10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍

“ഇതൊന്നും ആരെയും അറിയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. ഭാര്യയോട് ഇങ്ങനെയൊരു കാര്യം ചെയ്താലോ എന്നു ചോദിച്ചു. അവര് ഡബിള്‍ ഓകെ പറയുകയും ചെയ്തു,” റോയ് ആന്‍റണി പറയുന്നു. #CoronaWarriors

ബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്‍റെ നറുമണം നല്‍കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്‍റണി.

കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍ തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്.

കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്‍റെ 18 ഏക്കറില്‍. അദ്ദേഹത്തിന്‍റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍.

എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്‍റെ തുക മുഴുവുനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുകയാണ് റോയ് ആന്‍റണി എന്ന കര്‍ഷകന്‍.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

രണ്ട് ഏക്കറില്‍ നിന്നു വിളവെടുത്ത 10 ടണ്‍ കപ്പ വിറ്റുകിട്ടിയ രണ്ട് ലക്ഷം രൂപയാണ് റോയ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. “ഇതൊന്നും ആരെയും അറിയിക്കാതെ ചെയ്തതാണ്. പക്ഷേ ഹോര്‍ട്ടികോര്‍പ്പ് വഴി മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്നതോടെ എല്ലാവരും അറിഞ്ഞു,” റോയ് ആന്‍റണി ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.

റോയ് ആന്‍റണി

“സാധാരണ രീതിയില്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ നമ്മളെയൊക്കെ സഹായിക്കാന്‍ ഒരുപാട് ആളുകളുണ്ടാകും. ഇതരസംസ്ഥാനക്കാരും വിദേശങ്ങളിലുള്ളവരുമൊക്കെ ഒപ്പമുണ്ടാകും.

“പക്ഷേ ഈ കൊറോണ വൈറസ് കാരണം ലോകമാകെ വിറങ്ങലിച്ച് നില്‍ക്കുന്ന അവസ്ഥയാണ്.  ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്നെക്കൊണ്ടു സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ആ തോന്നലിലാണ് കപ്പ വിറ്റുകിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

“ഇതൊന്നും ആരെയും അറിയിക്കരുതെന്നു ആഗ്രഹിച്ചിരുന്നു. ഭാര്യയോട് ഇങ്ങനെയൊരു കാര്യം ചെയ്താലോ എന്നു ചോദിച്ചു. അവര് ഡബിള്‍ ഓകെ പറയുകയും ചെയ്തു.

“മന്ത്രി സുനില്‍ കുമാറിനോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ കപ്പ വിളവെടുത്ത് ഹോര്‍ട്ടികോര്‍പ്പിന് നല്‍കി. കപ്പ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കുമെന്നും തീരുമാനിച്ചിരുന്നു.

“പറമ്പില്‍ വന്നു കപ്പ വിളവെടുത്ത് വണ്ടിയില്‍ കൊണ്ടു പോകുമ്പോ പോലും ആരോടും പറഞ്ഞിരുന്നില്ല.ഹോര്‍ട്ടികോര്‍പ്പുകാരിലൂടെ മാധ്യമങ്ങളില്‍ വാര്‍ത്തയൊക്കെ വന്നതോടെ എല്ലാവരും അറിഞ്ഞു.

കപ്പ വിളവെടുപ്പിനിടെ

“കൃഷിയിലൂടെ ഉപജീവനം നടത്തുന്നൊരു കര്‍ഷകനാണ് ഞാന്‍.  2018-ലെ പ്രളയത്തില്‍ ഇതേ സ്ഥലത്ത് ചെയ്ത കപ്പ കൃഷി പൂര്‍ണമായും നശിച്ചിരുന്നു. ഈ വര്‍ഷം കപ്പ നട്ടു, നല്ല വിളവും കിട്ടി.

“എന്നാല്‍ ഈ തുക മറ്റൊരാള്‍ക്ക് കൈത്താങ്ങ് ആകുമല്ലോയെന്നു തോന്നി. മാത്രമല്ല മറ്റൊരു കര്‍ഷകന് ഇതൊരു പ്രചോദനമാകുകയാണെങ്കില്‍ നല്ലതല്ലേ. കപ്പയ്ക്ക് എന്നും നല്ല ഡിമാന്‍റുള്ളതല്ലേ. വില്‍പ്പനയ്ക്ക് ബുദ്ധിമുട്ടേണ്ടിയും വരില്ല.

“ഇത്രയും അളവ് ഹോര്‍ട്ടികോര്‍പ്പ് ഒരുമിച്ച് എടുത്തതിലൂടെ ആളുകളിലേക്കെത്തിക്കാനും ജനകീയ കിച്ചന് പ്രയോജനപ്പെടുത്താനും സാധിച്ചു. കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായിട്ടാണ് കപ്പ സംഭരിച്ചത്,” അദ്ദേഹം പറഞ്ഞു.

പാരമ്പര്യമായി കര്‍ഷകരാണ് റോയിയുടെ കുടുംബക്കാര്‍. 1962-കളിലാണ് തൊടുപുഴയില്‍ നിന്ന് അദ്ദേഹത്തിന്‍റെ അപ്പന്‍ ആന്‍റണി വയനാട്ടിലേക്ക് വരുന്നതും അവിടെ കൃഷി തുടങ്ങുന്നതും.

“എല്ലാത്തരം കൃഷിയും ചെയ്തിരുന്നു. പക്ഷേ ഇതിനിടയില്‍ കലാവസ്ഥ വ്യതിയാനവും വരള്‍ച്ചയുമൊക്കെയായി കൃഷി നശിച്ചു. കുരുമുളകായിരുന്നു കൂടുതല്‍, പക്ഷേ എല്ലാം നശിച്ചു,”  എന്ന് റോയ്.

അങ്ങനെയാണ് സമ്മിശ്രകൃഷിയും ഇടവിളകളും പരീക്ഷിച്ച് തുടങ്ങുന്നത്. ഒരിടത്തു നിന്നുതന്നെ കൂടുതല്‍ വരുമാനം നേടുക എന്നതായിരുന്നു ഉദ്ദേശ്യം.

“റബറിനൊപ്പം മാത്രമല്ല തെങ്ങ്, കപ്പ, കവുങ്ങ് കൃഷിയ്ക്കൊപ്പം ഇടവിളയായി പലതും നട്ടിട്ടുണ്ട്. ഓരോന്നിനും യോജിക്കുന്ന കൃഷിയാണ് ചെയ്യുന്നത്. റബറിനും തെങ്ങിനും കവുങ്ങിനുമൊപ്പം കാപ്പിയാണ് ഇടവിളയായി നട്ടിരിക്കുന്നത്. കപ്പയുടെ ഇടവിളയായി ചോളം കൃഷിയായിരുന്നു. മരത്തണലില്‍ നട്ടുപിടിപ്പിക്കാവുന്ന കാപ്പിച്ചെടികളാണ് കൃഷി ചെയ്യുന്നത്.”

സ്വന്തമായി വികസിപ്പിച്ചെടുത്ത അറബിക്ക ഇനത്തില്‍പ്പെട്ട റോയ്സ് സെലക്ഷന്‍ എന്ന ഇനം കാപ്പിയാണ് മരത്തണലില്‍ കൃഷി ചെയ്യുന്നത്. ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണ് ഈ കാപ്പിച്ചെടികള്‍.  അറബിക്ക ഇനത്തില്‍ ഒരുപാട് കാപ്പികളുണ്ട്. കൂട്ടത്തില്‍ വ്യത്യസ്തമാണിതെന്ന് റോയ്.

റോയ് ആന്‍റണി സ്വന്തമായി വികസിപ്പിച്ചെടുത്ത അറബിക്ക ഇനം കാപ്പിച്ചെടിയുമായി

പത്ത് വര്‍ഷത്തിലേറെയായി അദ്ദേഹം റോയ്സ് സെലക്ഷന്‍ കാപ്പി ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. റബര്‍ത്തോട്ടം മുഴുവനും ഇടവിളയായി കാപ്പിയുണ്ട്.

“ഇവിടെ കൃഷി കാണാന്‍ വന്നവരും ഇപ്പോ അവരുടെ തോട്ടത്തില്‍ കാപ്പി കൃഷി ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കാം: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്‍കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു


“ഹാരിസണ്‍സ് മലയാളത്തിന്‍റെയും ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയുടെയും തോട്ടങ്ങളില്‍ റോയ്സ് സെലക്ഷന്‍ കാപ്പി കൃഷി ചെയ്യുന്നുണ്ട്. ആസ്പിന്‍ വോള്‍ കമ്പനിയുമായി ഒരുമിച്ച് നിലമ്പൂര്‍ കാളികാവില്‍ കാപ്പി കൃഷി ചെയ്യുകയാണ്.

റോയ്സ് സെലക്ഷന്‍ കാപ്പി

“ഇതിന്‍റെ എല്ലാ കാര്യങ്ങളും നമ്മള്‍ തന്നെയാണ് ചെയ്യുന്നത്. റോയ്സ് എന്ന വെറൈറ്റി ചെയ്യണമെന്നതു കൊണ്ടാണ് അവര്‍ ഇങ്ങനെയൊരു പ്രൊജക്റ്റുമായി വരുന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ അറബിക്ക കാപ്പി കയറ്റുമതിക്കാരാണ് ആസ്പിന്‍വാള്‍,” റോയ് വിശദമാക്കി.

ഏതാനും നാളുകളായി ഇദ്ദേഹം റോയ്സ് സെലക്ഷന്‍ എന്ന ഇനം കാപ്പിത്തൈകളും വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെവിടെയാണെങ്കിലും തൈകളെത്തിച്ചു കൊടുക്കും.

റബര്‍ കൃഷി പണ്ടത്തെപ്പോലെ ലാഭകരമല്ലാത്തതുകൊണ്ട് കാപ്പിയില്‍ നിന്നുള്ള വരുമാനം കൊണ്ട് കര്‍ഷകര്‍ക്ക് വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകാതെ നോക്കാം.

മത്സ്യവിളവെടുപ്പിന് ശേഷം

“പത്തേക്കര്‍ റബര്‍ തോട്ടത്തില്‍ മുഴുവനും കാപ്പി ഇടവിള കൃഷിയുണ്ട്. ഒരേക്കറില്‍ ഇടവിളയായി 1,800 കാപ്പി മരങ്ങളുണ്ട്. ഇടവിളയല്ലാതെയും റോയ്സ് കൃഷി ചെയ്യാം. നല്ല മരത്തണലുള്ള പ്രദേശമാകണം.

“ഒരേക്കറില്‍ 2000-ലേറെ കാപ്പിച്ചെടി നടാം. ഇടവിളയായി ചെയ്യുന്ന ഒരേക്കര്‍ കാപ്പികൃഷിയില്‍ നിന്നു രണ്ട് ലക്ഷം രൂപ വരെ വരുമാനം നേടാം.

“കവുങ്ങിന്‍റെ ഇടവിളയായി കൊക്കൊ ചെയ്തിരുന്നു. പക്ഷേ, അത് നഷ്ടമാണെന്നു മനസിലായതോടെ കാപ്പി കൃഷിയാണിപ്പോള്‍ ചെയ്യുന്നത്,” റോയ് പറഞ്ഞു.

പച്ചക്കറി തോട്ടത്തില്‍

കാപ്പിപ്പൊടി വിപണിയിലെത്തിക്കാനും റോയ് ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്.  റോയിയുടെ ഫാമില്‍ നിന്നും വാങ്ങി കൃഷി ചെയ്യുന്നവരില്‍ നിന്നും കാപ്പി ശേഖരിക്കുന്നുണ്ട്. ഇതിനായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.

കാപ്പി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുമുള്ള പദ്ധതികളും പുരോഗമിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു.

“നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഈ കാപ്പിച്ചെടിയെക്കുറിച്ച് അറിഞ്ഞ് അന്വേഷിക്കാന്‍ വന്നപ്പോഴാണ് റോയ്സ് സെലക്ഷന്‍ എന്നു ഈ കാപ്പിച്ചെടിക്ക് പേരിടുന്നത്.

“മറ്റിനങ്ങളെ അപേക്ഷിച്ച് കീട,രോഗ ബാധ കുറവാണ് റോയ്സ് സെലക്ഷന്. അറബിക്ക വിഭാഗത്തില്‍പ്പെട്ട റോയ്സ് ഉയരം കുറവും തായ് വേരുകളില്‍ ഊന്നി വളരുന്നതുമാണ്,” റോയ് തുടരുന്നു.

“18 ഏക്കറില്‍ റബറും കാപ്പിയും തെങ്ങും വാഴയും കവുങ്ങും മാത്രമല്ല പച്ചക്കറികളും മത്സ്യവും പശുവും ആടും കരിങ്കോഴിയും താറാവും മുയലും കോഴിയുമൊക്കെയുണ്ട്.

“എല്ലാത്തരം പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. കൂര്‍ക്ക, ചേന, ഇഞ്ചി, വഴുതന, തക്കാളി, കാരറ്റ് ഇതൊക്കെയുണ്ട്. കാരറ്റ് വെര്‍ട്ടിക്കല്‍ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഒഴിഞ്ഞ ടാര്‍വീപ്പകളിലാണ് ക്യാരറ്റ് കൃഷി ചെയ്യുന്നത്.

“അരയേക്കറിലെ മത്സ്യക്കുളത്തില്‍ ഗിഫ്റ്റ് തിലാപ്പിയയാണ് വളര്‍ത്തുന്നത്. മുക്കാല്‍ ഏക്കറിലുള്ള വലിയൊരു മഴവെള്ള സംഭരണിയുമുണ്ട്. മത്സ്യകുളവും സംഭരണിയുമൊക്കെയുള്ളതിനാല്‍ എന്‍റെ വീട്ടില്‍ മാത്രമല്ല അയല്‍വീടുകളിലെ കിണറുകളും വെള്ളത്തിന് ക്ഷാമമില്ല.

“കൃഷി നനയ്ക്ക് ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്ളറുകൾ, മൈക്രോ സ്പ്രിംഗ്ളറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

“ആട്ടിന്‍ കാഷ്ഠവും കോഴിക്കാഷ്ഠവും ചാണകവും വേപ്പിലപ്പിണ്ണാക്കും കടലപ്പിണ്ണാക്കുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. വേറെ വളത്തിന്‍റെ ആവശ്യം വരുന്നില്ല,” റോയ് കൃഷിവിശേഷങ്ങളില്‍ നിന്ന് വീട്ടുവിശേഷങ്ങളിലേക്ക് കടന്നു.

അന്ന ടി. മലയില്‍ ആണ് അദ്ദേഹത്തിന്‍റെ ഭാര്യ. മൂന്നു മക്കളുണ്ട്, റീറ്റ, റോസാന്‍, ക്ലാര, ആന്‍റണി.

“അധ്യാപികയായിരുന്നു അന്ന. ഇപ്പോ കൃഷിക്കാര്യങ്ങളുടെ മേല്‍നോട്ടക്കാരിയാണ്. എല്ലാത്തിനും പിന്തുണയോടെ ഭാര്യയും മക്കളുമുണ്ട്,” റോയ് പറഞ്ഞു.

സംസ്ഥാന കൃഷിവകുപ്പിന്‍റെ അവാര്‍ഡും നബാര്‍ഡിന്‍റെ ഇന്നൊവേറ്റീവ് ഫാര്‍മര്‍ പുരസ്കാരവും റോയ് ആന്‍റണിക്ക് കിട്ടിയിട്ടുണ്ട്.


ഇതുകൂടി വായിക്കാം: ‘മടിപിടിക്കാതെ ഞങ്ങ വണ്ടി ഓട്ടും, അവരെ ഓര്‍ത്ത്…’: 293 രോഗികള്‍ക്ക് സഹായം, ഡയാലിസിസ് രോഗികള്‍ക്ക് യാത്ര സൗജന്യം…ഈ ഓട്ടോച്ചേട്ടന്‍മാര്‍ പൊളിയാണ്


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം