27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്‍റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല 

ഇന്ന് 56 സെന്‍റ് പുരയിടത്തില്‍ അതില്‍ 50 സെന്‍റിലേറെയും കാടാണ്. അരയാലും മഹാഗണിയും തേക്കും ഈട്ടിയും അശോകവും പ്ലാവും മാവും ആഞ്ഞിലിയും കൂവളവും നെല്ലിയും അത്തിയും മുളയും ഈറ്റയും മരോട്ടിയുമൊക്കെയായി പലതരത്തിലുള്ള മരങ്ങള്‍‍.

 ല്യാണം കഴിഞ്ഞ് മാവേലിക്കരയില്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വരുമ്പോള്‍ ജയശ്രീ ഒരു കാര്യം ശ്രദ്ധിച്ചു. വിശാലമായ പറമ്പില്‍ കാര്യമായി മരങ്ങളൊന്നുമില്ല. വേനല്‍ക്കാലമായാല്‍ കിണറ്റില്‍ വെള്ളത്തിനും ക്ഷാമമാവും.

“ഭര്‍ത്താവിന്‍റെ കൂടെ ഗള്‍ഫിലായിരുന്നു ഞാനും. വിശ്വംഭരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. ഖത്തറില്‍ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞയുടന്‍ പോയതാണ്,” ജയശ്രീ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു നാട്ടിലെത്തി. വീടിനോട് ചേര്‍ന്ന അരയേക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി.


വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com

അരയാലും മഹാഗണിയും തേക്കും ഈട്ടിയുമൊക്കെയാണ് നട്ടത്. കണ്ടവരും കേട്ടവരുമൊക്കെ ജയശ്രീയെ ചീത്തവിളിച്ചു.

വീട്ടുമുറ്റത്ത് വന്‍മരങ്ങള്‍ കൊണ്ടൊരു കാടുണ്ടാക്കിയിരിക്കുകയാണ്

” ഞാന്‍ മരങ്ങള്‍ നട്ടു തുടങ്ങിയപ്പോ ബന്ധുക്കളൊക്കെ കുറേ വഴക്ക് പറഞ്ഞു.


കപ്പയോ വാഴയോ വെയ്ക്കേണ്ട സ്ഥലത്ത് മരം നടുന്നുവെന്നു പറഞ്ഞാണ് അവര് വഴക്ക് പറ‌‌ഞ്ഞത്.


27 വര്‍ഷം മുന്‍പായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കിപ്പുറം വീട്ടുമുറ്റത്ത് വന്‍മരങ്ങള്‍ നിറഞ്ഞൊരു കാടായി. പടികള്‍ കയറി ചെറിയൊരു കുന്നിന് മുകളിലുള്ള കുന്നത്ത് ‘കാര്‍ത്തിക’യില്‍ എത്തിയാല്‍ പിന്നെ ചൂടില്ല.

“പക്ഷേ ഇപ്പോ എല്ലാവര്‍ക്കും സന്തോഷമാ.. അവര്‍ക്കും കൂടി ഇതിന്‍റെ ഗുണം കിട്ടുന്നുണ്ട്. മരങ്ങളൊക്കെയുള്ളത് കൊണ്ട് വെള്ളത്തിന് ക്ഷാമം ഇല്ല. കിണറ്റില്‍ ആവശ്യത്തിലേറെ വെള്ളവുമുണ്ട്,” എന്ന് ജയശ്രീ.

വീട്ടുമുറ്റത്ത് കാടുണ്ടാക്കിയ ജയശ്രീ

“ഏസിയുള്ള ഒരു മുറിയിലേക്ക് കയറിയ പോലെയാണിവിടെ. കടുത്ത വേനലിലും അത്രയ്ക്ക് തണുപ്പാണ് ഈ വീട്ടുമുറ്റത്ത്.” കുളിര്‍മ്മയ്ക്കും ജലക്ഷാമം പരിഹരിക്കുന്നതിനും വേണ്ടി മാത്രമല്ല  ജയശ്രീ മരം നട്ടുതുടങ്ങിയത്. അതിന് പിന്നിലെ കഥ അവര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

വിവാഹശേഷം ഗള്‍ഫിലേക്ക് പോയ ജയശ്രീ ഇളയമകന്‍ ജനിച്ചതിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നതും ഇവിടെ സ്ഥിരതാമസമാക്കുന്നതും. രണ്ട് മക്കളാണ്– വിഷ്ണുവും വിശാഖും.

“വിഷ്ണുവിന് ഓട്ടിസമായിരുന്നു. അവന്‍ അധികമാരോടും സംസാരിക്കില്ലായിരുന്നു. അതുകൊണ്ടാണ് ഇളയമോനായപ്പോഴേക്കും ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. വിഷ്ണുവിനെ എങ്ങനെയെങ്കിലും മാറ്റിയെടുക്കണമെന്നുമുണ്ടായിരുന്നു.

“മൂത്തമകനിപ്പോള്‍ 34 വയസുണ്ട്. അവന്‍ ഓട്ടിസ്റ്റിക്കാണ് എന്ന് ആദ്യമൊന്നും അറിയില്ലായിരുന്നു. സാധാരണ കുട്ടികളെ പോലെ അവന്‍ സംസാരിക്കില്ലായിരുന്നു.

“രണ്ടോ മൂന്നോ വാക്കുകള്‍ മാത്രം പറയും. നീണ്ട വാചകങ്ങളൊന്നും അവന്‍ പറയില്ല. കുറേ ചികിത്സകളൊക്കെ ചെയ്തു. പിന്നെ, ഇതിന് അങ്ങനെ മരുന്നൊന്നും ഇല്ലല്ലോ. നാട്ടിലേക്ക് മടങ്ങുമ്പോള്‍ വിഷ്ണുവിന് ഏഴ് വയസുണ്ട്.

“മോന് വയ്യാതിരുന്നതു കൊണ്ട് വേറെ ജോലിക്കൊന്നും പോകാനായില്ല. അതുകൊണ്ടു കുറേ സമയം കിട്ടിയിരുന്നു. ആ കിട്ടുന്ന നേരത്തൊക്കെ മരങ്ങള്‍ നട്ടു തുടങ്ങി. പ്രകൃതിയോട് എനിക്ക് വലിയ ഇഷ്ടവുമായിരുന്നു.

“ഞങ്ങള്‍ നാട്ടില്‍ സെറ്റിലായെങ്കിലും ഭര്‍ത്താവ് ഗള്‍ഫില്‍ തന്നെയായിരുന്നു. ഇടയ്ക്കിടെ അവധിക്ക് വരും. അങ്ങനെയൊരിക്കല്‍ അദ്ദേഹം ലീവിന് വന്നതാണ്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ആ ലീവിന് അദ്ദേഹം ഞങ്ങളെ വിട്ടു പോയി.

“അതിനു ശേഷമാണ് വിഷ്ണുവിനെ എങ്ങനെയെങ്കിലും മറ്റു കുട്ടികളെ പോലെയാക്കിയെടുക്കണമെന്നും മറ്റുള്ളവരോടൊക്കെ അവന്‍ സംസാരിക്കണമെന്നുമൊക്കെ ശക്തമായി തോന്നിത്തുടങ്ങുന്നത്.

“26 വയസ് വരെ അവന്‍ സംസാരിക്കില്ലായിരുന്നു. പിന്നെപ്പിന്നെ അവനെ മാറ്റിയെടുക്കാന്‍ സാധിച്ചു. തിരുവനന്തപുരത്ത് ജിആര്‍ടിയില്‍ — കംപ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നപ്പോള്‍, വീട്ടില്‍ നിന്ന് അവന്‍ തന്നെ പോയിവരുമായിരുന്നു.

“ഇപ്പോ മാവേലിക്കരയില്‍ തന്നെ ഒരു പിഎസ് സി കോച്ചിങ് സെന്‍ററിലാണ് അവന്‍ പഠിക്കുന്നത്. പഴയതു പോലെയല്ല. കുറേ മാറ്റമുണ്ടവന്. വീട്ടിലേക്ക് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടുവരും, സ്വന്തം കാര്യങ്ങളൊക്കെ തനിയെ ചെയ്യും. അങ്ങനെ അവന് വലിയ മാറ്റമുണ്ട്.

“ആദ്യനാളിലൊന്നും ഞാന്‍ മരങ്ങള്‍ നടുന്നതിനോടൊന്നും അവന് വലിയ താത്പ്പര്യമൊന്നുമില്ലായിരുന്നു. എന്നാല്‍ അവനിപ്പോഴാണ് എന്‍റെ മരം നടലിനൊക്കെ പിന്തുണയുമായി വന്നത്.

“അമ്മ ആ മരത്തിന് അടുത്ത് പോയി നില്‍ക്കൂ, ഈ മരത്തിന്‍റെ ചുവട്ടില്‍ നില്‍ക്കൂ എന്നൊക്കെ പറഞ്ഞു, എന്‍റെ ഫോട്ടോ എടുക്കലാണ് അവന്‍റെ പണി. ഇതേക്കുറിച്ചൊക്കെ അവനിപ്പോഴാകും മനസിലാക്കി വരുന്നത്.

വിഷ്ണുവിനൊപ്പം ജയശ്രീ

“വിശാഖിന് പണ്ടേ ഇഷ്ടമാണ് എന്‍റെ ഈ വട്ടുകളോടൊക്കെ. ഒരു തൈ പോലും കളയരുതെന്നാണ് അവന്‍ പറയുന്നത്. അവന്‍റെ കൂട്ടുകാരൊക്കെ ഈ കാട് കാണാന്‍ വരാറുണ്ട്,” കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ പി  എച്ച് ഡി ചെയ്യുന്ന ഇളയമകന്‍ വിശാഖിനെപ്പറ്റി ജയശ്രീ.

“അവന്‍ പറയുന്നത്, ഈ കാട്ടിനകത്തൊരു ഒറ്റമുറിയുള്ള ഒരു കൊച്ചുവീട് വയ്ക്കണം, അതില്‍ താമസിക്കണമെന്നൊക്കെയാണ്. മക്കളുടെ പിന്തുണയുള്ളതു കൊണ്ടു തന്നെയല്ലേ ഇതൊക്കെ നന്നായി ചെയ്യാനാകുന്നതും,” അമ്മയുടെ വാക്കുകളില്‍ സന്തോഷം നിറയുന്നു.

മരങ്ങള്‍ സന്തോഷം മാത്രമല്ല, വേനലില്‍ വറ്റിവരണ്ടിരുന്ന കിണറ്റില്‍ വെള്ളവും നിറച്ചു.

“ഇവിടെ നാട്ടില്‍ വന്നു താമസം തുടങ്ങിയപ്പോള്‍ വെള്ളത്തിന് ക്ഷാമം. വേനല്‍ വന്നാല്‍ മതി അപ്പോ പിന്നെ കിണറ്റില്‍ വെള്ളമുണ്ടാകില്ല. 16 അരഞ്ഞാണ്‍ (പടി) താഴ്ചയുണ്ടായിരുന്ന കിണറില്‍  വെള്ളം കിട്ടാതെ വന്നതോടെ വീണ്ടും കുഴിച്ചു. 32 അരഞ്ഞാണ്‍ ആഴത്തിലാക്കിയെടുത്തു.”

പക്ഷേ, അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല.

ജനുവരി, ഫെബ്രുവരി മാസങ്ങളാകുന്നതോടെ കിണര്‍ വറ്റുമായിരുന്നു. മരങ്ങള്‍ വളര്‍ത്തി മഴവെള്ളം മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കാന്‍ അതൊരു പ്രധാന കാരണമായിരുന്നു.

ഇന്ന് 56 സെന്‍റ് പുരയിടത്തില്‍ അതില്‍ 50 സെന്‍റിലേറെയും കാടാണ്. അരയാലും മഹാഗണിയും തേക്കും ഈട്ടിയും അശോകവും പ്ലാവും മാവും ആഞ്ഞിലിയും കൂവളവും നെല്ലിയും അത്തിയും മുളയും ഈറ്റയും മരോട്ടിയുമൊക്കെയായി പലതരത്തിലുള്ള മരങ്ങള്‍‍.

“മുരിക്ക്, മുരിങ്ങ, കണിക്കൊന്ന ഇങ്ങനെ ചിലതുമുണ്ട്. മുറ്റത്ത് ഇനി മരം നടാന്‍ സ്ഥലമില്ല. പക്ഷേ തൈകള്‍ നടുന്നത് അവസാനിപ്പിച്ചിട്ടില്ല. ഔഷധസസ്യങ്ങളാണിപ്പോള്‍ നടുന്നത്,” ജയശ്രീ പറയുന്നു.


 

ഇതുകൂടി വായിക്കാം:സര്‍ജുവിനും കൂട്ടുകാര്‍ക്കും അറിയാം വിശന്ന വയറോടെ രാവുറങ്ങുന്നവരുടെ വേവ്


“മുറ്റം നിറയെ മരങ്ങളായതോടെ നല്ല തണലും തണുപ്പുമൊക്കെയുണ്ട്. അതുമാത്രല്ല വെള്ളത്തിന് ക്ഷാമവും ഇന്നില്ല. പണ്ടൊക്കെ തൈകള്‍ നനയ്ക്കാന്‍ വീട്ടിലെ കിണറ്റിലെ വെള്ളം വറ്റുന്നതോടെ അയല്‍പ്പക്കത്തെ വീടുകളില്‍ നിന്നു വെള്ളമെടുക്കണമായിരുന്നു.

“എന്നാല്‍ ഇപ്പോള്‍ കടുത്ത വേനലാണെങ്കിലും വീട്ടിലെ കിണറ്റില്‍ വെള്ളമുണ്ടാകും. കഴിഞ്ഞ വേനല്‍ക്കാലത്ത് 18 അരഞ്ഞാണ്‍ വെള്ളമുണ്ടായിരുന്നു.

“അയല്‍പ്പക്കത്തെ വീടുകളിലെ കിണറുകളില്‍ വെള്ളമൊക്കെ താഴ്ന്നുവെങ്കിലും ഇവിടെ ആ പ്രശ്നമൊന്നുമുണ്ടായില്ല. എത്ര വേനലാണെങ്കിലും ഇപ്പോ കിണറ്റില്‍ വെള്ളമുണ്ടാകും.”

ചൂടും ഇല്ല വീട്ടില്‍. ഏ.സി ഇട്ട പോലുള്ള നല്ല തണുപ്പാണ്.

മരങ്ങള്‍ കുറേയുള്ളതു കൊണ്ട് ഒരുപാട് പക്ഷികളും ജീവികളുമൊക്കെ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കൊക്കുകളും  ഉപ്പനും കുരുവികളും പിന്നെ പേരറിയാത്ത ഏതൊക്കെയോ കിളികള്‍. ഒരുപാട് ശലഭങ്ങള്‍.

“അണ്ണാനും കിളികളും ശലഭങ്ങളുമൊക്കെ സ്ഥിരതാമസക്കാരാണ്.


കിളിക്കും അണ്ണാനുമൊക്കെ തീറ്റയും വെള്ളവും വച്ചു കൊടുക്കാറുണ്ട്. എന്നും രാവിലെ ഉറക്കമുണര്‍ന്നാല്‍ ഞാനാദ്യം ചെയ്യുന്ന പണിയാണിത്.


“അവയും ഞാന്‍ ഭക്ഷണം കൊണ്ടുവരുന്നതിന് കാത്തിരിക്കുകയാകും. പക്ഷികളുടെയും ജീവികളുടെയുമൊക്കെ ഒച്ചപ്പാടും ബഹളവുമൊക്കെയായി ശരിക്കും വലിയൊരു കാട് പോലെ തന്നെയാണ് തോന്നാറുള്ളത്.” വീട്ടുമുറ്റത്തുള്ള ചങ്ങാതിമാരെക്കുറിച്ച് എത്ര പറഞ്ഞാലും ജയശ്രീയ്ക്ക് മതിയാകില്ല.

കാട് മാത്രമല്ല കുറച്ചു പച്ചക്കറി കൃഷിയുമുണ്ട് ജയശ്രീയ്ക്ക്. വീടിനോട് ചേര്‍ന്നു തന്നെയാണ് ഈ അടുക്കളത്തോട്ടം.

“പറമ്പ് നിറയെ മരങ്ങളല്ലേ. നല്ല കാറ്റ് മാത്രമല്ല കുറേ ഇലകളും മുറ്റത്തേക്ക് വീഴുന്നുണ്ട്.


പക്ഷേ ഈ പൊഴിയുന്ന ഇലകളും പൂക്കളും വിത്തുകളുമൊന്നും അടിച്ചുവാരി കളയാറില്ല.


“ഇതൊക്കെ ആ മരങ്ങള്‍ക്ക് ചുവട്ടില്‍ തന്നെ കിടക്കട്ടെ. അതൊക്കെ ആ മരങ്ങള്‍ക്ക് വളവുമാണ്. പിന്നെ കരിയിലകളൊക്കെ നിറഞ്ഞു കിടക്കുന്നൊരു സ്വാഭാവിക കാട് പോലെയാകട്ടെ എന്‍റെ മുറ്റമെന്നും തോന്നി.

“എന്‍റെ വീട് ചെങ്ങന്നൂരില്‍ ഇടനാടായിരുന്നു. വൈദ്യര്‍ കുടുംബമാണ് ഞങ്ങളുടേത്. എന്‍റെ വല്യച്ഛന്‍മാരൊക്കെ ആയൂര്‍വേദ വൈദ്യന്‍മാരായിരുന്നു. അങ്ങനെയാണ് ആയൂര്‍വേദത്തോട് ഇഷ്ടമൊക്കെ തോന്നിയത്. ഞാന്‍ വൈദ്യം പഠിച്ചിട്ടുമുണ്ട്, ലൈസന്‍സുമുണ്ട്. ഡിപ്ലോമയാണെടുത്തിരിക്കുന്നത്,” ആ ഇഷ്ടം കൊണ്ടാണ് മുറ്റത്ത് ഔഷധസസ്യങ്ങളും നടാന്‍ തുടങ്ങിയത്.

“ഇനി ഈ മുറ്റത്ത് തൈകള്‍ നടാനുള്ള സ്ഥലമൊന്നുമില്ല. പക്ഷേ ഓരോ ദിവസവും എന്തെങ്കിലുമൊക്കെ ഞാന്‍ നട്ടു കൊണ്ടിരിക്കുകയാണ്. ഇനിയും ഈ മണ്ണില്‍ മരങ്ങള്‍ നിറയണമെന്നാണ് എന്‍റെ ആഗ്രഹം,” ജയശ്രീ പറയുന്നു.

ഓരോ മരങ്ങളോടും വര്‍ത്തമാനങ്ങള്‍ പറഞ്ഞാണ് ഞാന്‍ പറമ്പിലൂടെ നടക്കുന്നതും നടുന്നതും. ഇന്നും അങ്ങനെയൊക്കെയാണ്. ദാ.. ഇന്നു രാവിലേം കൂടി കാട്ടില്‍ പോയി വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞതേയുള്ളൂ.”


ഇതുകൂടി വായിക്കാം:കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം