സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്‍  

മരങ്ങളും പൂക്കളുമൊക്കെയുണ്ടെങ്കില്‍ ശലഭങ്ങളും പക്ഷികളും അണ്ണാനും വവ്വാലുമൊക്കെ വരുമല്ലോ. 20 ഇനം ശലഭങ്ങളും 30-ലേറെ വ്യത്യസ്ത പക്ഷികളുമുണ്ട്. കാട്ടുമുയലും മരപ്പട്ടിയും ഇഴജന്തുക്കളും ഉണ്ണി വളര്‍ത്തിയെടുത്ത വനത്തിലുണ്ട്.

ണ്ണിയുടെ ഒരു സ്വപ്നമായിരുന്നു കാട്ടുമരങ്ങളും ഫലവ‍ൃക്ഷങ്ങളുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന, കിളികളും ശലഭങ്ങളും അണ്ണാനും കീരിയുമൊക്കെ വിരുന്നിനെത്തുന്ന ഒരു കൊച്ചുകാട്, അതിനു നടുവിലൊരു വീട്.

ആ സ്വപ്നം മനസിലൊളിപ്പിച്ചാണ് 2008-ല്‍ എറണാകുളം നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ മുളന്തുരുത്തി പുളിക്കാമലയില്‍ പഴയൊരു ഓടിട്ട വീടും റബര്‍ തോട്ടവും വാങ്ങിയത്.

ആദ്യം തന്നെ റബര്‍മരങ്ങളൊക്കെ വെട്ടിക്കളഞ്ഞു. അവിടെ ഇപ്പോള്‍ എട്ട് ഏക്കറിലായി ഉണ്ണിയുടെ സ്വപ്നം തഴച്ചുനില്‍ക്കുന്നു–300 ഇനങ്ങളിലായി 3,000-ലേറെ മരങ്ങളുള്ള ഒരു കാട്. അവിടെ പലതരം കിളികളും 20 ഇനങ്ങളിലുള്ള ശലഭങ്ങളും കീരിയും ഇഴജന്തുക്കളുമൊക്കെയെത്തി…


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com

കൊയ്ത്തുകഴിഞ്ഞ പാടത്തേക്ക് നെന്മണി കൊത്തിപ്പെറുക്കാനെത്തുന്ന ആയിരക്കണക്കിന് തത്തകളുമുണ്ട് 136 വര്‍ഷം പഴക്കമുള്ള ഈ വീടിന്‍റെ ചുറ്റിലുമായി.

ഉണ്ണിവളര്‍ത്തിയെടുത്ത വനം

12 വര്‍ഷങ്ങള്‍ കൊണ്ട് വീടിനോട് ചേര്‍ന്നു കാട് മാത്രമല്ല, ഈ കാഴ്ചകളൊക്കെ കാണാനെത്തുന്നവര്‍ക്ക് താമസിക്കുന്നതിനായി ഹിന്‍റര്‍ലാന്‍റ് വില്ലെജ് എന്നൊരു റിസോര്‍ട്ടും ആരംഭിച്ചിട്ടുണ്ട് ഉണ്ണി തൃക്കോവില്‍ എന്ന തൃപ്പുണിത്തുറക്കാരന്‍.

നാട്ടിലും വിദേശത്തുമൊക്കെയായി ബിസിനസായിരുന്നു അദ്ദേഹത്തിന്. പക്ഷേ അന്നും മരങ്ങളും ചെടികളും കൃഷിയുമൊക്കെയാണ് ഉണ്ണിയുടെ മനസില്‍ നിറഞ്ഞു നിന്നിരുന്നത്.

136 വര്‍ഷം പഴക്കമുള്ള വീട്

“ഇന്നിപ്പോ അഞ്ചേക്കറില്‍ കാടും മൂന്നേക്കര്‍ പാടവുമുണ്ട്. പക്ഷേ തുടക്കത്തില്‍ ഇത്രയും ഭൂമി ഇല്ലായിരുന്നു.” ആ ‘വന’ ത്തെക്കുറിച്ച് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു ഉണ്ണി തൃക്കോവില്‍.

നെല്‍കൃഷി ചെയ്യുന്ന മുന്നേക്കര്‍ പാടം പിന്നീടാണ് വാങ്ങിയത്.

ഉണ്ണി
ഹിന്‍റര്‍ലാന്‍റ് വില്ലേജിലെ വാത്തയും ടര്‍ക്കി കോഴികളും എമുവും

“റബര്‍ മരങ്ങളൊക്കെ വെട്ടിക്കളഞ്ഞാണ് ഓരോന്ന് നട്ടു പിടിപ്പിക്കുന്നത്. ഈ പറമ്പ് ഒരു കാടാക്കണം. ഇതു തന്നെയായിരുന്നു ആഗ്രഹം. അതുകൊണ്ടു തന്നെ എല്ലാ തൈകളും ഈ പറമ്പില്‍ നട്ടു.

“ഏതെങ്കിലും പ്രത്യേക മരങ്ങള്‍ മാത്രമേ നടൂ എന്നൊന്നും ഒരു വാശിയും ഇല്ലായിരുന്നു. ഇവിടെ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാട് വേണം. ഇത് മാത്രമേ ചിന്തിച്ചിള്ളൂ.

“പാഴ്മരങ്ങള്‍ എന്നൊക്കെ ആളുകള്‍ പറയുന്ന മരങ്ങളും വനവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമൊക്കെ  നട്ടുപിടിപ്പിച്ചു.


പേരും ഗുണവുമൊന്നും നോക്കിയല്ല ഓരോ തൈകള്‍ നടുന്നതും വിത്ത് പാകുന്നതും.


“ജൈവവൈവിധ്യം എന്നു പറയുന്നത് തന്നെ എല്ലാത്തരം മരങ്ങളും ചെടികളുമൊക്കെ ഒരുമിച്ച് വളരുന്നതല്ലേ. പാഴ്മരം എന്നൊക്കെ പറയില്ലേ.. അങ്ങനെയൊന്ന് ഈ പറമ്പില്‍ ഇല്ല.

മൂന്നേക്കറിലാണ് നെല്‍കൃഷി. 3000-3500 കിലോ നെല്ല് കിട്ടാറുണ്ട്

“എന്തെങ്കിലുമൊക്കെ ഉപയോഗങ്ങളില്ലാത്ത ഒരു മരങ്ങളുമില്ലല്ലോ. മുളകള്‍ മാത്രം 22 വെറൈറ്റിയുണ്ടിവിടെ. ഫലഭൂയിഷ്ടമായ മണ്ണില്‍ മുള നടില്ലെന്നാണ് പലരും പറയുന്നത്. പക്ഷേ ഇവിടെ മുള നട്ടിട്ടുണ്ട്. മണ്ണൊലിപ്പ് തടയാനൊക്കെ മുള ബെസ്റ്റല്ലേ.

“മുള മാത്രമല്ല എല്ലാ വൃക്ഷങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ ഗുണങ്ങളുണ്ട്. നാടന്‍ മാത്രമല്ല വിദേശത്തു നിന്നുള്ള മരങ്ങളും നട്ടിട്ടുണ്ട്,” അദ്ദേഹം പറ‍ഞ്ഞു.

തൈകളും ചെടികളും വിത്തുമൊക്കെ നഴ്സറികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ സംഘടിപ്പിക്കുന്നു.

“നാട്ടിലുള്ളവര്‍ മാത്രമല്ല വിദേശത്തുള്ള സുഹൃത്തുക്കളും ഇങ്ങനെയൊരു കാടൊരുക്കാന്‍ സഹായിച്ചിട്ടുണ്ട്. വിദേശത്തുള്ള കൂട്ടുകാര്‍ ഇവിടേക്ക് വരുമ്പോ കുറേ തൈയും വിത്തുമൊക്കെ കൊണ്ടുതരും.

“നാട്ടില്‍ നിന്ന് അവരെ കാണാന്‍ പോകുമ്പോ, ഇവിടെ നിന്നുള്ള ചെടികളൊക്കെ ഞാന്‍ വാങ്ങികൊണ്ടു പോകും. അവര്‍ക്ക് കൊടുക്കാന്‍. അങ്ങനെയൊക്കെയാണ് ഇത്രയും വലിയ കാടുണ്ടാക്കാന്‍ സാധിച്ചത്.” കാടുണ്ടാക്കിയത് ഇങ്ങനെയൊക്കെയാണെന്നു ഉണ്ണി.

റബര്‍ മരങ്ങളൊക്കെ വെട്ടിക്കളഞ്ഞ് കുറേ ചൂളമരങ്ങളാണ് അദ്ദേഹം ആദ്യം നട്ടത്.  1200-ലേറെ ചൂളമരങ്ങള്‍ നട്ടുപിടിപ്പിച്ചു. എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞതോടെ അതൊക്കെ ഉണ്ണി വെട്ടിക്കളഞ്ഞു. അതിന് ഒരു കാരണമുണ്ട്.

റബര്‍ കൃഷിയായിരുന്നല്ലോ ഈ ഭൂമിയില്‍. റബര്‍ കൃഷിയിലൂടെ മണ്ണിന്‍റെ ഫലപുഷ്ടി നഷ്ടപ്പെട്ടിരുന്നു. ആ മണ്ണിനെ നന്നാക്കിയെടുക്കാനാണ് ചൂളമരങ്ങള്‍ നട്ടത്.

“മണ്ണിനെ നൈട്രജന്‍ നിറച്ചു സമ്പുഷ്ടമാക്കാനാണിത് നട്ടത്. ചൂളമരങ്ങള്‍ നട്ട് നാലു വര്‍ഷം കഴിഞ്ഞപ്പോ മണ്ണ് മെച്ചപ്പെട്ടുവെന്നു മനസിലായി. അതോടെ ആ മരങ്ങള്‍ വെട്ടിക്കളയുകയായിരുന്നു. ഇപ്പോ ഏതാണ്ട് 20 ചൂളമരങ്ങള്‍ പറമ്പിലുണ്ട്,” ഉണ്ണി വിശദമാക്കുന്നു.

നാടന്‍ജോലികളിലേര്‍പ്പെട്ടിരിക്കുന്ന വിദേശ വനിത

“ഊദ്, മരമഞ്ഞള്‍, കായം, കര്‍പ്പൂരം ഇതൊക്കെയുമുണ്ട്. കുറേ ഔഷധസസ്യങ്ങളും നട്ടിട്ടുണ്ട്. മലവേപ്പ്, കടമ്പ്, കരിമരം പോലുള്ള വനവൃക്ഷങ്ങളും ഈ കാട്ടിലുണ്ട്. ഫലവൃക്ഷങ്ങളും നട്ടിട്ടുണ്ട്.

“മാങ്കോസ്റ്റിന്‍, റംമ്പൂട്ടാന്‍, മാവുകള്‍, ചെറികള്‍, പേരയ്ക്ക ഇങ്ങനെ പലതുമുണ്ട്. മാവും പേരയ്ക്കയുമൊക്കെ കുറേയുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 300-ഓളം വൃക്ഷത്തൈകള്‍ ഈ പറമ്പില്‍ നട്ടു.”

മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മാത്രമല്ല കൃഷിയോടും കമ്പമുണ്ട് ഉണ്ണിക്ക്. വിപണനം ലക്ഷ്യമിട്ടല്ല കൃഷി ചെയ്യുന്നതെന്ന് മാത്രം.

ഹിന്‍റര്‍വില്ലേജിനോട് ചേര്‍ന്നുതന്നെയാണ് മൂന്നേക്കറിലൊരു പാടമുള്ളത്. നെല്ലും പച്ചക്കറിയുമൊക്കെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

“കാടിനുള്ള ഭൂമി വാങ്ങിയ പോലെയാണ് നെല്‍കൃഷിയ്ക്കുള്ള പാടവും വാങ്ങുന്നത്. ഈ പാടവും പലസമയങ്ങളിലായി വാങ്ങുകയായിരുന്നു. കൃഷിയൊന്നുമില്ലാതെ കിടക്കുകയായിരുന്നു.


ഇതുകൂടി വായിക്കാം: കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍


“മൂന്നേക്കറിലാണ് നെല്‍കൃഷി. 3,000-3,500 കിലോ നെല്ല് കിട്ടാറുണ്ട്. ഞങ്ങള്‍ക്കാവശ്യമുള്ളത് എടുത്ത ശേഷം ബാക്കി വരുന്ന നെല്ല് നാട്ടുകാര്‍ക്ക് നല്‍കുകയാണ് പതിവ്. പകുതി വിലയ്ക്കാണ് നാട്ടുകാര്‍ക്ക് നല്‍കുന്നത്.

“കൊയ്ത്ത് കഴിഞ്ഞ പാടത്ത് പിന്നെ പച്ചക്കറി കൃഷി ആരംഭിക്കും. കുമ്പളങ്ങ, വെള്ളരിക്ക, പയര്‍ ഇതൊക്കെയാകും നടുന്നത്. ക്വാളിഫ്ലവറും ബീറ്റ്റൂട്ടും ക്യാബേജുമൊക്കെ കൃഷി ചെയ്തിട്ടുണ്ട്.


ഈ പാടത്ത് കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാര്‍ക്കും കൂടിയുള്ളതാണ്. ഫ്രീയായിട്ടാണ് അവര്‍ക്ക് കൊടുക്കുന്നത്.


“ഇഞ്ചിയും ചേനയും ചേമ്പുമൊക്കെ കുറേ വിളവ് കിട്ടാറുണ്ട്. അത്രയുമേറെ ചേനയും ചേമ്പുമൊന്നും വീട്ടിലേക്ക് വേണ്ടി വരില്ലല്ലോ. ചേനയും ചേമ്പുമൊക്കെ കുറേ വിളവ് കിട്ടുന്നതു കൊണ്ടു വില്‍ക്കാറുണ്ട്.

“പച്ചക്കറി കൃഷിയിലൂടെ വലിയ വരുമാനം നേടണമെന്നൊന്നും ആഗ്രഹമില്ല. പറമ്പ് വെറുതേ കിടക്കരുത്, എന്തെങ്കിലുമൊക്കെ നട്ടും നനച്ചു കൃഷി ചെയ്തു കൊണ്ടിരിക്കണം. അത്രേയുള്ളൂ.

“ഇപ്പോ കൊയ്ത്ത് കഴിഞ്ഞിരിക്കുകയാണ്. ഇനി പച്ചക്കറി നടാനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കും. കൃഷി ലാഭമാണോ അല്ലയോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ല. പക്ഷേ എനിക്ക് ചില ജീവിത ലക്ഷ്യങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോ ഇതെനിക്ക് ലാഭം തന്നെയാണ്,” അദ്ദേഹം വ്യക്തമാക്കുന്നു.

വീട്ടുമുറ്റത്തെ കാട്ടിലെ മരങ്ങളുടെ കരിയിലകള്‍ തന്നെ വളമാക്കിയാണ് ഉണ്ണി ഉപയോഗിക്കുന്നത്. വൃക്ഷതൈകള്‍ക്കും കൃഷിയ്ക്കുമെല്ലാം ജൈവവളം മാത്രം.

രാസവളത്തെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. കൃഷിയ്ക്കൊന്നും രാസവളത്തിന്‍റെ ആവശ്യമില്ലെന്നാണ് ഉണ്ണിയുടെ അഭിപ്രായം.

“പച്ചക്കറിയിലൊക്കെ പ്രാണിശല്യമൊക്കെയുണ്ടാകും. പക്ഷേ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. പച്ചക്കറി വിറ്റ് പണമുണ്ടാക്കാനൊന്നും അല്ലല്ലോ. അതുകൊണ്ട് രാസവളമൊന്നും വേണ്ടി വന്നിട്ടില്ല.

“വേപ്പിന്‍റെയും യൂക്കാലിപ്റ്റ്സിന്‍റെയും കര്‍പ്പൂരത്തിന്‍റെയും ഇഞ്ചിയുടെയുമൊക്ക ഇലകള്‍ നീരാക്കി പച്ചക്കറി വിളകള്‍ക്ക് തളിക്കുകയാണ് പതിവ്. പിന്നെ ചാണകവും ഗോമൂത്രവും വളമായി നല്‍കാറുണ്ട്. ഇതല്ലാതെ വേറൊന്നുമില്ല.

മൂന്നു കുളമുള്ളതു കൊണ്ട് വെള്ളത്തിന് ക്ഷാമവും വരാറില്ല.

മഞ്ഞള്‍ വൃത്തിയാക്കുകയാണ് ഉണ്ണി(വലത്തുനിന്ന് രണ്ടാമത്) യും കൂട്ടരും

“മൂന്നു കുളത്തില്‍ രണ്ടെണ്ണം കുത്തിയതാണ്. ഒരെണ്ണം നേരത്തെ തന്നെ ഈ പറമ്പിലുണ്ടായിരുന്നു. വെള്ളം പാഴാക്കാതെ സംഭരിക്കുന്നുമുണ്ട്. മഴവെള്ളം മാത്രമല്ല അടുക്കളയിലും കുളിക്കാനുമൊക്കെ കുറേ വെള്ളം ഉപയോഗിക്കുമല്ലോ. അതൊക്കെയും ശേഖരിച്ച ശേഷം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നത്.

മണ്ണും കരിയും കുമ്മായവും ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം കുളത്തില്‍ ശേഖരിക്കുകയാണ് പതിവ്. ചെടി നനയ്ക്കാനും കൃഷിയ്ക്കുമൊക്കെ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.

“ജലസംരക്ഷണത്തിനും പ്രധാന്യം നല്‍കുന്നുണ്ട്.  ഇവിടെ പറമ്പില്‍ വീഴുന്ന വെള്ളം ഒട്ടും പാഴാക്കാതെ സംരക്ഷിക്കുന്നുണ്ട്.

“കുളത്തില്‍ മീനുകളെയൊന്നും വളര്‍ത്തുന്നില്ല. പായല്‍ നിറഞ്ഞ കുളങ്ങളാണിത്. ഇതിലെ വെള്ളം തൈകളും ചെടിയും പച്ചക്കറി തോട്ടവും നനയ്ക്കാനാണ് ഉപയോഗിക്കുന്നത്.

“പുഴമീനുകളോ ഒലിച്ചു വരുന്ന മത്സ്യങ്ങളൊക്കെയില്ലേ അതൊക്കെ കുളത്തിലുണ്ടാകും. മത്സ്യകൃഷിയായിട്ട് ഇവിടെ മീനുകളെ വളര്‍ത്തുന്നില്ല. എമുവും വാത്തയും ടര്‍ക്കി കോഴിയുമൊക്കെ വളര്‍ത്തുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

മരങ്ങളും പൂക്കളുമൊക്കെയുണ്ടെങ്കില്‍ ശലഭങ്ങളും പക്ഷികളും അണ്ണാനും വവ്വാലുമൊക്കെ വരുമല്ലോ. 20 ഇനം ശലഭങ്ങളും 30-ലേറെ വ്യത്യസ്ത പക്ഷികളുമുണ്ട്. കാട്ടുമുയലും മരപ്പട്ടിയും ഇഴജന്തുക്കളും ഉണ്ണി വളര്‍ത്തിയെടുത്ത വനത്തിലുണ്ട്.

ഹിന്‍റര്‍ലാന്‍റ് വില്ലേജിലെ അംഗത്തിനൊപ്പം ഉണ്ണി (വലത്ത്)

നിറയെ മരങ്ങളും പക്ഷികളുമൊക്കെയായി വളരെ സുഖകരമായ അന്തരീക്ഷമാണ്. ഇതാസ്വദിക്കാന്‍ വരുന്നവരേറെയുണ്ട്.
ഹിന്‍റര്‍ലാന്‍റ് വില്ലേജിലേക്ക് വരുന്നവരിലേറെയും വിദേശികളാണ്.

2014-ലാണ് ഹിന്‍റര്‍ വില്ലേജ് റിസോര്‍ട്ട് ആരംഭിച്ചത്. 136 വര്‍ഷം പഴക്കമുള്ള വീടിന്‍റെ തനിമ നഷ്ടപ്പെടാതെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആര്‍ഭാടങ്ങളൊന്നും ഇന്നും ഈ വീട്ടില്‍ ഇല്ല. സോളാര്‍ എനര്‍ജിയാണ് ഉപയോഗിക്കുന്നത്. 15,000 കിലോ വാട്ട് സൗരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നു. .

ഹിന്‍റര്‍ലാന്‍റ് വില്ലേജില്‍ താമസിക്കാന്‍ കുടുംബങ്ങളേക്കാള്‍ കൂടുതല്‍ വ്യക്തികളാണ് വരുന്നതെന്നു ഉണ്ണി. “വരുന്നവരിലേറെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവര്‍.

“ചിലരൊക്കെ കാശു തന്നു താമസിക്കും. കാശൊന്നും തരാതെ താമസിക്കാന്‍ വരുന്നവരുമുണ്ട്.

ഉണ്ണി

“ഇവിടെ വരുന്നവരുടെ നാടും രാജ്യവും ഒന്നും നോക്കാറില്ല. സംഗീതം, കല, ഇങ്ങനെ പല മേഖലകളുമായി ചേര്‍ന്നു ജീവിക്കുന്ന വ്യത്യസ്തരായിട്ടുള്ളവരാണ് വരുന്നത്.

“യോഗയും ആയൂര്‍വേദ പരിരക്ഷയും നാടന്‍ ഭക്ഷണവും റിസോര്‍ട്ടില്‍ വരുന്നവര്‍ക്ക് നല്‍കുന്നു. കേരളത്തിന്‍റെ പാരമ്പര്യങ്ങളെ വിദേശീയര്‍ക്ക് അടുത്തറിയാനുള്ള അവസരമുണ്ടിവിടെ.

“ഇവിടെ തന്നെ നിര്‍മിക്കുന്ന സോപ്പും സോപ്പുപ്പൊടിയുമൊക്കെയാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. റിസോര്‍ട്ടിലെ പേനകളും ഇവിടെയുണ്ടാക്കുന്നതാണ്. കടലാസു പേനകളുണ്ടാക്കുന്നുണ്ടിവിടെ.”   ഇതൊന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല, ഇങ്ങനെയൊക്കെ ജീവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചെയ്യുന്നതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

യോഗപരിശീലനത്തിനിടയില്‍

റിസോര്‍ട്ടും കാടും കൃഷിയുമൊക്കെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയില്ലെന്നു ഉണ്ണി. “കേരളത്തില്‍ ഭൂമി വാങ്ങുക എന്നത് ഇനി ആലോചിക്കാന്‍ പോലുമാകില്ല. എന്‍റെയൊരു മോഹമായിരുന്നു ഇങ്ങനെയൊന്ന്. ഇനി സ്ഥലം വാങ്ങാനുള്ള പണമൊന്നും കൈയില്‍ ഇല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പക്ഷേ പണത്തെക്കാള്‍ മൂല്യമുള്ളതൊക്കെ ഹിന്‍റര്‍ലാന്‍റ് വില്ലേജിലൂടെ ഞാന്‍ കണ്ടെത്തി കഴിഞ്ഞു. കൊച്ചിയുടെ കണ്ണായ സ്ഥലത്ത് കാടുണ്ടാക്കുന്നുവെന്ന കേട്ടവരൊക്കെ ആരംഭഘട്ടത്തില്‍ എന്നെ പരിഹസിച്ചിരുന്നു.

“പക്ഷേ എന്‍റെ ലക്ഷ്യം എന്താണെന്ന് അവര്‍ക്കൊന്നും അറിയില്ല. പൊതുവേയുള്ള നാട്ടുനടപ്പ് ഇങ്ങനെയൊന്നും അല്ലല്ലോ. പക്ഷേ അഞ്ച് കൊല്ലം കഴിഞ്ഞപ്പോഴേക്കും ആളുകള്‍ മനസിലാക്കി തുടങ്ങി.


ഇയാളത്ര പൊട്ടനല്ല, വിവരക്കേട് കൊണ്ടല്ല ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്. ഇപ്പോ നാട്ടുകാര്‍ക്കും ഇതിന്‍റെ ഗുണം കിട്ടുന്നുണ്ട്.


“ഭാര്യയും മക്കളും നൂറു ശതമാനം പിന്തുണയോടെ ഒപ്പമുണ്ട്. കാശിന് പിന്നാലെ പോകുന്നവരല്ല അവര്‍, അതുകൊണ്ടാണ് ഞാനും രക്ഷപ്പെട്ടത്. അല്ലെങ്കില്‍ നല്ല വിലയുള്ള ഭൂമിയില്‍ കാടുണ്ടാക്കാന്‍ പറ്റോ.

“ശ്രീദേവി(ഭാര്യ) യ്ക്കും മക്കള്‍ക്കുമൊക്കെ ഇതൊക്കെ ഇഷ്ടമാണ്. ഭാര്യയാണ് എന്‍റെ വലിയ പ്രചോദനം. അനഘയും അജയുമാണ് മക്കള്‍. ഇരുവരും ഫിലിംമേക്കര്‍മാരാണ്. അജയ് ഓസ്ട്രേലിയയിലാണ്.”


ഇതുകൂടി വായിക്കാം: കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും


ഫോട്ടോ കടപ്പാട് : ഹിന്‍റര്‍ലാന്‍റ് വില്ലേജ് ഫേസ്ബുക്ക് പേജ്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം