ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍

വഴിയോരത്ത് കളിപ്പാട്ടം വിറ്റും കോര്‍പറേഷന്‍റെ മാലിന്യവണ്ടിയോടിച്ചും കിട്ടുന്ന വരുമാനം കൊണ്ടാണ് അഫ്ത്താര്‍ പാവപ്പെട്ടവരെ സഹായിക്കുന്നത്.  

നേരം വെളുക്കും മുന്‍പേ കുറ്റിച്ചിറക്കാരന്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ചായപ്പാത്രവുമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെത്തും… ആശുപത്രിമുറികള്‍ക്കുള്ളി ആരോരുമില്ലാത്തവര്‍ക്ക് ചായയും ബിസ്കറ്റുമൊക്കെ നല്‍കിയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും കുറച്ചുനേരം.

അവിടെ നിന്ന് കോര്‍പറേഷന്‍ തൊഴിലാളിയുടെ കുപ്പായത്തിലേക്ക്. സന്ധ്യയാകുന്നതോടെ വലിയങ്ങാടിയിലേക്ക്. അവിടെ വൈകുന്നേരത്തിന്‍റെ തിരക്കില്‍ കളിപ്പാട്ടം വില്‍പന.

ഇങ്ങനെ എത്രയോ വേഷപ്പകര്‍ച്ചകള്‍ക്കിടയിലൂടെയാണ് കുറ്റിച്ചിറ അറയ്ക്കലകം വീട്ടില്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ദിവസവും കടന്നുപോകുന്നത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com

നിര്‍ധനരെ സഹായിച്ചും സൗജന്യമായി നീന്തല്‍ പഠിപ്പിച്ചും ചിറയിലെ  മാലിന്യം നീക്കി പുതുജീവന്‍ നല്‍കിയും ട്രാഫിക് ബോധവത്ക്കരണ ക്ലാസുകളെടുത്തുമൊക്കെ നഗരത്തിന്‍റെ സ്വന്തക്കാരനായി ജീവിക്കുന്നു ഈ 48-കാരന്‍.

സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍

രണ്ട് പതിറ്റാണ്ടായി ആരോരുമില്ലാത്തവര്‍ക്കും നിര്‍ധനര്‍ക്കുമൊക്കെ സഹായവും സ്നേഹവും നല്‍കുന്ന മനുഷ്യന്‍. സംഘടനകളുടെയോ വ്യക്തികളുടെയോ സാമ്പത്തിക സഹായമൊന്നുമില്ലാതെ, സ്വന്തം വരുമാനത്തിന്‍റെ വലിയൊരു ഭാഗമാണ്  അബ്ദുല്‍ അഫ്ത്താര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

“വെളുപ്പിന് നാലു മണിക്ക് ഉണരും. കൂടെ അവളും (ഭാര്യ ഹൈനുന്‍  ഹക്കീന) എഴുന്നേല്‍ക്കും,” അഫ്ത്താര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

“സുബ്ഹി നിസ്ക്കാരത്തിന് പള്ളിയില്‍ പോകും. ആ നേരത്ത് എനിക്കൊരാള്‍ക്ക് വേണ്ടിയല്ല ഹൈനുന്‍ ചായയുണ്ടാക്കുന്നത്. വേറെ ചിലര്‍ക്കും കൂടിയാണവള്‍ ചായ ഇട്ടുതരുന്നത്.


ഈ ചായയും പ്രതീക്ഷിച്ച് ബീച്ച് ആശുപത്രിയില്‍ ഒരുപാടു പേരുണ്ട്. അവര്‍ക്ക് അറിയാം ഞാന്‍ ചായയും ബിസ്കറ്റുമായി രാവിലെ എത്തുമെന്ന്.


“വര്‍ഷങ്ങളായുള്ള ഒരു പതിവാണിത്. അവധി ദിവസങ്ങളിലും ഈ പതിവ് തെറ്റിക്കാറില്ല.

നിസ്കാരവും കഴിഞ്ഞ് രാവിലെ അഞ്ചര മണിയോടെ അഫ്ത്താര്‍ ജനറല്‍ ആശുപത്രിയിലെത്തും. പല വാര്‍ഡുകളിലായി 35-ലേറെ രോഗികള്‍ അദ്ദേഹത്തെയും പ്രതീക്ഷിച്ചിരിപ്പുണ്ടാവും.

ആരും കൂട്ടിനില്ലാത്തവര്‍, കിടക്കയില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ പോലുമാകാതെ കിടക്കുന്നവര്‍, വേണ്ടപ്പെട്ടവരൊക്കെ ഉപേക്ഷിച്ചവര്‍… ഇങ്ങനെയുള്ള ഒരുപാടു രോഗികള്‍.

“ഇവര്‍ക്ക് ചായയൊക്കെ കൊടുത്ത്, വിശേഷങ്ങളൊക്കെ ചോദിച്ചറിയും. മരുന്നു വേണോ ഭക്ഷണം വേണോ പുതപ്പോ ഉടുപ്പോ ആവശ്യമുണ്ടോ എന്നൊക്കെ അറിഞ്ഞാല്ലല്ലേ അതൊക്കെ കണ്ടെത്തി കൊടുക്കാന്‍ പറ്റൂ.

“മരുന്ന് അധികം പേര്‍ക്കും വേണ്ടി വരുന്നില്ല. ആശുപത്രിയില്‍ നിന്നു തന്നെ കിട്ടും. വല്ലപ്പോഴും മാത്രമേ മരുന്ന് വാങ്ങിച്ചു കൊടുക്കേണ്ടി വരുന്നുള്ളൂ,” എന്ന് അഫ്ത്താര്‍.

“ഒരു കാര്യം പറഞ്ഞില്ലല്ലോ. ചായയും ബിസ്കറ്റും ഇവര്‍ക്ക് കൊടുക്കുന്നുണ്ടല്ലോ. എന്നാല്‍ ചായ മാത്രമേ ഞാനുണ്ടാക്കി കൊണ്ടുവരുന്നുള്ളൂ. ബിസ്കറ്റ് നല്‍കുന്നത് മറ്റൊരാളാണ്. വീട്ടില്‍ നിന്നു ചായയുണ്ടാക്കി ഇവര്‍ക്ക് കൊണ്ടു കൊടുക്കുന്നത് കണ്ടിട്ട് ഒരാള് എന്‍റെയൊപ്പം കൂടി.


ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാനും നല്‍കണ്ടേന്ന് ചോദിച്ച് എന്‍റടുത്ത് വന്നതു ശിവനാണ്.


“അങ്ങനെ ഇവര്‍ക്ക് കൊടുക്കാനുള്ള ബിസ്കറ്റ് ശിവന്‍ എനിക്ക് തന്നു തുടങ്ങി. ശിവനും ഒരു സാധാരാണക്കാരനാണ്. കുറ്റിച്ചിറയില്‍ റസ്റ്ററന്‍റ് നടത്തുകയാണ്.

അഫ്ത്താര്‍

“വലിയ ബിസിനസുകാരനാണ് ശിവനെന്നു തെറ്റിദ്ധരിക്കേണ്ട. ചെറിയൊരു ഹോട്ടലാണ് ശിവന്‍റേത്. വാടകക്കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തി ജീവിക്കുന്നയാള്‍. എല്ലാ ദിവസത്തേക്കുമുള്ള ബിസ്കറ്റ് ശിവന്‍ തരുന്നുണ്ട്,” അഫ്ത്താര്‍ പറ‌ഞ്ഞു.

ചായയും ബിസ്കറ്റും മാത്രമല്ല, ആവശ്യക്കാര്‍ വസ്ത്രങ്ങളും പുതപ്പുമൊക്കെ സംഘടിപ്പിച്ചു കൊടുക്കാറുണ്ട് അഫ്ത്താര്‍. അധികം പഴകിയിട്ടില്ലാത്ത, കീറിയിട്ടില്ലാത്ത തുണികളാണ് പലരില്‍ നിന്നും വാങ്ങി നല്‍കുന്നത്.

“ആദ്യമൊക്കെ ബീച്ച് ആശുപത്രിയിലേക്ക് ഭാര്യയും കൂടെ വരുമായിരുന്നു. സ്ത്രീകളായ രോഗികളെ എടുത്തിരുത്താനും മറ്റുമൊക്കെ ഒരു സഹായം വേണ്ടിവരും.

“എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്തവരുണ്ടാകും കൂട്ടത്തില്‍. ഇവരെ എഴുന്നേല്‍പ്പിക്കാനൊക്കെ സഹായിക്കാന്‍ ഒരാളു കൂടി വേണമായിരുന്നു. ഭാര്യ മാത്രമല്ല മക്കളുമുണ്ടാകാറുണ്ട് കൂടെ.


ഇതുകൂടി വായിക്കാം:‘ആ ജര്‍മ്മന്‍കാരന്‍ ചാക്കുമായിപ്പോയി ബീച്ചിലെ പ്ലാസ്റ്റിക്കെല്ലാം പെറുക്കിയെടുത്തു. അത് കണ്ട് ഞങ്ങള്‍ വല്ലാതായി’: ഉത്തരവാദ ടൂറിസത്തിലേക്ക് ഹാരിസ് എത്തിയത് അങ്ങനെയാണ്


“ഇപ്പോ ഭാര്യയും മക്കളുമൊന്നും വരുന്നില്ല. ഇതൊക്കെ എനിക്ക് തന്നെ ചെയ്യാവുന്ന കാര്യങ്ങളേയുള്ളൂ. പ്രായമായാല്‍ പലരും കുഞ്ഞുങ്ങളെ പോലെയാകും. കുഞ്ഞുങ്ങള്‍ക്ക് ബിസ്കറ്റ് ചായയിലിട്ട് അലിയിച്ച് നല്‍കുന്നതു പോലെ ഇവര്‍ക്കും നല്‍ക്കാറുണ്ട്,” അദ്ദേഹത്തിന്‍റെ വാക്കുകളില്‍ എന്തെന്നില്ലാത്ത സംതൃപ്തി.

തെരുവില്‍ അലയുന്നവര്‍ക്ക് വേണ്ടിയും അഫ്ത്താര്‍ കുറേക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ തെരുവില്‍ നിന്നാരെയും രക്ഷപ്പെടുത്താനാകുന്നില്ലെന്നു തിരിച്ചറിഞ്ഞതോടെ അതൊക്കെ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന തെരുവിന്‍റെ മക്കള്‍ എന്ന സംഘടനയോടൊപ്പമാണ് അഫ്ത്താര്‍ പ്രവര്‍ത്തിച്ചിരുന്നത്.

അഫാത്താറിനൊപ്പം ശിവന്‍. ശിവനാണ് രോഗികള്‍ക്കായുള്ള ബിസ്കറ്റ് സംഭാവന ചെയ്യുന്നത്.
ശിവന്‍

ആ സംഘടനയ്ക്കൊപ്പം തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു.


പലരില്‍ നിന്നു ഭക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ അവരെ തെരുവില്‍ നിന്നു രക്ഷപ്പെടുത്താനാകുന്നില്ലായിരുന്നു.


“രക്ഷപ്പെടുത്തിയാലും അവര്‍ വീണ്ടും തെരുവിലേക്ക് തന്നെയെത്തും. അങ്ങനെ അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറച്ചു,” അഫ്ത്താര്‍ പറഞ്ഞു.

“പിന്നീട് ബീച്ച് ആശുപത്രിയില്‍, നോക്കാനാളില്ലാതെ കഴിയുന്നവര്‍ക്ക് വേണ്ടിയായി പ്രവര്‍ത്തനങ്ങള്‍. ഇതിനിടയില്‍ വീട്ടുകാരെ നഷ്ടപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കുടുംബത്തെ തേടിപ്പിടിച്ച് കണ്ടെത്തി കൊടുത്തിട്ടുണ്ട്.

“പേര്, ഊര്.. ഇതൊന്നും ആര്‍ക്കും അറിയില്ല. തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാത്തവര്‍. അങ്ങനെയുള്ളവരുടെ ബന്ധുക്കളെ കണ്ടെത്തി കൊടുത്തതാണ് ജീവിതത്തിലെ വലിയ കാര്യമായി തോന്നുന്നത്,” അദ്ദേഹം തുടരുന്നു.

പത്രങ്ങളിലും മറ്റും ഫോട്ടൊയും വാര്‍ത്തയുമൊക്കെ കൊടുത്താണ് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയത്. ബീച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാലു രോഗികള്‍ക്ക് വേണ്ടപ്പെട്ടവരെ കണ്ടുപിടിച്ച് കൊടുത്തിട്ടുണ്ട് അഫ്ത്താര്‍.

“ഒരാള്‍ തമിഴ്നാട് സ്വദേശിയായിരുന്നു. പരശുറാം എന്നാണ് പേര്. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന അവസ്ഥയിലായിരുന്നു പരശുറാം. അദ്ദേഹത്തിന്‍റെ ബന്ധുക്കളില്‍ ചിലര്‍ തലശ്ശേരിയിലുണ്ടായിരുന്നു.

“പലതും ചോദിച്ചറിഞ്ഞും അന്വേഷിച്ചും പരശുറാമിന്‍റെ വേണ്ടപ്പെട്ടവരെ അരികിലെത്തിക്കാനായി. നാലു വര്‍ഷമായി പരശുറാമുമായി ഒരു ബന്ധവുമില്ലാതിരുന്ന ഭാര്യയെ കണ്ടെത്തി അരികിലെത്തിച്ചു. മക്കളെയും സഹോദരിമാരെയുമൊക്കെ കണ്ടെത്തി കൊണ്ടുവന്നു.

“പലരുടെയും വേണ്ടപ്പെട്ടവരെ കണ്ടെത്തി നല്‍കാനായത് എന്‍റെ മാത്രം മിടുക്ക് അല്ലല്ലോ. പലരും സഹായിച്ചിട്ടുണ്ട്. കോഴിക്കോട്ടേ കുറേ നല്ല മാധ്യമപ്രവര്‍ത്തകരുണ്ട്. അവരുടെയും പൊലീസുകാരുടെയും പിന്തുണയുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റിച്ചിറയിലാണ് നീന്തല്‍ പഠിപ്പിക്കുന്നത്

മാലിന്യമൊക്കെ നിറഞ്ഞ്, ഉപയോഗശൂന്യമായി കിടന്ന ചിറകള്‍ നന്നാക്കിയെടുക്കുന്നതിനും അഫ്ത്താര്‍ മുന്നിട്ടിറങ്ങുന്നു. ചിറയും കുളവും വൃത്തിയാക്കിയെടുക്കുക മാത്രമല്ല, നവീകരിച്ചെടുത്ത കുളത്തില്‍ നാട്ടുകാരെ നീന്തല്‍ പഠിപ്പിക്കുകയും ചെയ്യും.

കുറ്റിച്ചിറയിലാണ് നീന്തല്‍ പഠിപ്പിക്കുന്നത്. ഇതിനാരോടും പൈസയൊന്നും വാങ്ങുന്നില്ല. ” നീന്തല്‍ പരിശീലനം ആരംഭിച്ചിട്ട് ആറു വര്‍ഷം കഴിഞ്ഞു. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇവിടെ നീന്തല്‍ പഠിക്കാന്‍ വരുന്നുണ്ട്.


ഒരു വയസ് മാത്രമുള്ള കുഞ്ഞിനെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടുവന്നവരുണ്ട്. 68 വയസുള്ള അപ്പൂപ്പനെയും പഠിപ്പിച്ചിട്ടുണ്ട്.


“കോര്‍പറേഷന്‍ കുളമായിരുന്നു ഇവിടം. ടൈലൊക്കെയിട്ട് നല്ല ഭംഗിയുള്ളതായിരുന്നു. പക്ഷേ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ കുളം ഉപേക്ഷിക്കപ്പെട്ട പോലെയായി.

“പിന്നെ അതു വൃത്തിയാക്കിയെടുത്തു. അതു നശിപ്പിക്കാനെത്തുന്നവരെ അകറ്റി നിറുത്താനാണ് നീന്തല്‍ ക്ലാസ് ആരംഭിക്കുന്നത് തന്നെ,” അഫ്ത്താര്‍ പറയുന്നു.

“വലിയങ്ങാടിയില്‍ ഒരു ചിറയുണ്ടായിരുന്നു, വെള്ളമില്ലാതെ മണ്ണിട്ട് നികന്നു പോയ ചിറയാണ്. രണ്ട് പണിക്കാരെയും കൂട്ടി 48 ദിവസം കൊണ്ടാണത് നന്നാക്കിയെടുത്തത്. ഇപ്പോ നിറയെ വെള്ളമുണ്ട്. അതോടെ ആ പരിസരത്തെ കിണറുകളിലും വെള്ളം നിറഞ്ഞു. ഇപ്പോ ആ പ്രദേശത്ത് വെള്ള ക്ഷാമം ഇല്ല.

“പക്ഷേങ്കില്‍ ഞാനാണ് കുളം വൃത്തിയാക്കിയതെന്നും അതുകൊണ്ടാണ് നാട്ടുകാരുടെയൊക്കെ കിണറുകളില്‍ വെള്ളം നിറഞ്ഞതൊന്നും ആരും പറയില്ല. ദൈവം കാരണമാണ് കിണറുകളില്‍‍ വെള്ളം വന്നെന്നേ പറയൂ. അതു ശരിയാണ്. പക്ഷേ ഞാനും കുറച്ചു കഷ്ടപ്പെട്ടായിരുന്നു.

ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞാനിതൊക്കെ ചെയ്തു കൊണ്ടേയിരിക്കും.

ബീച്ച് ആശുപത്രിയില്‍ രോഗികള്‍ക്ക് സ്കൂള്‍ കുട്ടികളും ഭക്ഷണം നല്‍കിയിട്ടുണ്ട്

“പൊതുവേ നമ്മുടെ നാട്ടില്‍ നല്ലത് ചെയ്യുന്നവരെ പറ്റി നല്ല അഭിപ്രായം പറയുന്നവര് കുറവായിരിക്കും. എന്ത് നല്ലത് ചെയ്താലും ചിലര് പറയും, ഓന് പത്രത്തില്‍ ഫോട്ടൊ വരുത്താനാണ്, പത്രത്തില്‍ പേര് വരാനാണ് എന്നൊക്കെ.

“ഇങ്ങനെ പരിപാടിയൊക്കെ നടക്കുമ്പോള്‍ പത്രക്കാരും ഫോട്ടൊഗ്രഫര്‍മാരുമൊക്കെ വരും. അതിനിപ്പോ ഞാനെന്ത് ചെയ്യാനാണ്. ഞാന്‍ അവരെ വിളിപ്പിച്ച് കൊണ്ടുവന്നതാണെന്നൊക്കെയാണ് നാട്ടുകാര് പറയുന്നത്.

“എല്ലാരും അല്ലാട്ടോ. അങ്ങനെ പറയുന്നവരോട് ഞാന്‍ പറയും, ഇതൊക്കെ ഒരു ഭാഗ്യമാണ്. ഒരീസം നിങ്ങക്കും ഇതുപോലെ ഒരു ഭാഗ്യം വരുമെന്ന്. പല ഭാഗ്യങ്ങളും എന്നെ തേടി വന്നിട്ടുമുണ്ട്. 48-ാമത്തെ വയസില്‍ ഒരു ജോലി കിട്ടിയില്ലേ.. അതൊരു ഭാഗ്യമാണ്,” എന്ന് അഫ്ത്താര്‍.

കോര്‍പറേഷന്‍റെ മാലിന്യശേഖര വാഹനത്തിന്‍റെ ഡ്രൈവറാണിപ്പോള്‍ അഫ്ത്താര്‍. മാലിന്യ ശേഖരണം ജോലിയുടെ ഭാഗമാകും മുന്‍പേ മാലിന്യനിര്‍മാര്‍ജ്ജന  പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്.

“വഴിയോരത്തെ മാലിന്യങ്ങള്‍ പെറുക്കുകയും ബീച്ച് വൃത്തിയാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. 61-ാം വാര്‍ഡില്‍ ദ്രുതകര്‍മ്മസേന രൂപീകരിച്ചപ്പോള്‍ അതിലൊരു ഉപാധിയും ഇല്ലാതെ എന്നെയും തെരഞ്ഞെടുത്തു.

“ഇതൊക്കെ ദൈവത്തിന്‍റെയൊരു കളിയാണെന്നാണ് ഞാന്‍ കരുതുന്നത്. 48-ാം വയസില്‍ എനിക്കൊരു നല്ല ജോലി കിട്ടി. അല്‍ഹംദുല്ലില്ലാ… എന്നെ കൊണ്ടാകുന്നിടത്തോളം കാലം ആ ജോലി നന്നായി കൊണ്ടുപോകും. ഞാനെന്‍റെ ജോലി കൃത്യമായും വൃത്തിയായും ചെയ്യുന്നുണ്ട്.” അഫ്ത്താറിന് സന്തോഷം.

ബീച്ച് ആശുപത്രിയില്‍ ഭക്ഷണം കൊടുക്കലും കോര്‍പറേഷനിലെ ജോലിയുമൊക്കെ കഴിഞ്ഞാലും ഇദ്ദേഹം വെറുതെയിരിക്കാറില്ല. വൈകുന്നേരം ചെറിയൊരു കച്ചവടം കൂടി നടത്തുന്നുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അഫ്ത്താര്‍ കളിപ്പാട്ട കച്ചവടം ആരംഭിച്ചിട്ട് വര്‍ഷം കുറേയായി.

“ട്രെയ്നില്‍ നടന്നാണ് ആദ്യമൊക്കെ ചൈനീസ് കളിപ്പാട്ടങ്ങള്‍ വിറ്റുകൊണ്ടിരുന്നത്. പിന്നീട് ഉന്തുവണ്ടിയിലേക്ക് മാറി. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരു സ്കൂട്ടര്‍ വാങ്ങി, കളിപ്പാട്ടങ്ങളൊക്കെ അതില്‍ വെച്ചാണ് വില്‍ക്കാന്‍ പോയത്,” അഫ്ത്താര്‍ തുടരുന്നു.

“ഇപ്പോ ഈ ഓമ്നി വാനിലാണ് കച്ചോടം. പഴയൊരു ഓമ്നി വാന്‍… ഇതില്‍ സ്ഥിരമായിട്ടൊരിടത്താണ് വില്‍പ്പന.

വലിയങ്ങാടി ഹല്‍വ ബസാറിലാണ് കച്ചവടം നടത്തുന്നത്.

“ട്രെയ്നില്‍ കളിപ്പാട്ടം വിറ്റു കൊണ്ടു തുടക്കം. അന്ന് തലശേരിയിലായിരുന്നു എനിക്ക് ജോലി. കിന്‍ഫ്രയില്‍ വാട്ടര്‍ ടാങ്കിന്‍റെ കോണ്‍ക്രീറ്റ് വര്‍ക്ക് ആയിരുന്നു. ജോലിക്ക് പോകാന്‍ രാവിലെ ആറേമുക്കാലിന് ട്രെയ്നില്‍ കയറും.

“അങ്ങോട്ടും ഇങ്ങോട്ടും യാത്രയ്ക്ക് കുറച്ചധികം സമയമുണ്ട്. ആ സമയത്തായിരുന്നു കച്ചവടം. ഒരു ബാഗ് വാങ്ങി, കളിപ്പാട്ടങ്ങളൊക്കെ നിറച്ചു. എന്നിട്ട് തലശ്ശേരി വരെ ട്രെയ്നില്‍ നടന്ന് കളിപ്പാട്ടങ്ങള്‍ വില്‍ക്കും. തലശ്ശേരിയെത്തുമ്പോള്‍ അതൊക്കെ അവസാനിപ്പിച്ച് കിന്‍ഫ്രയിലെ ജോലിക്കാരനാകും.

“തിരിച്ച് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ കച്ചവടം തുടരും. അന്നത്തെ ആ പതിവാണ് ഇന്നത്തെ ഓമ്നി വാനിലെ കൊച്ചു ബിസിനസായി മാറിയിരിക്കുന്നത്.

“പരിശ്രമിച്ചാല്‍ കിട്ടാത്തതായി ഒന്നുമില്ല. ട്രെയ്നിനുള്ളില്‍ നടന്നു വിറ്റിരുന്ന എനിക്ക് ഇപ്പോ ഓമ്നി വാനില്‍ കച്ചവടം ചെയ്യാനാകുന്നുണ്ടെങ്കില്‍ കഠിനാധ്വാനം ചെയ്തതിന്‍റെ ഫലമാണ്. ആര്‍ക്കും സാധിക്കാവുന്നതേയുള്ളൂ ഇതൊക്കെ,” അഫ്ത്താര്‍ പറയുന്നതിന് അനുഭവത്തിന്‍റെ ഉറപ്പ്.

കളിപ്പാട്ട വണ്ടിക്ക് സമീപം അഫ്ത്താര്‍

കിന്‍ഫ്രയിലെ ജോലി ഉപേക്ഷിച്ച് ചെറിയ ബിസിനസിലേക്ക് ഇറങ്ങാനൊരു കാരണമുണ്ടെന്ന് അഫ്ത്താര്‍. ഓഫിസില്‍ ജോലിയെടുത്താലും പുറത്ത് ജോലി ചെയ്താലും വരുമാനമൊക്കെ ഒരുപോലെയാണ് എന്ന ലോജിക്കായിരുന്നു പ്രധാനം.

“ഓഫിസ് ജോലിയാണേല്‍ 10 മണിക്ക് കയറിയാല്‍ അഞ്ച് മണിക്ക് ഇറങ്ങാം. പക്ഷേ തലശ്ശേരിയില്‍ ജോലിക്ക് പോകണമെങ്കില്‍ രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ച് വീട്ടിലെത്തുന്നത് എട്ട് മണിക്കാണ്,” അതത്ര ശരിയാകുമെന്നു തോന്നിയില്ല. അങ്ങനെ ട്രെയ്നില്‍ തുടക്കമിട്ട കളിപ്പാട്ടക്കച്ചവടം ഫുള്‍ടൈം ജോലിയാക്കി മാറ്റി.

“ആറു വര്‍ഷമായി ഓമ്നി വാനിലാണ് കളിപ്പാട്ട കച്ചവടം. ഇതിനിടെ മൂന്നാമത്തെ വണ്ടിയാണിത്. ഒക്കെ പഴയത് തന്നെയാ വാങ്ങിയേ. നമ്മക്ക് പുതിയത് വാങ്ങാനുള്ള കപ്പാസിറ്റിയൊന്നും ഇല്ലെന്നെ,” അഫ്ത്താര്‍ ചിരിക്കുന്നു.

“കോര്‍പ്പറേഷന്‍റെ വര്‍ക് കഴിഞ്ഞ് നാലു മണിയൊക്കെ ആകുമ്പോള്‍ ‌‌ഞാന്‍ ഫ്രീയാകും. പിന്നെ സമയമുണ്ടല്ലോ. വെറുതേ എന്തിനാ സമയം കളയുന്നേ. ദിവസവും കുറഞ്ഞത് ഒരു പത്തു രൂപയുടെ കളിപ്പാട്ടമെങ്കിലും ആരെങ്കിലും വാങ്ങും.

“വൈകുന്നേരം ആറേ മുക്കാലിന് കച്ചവടം ആരംഭിക്കും. ഒമ്പത് പത്ത് മണിയൊക്കെയാകുമ്പോ അവസാനിപ്പിക്കും. എന്‍റെ വീടും ഇതിന് തൊട്ടടുത്ത് തന്നെയാണ്.

അഫ്ത്താറിന്‍റെ കളിപ്പാട്ട വണ്ടി

ചാരിറ്റി കാര്‍

വസ്ത്രങ്ങള്‍ ശേഖരിച്ചും ആവശ്യക്കാര്‍ക്ക് അരികിലെത്തിക്കുന്നുണ്ട് അഫ്ത്താര്‍. “ഈ അടുത്തൊരു മാരുതി 800 കാര്‍ വാങ്ങി. അതിന്‍റെ ഡോര്‍ ആര്‍ക്ക് വേണമെങ്കിലും തുറക്കാം. അതില്‍ വസ്ത്രങ്ങള്‍ വയ്ക്കാനാണ് ഈ സൗകര്യം.

“അത്ര പഴക്കമില്ലാത്ത, നിങ്ങള്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ കൊണ്ടുവച്ചാല്‍ മതി. കീറിയതൊന്നും വയ്ക്കരുതട്ടോ… ആശുപത്രിയിലെ പാവങ്ങള്‍ക്ക് നല്‍കാലോ. സാരിയും പുതപ്പും എന്താണെങ്കിലും ആ കാറില്‍ കൊണ്ടു വയ്ക്കാം. കളിപ്പാട്ടം വില്‍ക്കുന്ന ഓമ്നി വാനിന് അടുത്ത് തന്നെ ഈ കാറും കിടപ്പുണ്ടാകും.

“ജനമൈത്രിയുടെ ഭാഗമായി ടൗണ്‍ സ്റ്റേഷന്‍റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നുണ്ട്. 13 വര്‍ഷമായി അതിനൊപ്പം ഞാനുമുണ്ട്. പട്രോളിങ് ചെയ്യാനൊന്നും പോകണ്ട, അല്ലാതെയുള്ള സഹായങ്ങളൊക്കെ നല്‍കും,”

ട്രാഫിക് ബോധവത്ക്കരണ ക്ലാസുകള്‍ എടുക്കാനും അഫ്ത്താര്‍ ചിലപ്പോള്‍ പോകും.  കൈയ്ക്കൊരു സ്വാധീനക്കുറവുണ്ട് അദ്ദേഹത്തിന്. പക്ഷേ അതൊന്നും ഒരു പ്രശ്നമേയല്ലെന്ന് അഫ്ത്താര്‍.

“പണ്ടൊരു അപകടം സംഭവിച്ചതാണ്. കൈയില്‍ സ്റ്റീല്‍ ഇട്ടിട്ടിപ്പോള്‍ പത്തിരുപത്തൊമ്പത് വര്‍ഷമായി കാണും. പെരിന്തല്‍മണ്ണയില്‍ ട്രിപ്പ് പോയതാണ്. പിന്നില്‍ വരുന്ന വണ്ടിയ്ക്ക് വാഹനത്തിലിരുന്ന് കൈ കൊണ്ട് സിഗ്നല്‍ കൊടുത്തതാണ്.


പിറകിലൂടെ വന്ന വണ്ടി എന്‍റെ കൈ കൂടി ഇടിച്ചാണ് മുന്നിലേക്ക് പോയത്.


“ഈ കൈ കൊണ്ട് ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ആളുകള്‍ പറഞ്ഞത്. പക്ഷേ അതു ശരിയാകില്ലല്ലോ എന്നു തീരുമാനിച്ചാണ്. അങ്ങനെ ആ കൈ ഉപയോഗിച്ച് പലതും ചെയ്യുന്നുണ്ടിപ്പോള്‍,” ആത്മവിശ്വാസം നിറയുന്നൊരു ചിരിയോടെ അഫ്ത്താര്‍.

ആശുപത്രിയില്‍ ഭക്ഷണം നല്‍കുന്ന സ്കൂള്‍ കുട്ടികള്‍

നഗരത്തിലെ എന്‍ എസ് എസ് സ്കൂളില്‍ നിന്ന് ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്ക്  ഒരുനേരത്തെ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍  സഹായത്തിന് അഫ്ത്താറിനെയാണ് സമീപിച്ചത്.

സ്കൂളിലെ കുട്ടികള്‍ അവരവരുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നു. 45 കുട്ടികളാണ് പ്രഭാത ഭക്ഷണം നല്‍കാനെത്തിയത്. രോഗികളുടെ ഇഷ്ടം അനുസരിച്ച്, അവരോട് ചോദിച്ചാണ് ഭക്ഷണം വിളമ്പിയത് എന്ന് അഫ്ത്താര്‍.

ബീച്ച് ആശുപത്രിയിലേക്ക് കുറച്ചു സ്റ്റീല്‍ ഗ്ലാസുകള്‍ നല്‍കാനുള്ള ശ്രമത്തിലാണിപ്പോള്‍.  ഇപ്പോല്‍ ചില്ലു ഗ്ലാസിലാണ് ചായ നല്‍കുന്നത്.

“പലര്‍ക്കും അതു ചൂടോടെ പിടിച്ച് കുടിക്കാനാകുന്നില്ല. രോഗികളല്ലേ.. അങ്ങനെ സ്റ്റീല്‍ ഗ്ലാസ് ആക്കിയാലോ എന്ന ചിന്ത വരുന്നത്.

ഭക്ഷണം നല്‍കാനെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ്, ഡോ.സച്ചിന്‍ ബാബു, ഡോ.ബബി, അബ്ദുല്‍ അഫ്ത്താര്‍ എന്നിവര്‍

“സഹോദരന്‍ റിയാസിനോട് ഞാനിക്കാര്യം പറ‍ഞ്ഞു, ആള് ഗ്ലാസുകള്‍ താരമെന്നേറ്റു. ഓരോ വാര്‍ഡിലേക്കുമായി ആറെണ്ണം വീതം സ്റ്റീല്‍ ഗ്ലാസും പാത്രങ്ങളും നല്‍കും. ഏതാണ്ട് അറുപതിലേറെ ഗ്ലാസും പാത്രങ്ങളും കിട്ടും.

“സഹോദരങ്ങള്‍ക്കും ഇതൊക്കെ ഇഷ്ടമാണ്. അവരുടെ പിന്തുണയുമുണ്ട് കൂടെ,” അഫ്ത്താര്‍ പറഞ്ഞു.

വലിയ സാമ്പത്തിക ശേഷിയുണ്ടായിട്ടൊന്നുമല്ല അഫ്ത്താര്‍ ഇത് ചെയ്യുന്നത്. “ആരും ഇങ്ങനെയൊക്കെ ചെയ്യാന്‍ കാശൊന്നും നല്‍കാറുമില്ല. എന്‍റെ ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ എല്ലാം നടന്നു പോകുന്നു. ഇതൊക്കെ ദൈവത്തിന്‍റെ ഒരു കളിയാണ്,” അഫ്ത്താര്‍ വീണ്ടും ദൈവത്തിലേക്കെത്തുന്നു.

“പിന്നെ കുടുംബത്തിന്‍റെ പിന്തുണ മാത്രം മതി.. എല്ലാം പിന്നെ തന്നെ ശരിയായിക്കോളൂം.  മക്കളും ഭാര്യയുമൊക്കെ എനിക്കൊപ്പം പൂര്‍ണ പിന്തുണയോടെ കൂടെയുണ്ട്.”

മൂന്നു മക്കളാണ് അഫ്ത്താറിന്. ടെക്നിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന സെയ്ദ് അബു മിനാജ്, പത്താം ക്ലാസ്സുകാരന്‍ അബ്ദുള്ള, എട്ടാംക്ലാസുകാരന്‍ സെയ്ദു മുഹമ്മദ് എന്നിവരാണ് മക്കള്‍.


 

ഇതുകൂടി വായിക്കാം:ഏഴ് കുളങ്ങള്‍ കുത്തി കൊയ്പ്പയെ തുരത്തി; മീനും പച്ചക്കറിയും വെറ്റിലയുമായി ചൊരിമണലില്‍ ഷാജിയുടെ കൃഷിവിജയം


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം