ഒരു പെണ്‍പട്ടിയ്ക്ക് എന്നോടും ജെസീക്കയോടും കുറച്ച് ഇഷ്ടം കൂടുതലുണ്ടായിരുന്നു. ഞാനും ജെസീക്കയും സ്കൂളിലേക്ക് പോകുമ്പോള്‍ അവളും ഞങ്ങളുടെ കൂടെ വരും.
“ഞങ്ങളെ സ്കൂളിലാക്കിയ ശേഷം അവള്‍ തിരിച്ച് മടങ്ങും. വീടിന് അടുത്ത് എവിടെയെങ്കിലും വന്നു കിടക്കും. ഇതൊരു പതിവായിരുന്നു. ഞങ്ങള്‍ക്കും അവളെ വലിയ ഇഷ്ടമായിരുന്നു.
“ഒരു ദിവസം വൈകുന്നേരം സ്കൂളില്‍ നിന്നു ഞാനും ജെസീക്കയും വരുന്ന വഴിയില്‍, സ്കൂട്ടറില്‍ വരുന്ന പട്ടി പിടുത്തക്കാരില്ലേ… അവര് ഞങ്ങളുടെ കണ്‍മുന്നില്‍ വച്ച് ആ നായയെ കൊല്ലുന്നത് കണ്ടു.
“ആ കാഴ്ച കണ്ട് ഞങ്ങള്‍ വല്ലാതെ സങ്കടപ്പെട്ടു പോയി. 12-ാമത്തെ വയസില്‍ കണ്ട ആ കാഴ്ച ഇന്നും മനസില്‍ നിന്നു മാഞ്ഞിട്ടില്ല. ആ സങ്കടം ഇന്നുമുണ്ട്.
“പട്ടി പിടുത്തക്കാര്‍ പിടിക്കുന്ന നായ്ക്കളൊക്കെ പാവങ്ങളായിരിക്കും. അവയെ എളുപ്പത്തില്‍ പിടിക്കാം. എളുപ്പത്തില്‍ പിടിക്കാവുന്ന പട്ടികളെയാണ് അവര്‍ പിടിച്ചു കൊല്ലുന്നതും.
“ഇങ്ങനെ പട്ടികളെയൊക്കെ കൊല്ലുന്നത് എന്തിനാണ്.. ആരും ഒന്നും പറയുന്നില്ലല്ലോ. എന്നൊക്കെ അന്നു മനസില്‍ തോന്നിയിരുന്നു. പക്ഷേ ഒന്നും ചെയ്യാനാകില്ലല്ലോ.
“പണ്ടേ മൃഗങ്ങളോടൊക്കെ ഇഷ്ടുണ്ട്. ആ ഇഷ്ടം കൊണ്ടാകും പഠിച്ച് വലുതാകുമ്പോള്‍ ആരാകണമെന്നു ചോദിച്ചാല്‍ മൃഗ ഡോക്റ്ററാകണമെന്നു പറഞ്ഞിരുന്നത്.
“… പക്ഷേ അത് നടന്നില്ല. ആ സ്വപ്നം നടക്കാതെ പോയതിന് രണ്ട് കാരണങ്ങളുണ്ട്. ഡോക്റ്റര്‍ ആയാല്‍ മുറിവുകളൊക്കെയായി വരുന്ന മൃഗങ്ങളെ പരിചരിക്കേണ്ടി വരും. അതെനിക്ക് പേടിയായിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു.
“പിന്നെ അതൊന്നും പഠിക്കാന്‍ പോകാനുള്ള സാമ്പത്തിക സാഹചര്യവും അന്നില്ലായിരുന്നുവെന്നതാണ് മറ്റൊരു സത്യം. മൃഗ ഡോക്റ്ററാകാന്‍ സാധിക്കാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്.
“അപകടങ്ങളൊക്കെ പറ്റിയ മൃഗങ്ങളെ രക്ഷപ്പെടുത്തുമ്പോള്‍ ഡോക്റ്ററുടെ സേവനം കിട്ടാന്‍ ചില നേരം കാത്തിരിക്കേണ്ടി വരാറുണ്ട്. അന്നേരം തോന്നും.. ശ്ശൊ, ഞാനൊരു മൃഗ ഡോക്റ്റര്‍ ആയിരുന്നുവെങ്കിലെന്ന്.
“ആ തോന്നല്‍ അന്നേരം മാത്രമേയുള്ളൂ. മൃഗ ഡോക്റ്ററര്‍ ആയിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇത്രയും കാര്യങ്ങള്‍ ചെയ്യാനോ മൃഗങ്ങളെ സഹായിക്കാനോ ഒന്നും സാധിക്കുമായിരുന്നില്ലെന്നാണ് തോന്നുന്നത്.” സാലി പറയുന്നു.
തൃശൂരിലെ നിര്‍മലമാതാ സ്കൂളിലാണ് സാലി പഠിച്ചത്. വിമല കോളെജില്‍ നിന്നു ജേണലിസം ഫസ്റ്റ് ക്ലാസില്‍ പൂര്‍ത്തിയാക്കി. ഇഷ്ടം കൊണ്ടു തന്നെയാണ് ജേണലിസം പഠിച്ചതെന്നു സാലി പറയുന്നു.
“പ്രൊഫഷനാക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അതിനെക്കാള്‍ ഇഷ്ടം മൃഗങ്ങളോടായിരുന്നു. എനിക്കിഷ്ടമുള്ള കാര്യം ചെയ്യാനാകുന്നുവെന്ന സന്തോഷമുണ്ട്. ജോലി ചെയ്യുകയാണെന്ന തോന്നലേ എനിക്കില്ല.
ഇതുകൂടി വായിക്കാം: രാത്രി 2 മണി. കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു! ഞങ്ങള്‍ക്ക് കരച്ചിലടക്കാനായില്ല
“ജേണലിസം കഴിഞ്ഞ് കുറച്ചുകാലം മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനൊക്കെ ചെയ്തിരുന്നു. പിന്നെ കുറച്ചു കാലം പോസിലെ (PAWS-People for Animal Welfare Services) വോളന്‍റിയര്‍ ആയിരുന്നു. പ്രീതി ശ്രീവത്സന്‍ ആണ് ആ സംഘടനയുടെ അമരക്കാരി.
“തെരുവില്‍ നിന്നു മൃഗങ്ങളെയൊക്കെ രക്ഷപ്പെടുത്തും, അവയ്ക്ക് വേണ്ടിയൊരു ഷെല്‍ട്ടറുണ്ട്, പിന്നെ അഡോപ്ഷനുള്ള സൗകര്യവും പോസിലുണ്ട്.” (പോസിനെയും പ്രീതി ശ്രീവത്സനേയും കുറിച്ച് ടി ബി ഐ നേരത്തെ എഴുതിയിരുന്നു. ആ ഫീച്ചര്‍ വായിക്കാം. )
പോസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സാലി ഊട്ടിയിലെ വേള്‍ഡ് വെറ്റിനറി സെന്‍ററില്‍ നിന്ന് നായ പിടുത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കുന്നത്. ഇതിനൊപ്പം ഓണററി അനിമല്‍ വെല്‍ഫെയര്‍ ഓഫീസറുമായി. അതിനൊപ്പം തന്നെ എച്ച് എസ് എയിലും (ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍) പ്രവര്‍ത്തിച്ചിരുന്നു. 2014 മുതലാണ് ഇതൊരു പ്രൊഫഷനായി സ്വീകരിക്കുന്നത്.
ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുന്‍പ് തെരുവുനായകള്‍ കുട്ടികളെയടക്കം ഉപദ്രവിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടല്ലോ. തെരുവുനായകളൊക്കെ പ്രശ്നക്കാരാണ്. എല്ലാത്തിനെയും കൊല്ലണം എന്നൊക്കെയുള്ള ബഹളങ്ങള്‍ നടന്ന സമയം.
അന്ന് മലപ്പുറം ജില്ലയില്‍ തെരുവുനായകളുടെ വന്ധീകരണം പരിപാടി നടത്തിയിരുന്നു. അതിന്‍റെ കോ ഓഡിനേറ്ററും അവിടുത്തെ ഡോഗ് ക്യാച്ചറും കൂടിയായിരുന്നു സാലി. മലപ്പുറം ജില്ല ഭരണക്കൂടത്തിന്‍റെ നിര്‍ദേശ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് തെരുവുനായ്ക്കളുടെ വ്യാപനം തടയാനുള്ള എബിസി (ABC- Animal Birth Control) പദ്ധതി നടപ്പിലാക്കിയത്.
കേരളത്തിന്‍റെ പല ഭാഗങ്ങളിലും തെരുവുനായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്നുണ്ട്. പക്ഷേ അതിന്‍റെ എണ്ണത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സാലിയുടെ ലക്ഷ്യം അതല്ല.
“കുറേ എണ്ണം തെരുവുനായകളെ പിടിച്ചു വന്ധീകരണം നടത്തിയെന്നു പറഞ്ഞു ആള്‍ക്കാരെ ബോധിപ്പിക്കുന്നതിനെക്കാള്‍ നന്നായി എത്ര എണ്ണത്തിനെ ട്രീറ്റ് ചെയ്തു എന്നതിലാണ് കാര്യം. അതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കിയതും.
“സാധാരണ പട്ടി പിടുത്തക്കാര്‍ ഒരു കമ്പി കൊണ്ടുള്ള കൊളുത്ത് ഉപയോഗിച്ച് പിടിച്ച് പട്ടികളെ ചാക്കിലേക്ക് മാറ്റും. വലയ്ക്കുള്ളിലാകുന്ന പട്ടിയെ വണ്ടിയ്ക്കുള്ളിലേക്ക് വലിച്ചെറിയും. ഇതാണ് പതിവ്.
“പട്ടിയും പട്ടിപിടുത്തക്കാരനുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല, കൈകള്‍ കൊണ്ടാണ് നായകളെ പിടിക്കുന്നത്. തെരുവു നായകള്‍ക്ക് സമീപത്ത് പോയിരിക്കും… അതിനോട് സ്നേഹം കാണിച്ച് തലോടും. ബിസ്ക്റ്റ് നല്‍കും.
“എന്നിട്ട് കൈ ഉപയോഗിച്ച് എടുത്താണ് നായയെ വാഹനത്തിനുള്ളിലേക്ക് മാറ്റുന്നത്. ഈ വാഹനത്തില്‍ പട്ടികള്‍ക്കൊപ്പം ഞാനുമിരിക്കും.
വഴിയോരത്ത് നിന്ന് പിടികൂടുന്ന നായകളെയൊക്കെ വാഹനത്തിലാക്കുമ്പോള്‍ അതിനൊപ്പം ഞാനും കയറാറുണ്ട്.
“സ്നേഹത്തോടെ പെരുമാറുന്നതു കൊണ്ടാകും തെരുവുനായകളൊന്നും എന്നെ ഉപദ്രവിച്ചിട്ടില്ല. സാധാരണ തെരുവുനായകള്‍ മനുഷ്യരെ കടിച്ചു കീറും, ഉപദ്രവിക്കും എന്നൊക്കെയാണല്ലോ ധാരണകള്‍.
“എന്നാല്‍ അങ്ങനെയൊന്നുമല്ല എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടിയാണ് നായകളെ കൈകൊണ്ട് പിടികൂടുന്നതും വാഹനത്തില്‍ അവയ്ക്കൊപ്പം സഞ്ചരിക്കുന്നതുമൊക്കെ,” സാലി വിശദമാക്കുന്നു.
“ചില നായകള്‍ നമ്മള്‍ വിളിച്ചാല്‍ തന്നെ നില്‍ക്കും. സ്നേഹത്തോടെ തലോടിയാല്‍ അടുത്തുവന്നു മുട്ടിയുരുമ്മി നില്‍ക്കും. അവയെ എടുത്ത് വാഹനത്തിനുള്ളിലേക്ക് മാറ്റാന്‍ എളുപ്പമാണ്. എന്നാല്‍ മനുഷ്യരെ പേടിയൊക്കെയുള്ള ചില നായകളുണ്ട്. അവ ദൂരേ മാറി നില്‍ക്കും, ഏതെങ്കിലും മൂലയില്‍ പോയിരിക്കും,” സാലി തുടരുന്നു.
രണ്ട് കൊല്ലം കൊണ്ട്, 2,800 നായകളെ വന്ധീകരിച്ചിട്ടുണ്ട്. പേവിഷ പ്രതിരോധത്തിനുള്ള കുത്തിവയ്പ്പ് നല്‍കി, വന്ധ്യംകരിച്ച് മുറിവ് ഉണങ്ങിയതിന് ശേഷം നായകളെ തെരുവില്‍ കൊണ്ടുവിടും. ഇതാണ് പതിവെന്ന് സാലി പറഞ്ഞു.
ഏതൊരു നായ ആണെങ്കിലും അതിന്‍റെ ചുറ്റുമുള്ള ആളുകളുടെ സ്വാഭാവമാണ് കാണിക്കുന്നതെന്നാണ് സാലിയുടെ അഭിപ്രായം. “ചിലര്‍ എന്നെ വിളിച്ചു പറയും.. ഇവിടെ അക്രമകാരികളായ തെരുവുനായകള്‍ കുറേയുണ്ട്. വലിയ ശല്യമാണെന്നൊക്കെ.
“അവരോട് ഞാന്‍ പറയും, ആ പ്രദേശത്ത് വളരെ അക്രമകാരികളായ മനുഷ്യരുണ്ട്. അതുകൊണ്ടാണ് നായകളും അക്രമം കാണിക്കുന്നതെന്ന്. തെരുവില്‍ ഒരു നാലഞ്ച് നായകളുണ്ട്. അവ ഏതു നേരവും മനുഷ്യരെ കണ്ടാല്‍ ഉപദ്രവിക്കാന്‍ വരുന്നുണ്ടെങ്കില്‍, ഉറപ്പാണ് ആ പ്രദേശത്തുള്ളവരില്‍ ചിലരെങ്കിലും നായകളെ കല്ലെറിയുകയും തല്ലാന്‍ വടിയെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ടാകും.
“ആ നായകള്‍ മനുഷ്യര്‍ തന്‍റെ ശത്രുവാണെന്നാകും പിന്നെ കാണുന്നത്.
ആരായാലും ഉപദ്രവിക്കാന്‍ വരുന്നവരെ പ്രതിരോധിക്കില്ലേ. ആ പ്രതിരോധം മാത്രമേ നായകളും ചെയ്യുന്നുള്ളൂ.
“തെരുവിലെ നായകളെ ഉപദ്രവിക്കാതെ, ഇങ്ങനെ പേടിപ്പെടുത്താതെയിരുന്നാല്‍ ആ നായകള്‍ ആരെയും ഉപദ്രവിക്കില്ല. കണ്ടിട്ടില്ലേ… ചില ചായക്കടകള്‍ക്ക് മുന്നില്‍ നായകള്‍ കിടക്കുന്നത്.
“അവയൊന്നും ആരെയും ഉപദ്രവിക്കില്ല. ചായക്കടയില്‍ നിന്നുള്ള വല്ല ഭക്ഷണോം കഴിച്ച് അതവിടെ കിടന്നോളൂം. രാത്രിയില്‍ ആ കടയ്ക്ക് ഒരു കാവലുമാണ്. അവയെ ഉപദ്രവിക്കാതെയിരുന്നാല്‍ മാത്രം മതി.
“ഇക്കാര്യങ്ങളൊക്കെ ആളുകളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. എച്ച് എസ് എയുടെ പ്രവര്‍ത്തനങ്ങളും അതിനു വേണ്ടിയാണ്.” അവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് പ്രളയത്തിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് സാലിയുണ്ടായിരുന്നു. 2018-ലെ പ്രളയത്തില്‍ മലപ്പുറത്തേക്കാണ് ആദ്യം പോയത്. പിന്നീട് തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, റാന്നി ഇവിടങ്ങളിലേക്കൊക്കെ പോയി.
വെള്ളപ്പൊക്കത്തില്‍ നിന്നു മൃഗങ്ങളെ രക്ഷിക്കുക മാത്രമല്ല അവയ്ക്കുള്ള ഭക്ഷണവും വിതരണം ചെയ്തിരുന്നു. കാലിത്തീറ്റയും കോഴിത്തീറ്റയും പൂച്ചയ്ക്കും നായകള്‍ക്കുമൊക്കെയുള്ള ഭക്ഷണവുമൊക്കെ നല്‍കി.
കഴിഞ്ഞ പ്രളയത്തില്‍ നിലമ്പൂര്‍ മാത്രമേ പോയിരുന്നുള്ളൂ. 12 ദിവസം നിലമ്പൂരിലുണ്ടായിരുന്നു. 5,000 കിലോ വീതം ഡോഗ് ഫൂഡും കാലിത്തീറ്റയും കൊടുത്തു.
“നിലമ്പൂരിലെ ഓരോ കോളനിയിലും പത്തെഴുപതോളം നായകളുണ്ടായിരുന്നു. കൂടിനുള്ളിലോ കെട്ടിയിടുകയോ ഒന്നുമില്ല ഈ നായകളെ. പ്രളയം വന്നതോടെ ആളുകളെയൊക്കെ ക്യാംപുകളിലേക്ക് മാറ്റി. പക്ഷേ ഈ നായകളെ എങ്ങോട്ടും കൊണ്ടുപോയിരുന്നില്ല.
“ഒരാഴ്ചക്കാലമാണ് ഈ നായകള്‍ ഭക്ഷണമൊന്നുമില്ലാതെ കഴിഞ്ഞത്. കാടിനുള്ളില്‍ ആണല്ലോ… നിത്യേന 100 കിലോ ഡോഗ് ഫൂഡാണ് ആ ഊരുകളില്‍ കൊണ്ടുപോയി നല്‍കിയത്.
“ആദ്യ പ്രളയത്തിന് ഞങ്ങളുടെ എട്ടംഗ ടീം കൂടെയുണ്ടായിരുന്നു. പക്ഷേ ഇത്തവണ ഞാന്‍ തനിച്ചായിരുന്നു. രക്ഷപ്പെടുത്തലുകളെക്കാള്‍ കൂടുതല്‍ ഭക്ഷണവിതരണമായിരുന്നു ഇത്തവണ. ഒരു ജീപ്പ് വാടകയ്ക്കെടുത്തു, നിലമ്പൂരിലെ വിനോദ് എന്ന ഒരാളാണ് സഹായത്തിനുണ്ടായിരുന്നത്.
“നായകളെ റോഡില്‍ ഉപേക്ഷിച്ചതു കണ്ടിട്ട് പലരും എന്നെ വിളിക്കാറുണ്ട്. വഴിയോരത്ത് നായകളെ ഉപേക്ഷിക്കാന്‍ ആര്‍ക്കും ഒരുമടിയുമില്ല. വോഡഫോണിന്‍റെ പരസ്യം കണ്ടാല്‍ അപ്പോ പഗ്ഗിനെ വേണം, ദിലീപിന്‍റെ റിംഗ് മാസ്റ്റര്‍ സിനിമ കണ്ടാല്‍ അതിലെ നായയെ പോലൊരെണ്ണം വേണം.
“ഇതൊക്കെ കണ്ട് നായകളെ വാങ്ങും. പക്ഷേ രണ്ട് മാസമൊക്കെ കഴിയുമ്പോള്‍ എല്ലാവര്‍ക്കും മതിയാകും.. വല്ല അസുഖവും വന്നാല്‍ പിന്നെ പറയുകയും വേണ്ട. നേരെ റോഡിലേക്ക്,” ഇതൊക്കെയാണ് സാലിയെ വിഷമിപ്പിക്കുന്നത്.
തെരുവില്‍ നിന്നു രക്ഷിച്ചെടുക്കുന്ന നായ്ക്കളെ അഡോപ്ഷനിലൂടെ ആളുകള്‍ക്ക് നല്‍കാറുണ്ടെന്ന് സാലി പറഞ്ഞു.മിക്കവാറും എല്ലാ മൃഗസ്നേഹികളെയും പോലെ സാലിയും ബ്രീഡിങ്ങിനെതിരാണ്. ബിസിനസ് ആയിട്ടാണ് പലരും ബ്രീഡിങ്ങിനെ കാണുന്നത് എന്നാണ് അവര്‍ പറയുന്നത്.
(കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പറയുന്നതും അതുതന്നെയാണ് — അരുമകളെ വാങ്ങരുത്! )
“കുറേക്കാലം ബ്രീഡ് ചെയ്തു കുട്ടികളെയുണ്ടാക്കും. നല്ല വിലയ്ക്ക് വില്‍ക്കുകയും ചെയ്യും. ഒടുവില്‍ അമ്മപ്പട്ടിയ്ക്ക് വല്ല അസുഖവും വന്നാല്‍ പിന്നേ റോഡിലേക്ക് കളയും.” ഇതൊക്കെ അറിയാവുന്നതു കൊണ്ടാണ് ബ്രീഡിങ്ങിനെ എതിര്‍ക്കുന്നതെന്നും സാലി.
നായ്ക്കളെ പിടിക്കുന്നതില്‍ കുറേ കളിയാക്കലുകള്‍ കേട്ടിട്ടുണ്ടെന്നു സാലി പറയുന്നു. “ഞാന്‍ തെരുവില്‍ നിന്നു പിടിക്കുന്ന നായകളെ കൊണ്ടുപോകുന്ന വാഹനത്തില്‍ അവയ്ക്കൊപ്പം ഞാനുമിരിക്കുമല്ലോ.
“ഇതു കാണുമ്പോള്‍ ചിലരൊക്കെ കളിയാക്കും. ചിലരൊക്കെ, അവളെ കൂടി വന്ധീകരിക്കാനാണോ കൊണ്ടുപോകുന്നേ എന്നൊക്കെ ചോദിക്കും. തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഞാനൊരു ‘സൊസൈറ്റി ലേഡി’യാണെന്നു പലരും പറയും, തെരുവുനായ പ്രശ്നങ്ങളുണ്ടായ നേരം ചില ടോക് ഷോയിലൊക്കെ പങ്കെടുക്കാന്‍ പോയിട്ടുണ്ട്.
“അന്നേരമൊക്കെ ചിലര്‍ പറയും എ.സി കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് തെരുവുനായകളുടെ പ്രശ്നം അറിയില്ലെന്ന്. അപ്പോ അവരോട് പറയും,
ചേട്ടാ.. ഞാന്‍ ഏ.സി കാറിലൊന്നുമല്ല നായകള്‍ക്കൊപ്പം അവരുടെ വണ്ടിയിലാണ് പോകാറുള്ളതെന്ന്.
“വീട്ടുകാരുടെ പിന്തുണയുണ്ട്. അവരുടെ സഹായമില്ലാതെ ഇതൊന്നും ചെയ്യാനാകില്ലല്ലോ. റോഡില്‍ അവിടെയും ഇവിടെയും കാണുന്ന പട്ടിയെയും പൂച്ചയെയും ആടിനെയുമൊക്കെ ഞാന്‍ വീട്ടിലേക്കെടുത്തു കൊണ്ടുവരും.
“വീട്ടില്‍ കൊണ്ടുവന്നാല്‍ പിന്നെ അവയെ നോക്കേണ്ടത് വീട്ടിലുള്ളവരാണ്. എന്‍റെ വര്‍ക് എല്ലാം വീടിന് വെളിയിലാണ്. അപ്പോ വീട്ടിലുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണവും മരുന്നുമൊക്കെ നല്‍കുന്നത് കണ്ണനും അമ്മയും മോനുമൊക്കെ ചേര്‍ന്നാണ്.
ആറാം ക്ലാസില്‍ പഠിക്കുകയാണ് നിരഞ്ജ്. വീട്ടില്‍ ഇപ്പോള്‍ മൂന്നു നായയും പത്ത് പൂച്ചയുമുണ്ട്. വഴിയില്‍ നിന്ന് കിട്ടിയതാണ് ഇവയെയും. ഒരു പെണ്‍ ലാബും പിന്നെ രണ്ട് നാടന്‍ പട്ടികളുമാണ്.
“സ്കൂളിലും കോളെജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ ബോധവത്ക്കരണ ക്ലാസെടുക്കാന്‍ പോകാറുണ്ട്. നായയെ പിടിക്കൂടുന്നതിനെക്കുറിച്ചും അവയെ ഉപദ്രവിക്കരുതെന്നുമൊക്കെ ക്ലാസില്‍ പറയും.”
തെരുവില്‍ നിന്നു പിടികൂടുന്ന നായകളെ വന്ധീകരിക്കാന്‍ കൊണ്ടുപോകുന്ന നേരത്തെങ്കിലും നന്നായി പെരുമാറിയാല്‍ മതി, പിന്നെ അവര്‍ക്ക് മനുഷ്യരോട് സ്നേഹവും വിശ്വാസവുമൊക്കെ വരുമെന്നും സാലി.
തെരുവുനായകളെ എടുക്കുകയും ഭക്ഷണം കൊടുക്കുകയുമൊക്കെ ചെയ്തിട്ടുള്ളയാളല്ലേ.. കടി കിട്ടി കാണുമല്ലോ.. ഈ ചോദ്യം കേട്ട് സാലി കുറേ ചിരിച്ചു.
“… അവരെ ഞാന്‍ ഉപദ്രവിക്കുന്നില്ലല്ലോ. എനിക്ക് കടി കിട്ടിയിരിക്കുന്നത് വളര്‍ത്തുനായ്ക്കളില്‍ നിന്നാണ്. തെരുവുനായ ഇതുവരെ കടിച്ചിട്ടില്ല.
“വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ എനിക്ക് പേടിയാണ്. അവയ്ക്ക് പൊസസീവ്നെസ് കൂടുതലായിരിക്കും. റോട്ട് വീലറില്‍ നിന്നു വരെ കടി കിട്ടിയിട്ടുണ്ട്,” സാലി പറഞ്ഞു.
കേന്ദ്രമാതൃശിശു ക്ഷേമ മന്ത്രാലയം തെരഞ്ഞെടുത്ത 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് മലയാളികളിലൊരാളാണ് സാലി. മറ്റൊരാള്‍ പഠനവൈകല്യമുള്ള മകന് വേണ്ടി സ്കൂള്‍ ആരംഭിച്ച തിരുവനന്തപുരംകാരി സന്ധ്യ പ്രജിനാണ്. (സന്ധ്യയുടെ കഥ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.)
2016-ലാണ് മൃഗക്ഷേമം എന്ന കാറ്റഗറിയില്‍ സാലി ഇടം പിടിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്.