‘മിണ്ടാപ്രാണികള്‍ക്കും വേണം കരുതല്‍’: ലോക്ക്ഡൗണ്‍ ദിവസം പശുവിനെയും കുഞ്ഞിനെയും രക്ഷിച്ച ഡോക്റ്റര്‍

പശുവിനെ വളര്‍ത്തി ജീവിതമാര്‍ഗം കണ്ടെത്തുന്ന ആളാണ് വില്‍സണ്‍. അങ്ങനെയുള്ള ഒരാള്‍ക്ക് അത്യാവശ്യം വന്നാല്‍ സര്‍വീസ് കൊടുത്തേ പറ്റുകയുള്ളൂ.

ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമങ്ങളിലാണ് ഡോക്റ്റര്‍മാരും നഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം.

ലോക്ക് ഡൗണ്‍ വന്നതോടെ ജനങ്ങളെല്ലാം  വീടിനുള്ളിലായി. വീടുകളില്ലാത്ത പാവങ്ങള്‍ ദുരിതത്തിലുമായി.

മനുഷ്യരെക്കുറിച്ച് മാത്രമല്ല, തെരുവിലലഞ്ഞ് ഭക്ഷണം തേടിയിരുന്ന മൃഗങ്ങള്‍ക്കും ദുരിതകാലമായി. മിണ്ടാപ്രാണികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന അഭ്യര്‍ത്ഥനകള്‍ നല്ല മനസ്സുള്ളവര്‍ ഒരുപാട് പേര്‍ ഏറ്റെടുക്കുന്നുണ്ട്.

അങ്ങനെയൊരു നല്ല വാര്‍ത്തയിലേക്ക്.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com

തിരുവനന്തപുരം കട്ടാക്കട മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്റ്റര്‍ ജി.എസ്. അരുണ്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആ വാര്‍ത്ത അറിഞ്ഞത്.ഡോ.ജി.എസ്. അരുണ്‍ കുമാര്‍

ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം ക്ഷീര കര്‍ഷകന്‍ വില്‍സണിന്‍റെ വീട്ടിലെ പൂര്‍ണ്ണഗര്‍ഭിണിയായ പശുവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സംതൃപ്തിയാണ് ഡോക്റ്റര്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

“വില്‍സണിനെ നേരത്തെ അറിയാം. മാറനല്ലൂര്‍ പഞ്ചായത്തില്‍ പശുവിനെ വളര്‍ത്തി ജീവിക്കുന്നൊരു കര്‍ഷകനാണ്.”  ഡോ. അരുണ്‍ കുമാര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. അങ്ങനെയുള്ള ഒരാള്‍ക്ക് അത്യാവശ്യം വന്നാല്‍ സര്‍വീസ് കൊടുത്തേ പറ്റൂ എന്ന് അദ്ദേഹം ചോദിക്കുന്നു.

പശുവിന്‍റെ  അവസ്ഥ വളരെ മോശമായിരുന്നു. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ഡോക്റ്ററെ വിളിക്കണോ എന്ന് പല തവണ ആലോചിച്ചു ആ പാവം കര്‍ഷകന്‍. പശുവിന് അപകടം സംഭവിക്കുമെന്ന് മനസ്സിലായപ്പോള്‍ മറ്റൊരുവഴിയും ഉണ്ടായിരുന്നില്ല.

പശുവിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു

“രാജ്യത്ത് ലോക് ഡൗണ്‍-ന്‍റെ ആദ്യദിവസം രാവിലെയാണ് വില്‍സണ്‍ എന്നെ വിളിച്ചു കാര്യം പറയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയല്ലേ. നമ്മളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വില്‍സണ്‍ കുറേ നേരം കാത്തിരുന്നുവത്രേ,” ഡോ. അരുണ്‍ കുമാര്‍ അന്നുണ്ടായ കാര്യങ്ങള്‍ വിശദമായി പറയുന്നു.

“പക്ഷേ പശുവിന്‍റെ അവസ്ഥ തീരെ മോശമാണെന്നു തിരിച്ചറിഞ്ഞതോടെയാണ് എന്നെ വിളിക്കുന്നത്. അവിടെപ്പോയി ചികിത്സിക്കുകയല്ലാതെ വെറൊരു ഓപ്ഷന്‍ എനിക്കില്ലായിരുന്നു. പോയേ പറ്റൂ. അവരുടെ ജീവിതമാര്‍ഗമാണിത്.”

“ലോക്ക് ഡൗണ്‍ അല്ലേ, അതുകൊണ്ട് വിളിച്ചാ ഡോക്റ്റര്‍ വരോ എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷേ ഡോക്റ്റര്‍ വന്നു, കുറേനേരത്തെ പരിശ്രമത്തിനൊടുവില്‍ കിടാവിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു,” പശുവിന്‍റെ ഉടമസ്ഥന്‍ വില്‍സണ്‍ ടി ബി ഐ-യോട് പറ‍ഞ്ഞു.

“വേണ്ടപ്പെട്ടവര്‍ക്ക് സുഖമില്ലെന്നു പറഞ്ഞാല്‍ പോകാതിരിക്കുമോ..,” എന്നാണ് ഡോക്റ്റര്‍ അരുണ്‍ കുമാര്‍ അതിനെപ്പറ്റി പറയുന്നത്.  “അതിപ്പോ എന്ത് സാഹചര്യമാണെങ്കിലും എങ്ങനെയെങ്കിലും പോകുമല്ലോ. അങ്ങനെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന പോലെ ഇറങ്ങി പോകുകയായിരുന്നു.

“വില്‍സണിന്‍റെ വീട്ടിലെ പശുക്കള്‍ക്ക് അസുഖം വന്നാലും മറ്റും അവിടെ പോയി പരിശോധിച്ചിരുന്ന ആളാണ് ഞാന്‍…

“മനുഷ്യര്‍ക്ക് അസുഖം വന്നാല്‍ വേറെ ഡോക്റ്ററെ കാണിക്കൂ, മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകൂ എന്നൊക്കെ പറയാം. പക്ഷേ മൃഗങ്ങളുടെ കാര്യത്തില്‍ അതൊന്നും നടക്കില്ല. തളര്‍ന്നു കിടക്കുന്ന മൃഗങ്ങളെ വാഹനത്തില്‍ കയറ്റി വേറൊരു മൃഗാശുപത്രിയിലേക്കൊന്നും പെട്ടെന്നു കൊണ്ടുപോകാനും സാധിക്കില്ല.

“വീണുപോയാല്‍ മൃഗങ്ങളെ ക്രെയ്ന്‍ ഉപയോഗിച്ച് എടുത്തുയര്‍ത്തേണ്ടിയും വന്നേക്കും.

പശുക്കിടാവിനെ പുറത്തെത്തിക്കാന്‍ മൂന്ന് പേരുടെ സഹായം വേണ്ടി വന്നു.

“വില്‍സണിന്‍റെ വീട്ടിലേക്ക് പോകുമ്പോ മൂന്നിടങ്ങളില്‍ പൊലീസ് പരിശോധനയുമുണ്ടായിരുന്നു.


ഒരു സ്ഥലത്ത് വച്ച് അവരെന്‍റെ വാഹനത്തിന് കൈ കാണിച്ചിരുന്നു. പൊലീസുകാരെ ഐ‍ഡിന്‍റിറ്റി കാര്‍ഡും കാണിച്ചു, കാര്യവും പറഞ്ഞു.


“എന്നോട് ഒന്നും പറഞ്ഞില്ല, പോയ്ക്കോ എന്നു കൈകൊണ്ടു കാണിച്ചു. വില്‍സണ്‍ പശുവിന്‍റെ കാര്യം പറഞ്ഞു വിളിക്കുമ്പോ തന്നെ ലോക്ക്ഡൗണിന്‍റെ കാര്യം ആളോട് പറഞ്ഞിരുന്നു.

“പക്ഷേ കുറേ നേരം കാത്തിരുന്നതാണ്. എന്നിട്ടും പശു പ്രസവിക്കുന്നില്ല. ഇനിയും വൈകിയാല്‍ തന്‍റെ ജീവിതമാര്‍ഗമാണിത്. അതു നഷ്ടമാകുമെന്നു സങ്കടത്തോടെ പറയുന്നതു കേട്ടപ്പോ പോകാന്‍ തീരുമാനിക്കുകയായിരുന്നു,” എന്ന് ഡോക്റ്റര്‍.

“ഞങ്ങള്‍ 20 വര്‍ഷത്തിലേറെയായി പശുവിനെ വളര്‍ത്തുന്നുണ്ട്. പക്ഷേ ഇത്രയും കാലത്തിനിടയില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നു” വില്‍സണ്‍ ചേട്ടന്‍റെ ഭാര്യ ലാലി പറയുന്നു.

“കുറേ പറമ്പൊന്നും ഞങ്ങള്‍ക്കില്ല. ഉള്ള സ്ഥലത്തു കുറച്ചു കൃഷിയും പശുവിനെ വളര്‍ത്തലുമൊക്കെയാണ്. പശു ഞങ്ങളുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ്.

“സൊസൈറ്റിയിലേക്കാണ് പാല്‍ കൊടുക്കുന്നത്. വലിയ ലാഭം ഒന്നുമില്ലെങ്കിലും  പശുക്കളെ പോറ്റുന്നു. ഈ പശു ഉള്‍പ്പടെ മൂന്നു പശുക്കളുണ്ട്. ഇവിടെയുണ്ടായിരുന്ന പശുവിന്‍റെ കുഞ്ഞ് വളര്‍ന്നു വലുതായതാണ് ആ പശു. ആദ്യ പ്രസവമായിരുന്നു ഇത്.”

പശുവിനെ വളര്‍ത്തിയതുകൊണ്ട് മാത്രം കുടുംബം പോറ്റാനാവില്ല. അതുകൊണ്ട് വില്‍സണ്‍ ചേട്ടന്‍ കൃഷിപ്പണിക്കും പോകുന്നുണ്ട്. പിന്നെ പാട്ടത്തിന് ഭൂമിയെടുത്ത് കുറച്ചു വാഴ കൃഷിയും ചെയ്യുന്നുണ്ട്. കൃഷിയാണ് പ്രധാന വരുമാനം എന്ന് രണ്ട് പെണ്‍മക്കളുടെ അമ്മയായ ലാലി കൂട്ടിച്ചേര്‍ക്കുന്നു.

“ഞാനെത്തുമ്പോ പശുവിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു,” ഡോക്റ്റര്‍ തുടരുന്നു. “ഒരുപക്ഷേ പ്രസവമെടുക്കാന്‍ പോയിരുന്നില്ലേല്‍ ആ അമ്മപ്പശുവും കിടാവും ചത്തുപോയെനെ. പശുവിന് പുലര്‍ച്ചെ മുതല്‍ പ്രസവവേദന തുടങ്ങിയതാണ്. കന്നികുടം പൊട്ടിയിട്ടും വേദനയില്‍ കഷ്ടപ്പെടുകയാണ്.

“സഹായത്തിന് ആളെ വിളിച്ചു. അമ്മപ്പശുവിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. ഒടുവില്‍ നിലത്തൊരു ചാക്ക് വിരിച്ചിട്ടു.


ഇതുകൂടി വായിക്കാം:പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും


“ആ ചാക്കില്‍ കിടന്നാണ് പശുവിനെ പരിശോധിക്കുന്നത്. കിടാവിന്‍റെ തലയും കാലും തിരിഞ്ഞാണ് കിടന്നത്. കൊറോണക്കാലമല്ലേ മാസ്ക് ഒക്കെ വച്ചാണ് പശുവിനെ പരിശോധിക്കുന്നത്. പക്ഷേ, ചൂട് സഹിക്കാനാവാതെ വന്നപ്പോള്‍ മാസ്ക്കൊക്കെ മാറ്റി വയ്ക്കേണ്ടി വന്നു. കിടാവിന്‍റെ പൊസിഷന്‍ നേരെയാക്കാന്‍ കുറേ കഷ്ടപ്പെട്ടു,” ഡോക്റ്റര്‍ വിശദമാക്കുന്നു.

“പശു ശരിക്കും കഷ്ടപ്പെട്ടു. കുറേ വേദനയും അനുഭവിച്ചു. രണ്ട് മൂന്നു പേരുടെ സഹായത്തോടെയാണ് ഡോക്റ്റര്‍ കിടാവിനെ പുറത്തെടുത്തത്,”  എന്ന് വില്‍സണ്‍.

ഹൂക്കും കയറുമൊക്കെ ഉപയോഗിച്ച് മൂന്നു പേരുടെ സഹായത്തോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

“അപ്പോഴാ സമാധാനമായത്,” എന്ന് ഡോക്റ്റര്‍. “പിന്നെ ഇന്‍ജെക്ഷനും മരുന്നും ഡ്രിപ്പുമൊക്കെ നല്‍കി അമ്മപ്പശുവിനെ എഴുന്നേല്‍പ്പിച്ചു. ഇപ്പോ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.”

പത്ത് വര്‍ഷമായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്റ്ററാണ് ജി.എസ്. അരുണ്‍ കുമാര്‍. ഓരോ മൃഗങ്ങളെയും ചികിത്സിക്കാന്‍ പോകുന്നത് ഓരോ അനുഭവങ്ങളാണെന്നു അദ്ദേഹം പറയുന്നു.

“വളരെ മോശം അവസ്ഥയില്‍ മൃഗങ്ങളുടെ പ്രസവക്കേസുകള്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. ഏതായാലും പശുവിനെയും കിടാവിനെയും രക്ഷപ്പെടുത്തനായതിന്‍റെ സന്തോഷമുണ്ട്.”

മൃഗങ്ങളുടെ ജീവന്‍ മാത്രമല്ല, ഒരു സാധാരണ ക്ഷീര കര്‍ഷകന്‍റെ ജീവിതമാര്‍ഗ്ഗം സംരക്ഷിക്കാന്‍ കൂടിയാണ് അരുണ്‍കുമാറിനെപ്പോലെയുള്ള മൃഗസംരക്ഷണപ്രവര്‍ത്തകര്‍ ഈ കഷ്ടകാലത്തും ബുദ്ധിമുട്ടുന്നത്. (ഇതുപോലുള്ള  പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന നിരവധി അനുഭവകഥകള്‍ കേരളത്തിലെ പലയിടത്തുനിന്നും പുറത്തുവരുന്നുണ്ട്.)

“കോവിഡ് 19 നാളുകളല്ലേ. പുറത്തിറങ്ങാനൊക്കെ ഭയമുണ്ട്. പക്ഷേ മുന്‍കരുതലുകളൊക്കെയെടുത്താണ് പോയത്.


പറ്റുന്ന സമയത്തെല്ലാം സോപ്പിട്ട് കൈകഴുകി വൃത്തിയാക്കുന്നുണ്ട്, മാസ്ക് ഉപയോഗിക്കുന്നുണ്ട്, ആളുകളില്‍ നിന്നു അകലം പാലിക്കുന്നുമുണ്ട്. പരമാവധി വീട്ടില്‍ തന്നെയാണ് ഇരിക്കുന്നതും.


“എന്നാല്‍ ഇതുപോലെ എന്തെങ്കിലും എമര്‍ജന്‍സി കേസുകള്‍ വന്നാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ. വില്‍സണ്‍ ചേട്ടന്‍റെ വീട്ടിലെ സംഭവത്തിന് ശേഷം വീണ്ടും വീടിന് പുറത്തിറങ്ങേണ്ടി വന്നിരുന്നു.

“ഇത്തവണ പശു മാത്രമല്ല ആടിന്‍റെയും പ്രസവക്കേസുണ്ടായിരുന്നു. കളത്തുവിളയില്‍ ലീല എന്ന സ്ത്രീ വളര്‍ത്തുന്ന പശുവിന്‍റെ പ്രസവമെടുക്കാനാണ് പോയത്.

“പ്രസവം കഴിഞ്ഞ് കാല്‍സ്യക്കുറവ് കാരണം പശു വീണു പോകാറുണ്ട്. ഈ പശുവിന്‍റെ കാര്യത്തിലും അങ്ങനെ സംഭവിച്ചു. പിന്നെ മരുന്നും ഡ്രിപ്പുമൊക്കെ കൊടുത്ത് എഴുന്നേല്‍പ്പിച്ചു നിറുത്തിയതിനു ശേഷമാണ് ആശുപത്രിയിലേക്ക് മടങ്ങിയത്.”

അമ്മപ്പശുവും കിടാവും

തിരുവനന്തപുരം വെള്ളായണി അഗ്രിക്കള്‍ച്ചറല്‍ കോളെജിന് സമീപമാണ് വീട്. മണ്ണുത്തി വെറ്റിനറി കോളെജിലാണ് പഠിച്ചത്. കാസര്‍ഗോഡായിരുന്നു സര്‍വീസിന്‍റെ  തുടക്കം. പിന്നീട് മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

“വെറ്റിനറി ഡോക്റ്ററാകാന്‍ കാരണം അച്ഛനാണ്. അച്ഛന്‍റെ പേര് ഗോപി. അദ്ദേഹം ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്റ്ററായിരുന്നു. അച്ഛനിപ്പോ ജോലിയില്‍ നിന്നൊക്കെ വിരമിച്ചു. അദ്ദേഹമാണ് എന്‍റെ ജീവിതത്തിലെ വഴികാട്ടി.

“കുട്ടിക്കാലം തൊട്ടേ മൃഗഡോക്റ്ററാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അങ്ങനെയൊരു ആഗ്രഹത്തിനു പിന്നിലും അച്ഛനായിരുന്നു. ഞനൊരു വെറ്റിനറി ഡോക്റ്ററാകണമെന്നു എന്നെക്കാള്‍ അച്ഛനാണ് ആഗ്രഹിച്ചത്,” അരുണ്‍ കുമാര്‍ പറഞ്ഞു.


ഇതുകൂടി വായിക്കാം:മടങ്ങി വരാന്‍ അമ്മ അപേക്ഷിച്ചിട്ടും കൊറോണ ബാധിതരെ രക്ഷിക്കാന്‍ ചൈനയില്‍ തന്നെ തുടര്‍ന്ന ഇന്‍ഡ്യന്‍ ഡോക്റ്റര്‍


ഫോട്ടോ : ഫേസ്ബുക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം