ആ രണ്ട് സംഭവങ്ങളാണ് അത്താഴക്കൂട്ടം തുടങ്ങാന്‍ കാരണം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഫൂഡ് ഫ്രീസറുകളുമായി കണ്ണൂരിലെ ചങ്ങാതിമാര്‍

ഭക്ഷണത്തിന് വേണ്ടി മറ്റുളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ ഇല്ലാതാകണം. … കുറച്ചു സമയം ചെലവ് ചെയ്താല്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് ഷമ്രീസ് പറയുന്നത്.

ന്തോഷ് ഏച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കഥ മലയാളത്തില്‍ ഒരു പാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ഒരാര്‍ഭാട വിവാഹത്തിന് ശേഷം ബാക്കിയായ ബിരിയാണി കുഴിവെട്ടിമൂടാന്‍ ഏല്‍പിക്കപ്പെട്ട ഗോപാല്‍ യാദവ് എന്ന തൊഴിലാളിയുടെ മനസ്സിലൂടെയാണ് കഥ വികസിക്കുന്നത്. പഞ്ചാബില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന ബസുമതി അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ദം പോലും പൊട്ടിക്കാതെ നേരെ കുഴിയിലേക്ക് തള്ളുമ്പോള്‍ അയാള്‍  ഭാര്യയെ ഓര്‍ക്കുന്നു.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com

ഒരിക്കല്‍ ബസുമതി അരി കണ്ട് ഭാര്യ കൊതിച്ചതും പണമില്ലാതിരുന്നിട്ടും ജീവിതത്തിലാദ്യമായി അതുവാങ്ങിയതുമെല്ലാം…  അമ്പത് ഗ്രാം അരി വാങ്ങാനുള്ള പണമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, വീട്ടിലെത്തും മുന്‍പെ അവള്‍ കൊതിമൂത്ത് അതുമുഴുവന്‍ ചവച്ചുതിന്നിരുന്നു.

(Image for representation only. Photo: pexels.com)

ഒടുവില്‍ ചെമ്പുകണക്കിന് ബിരിയാണി വലിയ കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ ഗോപാല്‍ യാദവിന് മകളെക്കൂടി ഓര്‍ക്കാതിരിക്കാനായില്ല. പട്ടിണി കിടന്നു മരിച്ചുപോയ അവളുടെ പേര് ബസുമതി എന്നായിരുന്നു.

(കഥയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലേക്ക് കടക്കുന്നില്ല.  ആ കഥ വായിച്ചിട്ടില്ലാത്തവര്‍ക്ക് ഇവിടെ കേള്‍ക്കാം.  )

ഇനി നമുക്ക് കഥയില്‍ നിന്ന് പുറത്തുകടക്കാം.

ആഘോഷങ്ങള്‍ക്ക് ശേഷം ഒരുപാട് പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാഴാവുന്നത് പുതിയ കാര്യമൊന്നുമല്ല. ഈ കഥയില്‍ പറയുന്ന പോലുള്ള ചില സംഭവങ്ങള്‍ക്ക് നേരിട്ട് സാക്ഷിയായവര്‍ നിരവധിയുണ്ടാവും. അക്കൂട്ടത്തിലൊരാളാണ് കണ്ണൂര്‍ തലശ്ശേരിക്കാരന്‍ ഷമ്രീസ് ബക്കര്‍.

2013 ഡിസംബര്‍. അന്നാണ് ഷമ്രീസിന്‍റെ വീടിന് സമീപമുള്ള പറമ്പില്‍ കല്യാണത്തിന് ബാക്കി വന്ന ബിരിയാണി കുഴിച്ചു മൂടാന്‍ ചിലരെത്തിയത്.

സന്തോഷ് എച്ചിക്കാനത്തിന്‍റെ കഥയില്‍ കുഴിയെടുക്കാന്‍ പണിക്കാരന്‍ കൈക്കോട്ടുമായാണ് വരുന്നത്. എന്നാല്‍ ഷമ്രീസിന്‍റെ അയല്‍പക്കത്ത് ജെസിബിയുമായാണ് ബാക്കിവന്ന ഭക്ഷണം കുഴിച്ചുമൂടാന്‍ ആളെത്തിയത്.

ആയിരക്കണക്കിനാളുകള്‍ക്കുള്ള ഭക്ഷണമുണ്ടായിരുന്നു. വലിയ കുഴി തന്നെ വേണം.

ഷമ്രീസ് ബക്കര്‍

“ഞങ്ങള് നാട്ടുകാരെല്ലാം കൂടി ഒരുമിച്ചാണ് അതിനെ എതിര്‍ത്തത്,” ഷമ്രീസ് ഓര്‍ക്കുന്നു. ” പക്ഷേ ഈ സംഭവത്തിന് പിന്നാലെ മറ്റൊന്നു കൂടി എനിക്ക് നേരില്‍ കാണേണ്ടി വന്നു.

“അവല്‍ മാത്രം കഴിച്ച് ജീവിച്ച ഒരമ്മയും അവരുടെ മക്കളും. പട്ടിണി കാരണം ഷുഗര്‍ കൂടി കാല്‍വിരല്‍ മുറിച്ചു കളയേണ്ടി വന്ന അവരുടെ അച്ഛനും,” ഷമ്രീസ് ഓര്‍ക്കുന്നു.

“ഒരിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയപ്പോ ഡോക്റ്ററെന്നോട് പറഞ്ഞു, ഒരു രോഗിയെ കാണണമെന്ന്. പ്രമേഹം കൂടി ആ രോഗിയുടെ കാല്‍വിരല്‍ മുറിച്ചു മാറ്റിയിരിക്കുകയാണെന്ന്. ചികിത്സാ സഹായത്തിനാകുമെന്നാണ് കരുതിയത്,” ഷമ്രീസ് ബക്കര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് ആ കഥ പങ്കുവെയ്ക്കുന്നു.

“പക്ഷേ ഡോക്റ്റര്‍ പറഞ്ഞത്, ചികിത്സയല്ല ഭക്ഷണമാണ് ആ രോഗിക്ക് വേണ്ടതെന്നാണ്. ഇതു കേട്ടപ്പോ അത്ഭുതമാണ് തോന്നിയത്. സാധാരണ ചികിത്സയ്ക്കുള്ള സഹായമാണല്ലോ ആവശ്യമായി വരുന്നത്.


ഭക്ഷണം കഴിക്കാതെ പ്രമേഹം കൂടിപ്പോയതാണ് ആ രോഗിക്കെന്ന് ഡോക്റ്റര്‍ പറഞ്ഞത് കേട്ട് എനിക്ക് വല്ലാതെയായി.


“ആ ആളോട് വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. ഭാര്യയും രണ്ടും മക്കളും മാത്രമേയുള്ളൂവെന്നും വീട് എവിടാന്നുമൊക്കെ പറഞ്ഞു തന്നു. എന്‍റെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമേയുള്ളൂ ആ ആളിന്‍റെ വീട്ടിലേക്ക്.

“എന്‍റെ വീടിന് തൊട്ടടുത്ത് ഒരു കുടുംബം പട്ടിണിയിലാണെന്നു കേട്ടപ്പോ സഹിക്കാനാകുന്നില്ലായിരുന്നു,” എന്ന് ബിസിനസുകാരനും എ ബി സി ഗ്രൂപ്പിന്‍റെ ഡയറക്റ്ററുമായ ഷമ്രീസ് ഓര്‍ക്കുന്നു.   2013-ന്‍റെ അവസാന ദിനത്തിലായിരുന്നു അത്.

പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നില്‍ക്കുകയായിരുന്നു ഷമ്രീസും കൂട്ടുകാരും. അതൊക്കെ ഒഴിവാക്കി ഒരു കൂട്ടുകാരനൊപ്പം ആ വീട്ടില്‍ പോയി.

“ഒമ്പതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും പിന്നെ അവരുടെ അമ്മയും മാത്രമേ ആ വീട്ടിലുള്ളൂ. വീടിനകം നിറയെ കുട്ടികള്‍ സ്വന്തമാക്കിയ സമ്മാനങ്ങളാണ്.

“പഠനത്തിലും സ്പോര്‍ട്സിലുമൊക്കെ കുറേ മെഡലുകള്‍ നേടിയിട്ടുണ്ട്. അത്ര നല്ല മിടുക്കന്‍മാരാണ്. അവരുടെ അച്ഛനാണ് ആരുമില്ലാതെ ആശുപത്രിയില്‍. അവരെക്കുറിച്ച് ചോദിച്ചും പറഞ്ഞുമൊക്കെ വന്നപ്പോഴാണ് അറിയുന്നത്, കഴിഞ്ഞ മൂന്നു ദിവസമായി ആ അമ്മേം മക്കളും ആകെ കഴിച്ചത് അവല്‍ മാത്രമാണെന്ന് അറിയുന്നത്.

“അതറിഞ്ഞപ്പോ നെഞ്ച് തകര്‍ന്നു. സാമ്പത്തികമായി നല്ല മെച്ചപ്പെട്ട കുടുംബമായിരുന്നു അവരുടേത്. എന്‍ജിനീയറായിരുന്നു പിതാവ്.

“എന്തോ സാമ്പത്തിക നഷ്ടം സംഭവിച്ച് എല്ലാം തകര്‍ന്നതാണ്. മറ്റുള്ളവര് അറിഞ്ഞാല്‍ നാണക്കേടല്ലേ എന്നു കരുതി ആരോടും പറയാതെ ജീവിക്കുകയായിരുന്നു. പട്ടിണി പോലും ആരെയും അറിയിച്ചില്ല. ആ സ്ത്രീ ബാഗ് ഒക്കെ ഉണ്ടാക്കുമായിരുന്നു. അതില്‍ നിന്നു കിട്ടുന്ന ചെറിയ വരുമാനത്തിലായിരുന്നു ജീവിച്ചിരുന്നത്.”

ഷമ്രീസ് ഉടന്‍ തന്നെ സുഹൃത്തുക്കളുമായി സംസാരിച്ചു. കൂട്ടത്തില്‍ ചിലര്‍ കുട്ടികളുടെ പഠനകാര്യം ഏറ്റെടുത്തു. അവര്‍ക്ക് ആവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മറ്റും എത്തിച്ചു.

പുനരധിവാസകേന്ദ്രത്തിലെ ഭക്ഷണവിതരണത്തിനിടെ

“ലോകം പുതുവര്‍ഷം ആഘോഷിക്കുകയല്ലേ… ആ മക്കള്‍ക്ക് കേക്ക് വാങ്ങിച്ചു കൊടുത്തു അവര്‍ക്കൊപ്പം ഞങ്ങള്‍ ന്യൂ ഇയറും ആഘോഷിച്ചു.”

ഈ രണ്ട് സംഭവങ്ങളാണ് കണ്ണൂരില്‍ അത്താഴക്കൂട്ടം ഗുഡ്‍നസ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നതിന് ഷമ്രീസിനെ പ്രേരിപ്പിച്ചത്.

കല്യാണത്തിനും പിറന്നാള്‍ ആഘോഷത്തിനുമൊക്കെ ബാക്കിയാകുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കാമെന്ന ചിന്തയോടെയാണ് അത്താഴക്കൂട്ടം ആരംഭിച്ചതെന്നും ഷമ്രീസ് കൂട്ടിച്ചേര്‍ത്തു. അതിനൊപ്പം വിശക്കുന്നവര്‍ക്ക് ഭക്ഷണം സൗജന്യമായി എടുക്കാവുന്ന ഫുഡ് ഫ്രീസറുകളും സ്ഥാപിച്ചു.

ഭക്ഷണപ്പൊതികളുമായെത്തിയ തളിര്‍ സംഘടനയിലെ അംഗങ്ങള്‍

കണ്ണൂര്‍, തലശ്ശേരി, വടകര, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പലരുടെയും സഹായത്തോടെ അത്താഴക്കൂട്ടം ഫൂഡ് ഫ്രീസറുകള്‍ വെച്ചിരിക്കുന്നത്.

“ഫോണില്‍ വിളിച്ചാല്‍ മതി. ഭക്ഷണം എടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. എന്‍റെ ഫോണ്‍ നമ്പറാണ് നല്‍കിയത്,” ഷമ്രീസ് തുടരുന്നു.

“അതിനും ഒരു കാരണമുണ്ട്. ആദ്യമൊക്കെ കൂടെയുണ്ടാകുമെന്നു പറഞ്ഞ ചിലരൊക്കെ പിന്നീട് അത്താഴക്കൂട്ടത്തില്‍ നിന്നു പിന്‍മാറി. ഒരിക്കലും പിന്‍മാറില്ലെന്നും പിന്നെ ഇതൊരു ആരംഭശൂരത്വം മാത്രമാകരുതെന്നും എന്നെത്തന്നെ ബോധ്യപ്പെടുത്താനുള്ള വഴിയായിരുന്നു ഫോണ്‍ നമ്പര്‍ നല്‍കല്‍.

“ഭക്ഷണം ആവശ്യമുള്ളവരും നല്‍കാന്‍ താത്പ്പര്യമുള്ളവരുമൊക്കെ ഈ നമ്പറിലേക്ക് വിളിച്ചോ എന്നാ പറഞ്ഞത്. കുറേക്കാലമായിട്ടുള്ളതല്ലേ ഈ നമ്പര്‍. കളയില്ലെന്നു ഉറപ്പല്ലേ. അങ്ങനെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. പിന്‍മാറാന്‍ ശ്രമിച്ചാലും ആളുകള്‍ എന്നെ വിളിക്കും. അവരോട് എനിക്ക് നോ പറയാന്‍ പറ്റില്ലല്ലോ.”

ആദ്യമൊക്കെ ആളുകള്‍ വിളിക്കുമ്പോള്‍ നേരിട്ട് പോയി കല്യാണ വീടുകളില്‍ നിന്നൊക്കെ ഭക്ഷണം ശേഖരിക്കുമായിരുന്നു. ആവശ്യക്കാര്‍ക്ക് കൊണ്ടുപോയി കൊടുക്കുകയും ചെയ്യും.

“പിന്നീട് അതിലൊക്കെ മാറ്റം വന്നു. ഇപ്പോ, ഫോണ്‍ വിളിക്കുമ്പോ ഭക്ഷണം ഓട്ടോയില്‍ കയറ്റി വിട്ടോ എന്നും പറഞ്ഞ് മേല്‍വിലാസം പറഞ്ഞു കൊടുക്കും. എത്ര പേര്‍ക്കുള്ള ഭക്ഷണമുണ്ടെന്നു നോക്കി, അത്രയും ആള്‍ക്കാരുള്ള ഇടങ്ങളിലേക്ക് ആ വണ്ടി പറഞ്ഞു വിടും.

“സാമ്പത്തികമായി ബുദ്ധിമുട്ടുകളുള്ളവരൊക്കെയുള്ള കോളനികളിലേക്കാണ് ഭക്ഷണം നല്‍കുന്നത്. വാഹനത്തില്‍ കൊണ്ടുപോയി ഭക്ഷണം അവര്‍ക്ക് വിളമ്പി നല്‍കുകയാണ്.

“ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷണം വിതരണം ചെയ്യാനൊക്കെയായി കുറേ സുഹൃത്തുക്കള്‍ സഹായത്തിനുണ്ട്. അങ്ങനെയൊരാളാണ് കരീം. കുറേക്കാലം മുന്‍പ് എനിക്കൊപ്പം ജോലി ചെയ്തിരുന്ന ആളാണ് കരീം,” ഷമ്രീസ് വിശദമാക്കുന്നു.

“ഏത് പാതിരായ്ക്ക് വിളിച്ചാലും കരീം വരും.  തളിപ്പറമ്പിലെ കാര്യങ്ങളൊക്കെ നോക്കുന്നത് ഷെഫീഖാണ്. എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്.

“അവന്‍ ഫുള്‍ ടൈം ബിസിയല്ല. ഇത്തരം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ കുറച്ചു കൂടുതല്‍ സമയം ഷെഫീഖിന് കിട്ടും. അത്താഴക്കൂട്ടത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും ഷെഫീഖാണ് നോക്കുന്നത്.

“റെജിയുണ്ട്, റിയാസ് പിലാത്തറയുണ്ട്, പിന്നെ വണ്‍ ടു ത്രീ മാളിന്‍റെ ഉടമ റിയാസുണ്ട്. ഇങ്ങനെ കുറേ നല്ല സുഹൃത്തുക്കള്‍ അത്താഴക്കൂട്ടത്തിനൊപ്പമുണ്ട്.”

2014-ലാണ് അത്താഴക്കൂട്ടം ഗുഡ്‍നസ് ഫൗണ്ടേഷന്‍ ടീം ഭക്ഷണപ്പൊതികള്‍ സൂക്ഷിക്കുന്നതിന് ഫ്രീസര്‍ സംവിധാനം ആരംഭിച്ചത്.

“രാത്രി ഒരു മണിക്കൊക്കെ ഭക്ഷണമുണ്ടെന്നു പറഞ്ഞു ഫോണ്‍ വിളികള്‍ വരും. ആയിരത്തിലേറെ ആളുകള്‍ക്കുള്ള ഭക്ഷണമൊക്കെ ഒരുമിച്ച് കിട്ടും. എല്ലാം കൂടെ നമുക്ക് വിതരണം ചെയ്യാനൊന്നും സാധിക്കില്ലല്ലോ,” ഭക്ഷണ വിതരണത്തില്‍ നേരിട്ട ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഷമ്രീസ് വിവരിക്കുന്നു.

അങ്ങനെയാണ് ഫൂഡ് ഫ്രീസര്‍ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. പൊതുജനങ്ങള്‍ക്കും ഭക്ഷണപ്പൊതികള്‍ ഫൂഡ് ഫ്രീസറില്‍ കൊണ്ടുവയ്ക്കാം. ആവശ്യക്കാര്‍ക്ക് എപ്പോ വേണമെങ്കിലും പൊതികളെടുക്കുകയും ചെയ്യാം.

ഫൂഡ് ഫ്രീസറുണ്ടെങ്കിലും  കല്യാണ വീടുകള്‍ പോലുള്ള ഇടങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഭക്ഷണം ആളുകള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നത് അത്താഴക്കൂട്ടം ഇപ്പോഴും തുടരുന്നുണ്ട്.

അത്താഴക്കൂട്ടത്തിലെ സജീവാംഗമായ ഷെഫീഖ് പറയുന്നു:  “ഫ്രീസര്‍ സ്ഥാപിച്ചിട്ടുള്ള നാലു കേന്ദ്രങ്ങളിലും കാവലിന് ആളുണ്ട്. ആ കെയര്‍ ടേക്കര്‍മാര്‍ ഭക്ഷണം പോയി എടുക്കാറുണ്ട്. മാളുകള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍ ഇങ്ങനെ ചില സ്ഥലങ്ങളില്‍ നിന്നു പാക്ക് ചെയ്ത ഭക്ഷണം എടുത്തു കൊണ്ടു ഫ്രീസറില്‍ കൊണ്ടുവന്നു വയ്ക്കും.

“അതിനും സമയമൊക്കെയുണ്ട്. രാവിലെ ബ്രേക്ക് ഫാസ്റ്റിന്‍റെ സമയം കഴിഞ്ഞ ശേഷമാണ് ആദ്യ പൊതികള്‍ വയ്ക്കുന്നത്, പത്തരയ്ക്ക് ശേഷം …

പൊതുജനങ്ങള്‍ക്കും ഫ്രീസറില്‍ ഭക്ഷണപ്പൊതികള്‍ വയ്ക്കാമെന്നു പറഞ്ഞല്ലോ, പക്ഷേ അതിനു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഫ്രീസറിന് അടുത്ത് രജിസ്റ്റര്‍ വച്ചിട്ടുണ്ട്. അതില്‍ പേരും ഫോണ്‍ നമ്പറും എഴുതണം. ഭക്ഷണമല്ലേ, ആരും ഒരു അപകടവും വരരുതല്ലോ.”

കെയര്‍ടേക്കര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നുണ്ട്. അത്താഴക്കൂട്ടത്തില്‍ 200- ഓളം വോളന്‍റിയര്‍മാരുണ്ട്. ഒപ്പം അത്താഴക്കൂട്ടത്തിന്‍റെ സ്ത്രീ കൂട്ടായ്മയും നല്ല പോലെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഷെഫീഖ് കൂട്ടിച്ചേര്‍ക്കുന്നു.

കണ്ണൂരിലെ ജനമൈത്രി പൊലീസുമായി സഹകരിച്ചും ഫ്രീസര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. അക്ഷയപാത്രം എന്നാണതിന്‍റെ പേര്. കണ്ണൂരിലും വടകരയിലും അക്ഷയപാത്രമുണ്ട്.

ഫൂഡ് ഫ്രീസര്‍ പൊലീസ് സംഭാവന നല്‍കിയതാണ്. അതിന്‍റെ കെയര്‍ ടേക്കര്‍മാരുടെ ശമ്പളമൊക്കെ അത്താഴക്കൂട്ടമാണ് നല്‍കുന്നത്.

വടകരയിലെ അക്ഷയപാത്രത്തിലേക്ക് ഭക്ഷണപ്പൊതികളുമായെത്തിയ വടകര ലയണ്‍സ് ക്ലബിലെ അംഗങ്ങള്‍

സ്പോണ്‍സര്‍ഷിപ്പിലാണ് ഫൂഡ് ഫ്രീസറുകള്‍ ഇവിടങ്ങളിലൊക്കെ സ്ഥാപിച്ചത്. ഭക്ഷണപ്പൊതികളും ഇതുപോലെ പലരുടെയും സഹായത്തിലാണ് ഫ്രീസറില്‍ വയ്ക്കാന്‍ കിട്ടുന്നത്.


ഇതുകൂടി വായിക്കാം: രാത്രി 2 മണി. ഭക്ഷണം കഴിക്കാനാരെങ്കിലുമുണ്ടോ എന്നന്വേഷിച്ച് ഒരു റൗണ്ട് കറങ്ങിയതും പൊതിച്ചോറെല്ലാം തീര്‍ന്നു!  ‘ഇന്നത്തെ അത്താഴം’ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍


“നാട്ടിലെ സമ്പന്നരായ ബിസിനസുകാരൊക്കെയാണ് ഇതിനു സഹായിക്കുന്നത്. വടകരയിലെ ഫൂഡ് ഫ്രീസര്‍ നല്‍കിയത് വണ്‍ ടു ത്രീ മാളിന്‍റെ ഉടമ റിയാസാണ്,” ഷമ്രീസ് പറയുന്നു.

“ഞങ്ങളുടെ എബിസി ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലൊക്കെ മെസ് ഉണ്ട്. എന്തായാലും സ്റ്റാഫിന് വേണ്ടി ഫൂഡ് ഉണ്ടാക്കണം. അപ്പോ കുറച്ചു കൂടുതല്‍ ഭക്ഷണമുണ്ടാക്കും. എന്നിട്ട് കൂടുതലുണ്ടാക്കുന്ന ആ ഭക്ഷണമൊക്കെ നിത്യേന ഫ്രീസറിലേക്ക് കൊടുക്കുകയാണ് പതിവ്.

ഭക്ഷണപ്പൊതികളുമായി തളിപ്പറമ്പിലെ ഫൂഡ് ഫ്രീസര്‍

“മലബാര്‍ ഗോള്‍ഡ് പോലുള്ള ബിസിനസ് ഗ്രൂപ്പുകളും സഹായിക്കുന്നുണ്ട്. അവര് ചിലപ്പോ ഏതെങ്കിലും റസ്റ്ററന്‍റില്‍ നിന്നൊക്കെയാകും വാങ്ങി നല്‍കുന്നത്. കണ്ണൂരിലെ ഫ്രീസറില്‍ 500 പൊതികള്‍ വയ്ക്കാനുള്ള സൗകര്യമുണ്ട്.

‍”പലരും നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഇടമാണ് ഈ ഫ്രീസറുകള്‍. ആ ഭക്ഷണം ആവശ്യക്കാരിലേക്കെത്തിക്കുന്ന ഇടനിലക്കാര്‍ മാത്രമാണ് ഞങ്ങള്‍.

“ആളുകള്‍ക്ക് ഭക്ഷണം കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്തും. ഇതൊരു ഫെസിലിറ്റി അല്ല ഒരു സെലൂഷനാണിത്. അങ്ങനെ കാണാനാണ് എനിക്കിഷ്ടം,” ഷമ്രീസ് വ്യക്തമാക്കുന്നു.

“ഒരാള് ഫ്രീസറില്‍ നിന്നു സ്ഥിരമായി ഭക്ഷണമെടുക്കുന്നത് ക്യാമറയിലൂടെ കണ്ടെത്തിയാല്‍ അക്കാര്യം ഞങ്ങള് അന്വേഷിക്കും. അയാളുടെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞ് അതിന് പരിഹാരം കാണാന്‍ ശ്രമിക്കും. ഇങ്ങനെ കണ്ടെത്തിയ പലര്‍ക്കും താമസസൗകര്യമൊക്കെ ഏര്‍പ്പെടുത്തി കൊടുത്തിട്ടുണ്ട്,” അദ്ദേഹം സംതൃപ്തിയോടെ കൂട്ടിച്ചേര്‍ക്കുന്നു.

ഫൂഡ് ഫ്രീസര്‍

തെരുവില്‍ നിന്നു 38 ആളുകളെ കണ്ണൂരിലെ വിവിധ പുനരധിവാസ കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട് അത്താഴക്കൂട്ടം.

“ഭക്ഷണം നല്‍കി വിശപ്പകറ്റിയ ശേഷം തെരുവിലേക്ക് വീണ്ടും അയക്കുകയല്ല, ഭക്ഷണം കിട്ടാതിരിക്കുന്ന സാഹചര്യമില്ലേ, അതിനെ ഇല്ലാതാക്കാനാണ് ‍ശ്രമിച്ചത്,” എന്ന് ഷമ്രീസ്.

“നാട്ടിലെ ഓര്‍ഫനേജുകളുമായി എനിക്കൊരു ബന്ധമുണ്ട്. വഴിയോരത്ത് ആരെയെങ്കിലും കാണുകയാണെങ്കില്‍ ജനമൈത്രി പൊലീസിന്‍റെ സഹകരണത്തോടെ പുനരവധിവാസ കേന്ദ്രത്തിലെത്തിക്കും. ഇതിനു വേണ്ട സഹായങ്ങളൊക്കെ ഞങ്ങള്‍ ചെയ്തു കൊടുക്കും.

“ജനമൈത്രി പൊലീസിന്‍റെ വലിയ പിന്തുണയുണ്ട്. ഇടയ്ക്കൊക്കെ ഈ ഓര്‍ഫനേജുകള്‍ക്ക് ചില സാമ്പത്തിക സഹായങ്ങളൊക്കെ ചെയ്തു കൊടുക്കാറുമുണ്ട്,” ഷമ്രീസ് കൂട്ടിച്ചേര്‍ത്തു.

ഭക്ഷണവിതരണത്തിനിടെ

അത്താഴക്കൂട്ടം വിശക്കുന്നവര്‍ക്ക് അന്നം നല്‍കുക മാത്രമല്ല നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് വസ്ത്രങ്ങളും നല്‍കുന്നുണ്ട്. ഗേള്‍ പവര്‍ അത്താഴക്കൂട്ടം എന്നൊരു  സ്ത്രീ കൂട്ടായ്മയുണ്ട്.  .

വാട്ട്സ്ആപ്പ് കൂട്ടായ്മയാണിത്. അവരുടെ സഹായത്തോടെയാണ് കല്യാണപ്പുടവ വിതരണം ചെയ്യുന്നതെന്നു ഷെഫീഖ്.

“സാധാരണ കല്യാണങ്ങള്‍ക്ക് വലിയ വിലയുള്ള സാരിയും ലഹങ്കയുമൊക്കെ വാങ്ങും. രണ്ടോ മൂന്നു മണിക്കൂര്‍ മാത്രമേ ഉപയോഗിക്കൂ. പിന്നീട് ഉപയോഗിക്കുകയുമില്ല. പലരും വിവാഹവസ്ത്രങ്ങള്‍ അലമാരകളില്‍ സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്.

“കല്യാണശേഷം ഉടന്‍ ആ വസ്ത്രം നല്‍കാന്‍ മനസുള്ളവരില്‍ നിന്ന് അതു വാങ്ങി വയ്ക്കും. ആവശ്യക്കാര്‍ക്ക് അതു ഡ്രൈ ക്ലീന്‍ ചെയ്തു വൃത്തിയാക്കി നല്‍കും.

ഷെഫീഖ് മുഹമ്മദ്

“ഏതാണ്ട് 300- ലേറെ പേര്‍ക്ക് ഇങ്ങനെ വിവാഹവസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്താഴക്കൂട്ടം വനിത ഗ്രൂപ്പിലെ അംഗങ്ങളുടെ വാട്ടസ്ആപ്പ് കൂട്ടായ്മയിലൂടെയാണ് വസ്ത്രങ്ങളും ആവശ്യക്കാരെയും കണ്ടെത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ത്രീകളാണ് ഈ ഗ്രൂപ്പിലുള്ളത്.

“ഈ ഗ്രൂപ്പിലെ ആളുകള്‍ അവര്‍ക്ക് പരിചയമുള്ള ഇടങ്ങളില്‍ നിന്നൊക്കെയാണ് വിവാഹവസ്ത്രം കണ്ടെത്തി നല്‍കുന്നത്. ആരോടും ഇതിനൊന്നും പൈസയും വാങ്ങുന്നില്ല.” ഷെഫീഖ് വ്യക്തമാക്കി.

“നമ്മുടെ വരുമാനം ഉറപ്പുവരുത്തിയാകണം സാമൂഹിക പ്രവര്‍ത്തനം ചെയ്യേണ്ടതെന്നാണ് ‌ഞാന്‍ വിശ്വസിക്കുന്നത്,” ഷമ്രീസ് നയം വ്യക്തമാക്കുന്നു.  “മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന പണം ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങളും നിറവേറ്റി കൊണ്ടുള്ള സാമൂഹിക പ്രവര്‍ത്തനത്തിനോട് എനിക്ക് താത്പ്പര്യമില്ല.”

തലശ്ശേരിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫൂഡ് ഫ്രീസര്‍

അദ്ദേഹം തുടരുന്നു:  “ഈ പ്രവര്‍ത്തനങ്ങളൊക്കെ എന്‍റെ ജീവിതത്തിലെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നാണ് കരുതുന്നത്. എന്നാല്‍ വഴിയരുകില്‍ ഫൂഡ് ഫ്രീസറുകള്‍ ഇല്ലാത്ത ഒരു കാലമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നല്ല ഭക്ഷണവും കിടക്കാനിടവുമൊക്കെ എല്ലാവര്‍ക്കും കിട്ടുന്ന കാലമാണ് വരേണ്ടത്.

ഭക്ഷണത്തിന് വേണ്ടി മറ്റുളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ ഇല്ലാതാകണം. … കുറച്ചു സമയം ചെലവ് ചെയ്താല്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്ന് ഷമ്രീസ് ഓര്‍മ്മിപ്പിക്കുന്നു.

***

ഫോട്ടോകള്‍ക്ക് കടപ്പാട്: അത്താഴക്കൂട്ടം ഗുഡ്‍നസ് ഫൗണ്ടേഷന്‍, ഷമ്രീസ് ബക്കര്‍, ഷെഫീഖ് മുഹമ്മദ്

 


ഇതുകൂടി വായിക്കാം: 50 വര്‍ഷം മുമ്പ് 7,000 ഗ്രാമീണര്‍ ചേര്‍ന്ന് 17 കിലോമീറ്റര്‍ റോഡുവെട്ടി; ഇന്ന് അവരുടെ 3,000 പിന്‍മുറക്കാര്‍ ഒറ്റദിവസം കൊണ്ട് പുഴ വൃത്തിയാക്കി, ടണ്‍ കണക്കിന് മാലിന്യം നീക്കി


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം