1969 ഒക്റ്റോബര്‍ 6 കണ്ണൂരിന്‍റെ ചരിത്രത്തില്‍ വലിയൊരു ജനകീയ മുന്നേറ്റത്തിന്‍റെ ഓര്‍മ്മദിനമാണ്. അന്നാണ് പേരാവൂരിനടുത്ത മണത്തണയില്‍ നിന്ന് കൊട്ടിയൂരിലെ അമ്പായത്തോട്ടിലേക്ക് 7,000-ലേറെ ആളുകള്‍ ഒത്തുപിടിച്ച് റോഡ് നിര്‍മ്മിച്ചത്.
മലയോരമേഖലയിലെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ നാട്ടുകാര് തന്നെ ഇറങ്ങുകയായിരുന്നു. മണത്തണയെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അമ്പായത്തോടുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റര്‍ റോഡാണ് അന്ന് ഒറ്റ ദിവസം കൊണ്ട് നാട്ടുകാര്‍ ചേര്‍ന്ന് വെട്ടിയത്.
അരനൂറ്റാണ്ടിനിപ്പുറം അവരുടെ പിന്‍മുറക്കാര്‍ വീണ്ടും ഒന്നിച്ചു.
ഇത്തവണ റോഡ് നിര്‍മിക്കാനല്ല, ഒരു പുഴയെ വീണ്ടെടുക്കാനാണവര്‍ കൈ കോര്‍ത്തത്–വയനാട് നിന്നുത്ഭവിച്ച് പേരാവൂരിലൂടെയും കണിച്ചാറിലൂടെയുമൊക്കെ ഒഴുകി കണ്ണൂരിന്‍റെ കുടിവെള്ള സ്രോതസ്സായ വളപ്പട്ടണം പുഴയിലേക്കെത്തുന്ന ബാവലി പുഴയെ രക്ഷിക്കാന്‍.
പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com
മണത്തണയിലെ സന്നദ്ധസംഘടനയായ മണത്തണക്കൂട്ടം തുടങ്ങിവെച്ച പദ്ധതിയോടൊപ്പം ഹരിതകേരള മിഷനും യുവജനസംഘടനകളും നാട്ടിലെ സ്കൂളുകളുകളും കോളെജുകളും നാട്ടുകാരും ഗ്രീന്‍ മലയോര മിഷനുമൊക്കെ ഒരുമിച്ചതോടെ ഒറ്റ ദിവസം കൊണ്ടു ബാവലിയില്‍ നിന്ന് വാരി മാറ്റിയത് അഞ്ച് ടോറസ് ട്രക്ക് നിറയെ മാലിന്യങ്ങളാണ്.
വയനാട് ജില്ലയിലെ ചെകുത്താന്‍ത്തോട് മുതല്‍ കണ്ണൂരിലെ മുഴക്കുന്ന് പാലപ്പുഴ വരെ ഏതാണ്ട് 35 കിലോമീറ്റര്‍ ദൂരമുണ്ട്. ബാവലിയുടെ ഇത്രയും ദൂരമാണ് ഒരു ദിവസം കൊണ്ട് മൂവായിരത്തിലേറെ ആളുകള്‍ ചേര്‍ന്നു വൃത്തിയാക്കിയത്.
കഴിഞ്ഞ ജനുവരി 11-നാണ് കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, കണിച്ചാര്‍, മുഴക്കുന്ന് തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ബാവലിപ്പുഴ വൃത്തിയാക്കുന്നത്.
രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നു മണി നേരം വരെയായിരുന്നു പുഴ ശുചീകരണം. കാറ്റിലും മഴയത്തും പുഴയിലെത്തിയതും മനുഷ്യര്‍ വലിച്ചെറിഞ്ഞതുമൊക്കെ അവര്‍ പെറുക്കിയെടുത്തു– പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും തുണിയുമൊക്കെ വാരിമാറ്റി.
രാഷ്ട്രീയഭേദമന്യേ നാട്ടുകാരും സ്കൂള്‍ കുട്ടികളും കോളെജ് വിദ്യാര്‍ഥികളുമെല്ലാവരും ഒരുമിച്ചപ്പോല്‍ അഞ്ച് ട്രക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞു.
പെട്ടെന്നൊരു ദിവസം ബാവലി പുഴയെ വൃത്തിയാക്കിയാലോ എന്നൊരു തോന്നലില്‍ ഇറങ്ങിപ്പുറപ്പെട്ടവരല്ല സ്റ്റാന്‍ലി ജോര്‍ജും ജയലാലും നിഷാദും ശിവനുമൊക്കെ അടങ്ങുന്ന സംഘം.
നാളുകളായി ഇങ്ങനെയൊരു ചിന്ത മണത്തണക്കൂട്ടത്തിന്‍റെ മനസിലുണ്ടായിരുന്നുവെങ്കിലും ജയലാലേട്ടന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് ബാവലിപ്പുഴയിലെ മാലിന്യങ്ങളെക്കുറിച്ച് വീണ്ടും ഓര്‍ക്കുന്നതെന്നു നിഷാദ് മണത്തണ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.
“നാട്ടുകാരെല്ലാവരും ചേര്‍ന്നു റോഡുണ്ടാക്കിയതിന്‍റെ വാര്‍ഷികാഘോഷത്തിന് മനുഷ്യ ചങ്ങല മാത്രം മതിയോ. ഇത്രയും ആളുകള്‍ ചേര്‍ന്ന് റോഡ് ഉണ്ടാക്കിയതു പോലെ എല്ലാവര്‍ക്കും കൂടി ബാവലി പുഴയെ വൃത്തിയാക്കിയാലോ എന്ന ആ കുറിപ്പ് നാട്ടില്‍ ചര്‍ച്ചയുമായി.
“ആ എഫ് ബി പോസ്റ്റിനെക്കുറിച്ച് നാട്ടുകാരൊക്കെ പ്രതീക്ഷയോടെ പരസ്പരം പറഞ്ഞു. ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണത്തണക്കൂട്ടം കൂട്ടായ്മയിലാണത്. പക്ഷേ നടന്നില്ല,” നിഷാദ് മണത്തണ പറയുന്നു.
വീണ്ടും ബാവലി പുഴയെ വൃത്തിയാക്കണമെന്ന വര്‍ത്തമാനങ്ങള്‍ ഉയര്‍ന്നതോടെ നാട്ടുകാരെല്ലാവരും ഒരുമിച്ചു ഗ്രീന്‍ മലയോര മിഷന്‍ എന്നൊരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി.
ബാവലി വൃത്തിയാക്കണമെന്ന വര്‍ഷങ്ങളായുള്ള മണത്തണക്കൂട്ടത്തിന്‍റെ ആഗ്രഹത്തിന്‍റെ തുടര്‍ച്ചയാണിപ്പോള്‍ നടത്തിയതെന്നു പറയാമെന്നു ജയലാലും പറയുന്നു. “കൊച്ചിയിലെ ബിനാലെയൊക്കെ ആരംഭിക്കും മുന്‍പേ ബാവലിയുമായി ബന്ധപ്പെട്ട് വലിയൊരു ഇന്‍സ്റ്റലേഷന്‍ വര്‍ക് ചെയ്തിരുന്നു.
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20-ലേറെ കലാകാരന്‍മാരെ ബാവലിയില്‍ കൊണ്ടുവന്നു നടത്തിയതാണിത്. പുഴ നശിപ്പിക്കുന്നതിനെതിരേയുള്ള ഇന്‍സ്റ്റലേഷന്‍ വര്‍ക്ക് ആയിരുന്നു. അന്നാളില്‍ ആ വര്‍ക്ക് വലിയ ശ്രദ്ധയും നേടിയിരുന്നു.
“അതുമാത്രമല്ല അന്ന് പ്ലസ് ടുവിന് പഠിച്ചു കൊണ്ടിരുന്ന അനു ഡോണ്‍ എന്നൊരു വിദ്യാര്‍ഥി ബാവലിയുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്യൂമെന്‍ററിയൊക്കെ ചെയ്തിരുന്നു.
“ഇങ്ങനെ വര്‍ഷങ്ങളായി, വ്യത്യസ്ത ഇടങ്ങളിലായി ബാവലി പുഴയുടെ പ്രശ്നം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.
15 വര്‍ഷം മുന്‍പ് മണല്‍ വാരലായിരുന്നു വലിയ പ്രശ്നം. പക്ഷേ ഇപ്പോ മണല്‍ വാരല്‍ അല്ല പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് പുഴയുടെ മുഖ്യശത്രു.
“മലയോരമേഖലയല്ലേ, വഴിയോരത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ആദ്യ മഴയ്ക്ക് തന്നെ ബാവലി പുഴയിലേക്കെത്തും. കൊട്ടിയൂര്‍ പഞ്ചായത്തില്‍ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാത്രം ഒരു ടോറസ് ഉണ്ടായിരുന്നു.
“കഴിഞ്ഞ രണ്ടു പ്രളയത്തില്‍ ഒഴുകിപ്പോയ പ്ലാസ്റ്റിക്കുകള്‍ക്ക് പുറമേയാണിത്. ബാവലി മാലിന്യമുക്തമാക്കണമെന്നൊരു ആശയമുണ്ടായിരുന്നുവെങ്കിലും അതേറ്റെടുക്കാനുള്ള സാഹചര്യം മണത്തണക്കൂട്ടത്തിനില്ലായിരുന്നു,” ജയലാല്‍ പറഞ്ഞു.
“ഗ്രീന്‍ മലയോര മിഷന്‍ എന്നൊരു സംഘാടക സമിതിയൊക്കെയുണ്ടാക്കിയാണ് ഞങ്ങള്‍ ബാവലിയെ വൃത്തിയാക്കുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു,” എന്ന് മിഷന്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി ജോര്‍ജ്.
“ബാവലിയെ വൃത്തിയാക്കിയതു പോലെ മറ്റു പുഴകളെയും മാലിന്യത്തില്‍ നിന്നു മുക്തമാക്കണം. ഇതൊരു തുടര്‍ പദ്ധതി പോലെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. ജൈവവൈവിധ്യങ്ങളെ നഷ്ടപ്പെടുത്താതെ പുഴയെ സംരക്ഷിക്കുകയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.
“മണത്തണക്കൂട്ടവും നാട്ടുകാരും സ്കൂളുകളും കോളെജുകളും സംയുക്തമായാണ് ഗ്രീന്‍ മലയോര മിഷനൊപ്പം ബാവലിയിലേക്ക് ഇറങ്ങിയത്.
ഇതുകൂടി വായിക്കാം: തെങ്ങിന്‍ മുകളിലിരുന്നാണ് മനോഹരന്‍ ആ തീരുമാനം എടുത്തത്: മനോഹരമായ ഭൂമിക്കായി പ്ലാസ്റ്റിക് മാലിന്യം പെറുക്കിനടക്കുന്ന മലപ്പുറംകാരന്‍റെ ജീവിതം
“വയനാട് നിന്നുത്ഭവിച്ച് കണ്ണൂരിന്‍റെ കുടിവെള്ള സ്ത്രോസ് ആയിട്ടുള്ള വളപ്പട്ടണം പുഴയിലേക്കാണ് ബാവലി ഒഴുകിയെത്തുന്നത്. രണ്ട് വര്‍ഷം മുന്‍പ് ബാവലിയെ വൃത്തിയാക്കണമെന്ന ആശയം ജയലാലേട്ടന്‍ പങ്കുവച്ചിരുന്നു.
“പക്ഷേ നടപ്പാക്കാനുള്ള സാഹചര്യമില്ലായിരുന്നു. മണത്തണക്കൂട്ടത്തില്‍ ആള്‍ ബാഹുല്യം കുറവാണ്. പിന്നീട് ആരും ബാവലിയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല,” നിഷാദ് ഓര്‍ക്കുന്നു.
“ക്ലീന്‍ ബാവലി ഗ്രീന്‍ മലയോരത്തിന് രാഷ്ട്രീയ ചായ്‍വ് ഒന്നുമില്ല. മാലിന്യം സംസ്ക്കരിക്കുന്ന പദ്ധതിയല്ലേ അങ്ങനെയാണ് ഹരിതകേരള മിഷനെയും ഉള്‍പ്പെടുത്തുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ബാവലിയെ വൃത്തിയാക്കുന്നത്.
“സംഘാടകസമിതിയൊക്കെ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങളുടെ പിന്തുണയോടെ ഒരു പുഴയെ വീണ്ടെടുക്കുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് നാട്ടുകാരും അറിയണമല്ലോ,” അങ്ങനെയാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചതെന്നു നിഷാദ്.
കണ്ണൂര്‍ തലശ്ശേരിയിലെ കൊട്ടിയൂര്‍, കേളകം, പേരാവൂര്‍, കണിച്ചാര്‍, മുഴക്കുന്ന് തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലൂടെയാണ് ബാവലി ഒഴുകുന്നത്. കൂട്ടത്തില്‍ പേരാവൂരിലൂടെ കാഞ്ഞിരപ്പുഴയാണ് ഒഴുകുന്നത്.
കാഞ്ഞിരപ്പുഴ ഒഴുകിയെത്തുന്നത് ബാവലിയിലേക്കാണ്. പ്രധാനമായും ഈ അഞ്ചു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണപരിപാടികള്‍. പുഴയൊരുക്കം, പുഴനടത്തം, ചിത്രരചന, കവിതാരചന ഇങ്ങനെ ഒരുപാട് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ബാവലി ഒഴുകുന്ന പഞ്ചായത്തുകളിലെ സ്കൂളുകളും കോളെജുകളും കേന്ദ്രീകരിച്ചായിരുന്നു ഇതൊക്കെ ഒരുക്കിയത്. ഹരിത കേരള മിഷന്‍ ‘പുഴ’ എന്നൊരു പുസ്തകവും പുറത്തിറക്കി.
ഈ പുസ്തകം വീടുകളില്‍ വിതരണം ചെയ്യുന്നതിനൊപ്പം ബാവലിയെ വൃത്തിയാക്കുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികളും നടത്തി.
ക്ലീന്‍ ബാവലി ഗ്രീന്‍ മലയോരം പദ്ധതിയുടെ ലോഗോ ജെയിന്‍ ആണ് ചെയ്തത്.
ബാവലിയുടെ പഴയ അവസ്ഥയെ അടിസ്ഥാനമാക്കി ‘ബാവലിക്കൊരു പുനര്‍ജ്ജനി’ എന്ന പേരില്‍ വിഡിയോ ആല്‍ബം പുറത്തിറക്കി.
ക്ലീന്‍ ബാവലി ഗ്രീന്‍ മലയോരത്തിന്‍റെ പ്രചാരണാര്‍ഥമാണ് വിഡിയോ തയാറാക്കിയത്. രോഹില്‍ അപ്പു സംവിധാനം ചെയ്ത ആല്‍ബം നിര്‍മിച്ചത് നിഷാദ് മണത്തണയായിരുന്നു.
വിഡിയോ ആല്‍ബം മാത്രമല്ല ഇങ്ങനെ പദ്ധതിയ്ക്ക് മുന്നോടിയായി ഒരുപാട് കാര്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
കവിതരചന, ഉപന്യാസമത്സരം, മൊബൈല്‍ ഫോട്ടോഗ്രഫി, തെരുവുനാടകങ്ങള്‍, തെരുവ് ചിത്രരചന തുടങ്ങിയവയും ക്ലീന്‍ ബാവലി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തി.
കണിച്ചാറിലെയും പേരാവൂരിലെയും മുഴക്കുന്നിലെയും കേളകത്തെയും കൊട്ടിയൂരിലെയും പുഴകളിലൂടെയാണ് പുഴ നടത്തം സംഘടിപ്പിച്ചതെന്നു നിഷാദ്. “രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു പുഴ നടത്തം.
“പുഴയിലൂടെ കുട്ടികള്‍ക്ക് നടക്കാനുള്ള അവസരം മാത്രമായിരുന്നില്ല. അവര്‍ക്ക് പുഴയെക്കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ക്ലാസുകളുമുണ്ടായിരുന്നു. ബാവലിയിലൂടെ ഓരോ പഞ്ചായത്തിലുമായി 70-ലേറെ വീതം കുട്ടികള്‍ പങ്കെടുത്തു.
“ഡിസംബറില്‍ വ്യത്യസ്ത ദിവസങ്ങളിലായിട്ടായിരുന്നു പുഴ നടത്തം. പുഴ വൃത്തിയാക്കുന്നതിന് മുന്നോടിയായി ജനുവരി എട്ടിന് ബാവലിയിലേക്കെത്തുന്ന കൈത്തോടുകള്‍ വൃത്തിയാക്കി.വ്യത്യസ്ത പഞ്ചായത്തുകളിലായി 64 കൈത്തോടുകാണ് മാലിന്യവിമുക്തമാക്കിയത്,” അദ്ദേഹം വിശദീകരിച്ചു.
1,000-ലേറെ ആളുകളാണ് ബാവലിയുടെ 64 കൈത്തോടുകള്‍ വൃത്തിയാക്കാന്‍ ഒരുമിച്ചത്.
11-ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നു മണി വരെയാണ് ബാവലി വൃത്തിയാക്കിയത്. മന്ത്രി ഇ.പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. പ്രായഭേദമന്യേ നാട്ടുകാര്‍ ബാവലിയെ വീണ്ടെടുക്കാന്‍ ഒരുമിച്ചിറങ്ങി. പങ്കെടുത്തവരിലേറെയും സ്കൂള്‍ കുട്ടികളായിരുന്നു.
മാലിന്യശേഖരണത്തിനെത്തിയവര്‍ക്കെല്ലാം ഗ്ലൗസും മറ്റുമായി സുരക്ഷാക്രമീകരണങ്ങളും ഭക്ഷണവുമൊക്കെ നല്‍കിയിരുന്നു.
ബാവലി മാത്രമല്ല പേരാവൂര്‍ പഞ്ചായത്തിലെ 5 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞിരപ്പുഴയും വൃത്തിയാക്കി.
“കാഞ്ഞിരപ്പുഴ ബാവേലിയിലേക്കാണ് വന്നു ചേരുന്നത്. രാഷ്ട്രീയത്തിന് അതീതമായി നാട്ടുകാരെല്ലാവരും ബാവലിയെ വൃത്തിയാക്കാന്‍ പുഴയിലേക്കിറങ്ങി,” നിഷാദ് തുടരുന്നു.
“മണത്തണക്കൂട്ടത്തിനും ഡിവൈഎഫ്ഐയ്ക്കും പുറമേ, ജിമ്മി ജോര്‍ജ് അക്കാഡമി, മോണിങ് ഫൈറ്റേഴ്സ് അക്കാഡമി, അങ്ങാടിക്കടവിലെ ഡോണ്‍ ബോസ്കോ കോളെജ്, സ്കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഇങ്ങനെ ഒരുപാട് മേഖലകളില്‍ നിന്നുള്ളവര്‍ ബാവലിയെ വൃത്തിയാക്കാനെത്തിയിരുന്നു.
“ദുര്‍ഘടമായ പാല്‍ച്ചുരം കൊക്ക പരിസരങ്ങളൊക്കെ വൃത്തിയാക്കിയതു മോണിങ് ഫൈറ്റേഴ്സിലെ വിദ്യാര്‍ഥികളാണ്. ഇവിടുത്തെ 150-ഓളം വിദ്യാര്‍ഥികളാണ് പരിപാടിക്കെത്തിയിരുന്നത്.
“മാലിന്യങ്ങളുടെ കൂട്ടത്തില്‍ ചാക്കുകളിലാക്കി ഉപേക്ഷിച്ച മനുഷ്യ വിസര്‍ജ്യം വരെ കിട്ടി. പാല്‍ചുരം പരിസരത്തു നിന്നാണ് മനുഷ്യവിസര്‍ജ്യം കിട്ടിയത്.
“ശേഖരിച്ച മാലിന്യങ്ങളൊക്കെയും ചാക്കുകളിലാക്കി നേരത്തെ തീരൂമാനിച്ച ഇടങ്ങളില്‍ സൂക്ഷിക്കുകയായിരുന്നു. പുഴയില്‍ നിന്നെടുത്തവയല്ലേ… ഉണങ്ങുന്നതിന് വേണ്ടി രണ്ടു ദിവസം കാത്തിരുന്നു.
“രണ്ട് ദിവസത്തിന് ശേഷം ഉണങ്ങിയ മാലിന്യങ്ങള്‍ പഞ്ചായത്തുകളിലെ ഹരിതകര്‍മസേനക്കാരാണ് വേര്‍തിരിച്ചത്. ഹരിതകേരള മിഷന്‍റെ നേതൃത്വത്തില്‍ വേര്‍തിരിച്ച മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്കാണ് കൈമാറിയത്.
“പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റിസൈക്ലിങ്ങിന് നല്‍കുകയായിരുന്നു. അഞ്ചു ലോഡ് മാലിന്യങ്ങളാണ് ഒരു ദിവസം കൊണ്ടു പുഴയില്‍ നിന്നു ശേഖരിച്ചത്.”
“വനം വകുപ്പിന്‍റെ സഹകരണവും ഗ്രീന്‍ മലയോര മിഷന് കിട്ടിയിരുന്നു. പദ്ധതിയുടെ കണ്‍വീനര്‍ ആയിരുന്ന ശ്രീജിത്ത്, കെ.വി.രോഹിത്ത്, ജോയല്‍ ജോബ് തുടങ്ങി ഒരുപാട് പേരുടെ സജീവ ഇടപെടലുമുണ്ടായിരുന്നു,” എന്ന് നിഷാദ് മണത്തണ പറഞ്ഞു.
ഇതുകൂടി വായിക്കാം:ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്
ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.