പച്ചയണിഞ്ഞ് നില്‍ക്കുന്ന ചെടിക്കൂട്ടങ്ങള്‍. അതിമനോഹരമായ പുല്‍മേടുകളും പക്ഷിത്തുരുത്തും ജലസംഭരണിയും മുതലവളര്‍ത്തല്‍ കേന്ദ്രവുമൊക്കെയായി യാത്ര ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിവിടം. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി എന്ന കൊച്ചു ഗ്രാമം.
പക്ഷേ സഞ്ചാരികളെ മോഹിപ്പിച്ച മണ്ണിലേക്കുള്ള ഈ സഞ്ചാരം പെരുവണ്ണാമൂഴിയിലെ കാഴ്ചകള്‍ ആസ്വദിക്കാനായിരുന്നില്ല. പരിമിതികളെ തോല്‍പ്പിച്ച് ജീവിതത്തോട് പോരാടുന്ന ഒരാളെ കാണാനുള്ള യാത്രയിലാണ്.. വെളിച്ചത്തെ പ്രണയിച്ച ഒരാള്‍–പെരുവണ്ണാമൂഴിക്കാരുടെ സ്വന്തം ജോണ്സണ്.
വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഇരിപ്പുണ്ട് അദ്ദേഹം. പതിവ് ജോലിത്തിരക്കുകള്‍ക്കിടയില്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങി.
ജന്മനാ പോളിയോ ബാധിച്ച ജോണ്‍സണിന് എഴുന്നേറ്റ് നടക്കാനാകില്ല. കഴുത്തിന് താളെ തളര്‍ന്ന അവസ്ഥയാണ്. ഒരു കൈയ്ക്ക് മാത്രം ചെറിയ സ്വാധീനമുണ്ട്. കസേരയിലാണ് ഈ ജീവിതം. പക്ഷേ വീടിന്‍റെ നാലുചുമരുകള്‍ക്കുള്ളില്‍ മാത്രമായിരുന്നില്ല ജോണ്‍സണിന്‍റെ ജീവിതം.
ഇതുകൂടി വായിക്കാം: സ്വന്തം റെക്കോഡ് തിരുത്തി സാലിമോന്‍: ഈ ചെത്തുതൊഴിലാളി അധ്വാനിച്ച് നേടുന്നത് ടെക്കികളെ തോല്‍പിക്കുന്ന ശമ്പളം
ഒരുപക്ഷേ ഇരുള്‍ മാത്രമായി പോകുമായിരുന്ന ജീവിതത്തെ ജോണ്‍സണ്‍ തിരികെപ്പിടിച്ചത് വെളിച്ചത്തെ പ്രണയിച്ചുകൊണ്ടാണ്. തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുകയാണ്. ത്രസിപ്പിക്കുന്ന സിനിമാക്കഥകളെ പോലും വെല്ലുന്ന ജീവിതകഥയാണ് ജോണ്‍സണിന്‍റേത്.
അപ്പനും അപ്പൂപ്പനും സഹോദരങ്ങളുമെല്ലാം കൃഷിക്കാരായിരുന്നു. എല്ലാവരും മണ്ണിനോട് പൊരുതി ജീവിതം പടുത്തുയര്‍ത്തിയപ്പോള്‍ ഞാന്‍ വിധിയോടാണ് പോരാടിയത്.
പെരുവണ്ണാമൂഴിയിലെ മഠത്തിനകത്ത് വീട്ടില്‍ ജോണ്‍സണ്‍. എബ്രഹാമിന്‍റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ അഞ്ചാമനാണ്. “ഞങ്ങളുടേത് ഒരു കാര്‍ഷിക കുടുംബമാണ്. കുടിയേറ്റ കര്‍ഷകരാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് നിന്നാണ് ഇവിടേക്കെത്തിയത്,” ജോണ്‍സണ്‍ പറഞ്ഞുതുടങ്ങുന്നു.
“എല്ലാവരും കൃഷിക്കാരായിരുന്നു അപ്പനും അപ്പൂപ്പനും സഹോദരങ്ങളുമെല്ലാം. എല്ലാവരും മണ്ണിനോട് പൊരുതി ജീവിതം പടുത്തുയര്‍ത്തിയപ്പോള്‍ ഞാന്‍ വിധിയോടാണ് പോരാടിയത്. ജനിച്ച് ആറു മാസമായപ്പോള്‍ പോളിയോ ബാധിച്ചതാണ്. എല്ലാവരെയും പോലെ എനിക്ക് എഴുന്നേറ്റ് നടക്കാനാകില്ല. എല്ലാം അമ്മച്ചിയാണ് ചെയ്തു തന്നിരുന്നത്. എവിടെയും എടുത്തു കൊണ്ടുപോയിരുന്നതും അമ്മച്ചിയാണ്. പക്ഷേ അന്നത്തെ ചുറ്റുപാടില്‍ സ്‌കൂളില്‍ പോകാനൊന്നുമായില്ല. പക്ഷേ കുറേ കഷ്ടപ്പെട്ടാണെങ്കിലും എഴുതാനും വായിക്കാനുമൊക്കെ സ്വയം പഠിച്ചെടുത്തു.”
ജോണ്സണ് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ ബാധിച്ച പനിയോടെയാണ് പോളിയോ അതിന്‍റെ ലക്ഷണം കാണിച്ചുതുടങ്ങിയത്. പനി വിട്ടുമാറിയില്ല. നാട്ടുചികിത്സയൊന്നും ഫലിച്ചില്ല. രണ്ടുകാലുകളും ഒരു കൈയും ചലനശേഷി നശിച്ച നിലയിലാണ് പനി വിട്ടുമാറിയത്. എല്ലാവരും സ്കൂളില്‍ പോകുമ്പോള്‍ ജോണ്‍സണ്‍ കസേരയിലിരുന്ന് ചുറ്റുപാടും നോക്കിയിരുന്നു. സഹോദരങ്ങളില്‍ നിന്ന് കേട്ടും കണ്ടും അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി ആര്‍ത്തിയോടെ പഠിച്ചു.
ഇതുകൂടി വായിക്കാം: മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ
അങ്ങനെ വീട്ടിലിരിക്കുമ്പോഴാണ് കൊച്ചുകൊച്ചു ഇലക്ടോണിക്‌സ് ഉപകരണങ്ങളോടൊരു ഇഷ്ടം തോന്നുന്നത്, വളരെ ചെറുപ്പത്തില്‍ തന്നെ. ആ കഥ ജോണ്‍സണ്‍ ഇങ്ങനെ പറയുന്നു.
ആദ്യമൊക്കെ പരീക്ഷണങ്ങള്‍ പാളിപ്പോയി. പൊട്ടിത്തെറിക്കുകയൊക്കെ ചെയ്തു. ഒടുവില്‍ അഞ്ച് വാട്ടിലുള്ള ചോക്ക് കണ്ടെത്തി.
‘ഇലക്ട്രോണിക്സ് ഉപകരണങ്ങളോടും അവയൊക്കെ ഉണ്ടാക്കാനുമൊക്കെ ഇഷ്ടമായിരുന്നു. വെറുതേ ഇരിക്കുമ്പോ ഇങ്ങനെ പലതും ചെയ്തു നോക്കുമായിരുന്നു. അന്നൊക്കെ ഫിലിപ്സിന്‍റെ ചോക്കിന് പോലും നൂറു വോള്‍ട്ടേജില്‍ അധികം വേണം കത്തുന്നതിന്. ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി ക്ഷാമം രൂക്ഷമായിരുന്നു. പരീക്ഷണങ്ങള്‍ കുറേ നടത്തിയാണ് അഞ്ച് വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് നിര്‍മ്മിച്ചെടുക്കുന്നത്. ആദ്യമൊക്കെ പരീക്ഷണങ്ങള്‍ പാളിപ്പോയി.. പൊട്ടിത്തെറിക്കുകയൊക്കെ ചെയ്തു. ഒടുവില്‍ അഞ്ച് വാട്ടിലുള്ള ചോക്ക് കണ്ടെത്തി.’ ജോണ്‍സണ്‍ പറയുന്നു.
“30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുകളുമെല്ലാം വീടിനു ചേര്‍ന്ന് തുടങ്ങിയ എം ടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രീസിന്‍റെ യൂണിറ്റില്‍ നിര്‍മിച്ചു.”
പക്ഷേ, വിധി പലരൂപത്തിലും ജോണ്‍സണെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
അവിടെ ട്രെയ്നിയായിരുന്നു ഉഷ. പിന്നീട് ഉഷ ഭാര്യയായി. പ്രണയവിവാഹമായിരുന്നു. അല്ലാതെ നടക്കില്ലല്ലോ.
“ഈ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് സിഎഫ്എല്‍ യൂനിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉദ്ഘാടനം പോലും നടത്തും മുമ്പേ ആ യൂനിറ്റിന് തീപിടിച്ച് കത്തി നശിച്ചു. ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കേല്ലിന്‍റെ സഹായത്തോടെയാണ് പുതിയ യൂനിറ്റ് ആരംഭിക്കുന്നത്. യൂനിറ്റ് കത്തി നശിച്ചതോടെ വലിയൊരു സാമ്പത്തിക ബാധ്യതയാണുണ്ടായത്. ആയിടയ്ക്കാണ് അമ്മച്ചി മരിക്കുന്നത്.” ജോണ്‍സണ്‍ പറയുന്നു.
ഇതുകൂടി വായിക്കാം: ‘ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോ കിട്ടിയ ഇരട്ടപ്പേരാണ്… ആ പേരുകൊണ്ടാണിന്ന് റേഷനരി വാങ്ങുന്നത്’
പിന്നീട് പുതിയ യൂനിറ്റില്‍ സിഎഫ്എല്‍ എമര്‍ജന്‍സി ലൈറ്റുകളുടെ നിര്‍മാണം ആരംഭിച്ചു. “അവിടെ ട്രെയ്നിയായിരുന്നു ഉഷ. പിന്നീട് ഉഷ ഭാര്യയായി. പ്രണയവിവാഹമായിരുന്നു. അല്ലാതെ നടക്കില്ലല്ലോ. എതിര്‍പ്പുകളുണ്ടായിരുന്നു. അപ്പനും ഉഷയുടെ വീട്ടുകാരും സമ്മതിച്ചില്ല. വ്യത്യസ്ത മതക്കാരായിരുന്നു. ഉഷ ഹിന്ദുവായിരുന്നു. എന്‍റെ വൈകല്യങ്ങളൊന്നും ഉഷയ്ക്ക് പ്രശ്നമായിരുന്നില്ല… ഒടുവില്‍ എല്ലാവരും സമ്മതിച്ചു. ഇപ്പോള്‍ രണ്ടു മക്കളുമായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന ജയൂണ്‍, ഒമ്പതാം ക്ലാസുകാരന്‍ ജഷൂണ്‍ ഇവരാണ് മക്കള്‍.”
ഊര്‍ജ്ജസംരക്ഷണത്തിനായി സി എഫ് എല്‍ ബള്‍ബുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അടക്കം വ്യാപകമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയ കാലം. എല്‍ ഇ ഡി ബള്‍ബുകളെക്കുറിച്ച് അധികമാരും കേട്ടിട്ടുപോലുമില്ല. അക്കാലത്താണ്, 2005ല്‍, ജോണ്‍സണ്‍ കുഞ്ഞന്‍ എല്‍ ഇ ഡി ബള്‍ബുകള്‍ സി എഫ് എല്‍ ബള്‍ബുകള്‍ക്ക് പകരം ഉപയോഗിക്കാമെന്ന് തെളിയിച്ച് കാണിക്കുന്നത്.
ഇതുകൂടി വായിക്കാം: കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ് ഭൂമി
“13 വര്‍ഷം മുന്‍പ് 2005ലാണ് എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിച്ച് വൈദ്യുതി വിളക്ക് ഉണ്ടാക്കിയാലോ എന്നു തോന്നുന്നത്. കുറേ ശ്രമിച്ചു. ഒടുവിലാണ് എല്‍ഇഡി ബള്‍ബുണ്ടാക്കുന്നത്. എല്‍ഇഡി ബള്‍ബ് നിര്‍മിച്ചു… നല്ല പ്രകാശവുമുണ്ട്.. പക്ഷേ അതുപോരല്ലോ,” സര്‍ക്കാര്‍ ഏജന്‍സികളെക്കൊണ്ട് തന്‍റെ എല്‍ ഇ ഡി വിളക്കിന് അംഗീകാരം നേടിക്കിട്ടുന്നതിന് വേണ്ടി നടത്തിയ പെടാപ്പാടുകളെക്കുറിച്ച് ജോണ്‍സണ്‍ വിശദീകരിക്കുന്നു.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നല്ലേ…ആരും എന്‍റെ പരീക്ഷണത്തിന് വില നല്‍കിയില്ല.
“അങ്ങനെ കോഴിക്കോട് മുക്കത്തെ സര്‍ക്കാര്‍ അംഗീകൃതലാബില്‍ പോയി. ഈ ബള്‍ബ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യം അവര്‍ പരിഗണിച്ചില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നല്ലേ…ആരും എന്‍റെ പരീക്ഷണത്തിന് വില നല്‍കിയില്ല. ലോകത്ത് ഒരിടത്തും എല്‍ഇഡി ബള്‍ബ് പ്രകാശത്തിനായി ഉപയോഗിക്കുന്നില്ല, ജപ്പാനിലും അമെരിക്കയിലും 2020ല്‍ ഇതു യാഥാര്‍ഥ്യമാകുമെന്ന് കേള്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നായിരുന്നു അവരുടെ മറുപടി. ഇതിന്‍റെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അതൊക്കെ പഠിച്ചതിനു ശേഷം ബാക്കി തീരുമാനിക്കാമെന്നാണ് അന്നവര്‍ പറഞ്ഞ്,” ജോണ്‍സണ്‍ സങ്കടത്തോടെ പറയുന്നു.
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബള്‍ബ് തെളിയിച്ചു കാണിച്ചിട്ടും തന്നെ പിന്തുണയ്ക്കാത്തതില്‍ പരിഭവം തോന്നിയെങ്കിലും അദ്ദേഹം ആരോടും വിഷമം പറഞ്ഞില്ല. പക്ഷേ ജോണ്‍സണിപ്പോള്‍ വിജയത്തിന്‍റെ പാതയിലാണ്. പരിസ്ഥിതി സൗഹൃദമായ എല്‍ ഇ ഡി ബള്‍ബിന് അംഗീകാരം ലഭിച്ചില്ലെങ്കിലും ജോണ്‍സണ്‍ ഇന്ന് താരമാണ്. വീട്ടിലും നാട്ടിലും മാത്രമല്ല സോഷ്യല്‍ മീഡിയകളിലും പരിമിതികളെ തോല്‍പ്പിച്ച് വിജയക്കൊടി പാറിച്ച ജോണ്‍സണാണ് നിറഞ്ഞുനില്‍ക്കുന്നത്.
രണ്ടായിരത്തിലധികം രൂപയായി അന്ന് ബള്‍ബ് നിര്‍മിക്കാന്‍. ഇപ്പോള്‍ നിര്‍മിക്കുന്ന എല്‍ഇഡി ബള്‍ബിന് 650 രൂപയോളം ചെലവുണ്ട്.
“വൈകല്യമല്ല എനിക്ക് വെല്ലുവിളിയായി തോന്നിയത്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളും കണ്ടുപിടുത്തങ്ങളും അധികൃതരെ ബോധ്യപ്പെടുത്താനാണ് ഏറെ ബുദ്ധിമുട്ടിയിട്ടുള്ളത്,” ജോണ്‍സണ്‍ ആത്മഗതമെന്നപോലെ പറഞ്ഞു.
സി എഫ് എലിനെക്കാള്‍ പരിസ്ഥിതിക്ക് നല്ലത് എല്‍ഇഡി ബള്‍ബുകളാണ്. പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച എല്‍ ഇ ഡി ബള്‍ബ് ഇപ്പോഴും വീട്ടില്‍ കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ജോണ്‍സണ്‍.
“രണ്ടായിരത്തിലധികം രൂപയായി അന്ന് ബള്‍ബ് നിര്‍മിക്കാന്‍. ഇപ്പോള്‍ നിര്‍മിക്കുന്ന എല്‍ഇഡി ബള്‍ബിന് 650 രൂപയോളം ചെലവുണ്ട്. ഇതിന് ആയുസ്സ് വളരെ കൂടുതലാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലാതെ, കോഴിക്കോട്ടെ വിദൂര മലയോരഗ്രാമത്തിലിരുന്ന് എങ്ങനെ ജോണ്‍സണ്‍ നമ്മളില്‍ പലരേക്കാള്‍ മുന്നില്‍ നടന്നു എന്ന് അറിയാതെ ചോദിച്ചുപോവും. അതിനുള്ള ഉത്തരം വായന എന്നാണ്.
അറിഞ്ഞും വായിച്ചും കേട്ടും നിരവധി പേരാണിപ്പോള്‍ ജോണ്‍സണെത്തേടി പെരുവണ്ണാമുഴിയിലെത്തുന്നത്.
“ഇഷ്ടവിഷയം ഇലക്ട്രോണിക്സാണ്.. കുട്ടിക്കാലം തൊട്ടേ വായിച്ചതിലേറെയും അത്തരത്തിലുള്ള അറിവുകള്‍ നല്‍കുന്ന പുസ്തകങ്ങളും. വായനയിലൂടെയാണ് ഞാന്‍ എന്‍റെ അറിവുകള്‍ നേടിയത്,” ജോണ്‍സണ്‍ പറഞ്ഞു.
അറിഞ്ഞും വായിച്ചും കേട്ടും നിരവധി പേരാണിപ്പോള്‍ ജോണ്‍സണെത്തേടി പെരുവണ്ണാമുഴിയിലെത്തുന്നത്. സ്‌കൂളുകളിലും മറ്റും ക്ലാസെടുക്കാന്‍ പലരും ക്ഷണിക്കും. ജോണ്‍സണ്‍ പോവുകയും ചെയ്യും. പരിസ്ഥിതി സ്‌നേഹിയായ ജോണ്‍സണ്‍ മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്. കടുത്ത ദൈവവിശ്വാസിയുമാണ്. വനിതകള്‍ക്ക് എല്‍ഇഡി നിര്‍മാണം പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഊര്‍ജസംരക്ഷണ അവാര്‍ഡ്, 2015ലെ സംസ്ഥാന ഭിന്നശേഷി പ്രതിഭ പുരസ്‌കാരവും ജോണ്‍സണിന് ലഭിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കാം: പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ
ശാരീരിക പരിമിതികളിലും വലിയ വലിയ ഡിഗ്രികളൊന്നുമില്ലാത്തിലും സങ്കടപ്പെടാതെ ജോണ്‍സണ്‍ മറ്റുള്ളവര്‍ക്ക് പ്രകാശം ചൊരിഞ്ഞ് ജീവിക്കുകയാണ്.
പുതിയൊരു കണ്ടുപിടിത്തത്തിന്‍റെ പടിവാതില്‍ നില്‍ക്കുകയാണ് ജോണ്‍സണിപ്പോള്‍. ലോകത്തില്‍ മാറ്റം കൊണ്ടുവന്നേക്കാവുന്ന ആ കണ്ടുപിടുത്തതിന്റെ 99 ശതമാനവും പൂര്‍ത്തിയായി. തത്ക്കാലം ഇപ്പോ പറയാനാകില്ല. കാത്തിരിക്കൂവെന്നു പറഞ്ഞു ജോണ്‍സണ്‍ വീണ്ടും തിരക്കുകളിലേക്ക് തിരിഞ്ഞു.