ഇലക്ട്രിക് കാറുകള്‍ക്കും ബൈക്കുകള്‍ക്കുമൊപ്പം ഇലക്ട്രിക് സൈക്കിളുകളും പതിയെ ആണെങ്കിലും ഇന്‍ഡ്യന്‍ വിപണിയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
തിരക്കുപിടിച്ച നഗരങ്ങളില്‍ ഇ-സൈക്കിളുകള്‍ ഒരുപാട് പേര്‍ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. ട്രാഫിക്ക് ജാമിലും അതിനിടയിലൂടെ നിശ്ശബ്ദമായി കുതിക്കുന്ന സൈക്കളുകള്‍ ഒരു കാഴ്ചയാണ്. ഇനിയല്‍പം വ്യായാമം വേണമെന്നാണെങ്കില്‍ ഇലക്ട്രിക് മോഡ് ഓഫാക്കി ചവിട്ടിക്കൊണ്ട് പോകുകയും ചെയ്യാം.
ഇ-സൈക്കിളുകള്‍ക്ക് പ്രധാന പ്രശ്‌നം ചാര്‍ജ്ജിങ്ങാണ്. ഒറ്റച്ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധിയാണ് മറ്റൊന്ന്.
എന്നാല്‍ ഇത് പരിഹരിക്കുന്നതാണ് റാഹില്‍, റുഷാദ് രൂപാവാലാ സഹോദരന്മാരുടെ സ്റ്റാര്‍ട്ട് അപ് പുറത്തിറക്കിയ ലൈറ്റ്‌സ്പീഡ് സൈക്കിളുകള്‍. ഒറ്റച്ചാര്‍ജ്ജില്‍ നൂറ് കിലോമീറ്റര്‍ വരെ പോകാം. ബാറ്ററി പായ്ക്ക് ഊരിയെടുത്ത് ഓഫീസിലോ വീട്ടിലോ എവിടെ വേണമെങ്കിലും ചാര്‍ജ്ജ് ചെയ്യാം.
2016-ലാണ് ഈ സഹോദരന്മാര്‍ അഹമ്മദാബാദില്‍ അവരുടെ സ്റ്റാര്‍ട്ട് അപ് തുടങ്ങുന്നത്. ഇതിനകം 4,219 ഇ-സൈക്കിളുകള്‍ വിറ്റുകഴിഞ്ഞു.
സിംബയോസിസില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് കഴിഞ്ഞ് റാഹില്‍( 33) യു കെ-യിലെ കവെന്‍ട്രി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിസൈനിങ്ങില്‍ മാസ്‌റ്റേഴ്‌സ് എടുത്തു. സഹോദരന്‍ റുഷാദ് (28) ഗുജറാത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബി ബി എ പാസായി. അതിന് ശേഷം രണ്ട് മാസ്റ്റേഴ്‌സ് നേടി–ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും മാനേജ്‌മെന്‍റില്‍ എം എസ് സിയും ആസ്‌ത്രേലിയയിലെ മൊണാഷ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും റിസ്‌ക് മാനേജ്‌മെന്‍റിലും.
“ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങളെക്കുറിച്ച് എന്‍റെ സഹോദരന്‍ പല ഗവേഷണങ്ങളും നടത്തുന്നുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായി ഒരു ഇലക്ട്രിക് ചെയര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു–കസേരയായും വാഹനമായും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്ന്. അതിന്‍റെ ഒരു മാതൃക തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ഉല്‍പാദനച്ചെലവ് തീര്‍ത്തും താങ്ങാനാവാത്തതായിരുന്നു. അത് വിപണിയിലെത്തിച്ചാലും വില അധികമാവുന്നതുകൊണ്ട് വിജയിക്കില്ലെന്ന് മനസ്സിലായി,” ലൈറ്റ്‌സ്പീഡിന്‍റെ ബിസിനസ് ഡെവലെപ്‌മെന്‍റും സാമ്പത്തിക കാര്യങ്ങളും നോക്കുന്ന റുഷാദ് പറയുന്നു.
സമാനമായ മറ്റ് മേഖലകള്‍ അന്വേഷിച്ചപ്പോഴാണ് നെതര്‍ലാന്‍ഡ്‌സില്‍ കണ്ടിട്ടുള്ള ഇലക്ട്രിക് സൈക്കിളുകളെക്കുറിച്ച് അവര്‍ ഓര്‍ത്തത്.
“ഇലക്ട്രിക് സൈ്ക്കിളുകള്‍ക്ക് ഇന്‍ഡ്യന്‍ മാര്‍ക്കെറ്റിലും പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് കോളെജിലേക്കും പ്രൊഫഷണലുകള്‍ക്ക് ഓഫീസിലേക്കുമൊക്കെ എളുപ്പത്തില്‍ യാത്രചെയ്യാനും സിറ്റികളില്‍ ചുറ്റിക്കറങ്ങാനുമൊക്കെ അതുകൊണ്ട് എളുപ്പം കഴിയും…,”
ലൈറ്റ്‌സ്പീഡിലേക്കെത്തിയ വഴികള്‍ റുഷാദ് വിശദമാക്കുന്നു.
ആ ആശയത്തിനുപിന്നാലെ അവര്‍ കുറെ ഗവേഷണവും നടത്തി. മാര്‍ക്കെറ്റ് പഠിച്ചു. വാഹന എക്‌സിബിഷനുകള്‍ ഒന്നും വിടാതെ സന്ദര്‍ശിച്ചു.
ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് 2016 ജൂണില്‍ ലൈറ്റ്‌സ്പീഡ് ഇലക്ട്രിക് സൈക്കിളിന്‍റെ പ്രോട്ടോടൈപ്പ് തയ്യാറാക്കുന്നത്. പേരെടുത്ത ചില കമ്പനികളില്‍ ജോലി ചെയ്തിരുന്ന ചില ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരും അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നുള്ള ചില ഡിസൈനര്‍മാരും അടങ്ങുന്ന ഒരു ടീമിനെ അവര്‍ തെരഞ്ഞെടുത്തിരുന്നു.
ആ സമയത്ത് സ്റ്റാര്‍ട്ട് അപ് ഇന്‍ഡിയം ഡിസൈന്‍ എന്ന പേരിലായിരുന്നു. ഔദ്യോഗികമായി സ്റ്റാര്‍ട്ട് അപ്പായി രെജിസ്റ്റര്‍ ചെയ്യുന്നത് 2016 നവംബര്‍ 17-നായിരുന്നു. ബ്രാന്‍ഡ് നെയിം ലൈറ്റ്‌സ്പീഡ് എന്ന് മാറ്റുകയും ചെയ്തു.
2017 ജൂണില്‍ രണ്ട് ഇ-സൈക്കിള്‍ മോഡലുകള്‍ അവര്‍ പുറത്തിറക്കി. ഡ്രിഫ്റ്റ് (Dryft) എന്ന അഡ്വെഞ്ചര്‍ ബൈക്കും നഗരയാത്രകള്‍ക്ക് യോജിക്കുന്ന ഗ്ലൈഡും (Glyd).
“ഡ്രിഫ്റ്റും ഗ്ലൈഡും ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്,” റുഷാദ് തുടരുന്നു. “മുന്‍പില്‍ ഷോക്ക് അബ്‌സോര്‍ബറും പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ റെസ്‌പോണ്‍സീവ് ഇ-ബ്രേക്കും നഗരയാത്രകള്‍ക്കായി മള്‍ട്ടി ലെവല്‍ പെഡല്‍ ബൂസ്റ്റ് ടെക്‌നോളജിയും ഇവയിലുണ്ട്.”
ഫ്യുവല്‍ഡ്രീം എന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിന്‍റെ പിന്തുണയോടെ മൂലധനം കണ്ടെത്തിക്കൊണ്ടാണ് ഈ രണ്ട് മോഡലുകളും വിപണിയിലെത്തിച്ചത്.
ഇതുകൂടി വായിക്കാം: സോളാര്‍ പവറിലോടുന്ന ഇലക്ട്രിക് സൈക്കിള്‍, ഫാന്‍ കുട: ഒരു വഴിയോരക്കച്ചവടക്കാരന്‍റെ സൗരോര്‍ജ്ജ പരീക്ഷണങ്ങള്‍
“ഈ ആഗസ്തിലാണ് ഇത് പുറത്തിറക്കിയത്. രണ്ടുമോഡലുകളിലും പെട്ട പത്ത് സൈക്കിളുകള്‍ എട്ട് നഗരങ്ങളിലായി പരിചയപ്പെടുത്തി. ആളുകള്‍ക്ക് കാണാനും ഉപയോഗിച്ചുനോക്കാനും നല്‍കി. അങ്ങനെ സെപ്തംബര്‍ പകുതിയായപ്പോഴേക്കും 70 എണ്ണത്തിനുള്ള ഓര്‍ഡര്‍ കിട്ടി,” എന്ന് റുഷാദ്.
ഈ വര്‍ഷം ഒക്ടോബറില്‍ സ്വന്തമായൊരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റും തയ്യാറാക്കി. ഇത് കൂടാതെ മറ്റ് ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകളിലും ഔട്ട്‌ലെറ്റുകളിലുമായി വില്‍പന സജീവമാക്കി.
ഇതിന് ശേഷം മൂന്നാമതൊരു മോഡല്‍ കൂടി കമ്പനി പുറത്തിറക്കി. ഫ്യൂറി (Fury) എന്ന് പേരിട്ട ഈ സൈക്കിള്‍ മരൂഭൂമി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങള്‍ എന്നീ സാഹചര്യങ്ങളെക്കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നല്ല ശക്തിയും സ്റ്റാമിനയുമുള്ള സൈക്കിള്‍ സഞ്ചാരികള്‍ക്കുള്ളതാണിത്, റുഷാദ് പറയുന്നു.
പിന്നാലെ വിസ് (Whizz) റഷ് (Rush) എന്നീ മോഡലുകളും വന്നു. ‘വിസ് വീടുകളില്‍ ദൈനംദിന ഉപയോഗത്തിന് പറ്റിയതാണ്. 15-നും 65-നും ഇടയില്‍ പ്രായമുള്ള അഞ്ച് അടിയോ അതിന് മേലെയോ ഉയരമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലാണിതിന്‍റെ ഡിസൈന്‍, അദ്ദേഹം വിശദമാക്കുന്നു.
റഷ് എന്ന മോഡല്‍ കൂട്ടത്തില്‍ വില കൂടിയതാണ്. എന്നാല്‍ ഇതാണ് ഏറ്റവും കൂടുതല്‍ വിറ്റുപോവുന്നതെന്ന് റുഷാദ് വെളിപ്പെടുത്തുന്നു. മഗ്നീഷ്യം അലോയ് വീലുകളാണ് ഇതിന്. അതുകൊണ്ട് കാര്യമായ മെയ്ന്റനന്‍സ് വേണ്ടി വരുന്നില്ല.
ഇതിനെല്ലാം പുറമെ ആറാമത്തെ മോഡലായ ബാംബൂച്ചി (Bamboochi) പേര് സൂചിപ്പിക്കുന്നതുപോലെ ബാറ്ററിയില്‍ ഓടുന്ന മുള കൊണ്ടുള്ള സൈക്കിളാണ്.
ഈ ആറു മോഡലുകള്‍ക്കും മൂന്ന് വേരിയന്‍റുകള്‍ വീതമുണ്ട്. ഇവയ്‌ക്കൊപ്പം എളുപ്പം ചാര്‍ജ്ജ് ചെയ്യാന്‍ ചാര്‍ജ്ജറും ഉണ്ടാവും.
വിപണിയിലുള്ള പല ഇലക്ട്രിക് സൈക്കിളുകള്‍ക്കും പോര്‍ട്ടബിള്‍ ബാറ്ററിയില്ല. ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ സൈക്കിള്‍ അടക്കം കൊണ്ടുപോകണം. ലൈറ്റ്‌സ്പീഡിന്‍റെ മോഡലുകള്‍ക്ക് പോര്‍ട്ടബിള്‍ ബാറ്ററി പായ്ക്ക് ആണ്. ഒറ്റച്ചാര്‍ജ്ജില്‍ 35 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ചും കിട്ടും.
ഇതിന് പുറമെ നിങ്ങളുടെ സാധാരണ സൈക്കിള്‍ ഇലക്ട്രിക് ആക്കി മാറ്റാനുള്ള കണ്‍വെര്‍ഷന്‍ കിറ്റും ലൈറ്റ്‌സ്പീഡ് വിപണിയിലെത്തിക്കുന്നുണ്ട്.
പുതുച്ചേരിയില്‍ താമസിക്കുന്ന ഡോ. ബ്രഹ്മാനന്ദ് മൊഹന്തി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലൈറ്റ്‌സ്പീഡ് സൈക്കിള്‍ ഉപയോഗിക്കുന്നു. ദിവസവും 30 മുതല്‍ 32 കിലോമീറ്റര്‍ വരെ ഇതില്‍ യാത്ര ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.
“പുതുച്ചേരിയുടെ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയില്‍ ഈ സൈക്കിള്‍ വളരെ ഉപകാരമാണ്. വിയര്‍ക്കില്ല, വല്ലാതെ ക്ഷീണവും തോന്നില്ല,” 60-കാരനായ ഡോ. മൊഹന്തി പറയുന്നു.
ഇലക്ട്രിക് ബൈസിക്കുളുകള്‍ക്കായി ഓണ്‍ലൈനില്‍ പരതിയപ്പോഴാണ് പോണ്ടിച്ചേരിയിലെ തന്നെ ആരോവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിനീസി എന്ന സ്റ്റാര്‍ട്ട് അപിന്‍റെ കോ-ഫൗണ്ടര്‍ ദേബോബ്രത സാഹു (34) ലൈറ്റ്‌സ്പീഡ് കാണുന്നത്. ആരോവിലില്‍ ഒരുപാട് പേര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നുണ്ട്, പ്രായഭേദമന്യേ. അവര്‍ക്കായി ഇലക്ട്രിക് സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നു സാഹു.
ലൈറ്റ്‌സ്പീഡിന്‍റെ കണ്‍വെര്‍ഷന്‍ കിറ്റിന്‍റെ സഹായത്തോടെ 30 സൈക്കിളുകള്‍ ഇ-സൈക്കിളുകളാക്കി മാറ്റി. വിസ്സ് മോഡലുകളില്‍ പെട്ട സൈക്കിളുകള്‍ക്ക് സാഹൂ ഓഡറും നല്‍കിക്കഴിഞ്ഞു.
“പ്രായമായവര്‍ക്കുകൂടി എളുപ്പത്തില്‍ കയറാനും ഇറങ്ങാനും പാകത്തില്‍ വിസ്സിന്‍റെ ഡിസൈന്‍ അല്‍പം മാറ്റാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ചോദിച്ചിട്ടുണ്ട്,” സാഹു പറയുന്നു. ഈ സൈക്കിളുകള്‍ മാസങ്ങള്‍ക്കുള്ളില്‍ കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
തിരിഞ്ഞുനോക്കുമ്പോള്‍ റുഷാദിന് വലിയ അല്‍ഭുതം. “ഇത് വിജയിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. ഞ്ങ്ങളുടെ മാര്‍ക്കെറ്റ് ഏതാണെന്നോ ആരെങ്കിലും ഈ സൈക്കിളുകള്‍ വാങ്ങുമോ എന്നൊന്നും ഒരു ധാരണയുമില്ലായിരുന്നു.”
അതുകൊണ്ടവര്‍ വളരെ ആഴത്തിലുള്ള സര്‍വേകള്‍ നടത്തി. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നറിയാന്‍ നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ഡിസൈന്‍ ചെയ്യാന്‍ സര്‍വ്വേകള്‍ സഹായിച്ചു.
ഇന്ന് കമ്പനി നേരിടുന്നത് പുതിയ വെല്ലുവിളികളാണ്. “സാങ്കേതികമാറ്റങ്ങള്‍ക്കും പുതുമകള്‍ക്കുമനുസരിച്ച് മാറ്റം വരുത്തുക, ഞങ്ങളുടെ വിപണി വികസിപ്പിക്കുക…ഇതൊക്കെയാണ് പുതിയ വെല്ലുവിളികള്‍,” റുഷാദ് പറയുന്നു.
ഇതുവരെയായി ലൈറ്റ്‌സ്പീഡ് 4,219 ഇ-സൈക്കിളുകള്‍ വിറ്റു. 14 നഗരങ്ങളിലായി 18 ഡീലര്‍മാരുമുണ്ട്.
“ഇലക്ട്രിക് കാര്‍ഗോ സൈക്കിളുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കാര്‍ബണ്‍ മലിനീകരണം വലിയൊരളവുവരെ കുറയ്ക്കാന്‍ ഇതുകൊണ്ട് കഴിയുമെന്നാണ് കരുതുന്നത്. വിദേശവിപണിയിലേക്കും ഞങ്ങളുടെ സൈക്കിളുകള്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. ഇതിനൊക്കെ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരും…പക്ഷേ, അതൊക്കെ ഞങ്ങള്‍ മുന്നോട്ടുപോകാനുള്ള അവസരങ്ങളായി എടുക്കും,” റുഷാദ് ആത്മവിശ്വാസത്തോടെ പറയുന്നു.
ഗ്രാമീണ കര്‍ഷകരുടെ ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുനല്‍കുന്ന ഒരു പദ്ധതിയും ഈ സ്റ്റാര്‍ട്ട്അപ് ആരംഭിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലി, ബരാമതി എന്നിവടങ്ങളിലാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്.
ഇതുകൂടി വായിക്കാം: 39 വര്‍ഷമായി പാവങ്ങള്‍ക്കും ആരുമില്ലാത്തവര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിക്കുന്ന 63-കാരന്‍
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.